കുട്ടപ്പനും കുട്ടനും

നവസവർണതയുടെ അതിജീവിക്കൽ രീതികൾ സ്വായത്തമാക്കിയിട്ടുള്ള ഒരാൾ കൂടിയാണ് കുട്ടൻ. ചരിത്രപ്രവാഹത്തിൽ തിരോഭവിക്കാൻ വിധിക്കപ്പെട്ട ജീർണപാരമ്പര്യത്തിന്റെ പ്രതിനിധിയാണയാൾ. പ്രിവിലജുകൾ നഷ്ടപ്പെടുന്നതിന്റെ വേദന ഒരു ഭാഗത്തുണ്ടയാൾക്ക്. പ്രിവിലജുകൾ നിലനിർത്താനുള്ള കൗശലങ്ങളുടെ പിറകെയാണ് ആ മനസ്സ് മറുവശത്ത്. Spoiler ahead!

പൊതുബോധത്തിൽ ലീനമായിരിക്കുന്ന ജാതി-വംശ-വർണ ബോധത്തെ സ്വഭാവികതയോടെ പറയുന്ന ശക്തമായ രാഷ്ട്രീയസിനിമയാണ് സെല്ലുലോയിഡിന്റെ ബാനറിൽ റത്തീന സംവിധാനം ചെയ്ത പുഴു. നമ്മളിലുള്ളതോ നമ്മൾ ഇടപെടുന്ന മനുഷ്യരിൽ ഏറിയും കുറഞ്ഞുമുള്ളതോ ആയ സവർണതയുടെ തികട്ടലുകൾ സിനിമ നന്നായി അനുഭവഭേദ്യമാക്കിത്തീർക്കുന്നു എന്നു പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നെഗറ്റിവിറ്റിയെക്കുറിച്ചും ഏറെ പറയപ്പെട്ടിട്ടുണ്ട്. ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ആ അഭിനേതാവ് തയ്യാറായതും അഭിനന്ദിക്കപ്പെട്ടു. ഈ സ്വാഭാവികത പ്രദാനം ചെയ്യുന്നതിൽ പ്രധാന സംഭാവന കുട്ടൻ, കുട്ടപ്പൻ എന്നിവരുടെ കാരക്ട്രെെസേഷൻ ആണെന്നു കാണാം. ജാതിയേയും കുടുംബത്തേയും രക്ഷാകർതൃത്വത്തേയും പ്രശ്‌നവൽക്കരിക്കുന്നവിധം ദൃശ്യപരിചരണത്തിൽ തിരക്കഥാകൃത്തുക്കളും സംവിധായികയും കാട്ടിയ സൂക്ഷ്മതയും പക്വതയും എടുത്തുപറയേണ്ടതാണ്. ഈ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിൽ കാണിച്ച സവിശേഷതകൾ അതിന്റെ രാഷ്ട്രീയത്തെ നിർണയിച്ചതെങ്ങനെ എന്നു പരിശോധിക്കാനാണ് ഈ കുറിപ്പിൽ പ്രധാനമായും ശ്രമിക്കുന്നത്.

ജാതി എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ പ്രകടമായി ആവിഷ്‌കരിക്കുന്ന ചില സിനിമകളിൽനിന്ന് അൽപ്പം വ്യത്യസ്തമായാണ് ഈ സിനിമയിൽ ജാതിബോധത്തിന്റെ പ്രയോഗക്ഷമതയെ പരിചരിച്ചിരിക്കുന്നത്. സവർണതയുടെ വയലൻസിനെ കേരളീയപശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുമ്പോൾ കാട്ടേണ്ട യാഥാർത്ഥ്യബോധവും പക്വതയുമായി ഇതിനെ വായിക്കുന്നതിൽ തെറ്റില്ല. എന്നാൽ യാന്ത്രികതയെ കയ്യൊഴിയാനുള്ള ഒരു തയ്യാറെടുപ്പുകൂടി അതിൽ ഉൾച്ചേർനിന്നിരിക്കുന്നതുകൊണ്ടാണ് അത് കൂടുതൽ ഫലപ്രദമായിത്തീർന്നത്. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്ന് ഇറങ്ങുന്ന ഗൗരവമായ ചില സിനിമകളിൽ ജാതിമേധാവിത്വത്തിന്റെ വയലൻസിനെ പ്രകടമായി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. മറാത്തിയിലും തമിഴിലുമെല്ലാം ഇത്തരം സിനിമകളുണ്ട്. ജാതിബോധത്തെ ഉള്ളിൽകൊണ്ടു നടക്കുന്ന മലയാളിസവർണതയെ ഈ സിനിമ അനാവരണം ചെയ്ത രീതിയാണ് ഇവിടെ പ്രധാനമായി പരിഗണിക്കേണ്ടത് എന്നു തോന്നുന്നു. കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയെപ്പോലൊരു നായകനടനെത്തന്നെ തെരഞ്ഞെടുത്തതിലും വലിയ ഔചിത്യബോധം ഉണ്ട്. പോസിറ്റീവ് / നെഗറ്റീവ് എന്ന ബൈനറി നറേറ്റീവിൽ നിന്ന് കുതറിമാറി കഥാപാത്രത്തെ റിയലിസ്റ്റിക് ആക്കാനുള്ള സന്നദ്ധതയാണ് സിനിമയെ പ്രസക്തമാക്കുന്ന പ്രധാന ഘടകം.

മമ്മൂട്ടി

ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ്, കുട്ടൻ എന്ന് സ്വന്തക്കാരാലും സാർ എന്ന് മറ്റുള്ളവരാലും വിളിക്കപ്പെടുന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം. സ്‌കൂൾ വിദ്യാർഥിയായ മകനുമൊത്ത് നഗരത്തിലെ ഒരു ഫ്‌ലാറ്റിലാണ് അവരുടെ താമസം. ആന്തരികമായി അരക്ഷിതാവസ്ഥയുടേതായ ഒരു ഭാവം അയാളുടെ എല്ലാ ചലനങ്ങളിലുമുണ്ട്. തന്നെ അപകടത്തിലാക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു പുഴുവിനെ കുട്ടൻ ഏപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. പുരുഷാധിപത്യത്തിന്റെ അച്ചിൽ വാർത്ത ഒരു പിതൃബിംബമാണയാൾ. തന്റെ മകനുമേൽ ക്രൂരമായി നടപ്പിലാക്കുന്ന പേരന്റിംഗ് ആ സംഘർഷാവസ്ഥയുടെ കൂടി ഫലമാണ്. അയാൾക്ക് കടുത്ത സംശയരോഗം കൂടിയുണ്ട്. അയാളുടെ ഉൾഭയം തുടക്കം മുതൽ വിവിധ സന്ദർഭങ്ങളിൽ പ്രകടിതമാവുന്നുണ്ട്.

ചോദ്യം ചെയ്യപ്പെടാത്ത ഒരു നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന വീട്ടകമാണ് അയാളുടെത്. പോലീസ് ഓഫീസർ എന്ന നിലയിൽ ഹിംസാത്മകത പല രീതിയിൽ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ളയാളാണീ "ഉത്തമ'പുരുഷൻ. കാർക്കശ്യത്തോടെ മകനെ സവർണ അച്ചടക്കം ശീലിപ്പിക്കുന്നതും ആധുനികവിദ്യാഭ്യാസം കൊടുക്കുന്നതും തന്റെ മകനും താൻ വഹിച്ച പദവികൾ നിലനിർത്തിക്കൊണ്ടു ജീവിക്കണം എന്ന അഭിലാഷത്താലാണ്. നവമുതലാളിത്തത്തിന്റെ റിയൽ എസ്റ്റേറ്റ് കളികളിലും കുട്ടൻ പങ്കാളിയാണ്.

കുട്ടൻ എന്ന സവർണജാതിപുരുഷനെ ചിത്രീകരിക്കുമ്പോഴും അതൊരു സ്റ്റീരിയോടൈപ്പ് കഥാപാത്രമാകാതെ നാം നമുക്കിടയിൽ കാണുന്ന ഒരു മനുഷ്യനായി സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സിനിമയോട് നമ്മെ അടുപ്പിക്കുന്ന ഘടകങ്ങളിലൊന്ന് അതാണ്. പെങ്ങളോടുള്ള വാത്സല്യം അയാൾ രഹസ്യമായി സൂക്ഷിക്കുന്നുണ്ട് എന്ന് പല ഷോട്ടുകളിൽ നിന്നും വെളിപ്പെടുന്നുണ്ട്. ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് കുട്ടൻ അമ്മയോടും മകനോടും ചോദിക്കുന്നുണ്ട്. സ്വയം തടവറയിൽ അടയ്ക്കപ്പെട്ട ഒരാളുടെ ചോദ്യമാണത്. നിന്റെ best friend ആകാൻ വേണ്ടിയല്ലേ അച്ഛൻ വീണ്ടും വിവാഹം കഴിക്കാതിരുന്നത് എന്നയാൾ മകനോട് ചോദിക്കുന്നുണ്ട് , നിന്നെ ഞാൻ അടിക്കാറില്ലല്ലോ എന്ന് പറയുന്നുണ്ട് (തന്റെ ഉദാരതയായാണ് അതയാൾ കാണുന്നത് എന്നത് പരിഹാസ്യമെങ്കിലും). നമ്മുടെ കിച്ചുവിനെ കാണുന്നില്ല എന്നു പെങ്ങളോടു പറയുന്ന കുട്ടൻ മാറ്റത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായിപ്പോലും തോന്നിപ്പിക്കുന്നുണ്ട്. ശ്രേണീകൃതമായ ജാതിവ്യവസ്ഥയിൽ മേൽജാതിപദവിയും ഒരു തടവറ ആണെന്നും അതിനാൽ അതിൽ അകപ്പെട്ട മനുഷ്യർക്കും വിമോചനം സാധ്യമാവേണ്ടതുണ്ടെന്നും ജാതിവ്യവസ്ഥയുടെ ഭീകരതയെക്കുറിച്ച് പറയവേ അംബേദ്കർ ചൂണ്ടിക്കാട്ടിയത് ഓർക്കുക.

നവസവർണതയുടെ അതിജീവിക്കൽ രീതികൾ സ്വായത്തമാക്കിയിട്ടുള്ള ഒരാൾ കൂടിയാണ് കുട്ടൻ. ചരിത്രപ്രവാഹത്തിൽ തിരോഭവിക്കാൻ വിധിക്കപ്പെട്ട ജീർണപാരമ്പര്യത്തിന്റെ പ്രതിനിധിയാണയാൾ. പ്രിവിലജുകൾ നഷ്ടപ്പെടുന്നതിന്റെ വേദന ഒരു ഭാഗത്തുണ്ടയാൾക്ക്. പ്രിവിലജുകൾ നിലനിർത്താനുള്ള കൗശലങ്ങളുടെ പിറകെയാണ് ആ മനസ്സ് മറുവശത്ത്. അച്ഛൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നു മകനെ മനസ്സിലാക്കിക്കാൻ കുട്ടൻ നടത്തുന്ന ശ്രമങ്ങൾ നിരീക്ഷിക്കുക. ഇതിനെ സ്‌നേഹം എന്നാണ് അയാളെപ്പോലുള്ളവർ സ്വയം വിളിക്കുന്നത്. സ്‌നേഹത്തെക്കുറിച്ചുള്ള അവികസിതവും ജനാധിപത്യവിരുദ്ധവും ആയ കാഴ്ചപ്പാടാണ് അയാൾ ആന്തരികവത്കരിച്ചിരിക്കുന്നത്. തന്റെ അനേകം പ്രിവിലേജുകളാൽ സമൃദ്ധമായ സാമൂഹ്യപദവിയും വർഗപദവിയും വർണപദവിയും ഉദ്യോഗപദവിയും - ആ ചിന്താഗതിയാണ് അയാളിൽ വേരുറപ്പിച്ചത്. അതിന്റെ സാന്നിദ്ധ്യം അയാളിലെ ഒരോ ജീവതന്തുവിലുമുണ്ട്. അതിന്റെ നിർമൂലനം എളുപ്പമല്ല. സവർണത തന്നെ അടിസ്ഥാനപരമായി ഒരു വയലൻസാണ്. അതിൽ നിന്നും സ്‌നേഹം പിറവികൊള്ളുക അതീവശ്രമകരമാണ് അഥവാ മിക്കവാറും അസാധ്യമാണ്. ഒരോ തവണയും സ്‌നേഹത്തിന്റെ ഉറവകൊള്ളൽ സംഭവിക്കുമ്പോൾ ജാതിവെറിയുടെ ഹിംസാത്മകവേരുകൾ അയാളെ വയലൻസിലേയ്ക്ക് വലിച്ചടുപ്പിക്കും. തന്നിലെ സവർണതയുടെയും ജാതിവെറിയുടേയും തികട്ടലുകളെ അതിജീവിക്കാൻ കഴിയാതെ വയലൻസിലേക്ക് നയിക്കപ്പെടുകയാണ് കുട്ടൻ. ഈ സംഘർഷത്തെ മമ്മൂട്ടി എന്ന മുഖ്യധാരയിലെ താരപദവിയുള്ള നടൻ അവതരിപ്പിക്കുമ്പോൾ അത് സിനിമ സംവേദനം ചെയ്യാനുദ്ദേശിക്കുന്ന സന്ദേശത്തിന് വളരെ അനുഗുണമായിത്തീരുന്നുണ്ട്. ഈ സംഘർഷം യഥാതഥമായി ആവിഷ്‌കരിക്കാൻ സംവിധായികയ്ക്കും തിരക്കഥാകൃത്തുക്കൾക്കും അഭിനേതാവിനും വലിയ തോതിൽ കഴിഞ്ഞിട്ടുണ്ട്.

'കുട്ടൻ എന്ന സവർണജാതിപുരുഷനെ ചിത്രീകരിക്കുമ്പോഴും അതൊരു സ്റ്റീരിയോടൈപ്പ് കഥാപാത്രമാകാതെ നാം നമുക്കിടയിൽ കാണുന്ന ഒരു മനുഷ്യനായി സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.'

കാക്കയും തേങ്ങാപ്പൂളും ഉപമ പറയുന്ന സബ്‌രജിസ്ട്രാരുടെ ചെകിടത്ത് അടിച്ചുകൊണ്ടാണ് അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന കുട്ടപ്പൻ തന്റെ കീഴാളസ്വത്വബോധത്തെ ഉജ്വലമായി പ്രഖ്യാപിക്കുന്നത്. എണ്ണമറ്റ വിവേചനങ്ങളുടെ അഗ്‌നിയിൽ വെന്തു പതം വന്ന ദളിതൻ ആർജിച്ച സ്വത്വബോധവും ആത്മാഭിമാനവും കുട്ടപ്പൻ എന്ന കഥാപാത്രത്തിന്റെ ഓരോ പ്രതികരണത്തിലും ശരീരഭാഷയിലും പ്രേക്ഷകർക്ക് അനുഭവഭേദ്യമായിത്തീരും ( "മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടി മാറൂല്ല.മനുഷ്യര് ഫാൻസി ഡ്രസ്സ് കളിച്ചുകൊണ്ടിരിക്കും'."തന്റെ ഓപ്പയും മാറട്ടെ, മാറിയാൽ മൂപ്പർക്ക് കൊള്ളാം'). "ഹൗസ് ഓണർ ഒരു പുരോഗമനസിംഗമാണ്' എന്ന കമന്റിലൂടെ നിലവിലെ ഇടതു-പുരോഗമന-ലിബറൽ നാട്യങ്ങളെ കുട്ടപ്പന്റെ ദളിതാവബോധം വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. "കേസിനു പിന്നാലെ നടക്കാൻ സമയമില്ല' എന്ന വാക്യം ദളിതന് സ്വയം പ്രതിരോധത്തിന്റെ വഴികൾ സ്വീകരിക്കേണ്ടിവരും എന്ന വ്യവസ്ഥയ്ക്കുള്ള മുന്നറിയിപ്പായി വേണം കാണാൻ. കീഴാളനായ ഒരാൾക്ക് പ്രതിഭയ്ക്കുള്ള അംഗീകാരം കേരളത്തിലല്ലാതെ വേറെയെവിടെങ്കിലും കിട്ടുമോ എന്നു കേരളീയാവസ്ഥയെ പുകഴ്ത്തുന്ന മാധ്യമപ്രവർത്തകനെ നല്ല നമസ്‌കാരം പറഞ്ഞ് ഓടിച്ചുവിടാനും തന്റെ ഉറച്ച രാഷ്ട്രീയബോധ്യങ്ങൾ ഡി.ആർ. കുട്ടപ്പൻ എന്ന കലാകാരനെ പ്രാപ്തനാക്കുന്നുണ്ട്. നാടകകലാകാരൻ കൂടിയായ അപ്പുണ്ണി ശശി കുട്ടപ്പനെ നായകനാക്കി ഉയർത്തി അനശ്വരമാക്കി.

അപ്പുണ്ണി ശശി (ബി.ആർ. കുട്ടപ്പൻ), ഭാരതി (പാർവതി തിരുവോത്ത്)

കുട്ടനും കുട്ടപ്പനും തമ്മിലുള്ള സ്‌ക്രീനിലെ വിനിമയങ്ങൾ വിശകലനം ചെയ്താൽ അതിന്റെ രാഷ്ട്രീയാന്തർഗതങ്ങൾ ബോധ്യമാവും. കുട്ടപ്പന്റെ ധീരവും ആത്മാഭിമാനബോധപരവുമായ ഇടപെടലുകൾ കുട്ടനിലെ സവർണനിലുണ്ടാക്കുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കുക. മാറും എന്ന വിശ്വാസമില്ലെങ്കിലും കുട്ടൻ മാറട്ടെ എന്നു കുട്ടപ്പൻ ഭാര്യയോട് പറയുന്നുണ്ട്. മാറിയാൽ അയാൾക്കു കൊള്ളാം എന്നത് ഒരു രാഷ്ട്രീയപ്രസ്താവന തന്നെയാണ്. ദളിതത്വത്തിന് സഹജമായ ധീരതയും സ്‌നേഹവായ്പും അതിലുണ്ട്. സവർണത എന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അലിവുള്ള ഒരു നോട്ടമാണതിൽ നിഹിതമായിരിക്കുന്നത്. ആങ്ങള തന്നോട് മിണ്ടിയതിലുള്ള ആഹ്‌ളാദം തന്റെ പ്രിയപങ്കാളിയോട് വിനിമയം ചെയ്യുമ്പോൾ ഭാരതിയും ഈ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നുണ്ട്. അവൾക്ക് ഓപ്പ മാറുമെന്നതിൽ പ്രതീക്ഷപോലുമുണ്ട് . എന്നാൽ ജീവിതാനുഭവം നൽകുന്ന പാഠങ്ങൾ കുട്ടപ്പനെ ആ പ്രതീക്ഷയെ മുഖവിലയ്‌ക്കെടുക്കാൻ പ്രേരിപ്പിക്കുന്നില്ല. വിനിമയങ്ങൾക്കായി തുറക്കുന്നതാണ് അടിത്തട്ടുമനുഷ്യരുടെ സ്വാഭാവികമായ പ്രകൃതം. കുട്ടൻ വിദ്വേഷപ്രകൃതത്താൽ എപ്പോഴും പ്രത്യക്ഷപ്പെടുമ്പോൾ കുട്ടപ്പൻ പ്രസാദാത്മകമായും ആത്മവിശ്വാസത്തോടെയുമാണ് പ്രത്യക്ഷപ്പെടുന്നത്. കുട്ടപ്പൻ അഭിമാനത്തോടെയും ആഹ്‌ളാദത്തോടെയും സംസാരിക്കുമ്പോൾ കുട്ടനിൽ അത് അസ്തിത്വനഷ്ടം ഉണ്ടാക്കുന്നു. തന്റെ (ജാതിമേധാവിത്വമനോഭാവത്തിന്റെ ) നിലനിൽപ്പ് ഇല്ലാതാകുന്നതായും താൻ പാതാളത്തിലേയ്ക്ക് താഴ്ന്നുപോകുന്നതായും അയാളറിയുന്ന നിമിഷത്തിലാണ് വയലൻസിലേയ്ക്ക് അയാൾ നടന്നടുക്കുന്നത്. തന്റെ തന്നെ സാമൂഹ്യമായ മരണം മുന്നിൽവന്നു നിൽക്കുന്ന നിമിഷങ്ങളാണത്. സാമൂഹ്യമായ മരണം ഒരാളെ ഒരു ജീവി മാത്രമാക്കിത്തീർക്കുന്നു. അതിനെ നേർക്കുനേർ നേരിടുന്ന നിമിഷങ്ങളിലെ പിടച്ചിൽ സ്‌ക്രീനിൽ അനുഭവപ്പെടുത്തുക വെല്ലുവിളി തന്നെയാണ്.

ആദ്യഭാഗത്ത് ചെറിയ ഇഴച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കിലും സംഭ്രമത്തിന്റെ വിഭിന്ന തലങ്ങളിലൂടെ സഞ്ചരിക്കുന്ന കുട്ടന്റെ അവസ്ഥയെ അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ പറ്റിയതാകാമത്. പിന്നീട് പ്രേക്ഷകരെ എൻഗേജിംഗ് ആയി കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ ഉണ്ടായി എന്നു തോന്നുന്നില്ല. ലിഫ്റ്റിനകത്ത്, ആ ഗ്രൗണ്ട് ബട്ടൺ ഒന്നു ഞെക്കാമോ എന്ന ന്യൂജെൻ യുവാവിന്റെ ചോദ്യത്തിനുള്ള നോട്ടം കൊണ്ടുള്ള മറുപടി പോലുള്ള അതീവസംവേദനക്ഷമമായ മനോഹരമായ ഷോട്ടുകൾ എടുത്തുപറയേണ്ടതാണ്. തന്നെ പിന്തുടരുന്ന കൊലയാളിയെ കണ്ടെത്താനുള്ള അയാളുടെ ഭീതി കലർന്ന അന്വേഷണം സിനിമയുട ചില ഭാഗങ്ങൾക്ക് ഒരു സ്ലോ ബേണിംഗ് ത്രില്ലർ ടച്ച് നൽകുന്നുണ്ട്. പ്രമേയത്തിന്റെ തുടർച്ചയിൽ സ്വാഭാവികമായി വന്നു ചേരുന്ന സംഭവങ്ങളായാണ് അമീറിന്റെയും പോൾ വർഗീസിന്റേയും എപ്പിസോഡുകളെ നിരീക്ഷിക്കാൻ കഴിയുക. എന്നാൽ അതിന്റെ സമയപരമായ പരിചരണത്തിൽ വന്ന ചില പിഴവുകൾ അവ കൃത്രിമമായി വച്ചുചേർത്തതുപോലെ തോന്നിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.

ഫ്‌ളാറ്റിലെത്തിയ കുട്ടന് സ്‌നേഹത്തോടെ ഭക്ഷണം കൊടുക്കുമ്പോഴാണ് താൻ ഗർഭിണിയാണെന്നും അതു നേരിട്ട് പറയാൻ അമ്മയെക്കാണണമെന്നും പെങ്ങൾ (ഭാരതി) പറയുന്നത്. പെങ്ങൾ കീഴാളനിൽനിന്നും ഗർഭം ധരിച്ചിരിക്കുന്നു എന്ന അറിവ് അയാളിലെ ജാതിവിദ്വേഷിയുടെ താളം തെറ്റിക്കുന്നു. അയാളിലെ വേട്ടക്കാരൻ ആവരണങ്ങളിൽനിന്ന് പുറത്തുവരുന്നു. "അവൾ അവന്റെ കുഞ്ഞിനെ പെറാൻ പോവ്വാണ്. ഞാൻ ഒരുപാട് ആലോചിച്ചു. അവൾ നമ്മെക്കോണ്ട് ചെയ്യിക്ക്യാ. അമ്മ അവസാനമായി കണ്ടോട്ടെ എന്നു വിചാരിച്ച് കൊണ്ടുവന്നിട്ടുണ്ട്' എന്നു പറഞ്ഞുകൊണ്ടാണ് താൻ നടത്താൻ പോകുന്ന ദുരഭിമാനക്കൊലയെ അയാൾ ന്യായീകരിക്കുന്നതും മരണശയ്യയിൽ നിസ്സഹായയായ അമ്മയെ അതറിയിക്കുന്നതും. നോക്കൂ, ജാതിവെറി അത്രമേൽ ശക്തമാണ്, രൂഢമൂലമാണ്. അമ്മയ്ക്കിനിയും ദേഷ്യം മാറിയിട്ടില്ലെന്നു പറഞ്ഞ് അവിടുന്ന് കുട്ടൻ തന്ത്രപൂർവം പുറത്താക്കുന്ന ഭാരതിയെ കൈകോർത്തുപിടിച്ച് തന്റേടത്തോടെ കുട്ടപ്പൻ കുടുംബാംഗങ്ങൾക്കിടയിലൂടെ കൊണ്ടുപോകുന്നു. ആ ചേർത്തുപിടിക്കൽ ഉജ്വലമായിത്തീരുന്നുണ്ട്. കുട്ടപ്പനെ ജാതിയിൽ സ്വന്തം കൂട്ടക്കാരാക്കി മാറ്റാനുള്ള ശ്രമവും പാളുന്നതോടെ കുട്ടനിലെ സവർണൻ തനി കൊലയാളിയായി മാറുന്നു. "എന്തിനാ മറ്റുള്ളവരെ മാറ്റാൻ നോക്കുന്നത്, നമ്മളല്ലേ മാറേണ്ടത്' എന്ന പെങ്ങളുടെ വർത്തമാനത്തിൽ പ്രതീക്ഷ കൈവിടുന്ന അയാൾ കൊല നടത്താൻ തയ്യാറാവുന്നു.

തക്ഷകൻ എന്ന നാടകാവതരണത്തിന് ലഭിച്ച ട്രോഫികൊണ്ടാണ് കുട്ടപ്പനേയും പെങ്ങൾ ഭാരതിയേയും കുട്ടൻ അടിച്ചിടുന്നത് എന്നത് അർത്ഥവത്താണ്. കീഴാളനായ കുട്ടപ്പന് ലഭിക്കുന്ന സാമൂഹ്യാംഗീകാരങ്ങൾ കുട്ടനിലെ സവർണനെ ഹിംസയിലേയ്ക്ക് അടുപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ് . കീഴാളനോടൊപ്പം പോയി അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ച് തന്റെ ആഭിജാത്യത്തെ വെല്ലുവിളിച്ച സഹോദരിയേയും അംഗീകാരങ്ങളാൽ സമൂഹത്തിന്റെ നേതൃപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന സഹോദരിയുടെ കീഴാളനായ പങ്കാളിയേയും ഇല്ലാതാക്കാനുള്ള അടികളാണത്.

പക്ഷേ, അനിവാര്യമായത് സംഭവിക്കാതെ തരമില്ല. ഏഴാം നാളിൽ കഥ പറയാനെത്തിയ പുഴു കഥ പറയാൻ എത്തുക തന്നെ ചെയ്യുന്നു. തന്റെ കഥ പറയുകയും ചെയ്യുന്നു. അതു ധ്വനിപ്പിക്കുന്നതിന് മഹാഭാരതത്തിലെ പരീക്ഷിത്ത് രാജാവിന്റേയും തക്ഷകൻ എന്ന സർപ്പത്തിന്റേയും കഥ ചിത്രത്തിൽ ഒരു രൂപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരീക്ഷിത്ത് രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു ശാപമുണ്ടാകുന്നതും, തക്ഷകൻ പുഴുവിന്റെ രൂപത്തിൽ ലക്ഷ്യം നിറവേറ്റുന്നതുമാണ് കഥ. കുട്ടപ്പൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന തക്ഷകൻ എന്നു പേരുള്ള ശിവദാസ് പൊയിൽക്കാവ് ഒരുക്കിയ നാടകത്തിന്റെ രംഗത്തിലൂടെയും, വിവിധ സന്ദർഭങ്ങളിലുള്ള സംഭാഷണശകലങ്ങളിലൂടേയും ആ കഥ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അവസാനം അയാളെ പിന്തുടർന്നിരുന്ന, പരകായപ്രവേശം യാഥാർത്ഥ്യമാക്കുന്ന അമീറിനെ അയാൾക്ക് നേരിടേണ്ടിവരുന്നു. ഭീകരവാദിയാക്കി അയാൾ തടവറയിലിട്ട് കൊന്ന കബീറിന്റെ മകൻ അമീർ സൂചിപ്പിക്കുന്നതും കുട്ടപ്പന്റെ തക്ഷകൻ എന്ന നാടകത്തെക്കുറിച്ചാണ്. ജീവിതത്തിൽ കുട്ടൻ കേൾക്കുന്ന അവസാനവാചകവും അതുതന്നെ.

ഹർഷദിന്റെ കഥയും അതിന് ഹർഷദ്, സുഹാസ്, ഷർഫു എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയും സിനിമയെ അനുഭവപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ജീവിക്കാൻ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ തയ്യാറായ അച്ചോൾ എന്ന ഭാരതിയെ ഒതുക്കത്തോടെ അവതരിപ്പിച്ച പാർവതിയും മികച്ച സംഭാവനയാണ് നൽകിയത്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നു.

Comments