വിവാദങ്ങൾ, ചട്ടപ്പടി പ്രോഗ്രാം റിപ്പോർട്ടുകൾ, അതിനപ്പുറം എന്തുണ്ട് മാധ്യമങ്ങളിൽ? - എ.എ. റഹിം

Truecopy Webzine

മനില സി. മോഹൻ: കൈരളി ടി.വി.യിലെ സഹപ്രവർത്തകനെന്ന നിലയിലാണ് നമ്മുടെ പരിചയം തുടങ്ങുന്നത്. ഇപ്പോൾ താങ്കൾ രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കൗതുകകരമായ വസ്തുത, അന്ന് കൈരളി ടി.വി എം.ഡിയായിരുന്ന ജോൺ ബ്രിട്ടാസും ഇന്ന് പാർലമെന്റിൽ താങ്കൾക്കൊപ്പമുണ്ട് എന്നതാണ്. മാധ്യമ പ്രവർത്തകനായിരുന്ന താങ്കൾ സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. മാധ്യമ ചർച്ചകളിൽ സി.പി.എമ്മിന്റെ ശക്തനായ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു. പാർലമെന്റിലെത്തുമ്പോൾ ഈ വളർച്ചയെ എങ്ങനെയാണ് സ്വയം നോക്കിക്കാണുന്നത്? ഒപ്പം മാധ്യമ പ്രവർത്തകരോടുള്ള വിമർശനം എന്താണ്?

എ.എ. റഹീം: വളരെ നിർണായകമായ ഒരു ഘട്ടത്തിൽ നിർണായകമായ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടു എന്നുള്ളതാണ് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന കാര്യം. തീർച്ചയായും മാധ്യമപ്രവർത്തനം ഒരുകാലത്ത് നന്നായി ആസ്വദിച്ചിരുന്നു. മാധ്യമപ്രവർത്തനം ഒരു പാഷനായിരുന്നു. കോളേജ് കാലത്തെല്ലാം തന്നെ അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. എന്ത് ജോലി തിരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോൾ മാധ്യമപ്രവർത്തകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എൽ.എൽ.ബി.ക്കൊപ്പം തന്നെ ജേണലിസം കൂടിയെടുത്തത്. കൈരളിയിൽ, പീപ്പിൾ ടിവിയുടെ ആദ്യ ബാച്ചിൽ പ്രവേശനം ലഭിച്ചു. മനസ്സിലുണ്ടായിരുന്ന പാഷനിൽ നിന്ന് മാധ്യമപ്രവർത്തനത്തിന്റെ റിയാലിറ്റിയിലേക്കെത്തിയപ്പോൾ ഒരുപാട് പരിമിതികളുണ്ടെന്ന് മനസ്സിലാക്കാനായി. ആ ചെറിയ കാലയളവിൽ കുറെ നല്ല വാർത്തകൾ ചെയ്യാനും കഴിഞ്ഞു. ബ്രിട്ടാസ്നോടൊപ്പമൊക്കെയുള്ള നല്ല അനുഭവമായിരുന്നു. അതൊരു നല്ല കളരിയായിരുന്നു. ഇപ്പോൾ രാജ്യസഭയിലേക്ക് പോകുമ്പോൾ അവിടെ ബ്രിട്ടാസ് ഉണ്ട് എന്നുള്ളത് കൗതുകകരമായ കാര്യമാണ്. അതിൽ വളരെ സന്തോഷവും തോന്നുന്നു.

മാധ്യമങ്ങളോട് വിമർശനമുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ പ്രതിദിന ഷെഡ്യൂളിൽ സാധാരണക്കാരുടെ എത്ര വിഷയങ്ങൾ വരുന്നുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ നാടിനുവേണ്ടിയുള്ള എന്ത് കാര്യം വരുന്നു എന്നതാണ്. വിവാദങ്ങൾ, ചട്ടപ്പടി പ്രോഗ്രാം റിപ്പോർട്ടുകൾ എന്നിവയ്‌ക്കെല്ലാമപ്പുറത്ത് അത്തരം വിഷയങ്ങൾ വരുന്നില്ല എന്നുള്ളതാണ് ആദ്യത്തെ വിമർശനം. രണ്ടാമത്തെ കാര്യം ഫോളോ അപ്പ് തീരെ ഉണ്ടാകുന്നില്ല എന്നുള്ളതാണ്. ഒരു വിഷയത്തിൽ ഫോളോ അപ്പിനുവേണ്ടി ശ്രമിക്കുന്നേയില്ല, അതിന്റെ പിന്നാലെ പോകുന്നതേയില്ല. അത് ഒരു വലിയ ഒരു വിമർശനമാണ്. അങ്ങനെയാകരുത് എന്നാണ് എനിക്കുള്ളത്. അടുത്ത ഒരു പ്രധാനപ്പെട്ട കാര്യം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുൻപ് വീണ്ടും വീണ്ടും ക്രോസ് ചെക്ക് ചെയ്യണമെന്നാണല്ലോ. ഒരു വാർത്ത കിട്ടിയാൽ ആ വാർത്തയുടെ മറുവശം എന്താണ് എന്നുള്ളത് ക്രോസ് ചെക്ക് ചെയ്യപ്പെടുന്നില്ല. ഇതാണ് എനിക്കുള്ള കടുത്ത വിമർശനം. നിങ്ങൾക്ക് ആർക്കെതിരെയും വാർത്ത ചെയ്യാം. ലഭിക്കുന്ന വിവരം ശരിയാണെന്ന് തോന്നിയാൽ വിശദമായ വാർത്ത ചെയ്യാം. പക്ഷെ എന്താണ് അയാൾക്ക് പറയാനുള്ളതെന്ന് ഒരു വരി കൂടി അതിൽ ഉൾപ്പെടുത്തണം. മാധ്യമപ്രവർത്തനത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇതാണ് എനിക്ക് കുറച്ചുകാലം മാധ്യമപ്രവർത്തനം, മുഖ്യധാരാ മാധ്യമത്തിൽ ചെയ്തയാളെന്ന നിലയിലും, പിന്നീടും യുവധാരയിലൊക്കെയായി മാധ്യമപ്രവർത്തനം പലരീതിയിൽ തുടരുമ്പോഴുമുള്ള പ്രധാന വിമർശനം. ഓരോരുത്തരും മാധ്യമപ്രവർത്തകരായി മാറുന്ന ഒരു കാലം കൂടിയാണിത്. മാധ്യമപ്രവർത്തകനെന്ന എന്റെ അനുഭവത്തിലും മാധ്യമങ്ങളെക്കുറിച്ചുള്ള എന്റെ പഠനത്തിലും ഇപ്പോഴത്തെ മാധ്യമങ്ങളോടുള്ള എന്റെ വിമർശനം ഇതാണ്

അഭിമുഖത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 70 വായിക്കാം
രാജ്യസഭയിൽ സംസാരിക്കുക മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വേണ്ടി | എ.എ. റഹീം / മനില സി. മോഹൻ

Comments