ഗോള്‍വാള്‍ക്കര്‍:
ആ പേരിടലിനുപിന്നില്‍
ഒരു പ്രത്യയശാസ്ത്ര അജണ്ടയുണ്ട്
ഗോള്‍വാള്‍ക്കര്‍: ആ പേരിടലിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്ര അജണ്ടയുണ്ട്
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കച്ചമുറുക്കിയ ഒരു തനി വംശീയവാദിയുടെ പേര് കേരളത്തിലെ ശാസ്ത്രസ്ഥാപനത്തിന് എന്തിനു നല്‍കുന്നു എന്നതാണ് ചോദ്യം. സംശയരഹിതമായും സാധൂകരണത്തിനായി ഒരു വ്യവഹാരം സൃഷ്ടിക്കുകയാണ് അതിന്റെ താല്‍പര്യം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ പേരുച്ചരിച്ച് നാം പുറത്താക്കിക്കളഞ്ഞവയെ അകത്തുകയറ്റുക എന്ന പ്രത്യയശാസ്ത്ര താല്‍പര്യം. ആ പേര് വെറുമൊരുപേരല്ല, വംശീയതയുടെ പ്രവാചക നാമമാണ്
7 Dec 2020, 04:39 PM
എവിടെ ചിഹ്നമുണ്ടോ, അവിടെയൊരു പ്രത്യയശാസ്ത്രവുമുണ്ട്
വൊളാഷിനോവ്
ഒരു പൊതുസ്ഥാപനത്തിന്/വ്യവഹാരത്തിന് ഏതെങ്കിലും സവിശേഷ വ്യക്തിയുടെ പേര് നല്‍കുന്നതില്‍ നാം പുലര്‍ത്തിപ്പോരുന്ന ഔചിത്യമുണ്ട്. ലിഖിതമല്ലെങ്കിലും പാലിക്കപ്പെട്ടു പോരുന്ന പൊതുതത്വം. ഒന്നുകില്‍ ആ സ്ഥാപനം മുന്നോട്ട് വെക്കുന്ന വൈജ്ഞാനികവളര്‍ച്ചക്ക് നിര്‍ദ്ദിഷ്ട വ്യക്തി നല്‍കിയ സംഭാവനയാവാം, മലയാളം സര്‍വകലാശാലക്ക് എഴുത്തച്ഛന്റെ പേര് നല്‍കുന്നതിലെ യുക്തി അതാണ്.
ചിലപ്പോള്‍ ആ സ്ഥാപനം നിലകൊള്ളുന്ന സ്ഥലത്ത് ജീവിച്ച വ്യക്തിയുടെ ഓര്‍മയുമായി ബന്ധപ്പെട്ടാവാം, കൊടുങ്ങല്ലൂരില്‍ ഗവ.കോളേജിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പേരു നല്‍കുന്നതിലെ താല്‍പര്യം അതാവാം. ചിലപ്പോള്‍ പൊതു രാഷ്ട്രീയ / സാംസ്‌കാരിക വളര്‍ച്ചക്ക് ചാലകമായി മാറിയവര്‍ക്കുള്ള സ്മരണാഞ്ജലിയാവാം. കോഴിക്കോട് സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരു നല്‍കുന്നത് അങ്ങനെയാണ്. അപൂര്‍വം ചിലപ്പോള്‍ ആ സ്ഥാപനമോ, സ്ഥലമോ സ്മരണീയരായ വ്യക്തികള്‍ സന്ദര്‍ശിച്ചത് ഓര്‍മിക്കാനാവാം. ഇവയില്‍ ഒന്നോ രണ്ടോ തത്വങ്ങള്‍ പേരിടലിന് പിന്നില്‍ പ്രവര്‍ത്തിക്കാം. എങ്കിലും ഒന്നുറപ്പ്, എല്ലാ പേരിടലിന് പിന്നിലും ആ ‘പേര് ' വൈജ്ഞാനിക- സാംസ്‌കാരിക- രാഷ്ട്രീയ വികാസത്തില്‍ ഇടപെട്ട ഒന്നാണെന്ന പൊതുതത്വം പ്രവര്‍ത്തിക്കുന്നുണ്ടാവും.
വംശീയവാദത്തിന്റെ സൈദ്ധാന്തികന്‍
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന്റെ പേര് എം.എസ്. ഗോള്‍വാള്‍ക്കറുടേത് ആക്കി മാറ്റുന്നത് അനൗചിത്യമാകുന്നത് ഈ പ്രകരണത്തിലാണ്. ആരാണ് എം.എസ്.ഗോള്‍വാള്‍ക്കര്‍? അദ്ദേഹം ഇന്ത്യയുടെയോ വിശിഷ്യാ കേരളത്തിന്റെയോ പൊതുവളര്‍ച്ചക്ക് എന്ത് സംഭാവനയാണ് നിര്‍വഹിച്ചിട്ടുള്ളത്. ‘ശാസ്ത്രീയം' എന്ന് സാമാന്യമായി വിളിക്കാനെങ്കിലും പര്യാപ്തമായ ഏത് ആശയഗതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്.
ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരക്കളത്തില്‍ പൂജ്യം നല്‍കാമെന്നതിനു പുറമേ, ഗോള്‍വാള്‍ക്കര്‍ ഒരാധുനിക ജനാധിപത്യസമൂഹമാവാനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ അടിവേരറുക്കാന്‍ ശ്രമിക്കുന്ന വംശീയവാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും എക്കാലത്തെയും വലിയ സൈദ്ധാന്തികനായിരുന്നുതാനും. ബനാറസ് ഹിന്ദുസര്‍വ്വകലാശാലയിലെ ശാസ്ത്രാധ്യാപകനായിരുന്ന ആ സന്യാസിയാണ് ഇന്ത്യയിന്ന് നേരിടുന്ന സകല വിപത്തിന്റെയും ആണിക്കല്ല് എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോഴാണ് പ്രതീകങ്ങളെ സമര്‍ത്ഥമായുപയോഗിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ രീതിശാസ്ത്രത്തെ നമുക്ക് വെളിച്ചപ്പെടുത്താന്‍ കഴിയുക.

ആര്‍.എസ്.എസിന്റെ രണ്ടാം സര്‍ സംഘ് ചാലക് എന്ന നിലയില്‍ അവര്‍ക്കിടയില്‍ ഗുരുജി എന്നറിയപ്പെടുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ ഉയര്‍ച്ചയോടെയാണ് ലക്ഷണമൊത്ത ഫാസിസ്റ്റ് പ്രസ്ഥാനമായി ആര്‍. എസ്.എസ് മാറുന്നത്. ഹിന്ദുമഹാസഭയെ - അതിന്റെ മതപരതയിലൂന്നുന്ന സമ്മര്‍ദ്ദ സ്വഭാവത്തെ - കടത്തിവെട്ടി ഹിന്ദുത്വ തീവ്ര രാഷ്ട്രീയത്തിന് അടിത്തറയൊരുക്കുകയാണ് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. ഹെഡഗേവാറോ സാക്ഷാല്‍ സവര്‍ക്കര്‍ തന്നെയോ ഗോള്‍വാള്‍ക്കറുമായുള്ള താരതമ്യത്തില്‍ നിരുപദ്രവകാരിയായി മാറും. ‘തുളച്ചു കയറുന്ന തിളങ്ങുന്ന കണ്ണുകളുള്ള രക്തം ഉറഞ്ഞുപോകുന്ന ഏതോ ഇന്ദ്രജാലം കാട്ടുന്ന ദുര്‍മന്ത്രവാദിയെ' ന്ന് രാമചന്ദ്രഗുഹ ഗോള്‍വാള്‍ക്കറെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.
1906 ല്‍ നാഗ്പൂരില്‍ ജനിച്ച ഗോള്‍വാള്‍ക്കര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജന്തുശാസ്ത്രം പഠിച്ച് 1933 വരെ അവിടെ അധ്യാപകനായി പ്രവര്‍ത്തിച്ചു. അക്കാലത്ത് തന്നെ ആര്‍.എസ്.എസ് അംഗത്വമെടുത്തുവെങ്കിലും രാമകൃഷ്ണമഠത്തിന്റെ സരഗച്ചി ആശ്രമത്തില്‍ സന്യാസിയായി നാല് വര്‍ഷം ജീവിച്ചു. 1937 ല്‍ വീണ്ടും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിത്തീര്‍ന്ന ഗുരുജിയെക്കാത്ത് സുവര്‍ണാവസരങ്ങള്‍ തളികയിലുണ്ടായിരുന്നു. സംഘടനയില്‍ താരതമ്യേന പുതുമുഖമായിരുന്നിട്ട് പോലും തന്റെ പിന്‍ഗാമിയായി ഹെഡ്‌ഗേവാര്‍ 1940 ല്‍ അദ്ദേഹത്തെ നിര്‍ദ്ദേശിച്ചു. ഗോള്‍വാള്‍ക്കര്‍ പദവിയേറ്റെടുക്കുന്ന ഘട്ടം അദ്ദേഹത്തെ സംബന്ധിച്ച് വളക്കൂറുള്ള മണ്ണായിരുന്നു. മുസ്‌ലിംലീഗിന്റെ പാക്കിസ്ഥാന്‍ പ്രമേയം ഒരുക്കിയ വര്‍ഗീയ പ്രചാരണത്തിന്റെ അന്തരീക്ഷത്തില്‍ ‘ഗുരുജി' ഒരു പാട് വിതച്ചു കൂട്ടി, അതിന്റെ ഫലങ്ങളാണ് ഒന്നൊന്നായി നാമിന്നും കൊയ്തുകൊണ്ടിരിക്കുന്നത്.
ഗോള്‍വാള്‍ക്കറുടെ ‘സംഭാവന' കള്‍
വി ഓര്‍ ഔര്‍ നേഷന്‍ ഹുഡ് ഡിഫൈന്‍ഡ്, ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ ഗോള്‍വാള്‍ക്കറുടെ ഗ്രന്ഥങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ട ആശയങ്ങള്‍ ‘ഗോള്‍വാള്‍ക്കറിസം' എന്നറിയപ്പെടുന്നു. മുന്‍പേ പറഞ്ഞതു പോലെ സവര്‍ക്കറെ മറികടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും ഈ ആശയഗതികളിലൂടെയാണ്. ഏകാധിപത്യം, ജാതീയത, ഹൈന്ദവവല്‍ക്കരണം, വംശീയ സദാചാരം, ന്യൂനപക്ഷ വിരുദ്ധത, ജനാധിപത്യ വിരുദ്ധ ആശയങ്ങള്‍ എന്നിവയുടെ മികവുറ്റ പാഠപുസ്തകങ്ങളാണ് മേല്‍ഗ്രന്ഥങ്ങള്‍.

ഇതിലെ ആദ്യപുസ്തകം ‘ഗുരുജി' എഴുതിയതല്ല എന്ന് ആര്‍.എസ്.എസിനുതന്നെ പറയേണ്ടിവന്നത് ആലോചിക്കുമ്പോഴാണ് അതിലെ വിശാംഷത്തിന്റെ തോത് നമ്മെ അമ്പരിപ്പിക്കുക (We or Our Nation hood defined A Critique എന്ന ഷംസുല്‍ ഇസ്‌ലാമിന്റെ പുസ്തകത്തില്‍ പുസ്തക കര്‍തൃത്വത്തെ സംബന്ധിച്ചുള്ള സൂക്ഷ്മ ചര്‍ച്ചകളുണ്ട്). ഇന്ന് ആര്‍. എസ്.എസിനെതിരെ മതേതരവാദികള്‍ ഉന്നയിക്കുന്ന സകലവിമര്‍ശനങ്ങളുടെയും കേന്ദ്രങ്ങള്‍ ഈ ഗ്രന്ഥങ്ങളാണ്. ഗോള്‍വാള്‍ക്കറുടെ ഈ ‘സംഭാവന' കള്‍ അദ്ദേഹത്തെ ഏതു നിലയിലാണ് സ്മരണീയമാക്കുന്നത് എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സവര്‍ക്കറുടെ രാഷ്ട്രത്തെ സംബന്ധിച്ച ആശയങ്ങള്‍ പരിഷ്‌കരിച്ച ഗോള്‍വാള്‍ക്കര്‍ ഹിന്ദുരാഷ്ട്രവും ഇന്ത്യന്‍ രാഷ്ട്രവും ഒന്നുതന്നെ എന്ന് സമര്‍ത്ഥിച്ചു. ശബ്ദോല്‍പ്പത്തി പോലും അദ്ദേഹം ഭൂമിശാസ്ത്രത്തെ മുന്‍നിര്‍ത്തി വ്യാഖ്യാനിച്ചു. ഹിമാലയത്തില്‍ നിന്ന് ‘ഹി' യും ഇന്ദുസരോവരത്തില്‍ നിന്ന് ‘ഇന്ദു'വും ചേര്‍ന്ന് ഹിന്ദു ഉണ്ടാകുന്നെന്നും മാതൃഭൂമിയുടെ മുഴുവന്‍ പ്രദേശവും ‘ഹിന്ദു' എന്ന ശബ്ദത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നും നിഷ്‌കര്‍ഷിച്ചു. സ്വാഭാവികമായി ഹിന്ദുക്കള്‍ സ്വാഭാവികമായ രാഷ്ട്രപൗരത്വത്തിന് അര്‍ഹതപ്പെട്ടവരാകുന്നു ഗോള്‍വാള്‍ക്കറിസത്തില്‍. അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദുമതവും സംസ്‌കാരവും അംഗീകരിക്കുക അല്ലെങ്കില്‍ രണ്ടാം തരം പൗരന്മാരായി ഔദാര്യം സ്വീകരിച്ചു ജീവിക്കുക. അടിസ്ഥാനപരമായി ഗോള്‍വാള്‍ക്കറിസം പറഞ്ഞു വെക്കുന്നതിതാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യ കണ്ട ഏറ്റവും കടുത്ത വംശീയവാദിയാവുന്നു ഗോള്‍വാള്‍ക്കര്‍.
മാതൃക ഹിറ്റ്‌ലറും നാസിയും
നാല്‍പ്പതുകള്‍, ദേശീയസ്വാതന്ത്ര്യ സമരത്തില്‍ നിലപാട് പ്രഖ്യാപിക്കാന്‍ ഗോള്‍വാള്‍ക്കറെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഹെഡ്ഗവറുടെ പാത പിന്തുടര്‍ന്ന അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ‘പിന്തിരിപ്പന്‍' എന്നാണ് വിശേഷിപ്പിച്ചതെന്നത് പ്രധാനമാണ്. പൊതുവിപത്തുകളായ ആഭ്യന്തരശത്രുക്കളാ (മുസ്‌ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് ) യിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കള്‍. ബ്രിട്ടീഷ് ഭരണത്തെ പുറംതള്ളുന്നത് ഇന്ത്യയില്‍ മുസ്‌ലിം വാഴ്ച പുനഃസ്ഥാപിക്കാനിടയാക്കും എന്ന കുപ്രചാരണമായിരുന്നു ഗോള്‍വാള്‍ക്കറുടെ തന്ത്രം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് അദ്ദേഹം അവസാന നിമിഷം വരെ വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. 1947 ആഗസ്ത് രണ്ടാം വാരത്തില്‍ പഞ്ചാബിലെ ഫഗ്വാരയില്‍ ആര്‍. എസ്.എസ് സംഘടിപ്പിച്ച ഒ.ടി.സി ക്യാമ്പില്‍ ഒരംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഗോള്‍വാള്‍ക്കര്‍ തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നത് നോക്കുക: ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയാണ്, ഇനി ആര്‍.എസ്.എസിന്റെ പങ്ക് എന്തായിരിക്കും?'. അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു മറുചോദ്യം ചോദിച്ചു: ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ? അധികാരം കൈയാളാന്‍ കച്ച കെട്ടിനില്‍ക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താന്‍ അവര്‍ക്കാവില്ല. അവര്‍ തന്നെ ബ്രിട്ടീഷുകാരോട് തിരിച്ചുവരാന്‍ കേണപേക്ഷിക്കും. അപ്പോള്‍ ആര്‍.എസ്.എസിന് അതിന്റെ പഴയ പണി തുടരേണ്ടി വരും ' (രാജേന്ദ്രശര്‍മ്മ: വര്‍ഗീയ വിദ്വേഷത്തിന്റെ സന്തതി). ഒരു മാസം പോലും തികച്ചു ഭരിക്കാന്‍ കഴിയാത്ത ഒന്നായി തദ്ദേശ ജനായത്ത ഭരണസമ്പ്രദായത്തെ ഗോള്‍വാള്‍ക്കര്‍ വിലയിരുത്തിയത് നിഷ്‌കളങ്കതയല്ല. മറിച്ച് അദ്ദേഹത്തെ സംബന്ധിച്ച് കരുത്തുറ്റ ഒരു ഭരണസമ്പ്രദായത്തിന്റെ മാതൃക ഹിറ്റ്‌ലറും നാസികളുമായിരുന്നു.

വി ഓര്‍ ഔര്‍ നാഷന്‍ ഹുഡ് ഡിഫൈന്‍സിലെ ഗോള്‍വാള്‍ക്കറുടെ വീക്ഷണം ഉദ്ധരിക്കട്ടെ: ‘തങ്ങളുടെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും തനിമ പരിരക്ഷിക്കാന്‍ സെമറ്റിക് വംശജരായ ജൂതന്മാരെ കൂട്ടക്കൊല ചെയ്ത് ജര്‍മനി ലോകത്തെത്തന്നെ നടുക്കുകയുണ്ടായി. വംശീയാഭിമാനബോധത്തിന്റെ ഉന്നതമായ ആവിഷ്‌കാരമാണ് നാം അവിടെ കണ്ടത്. അഗാധമായി ഭിന്നങ്ങളായ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരിക്കലും ഇഴുകിച്ചേരാനാവില്ലെന്നാണ് ജര്‍മ്മി നി കാട്ടിത്തന്നത്.ഇതാവട്ടെ ഹിന്ദുസ്ഥാന് പഠിച്ച് പ്രയോജനപ്പെടുത്താവുന്ന ഒരു പാഠവുമാണ് '
ഇതാണ് ഗോള്‍വാള്‍ക്കര്‍. സര്‍ സംഘചാലക് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മുപ്പത്തിയൊന്ന് വര്‍ഷക്കാലം ആര്‍.എസ്.എസിന് എക്കാലത്തേക്കും അഭിമാനാര്‍ഹമായ വളര്‍ച്ചയുടേതാണ്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഭയത്തിന്റെയും ജുഗുപ്‌സയുടെയും കാലവും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കച്ചമുറുക്കിയ ഒരു തനി വംശീയവാദിയുടെ പേര് കേരളത്തിലെ ശാസ്ത്രസ്ഥാപനത്തിന് എന്തിനു നല്‍കുന്നു എന്നതാണ് ചോദ്യം. സംശയരഹിതമായും സാധൂകരണത്തിനായി ഒരു വ്യവഹാരം സൃഷ്ടിക്കുകയാണ് അതിന്റെ താൽപര്യം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ പേരുച്ചരിച്ച് നാം പുറത്താക്കിക്കളഞ്ഞവയെ അകത്തുകയറ്റുക എന്ന പ്രത്യയശാസ്ത്ര താല്‍പര്യം. ആ പേര് വെറുമൊരുപേരല്ല, വംശീയതയുടെ പ്രവാചക നാമമാണ്.
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
ഷിനോജ് ചോറന്‍
Mar 20, 2021
3 Minutes Read
കെ. സഹദേവന്‍
Mar 19, 2021
3 Minutes Read
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch