പറളി: സ്ഥലനാമവും സാംസ്‌കാരിക പാലവും

സാംസ്‌കാരികമായി സ്വന്തം നാടിനെ വ്യാപിപ്പിക്കാനുളള- ഒപ്പം സ്വന്തം നാടിനെ സാംസ്‌കാരികമായി സ്വന്തമാക്കാനും ഉളള ഒരു വാഞ്ഛ ഉപബോധപരമായി എല്ലാ മനുഷ്യരിലും ഉണ്ടായിരിക്കണം. പേരിലെസ്ഥലനാമം കൊണ്ട് ചില നല്ല അനുഭവങ്ങൾ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ- ‘പറളി: ജലസംസ്‌കൃതിയും സ്ഥലവിസ്തൃതിയും’ എന്ന ദേശക്കഥയുടെ രണ്ടാം ഭാഗം

വി പി. കുഞ്ഞിരാമൻ നായരെക്കുറിച്ച് ഡി. വിനയചന്ദ്രൻ എഴുതിയ കവിതയുടെ ശീർഷകം സമസ്തകേരളം പി. ഒ എന്നായിരുന്നു. വാസ്തവത്തിൽ പി.യുടെ സവിശേഷത മുഴുവൻ അത് ഉൾക്കൊള്ളുമ്പോഴും, സാംസ്‌കാരികമായി സ്വന്തം നാടിനെ വ്യാപിപ്പിക്കാനുളള- ഒപ്പം സ്വന്തം നാടിനെ സാംസ്‌കാരികമായി സ്വന്തമാക്കാനും ഉളള ഒരു വാഞ്ഛ ഉപബോധപരമായി എല്ലാ മനുഷ്യരിലും ഉണ്ടായിരിക്കണം. പലരൂപത്തിൽ അത് വെളിപ്പെടാം, വെളിപ്പെടാതിരിക്കാം. നിരൂപണം എന്നത് ഒരു ജനപ്രിയ സാഹിത്യമേഖല അല്ലാതിരുന്നിട്ടും, ആ മേഖലയിൽ വളരെ കുറച്ചു മാത്രം എഴുതിയിട്ടുളള ആളായിട്ടും, പേരിലെ സ്ഥലനാമം കൊണ്ട് ചില നല്ല അനുഭവങ്ങൾ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ എന്നു ഇവിടെ എടുത്തുപറയട്ടെ.

94 ആകുമ്പോഴേക്കും, കഥ- കവിത എഴുത്തു ശ്രമങ്ങൾ ഏറെക്കുറെ പൂർണമായി വിട്ടിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ പഠിക്കുമ്പോൾ, മണ്ണാർക്കാട് സഹൃദയ ലൈബ്രറി നടത്തിയ കഥാ മത്സരത്തിൽ ‘ഒരു കറുത്ത നാണയത്തുട്ട്' എന്ന പേരിൽ കഥക്ക് ഒന്നാം സമ്മാനം ലഭിച്ച അനുഭവമാണ് സർഗാത്മക എഴുത്തിന്റെ കാര്യത്തിൽ ഏക അപവാദം..! തുടർന്ന്, രണ്ടു കഥാക്യാമ്പുകളിൽ കൂടി സമ്മാനിതമായെങ്കിലും മുണ്ടൂർ കൃഷ്ണൻകുട്ടി മാസ്റ്റർ നയിച്ച ഇതിലൊരു ക്യാമ്പിൽ, അവിടെ വായിക്കുന്ന കഥകളെ ഒരു ക്യാമ്പംഗമെന്ന നിലയിൽ വിലയിരുത്തി സംസാരിക്കുന്നതു കേട്ട് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോടായി പറഞ്ഞത്, ‘കഥ നന്നായിട്ടുണ്ടെങ്കിലും, നിരൂപണമാണ് കൂടുതൽ യോജിക്കുക'എന്നായിരുന്നു..!

ആ ക്യാമ്പിൽ, ‘കളം മായ്ക്കുന്ന നാഗങ്ങൾ' എന്ന കഥയെഴുതി ഒന്നാം സമ്മാനം നേടിയ ജയപ്രകാശ് പുലാപ്പറ്റ പക്ഷേ ക്യാമ്പിൽ എത്തിയിരുന്നില്ല. മുമ്പ് കണ്ടിട്ടുളള ആളും അല്ലായിരുന്നു. ‘നൂറു വർഷം നൂറു കഥ' എന്ന പുസ്തകമായിരുന്നു ആ എഴുത്തുകാരന്​ നൽകാൻ വെച്ചിരുന്ന സമ്മാനം എന്നത് ഇന്നും ഓർക്കുന്നു. (എനിക്ക് സമാശ്വാസ സമ്മാനമായി എം.ടിയുടെ ബന്ധനം എന്ന കൃതിയാണ് ലഭിച്ചത്) ‘ഒരു കുടുംബത്തിൽ എല്ലാവരും മരിച്ചു പോയി, ഏക അംഗം മാത്രം അവശേഷിച്ചാൽ ആ വ്യക്തിയെ എങ്ങനെ സമാശ്വസിപ്പിക്കുമെന്ന് ക്യാമ്പംഗങ്ങൾ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കുക' എന്ന തീർത്തും വിചിത്രമായ ഒരു ഒഴിവു സമയ പ്രവർത്തനം, ക്യാമ്പിനിടയിൽ അവിടെ സംഘാടകരാൽ നിർദ്ദേശിക്കപ്പെട്ടു. പലരും പല രീതിയിൽ പലതും പറഞ്ഞു, ചിലർ അഭിനയിച്ചു. സമ്മാന വിതരണ പരിപാടിക്കുശേഷം ക്യാമ്പവസാനിച്ച് ഏവരും പിരിഞ്ഞു. പിറ്റേന്ന് രാവിലെ പത്രത്തിൽ, ‘പാലക്കാട് ജില്ലാശുപത്രിയിൽ, യുവകഥാകൃത്ത് ജയപ്രകാശ് പുലാപ്പറ്റയും അദ്ദേഹത്തിന്റെ സഹോദരിയും അജ്ഞാത രോഗം മൂലം മരിച്ചു’ എന്ന ഒരു കോളം വാർത്ത, പക്ഷേ മറ്റൊരു കഥ പോലെ മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളൂ.. അറം പറ്റുന്ന ചില അനുഭവങ്ങൾ കഥയെ എപ്രകാരം നിസ്സാരവൽക്കരിക്കുന്നു എന്നതിന്റെ ഒരു വലിയ ദുഃഖസ്മരണയായിത്തീർന്നു ആ ദുരന്തവാർത്ത..!

ഹൈസ്‌കൂൾ ക്ലാസ്സിൽ ഗണിത ക്വസിൽ സമ്മാനമായി പാത്തുമ്മയുടെ ആട് എന്ന കൃതി സതീശൻ മാസ്റ്റർ നൽകിയതിനെക്കുറിച്ചും അത് ബഷീറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ, എന്നെ ബേപ്പൂരിൽ എത്തിച്ചുവെന്നതും ആദ്യത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. പത്രത്തിൽ ബഷീറിന്റെ പ്രസ്തുത കൃതിയെക്കുറിച്ച് ലേഖനങ്ങൾ ക്ഷണിച്ചുകൊണ്ടുളള ‘പ്രവാസി ദോഹ' എന്ന സംഘടനയുടെ അറിയിപ്പു കണ്ടപ്പോൾ, പത്താംക്ലാസ്സിൽ ലഭിച്ച പുസ്തകം ഒരിക്കൽക്കൂടി വായിച്ച് ‘അനുഭവത്തിന്റെ കണ്ണും ചിരിയുടെ കണ്ണാടി'യും എന്ന ഒരു പഠന ലേഖനം എഴുതി അയക്കുകയായിരുന്നു. ഒന്നുരണ്ടു മാസങ്ങൾക്കു ശേഷം, പാത്തുമ്മയുടെ ആടിനെക്കുറിച്ചുളള മലയാളത്തിലെ ആദ്യ പഠന സമാഹാരത്തിൽ- ‘ആടും മനുഷ്യരും' എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ- പന്ത്രണ്ടു ലേഖനങ്ങളിൽ ഒന്നായി എന്റെ ലേഖനവും ഉൾക്കൊള്ളിക്കുന്നതായി അറിയിക്കുന്ന കത്തു ലഭിക്കുന്നു. പ്രവാസി ദോഹ പ്രഥമ ബഷീർ പുരസ്‌കാരം കോവിലന് നൽകുന്ന ചടങ്ങിൽ, പുസ്തകപ്രകാശനവും നടക്കുമെന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാനുളള പ്രത്യേക ക്ഷണവും കത്തിലുണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ ബേപ്പൂരിൽ ഒന്നാം ബഷീർ ദിനമായ1995ജൂലൈ 5ന് എത്തുകയും പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ റഹ്മാനെ കാണുകയും ചെയ്തു.

പ്രമുഖ ഫ്രഞ്ച്- റഷ്യൻ ചിത്രകാരൻ മാക് ഷഗാളുടെ ‘ഐ ആന്റ് ദി വില്ലേജ്' ( I and the Village-Mac Chagall-1911 ) എന്ന ശ്രദ്ധേയമായ ചിത്രമാണ് ആ പുസ്തകത്തിന്റെ കവർ ഡിസൈനർ സുരേഷ് കുമാർ, കവറായി ചേർത്തിരുന്നത്. എം. എൻ. വിജയനായിരുന്നു പുരസ്‌കാര വിതരണവും പുസ്തക പകാശനവും നടത്തുന്നത്. നീണ്ടുനിന്ന വിജയൻ മാസ്റ്ററുടെ പ്രസംഗം, വാക്കുകൾ ചേരുമ്പോൾ കവിത വിരിയുന്ന പോലുളള പുതുലോകം തുടരെ തുടരെ സൃഷ്ടിച്ചു. കോവിലൻ തന്റെ എഴുത്തിന്റെ കുതിപ്പും കിതപ്പും തനതു ശൈലിയിൽ അല്പം പരുക്കനായിത്തന്നെ വിശദീകരിച്ച് പുരസ്‌കാരത്തിന് നന്ദി പറഞ്ഞു. ഇതെല്ലാം അക്ഷരാർഥത്തിൽ പുതിയ അനുഭവമായിരുന്നു. കാരണം, പറളി- പാലക്കാട് വിട്ട് കാര്യമായ ഒരു സാഹിത്യപരിപാടിയിലും അതുവരെ പങ്കെടുത്ത അനുഭവം ഇല്ലായിരുന്നു. അതുപോലെ യാത്രാനുഭവങ്ങളും കുറവായിരുന്നു. തുടർന്ന് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി കച്ചേരിയും നടന്നു. അതിനൊത്ത് പ്രമുഖ നാടക പ്രവർത്തകൻ മധു മാസ്റ്റർ ചുവടുകൾ വെച്ചതും, സംഗീതം തുടരാൻ നിരന്തരം ആവശ്യപ്പെട്ടതും രസകരമായ ഓർമയാണ്.

പുസ്തകത്തിലെ ലേഖനം വായിച്ച് പിന്നീട്, എനിക്ക് പ്രവാസിയായ ഷറഫുദ്ദീൻ എന്ന ഒരാളുടെ കത്ത് പറളി വിലാസത്തിൽ വരികയും അത് വലിയ സൗഹൃദമായിത്തീരുകയും ചെയ്തു. ഷറഫുദ്ദീൻ നാട്ടിലെത്തിയപ്പോൾ (മണ്ണാർക്കാടിനടുത്ത് തച്ചമ്പാറ) ആദ്യമായി പറളിയിൽ കാണാൻ എത്തുന്നത്, ഒരു ചെറിയ റെക്കോർഡർ സമ്മാനിക്കാൻ കൂടിയായിരുന്നു. സി.പിയുടെ അഭിമുഖം പകുതിയിലേറെ റെക്കോർഡ് ചെയ്യാൻ അതേ റിക്കോർഡർ ആണ് പ്രയോജനപ്പെട്ടത്.

പേരിലെ പറളിയിലൂടെ എന്നിലെത്തിയ മറ്റൊരാൾ എഴുത്തുകാരനും വിവർത്തകനുമായ എ. വി. ഗോപാലകൃഷ്ണനായിരുന്നു. അദ്ദേഹത്തിന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പറളിയിലായിരുന്നു എന്നതും സ്‌കൂൾ ഫസ്റ്റായി പത്താംക്ലാസ്സ് പൂർത്തിയാക്കിയിരുന്നു എന്നതുമാണ് അതിന് പ്രധാന കാരണമായിത്തീർന്നത്. 99 ആദ്യത്തിലാണ് പരിചയപ്പെടുന്നത് എന്നാണ് ഓർമ. അത്തിപ്പൊറ്റ വാരിയം ആയിരുന്നു അദ്ദേഹത്തിന്റെ തറവാട്. പ്രമുഖ സംസ്‌കൃതപണ്ഡിതൻ എ. വി. ശങ്കരന്റെ മരുമകനായിരുന്നു. പരിചയപ്പെടുമ്പോൾ തൊഴിൽപരമായി അൽപം പ്രതിസന്ധിയിലായിരുന്നു അദ്ദേഹം.

സി.പി രാമചന്ദ്രൻ പറളി പഴയപാലത്തിൽ

വിവിധ ബാങ്കുകളിൽ ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്ണൻ, അതുവിട്ട് ചില ഓഹരി സംരംഭങ്ങൾക്ക് ശ്രമിച്ചത് വിജയമായില്ല. മാത്രമല്ല ഹർഷദ് മേത്തയുടെ ഓഹരി കുംഭകോണത്തിൽ അദ്ദേഹത്തിനും സാരമായി പരിക്കേറ്റിരുന്നു. വീടു പോലും നഷ്ടപ്പെട്ട്, കുട്ടികളും ഭാര്യയുമായി വാടകവീട്ടിലായിരുന്നു താമസം. (അമ്മാവന്റെ മകളും എഴുത്തുകാരിയുമായ കനകലതയെയാണ് അദ്ദേഹം വിവാഹം ചെയ്തിട്ടുളളത്) ആദ്യ കണ്ടുമുട്ടലിൽ, അന്ന് പറളിയിലെ പാരലൽ കോളേജിൽ ജോലി ചെയ്യുകയായിരുന്ന എന്നോട്, ഇനി എഴുതി ജീവിക്കാൻ ആലോചിക്കുന്നു എന്നു പറഞ്ഞപ്പോൾ, അദ്ദേഹം യാഥാർഥ്യങ്ങളുടെ ലോകത്തേ അല്ലെന്ന് ഞാൻ സ്വാഭാവികമായും തിരിച്ചറിയുകയും ആ അവസ്ഥയെ ഭയപ്പെടുകയും ചെയ്തു..! ഒരു കുടുംബനാഥനായ വ്യക്തിക്ക്, നല്ല വായനക്കാരനെങ്കിലും എഴുത്തിൽ അതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലാത്ത ആൾക്ക്, ഇങ്ങനെ ജീവിതം വെച്ചൊരു പരീക്ഷണം എന്നത്, വെറും ഭ്രമകൽപന മാത്രമാണ് എന്ന് അപ്പോൾത്തന്നെ അദ്ദേഹത്തോട് സൂചിപ്പിക്കാനും മടിച്ചില്ല.

തുടർന്ന്, ഞങ്ങളുടെ ബന്ധം ഒരു സാഹോദര്യ ബന്ധം പോലെ ദൃഢമാകുകയും, ബാലേട്ടൻ വൈകാതെ ബോംബെയിൽ പുതിയ ഒരു ബാങ്ക് ജോലി ശരിയായി പോകുകയും ചെയ്യുകയാണ്. അവിടുന്ന് ഹോങ്കോങിൽ ഒരു ട്രേഡിംഗ് കമ്പനി മാനേജറായി പോകാൻ അവസരം ലഭിക്കുന്നതോടെ വീണ്ടും അന്തരീക്ഷം മാറുകയും തന്റെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുക മാത്രമല്ല, അദ്ദേഹത്തിന് പുതിയ വീടുകളും പെയിന്റിംഗുകളും ശില്പങ്ങളുമെല്ലാം എല്ലാം തന്റെ ആഗ്രഹങ്ങൾ പോലെ വാങ്ങാൻ കഴിയുകയും ചെയ്തു. പ്രമുഖ ശില്പി നന്ദകുമാറിന്റെ ‘ഭീഷ്മർ'എന്ന വലിയ ലോഹശില്പം കാണാനായത് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചാണെന്നത് പ്രത്യേകം പറയട്ടെ. ഒപ്പം, മികച്ച വായനക്കാരനായിരുന്ന അദ്ദേഹം നിരവധി വിദേശ പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങുകയും അതെല്ലാം മലയാളത്തിൽ എത്തിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു.

ഡി.സി ബുക്‌സിലൂടെയും (അന്തരിച്ച റെയ്ൻബോ രാജേഷ് കുമാറിലൂടെയും) എല്ലാം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകൃതമായി. ഒരു ദശകത്തോളം ഗോപാലകൃഷ്ണൻ നടത്തിയ വലിയ സാഹിത്യ സേവനം കൂടിയായിരുന്നു അത്. സുഹൃത്ത് കെ. പി. രാജേഷുമായി ചേർന്നുളള എന്റെ എല്ലാ വിവർത്തനങ്ങളും-ക്ലാസിക് നോവലായി ഗണിക്കപ്പെടുന്ന ഡ്രീനാ നദിയിലെ പാലം, പെനാൾട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം തുടങ്ങിയവയെല്ലാം- ബാലേട്ടന്റെ സ്‌നേഹ സമ്മർദ്ദങ്ങൾ കാരണം കൂടി ചെയ്തിട്ടുളളതാണ് എന്നു പറയാൻ മടിയില്ല. അദ്ദേഹം ചെറുകഥകളും എഴുതി വന്നു.

ഹോങ്കോങ്ങിലെ സാർസ് രോഗത്തിന്റെ പശ്ചാത്തലത്തിൽ 2002ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘ക്വാറന്റയിൻ' എന്ന കഥ ശ്രദ്ധേയമായിരുന്നു. അന്ന് ആ വാക്ക് പോലും മലയാളത്തിന് അപരിചിതമായിരുന്നു. ഇന്ന്, അത് നമ്മുടെ ജീവിതം തന്നെയായിത്തീരുന്നു..!
ബാലേട്ടന്റെ കാര്യത്തിൽ പക്ഷേ വിധി കൂടുതൽ സമയം അനുവദിച്ചില്ല. വേണ്ടത്ര മനസ്സിലാക്കാതെ, H1N1 പനിയുമായി 2010 ൽ നാട്ടിലെത്തിയ ബാലേട്ടൻ പെട്ടെന്ന് രോഗം അധികരിച്ച് മംഗലാപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെടുകയും (മകൻ അപ്പു എന്ന അരവിന്ദ് അവിടെ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു അപ്പോൾ) അമ്പതാമത്തെ വയസ്സിൽ തികച്ചും അവിശ്വസനീയമായി മരണത്തിന് കീഴടങ്ങുകയും ചെയ്തത് വ്യക്തിപരമായി വലിയ ആഘാതമായിരുന്നു.

പിന്നീട്, 2012ൽ അദ്ദേഹത്തിന്റെ കഥകൾ ചേർത്ത്, ‘അത്തിപ്പൊറ്റയിലേക്കുളള വഴികൾ'എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും, അതിൽ ‘കഥാവശേഷമാകാത്ത ചിലത്' എന്ന ശീർഷകത്തിൽ എന്റേതായി ഒരു അവതാരിക ചേർക്കുകയും ചെയ്തിട്ടുണ്ട്. ജീവിതം, നിരന്തരം കഥയെ അട്ടിമറിക്കുമ്പോൾ സംഭവിക്കുന്ന അനുഭവപരമായ ഒരു തീവ്രശൈത്യമാണ്, വാസ്തവത്തിൽ ബാലേട്ടന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ എന്നെ ആഴത്തിൽ പൊതിഞ്ഞിരുന്നത്..!

‘പാലക്കാട് മുന്നോട്ട്' എന്ന സംഘടന 2003 മാർച്ച് ഒന്നിന് പാലക്കാട് ഒരു സാഹിത്യകാര സംഗമം നടത്തുന്നു. എം.ടിയായിരുന്നു ഉദ്ഘാടകൻ. ഞാനും ഒരു പ്രാസംഗികനായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോൾ ഒരാൾ വന്നു പരിചയപ്പെടുന്നു. ആദ്യമായാണ് കാണുന്നത്. നന്നായി സംസാരിക്കുന്നു. രാമകൃഷ്ണൻ എന്നാണ് പേര് എന്നും റെയിൽവേയിലാണ് ജോലി എന്നും പറയുന്നു. എഴുത്തിനെക്കുറിച്ചും ഭാവനയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. താൻ ചില എഴുത്തു ശ്രമങ്ങൾ നടത്തുന്നു എന്ന കാര്യവും അദ്ദേഹം പറയുകയുണ്ടായി. ഒരു മണിക്കൂറോളം സംസാരിച്ചിട്ടും വിഷയം ബാക്കിയാണെന്ന് അറിഞ്ഞതിനാൽ, ഞാൻ മറ്റൊരു സാധ്യത മുന്നോട്ടു വെക്കുന്നു.

അടുത്ത ദിവസം നെല്ലിയാമ്പതിയിലേക്ക് ഒരു യാത്രയുണ്ടായിരുന്നു. നെല്ലിയാമ്പതി ഭൂസമരം തുടങ്ങി കുറച്ചു ദിനങ്ങളേ ആയിരുന്നുള്ളൂ. (കൃത്യമായി പറഞ്ഞാൽ 2003 ജനുവരി 25 നാണ് ഭൂസമരം ആരംഭിക്കുന്നത്) ഒരുവിധത്തിലും ആക്ടിവിസ്റ്റ് എന്ന നിലയിൽ പ്രവർത്തിച്ചിട്ടില്ലാത്ത എന്നെ ഭൂസമരം നടക്കുന്നിടത്തേക്ക് ക്ഷണിച്ചത് ആരെന്ന് ഇപ്പോഴും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. എങ്കിലും പോകാമെന്ന ധാരണയായിലെത്തിയിരുന്നു. അതിലേക്ക് ഞാൻ പുതിയ സുഹൃത്തിനേയും ക്ഷണിക്കുന്നു. യാത്രയിലും സംസാരിക്കാമല്ലോ എന്നു കൂടിയായിരുന്നു ചിന്ത. അദ്ദേഹത്തിനും അത് സ്വീകാര്യമായി എന്നു മാത്രമല്ല സന്തോഷമാവുകയും ചെയ്തു. പി. പവിത്രൻ, ഗീത, പി. സുരേന്ദ്രൻ എന്നിവരെല്ലാമായിരുന്നു മറ്റു യാത്രികർ. സർക്കാറിന്റെ ഓറഞ്ചു ഭൂമി കൈയ്യേറിയുളള ആദിവാസി സമരമാണ് നടക്കുന്നത്. (പ്രശ്‌ന പരിഹാരങ്ങൾ ഒന്നുമാകാതെ ഇന്നും അതു തുടരുന്നു എന്നതാണ് ഏറ്റവും വലിയ വൈരുധ്യം! ) ആ യാത്രാ ജീപ്പിലേക്ക് കഴിഞ്ഞദിവസം ധാരണയായതുപോലെ രാമകൃഷ്ണനും സമയത്ത് എത്തുന്നു.

വഴിയേ കുറെ സംസാരിക്കാൻ കഴിഞ്ഞെങ്കിലും ജീപ്പ് യാത്ര അദ്ദേഹത്തെ അൽപം അവശനാക്കുന്ന സാഹചര്യമുണ്ടായി. നെല്ലിയാമ്പതിയിൽ അന്ന് ഗണപതി മൂപ്പൻ അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. (ആദ്യം ഞാൻ പൊലീസിൽ നിന്നാണെന്ന ചിന്തയിൽ എന്നെ അകറ്റി നിർത്തുകയും, പിന്നെ സൗഹൃദമാകുകയും ചെയ്തു. ഗണപതി മൂപ്പന്റെ മരണവാർത്ത പത്രത്തിൽ വായിച്ചിട്ട് അധികം വർഷമായില്ല) തിരികെ വരുമ്പോഴും സാഹിത്യ ചർച്ച വിചാരിച്ച വിധം തീവ്രമായി നടന്നില്ല. അതിനാൽ അദ്ദേഹം തന്റെ ആദ്യ രചനയുടെ മാനുസ്‌ക്രിപ്റ്റുമായി പറളിയിലേക്ക് വരാമെന്നേറ്റു. പാലക്കാട് റെയിൽവേ ക്വാർട്ടേഴ്‌സിൽ നിന്ന് അങ്ങനെ ഒരു സ്‌കൂട്ടറിൽ താമസിയാതെ പറളിയിലെത്തുന്നു. രാമകൃഷ്ണൻ, ടി. ഡി. രാമകൃഷ്ണനായി എഴുത്തു ലോകത്ത് പെട്ടെന്ന് ശ്രദ്ധേയനാകുന്നതിന് മുമ്പുതന്നെ, ആൽഫ എന്ന ആദ്യ നോവലിന്റെ മാനുസ്‌ക്രിപ്റ്റ് എനിക്ക് അങ്ങനെ പറളിയിലിരുന്ന് വായിക്കാൻ കഴിഞ്ഞത്, ഇന്നും കൗതുകമുളള ഒരു ഓർമയാണ്.

എഴുതി വരുമ്പോൾ ആത്മനിഷ്ഠമായ ഓർമകളും അനുഭവങ്ങളും പെരുകി വരുന്നുണ്ട്. പക്ഷേ തൽക്കാലം ഈ എഴുത്ത് ദീർഘിപ്പിക്കാൻ ആലോചിക്കുന്നില്ല. ഒ. വി. വിജയനും വി.കെ.എന്നും എം.ടിയും പോലുളള നമ്മുടെ പ്രതിഭകൾ, നിസ്സാരനായ എന്നെ, പറളി എന്ന സ്ഥലനാമത്തിലൂടെ പെട്ടെന്ന് പിടിച്ചെടുത്തുവെന്നത്, സ്ഥലവുമായി ബന്ധപ്പെട്ട എന്റെ വിലപ്പെട്ട ഓർമകൾ തന്നെയാണ്. രഘുനാഥൻ എന്നു മാത്രമാകുമ്പോൾ അതിൽ ഒരു അനാഥത്വം വന്നു പെടുകയും, പറളി എന്നു ചേർത്തു പറയുമ്പോൾ അത് സനാഥമാകുകയും ചെയ്യുന്ന ഒരു അവസ്ഥ നിരവധി തവണ സംഭവിച്ചിട്ടുണ്ട് എന്ന് ഒട്ടും ആത്മപ്രശംസയില്ലാതെ പറയട്ടെ.

പറളി ചേർത്തു പറഞ്ഞപ്പോൾ മാത്രം, ‘അറിയാം ഇരിക്കൂ' എന്ന് എം.ടി ഇരുപത്തിരണ്ടു വർഷം മുമ്പ് ആദ്യം കാണുമ്പോൾ പറയുന്നതും, തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് അഴീക്കോട് മാഷുടെ കാറിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ ഒരു സാഹചര്യമുണ്ടായ ഘട്ടത്തിൽ അദ്ദേഹം പറളിയിൽ ആരൊക്കെയുണ്ട് എന്നു ചോദിക്കുന്നതും, വി.കെ.എന്നിനെ 98 ൽ ആദ്യമായി സന്ദർശിക്കുമ്പോൾ, സ്ഥലമെവിടെയാണ് എന്ന ചോദ്യത്തിനുളള മറുപടി കേട്ട്, അവിടെ ആരാണ് രഘുനാഥൻ പറളി എന്ന് അപ്രതീക്ഷിതമായി തിരിച്ചു ചോദിക്കുന്നതും, ഒ. വി. വിജയന്റെയും കോവിലന്റെയും മേതിലിന്റെയും നിർമൽ കുമാറിന്റെയും ആഷ മേനോന്റെയും കത്തുകൾ പറളി വിലാസത്തിൽ വീട്ടിൽ എത്തുന്നതും, വിക്ടോറിയ കോളേജിൽ അധ്യാപകനായിരിക്കെ ഒരു വിഷു ദിവസം വൈകുന്നേരം ബി. രാജീവനെ കാണാൻ ചെന്ന്, രാത്രി വീട്ടിൽ വിഷുക്കണിക്കു പോലും എത്താതെ, അദ്ദേഹത്തിന്റെ സ്‌നേഹനിർബന്ധത്താൽ അന്ന് അവിടെ താമസിക്കുന്ന സാഹചര്യമുണ്ടായതും (ബി. രാജീവന് സ്വന്തമായി ഒരുസോഡോ മേക്കർ ഉണ്ടായിരുന്നത് പ്രത്യേകം ഓർക്കുന്നു) പരപ്പനങ്ങാടിയിലെ ഒരു സാഹിത്യ ക്യാമ്പിൽ ആദ്യം കണ്ട് പരിചയപ്പെടുമ്പോൾ, അനാദികാലം മുതലുളള ഈ പേരിന് ഇത്ര ചെറുപ്പമുളള ഒരു ഉടമയോ എന്ന് കൽപറ്റ നാരായണൻ അത്ഭുതപ്പെടുന്നതും, തിരുവന്തപുരത്ത് പാഠപുസ്തക ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വടകരയിൽ നിന്നുളള ദിനേശൻ മാസ്റ്റർ, സ്ഥലം പറളി എന്നു അറിഞ്ഞ്, ‘രഘുനാഥൻ പറളിയൊന്നും അല്ലല്ലോ' എന്ന് അൽപം വിസ്മയത്തോടെ ചോദിക്കുന്നതും, ഒട്ടും പ്രതീക്ഷിക്കാതെ ഒരു നാൾ എഴുത്തുകാരനും യാത്രികനുമായ പി. സുരേന്ദ്രൻ, പറളിയിലെ വീടു തേടിയെത്തുന്നതും, ആദ്യം ജോലി ചെയ്ത താനൂരിലെ പുതിയ കടപ്പുറം സ്‌കൂളിലേക്ക് പറളിയെക്കാണാനാണ് എന്നു പറഞ്ഞുകൊണ്ട് വി. സി. ശ്രീജൻ എത്തി അമ്പരപ്പിക്കുന്നതും, ‘താനൂരിലെ പറളി'യെവിടെ എന്നു ചോദിച്ചുകൊണ്ട്, ആദ്യമായി കഥാകൃത്ത് എൻ. പ്രദീപ്കുമാർ, താനൂരിൽ ഒറ്റക്കു താമസിക്കുന്ന വീട്ടിൽ രാത്രി സുഹൃത്ത് സജുവിനോടൊപ്പം എത്തുന്നതും (സജു പിന്നീട് ബൈക്ക് ആക്‌സിഡന്റിൽ മരിച്ചുപോയി) കഥാകൃത്തും ‘ദി വീക്ക്' മുൻ പത്രാധിപസമിതി അംഗവുമായ രാമചന്ദ്രനോടൊപ്പം, തിരുവണ്ണാമലയിലേക്ക്, തമിഴ്‌നാട്ടിലെ ഈറോടിനടുത്ത് ചിത്തോട് സർക്കിൾ പൊലീസ് സ്റ്റേഷൻ കൂടി ഭാഗമായ ഒരു ‘സാഹസിക'യാത്ര 2008 ഒക്ടോബറിൽ സംഭവിക്കുന്നതും (രണ്ട് മണിക്കൂറിലധികം ചിത്തോട് പൊലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നത് വിശദമായി പറയേണ്ടമറ്റൊരു കഥയാണ്) പൊന്നാനിയിലെ നോവലിസ്റ്റ് സി. അഷ്‌റഫ് പറളിയിലെത്തുന്നതും, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറളിയിലെത്തി താമസിക്കുന്നതും ഞാൻ എഡിറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ പുസ്തകവുമായിക്കൂടി ബന്ധപ്പെട്ട് ഒരു രാത്രിയിരുന്നു സംസാരിക്കുന്നതും ഓർമയിലെത്തുന്നു.

പറളിയുമായി ബന്ധപ്പെട്ട, ചില ‘മുന്തിയ' അനുഭവ സന്ദർഭങ്ങൾ! വാസ്തവത്തിൽ കഥാകൃത്ത് പി.ജെ.ജെ. ആന്റണി, പട്ടാമ്പിയിലെ മേനോൻജി, പാലക്കാട്ടെ ജോസേട്ടൻ എന്നിവരെല്ലാം പട്ടാമ്പിയിൽ ഒത്തുചേർന്നപ്പോൾ നടത്തിയ സംഭാഷണങ്ങളും, പാർട്ടി നേതാവ് കൂടിയായ മേനോൻജിയുമായുളള (മുകുന്ദൻ മേനോൻ) പൊയ്ത്തുംകടവിന്റെ തീവ്രസംവാദങ്ങളും, മിമിക്രിയുമെല്ലാം പറളിയിൽ വെച്ച് വീണ്ടും അനുസ്മരിക്കപ്പെടുകയുമുണ്ടായി. അതുപോലെ, വി.കെ.എന്നുമായി ആദ്യ സന്ദർശനത്തിനു ശേഷം ഫോണിൽ പലപ്പോഴും സംസാരിക്കുമായിരുന്നു.അവസാന കാലത്ത്, ‘വാർദ്ധക്യം വലിയ മടുപ്പ് ആയിത്തുടങ്ങി,ശാന്തമായ മരണം ആഗ്രഹിക്കുകയാണിപ്പോൾ' എന്നു പറഞ്ഞത് മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

ആദ്യ നിരൂപണ കൃതി പ്രസിദ്ധീകൃതമാകുന്നത് (ദർശനങ്ങളുടെ മഹാവിപിനം) 2000 ആഗസ്റ്റിലായിരുന്നു. കെ. പി. അപ്പന് ഒരു ആനുകാലികത്തിൽ കണ്ട വിലാസത്തിൽ പുസ്തകത്തിന്റെ കോപ്പി അയച്ചു. ഒരു ദിവസം അതിരാവിലെ വീട്ടിലെ ലാന്റ് ഫോൺ എന്നെ ഉണർത്തി. ആരാണെന്ന ചോദ്യത്തിന്, ‘അപ്പൻ'എന്നായിരുന്നു മറുപടി. ഉറക്കത്തിന്റെ ആലസ്യത്തിൽ, എന്നാൽ തീർത്തും സ്വാഭാവികമായി ‘ഏത് അപ്പൻ' എന്നായിരുന്നു എന്റെ തുടർചോദ്യം. അപ്പോൾ ഒന്നു കൂടി ദൃഢമായും അല്പം ശബ്ദം കൂട്ടിയും താളാത്മകമായും ‘കെ. പി. അപ്പൻ' എന്നു മറുപടി. പെട്ടെന്ന് ജാഗ്രതയിലേക്കെത്തിയ ഞാൻ, സാറിന്റെ ഫോൺ ഒട്ടും പ്രതീക്ഷിച്ചില്ല എന്നും അൽപം ഉറക്കച്ചടവിലായിരുന്നു എന്നും ക്ഷമാപണ സ്വരത്തോടെ പറഞ്ഞു. എഴുത്തിനെക്കുറിച്ചൊക്കെ സംസാരിച്ചശേഷം, അദ്ദേഹം പറളിയെക്കുറിച്ചു ചോദിച്ചു.

ബാലചന്ദ്രൻ ചുളളിക്കാടുമായി ബന്ധപ്പെട്ട നിരവധി ഓർമകൾ മനസ്സിൽ സജീവമാണ്. 2018 മാർച്ച് 19 ന്, ഇനി കോളേജിലും സ്‌കൂളിലും സർവകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് സമർപ്പിക്കുന്ന അപേക്ഷ എറണാകുളത്ത് വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത് എനിക്കും അദ്ദേഹം വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്യുകയുണ്ടായി. ഒപ്പം ‘മാഷെ, ആനന്തധാര ചൊല്ലുമൊ?' എന്ന് ഒരു എം. എ. വിദ്യാർഥിനി തെറ്റായി എഴുതി അദ്ദേഹത്തിനു നൽകിയ കുറിപ്പും (ഫോട്ടോയും) നൽകുകയുണ്ടായി. ഇതെക്കുറിച്ച് പ്രസ്തുത ഫോട്ടോ സഹിതം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അത് വൈകാതെ ഒന്നു രണ്ടു ചാനലുകൾ എന്റെ ഫേസ്ബുക്കിനെ കൂടി ഉദ്ധരിച്ച് റിപ്പോർട്ടു ചെയ്തു. അതുപോലെ, 2019 ഡിസംബർ 12ന് കേരള ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി പ്രരോദനത്തിന്റെ നൂറാം വാർഷികത്തിൽ, ആശാന്റെ പ്രസ്തുത രചനയെക്കുറിച്ച് വിക്ടോറിയ കോളേജിൽ പ്രഭാഷണം നടത്താൻ ചുള്ളിക്കാട് പാലക്കാട് നഗരത്തിലെത്തിയതും ശ്രദ്ധേയ സ്മരണയാണ്. ഹോട്ടൽ റൂമിൽ ഏറെ ശ്രദ്ധയോടെ, ഒരു വിദ്യാർഥിയുടെ കണിശതയോടെ അദ്ദേഹം ചില കവിതാ ഭാഗങ്ങൾ സ്വയം ഓർമിക്കാനായി വീണ്ടും ഉറക്കെ ചൊല്ലിയതും, ഒരു വലിയ പരീക്ഷയെ അഭിമുഖീകരിക്കാനെന്നോണം പിന്നീട് കോളേജിലെ പ്രസംഗ വേദിയിലേക്ക്​ അൽപം സന്ദേഹത്തോടെ നീങ്ങിയതും എന്നെ അത്ഭുതപ്പെടുത്തുക മാത്രമല്ല, ഇത്തരം കാര്യങ്ങൾക്ക് അദ്ദേഹം നൽകുന്ന ശ്രദ്ധയും ഗൗരവവും എത്രമാത്രം പിൻപറ്റേണ്ടതാണെന്ന ഉൾവെളിച്ചം പകരുകയും ചെയ്തു. ഒരു വിലാപ കാവ്യമെന്ന സാമാന്യ ധാരണയെ പൂർണമായി തിരുത്തി, അത് ജീവിത- മരണ ചിന്തകളുമായി ബന്ധപ്പെട്ട ഭിന്ന തത്വചിന്താ പദ്ധതികളെയും അന്വേഷണങ്ങളെയും (അദ്വൈതം, ബുദ്ധ ദർശനം, കർമ സിദ്ധാന്തം..) എപ്രകാരം എ.ആർ. രാജരാജ വർമ്മയുടെ മരണം മുൻനിർത്തി താരതമ്യം ചെയ്യുന്നുവെന്നും, ശങ്കരാചാര്യർ മുതൽ നാരായണഗുരു വരെയുള്ള ദാർശനിക ധാരകളുടെ ഗരിമയെ പ്രരോദനം എപ്രകാരം ആഴത്തിൽ ഉൾക്കൊള്ളുന്നുവെന്നും രണ്ടര മണിക്കൂറോളം നീണ്ട പ്രഭാഷണത്തിൽ ചുള്ളിക്കാട്​ മനോഹരമായും പ്രൗഢമായും അവതരിപ്പിച്ചു. ശ്ലോകങ്ങളും കാവ്യ വരികളും അദ്ദേഹത്തിന്റെ പ്രാതിഭാസികമായ ഓർമയിൽ നിന്ന് അനർഗളം പ്രവഹിച്ചതുകണ്ട് പുതിയ കുട്ടികൾ വിസ്മയിച്ചു.

പറളി റെയിൽവേ സ്റ്റേഷൻ

രാവിലെ ഒമ്പതര മണി മുതൽ, പ്രഭാഷണ സമയം ഒഴിച്ച്, വൈകുന്നേരം വരെയും റൂമിൽ ദീർഘമായ സ്വകാര്യ സംഭാഷണങ്ങളായിരുന്നു നടന്നത്. സാഹിത്യം, ജീവിതം, രാഷ്ട്രീയം, ജ്ഞാനസിദ്ധാന്തം, പി. കുഞ്ഞിരാമൻ നായർ, നാരായണ ഗുരു, ആശാൻ, ഉളളൂർ, ഒളപ്പമണ്ണ, സിനിമ തുടങ്ങി വിഷയങ്ങൾ മാറി മാറി വന്നു. നിരവധി കവിതകളും മൂന്ന് ദീർഘമായ ഷേക്‌സ്പിയർ സോളിലോക്വികളും ഗംഭീരമായി അവതരിപ്പിക്കപ്പെട്ടു. മുറിയിൽ എന്റെ ഒരു ചോദ്യത്തിനു തുടർച്ചയായി പി. എസ്. സി പരീക്ഷ എഴുതാൻ പോയ കഥയും മടങ്ങുന്നതിനിടയിൽ അതേ പരീക്ഷ എഴുതാൻ വന്ന ഒരു പെൺകുട്ടിയുടെ രക്ഷിതാവ്, തനിക്ക് ആ കുട്ടിയുമായി വിവാഹമാലോചിച്ചു വന്ന കാര്യവും അദ്ദേഹം ചിരിയോടെ പറഞ്ഞത് അപ്പോഴും സ്വയം വിശ്വാസം വരാത്തതു പോലെയായിരുന്നു..! കോവിഡ് കാലത്ത്, അദ്ദേഹത്തിന്റെ ഹോമർ- ഇലിയഡ് പരിഭാഷ- ഒരു ലോക്ക്ഡൗൺ ആക്ടിവിറ്റി പോലെ (അദ്ദേഹം വിശേഷിപ്പിക്കുന്നത്) ദിവസവും വാട്ട്‌സാപ്പിൽ
ലഭിക്കുന്നത്​ മറ്റൊരു അപൂർവ്വാനുഭവമാണ്.

തൊണ്ണൂറിന്റെ അവസാനത്തിലെന്ന് കരുതുന്നു, കോഴിക്കോട് സർവകലാശാലയിൽ എന്റെ ഒരു സർട്ടിഫിക്കറ്റ് വാങ്ങിക്കാനായി ചെല്ലുന്നു. സെക്ഷനിൽ ആളില്ലാത്തതിനാൽ ഓരാഴ്ച കഴിയാതെ കിട്ടില്ല എന്നു മനസ്സിലാകുന്നു. എന്തുവേണം എന്ന ചിന്തയിൽ ചുറ്റിത്തിരിയുമ്പോൾ, ടി. പി. രാജീവൻ എന്ന ബോർഡ് ശ്രദ്ധയിൽ വരുന്നു. അദ്ദേഹത്തിന്റെ കവിതകളോട് അതിനകം വലിയ അടുപ്പം തോന്നിയിരുന്നു. അവിടെ പി.ആർ.ഒ ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അപ്പോൾ നോവലുകൾ എഴുതിയിട്ടില്ല. പതുക്കെ സ്വയം പരിചയപ്പെടുത്തി. രാജീവൻ ഉറക്കെ ഒരു ചിരിയായിരുന്നു. ആദ്യമായി കാണുകയാണെങ്കിലും, ചിരകാല ബന്ധമുളളതുപോലെ അദ്ദേഹം പറഞ്ഞു- ‘നിങ്ങൾ വന്നതു നന്നായി. നമ്മുടെ കാരശ്ശേരി മാഷെ ഒന്നു ഇന്റർവ്യൂ ചെയ്യണം. ഇവിടുത്തെ ഒരു ചാനലിനു വേണ്ടിയാണ്. ഞാൻ പറ്റിയ ഒരാളെ കിട്ടാതെ മുഷിഞ്ഞ് ഇരിക്കുകയായിരുന്നു'.

എനിക്ക് ആശ്ചര്യമുണ്ടായത് സ്വാഭാവികം. പക്ഷേ സർട്ടിഫിക്കറ്റിന്റെ കാര്യം പറയാൻ അവസരമേ ലഭിക്കുന്നില്ല..! അദ്ദേഹം അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു നീങ്ങുകയാണ്. എങ്കിലും പതുക്കെ ഞാൻ എന്റെ പ്രശ്‌നം അവതരിപ്പിച്ചു. ‘അതൊക്കെ ഞാൻ അയച്ചു തരാം.ഒരു മണിക്കൂർ കഴിയുമ്പോൾ കാരശ്ശേരി മാഷ് എത്തും.യൂണിവേഴ്‌സിറ്റിയുടെ ടെറസ്സിനു മുകളിലിരിക്കാം' എന്ന് വീണ്ടും രാജീവൻ. അതിനിടെ റിസിയോരാജിന്റെ ‘അവിനാശം' എന്ന വ്യത്യസ്ത നോവലിനെക്കുറിച്ചുളള എന്റെ ‘അവിനാശത്തിന്റെ അകപ്പൊരുൾ' എന്ന ആയിടെ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് എടുത്തു പറയാനും അദ്ദേഹം മറന്നില്ല. ദൃശ്യമാധ്യമത്തിലുളള ഇന്റർവ്യൂ ഒട്ടും പരിചിതമല്ലെന്നും കാരശ്ശേരി മാഷെ ഇന്റർവ്യൂ ചെയ്യാൻ തയ്യാറെടുപ്പു വേണമല്ലോ എന്നും എന്റെ പരാധീനതകൾ ഒരിക്കൽക്കൂടി പറഞ്ഞെങ്കിലും, അഭിമുഖത്തിനു സഹായകരമാകുന്ന ചില നോട്ടുകൾ ഉണ്ടെന്നും അതിൽ അല്പം സ്വന്തമായി ചേർത്താൽ മതിയെന്നും അദ്ദേഹം ആത്മവിശ്വാസം പകർന്നു. കാരശ്ശേരി മാസ്റ്റർ കൃത്യമായി എത്തുകയും അഭിമുഖം ഭംഗിയായി നീങ്ങുകയും ചെയ്തു. മനോഹരവും ഹൃദയസ്പർശിയും പുതിയ അറിവുകൾ പകരുന്നതുമായിരുന്നു മാഷുടെ ആ ഭാഷണം. കാലം അടുത്ത ദശകത്തിലെത്തിയപ്പോഴേക്കും, സജീവമായ ഇടപെടലുകൾ കൊണ്ടു തന്നെ, കാരശ്ശേരി മാസ്റ്റർക്ക് വീഡിയോ പ്രഭാഷണങ്ങളിൽ നിന്ന് ഒഴിയാൻ സമയമില്ലാതായിത്തീർന്നു എന്നത് ഒരു വസ്തുതയാണല്ലോ!

പറളി പഞ്ചായത്ത് ഓഫീസ്

അടുത്ത സാഹിത്യ വിനിമയങ്ങൾ ഉണ്ടായിരുന്ന ടി. വി. കൊച്ചുബാവയും ഷെൽവിയും ജീവിച്ചിരിപ്പില്ല. അതുപോലെ ദീർഘകാലം സ്‌നേഹപൂർവ്വം എന്നെ നിരവധി സാഹിത്യ ക്യാമ്പുകളിൽ ഡയറക്ടറായി അവരോധിച്ച ഷംസുക്ക എന്ന അങ്കണം ഷംസുദ്ദീനും പിൻവാങ്ങിയിരിക്കുന്നു. കൊച്ചുബാവ കാണുമ്പോഴെല്ലാം സ്‌നേഹാധിക്യത്താൽ വലിയ ബഹളത്തിൽ സംസാരിച്ചു. ആദ്യം കാണുന്നത് തൃശൂരിൽ വെച്ചായിരുന്നു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തും ഉണ്ടായിരുന്നു. പരിചയപ്പെട്ട ഉടൻ, ‘‘പറളിയുടെ മധുരം ഗായതി ലേഖനം ഞങ്ങൾ ഗൾഫിലെ ഞങ്ങളുടെ ‘പൂമുഖം' എന്ന സാഹിത്യ - സാംസ്‌കാരിക സംഘടനയിൽ ഒരു വൈകുന്നേരത്തെ ചർച്ചാവിഷയമായി വെച്ചിരുന്നു’’ എന്ന് അൽപം വിസ്മയത്തോടെ പറഞ്ഞു.

ആദ്യകാഴ്ചയുടെ സന്തോഷത്തുടർച്ചയിൽ കൊച്ചുബാവ എന്നെ തൃശൂരിലെ പ്രമുഖമായ ബാറിലേക്കു നയിച്ചു. നീയും വരണം, സംസാരിക്കാനുണ്ട് എന്ന് ഖദർധാരിയായ ഒരിക്കലും മദ്യപിക്കാത്ത വടക്കേടത്തിനോടും കൊച്ചുബാവ ആജ്ഞാസ്വരത്തിൽ പറഞ്ഞു. ബാറിൽ ബാർമാൻ ഓർഡർ എടുക്കാൻ എത്തിയ ഉടൻ വടക്കേടത്ത് തികച്ചും അപ്രതീക്ഷിതമായി ഒരു ചായകിട്ടുമോ എന്ന് അയാളോട് ചോദിച്ചു. ബാർമാൻ വടക്കേടത്തിനെ മാത്രമല്ല, അങ്ങനെ ഒരാളെ അവിടെ എത്തിച്ച ഞങ്ങളേയും അല്പം രൂക്ഷമായിത്തന്നെ നോക്കിയത് ഇന്നും മറക്കാൻ കഴിയുന്നതല്ല..! പിന്നെ ഒരു നാരങ്ങാ ജ്യൂസിൽ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

വാസ്തവത്തിൽ ആ ബാർ മേശയിൽ വെച്ചാണ്, കൊച്ചുബാവ എഡിറ്ററായിരുന്ന ഗൾഫ് വോയ്‌സ് മാസികയിൽ നിരൂപണത്തെക്കുറിച്ച് വളരെ ഗൗരവമായി പ്രസിദ്ധീകരിച്ചു വന്ന ‘വായന'എന്ന കോളത്തിന്റെ പ്രാഥമിക ആലോചന നടക്കുന്നത്. നിരൂപണത്തിനും വിമർശനത്തിനും ഒരു ഘട്ടത്തിൽ ആ പംക്തി നൽകിയ ഊന്നൽ, നിരൂപണത്തിനു തന്നെ പൊതുവിൽ ഒരു നവോന്മോഷം പകർന്നിരുന്നു. ആ ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയതും, ടി. വിയിൽ കാണിച്ചിരുന്ന മമ്മൂട്ടി നായകനായ ദി കിംഗ് സിനിമ കണ്ട്, ഷാജി കൈലാസിനെക്കുറിച്ച് വാചാലനായതും രസകരമായ ഓർമയാണ്. ഇന്ന് ആ സിനിമ എനിക്ക് ഒരു കൊച്ചുബാവ ഓർമ കൂടിയാണ്. കോളം വൈകിയാൽ, ഒരു കത്തിയുമായി വന്ന് എന്നെ കുത്തിക്കൊല്ലുന്നതാണ് നല്ലത് എന്നൊക്കെ എപ്പോഴും ആശങ്കപ്പെടുമായിരുന്നു. 1999 നവംബർ 25 ന് അദ്ദേഹത്തിന്റെ മരണവാർത്ത ഏറെ ദുഃഖത്തോടെ അറിഞ്ഞു. തന്റെ നിത്യമായ വ്യാകുലതകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും കൊച്ചുബാവ ഇത്ര പെട്ടെന്ന് മോചിതനാകുമെന്ന് ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ല.

എന്റെ ആദ്യ പ്രസാധകൻ കവി കൂടിയായ ഷെൽവി (മൾബറി) ആയിരുന്നു. സി.പി പുസ്തകം ആദ്യപതിപ്പു ചെയ്തതും ഷെൽവിയാണ്. പ്രസാധനത്തെ കാവ്യാത്മകമാക്കാൻ അയാൾ പരിശ്രമിച്ചിരുന്നു. 2003ൽ ഷെൽവി വീട്ടിൽ സ്വന്തം മുറിയിൽ തൂങ്ങിമരിച്ച വാർത്ത (ജോലിസ്ഥലമായിരുന്ന താനൂരിൽ) രാത്രി ഇന്ത്യാവിഷൻ ചാനലിൽ കേട്ട് എനിക്ക് കുറച്ചുസമയം ഷെൽവിയോടൊപ്പമുളള സന്ദർഭങ്ങളെല്ലാം വെറും സ്വപ്നങ്ങളായി അനുഭവപ്പെട്ടു..! ദുഃഖം ആ രാത്രിയുടെ കനമുളള പുതപ്പായി.

സി.പി പുസ്തകത്തിന്റെ പ്രകാശനം കോട്ടയത്ത് ഒ. വി. വിജയന്റെ വീട്ടിൽ നിശ്ചയിച്ച്, തലേന്ന് എഴുത്തുകാരൻ പി. സുരേന്ദ്രന്റെ വീട്ടിൽ താമസിച്ച്-സുരേന്ദ്രൻ അന്നുണ്ടാക്കിയ മീൻകറി അപാരമായിരുന്നു- നടത്തിയ ആ കാർ യാത്രപോലും അയഥാർഥമായിത്തോന്നി..! ആദ്യമായി വി. ആർ. സുധീഷിനോടും എ. അയ്യപ്പനോടും സംസാരിക്കുന്നത് ‘മൾബെറി’യിൽ വെച്ചാണ്. ഒരു നാൾ അയ്യപ്പൻ വന്നു പോയി.

ഞാൻ പരിചയത്തിലാകുമ്പോൾ, ഉച്ചയ്ക്ക് ഭക്ഷണത്തിനു മുമ്പ് ഒരു ബീയർ ഷെൽവിക്കു പതിവായിരുന്നു. കോഴിക്കോട് എത്തുമ്പോൾ എന്നെയും കൂട്ടി. ആകസ്മികമായി ഒരു ദിവസം വി. ആർ. സുധീഷും ഞാനുളള ദിവസം ‘മൾബറി’യിലെത്തി. സുധീഷ്, പറളി എന്ന സ്ഥലം എവിടെയായി വരുമെന്നും ആരൊക്കെയുണ്ടെന്നും ജോലി എവിടെ എന്നുമൊക്കെ വിശദമായി ചോദിച്ചു. അന്നും ഉച്ചയ്ക്ക് ബിയർ കഴിച്ച് ഭക്ഷണം എന്ന നിലയിൽ ഉച്ചയ്ക്ക് ‘മൾബറി’ക്ക് അടുത്തുളള കെ.ടി.ഡി.സി ബിയർ പാർലറിൽ എത്തി.

പലതും സംസാരിച്ച് ഷെൽവിയുടെ വർത്തമാനം, പതുക്കെ ദാമ്പത്യത്തിലെ ചില സംഘർഷങ്ങളെക്കുറിച്ചായി- പൂർണമായും സുധീഷിനോടായിരുന്നു അപ്പോൾ വർത്തമാനം. ഞാൻ ഇക്കാര്യത്തിൽ വെറും കേൾവിക്കാരനും. ഉടൻ സുധീഷ്, ദാമ്പത്യ നിരൂപണം വേണ്ട എന്ന് അസന്ദിഗ്ധമായി പറയുന്നു, ഷെൽവിയുടെ വർത്തമാനം തടയുന്നു. നിനക്കു കാര്യങ്ങളറിയാൻ ഇനിയും സമയമുണ്ടല്ലോ എന്ന് അവിവാഹിതനായ എന്നോടും..! പിന്നെയും വർഷങ്ങൾ കഴിഞ്ഞ് മുപ്പത്തയഞ്ചാം വയസ്സിലാണ്- 2009 മെയ് 20-നാണ് ഞാൻ ബ്യൂല എലിസബത്തുമായി ഒരു ഒത്തുവാഴ്വ് (Living Together) ആരംഭിക്കുന്നത്.

ബ്യൂലയുടെ മാതൃഭാഷ തമിഴ് ആണെന്ന സവിശേഷത കൊണ്ടു കൂടിയാകാം, പൊതുവിൽ വലിയ സംഘർഷങ്ങളിൽ ഇരുവരും ഇതുവരെ അകപ്പെട്ടിട്ടില്ലെന്നതും തുറന്നുപറയട്ടെ, തീർച്ചയായും സഹനം അവളിലുണ്ടാകാമെങ്കിലും! (സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വിവാഹകാര്യത്തിലേക്ക്/കഥയിലേക്ക് ഇവിടെ കടക്കുന്നില്ല).
പിന്നീട് വി. ആർ. സുധീഷുമൊത്തുളള ധാരാളം സ്വകാര്യ ഇടങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുധീഷ് ആലപിക്കുന്ന നിരവധി ഗാനങ്ങൾ കേൾക്കാനായിട്ടുണ്ട്.

ഒരു തവണ പാലക്കാട് ഒത്തുകൂടി പിരിഞ്ഞത് രസകരമായ ഓർമയാണ്. അടുത്ത ദിവസം പുതുപ്പരിയാരത്തു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സുധീഷ് പാലക്കാട് പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിൽ താമസിക്കുകയായിരുന്നു. രാത്രി കൊതുകു മൂലം സഹികെട്ട അദ്ദേഹം അർദ്ധരാത്രി എന്നെ വിളിക്കുന്നു. പറളിയിലേക്കു വരാനുളള സാധ്യത ആരായുന്നു. ആ സമയത്തുളള യാത്രാ പ്രയാസം കണക്കിലെടുത്ത്, അടുത്തു തന്നെയുളള കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ മാസ്റ്ററുടെ വീട്ടിലേക്കു നീങ്ങാനുളള സംവിധാനം ഒരുക്കുന്നു. സേതുമാധവൻ മാസ്റ്ററുടെ എഴുത്തിന്റെ അമ്പതാം വാർഷികാഘോഷം കൂടിയായിരുന്നു അടുത്ത ദിവസത്ത പുതുപ്പരിയാരത്തെ പരിപാടി. അങ്ങനെ സുധീഷ് അങ്ങോട്ടു നീങ്ങുന്നു.

പറളി പാലങ്ങൾ

അതേസമയം, അടുത്ത ദിവസം കൊതുകിനും മാസ്റ്റർക്കും ഇടയിൽപ്പെട്ട തന്റെ പ്രത്യേകാവസ്ഥയെക്കുറിച്ച്​ വ​ളരെ ഹാസ്യാത്മകമായി അദ്ദേഹം അവതരിപ്പിച്ചത് ഒട്ടും മറക്കാനാകുന്നതല്ല. സുധീഷ് മുഖ്യപ്രഭാഷകനായിരുന്ന വേദിയിൽ അടുത്ത ദിവസം ഞാനും ഒരു പ്രഭാഷകനായിരുന്നു. യോഗത്തിനും ‘പോഷകാഹാരത്തോടൊപ്പമുളള' ഭക്ഷണത്തിനുംശേഷം സുധീഷ് യാത്രയായി.

‘പറളിക്കഥ'കൾക്ക് ഏതായാലും ഇവിടെ താൽക്കാലിക വിരാമമിടുകയാണ്. അപ്പോൾ പ്രധാനമായി പറഞ്ഞുവന്നത്, ഇത്തരം സാഹിത്യ- സാംസ്‌കാരിക സന്ദർഭങ്ങളിലൊക്കെ, നാടിന്റെ സാംസ്‌കാരികമായ അതിര് എന്നിലൂടെയും അല്പം വികസിക്കുന്നുവല്ലോ എന്ന ഒരു സന്തോഷം ഉള്ളിൽ ഉണ്ടാകാതിരുന്നിട്ടില്ല എന്നു മാത്രമാണ്. ഒപ്പം എഴുത്തിൽ കാൽ നൂറ്റാണ്ടു പിന്നിടുന്ന ഈ ഘട്ടത്തിൽ, പുതിയ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകൃതമാകുന്നതിൽപ്പോലും ഈ ചിന്തകളുടേയും ഓർമകളുടേയും വലിയ ഊർജ്ജമുണ്ടെന്നും എടുത്തു പറയേണ്ടി വരുന്നു..!

(തുടരും)



രഘുനാഥൻ പറളി

നിരൂപകൻ, വിവർത്തകൻ, അധ്യാപകൻ. ദർശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, മൗനം എന്ന രാഷ്ട്രീയ രചന, സി.പി. രാമചന്ദ്രൻ: സംഭാഷണം സ്മരണ ലേഖനം (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments