മഹത്തായ ഭാരതീയ അടുക്കളയും അത്ര മഹത്തരമല്ലാത്ത ഒരു ബ്രീട്ടീഷ് അടുക്കളയും

രണ്ടുപേരിൽ ആർക്കാണോ സമയമുള്ളത്, ആ ആൾ ഭക്ഷണം ഉണ്ടാക്കട്ടെ എന്ന സിവിലൈസ്ഡ് രീതി, അതാണ് എന്റെ അടുക്കളയെ ഇത്ര സ്‌നേഹിക്കാൻ എന്നെ തോന്നിപ്പിച്ച പ്രേരകശക്തി. കേരളത്തിൽ വച്ച് പാട്രിയാർക്കി എന്ന ഉറയിൽ നിന്ന് എത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാൻ പറ്റിയിരുന്നില്ല എനിക്ക്. എന്നാൽ ഇന്ന് ഞാൻ ജീവിക്കുന്ന നാട്ടിൽ ആ വാക്കിന് വലിയ പ്രസക്തിയില്ല.

ചിലപ്പോൾ സന്തോഷിക്കുകയും, മറ്റ് ചിലപ്പോൾ കരയുകയും വേറേ ചിലനേരത്ത് ദേഷ്യപ്പെട്ട് കലമുടക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ പോലെയാണ് അടുക്കള എന്ന്, ജൂലിയ പോൺ സോൻബി എന്ന സ്ത്രീ തന്റെ, "മൈൻഡ് ഫുൾ തോട്ട്‌സ് ഫോർ കുക്ക്‌സ് ' എന്ന പുസ്തകത്തിൽ പറയുന്നു. ഞാൻ ഈ പുസ്തകം വായിച്ചനേരത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല.

അടുക്കളയുമായി ബന്ധപ്പെട്ട എന്ത് ചിന്തിക്കുമ്പോഴും, എനിക്ക് മൈത്രേയൻ എന്ന് പേരുള്ള ഒരു സുഹൃത്തിനെ ഓർമ വരും. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ്, ഒരു ദിവസത്തെ സംസാരത്തിനിടയിൽ, "എന്റെ വീട്ടിൽ അടുക്കള ഇല്ല' എന്ന മൈത്രേയന്റെ പ്രസ്താവന കേട്ട് ഞാൻ ബോധംകെട്ടില്ല എന്നേയുള്ളൂ. കാരണം time consuming ഇടം എന്നാണ് അടുക്കളയേ മൈത്രേയൻ വിശേഷിപ്പിച്ചത്.
പിന്നെ നിങ്ങൾ എന്ത് കഴിക്കും? എങ്ങനെ ജീവിക്കും തുടങ്ങിയ ചോദ്യങ്ങൾ ഒന്നും ഞാൻ ചോദിച്ചില്ല.

തിരുവനന്തപുരത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്ന സ്ത്രീകൾ മലക്കറിയുടെയും മീനിന്റേയും ഗുണനിലവാരം ചർച്ച ചെയ്യുമ്പോഴും ഭർത്താക്കന്മാരോട് ചേർന്നുനിന്ന് അയാളുടെ പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുമ്പോഴും, അയാളുടെ എച്ചിൽപാത്രത്തിൽ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന നേരത്തും ഒരിക്കൽ കെ. അജിതക്കുപിന്നിൽ ഫെമിനിസ്റ്റ് ആകാൻ ഇറങ്ങിത്തിരിച്ച ഞാൻ "ഇതിനെന്നും കഴിവില്ലാത്ത'ഒരു കൃമിയായി മാറിക്കഴിഞ്ഞിരുന്നു.

തിരുവനന്തപുരകാലത്തെ എന്റെ തലച്ചോറിന്റെ ബോധമണ്ഡലത്തിൽ മീനും, മലക്കറിയും, മുട്ട അവിയലും , ചീരതോരനും, തീയലും മാത്രമായി.... പത്താം ക്ലാസ് തോറ്റ് ട്യൂട്ടോറിയലിൽ പഠിക്കുന്ന ഒരാളിന്റെ മനസ്സായിരുന്നു തിരുവനന്തപുരത്തെ എന്റെ അടുക്കളക്ക്.

തൊഴിലെടുക്കുന്ന, പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന, യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന, പാട്ട് കേൾക്കാനും, സിനിമ കാണാനും കൊതിച്ച എന്റെ ഉള്ളിലെ ഞാൻ കുറേശ്ശേ മരിച്ചുപോയിരുന്നു. എന്റെ മരണത്തിന് കാരണം, ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന അപമാനമായിരുന്നു. ആ അപമാനത്തിന്റെ വലിയൊരു കാരണം എന്റെ അടുക്കളയായിരുന്നു. വല്ലപ്പോഴും വിരുന്നുകൂടാൻ എത്തുന്നവർ പറഞ്ഞു; നീ എന്തുനന്നായി ഭക്ഷണം ഉണ്ടാക്കുന്നു.. ഇത്തരം നല്ല വാക്കുകൾക്ക് നന്ദി പറയേണ്ടത് എങ്ങനെയാണ് എന്ന് എനിക്ക് ഇന്നും അറിയില്ല.

The Great indian kitchen എന്ന ചിത്രത്തിൽ നിന്ന്

ദിവസവും ഒരുപാട് മണിക്കൂർ ചെലവഴിക്കാൻ പറ്റിയ ഒരു ഇടമല്ല അടുക്കള എന്ന്, സമാനഹൃദയരായ ചിലർ എന്നോട് പറയുന്നത് മാത്രമായിരുന്നു ഏക ആശ്വാസം. സഹായികൾ പാചകത്തിന് വന്ന കാലത്ത് ഒന്നും അടുക്കള എന്നെ കാര്യമായി ഉപദ്രവിച്ചില്ല. ബിരിയാണി, പായസം, ഗീ റൈസ്, ഒന്നാന്തരം വെജിറ്റബിൾ സ്റ്റ്യൂ തുടങ്ങിയ എന്റെ ചില അടുക്കള ഉൽപ്പന്നങ്ങൾക്ക് "കൊള്ളാം' എന്ന സർട്ടിഫിക്കറ്റ് പലരിൽ നിന്നും പലപ്പോഴായി കിട്ടിയിരുന്നു.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയപ്പോൾ, ജോലിഭാരം കൂടി. രാവിലെ എട്ടിന് ഇറങ്ങി രാത്രി എട്ടിന് വീട്ടിൽ തിരിച്ചെത്തുന്ന കാലമുണ്ടായിരുന്നു. കേസുനടത്തിപ്പും, കോടതിയൊന്നുമല്ല അടുക്കളയായിരുന്നു അക്കാലത്ത് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നത്.
ഭക്ഷണമുണ്ടാക്കാൻ ചില സഹായികൾ ഇടക്കും മുറയ്ക്കുമൊക്കെ വന്നും പോയുമിരുന്നു. ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്തു, ഏഴാം ദിവസം ഞായറാഴ്ച പുലർച്ച കലൂർ മാർക്കറ്റിൽ പച്ചക്കറിയും മീനും വാങ്ങാൻ എത്തുന്നവരിൽ 90 ശതമാനവും പുരുഷന്മാരായിരുന്നു, കൂട്ടത്തിൽ എന്നെപ്പോലെ ചുരുക്കം ചില സ്ത്രീകളും.

സ്വന്തമായി വരുമാനമുണ്ടാക്കി, ആവശ്യങ്ങൾക്ക് അത് ചെലവഴിച്ച് ജീവിച്ചിരുന്ന ഒരു ആധുനിക വനിതയെന്ന് ലോകം വിലയിരുത്തിയ ഒരാളിന്റെ ഉള്ളിൽ, മാളത്തിനകത്തേക്ക് ചുരുണ്ടുകൂടാൻ തുടങ്ങുന്ന പാമ്പിനെ പോലെ മറ്റൊരു സ്ത്രീയുണ്ടായിരുന്നു. ഇൻഫീരിയോരിറ്റി കോംപ്ലക്‌സ്, അതായിരുന്നു പ്രശ്‌നം, അതെനിക്ക് നൽകിയതോ എനിക്ക് ചുറ്റുമുള്ള ചില ആളുകളും പിന്നെ എന്റെ അടുക്കളയുമായിരുന്നു.

എന്റെ മകൻ ബാക്കി വന്ന ഭക്ഷണം കളയാതിരിക്കാൻ കഴിക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി. "ഇവിടെ വന്ന് എന്നോട് വർത്തമാനം പറയുക, ഒന്നും ഉണ്ടാക്കണ്ട'... ഹോസ്റ്റലിൽ നിന്ന് എത്തിയ നിമിഷം മുതൽ അവൻ എന്നോട് പറയുന്നത് ഇതാണ്.

ജിവിതത്തിൽ ഞാൻ സ്വതന്ത്രയായതിനുശേഷം, ഞാൻ എന്റെ അടുക്കളെയെ കുറെ ഇഷ്ടപ്പെട്ടു തുടങ്ങി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയ്ക്ക് വിരുന്നൊരുക്കി. പുതിയ പാചക പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.
ഒടുക്കം ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിൽ എത്തി. ഇവിടെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു അടുക്കളയുണ്ട്. അത് ഈ വീടിന്റെ അടുക്കളയാണ്. അതിന്റെ ഉത്തരവാദിത്വം, അവകാശം മുതലായവ എനിക്ക് ചാർത്തിത്തരാൻ ഇവിടെ ആരും മെനക്കെട്ടില്ല. അതുകൊണ്ടായിരിക്കും, ഇന്ന് ഈ വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടമായി അടുക്കള മാറിയത്.

വീട്ടുജോലിക്ക് ആളെ വെക്കുന്ന ഏർപ്പാട് അതിസമ്പന്നർക്ക് മാത്രം കഴിയുന്ന ഒന്നാണ് ഇംഗ്ലണ്ടിൽ. തൊണ്ണൂറ് ശതമാനം വീടുകളിലും ആണും പെണ്ണും ഒരുമിച്ചാണ് വീട്ടുജോലിയും മക്കളെ വളർത്തലും എല്ലാം ചെയ്യുന്നത്. എന്തുകൊണ്ടോ ഇംഗ്ലണ്ടിലെ എന്റെ ജീവിതത്തിന്റെ തുടക്കത്തിൽ ഞാൻ ആദ്യം കൂട്ടുകൂടിയത് പാചക വീഡിയോകളോടാണ്. ആദ്യമൊക്കെ കേരള വിഭവങ്ങൾ, പിന്നെ ചില തമിഴ് ചമയൽ, ആന്ധ്രയിലെ കടമ്പ സാമ്പാറും ചട്ണി പൊടിയും കർണാടകയിലെ പുളിയോഗ്രയും മഹാരാഷ്ട്രയിലെ പൊഹയുമൊക്കെ എന്റെ പരീക്ഷണ വിഭവങ്ങളായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും വിശേഷപ്പെട്ട പാചക രീതികൾ പരീക്ഷിച്ച ശേഷം തായ്, വിയറ്റ്‌നാം, ജപ്പാൻ, മെക്‌സിക്കോ, ചൈനീസ്... അങ്ങനെ അന്താരാഷ്ട്ര പാചക രുചികളും എന്റെ അടുക്കളയിലെത്തി. ഇന്ന് എന്റെ തെറാപ്പി സെന്റർ എന്റെ അടുക്കളയാണ്.

ഭർതൃ പിതാവ് ജോൺ ആറ്റ്കിൻസിനും ഭർതൃ മാതാവ് പാട്രീഷ്യ ആറ്റ്കിൻസിനുമൊപ്പം രാധിക.

"നീ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരേണ്ടവളാണ്' എന്ന് എന്നോട് ഇവിടെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ആ നിമിഷം ഞാൻ എന്റെ അടുക്കളയെ വെറുത്തുതുടങ്ങിയേനെ. മറിച്ച്, രണ്ടുപേരിൽ ആർക്കാണോ സമയമുള്ളത്, ആ ആൾ ഭക്ഷണം ഉണ്ടാക്കട്ടെ എന്ന സിവിലൈസ്ഡ് രീതി, അതാണ് എന്റെ അടുക്കളയെ ഇത്ര സ്‌നേഹിക്കാൻ എന്നെ തോന്നിപ്പിച്ച പ്രേരകശക്തി. കേരളത്തിൽ വച്ച് പാട്രിയാർക്കി എന്ന ഉറയിൽ നിന്ന് എത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാൻ പറ്റിയിരുന്നില്ല എനിക്ക്. എന്നാൽ ഇന്ന് ഞാൻ ജീവിക്കുന്ന നാട്ടിൽ ആ വാക്കിന് വലിയ പ്രസക്തിയില്ല.

കെന്റ് ലൂച്ചി സിനിമകളിൽ കാണുന്ന ചാരനിറമുള്ള ഇംഗ്ലണ്ടിനെ, എന്നെപ്പോലെ ഒരാൾക്ക് നിഷേധിക്കാൻ പറ്റില്ല എന്നതും എന്റെ തലച്ചോറിലുണ്ട്.
83 വയസ്സുള്ള എന്റെ ഭർതൃമാതാവും ഞാനും സംസാരിച്ചിരിക്കുന്ന നേരത്ത്, ഞങ്ങൾക്ക് ചായ ഉണ്ടാക്കി തരുന്ന 84 വയസ്സുള്ള ഭർത്താവിന്റെ അച്ഛൻ, ആദ്യമൊക്കെ എനിക്ക് വിസ്മയകാഴ്ചയായിരുന്നു.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അടുക്കള ഇന്നത്തേതല്ല എന്നും ഇന്നലത്തേതാണെന്നുമുള്ള ചർച്ചകൾ കാണുന്നു. പാടിയാർക്കിയുടെ മുഖത്ത് കാർക്കിച്ച് തുപ്പിയ ആ സിനിമ എന്തൊക്കെയോ ചലനങ്ങൾ എവിടെയൊക്കെയോ ഉണ്ടാക്കി എന്ന തോന്നൽ പോലും സന്തോഷം തരുന്ന ഒന്നാണ്. എന്നാൽ, ഭാവിയിൽ ഇത്തരമൊരു അടുക്കള സ്വപ്നം കാണുന്ന അന്ധരായ ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉണ്ടെന്നുള്ളതാണ് എന്നെ ഭയപ്പെടുത്തുന്ന ചിന്ത. ജനാധിപത്യബോധം കൈമോശം വന്നുതുടങ്ങിയ ഒരു ജനതയെ ഉൽപ്പാദിപ്പിക്കാൻ ഭരണകൂടത്തിനല്ലേ ഏറ്റുവും ഏളുപ്പം... ?

ഭയപ്പെടുത്തുന്ന, ഉറക്കം കെടുത്തുന്ന ഈ ചിന്തയാണ് ജിയോ ബേബിയുടെ സിനിമ എനിക്കുതന്നത്.


Comments