എ. നന്ദകുമാർ; ദൃഢചിത്തമായ വാതിൽ

ആളുകൾ ആടിത്തിമർക്കുന്നതിലൊന്നും വിശ്വസിക്കാനോ അതിന്റെ സദാചാര താൽപര്യങ്ങൾ സംരക്ഷിക്കുവാനോ വ്യവസ്ഥക്കനുയോജ്യനാവാൻ തന്നെ പാകപ്പെടുത്താനോ നന്ദകുമാർ തുനിഞ്ഞില്ല. നേർക്കാഴ്ചയിലല്ല, അതിന്റെ അപ്രത്യക്ഷതയിലാണ് നന്ദകുമാർ വാസ്തവങ്ങൾ അന്വേഷിച്ചത്. ശീലങ്ങളുടെ പൊതുബോധത്തിൽ കാലുറച്ചുപോയവർക്ക് അതുകൊണ്ട് നന്ദകുമാർ അന്യനോ അമാന്യനോ അകറ്റി നിർത്തപ്പെടേണ്ടവനോ ആയി- ഒന്നാം ചരമവാർഷിക ദിനത്തിൽ (നവംബർ ഒന്ന്​) എഴുത്തുകാരനും അധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന എ. നന്ദകുമാറിനെക്കുറിച്ച് ഒരു ഓർമക്കുറിപ്പ്

വി, കഥാകൃത്ത്, അധ്യാപകൻ, പത്രപ്രവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ... എ. നന്ദകുമാർ ഓർമിക്കപ്പെടുക ഇങ്ങനെയൊക്കെയാവാം.

ഊണും ബോണസും ചില കൈപ്പിഴകളും (കഥാസമാഹാരം), എ. ആർ. റഹ്മാൻ (നിരീക്ഷണം) ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച സമാഹരിക്കപ്പെടാത്ത കവിതകൾ, ദിനപത്രങ്ങളിൽ വന്നുകൊണ്ടിരുന്ന സാമ്പത്തിക കാര്യലേഖനങ്ങൾ... വ്യക്തി എന്ന നിലയിൽ ഇത്രയുമായിരുന്നു നന്ദകുമാറിന്റെ വിഭവശേഷി.

എന്നാൽ ഇതൊന്നുമല്ലാത്ത ഒരപരജീവിതം നന്ദകുമാർ അലഞ്ഞും അന്വേഷിച്ചും ജീവിച്ചുതീർത്തു.

ബിരുദവും ബിരുദാനന്തര ബിരുദവും നേടി അഭിഭാഷകനാവാൻ ശ്രമം നടത്തി; രണ്ടു വർഷം. നീതിയും നിയമവും വ്യാവഹാരികലോകവും സ്വന്തം നൈതികതക്കു പുറത്താണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ പഠനം നിർത്തി. ഊണിനും ബോണസിനും വിധേയനായി എവിടെയെങ്കിലും സുസ്ഥിരനാവാൻ ഉള്ളിൽ കത്തുന്ന കലഹവീര്യം അനുവദിച്ചില്ല.

ആർജിച്ച അറിവും ആത്മബോധവും പുറത്തെ അനുഭവലോകവും നിരന്തരം സംഘർഷകലുഷമായി. സമയം സ്വൈര്യം കൊടുക്കാതെ വേട്ടയാടി. പിന്നെ എന്തെന്നും ഏതെന്നും എങ്ങോട്ടെന്നുമില്ലാത്ത യാത്ര. ഡൽഹി, മുംബൈ... മഹാനഗരങ്ങളിൽ താൽകാലിക അഭയം.

ഫ്രീ പ്രസ്​ ജേർണലിലും മറ്റു പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഒന്നിലും ഉറച്ചു നിന്നില്ല. ഉള്ളിൽ മറ്റൊരു യാത്രികൻ അപ്പോൾ പുറപ്പെട്ടു കഴിഞ്ഞിരുന്നു; അസംതൃപ്തിയുടെ, അനിശ്ചിതത്വത്തിന്റെ, അടിച്ചേൽപ്പിക്കപ്പെടുന്ന വ്യാജ ബോധത്തിനെതിരായ തിരിച്ചറിവിന്റെ.
ഓരോ യാത്രയും അവനവന്റെ ഒറ്റപ്പെടലിലേക്കു തന്നെ സംഗ്രഹിക്കപ്പെട്ടു.

ഒടുവിൽ തിരിച്ചു പോരുകയായിരുന്നു. എത്തിച്ചേർന്നതാവട്ടെ വന്നവരാരും തിരിച്ചു പോകാനാഗ്രഹിക്കാത്ത ചരിത്ര നഗരത്തിലും. കോഴിക്കോട് നഗരം നന്ദകുമാറിനെ ഏറ്റുവാങ്ങി. ആ കാറ്റും കോളും പൊറുത്തു. കോഴിക്കോടൻ സൗഹൃദവലയത്തിൽ എന്നും നന്ദകുമാർ സുരക്ഷിതനായിരുന്നു.

നന്ദകുമാർ, ഫോട്ടോ:അജീബ് കോമാച്ചി

എഴുപതുകൾ എൺപതുകൾ എന്ന് ചിലരെങ്കിലും ഇന്നും വികാരഭരിതമായി ഓർമിക്കുന്ന കാലം. സാഹിത്യത്തിലും ചലച്ചിത്രത്തിലും സാംസ്‌കാരിക സന്ദർഭങ്ങളിലും പെട്ടെന്നുണ്ടായ രാഷ്ട്രീയ ഉണർവുകൾ ഒരു തലമുറക്ക് നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന അനീതിക്കും അസമത്വത്തിനുമെതിരെ പൊരുതാനുള്ള ചിന്താജാഗ്രതക്കു വഴി തുറന്നു.

ഒന്നും ഉന്മേഷകരമല്ലെന്നും എവിടെ നിന്നൊക്കെയോ വിപൽസന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ അവർ നിർബന്ധിതരായി. ഒരു നഗരത്തിൽ ഒരനീതിയുണ്ടായാൽ അവിടെ ഒരു കലാപമുണ്ടാവണം / അല്ലെങ്കിൽ / അന്ന് അന്തിയാകുന്നതിനു മുമ്പ് / ആ നഗരം / ചുട്ടു ചാമ്പലാകുന്നതാണു നല്ലത്; ജർമൻ കവിയും നാടകകൃത്തുമായ ബ്രഹ്‌തോൾട് ബ്രഹ്ത്തിന്റെ ഈ വരികളും വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ / അത് ഒരായുധമാണ് എന്ന കവിതയും സാമൂഹ്യപരിവർത്തനത്തിനു ക്ഷമ കെട്ടുനിന്ന യുവത്വത്തെ ത്വരിപ്പിച്ചു. ഉണരുവിൻ പട്ടിണിയുടെ തടവുകാരേ... മുഴങ്ങിക്കേട്ട ഈ ആഹ്വാനവും അവരുടെ അന്തർഗതങ്ങളെ ഇളക്കിമറിച്ചു. കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും യുവാക്കൾ സമരസന്നദ്ധരായി തെരുവിലിറങ്ങി.

മധുമാസ്റ്ററുടെ അമ്മ നാടകം, കെ.ജെ. ബേബിയുടെ നാടുഗദ്ദിക, ധനാർത്തി മൂത്ത കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ എ. സോമന്റെ നേതൃത്വത്തിൽ ചെരിപ്പുമാലയണിയിച്ച് ജനകീയ വിചാരണ, ജോൺ അബ്രഹാമിന്റെ പ്രതിഷേധ പ്രസംഗങ്ങൾ, പി.എം. ആന്റണിയുടെ വീണ്ടും ക്രിസ്തു നാടകം...ശരിക്കും പ്രതിഷേധത്തിന്റെ അഗ്‌നിജ്വാല. അപരിചിതമായ ഈ സമരരീതി ജനങ്ങളെ ആകർഷിച്ചു. യാതനകൾക്കിടയിലും അവർ പ്രത്യാശയുടെ തുരുത്തു കണ്ടെത്തി.

അതിവിപ്ലവത്തിന്റെ അവധൂതനാകാനൊന്നും നന്ദകുമാർ നിന്നില്ലെങ്കിലും നാളെ അതൊരു ചരിത്രസ്മരണയാവട്ടെ എന്നു നിശ്ചയിച്ചു. അതിന്റെ ഉദ്ദേശ്യശുദ്ധിയോടും സർഗാത്മക വിക്ഷോഭങ്ങളോടും സഹകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. വീണ്ടും ക്രിസ്തു നാടകത്തിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ അതിലൊരാൾ നന്ദകുമാർ. പിന്നീട് അവശേഷിച്ച സ്വാസ്ഥ്യവും കെടുത്തി ആ അഗ്‌നിജ്വാലയും അണഞ്ഞു പോയി. ചരിത്രം ചില നിഷ്ഫലതകളുടെ സ്മരണ കൂടിയാണല്ലോ. പൊതുജീവിതം തെല്ലൊന്ന് അമ്പരന്നെങ്കിലും മറ്റൊന്നും സംഭവിച്ചില്ല.

പലരും പലവഴിക്കു പിരിഞ്ഞു. പ്രത്യാശയും അതിനേറ്റ ആഘാതവും നന്ദകുമാറിനെ വിട്ടൊഴിഞ്ഞില്ല. പറയാനോ ആരെയും ബോധ്യപ്പെടുത്താനോ ആവാത്ത മുറിവായി അത് നന്ദകുമാറിനെ ഉലച്ചു. കൂടെയുണ്ടായിരുന്നവർ ആരുമില്ല. പലരും ജീവിക്കാൻ പഠിച്ച് അതിജീവനത്തിന് പുതിയ പുതിയ ഭാഷ്യങ്ങൾ നൽകി പെട്ടെന്നു പരിവർത്തിതരായി. ഭൂതകാലം അവർക്കൊരു നിഴൽ പോലുമായില്ല.

വാസ്തവത്തിൽ ശരിയും തെറ്റുമായിരുന്നില്ല നന്ദകുമാറിന്റെ വിഷയം. അത് പ്രവചിക്കാൻ താനാളല്ലെന്നും അറിയാമായിരുന്നു. കടന്നുപോകുന്ന നിമിഷങ്ങളോടും അതിൽ അകപ്പെടുന്ന നിസ്സഹായരായ മനുഷ്യരോടുമുള്ള സ്‌നേഹവും ആദരവും നന്ദകുമാറിനെ വിടാതെ പിന്തുടർന്നു. പൊതു ജീവിതം ഒരു മാപ്പപേക്ഷ പോലും നൽകാതെ അടുത്ത ദിനകൃത്യത്തിലേക്കു നീങ്ങി.

നന്ദകുമാർ

ആളുകൾ ആടിത്തിമർക്കുന്നതിലൊന്നും വിശ്വസിക്കാനോ അതിന്റെ സദാചാര താൽപര്യങ്ങൾ സംരക്ഷിക്കുവാനോ വ്യവസ്ഥക്കനുയോജ്യനാവാൻ തന്നെ പാകപ്പെടുത്താനോ നന്ദകുമാർ തുനിഞ്ഞില്ല. നേർക്കാഴ്ചയിലല്ല, അതിന്റെ അപ്രത്യക്ഷതയിലാണ് നന്ദകുമാർ വാസ്തവങ്ങൾ അന്വേഷിച്ചത്. ശീലങ്ങളുടെ പൊതുബോധത്തിൽ കാലുറച്ചുപോയവർക്ക് അതുകൊണ്ട് നന്ദകുമാർ അന്യനോ അമാന്യനോ അകറ്റി നിർത്തപ്പെടേണ്ടവനോ ആയി.

മാന്യതയുടെ തുരുത്തല്ല സ്വാതന്ത്ര്യത്തിന്റെ തുറസ്സാണ് നന്ദകുമാർ ഇഷ്ടപ്പെട്ടത്. എങ്കിലും ഗൗരവ വേഷക്കാരനായ ആ ബുദ്ധിജീവിയോടും ഇത്രയൊക്കെയല്ലേയുള്ളൂ സുഹൃത്തേ... എന്ന് പുഞ്ചിരിച്ചു ചോദിച്ചു; അയാൾ പടുത്തുയർത്തുന്ന മഹാ സൗധങ്ങൾക്കൊന്നും സംഭവിക്കുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ.

സുഹൃത്തുക്കൾക്കും മദ്യശാലയിൽ വച്ചു കണ്ടുമുട്ടുന്നവർക്കും ഈ ചോദ്യം നേരമ്പോക്കു മാത്രമായി. അതിന്റെ വ്യാകുലത ആരും മനസ്സിലാക്കിയില്ല.. എങ്കിലും നന്ദകുമാറിന് പിന്നെയും ഈ ചോദ്യം തന്നോടു തന്നെ ചോദിക്കേണ്ടിവന്നു. അസംബന്ധമെന്നോ അർഥരഹിതമെന്നോ ആർക്കും തോന്നാവുന്ന നന്ദകുമാറിന്റെ ഒടുവിലത്തെ ആത്മഗതവും ഈ ചോദ്യം തന്നെയായിരുന്നു; ഇത്രയൊക്കെയല്ലേയുള്ളൂ സഹോദരാ. എത്രയൊക്കെ എന്നറിയാൻ കെൽപ്പില്ലാത്ത വരോടായിരുന്നു പലപ്പോഴും ആ ചോദ്യം തുടർച്ചയായി ചോദിച്ചത്.

പലരും ജീവിതം ഒരു കിട്ടലാണെന്നു കരുതി നടന്നു നീങ്ങുമ്പോൾ ഒരാൾ അതിന്റെ നിഷ്ഫലതയിൽ നിർവികാരനായി നിൽക്കുന്നു. ഇതിനിടയിൽ ശരീരവും ഒരു സാധ്യതാകേന്ദ്രം മാത്രമായി തോന്നിത്തുടങ്ങി. ശരീരത്തെ മുൻനിർത്തി എത്ര നാൾ?

അധികാരത്തിന്റെ ഉന്മാദത്തിന് ഇരയാകേണ്ടി വന്നു പലപ്പോഴും. അപ്പോഴെല്ലാം അലിവിന്റെ ആർദ്രത കാണിച്ചു. അതായിരുന്നു പ്രതിരോധം. ആളുകൾക്കും അത് മതിയായിരുന്നു. അവർക്കൊരു കോമാളിയെ വേണം; അവരുടെ ഇടവേളകൾ പൂർത്തിയാക്കാൻ. എന്തിനും നിന്നു കൊടുത്തു. ആരവങ്ങളൊഴിഞ്ഞപ്പോൾ പുഞ്ചിരിച്ചു പിൻവാങ്ങി. അതൊരു അധിക ജീവിതം നേടലായിരുന്നു.

നഗര വേഗങ്ങളിൽ അലയുന്ന ഒരാൾ. മുട്ടുന്ന വാതിലുകളൊന്നും തുറക്കുന്നില്ല. എല്ലാം ദൃഢചിത്തം. പിന്നെയും അയാൾ നടന്നുനീങ്ങുകയാണ്. അടഞ്ഞുകിടക്കുന്ന അടുത്ത നിശ്ശബ്ദതയിലേക്ക്.അകത്തെ ആഗ്രഹങ്ങളിലേക്ക് പ്രവേശിക്കുവാൻ ആയിരുന്നില്ല; അറിയാൻ... അല്ലെങ്കിൽ അറിവിന്റെ പങ്കാളിയാവാൻ.ആപ്പോൾ പുറത്തെ ലോകം നന്ദകുമാറിന് എന്തിനും അനുവദനീയമായി. നിഷ്‌കാസിതന് എന്ത് നിയമവ്യവസ്ഥ?

നഗരവും നഗരത്തിന്റെ അപരിചിതത്വവും ഒറ്റക്കായ ഒരു മനുഷ്യനെ എന്തെന്നില്ലാതെ സ്വതന്ത്രനാക്കി. ഇടക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കവിതകളിൽ ഈ ഏകാകി നിർമമനായി സഞ്ചരിച്ചു. ചിലപ്പോൾ നിസ്സഹായനായി നിലവിളിച്ചു. പുറപ്പെട്ട വാക്കുകളെല്ലാം ഈ ഒറ്റക്കായവന്റെ മുറിവുകളിലേക്കുതന്നെ തിരിച്ചെത്തി.

നന്ദകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച നാൽപ്പത് മിനിറ്റ്​ദൈർഘ്യമുള്ള ദൃഢചിത്തമായ വാതിൽ ഡോക്യുമെന്ററി ഫിലിമിന്റെ അനുഭവപശ്ചാത്തലം ഇതാണ്.

എഴുതിക്കൂട്ടിയ കവിതകളും പറഞ്ഞു തീർത്ത വാക്കുകളും എല്ലാം ആത്മപ്രകാശനങ്ങൾ തന്നെ. എന്നാൽ അപ്രത്യക്ഷനായിരുന്ന ആ അപരൻ പ്രത്യക്ഷപ്പെടുന്നത് ഈ ഡോക്യുമെന്ററിയിൽ. ലഭിച്ച ജീവിതം ഒരാൾ ആഡംബരങ്ങളൊന്നുമില്ലാതെ നിർവഹിക്കുകയാണ്. വാസ്തവത്തിൽ നന്ദകുമാർ നടന്നതത്രയും ഈ ഡോക്യൂമെന്ററിയിൽ എത്തിച്ചേരാനായിരുന്നോ?

എല്ലാ നിരസനങ്ങളും സസന്തോഷം സ്വീകരിച്ചത് ഈ നിക്ഷിപ്തതക്കു വേണ്ടിയായിരുന്നോ? ഭൂമിയിൽ അവകാശങ്ങളൊന്നും അനുവദിക്കപ്പെടാത്ത, ഓർമിക്കാൻ അനർഘനിമിഷങ്ങളില്ലാത്ത ഒരേകാകിയുടെ പാദമുദ്രകൾ... ദൃഢചിത്തമായ വാതിൽ. ആത്മഗതങ്ങൾക്ക് നാനാർഥങ്ങളില്ലല്ലോ.
നന്ദകുമാറിനെ അടുത്തനുഭവപ്പെട്ടവർക്കെല്ലാം ആ ജീവിതം സുവിശേഷങ്ങൾ ബാക്കിയാക്കി. യാത്രയാകുമ്പോൾ അറുപത്തിമൂന്നു വർഷത്തെ ധൂർത്തജീവിതം.

Comments