അകാൽപനികം

ഈനാശുവും ഞാനും സാഹിത്യവിദ്യാർഥികളായിരുന്നു.

അവന്റേത്‌ ഒരു മലയോര കർഷക കുടുംബം.
മുറിക്കയ്യൻ കുപ്പായം, പരുക്കൻ മുണ്ട്,
പിറകിലേക്ക് ചീകിയ കോലൻമുടി, മായാത്ത ചിരി.
അവന്റെ ക്ലാസുകൾ പലതും മുടങ്ങി
കുബ്ലേഖാനും ഓഡ് റ്റു ദ നൈറ്റിങ്ഗേലും
അവന് നഷ്ടപ്പെട്ടു.
പ്രഭാകരമേനോന്റെ കീറ്റ്സ്, സുശീലടീച്ചറുടെ ഷെല്ലി
കെവിആറിന്റെ വേഡ്സ്വർത്ത്
ഹൈമാവതി ടീച്ചറുടെ ഓഡൻ
പലപ്പോഴും അവന് കിട്ടിയില്ല.
ടാപ്പിങ് ഉണ്ടായിരുന്നു, അപ്പനെ സഹായിക്കാൻ പോയി

ഭൂമിയിലെ ഏറ്റവും അകാൽപനിക വൃക്ഷമാകുന്നു റബ്ബർ,
ഒരിക്കൽ ഞാൻ അവനോട് പറഞ്ഞു.
അങ്ങനെ പറയരുത്
നീ വായിച്ചിട്ടില്ല മുട്ടത്തുവർക്കിയെ, കാനത്തെ.
നിനക്കറിയില്ല പണിയെടുക്കുന്നവന്റെ പ്രണയത്തെ.
സ്വിഫ്റ്റ് തിങ്സ് ആർ ബ്യൂട്ടിഫുൾ എന്നപോലെ
കലാലയജീവിതം അതിവേഗം അവസാനിച്ചു.
ആ കവിത അവന് വലിയ ഇഷ്ടമായിരുന്നു,

അതിനു മുമ്പായി
ഒരു ദിവസം ഈനാശു റബർകാട്ടിലേക്ക്
കൊണ്ടുപോയി.
നിലാവു കുടിച്ച് നിലതെറ്റിയ ഒരു രാത്രി.
മഞ്ഞിന്റെ നൊസ്സുള്ള രാത്രി.
കരിയിലകളെ വട്ടം കറക്കുന്ന ഒരു കാറ്റുണ്ടായിരുന്നു.
ഇലകളിൽ നക്ഷത്രങ്ങൾ ഇറുന്നുവീഴാൻ നിന്നു.

റബർ മരങ്ങൾ ആടിയുലഞ്ഞുകൊണ്ടിരുന്നു.
നിലാവുവീണ് മറ്റൊന്നായവയെ കണ്ടു.
അവയത്രയും കാലത്ത് കല്ലുകളാവുമല്ലോ എന്നു ഖേദിച്ചു
തണുത്ത ജ്വാലകൾ നിറുകയിൽ പടർന്ന കരിമ്പനയെ
ഇതാ ഒരു സറീയലിസ്റ്റ് വൃക്ഷം
എന്നു ഞാൻ പറഞ്ഞില്ല,
അതിനുമുമ്പ്
ഈനാശു മൂർച്ചയുള്ള ഒരു കത്തികൊണ്ട്
ഒരു റബർ മരത്തിൽ വരഞ്ഞു
അതിൽനിന്ന് നിലാവ് ഊറിവരാൻ തുടങ്ങി.

Comments