ഭരണഘടന തള്ളിക്കളഞ്ഞ ധർമശാസ്​ത്ര ഗ്രന്ഥങ്ങൾ കോടതി വിധികളിലേക്ക്​ കടന്നുവരുമ്പോൾ

ഭരണഘടനാ നിർമാണ സഭ തന്നെ ഒഴിവാക്കിയ ധർമശാസ്ത്രഗ്രന്ഥങ്ങളെ ആധാരമാക്കി വിധി പ്രസ്താവം നടത്തുന്നതിലൂടെ ബ്രാഹ്‌മണ്യ പാരമ്പര്യവ്യവഹാരങ്ങളിലേക്കാണ് നീതിന്യായ വ്യവസ്ഥ ആണ്ടുപോകുന്നത്. ജാതി ബ്രാഹ്‌മണ്യത്തെയും അസമത്വ ശ്രേണീകരണത്തെയും മേൽക്കീഴ് അയിത്ത വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെയും കീഴോർ സമൂഹങ്ങളെയും അടിച്ചമർത്തുന്നതുമായ നിയമാവലികൾ ഉള്ളടങ്ങിയ അത്രി സംഹിത ഉൾപ്പെടെയുള്ള ധർമശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്.

ധുനികമായ ഇന്ത്യൻ ഭരണഘടനയാണ് നീതിന്യായ ശൃംഖലയുടെയും അതിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന്റെയും അടിപ്പടവായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണഘടനാ നിർമാണ വേളയിൽ ഇന്ത്യൻ പാരമ്പര്യത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണയിച്ചിരുന്ന മനുസ്മൃതിയും യാജ്ഞവൽക്യസ്മൃതിയും ഇതേ സ്വഭാവത്തിലുള്ള ധർമശാസ്ത്രങ്ങളും ഭരണഘടനയുടെ ആശയങ്ങളിൽ ഉൾച്ചേർക്കണമെന്ന് വാദിക്കപ്പെട്ടിരുന്നു. എന്നാൽ ജാതി ബ്രാഹ്‌മണ്യത്തിന്റെ അസമത്വശ്രേണീകരണ യുക്തികൾ നിറഞ്ഞ ഇത്തരം ധർമശാസ്ത്ര കൃതികളെ നിഷ്‌കരുണം തള്ളിക്കളഞ്ഞു കൊണ്ടാണ് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള നവ- ഇന്ത്യയുടെ സൃഷ്ടാക്കൾ ആധുനികമായ നീതിബോധത്തിലും ബഹുസ്വരതയിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും നിലയുറപ്പിച്ച ഭരണഘടന നിർമിച്ചെടുത്തത്. എന്നാൽ ഭരണഘടന നിലവിൽവന്നതു മുതൽ തന്നെ അതിനെ നിഷ്‌ക്രിയമാക്കി മാറ്റുവാനുള്ള പ്രയത്‌നങ്ങൾ ബ്രാഹ്‌മണ്യ ശക്തികൾ ആരംഭിച്ചിരുന്നു.

ഭരണഘടനയല്ല, മനുസ്മൃതിയാണ് വിശിഷ്ടം എന്ന വാദങ്ങൾ പോലും ഉന്നയിക്കപ്പെട്ടു. ഹിന്ദുരാഷ്ട്രത്തിന് വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും ആരാധനാ യോഗ്യമായ വിശുദ്ധഗ്രന്ഥം മനുസ്മൃതിയാണെന്ന് വി.ഡി. സവർക്കർ Women in Manusmriti യിൽ എഴുതി (p. 416). പ്രാചീന കാലം മുതൽ സംസ്‌കാരത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനമായിത്തീർന്ന മനുസ്മൃതി രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിനുള്ള നിയമാവലിയാണെന്നും സവർക്കർ എഴുതി. ഗോൾവാൾക്കാർ ബഞ്ച് ഓഫ് തോട്‌സിൽ ഭരണഘടന മാറ്റിയെഴുതണം എന്നാവശ്യപ്പെടുന്നുണ്ട്: ""....നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറൽ ഘടനയെ കുറിച്ചുള്ള എല്ലാ ചർച്ചകളെയും എന്നന്നേക്കുമായി കുഴിച്ചുമൂടിക്കൊണ്ട്, ഒരു രാജ്യം ഒരു സ്റ്റേറ്റ്, ഒരു നിയമ നിർമാണ സഭ, ഒരു പരമാധികാരി എന്ന് ഉദ്‌ഘോഷിക്കുകയാണ്, ആ ലക്ഷ്യം കൈവരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമവുമായ നടപടി - ഏക രൂപത്തിലുള്ള ഈ ഭരണകൂടം സ്ഥാപിക്കാൻ നമുക്ക് ഭരണഘടനയെ പുനഃപരിശോധിച്ച് മാറ്റിയെഴുതാം.''
1992 ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ആർ.എസ്.എസ്​ മേധാവിയായിരുന്ന രാജേന്ദ്ര സിംഗ് ഇങ്ങനെ എഴുതി: ""ഈ രാജ്യത്തിന്റെ ചില പ്രത്യേക നിർദ്ദേശങ്ങൾ ഭരണഘടനയിൽ പ്രതിഫലിക്കേണ്ടതാണ്. ഭാരതമായ ഇന്ത്യക്ക് പകരം ഹിന്ദുസ്ഥാൻ ആയ ഭാരതം എന്നാണ് പറയേണ്ടത്. വിഭിന്ന ഘടകങ്ങൾ ചേർന്നുണ്ടായ സംസ്‌കാരം എന്ന് ഔദ്യോഗിക രേഖകൾ പരാമർശിക്കുന്നുണ്ടെങ്കിലും തീർച്ചയായും നമ്മുടേത് അത്തരത്തിലുള്ള സംസ്‌കാരമല്ല.... ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.''

മീഡിയ വൺ വിലക്കിനെതിരെ നൽകിയ റിറ്റ് ഹർജി പരിഗണിക്കവെ, രാജ്യസുരക്ഷയുടെ പ്രാധ്യാനത്തെ ജസ്റ്റിസ് എൻ. നഗരേഷ് അടയാളപ്പെടുത്തുന്നത് അത്രി സംഹിതയെ ഉദ്ധരിച്ചാണ്.

ഇങ്ങനെ ഹിന്ദുത്വബ്രാഹ്‌മണ്യ ശക്തികൾ ഭരണഘടന മാറ്റിയെഴുതാൻ ആവശ്യപ്പെടുന്നതിന്റെ നിരവധി രേഖകൾ ഷംസുൽ ഇസ്​ലാം അദ്ദേഹത്തിന്റെ പoനത്തിൽ കൃത്യമായി ഉദ്ധരിക്കുന്നുണ്ട്. പല നിലകളിൽ ജാതി ബ്രാഹ്‌മണ്യ ശക്തികളുടെ വലിയ കടന്നാക്രമണങ്ങൾ അതിജീവിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണഘടന അതിലെ സാമാന്യജനങ്ങളുടെ ആശ്വാസ സ്ഥാനമായി നിലകൊള്ളുന്നത്. എന്നാൽ പലപ്പോഴും ഭരണഘടനയെ ആശ്രയിക്കേണ്ട ന്യായപീഠങ്ങൾ ബ്രാഹ്‌മണ്യാശയങ്ങളുടെ വിളനിലമായ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് വിധി പ്രസ്താവങ്ങൾ നടത്തുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ നിദർശനമാണ് മീഡിയ വണ്ണിന്റെ പ്രക്ഷേപണാനുമതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ അത്രി സംഹിത എന്ന ധർമശാസ്ത്ര ഗ്രന്ഥം ഉദ്ധരിച്ചു കൊണ്ടുള്ള വിധി പ്രസ്താവം.

""ദുഷ്ടസ്യ ദണ്ഡ സുജനസ്യ പൂജ
ന്യായേണ കോശസ്യ
സംപ്രവർദ്ധി ...'' എന്നു തുടങ്ങുന്ന അത്രി സംഹിതയിലെ ശ്ലോകം ഉദ്ധരിച്ചു കൊണ്ടാണ് ദേശസുരക്ഷയെ പറ്റി നീതിപീഠം വാചാലമാവുന്നത്.
""കുറ്റവാളികളെ ശിക്ഷിക്കുക, നല്ലവരെ സംരക്ഷിക്കുക, ന്യായമായ മാർഗങ്ങളിലൂടെ ട്രഷറിയെ സമ്പന്നമാക്കുക, ആരോടും പക്ഷപാതമില്ലാതെ രാഷ്ട്രത്തെ സംരക്ഷിക്കുക'' - ഇതാണ് നീതിപീഠം ഉദ്ധരിച്ച ശ്ലോകത്തിന്റെ സാരാംശം. ദേശസുരക്ഷയെ മുൻനിർത്തിയുള്ള ഒരു സന്ദർഭം വിവരിക്കവെ അത്രിസംഹിതയിലേക്ക് കണ്ണുകൾ പായുന്നത് അത്ര നിഷ്‌കളങ്കമായ ഒന്നായി പരിഗണിക്കേണ്ടതാണോ എന്ന സംശയമാണിവിടെ ഉന്നയിക്കപ്പെടുന്നത്.

ഭരണഘടനാ നിർമാണ സഭ തന്നെ ഒഴിവാക്കിയ ധർമശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി വിധി പ്രസ്താവം നടത്തുന്നതിലൂടെ ബ്രാഹ്‌മണ്യ പാരമ്പര്യ വ്യവഹാരങ്ങളിലേക്കാണ് നീതിന്യായ വ്യവസ്ഥ ആണ്ടുപോകുന്നത്. ജാതി ബ്രാഹ്‌മണ്യത്തെയും അസമത്വ ശ്രേണീകരണത്തെയും മേൽക്കീഴ് അയിത്ത വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെയും കീഴോർ സമൂഹങ്ങളെയും അടിച്ചമർത്തുന്നതുമായ നിയമാവലികൾ ഉള്ളടങ്ങിയ അത്രി സംഹിത ഉൾപ്പെടെയുള്ള ധർമശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഇതിനു മുൻപും നീതിപീഠം ഇത്തരത്തിൽ മനുസ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രസ്താവങ്ങൾ നടത്തിയിട്ടുണ്ടെന്ന ചരിത്രം സ്മരിക്കുമ്പോൾ ഇപ്പോൾ സംഭവിച്ചത് പുതിയ ഒന്നായി കരുതേണ്ടതുമില്ല. എന്നാൽ കരുതലോടെ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ We or our Nationhood defined-ൽ ഗോൾവാൾക്കാർ എഴുതിയ, "ഹിന്ദുസ്ഥാൻ ആയിട്ടുള്ള ഈ രാജ്യത്ത് ഹിന്ദു ജാതി അതിന്റെ ഹിന്ദുമതം ഹിന്ദു സംസ്‌കാരം ഹിന്ദു ഭാഷ എന്നിവയാൽ രാഷ്ട്ര സങ്കൽപ്പം പൂർണമാവുന്നു' എന്ന അവസ്ഥയെ വളരെ വേഗം പ്രാപിക്കാൻ ഇടയുണ്ട്. അതിന്റെ സൂചനകളാണ് നീതിന്യായ പ്രസ്താവങ്ങളിൽ കടന്നു കയറുന്ന ധർമശാസ്ത്ര വചനങ്ങൾ.

ബഹുസ്വര ഇന്ത്യയെന്ന ആശയത്തെയും ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഉയർത്തി പിടിക്കുന്നതിന്​ ബഹുജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. ഇല്ലെങ്കിൽ, നാളെ ഭരണഘടനയുടെ സ്ഥാനം മനുസ്മൃതി ഏറ്റെടുക്കാനിടയുണ്ട്.

Comments