മാരാരുടെ
‘പൊയറ്റിക് യൂണിവേഴ്‌സി'ലെ
ചില പ്രതിരോധ സാധ്യതകള്‍
മാരാരുടെ ‘പൊയറ്റിക് യൂണിവേഴ്‌സി'ലെ ചില പ്രതിരോധ സാധ്യതകള്‍
കുട്ടികൃഷ്ണമാരാര് മലയാളത്തെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 49 വര്‍ഷം. ‘മാരാരില്ലാത്ത മലയാളത്തിന്റെ അരനൂറ്റാണ്ടി’ന് ഇന്ന് ആരംഭം കുറിക്കുകയാണ്. പുരോഗമനസാഹിത്യം എന്ന ആശയത്തോട് നിത്യയുദ്ധത്തിലേര്‍പ്പെട്ട പണ്ഡിതനായിരിക്കുമ്പോഴും പുരോഗമന സാഹിത്യത്തിന്റെ ആശയങ്ങളോട് കുട്ടികൃഷ്ണ മാരാര് ഏതളവില്‍ ചേര്‍ന്നുനിന്നു എന്നും പു.സാ.പ്രസ്ഥാനത്തിലെ ദാര്‍ശനികപരിമിതികളെ എങ്ങനെ അഭിസംബോധന ചെയ്തു എന്നും വിശദീകരിക്കപ്പെടുന്നു.
6 Apr 2022, 05:20 PM
‘‘അതേ, സൗന്ദര്യബോധമെന്നത് യുക്തിയ്ക്കു പ്രവേശമേ ഇല്ലാത്ത അനിര്‍വചനീയമായ ഒരനുഗ്രഹവിശേഷമാണെന്ന വിചാരം വിവേകാധിഷ്ഠിതമല്ല; യുക്തിവാദം കൊണ്ട് നില്‍ക്കക്കള്ളിയില്ലെന്നു വരുമ്പോള്‍ പാഞ്ഞൊളിയ്ക്കുവാനുള്ള ക്ഷുദ്രമായ ഒരഭയസങ്കേതം മാത്രമാണത്’’
- കുട്ടികൃഷ്ണമാരാര്.
കുട്ടികൃഷ്ണമാരാര് എന്ന മഹാമനീഷി മലയാളത്തെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 49 വര്‍ഷം. പുരോഗമന സാഹിത്യപ്രസ്ഥാനത്തോട് നിതാന്ത വൈരത്തിലേര്‍പ്പെട്ട വിമര്‍ശകനായാണ് കുട്ടികൃഷ്ണമാരാര് മനസിലാക്കപ്പെടാറ്. ഔദ്യോഗിക വക്താക്കളെ സംബന്ധിച്ച് മാരാര്, പ്രസ്ഥാനത്തിന്റെ തകര്‍ച്ച ആഗ്രഹിച്ച പണ്ഡിത വിമര്‍ശകനാണ്. ആ നിലയില്‍ ആശയമണ്ഡലത്തിലെ വര്‍ഗസമരത്തില്‍ ‘പുരോഗമന വിരുദ്ധതയുടെ കക്ഷിപ്രാതിനിധ്യം' അദ്ദേഹത്തില്‍ ചാര്‍ത്തപ്പെടുന്നു. അല്പം ഭിന്നമാണെങ്കിലും നവ മാര്‍ക്‌സിസ്റ്റ് ചിന്തകരും ‘യാഥാസ്ഥിതികനാ'യാണ് മാരാരെ പരിഗണിച്ചിട്ടുള്ളത്. മാരാരുടെ ‘ലെഗസി' ഏറ്റെടുക്കുന്നു എന്നവകാശപ്പെട്ടവര്‍ക്കാകട്ടെ ‘സൗന്ദര്യമൂല്യത്തെ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച, പുത്തന്‍കൂറ്റുകാരുടെ പൈതൃക നിരാസത്തെ ഒറ്റയ്‌ക്കെതിര്‍ത്ത സനാതനവാദി'യാണദ്ദേഹം.
ഇവയെല്ലാം അതത് പ്രകരണത്തില്‍ സാധൂകരിക്കപ്പെടാവുന്ന നിലപാടുകളാണ്. മാരാരുടെ വിപുലമായ എഴുത്തുലോകത്തില്‍ നിന്ന് ഈ നിലപാടുകളെയെല്ലാം യുക്തിപരമായി വാദിച്ചുറപ്പിക്കാന്‍ തക്ക തെളിവുകള്‍ എത്രയും ലഭ്യമാണ് താനും. എങ്കിലും ലക്ഷ്യവാദപരമായ (teleological) ചരിത്രവായനകളില്‍ സംഭവിക്കാവുന്ന പിഴവ് മാരാരെ സംബന്ധിച്ച വായനകളുടെയും ശാപമാണ്. ചരിത്രത്തില്‍ ഇടപെട്ട ആശയങ്ങളെയോ ചിന്തകരെയോ പുരോഗമന/ യാഥാസ്ഥിതിക മണ്ഡലത്തില്‍ കേവലമായി പ്രതിഷ്ഠിക്കുമ്പോള്‍ അവയ്ക്കിടയിലെ വിള്ളലുകള്‍ മൂടിവെക്കപ്പെടുകയാണ് ചെയ്യുന്നത്. മാരാരെക്കുറിച്ചെഴുതപ്പെട്ട എണ്ണം പറഞ്ഞ പഠനങ്ങളിലൊന്നില്‍ (The Primacy of Criticism: Kuttikrishna Marar and the Normative Frames of Realism) പ്രൊഫ. ഉദയകുമാര്‍ ഈ ലളിതവത്കരണത്തിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ചു കഴിഞ്ഞതാണ്.
പുരോഗമനസാഹിത്യത്തോടുള്ള മാരാരുടെ വിപ്രതിപത്തി ഇനിയൊരു വിശദീകരണവുമാവശ്യമില്ലാത്തവണ്ണം പ്രകടവും പ്രത്യക്ഷവുമാണ്. പുരോഗമനസാഹിത്യത്തിന്റെ ഏറ്റവും വലിയ എതിരാളിയായി മാരാര് സ്വയം തന്നെ സ്ഥാനപ്പെടുത്തി. കന്നിക്കൊയ്ത്തിന് എഴുതിയ അവതാരികയിലെ, ‘ഈ അമ്മ (മാമ്പഴത്തിലെ അമ്മ) ഒരു തൊഴിലാളി സ്ത്രീയോ അതോ മുതലാളി സ്ത്രീയോ എന്ന് അന്വേഷിച്ചറിഞ്ഞിട്ടുവേണം ഈ കൃതിയില്‍ പുരോഗതിയുണ്ടോ - കേരളത്തിലെ നവോത്ഥാനമുണ്ടോ - എന്നു നിശ്ചയിപ്പാന്‍ എന്നു കരുതുന്ന ഒരു സാഹിത്യകക്ഷിയുണ്ട്. അവരോടു എന്തു സമാധാനം പറയാനാണ്?' എന്ന വിഖ്യാത ചോദ്യം ചെറിയ സാധ്യതയെങ്കിലും ലഭിച്ചാല്‍, പുരോഗമന സാഹിത്യത്തെ എതിര്‍ക്കുക എന്ന മാരാരുടെ നിര്‍ബന്ധബുദ്ധിക്ക് ഉദാഹരണമാണ്. മാരാര് തന്നെ സാക്ഷ്യപ്പെടുത്തുന്നു; ‘അതിനെ (പു.സാ.പ്രസ്ഥാനത്തെ) കണ്ടെടത്തുവെച്ചെല്ലാം എതിർക്കുന്നത് ഒരു സാഹിത്യപ്രണയിയുടെ ചുമതലയാണെന്നു ഞാന്‍ വിചാരിച്ചു. അവരുടെ ഗതിവിശേഷങ്ങളെ ഉറ്റുനോക്കുകയും പരീക്ഷിക്കുകയും ചെയ്യുക എന്നത് എന്റെ ഒരു പതിവായിത്തീര്‍ന്നു.'

ഈ നിര്‍ബന്ധ ബുദ്ധിയാല്‍ തന്നെ, ഏതെങ്കിലും നിലയില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കാത്ത തരം ശത്രുത ഇരു കൂട്ടര്‍ക്കുമിടയില്‍ വളര്‍ന്നു. ഇ.എം.എസ്.അടക്കമുള്ള ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ മാത്രമല്ല; താരതമ്യേന തര്‍ക്കത്തിന്റെ രീതി സ്വീകരിക്കാത്ത സച്ചിദാനന്ദന്‍ വരെ മാരാരെ അതിരൂക്ഷമായി നേരിടുന്നുണ്ട്. സാഹിത്യത്തെ ഒരു നവലോക നിര്‍മിതിയുടെ ചാലകമായി മനസിലാക്കുന്ന; സൗന്ദര്യാത്മകമായി ആധുനികീകരിക്കപ്പെടല്‍ ഒരു സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ മുന്നുപാധിയാണെന്നു കരുതിപ്പോരുന്ന പ്രതിരോധസാഹിത്യത്തെ സംബന്ധിച്ച് തള്ളിക്കളയേണ്ടുന്ന ഒരു സാന്നിധ്യമാണോ കുട്ടികൃഷ്ണമാരാര്?. യാഥാസ്ഥിതിക പണ്ഡിതന്‍, പരമ്പരാഗത ബുദ്ധിജീവി തുടങ്ങിയ ഒട്ടുപേരുകള്‍ക്കപ്പുറത്ത് മാരാരില്‍ നിന്ന് സ്വീകരിക്കാന്‍ എന്തുണ്ട് എന്നാലോചിക്കുകയാണ് ഈ ലേഖനം. നിശ്ചയമായും മുകളില്‍ സൂചിപ്പിച്ച പ്രൊഫ. ഉദയകുമാറിന്റെ പഠനമാണ് ഈ ആലോചനയുടെ വെളിച്ചം.
മാരാര് എന്ന പ്രതിചിന്തകന്‍
‘സാഹിത്യലോകത്തിലെ ഒരു സുദിനം' എന്ന ലേഖനത്തില്‍ എം.പി. ശങ്കുണ്ണിനായര്‍, നാല്പതുകളിലെ മലയാള വിമര്‍ശനമണ്ഡലത്തെ ഒരു ഫുട്ബാള്‍ ഗ്രൗണ്ടിനോട് ഉപമിക്കുന്നുണ്ട്. പാശ്ചാത്യ തത്വചിന്തയുടെ വെളിച്ചത്തില്‍ ജോസഫ് മുണ്ടശ്ശേരി കളിച്ചുകയറുന്നതിനിടെയാണ് പൗരസ്ത്യ പാണ്ഡിത്യവുമായി മറുഭാഗത്ത് മാരാര് ഗോളിയായി നിലയുറപ്പിച്ചതെന്നും പിന്നീട് പ്രതിദ്വന്ദിയുടെ ഓരോതട്ടും ഗോളിയുടെ എതിര്‍ത്തട്ടിനാല്‍ തെറിച്ചുവെന്നും അദ്ദേഹം സരസമായെഴുതുന്നു. ബ്രിട്ടീഷ് മേധാവിത്വത്തോടുള്ള ഗാന്ധിയുടെ സമരത്തെ ഓര്‍മിപ്പിക്കുന്ന ഒന്നായും മാരാരുടെ ഇടപെടലിനെ ശങ്കുണ്ണിനായര്‍ വിശേഷിപ്പിക്കുന്നുണ്ട്. മാരാരുടെ സാഹിത്യ വിമര്‍ശകദൗത്യത്തെ സാമാന്യമായി മനസിലാക്കാനുതകുന്ന രൂപകമാണിത്. പാശ്ചാത്യ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സാഹിത്യം വിശദീകരിക്കപ്പെടുന്നിടത്ത് പൗരസ്ത്യ പാണ്ഡിത്യത്തിന്റെ ‘ബദല്‍ധാര'യെ മുന്‍നിര്‍ത്തി സ്വകീയമായ വഴി രൂപപ്പെടുത്തുകയായിരുന്നു മാരാര്.
ഈ ബദല്‍ധാരയുടെ സ്വഭാവമെന്താണെന്ന് സുകുമാര്‍ അഴീക്കോട് പരിശോധിക്കുന്നുണ്ട്. അനുഭവത്തെയും യുക്തിബോധത്തെയും മറ്റെല്ലാറ്റിനും മേലെ വെച്ചു പൂജിക്കുന്ന പ്രവണതയെയാണ് മാരാര് ഏറ്റെടുത്തത് എന്നാണ് അഴീക്കോടിന്റെ നിരീക്ഷണം. അദ്ദേഹത്തെ സംബന്ധിച്ച് സംസ്‌കൃതത്തിന്റെ ശുദ്ധചൈതന്യമാണത്. ഈ ശുദ്ധചൈതന്യം പിന്നാലെ വന്ന ‘ചിന്തയുടെ ധൈഷണികമായ വ്യവസ്ഥാപനം', ‘വ്യവസ്ഥയുടെ അനുവര്‍ത്തനം' എന്നിവയാല്‍ അട്ടിമറിക്കപ്പെട്ടു എന്നാണ് അഴീക്കോടിന്റെ വാദം.
‘സുവര്‍ണ ഭൂതകാലം' എന്ന പൗരസ്ത്യനോട്ടത്താല്‍ നിയന്ത്രിതമാണെങ്കിലും സംസ്‌കൃതദാര്‍ശനികത എന്നാല്‍ ഏകമുഖമായ പ്രസ്ഥാനമല്ല എന്ന നിര്‍ണായകമായ ഒരാശയം അതിനുള്ളിലുണ്ട്. പരസ്പരമിടയുന്ന വീക്ഷണങ്ങള്‍ നിലകൊണ്ട ഒരു വ്യവഹാരമണ്ഡലമായി സംസ്‌കൃതദാര്‍ശനിക ചിന്തയെ മനസിലാക്കേണ്ടതുണ്ട്. മഹായുദ്ധസന്ദര്‍ഭത്തില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കെ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മില്‍ നടന്ന സംവാദത്തെ ഉദാഹരിച്ച് വാഗ്വിസ്താരം (prolixity) ഇന്ത്യന്‍ പാരമ്പര്യത്തില്‍ അന്യമായ ഒന്നല്ല എന്ന് അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തമ്മിലിടയുന്ന ഇരു പാരമ്പര്യങ്ങള്‍ ഗീതയില്‍ ലീനമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഇന്ത്യയുടെ സംവാദപാരമ്പര്യത്തിന് ദീര്‍ഘമായ പാരമ്പര്യമുണ്ടെന്നന്നാണ് അമര്‍ത്യസെന്‍ പറയുന്നത്. ബൃഹദാരണ്യോപനിഷത്തില്‍ യാജ്ഞവല്‍ക്യനോടു തര്‍ക്കിക്കുന്നത് ഗാര്‍ഗിയെന്ന പണ്ഡിതയാണ്. യാജ്ഞവല്‍ക്യന്റെ പത്‌നി മൈത്രേയിയും അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെടുന്നു. ഭാരവിയുടെ കിരാതാര്‍ജ്ജുനീയത്തില്‍, യുദ്ധത്തില്‍ താത്പര്യമില്ലാത്ത യുധിഷ്ഠിരനെ ദ്രൗപദി പരിഹസിക്കുന്നതും കാണാം. ജാതി, ലിംഗ, വര്‍ഗ, സാമുദായികാസമത്വങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ശ്രേണീബദ്ധതയുടെ അപവാദമെന്ന നിലയില്‍ സംവാദാത്മക ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടായിരുന്നു. നിര്‍ദ്ദിഷ്ട ചരിത്രസന്ദര്‍ഭങ്ങളില്‍ കോയ്മ നേടുന്ന ചിന്താപദ്ധതികള്‍ക്കെതിരായി ഇന്ത്യയുടെ ദീര്‍ഘപാരമ്പര്യത്തില്‍ എക്കാലത്തും നിലകൊണ്ട ‘പ്രതിചിന്ത'യുടെ ആധുനികനായ പ്രതിനിധിയായി കുട്ടികൃഷ്ണമാരാരെ കണക്കാക്കാം.

മാരാരുടെ ആദ്യ വിമര്‍ശന ലേഖനത്തെക്കുറിച്ച് സാഹിത്യചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും ആദ്യ പുസ്തകമായ സാഹിത്യഭൂഷണത്തിന്റെ പ്രസിദ്ധീകരണവര്‍ഷത്തെ സംബന്ധിച്ച് വ്യക്തതയുണ്ട്. ഏ.ആറിന്റെ ഭാഷാഭൂഷണത്തിനുള്ള പ്രത്യാഖ്യാനമായാണ് അത് വായിക്കപ്പെട്ടത്. മാരാര് തന്നെ പിന്നീടത് നിരസിച്ചിട്ടുണ്ടെങ്കിലും ആ ധാരണ പ്രബലമായിരുന്നെന്ന് ഉള്ളൂര്‍ സാഹിത്യഭൂഷണത്തിനെഴുതിയ അവതാരികയില്‍ നിന്നു വായിച്ചെടുക്കാന്‍ പറ്റും: ‘‘വാസ്തവത്തില്‍ എന്റെ സ്‌നേഹിതന്‍ ഭാഷാഭൂഷണത്തിന്റെ ഖണ്ഡനമെന്ന നിലയിലല്ല സാഹിത്യഭൂഷണം നിര്‍മിച്ചിരിക്കുന്നതെന്നത്രേ എന്റെ വിശ്വാസം. ഭാഷാഭൂഷണത്തെ മുന്‍നിര്‍ത്തിക്കൊണ്ടും സാഹിത്യശാസ്ത്രം സംബന്ധിച്ചു തനിക്കു സ്വതന്ത്രമായി ഉപന്യസിക്കേണ്ടിയിരുന്ന ഏതാനും ചില അഭിപ്രായങ്ങള്‍ അദ്ദേഹം സാഹിത്യഭൂഷണദ്വാരാ ആവിഷ്‌കരിച്ചു എന്നേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ’’ എന്ന് ഉള്ളൂരവിടെ കുറിക്കുന്നു.
അച്ചടിക്കപ്പെട്ടിട്ടും വലിയ കാലത്തോളം സാഹിത്യഭൂഷണം പുറത്തിറങ്ങാതെ പോയതില്‍, സാമ്പത്തികവിഷമതകള്‍ക്കു മാത്രമല്ല ഏ.ആര്‍. ഭക്തരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പങ്കുണ്ടായിരുന്നെന്ന് ചില വിമര്‍ശകരെങ്കിലും വിശ്വസിക്കുന്നുണ്ടു താനും. ഏ.ആറിനെ എതിര്‍ക്കുക എന്നതിനപ്പുറം മറ്റെന്തു താത്പര്യമാവാം മാരാരെ സാഹിത്യഭൂഷണരചനയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടാവുക. തീര്‍ച്ചയായും മാരാരില്‍ യുക്തിവാദി (rationalist) യായ ഒരു താര്‍ക്കികന്‍ എക്കാലത്തുമുണ്ടായിരുന്നു. വിഗ്രഹഭഞ്ജകത്വം ധര്‍മമായി സ്വീകരിച്ച ആ താര്‍ക്കികന്റെ ലീല മാത്രമാണോ സാഹിത്യഭൂഷണം?
ആനന്ദവര്‍ധനന്റെ കാവ്യശാസ്ത്രത്തെ മഹിമഭട്ടനെ മുന്‍നിര്‍ത്തി എതിരിടുവാനുള്ള ശ്രമമാണ് സാഹിത്യഭൂഷണം,. വ്യക്തിവിവേകത്തിലേക്കും മഹിമഭട്ടനിലേക്കുമുള്ള മാരാരുടെ ‘യു ടേണില്‍' തന്റെ കാലത്തെ വലയം ചെയ്ത ജനാധിപത്യ ബോധത്തിന്റെ അബോധ പ്രേരണകള്‍ രൂഢമാണ്. ഇരുപതാം നൂറ്റാണ്ട് തുടക്കത്തിലെ മലയാള സാഹിത്യോത്പാദനരീതിയുടെ പൊതുസവിശേഷത, അതിന്റെ ഭാവകകേന്ദ്രിതത്വമായിരുന്നു. രാജശേഖരന്റെ സഹൃദയവിഭജനത്തെ പിന്‍പറ്റി ‘അനുശീലനം നേടിയവരും സംസ്‌കൃതീകരിക്കപ്പെട്ടവരു'മായ ഒരു ന്യൂനപക്ഷത്തിന്റെ ഇടപെടല്‍ മേഖലയായി ‘ഉത്തമസാഹിത്യം' മനസ്സിലാക്കപ്പെട്ടുപോന്നു. കൊളോണിയല്‍ ആധുനികതയുടെ ബലതന്ത്രങ്ങള്‍ക്കുള്ളില്‍ നോവലെഴുത്തിലേര്‍പ്പെട്ട ചന്തുമേനോന്‍ പോലും മയൂരസന്ദേശത്തെയാണ് ഉത്തമസാഹിത്യമായി സ്ഥാനപ്പെടുത്തിയത്. ഇന്ദുലേഖയെ പെണ്ണുങ്ങള്‍ക്ക് വായിക്കാനുള്ള കൃതിയായാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്.
മലയാളത്തിലെ ആദ്യ ആധുനികവിമര്‍ശകനായ സി.പി.അച്യുതമേനോന്‍ ‘ഒരു വാക്യത്തിന് എന്തു ഗുണമുണ്ടായാലും രസശൂന്യമായാല്‍ അതിന് കാവ്യത്വമില്ലെന്നു തന്നെ പറയണ'മെന്നും ‘മറ്റെന്തു ഗുണം കുറവായാലും രസം സമൃദ്ധമായുണ്ടെങ്കില്‍ അതിനെ ഉത്തമകാവ്യമെന്നു പറയാവുന്നതാണെ'ന്നും എഴുതുന്നുണ്ട്. രസപുഷ്ടി എല്ലായ്‌പ്പോഴും ഉന്നതനായ സഹൃദയന്റെ ആസ്വാദന ശേഷിയെയാണ് ആശ്രയിച്ചിരിക്കുന്നത്. കാവ്യവ്യുത്പന്നരും പണ്ഡിതരുമായ ‘വിവേകി'കളാണ് ഉന്നതസഹൃദയര്‍. അവരുടെ ആസ്വാദന മാനദണ്ഡത്തെത്തന്നെയാണ് സൗന്ദര്യാത്മകതയുടെ മാനദണ്ഡമായി ഇരുപതാം നൂറ്റാണ്ട് തുടക്കത്തിലും കരുതിപ്പോന്നിരുന്നത്.
‘ഭാവകകേന്ദ്രിതത്വം' സങ്കീര്‍ണമാനങ്ങളുള്ള സങ്കല്പമാണ്. വ്യക്തിയുടെ സാംസ്‌കാരികോന്നതിയെയും വ്യുല്‍പ്പത്തിയെയും സൗന്ദര്യാത്മകതയുടെ മാനദണ്ഡമാക്കുന്ന അടഞ്ഞവൃത്തമാണത്. കവി, കാവ്യം, സഹൃദയന്‍ എന്നീ മൂന്ന് ബിന്ദുക്കളെ പരസ്പരം കൂട്ടിയിണക്കുന്ന വിവൃതഘടനയാണ് ഭാവകകേന്ദ്രിത സൗന്ദര്യശാസ്ത്രത്തിനുള്ളത്. ജനഭൂരിപക്ഷത്തെ കതകടച്ചു പുറത്തുനിര്‍ത്തി ആനന്ദനൃത്തത്തിലേര്‍പ്പെടാന്‍ ഒരു ചെറുന്യൂനപക്ഷത്തെ എക്കാലത്തും സഹായിച്ചത് ഭാവകകേന്ദ്രിതത്വമാണ്. കവി വാക്കില്‍ ബോധപൂര്‍വം വിന്യസിച്ചിരിക്കുന്ന അര്‍ഥസാധ്യതകളെ (അഥവാ ധ്വനിയെ) സ്വന്തം കാവ്യാനുശീലനം കൊണ്ട് അഴിച്ചെടുക്കുന്നയാളാണ് ഭാവകന്‍. കവിയും ഭാവകനും തമ്മിലുള്ള രഹസ്യകരാറാണ് അവിടെ കാവ്യം. കുലീന വിഭാഗങ്ങള്‍ സ്വന്തം മാനസികവ്യവഹാരങ്ങളെ ഏറ്റവും ശ്രേഷ്ഠമായ അനുഭൂതിയായി ഛായാവത്കരിച്ച ബലിഷ്ഠമാര്‍ന്ന ഈ തറയ്ക്കു മുകളിലാണ് ഇന്ത്യന്‍ വ്യാഖ്യാനശാസ്ത്രം പടുത്തുയര്‍ത്തപ്പെട്ടത്. ധ്വനിസിദ്ധാന്തമാണ് അതിന്റെ കാതല്‍.

എന്തുകൊണ്ടായിരിക്കാം മഹിമഭട്ടനിലേക്ക് മാരാര് തിരിഞ്ഞത് എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. ഉള്ളൂര്‍ സൂചിപ്പിച്ചതുപോലെ ‘സാഹിത്യശാസ്ത്രം സംബന്ധിച്ച സ്വതന്ത്ര ഉപന്യാസ'മോ ലീലാവതി പറയുന്നതുപോലെ ‘ആനന്ദവര്‍ധനവിഗ്രഹത്തെ ഭഞ്ജിച്ച് മഹിമഭട്ടവിഗ്രഹത്തെ ആരാധിക്കാനുള്ള ശ്രമ'മോ അഴീക്കോടിന്റെ നിരീക്ഷണം പോലെ ‘ധ്വനിവാദത്തിന്റെയും അനുമാനത്തിന്റെയും അസമഗ്രതകള്‍ മനസിലാക്കി രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമ'മോ മാത്രമല്ല സാഹിത്യഭൂഷണം എന്ന കൃതി. ഇവയെല്ലാം സാഹിത്യഭൂഷണത്തിന്റെ പ്രത്യക്ഷതലത്തില്‍ നാം കാണുമ്പോഴും ആ കൃതിയുടെ രാഷ്ട്രീയ അബോധം (political unconsciousness) ഭാവകകേന്ദ്രിതത്വത്തെ ആക്രമിക്കുക എന്നതാണ്.
കൗതുകമെന്നു പറയട്ടെ; പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ താത്പര്യവും മറ്റൊന്നായിരുന്നില്ല. സംസ്‌കൃതകാവ്യശാസ്ത്രത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന സാഹിത്യഭൂഷണത്തിന്റെ പീഠികയില്‍, അല്പം ആലങ്കാരികമായിട്ടാണെങ്കിലും വ്യക്തിവിവേകത്തെ ‘ആരുടെയും ആദരത്തിനും ലാളനത്തിനും വിഷയമാകാതെ ഏതോ ഒരു കൂരിരുള്‍ക്കല്ലറയില്‍ ചെന്നടിഞ്ഞ' ഗ്രന്ഥമായി വിശേഷിപ്പിക്കുന്നുണ്ട്. വ്യക്തിവിവേകകാരനില്‍ നിന്നു സാഹിത്യഭൂഷണം കണ്ടെടുക്കുന്ന ഗുണമാകട്ടെ ‘സ്വതന്ത്ര്യമായും യുക്തിയുക്തമായും സവിസ്താരമായുള്ള വിമര്‍ശം' ആണു താനും. വ്യക്തിവിവേകകാരനില്‍ മാരാര് ദര്‍ശിച്ച ഈ ഗുണങ്ങള്‍ - സ്വതന്ത്ര്യവീക്ഷണം, യുക്തി, വിമര്‍ശം - വ്യക്തി വിവേകകാരന്റെത് എന്നതിനെക്കാള്‍ മാരാരെ നിര്‍മിച്ച താത്പര്യങ്ങളാണ്. മേഘസന്ദേശം വായിക്കുമ്പോഴോ മഹാഭാരതത്തിന് വ്യാഖ്യാനമെഴുതുമ്പോഴോ വാത്മീകിയുടെ രാമനെക്കുറിച്ച് ആലോചിക്കുമ്പോഴോ മാരാരില്‍ ഈ ഗുണങ്ങള്‍ മുന്തിച്ചു നില്ക്കുന്നതായി കാണാം. ആധുനികതയുടെ മാനുഷികമൂല്യങ്ങള്‍, ധാര്‍മിക ബോധം എന്നിവയെ മുന്‍നിര്‍ത്തി പാരമ്പര്യപാഠങ്ങളെ പുനര്‍വായിക്കുകയാണ് മാരാരുടെ വിഖ്യാതമായ ഇതിഹാസ- പ്രാചീനകാവ്യപഠനങ്ങള്‍ ചെയ്യുന്നത്. സ്വതന്ത്ര്യവിചാരപ്രസ്ഥാനം എന്ന ഒരു വഴി സംസ്‌കൃതകാവ്യശാസ്ത്രത്തില്‍ ഉണ്ടായിരുന്നുവെന്നും ആ വഴിയെ വീണ്ടെടുക്കുന്നതിലൂടെ ലിബറല്‍ യുക്തിചിന്തയുടെ കേവലപാരമ്പര്യനിഷേധത്തെ എതിരിടാന്‍ കഴിയും എന്നും മാരാര്‍ വിശ്വസിച്ചിരുന്നു എന്നു കരുതാം.
കവി, അര്‍ഥത്തെ മുന്‍കൂറായിത്തന്നെ വാക്കില്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ധ്വനിവാദികളെ സംബന്ധിച്ച് ‘വായന'യ്ക്ക് സവിശേഷതകളൊന്നുമില്ല, വ്യാഖ്യാനത്തിനല്ലാതെ. അഭിഹിതമായതിനെ അന്വയിക്കുക മാത്രമേ വേണ്ടൂ (അഭിഹിതാന്വയവാദം). ശബ്ദവ്യാപാരങ്ങളായ അഭിധ, ലക്ഷണ എന്നിവ കടന്ന് വ്യഞ്ജനയിലെത്താന്‍ ഭാവകനെ സഹായിക്കുന്ന രീതിശാസ്ത്രമാണ് അഭിഹിതാന്വയം. വ്യംഗാര്‍ഥം ധരിക്കുന്നതോടെയാണ് കാവ്യാസ്വാദനം പൂര്‍ണതയിലെത്തുന്നത്. ആനന്ദവര്‍ധനന്റെ ബലിഷ്ഠമായ ഈ തത്വസംഹിതയെ എതിരിട്ട ദാര്‍ശനികനാണ് മഹിമഭട്ടന്‍. അദ്ദേഹത്തെ സംബന്ധിച്ച് വ്യഞ്ജന എന്നത് കേവലം മിത്ത് മാത്രമാണ്. ധ്വനി എന്ന് ആനന്ദവര്‍ധനന്‍ വിശേഷിപ്പിച്ചത് സഹൃദയന്റെ അനുമാനത്തെയാണെന്ന് മഹിമഭട്ടന്‍ പറയുന്നു. വാക്കും അര്‍ഥവും തമ്മിലുണ്ട് എന്നുകരുതപ്പെട്ട സംപ്കൃതതയെയാണ് മഹിമഭട്ടന്‍ ചോദ്യം ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ച് അഭിധയില്‍ത്തന്നെയാണ് ലക്ഷണയും വ്യഞ്ജനയും. അര്‍ഥാന്തരങ്ങള്‍ എന്നത് സഹൃദയന്റെ അനുമിതിയിലൂടെ രൂപപ്പെടുന്നതാണ്.
സംസ്‌കൃതകാവ്യമീമാംസയില്‍ ആദ്യമായി (ഒരു പക്ഷേ അവസാനമായും) വായനയ്ക്ക് പ്രാധാന്യം നല്‍കപ്പെട്ടത് മഹിമഭട്ടനിലാണ്. അഭിഹിതമായതിനെ അന്വയിക്കുന്ന വ്യുല്‍പ്പന്നന്നല്ല മഹിമഭട്ടന്റെ സഹൃദയന്‍. മറിച്ച് അനുമാനത്തിലൂടെ അര്‍ഥാന്തരങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ നിര്‍വാഹകത്വമുള്ള (agency)യാളാണ്. ധ്വനിവാദത്തെ എതിര്‍ക്കാന്‍ ശ്രമിച്ച മഹിമഭട്ടന്‍ മാരാര്‍ക്ക് ആചാര്യസ്ഥാനീയനായതിന്റെ താത്പര്യവും മറ്റൊന്നല്ല. സാഹിത്യഭൂഷണത്തില്‍ നാം വായിക്കുന്നു; പദത്തിന്ന് അര്‍ഥത്തോടോ അര്‍ഥത്തിന് പദത്തോടോ ഉണ്ടെന്നു പറയുന്ന ആ സംബന്ധം സ്വതസിദ്ധമല്ല, കൃത്രിമമാണ്. മനുഷ്യനിര്‍മിതമായ ഈ സങ്കേതത്തെ അന്യഥാകരിക്കുകയും ചെയ്യാം; അങ്ങനെ ചെയ്തവരുന്നുണ്ടെന്നുള്ളതിലേയ്ക്കു തെളിവുമുണ്ട്. ഏതു ഭാഷയുടെയും ചരിത്രം പരിശോധിച്ചാല്‍, ആദ്യദശയില്‍ ഒരര്‍ഥത്തില്‍ പ്രയോഗിച്ചിരുന്ന പദം കാലാന്തരത്തില്‍ മറ്റൊരര്‍ഥത്തില്‍ ഉപയോഗിച്ചുതുടങ്ങിയതായി കാണാമെന്ന് ചരിത്രം സിദ്ധാന്തിക്കുന്നു. സംസ്‌കൃതത്തിലെ ശിക്ഷ (=പഠിപ്പ്) തുടങ്ങിയ പല പദങ്ങളും മലയാളത്തില്‍ മറ്റുചില അര്‍ഥങ്ങളിലാണല്ലോ ഇന്നും പ്രയോഗിച്ചുവരുന്നത്. ആകയാല്‍, പദാര്‍ഥങ്ങള്‍ക്കു തമ്മിലുള്ള സംബന്ധം, ആനയ്ക്കും പാപ്പാനും ഉള്ളതുപോലെ, വേണമെങ്കില്‍ ഉണ്ടെന്നുപറയാവുന്നതും വേണ്ടെന്നുവെച്ചാല്‍ ഇല്ലാതാവുന്നതുമായ ഒന്നാണെന്ന് സിദ്ധിക്കുന്നു.
(മാരാര് ഇതെഴുതുന്ന കാലത്തുനിന്ന് മൂന്ന് പതിറ്റാണ്ട് സഞ്ചരിക്കേണ്ടിയിരുന്നു Course in General Linguistic ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്താന്‍).
വാക്കും അര്‍ത്ഥവും തമ്മില്‍ പാര്‍വതീപരമേശ്വരന്മാരെപ്പോലെ മേളിച്ചിരിക്കുന്നുവെന്നും ആ ബന്ധം ഒരിക്കലും വേര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള (വാഗാര്‍ത്ഥവിവസംവൃക്തൌ/ വാഗാര്‍ത്ഥ പ്രതിപത്തയേ/ ജഗതഃവിതരൌവന്ദേ/ പാര്‍വ്വതീപരമേശ്വരൌ) സംസ്‌കൃത കാവ്യമീമാംസയുടെ അടിസ്ഥാനശിലയെയാണ് മാരാര് മഹിമഭട്ടനെ മുന്‍നിര്‍ത്തി തകര്‍ക്കാനൊരുമ്പെടുന്നത്. അര്‍ഥം വ്യാവഹാരികമാണെന്നും മുന്‍കൂട്ടി വിന്യസിക്കപ്പെട്ടതല്ല അതെന്നും വ്യവഹാരമണ്ഡലം മാറുന്നതനുസരിച്ച് അര്‍ഥം മാറാമെന്നും മാരാര് പറഞ്ഞുവെക്കുന്നു. ഭാവകന്‍ എന്ന വ്യുല്‍പ്പന്നന്‍ മാത്രമല്ല കവി എന്ന അപരിമേയശക്തി കൂടിയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. ആദ്യമായി വായനയ്ക്ക് മലയാള സാഹിത്യമണ്ഡലത്തില്‍ പ്രഥമസ്ഥാനം ലഭിക്കുന്നത് മാരാരിലൂടെയാണ്. വ്യാഖ്യാനമല്ല മാരാര്‍ക്ക് വായന; പുതിയ അര്‍ഥോത്പാദനങ്ങളാണ്. വ്യവഹാരത്തിനുള്ളിലെ അനുമിതികള്‍ക്കപ്പുറം കാവ്യത്തില്‍ എന്നേക്കുമായി അര്‍ഥം വിന്യസിക്കപ്പെട്ടിട്ടില്ല എന്ന മാരാരിയന്‍ വായനാരീതിയാണ് നാം ഭാരതപര്യടനത്തില്‍ കണ്ടുമുട്ടുന്നത്. കാളിദാസന്റെ മേഘദൂതത്തെ മാരാര് വായിക്കുമ്പോഴും സംഭവിക്കുന്നത് മറ്റൊന്നല്ല എന്നു ചുരുക്കം.
മുകളില്‍ ചൂണ്ടിക്കാട്ടിയതുപോലെ പുരോഗമനസാഹിത്യപ്രസ്ഥാനവും വിശാലാര്‍ഥത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് മറ്റൊന്നല്ല. നിലവിലുള്ള സാഹിത്യോത്പാദനരീതിയോടും സൗന്ദര്യാത്മക പ്രത്യയശാസ്ത്രത്തോടുമുയര്‍ന്ന ആ കടുത്ത വിമര്‍ശനത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ കവിയെ അപഗൂഢവത്കരിക്കുകയും ഭാവുകനെ നിഷ്‌കാസനം ചെയ്ത് ‘പൊതുജന'ത്തെ കേന്ദ്രത്തിലേക്ക് ആനയിക്കലുമായിരുന്നു. അതിഭൗതികമോ അഭൗതികമോ ആയ ആന്തരികപ്രചോദത്താല്‍ ഉണര്‍ത്തപ്പെട്ട് ശുദ്ധസൗന്ദര്യത്തെ ആവിഷ്‌കരിക്കുകയാണ് കല ചെയ്യുന്നതെന്നും സ്ഥല-കാലങ്ങള്‍ക്കതീതമായി സൗന്ദര്യം എന്ന കേവലത നിലകൊള്ളുന്നുണ്ടെന്നുമുള്ള ധാരണയെയാണ് ഇ.എം.എസും കേസരിയും പി.ശങ്കരന്‍ നമ്പ്യാരും ഭിന്നപ്രകരണങ്ങളില്‍ ചോദ്യം ചെയ്തത്. എഴുത്തുകാരുടെ ദന്തഗോപുരത്തോടുള്ള ആ സന്ധിയില്ല യുദ്ധത്തില്‍ മറുപക്ഷത്തുനിന്ന് മാരാരും കക്ഷിചേര്‍ന്നു. പ്രത്യക്ഷത്തില്‍ അവര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുമ്പോഴും വേരുകളില്‍ പരസ്പരം അഗാധമായി ആശ്ലേഷിക്കപ്പെട്ടു. സൗന്ദര്യത്തെ ജനാധിപത്യവത്കരിക്കുക എന്ന അക്കാലത്തിന്റെ താത്പര്യം മാരാരെയും നിര്‍ണയിച്ചിരിക്കാം എന്നു ചുരുക്കം.
പുരോഗമന സാഹിത്യപ്രസ്ഥാനവും മാരാരും
ജീവത്സാഹിത്യസംഘത്തിന്റെ പ്രാരംഭകാലത്ത് മാരാര് മുഖ്യധാരയില്‍ സ്ഥാനപ്പെട്ട ഒരു സാഹിത്യവിമര്‍ശകനായി മാറിയിരുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അന്ന്, സഞ്ജയനോളം പ്രാമാണികനായിരുന്നില്ല അദ്ദേഹം. ജീവത്സാഹിത്യസംഘത്തോടും പിന്നീട് പു.സാ. പ്രസ്ഥാനത്തോടും നടത്തിയ വിമര്‍ശനങ്ങള്‍, അവയ്ക്കുണ്ടായ പ്രത്യാഖ്യാനങ്ങള്‍ എന്നിവ കൂടി മാരാരുടെ പില്‍ക്കാല വലുപ്പത്തില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളാണ്. മാരാര് തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്, കല ജീവിതം തന്നെ എന്ന പ്രബന്ധസമാഹാരത്തിലെ ‘എന്റെ അടിവേരുകളി' ല്‍ മാരാര് എഴുതുന്നു;
‘‘ഈയിടെ, ഞാന്‍ പേരു കേട്ടിട്ടില്ലാത്ത, ശ്രദ്ധിച്ചിട്ടിട്ടില്ലാത്ത, ഒരാളുടെ ഒരു ലേഖനം കണ്ടു. അതിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു; ‘ഒരു ചീത്തകൃതി എഴുതുന്നത് തന്നോടു ചെയ്യുന്ന ഒരപരാധമായി ഗണിക്കുകയും അതില്‍ അസ്വസ്ഥതപ്പെടുകയും ചെയ്യുന്ന ഉറച്ച മൂല്യബോധം പ്രദര്‍ശിപ്പിക്കാത്ത യാതൊരാളും നിരൂപകന്‍ എന്ന പേര് അര്‍ഹിക്കുന്നില്ലെന്ന് ഞാന്‍ ആണയിടുന്നു'. ഈ വാക്യം എനിക്കു തുലോം രുചിച്ചു. അത് എന്നെപ്പറ്റി നല്ലതുപറയുന്ന ഒരു ലേഖനവുമായിരുന്നു. തന്മൂലം ആ അസ്വാസ്ഥ്യം കൊള്ളല്‍ എനിയ്ക്കുണ്ടാകാറുണ്ടോ എന്നു ഞാന്‍ ഒരാത്മാവലോകനം നടത്തി നോക്കി. ഫലം നൈരാശ്യജനകമായിരുന്നില്ല. പുരോഗമന സാഹിത്യപ്രസ്ഥാനവുമായുണ്ടായ ദീര്‍ഘസമരത്തിലാണ് ഇതെനിക്ക് വ്യക്തമായി അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയണം. അവരെ എതിര്‍ക്കുവാനുള്ള സന്നാഹം കൂട്ടലിലാണ്, എനിക്ക് സാഹിത്യപരമായ പല അപൂര്‍വ്വ ദര്‍ശനങ്ങളും കൈവന്നിട്ടുള്ളതെന്ന ഒരു കൃതജ്ഞത കൂട്ടത്തില്‍ പറയാനുണ്ട്.’’
ജീവത്സാഹിത്യസംഘവുമായുള്ള സംവാദാവശ്യമാണ് തന്നെ സാഹിത്യവിമര്‍ശകനാക്കിയതെന്ന് മറ്റൊരിടത്ത് മാരാര് സ്പഷ്ടമായി പറയുന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട് ; ‘‘ഞാന്‍ ബോധപൂര്‍വ്വവും ഉദ്ദേശ്യപൂര്‍വ്വവുമായ പരിശ്രമം തുടങ്ങിയത്, 1937 കാലത്ത് കേരളത്തില്‍ ഒരു ജീവത്സാഹിത്യപ്രസ്ഥാനം പിറന്നു പടയ്ക്കു പുറപ്പെട്ടതു കൊണ്ടാണ്.’’

തന്റെ വിമര്‍ശനജീവിതത്തെക്കുറിച്ചുള്ള മാരാരുടെ തന്നെ ആഖ്യാനങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ താരതമ്യേന അപ്രസക്തനായിരുന്നു 1937 കാലത്ത് അദ്ദേഹം എന്നു കരുതാം. എങ്കിലും ‘മാരാരുടെ പോയറ്റിക്‌സ്' എന്നു വിളിക്കപ്പെട്ട സാഹിത്യഭൂഷണം അതിനും പത്തുവര്‍ഷം മുന്‍പേ എഴുതിക്കഴിഞ്ഞിരുന്നു. വള്ളത്തോളിന്റെ ടിപ്പണികാരന്‍ ആയിരുന്ന ഘട്ടത്തില്‍ തന്നെ നവോത്ഥാനാശായങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടിരുന്നതായി അനുമാനിക്കാവുന്നതാണ്. കൊച്ചുസീത (1928) യുടെ രചനയ്ക്കുപുറകില്‍ മാരാരുടെ നിര്‍ബന്ധമുണ്ടായിരുന്നു. കാലികമായ ഒരു സംഭവവികാസത്തെ മുന്‍നിര്‍ത്തി ജാതിവിമര്‍ശനത്തിലേക്ക് കടന്ന ആ കാവ്യത്തിന്റെ ആദ്യ അവതാരിക മാരാരുടെതായിരുന്നു താനും. കേരളീയ നായര്‍തറവാടുകളിലെ ജാത്യാചാരത്തെ രൂക്ഷമായി വിമര്‍ശിച്ച ആ അവതാരിക രണ്ടാംപതിപ്പു തൊട്ട് വള്ളത്തോളിനെപ്പോലൊരു കവിക്ക് ഒഴിവാക്കേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാല്‍ മാരാരുടെ ജാതിവിമര്‍ശനം എത്ര ശക്തമായി പ്രവര്‍ത്തിച്ചു എന്ന് ഊഹിക്കാവുന്നതാണ്.
1943-ല്‍ സഞ്ജയന്‍ മരിച്ചു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ജീവത്സാഹിത്യസംഘത്തിന്റെ ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെട്ടു. മാരാരാവട്ടെ ജീവത്സാഹിത്യാനന്തരം പുരോഗമനസാഹിത്യത്തോടും തന്റെ വിമര്‍ശനങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ചു പോന്നു. മുകളില്‍ പറഞ്ഞതുപോലെ പുരോഗമന സാഹിത്യത്തിന്റെ ഏറ്റവും വലിയ എതിരാളിയായി മാരാര് മനസിലാക്കപ്പെട്ടു.
ജീവത്സാഹിത്യസംഘം രൂപീകരിക്കപ്പെട്ട് സാഹിത്യമണ്ഡലത്തിലെ സജീവസംവാദവിഷയമായി മാറിയ ഘട്ടത്തില്‍ വി.ടി.ഭട്ടതിരിപ്പാട് പത്രാധിപരായ ഉത്ബുദ്ധകേരളത്തില്‍ ‘കല കലയ്ക്കു വേണ്ടി' എന്ന ഒരു ലേഖനം മാരാര് എഴുതുന്നുണ്ട്. തന്റെ പ്രബന്ധ സമാഹാരങ്ങളില്‍ എവിടെയും ഉള്‍പ്പെടുത്തിക്കാണുന്നില്ലാത്തതിനാലും അപ്രകാശിതമായതിനാലും ഈ ലേഖനത്തില്‍ മാരാര് വാദിക്കാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തമല്ല. മാരാരെക്കുറിച്ച് വിശദമായി പഠിച്ച പി.എസ്. രാധാകൃഷ്ണനും എം. തോമസ് മാത്യുവുമടക്കമുള്ളവര്‍ ഈ ലേഖനത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചു കാണുന്നുമില്ല. കെ. ദാമോദരനെ മുഖവിലയ്‌ക്കെടുത്താല്‍ കേവലലാവണ്യവാദമാണ് ലേഖനത്തിന്റെ ഉള്ളടക്കമെന്നു കരുതേണ്ടി വരും. അധികം വൈകാതെ ഈ നിലപാടില്‍ നിന്ന് ഭിന്നമായി, ‘കല ജീവിതത്തിനു വേണ്ടി' എന്ന വീക്ഷണത്തിലേക്ക് അദ്ദേഹം മാറുകയും ചെയ്തു.
ജീവത്സാഹിത്യത്തെ എതിര്‍ക്കുവാനുള്ള സന്നാഹം കൂട്ടലിലാണ്, സാഹിത്യപരമായ പല അപൂര്‍വദര്‍ശനങ്ങളും തനിക്ക് കൈവന്നിട്ടുള്ളതെന്ന മാരാരുടെ കൃതജ്ഞതാപ്രകടനം വെറും നിന്ദാസ്തുതിയല്ല എന്നു സാരം. ഈ ലേഖനത്തെ മാറ്റി നിര്‍ത്തിയാല്‍, ജീവത്സാഹിത്യസംഘത്തിനെതിരെ മാരാര് ഉന്നയിച്ച പ്രധാനവിമര്‍ശനം 1937 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ‘പുരോഗതിചിന്ത' എന്ന ലേഖനത്തിലാണുള്ളത് (പുരോഗമനസാഹിത്യത്തെ എതിര്‍ത്ത് പന്ത്രണ്ടോളം ഉപന്യാസങ്ങള്‍ മാരാര് എഴുതിയിട്ടുണ്ട്. അവയില്‍ നിന്ന് പുരോഗതിചിന്തയെ മാത്രമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്). ഇ.എം.എസിന്റെ ‘ജീവത്സാഹിത്യവും സൗന്ദര്യബോധവും', കേസരിയുടെ ‘ജീവത്സാഹിത്യം' എന്നീ ലേഖനങ്ങളിലെ മുഖ്യവാദങ്ങളെ ഖണ്ഡിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
പുരോഗമന സാഹിത്യദര്‍ശനം, സാഹിത്യസ്ഥാപനത്തോടു നടത്തിയ പ്രധാനപ്പെട്ട മൂന്നു വിമര്‍ശനങ്ങളെയും - കാവ്യധര്‍മം, കവി, സാഹിതീയത - സാഹിത്യസ്ഥാപനത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് മാരാര് തുനിയുന്നത്. ഒരര്‍ഥത്തില്‍, ഇ.എം.എസിനെയും കേസരിയെയും മാരാര് ഒറ്റയ്ക്ക് എതിരിടുന്നു. എങ്കിലും കേവലമായ സ്ഥാപനപ്രതിരോധമല്ല ഈ പ്രബന്ധം. വിരുദ്ധദിശയിലുള്ള തത്വസംഹിതകള്‍ ലേഖനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുവഴി, ഒരു സംവാദസ്ഥലി ആയി ഈ ലേഖനം സ്വയംമാറുന്നു. സ്ഥാപന പ്രതിരോധത്തിനായാണ് ശ്രമമെങ്കിലും സ്ഥാപനത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ സാധ്യതയുള്ള ആശയങ്ങള്‍ കൂടി പ്രബന്ധത്തിലുടനീളമുണ്ട്. ഒരുപക്ഷേ, അതിനു മുന്‍തൂക്കം പോലുമുണ്ട്. അതിനാല്‍തന്നെ പുനര്‍വായിക്കപ്പെടേണ്ടുന്ന ഒരു പ്രബന്ധമാണിത്. തര്‍ക്കത്തിന്റെ അന്തരീക്ഷത്തില്‍ വലിയകാലത്തോളം വിസ്മൃതമാക്കപ്പെടുകയോ കേവലമായി വായിക്കപ്പെടുകയോ ചെയ്ത ഈ പ്രബന്ധത്തിലെ ചില പ്രധാന നിരീക്ഷണങ്ങള്‍ കണ്ടെടുക്കേണ്ടത് വര്‍ത്തമാനാവശ്യം കൂടിയാണ്.
പ്രമേയത്തിന്റെ പുരോഗമനപരതയാണ് ജീവത്സാഹിത്യത്തെ നിര്‍ണയിക്കുന്നതെന്ന ഇ.എം.എസിന്റെ വാദത്തിനുള്ള പ്രത്യാഖ്യാനമായാണ് കലാസൗന്ദര്യത്തിന്റെ പ്രസക്തിയെ മാരാര് ഈ പ്രബന്ധത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് സത്യാത്മകമായ തത്വചിന്തയെ ഉള്‍ക്കൊള്ളുന്ന കല, സൗന്ദര്യം തികഞ്ഞ നിര്‍മ്മാണ വിശേഷമായി മാറും. സത്യത്തെ അഭിമുഖീകരിക്കാതെ ശാഠ്യബുദ്ധിയോടെ മിഥ്യാപരമായ കലാനിര്‍മ്മിതിയിലേര്‍പ്പെട്ടാല്‍ അത് സൗന്ദര്യത്തില്‍ നിന്നു കൂടിയാണ് അകലുക. മാരാരെ സംബന്ധിച്ച് സത്യവും സൗന്ദര്യവും ഒന്നാണ്. സൗന്ദര്യത്തികവ് ഏതും സത്യത്തെ ഉള്‍ക്കൊള്ളുന്നു. ‘പരുക്കന്‍മട്ട്' സൗന്ദര്യത്തിന്റെ അഭാവം കൊണ്ടു മാത്രമല്ല സംഭവിക്കുന്നത്, സത്യത്തിന്റെ അഭാവം കൊണ്ടു കൂടിയാണ്. അതിനാല്‍, കലാനിരൂപണത്തില്‍ എപ്പോഴും കലാസൗന്ദര്യത്തെത്തന്നെ വേണം മാനദണ്ഡമാക്കാന്‍ എന്നു മാരാര് ശഠിക്കുന്നു. സത്യത്തെ നമ്മുടെ അന്തരാത്മാവിന്റെ നിഗൂഢാന്തഃപുരത്തിലേയ്ക്കടുപ്പിക്കുന്ന ഒരു പ്രണയദൂതിയാണ് കലാഭംഗി എന്നതിനാല്‍ തന്നെ സൗന്ദര്യാത്മകമായ ആവിഷ്‌കാരങ്ങള്‍ മനുഷ്യപുരോഗതിയെയാണ് ലാക്കാക്കുന്നത്.

കലാഭംഗിനിറഞ്ഞ ഒരു കൃതി, അതില്‍ ആവിഷ്‌കരിക്കപ്പെട്ട പരിസ്ഥിതി അവസാനിച്ചു കഴിഞ്ഞാലും വായനക്കാരെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടേയിരിക്കും. പ്രാമാണികമായ സാഹിത്യസിദ്ധാന്തങ്ങള്‍, എങ്ങനെയെഴുതണം എന്ന് എക്കാലത്തും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്‌കൃതപാശ്ചാത്യകാവ്യസിദ്ധാന്തങ്ങളില്‍ ഒരുപോലെ ഈ കര്‍ത്തവ്യാകര്‍ത്തവ്യോപദേശം കാണാം. കാര്യകാര്യോപദേശ നിര്‍ബന്ധത്തെ ആധുനിക സമുദായത്തിലേക്ക് തര്‍ജ്ജമപ്പെടുത്തുകയാണ് ജീവത്സാഹിത്യസംഘവും ചെയ്യുന്നത്. വ്യത്യസ്ത സാമൂഹ്യവീക്ഷണം പുലര്‍ത്തുന്നവര്‍ കലയുടെ പ്രയോജനമായി വ്യത്യസ്തമായ ആശയങ്ങളെ കണ്ടെത്തിയേക്കാം. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ല കവിത എഴുതപ്പെടുന്നത്. കവിതയ്ക്ക് ആസന്നമായ ഉപയോഗങ്ങളില്ല. അതിനാല്‍തന്നെ, കവിയുടെ വീക്ഷണമെന്താണോ അതനുസരിച്ച് കവിത സമൂഹത്തില്‍ പ്രവര്‍ത്തിക്കും എന്ന ധാരണ ഭോഷ്‌കാണ്. മറിച്ച് സാഹിത്യം ചെയ്യുന്നത് സാംസ്‌കാരികമായ അഭിവൃദ്ധിയിലേക്ക് സംഭാവന നല്‍കുക എന്നതാണ്.
പുരോഗമനസാഹിത്യദര്‍ശനത്തിന്റെ മുഖ്യപരിമിതിയായി മാറിയ രണ്ട് തത്വങ്ങളെയാണ് മാരാര് ചോദ്യം ചെയ്യുന്നത്. കൃതിയുടെ പുരോഗമനപരത പ്രമേയത്തെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത് എന്ന വീക്ഷണവും ‘എങ്ങനെയെഴുതണം' എന്ന നിര്‍ദ്ദേശാത്മകതയുമാണവ. ഈ രണ്ടു വീക്ഷണങ്ങളുടെയും അപകടം മാരാര് തിരിച്ചറിഞ്ഞിരുന്നു എന്നുകരുതാം. കേസരി പോലും ‘എങ്ങനെയെഴുതണം' എന്ന നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്ന കാലമാണത്. മുന്‍കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ട ഭദ്രതത്വങ്ങളിലേക്ക് ജീവിതം വാരി നിറയ്ക്കുന്നതിനെ കല എന്നു വിളിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് മാരാരുടെ പക്ഷം. കൃതി അവിരാമമായ ചലനമായതിനാല്‍ ഒട്ടുനേരത്തേക്കുള്ള അതിന്റെ അര്‍ഥം പുരോഗമനപരതയുടെ ലക്ഷണവുമല്ല. സാഹിത്യപുരോഗതിയെ മാരാര് എങ്ങനെ മനസിലാക്കി എന്നത് ഈ പ്രകരണത്തില്‍ ശ്രദ്ധാര്‍ഹമാണ്.
‘പുരോഗമനസാഹിത്യത്തെപ്പറ്റി ഒരു കത്തി'ല്‍ അദ്ദേഹമെഴുതുന്നു; ‘‘ഏറ്റവും നല്ല സാഹിത്യം തെരഞ്ഞെടുത്ത് പൊതുജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ച് അവരുടെ സാഹിത്യാഭിരുചിയെ വളര്‍ത്തിക്കൊണ്ടു വരികയും - അതിലുമധികം അതിനെ ദുഷിച്ചുപോകാതെ സൂക്ഷിക്കുകയും- സാഹിത്യകാരന്മാര്‍ക്കു ഭാതികവും മാനസികവുമായ പ്രോത്സാഹനം നല്‍കിപ്പോരുകയുമാണ് സാഹിത്യത്തിന്റെ ശരിയായ പുരോഗതി.’’
സാഹിതീയമായ അഭിരുചി മാറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ ഒരു സംഘടന ഉണ്ടായിരിക്കുക എന്നതില്‍ മാരാര്‍ക്ക് അഭിപ്രായഭേദങ്ങളില്ല. മാരാര് അകലുന്നത് ദൈനംദിന രാഷ്ട്രീയാവശ്യാര്‍ഥം കൃതികള്‍ തയ്യാര്‍ ചെയ്യുക എന്ന യാന്ത്രികതയോടാണ്. കൗതുകകരമായ ഒരുദാഹരണം അദ്ദേഹം എടുത്തുകാട്ടുന്നുണ്ട്. ജാപ്പ് വിരുദ്ധകൃതികള്‍ക്കായി പുരോഗമനസാഹിത്യസംഘടന നിലകൊള്ളുന്നു എന്നിരിക്കട്ടെ, നാളെ അന്തര്‍ദേശീയരാഷ്ട്രീയഗതികള്‍ മാറുകയും ജപ്പാന്‍ ഇന്ത്യയുടെ മിത്രമായി മാറുകയും ചെയ്താല്‍ ഈ കൃതികള്‍ അമ്പേ പരാജയമായി മാറില്ലേ എന്നാണ് മാരാരുടെ ചോദ്യം. എസ്.കെ. പൊറ്റെക്കാട്ടിനെഴുതിയ കത്തിലും ഈ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുന്നതുകാണാം. അര്‍ഥത്തിന്റെ വ്യാവഹാരികതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാട് സ്ഫുടം ചെയ്‌തെടുക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണ് പുരോഗമനസാഹിത്യത്തോടുള്ള സംവാദങ്ങള്‍
ഏറ്റവും സുപ്രധാനമായ മറ്റൊരാശയം കൂടി മാരാര് പുരോഗതിചിന്ത എന്ന ലേഖനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു സാഹിത്യകൃതി വര്‍ണനാവിഷയമായ പരിസ്ഥിതിയുടെ സാധൂകരണമാവണമെന്നില്ല, നിഷേധമായി മാറാം എന്നതാണത്; കവി, കാവ്യത്തിനു വിഷയമാക്കുന്ന തന്റെ പരിസ്ഥിതി, കലാപ്രകടനത്തിനും സത്യാന്വേഷണത്തിനുമുള്ള വെറും ഒരുപാധി മാത്രമാണ്. ഒരിക്കലും അതല്ല കവിയുടെ താത്പര്യവിഷയം, ഓലയിലോ കടലാസിലോ എഴുതിയ കാവ്യം എപ്രകാരം ആ ഓലയ്ക്കും കടലാസിനും വേണ്ടിയല്ലയോ, അപ്രകാരം തന്നെ വര്‍ണ്ണനാവിഷയമായ പരിസ്ഥിതിയെ നിലനിര്‍ത്താനോ സാധൂകരിപ്പാനോ അല്ല - പലപ്പോഴും അതിനെ നിഷേധിപ്പാനാണു താനും - കവിയുടെ സമുദ്യമം. അഭിജ്ഞാനശാകുന്തളം വിരചിച്ച കാളിദാസനോ പാവങ്ങള്‍ എഴുതിയ വിക്തോര്‍ യൂഗോവോ വിശദീകരിപ്പാനുദ്ദേശിച്ച സത്യം, സമുദായത്താല്‍ ആരാധിയ്ക്കപ്പെടുന്ന രാജാവും ബഹിഷ്‌കരിക്കപ്പെടുന്ന തണ്ടുവലിത്തടവുപുള്ളിയും ഇല്ലാതാകുന്ന സമത്വസുന്ദരമായ കാലത്തും സത്യമായിത്തന്നെ നിന്നു വ്യക്തികളെ പുരോഗതിയില്‍ സഹായിച്ചു കൊണ്ടിരിക്കും.
മേല്‍ഖണ്ഡം മലയാള സാഹിത്യചിന്തയെ സംബന്ധിച്ച് സുപ്രധാനമായ ഒരു സ്ഥാനമാണ്. കൃതി ചലനാത്മകമാണ് എന്നും ആത്യന്തികമായ വിശദീകരണം എന്ന ഒന്നില്ല എന്നും മലയാളത്തില്‍ ആദ്യമായി പറയപ്പെടുന്നത് ഇവിടെയാവാം. ആ അര്‍ഥത്തില്‍, മിഖായേല്‍ ബക്തിനും അല്‍ത്യൂസറാനന്തര മാര്‍ക്‌സിസം ഒന്നാകെയും ഉയര്‍ത്തിയ ‘കൃതിയുടെ പ്രക്രിയാപരത'യെക്കുറിച്ചുള്ള ആദ്യ സൂചന മാരാരില്‍ നിന്നാണു വരുന്നത്. കൗതുകകരമായ ഒരു വൈരുധ്യമാണിത്. മാര്‍ക്‌സിസത്തോട് വിപ്രതിപത്തി പുലര്‍ത്തിയ മാരാര്, സാഹിത്യ സ്ഥാപനത്തെ പ്രതിരോധിക്കാനുള്ള പുറപ്പാടിനിടെ എത്തിച്ചേരുന്നത് സ്ഥാപനത്തെ അടിമുടി തകര്‍ക്കാനുതകുന്ന വിധ്വംസകമായ ആശയത്തിലാണ്.
അപൂര്‍ണ വിരാമം
പുരോഗമനസാഹിത്യം എന്ന ആശയത്തോട് നിത്യയുദ്ധത്തിലേര്‍പ്പെട്ട പണ്ഡിതനായിരിക്കുമ്പോഴും പുരോഗമന സാഹിത്യത്തിന്റെ ആശയങ്ങളോട് മാരാര് ഏതളവില്‍ ചേര്‍ന്നുനിന്നു എന്നും പു.സാ.പ്രസ്ഥാനത്തിലെ ദാര്‍ശനികപരിമിതികളെ എങ്ങനെ അഭിസംബോധന ചെയ്തു എന്നും വിശദീകരിക്കാനാണ് ഈ അപൂര്‍ണലേഖനം തുനിഞ്ഞത്. ഇനിയും എത്രയോ വികസിപ്പിക്കേണ്ടുന്ന ആലോചനയുടെ കരട് മാത്രമാണിത്. ‘മാരാരില്ലാത്ത മലയാളത്തിന്റെ അരനൂറ്റാണ്ട്' ഇന്ന് ആരംഭം കുറിക്കുകയാണല്ലോ; ആ മഹാനിരൂപകന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചുകൊണ്ട് ഈ ലേഖനം അപൂര്‍ണമായി വിരമിക്കുന്നു.
എസ്. ജോസഫ്
Jul 03, 2022
9 Minutes Read
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read