എഴുത്തപ്പെട്ട ചരിത്രം കൊന്നവരുടേത് മാത്രമാണ്, എഴുതാനുള്ളത് കൊല്ലപ്പെട്ടവരുടെയും. അത്തരമൊരു ചരിത്രരചനയാണ് റൗള്‍ പെക്ക് I Am Not Your Negro എന്ന ഡോകുമെന്ററിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. അമേരിക്കന്‍ നോവലിസ്റ്റും ചരിത്രകാരനും ഒരുകാലത്ത് അമേരിക്കന്‍ വെള്ളക്കാരന്റെ മിഥ്യാഭിമാനത്തെ അളവില്ലാത്തവിധം മുറിവേല്‍പ്പിച്ച ജെയിംസ് ബാള്‍ഡ്വിന്‍ എന്ന കറുത്തവര്‍ഗക്കാരന്റെ ജീവിതവും പോരാട്ടങ്ങളും, അമേരിക്കന്‍ നീഗ്രോയുടെ ഇന്നോളമുള്ള പോരാട്ടങ്ങളോട് വിളക്കിച്ചേര്‍ത്ത് നമ്മുടെ ചിന്തയ്ക്കായി വിട്ടുതരുന്ന അനുഭവമാണ് I Am Not Your Negro. കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കയിലങ്ങോളമിങ്ങോളം പ്രതിഷേധമുയരുന്ന ഈ കാലത്ത്, I Am Not Your Negro എന്ന ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കി ബാഡ്വിന്റെ ജീവിതം പറയുകയാണ് ലേഖകന്‍.
20 Jun 2020, 02:00 PM
"The American Dream is at the expense of the American Negro'
[James Baldwin, Cambridge Debate, February 18, 1965]
ജോര്‍ജ് ഫ്‌ലൊയിഡിനു നിഷേധിക്കപ്പെട്ട പ്രാണവായു അമേരിക്കയിലങ്ങോളമിങ്ങോളം ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് കെട്ടടങ്ങും മുമ്പേ വീണ്ടുമൊരു കറുത്ത വംശജന്‍ വെടിയേറ്റു വീണിരിക്കുന്നു. 2020 ജൂണ്‍ 12ന്, മെഡ്ഗര്‍ എവേഴ്‌സ് (Medgar Evers, 1953 June 12) കൊല്ലപ്പെട്ട അതേദിവസം തന്നെ, റെയ്ഷാദ് ബ്രൂക്ക്‌സ് (Rayshard Brooks) വെടിയേറ്റു മരിക്കുന്നു. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നതെന്ന് നാല് മാസം മുമ്പ് പറഞ്ഞയാളാണ് ബ്രൂക്ക്‌സ്.
കൊലപാതകങ്ങളൊന്നും തന്നെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പലരും കരുതും പോലെ നിഷ്‌ക്കളങ്കവുമല്ല. അനീതിക്കെതിരായി നിന്റെ വാക്കുയരുമ്പോള്‍ ഓര്‍ക്കുക, നിനക്കായി എവിടെയോ ഒരു വെടിയുണ്ട തയ്യാറെടുക്കുന്നുണ്ട് എന്ന്.

പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അവരുമായി കലഹിച്ച് അവരുടെ ആയുധവുമായി കടന്നു കളഞ്ഞുവെന്നതായിരുന്നു ബ്രൂക്‌സിന്റെ മരണശിക്ഷയുടെ വിധിവാചകം. ഈ പറയുന്ന ആയുധം ഒരാളുടെ ശരീരം സ്തംഭിപ്പിക്കാന്‍ പോന്നത്ര മാരകമാണു പോലും. അതായത് ഞങ്ങളുടെ കയ്യിലിരിക്കുമ്പോള്‍ അത് ലീഗല്‍ വെപ്പണ്‍. നിങ്ങളുടെ കയ്യിലെത്തുമ്പോള്‍ അത് മാരകായുധം. ഇതേ ആയുധം കൊണ്ട് നിങ്ങളെ ഞങ്ങള്‍ക്ക് കൊല്ലാം. നിങ്ങളതു കൈ കൊണ്ടു തൊട്ടാല്‍ ഞങ്ങളെ നിങ്ങള്‍ കൊന്നേക്കുമോ എന്നു ഭയന്നും നിങ്ങളെ ഞങ്ങള്‍ക്ക് കൊല്ലാം. ചുരുക്കത്തില്‍, നിങ്ങള്‍ ചാകേണ്ടവരും ഞങ്ങള്‍ നിങ്ങളെ കൊല്ലേണ്ടവരുമാണ്.
എഴുത്തപ്പെട്ട ചരിത്രം കൊന്നവരുടേത് മാത്രമാണ്, എഴുതാനുള്ളത് കൊല്ലപ്പെട്ടവരുടെയും. അത്തരമൊരു ചരിത്രരചനയാണ് റൗള്‍ പെക്ക് (Raoul Peck) I Am Not Your Negro എന്ന ഡോകുമെന്ററിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. അമേരിക്കന്‍ നോവലിസ്റ്റും ചരിത്രകാരനും ബുദ്ധിജീവിയും ആക്ടിവിസ്റ്റും, എന്തിനേറെപ്പറയുന്നു ഒരു കാലത്ത് അമേരിക്കന്‍ വെള്ളക്കാരന്റെ മിഥ്യാഭിമാനത്തെ അളവില്ലാത്തവിധം മുറിവേല്‍പ്പിച്ച കൃശഗാത്രനായ ഒരു കറുത്ത വര്‍ഗക്കാരനാണ് ജെയിസ് ബാള്‍ഡ്വിന്‍ (James Arthur Baldwin). പൂര്‍ത്തീകരിക്കാനാവാത്ത പോരാട്ടങ്ങള്‍ക്കൊപ്പം, അപൂര്‍ണമായൊരു കയ്യെഴുത്തു പ്രതിയും ബാള്‍ഡ്വിന്‍ മരണക്കിടക്കയിലവശേഷിപ്പിച്ചിരുന്നു. ബാള്‍ഡ്വിന്റെ ഉറ്റ സഖാക്കളായിരുന്ന മെഡ്ഗര്‍ എവേഴ്‌സ് (Medgar Evers), മാല്‍ക്കം എക്‌സ് (Malcolm X), മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ (Martin Luther King, Jr.), ഇവരുമായുള്ള ഇടപെടലുകളും അവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉള്‍പ്പെടുത്തിയ ഓര്‍മ്മക്കുറിപ്പുകള്‍ (Remember this house). പക്ഷേ, മുപ്പതു പേജിനപ്പുറം ആ കുറിപ്പുകള്‍ തുടരാന്‍ ബാള്‍ഡ്വിന് കഴിഞ്ഞിരുന്നില്ല. ഈ പുസ്തകം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ മക്ഗ്രാഹില്‍ കമ്പനി (McGraw-Hill) ബാള്‍ഡ്വിന്‍ മുന്‍കൂര്‍ വാങ്ങിയ തുകയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യുകയുമുണ്ടായി എന്ന ദൗര്‍ഭാഗ്യകരമായ സംഭവവും പിന്നീടുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ടുകെട്ടിയ ചരിത്രമാണിത്.

കാഫ്കയെന്ന അന്തര്‍മുഖനായ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനെ മരണശേഷം, വിശ്വസാഹിത്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് തുറന്നു വിട്ടത് മാക്‌സ് ബ്രോഡാണ്. ജെയിംസ് ബാള്‍ഡ്വിന്‍ ജീവിച്ചിരുന്ന കാലത്തു തന്നെ സെലിബ്രിറ്റി ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയുടെ തീപ്പന്തങ്ങള്‍ പുതുതലമുറയുടെ കൈകളിലേക്ക് ഏറ്റിക്കൊടുക്കാന്‍ റൗള്‍ പെക്ക് ചെയ്ത പരിശ്രമത്തെ അഭിന്ദിക്കാതെ പറ്റില്ല. മുപ്പതു പേജുകള്‍ മാത്രം വരുന്ന ഈ കുറിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി, ബാള്‍ഡ്വിന്റെ ജീവിതവും പോരാട്ടങ്ങളും, അമേരിക്കന്‍ നീഗ്രോയുടെ ഇന്നോളമുള്ള പോരാട്ടങ്ങളോട് വിളക്കിച്ചേര്‍ത്ത് ജീവല്‍സംഗീതത്തിന്റെ അകമ്പടിയോടെ സാമുവല്‍ ജാക്സന്റെ ശബ്ദഗാംഭീര്യത്തില്‍ നമ്മുടെ ചിന്തയ്ക്കായി വിട്ടുതരുന്ന അനുഭവമാണ് I Am Not Your Negro.
അമേരിക്ക വിട്ടതിനെപ്പറ്റി ബാള്‍ഡ്വിന്‍ തന്നെ പറയുന്നത് ഞാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഒരു സമൂഹമാണിത് എന്നാണ്. ബാള്‍ഡ്വിനെ നമുക്ക് നഷ്ടപ്പെടാതിരുന്നത് അദ്ദേഹം അമേരിക്കയില്‍ നിന്നകന്നു ജീവിച്ചതുകൊണ്ടു മാത്രമാണ്.
പള്ളിയോടും പട്ടക്കാരോടും ഭരണകൂടസ്ഥാപനങ്ങളോടും കലഹിച്ച് തന്റെ ഇരുപത്തിനാലാം വയസ്സില്‍ പാരീസിലേക്ക് ബാള്‍ഡ്വിന്‍ കുടിയേറി. നീണ്ട ഇരുപത്തിനാലു വര്‍ഷങ്ങള്‍ പാരീസില്‍ ജീവിച്ച് അനേകം സാഹിത്യ സൃഷ്ടികള്‍ നടത്തി. അമേരിക്ക വിട്ടതിനെപ്പറ്റി ബാള്‍ഡ്വിന്‍ തന്നെ പറയുന്നത് ഞാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഒരു സമൂഹമാണിത് എന്നാണ്. ബാള്‍ഡ്വിനെ നമുക്ക് നഷ്ടപ്പെടാതിരുന്നത് അദ്ദേഹം അമേരിക്കയില്‍ നിന്നകന്നു ജീവിച്ചതുകൊണ്ടു മാത്രമാണ്.
1957ല്‍ അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി വരുന്നു. റഷ്മോര്‍ കുന്നുകളില്‍ (Mount Rushmore) കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന മഹാരഥന്മാരെക്കാള്‍ ഒരുപക്ഷെ അമേരിക്കന്‍ ഹൃദയങ്ങളില്‍, ലോകമനസാക്ഷിയുടെ നെഞ്ചകങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്ന മാല്‍ക്കം എക്‌സ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരോട് സൗഹൃദത്തിലാകുന്നു. വ്യത്യസ്തങ്ങളായ അവരുടെ പോരാട്ട രീതികളോട് താദാന്മ്യപ്പെട്ടുകൊണ്ടു തന്നെ, തന്റേതായ പാതകളില്‍ ബാള്‍ഡ്വിന്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നു.
വെളുത്തവന്റെ വേദികളില്‍ സധൈര്യം കടന്നു ചെന്ന് കറുത്തവനു വേണ്ടി വാദിച്ചു ജയിക്കാന്‍ ബാള്‍ഡ്വിന് സാധിച്ചിരുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന പ്രസ്താവന, 1965 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു ബാള്‍ഡ്വിന്‍ - ബക്ക്‌ലി ഡിബേറ്റില്‍ നിന്നാണ്. അന്ന് ബാള്‍ഡ്വിന്റെ വാദങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞത്, നാഷണല്‍ റിവ്യൂ സ്ഥാപകനും, പിന്നീട് അമേരിക്കന്‍ ഉന്നത നയതന്ത്ര വൃത്തങ്ങളില്‍ ഉപദേശകതുല്യമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളുമായ വില്യം ബക്ക്‌ലിയാണ് (William F. Buckley Jr.).
ഈ ഡിബേറ്റിന്റെ പുസ്തകരൂപം 2019 ല്‍ പുറത്തുവന്നിരുന്നു. [The Fire Is Upon Us: James Baldwin, William F. Buckley Jr., and the Debate Over Race in America, Author: Nicholas Buccola]
ഡോകുമെന്ററിയിലേക്ക്...
ABC Networks ന്റെ പ്രസിദ്ധമായ ഡിക്ക് കവെ ഷോയില്‍ (The Dick Cavett Show) നിന്നാണ് തുടക്കം. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ ഇന്നനുഭിക്കുന്ന പ്രിവിലേജുകള്‍ ചൂണ്ടിക്കാട്ടി, എല്ലാം ശുഭമായിത്തന്നെ പോകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ രാജ്യത്ത് കറുത്തവനു നേരെ ഇത്രയും പ്രശ്ങ്ങള്‍ നടക്കുമ്പോഴും അതിന്റെ മറുവശം ചൂണ്ടിക്കാട്ടി അതിനെ മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് കറുത്തവന്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്ന് ബാള്‍ഡ്വിന്‍ മറുപടി നല്‍കുന്നുണ്ട്.ബാള്‍ഡ്വിന്‍ പറയാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ റൗള്‍ പെക്ക് നമുക്ക് കാട്ടിത്തരുന്നത്.
ഈ രാജ്യത്ത് കറുത്തവനു നേരെ ഇത്രയും പ്രശ്ങ്ങള്‍ നടക്കുമ്പോഴും അതിന്റെ മറുവശം ചൂണ്ടിക്കാട്ടി അതിനെ മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് കറുത്തവന്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്ന് ബാള്‍ഡ്വിന്‍ മറുപടി നല്‍കുന്നുണ്ട്.
കറുത്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒറ്റയ്ക്കും തെറ്റയ്ക്കും നടന്ന നിരവധി സമരങ്ങള്‍. അതിനെ ഭരണകൂടം പ്രതികാര ബുദ്ധിയോടെ നേരിടുന്ന രീതികള്‍, അഞ്ചു വര്‍ഷത്തെ ഇടവേളയില്‍ ഇല്ലാതാക്കപ്പെട്ട പ്രിയ സുഹൃത്തുക്കള്‍, മെഡ്ഗര്‍, മാര്‍ക്കം, കിംഗ് ഇവരുടെ മരണ വാര്‍ത്തകള്‍ വ്യക്തിപരവും സാമൂഹികവുമായുണ്ടാക്കിയ ആഘാതങ്ങള്‍, ഇവയെല്ലാം നമ്മളിലൂടെയും കടന്നു പോകും. അഞ്ചു ഭാഗങ്ങളായാണ് ബാള്‍ഡ്വിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പെക്ക് അവതരിപ്പിക്കുന്നത്.
Part 1 - Paying My Dues
വെളുത്ത കുട്ടികളോടൊപ്പം കറുത്തവരെയും ഇരുത്തുക എന്ന മഹാപാപം ഇടിത്തീ പോലെ വെള്ളക്കാരനെ പിടിച്ചുലച്ച ലിറ്റില്‍ റോക്ക് ക്രൈസിസ് (Little Rock Crisis) നടന്ന 1957 ലെ ഒരു സായാഹ്നത്തില്‍, സ്വന്തം ജനതയോടുള്ള കടം വീട്ടാനുള്ള സമയം തിരിച്ചറിഞ്ഞ ബാള്‍ഡ്വിന്‍ പാരീസിനോട് വിടപറയുന്നു. വെള്ളക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ കറുത്തവന്റെ മക്കള്‍ പഠിക്കുന്നതിനെതിരെ വെള്ളക്കാര്‍ നടത്തിയ അക്രമങ്ങള്‍, കൊലപാതകവും വ്യഭിചാരവും ദൈവം ചിലപ്പോള്‍ ക്ഷമിച്ചേക്കും. എന്നാല്‍ കറുത്തവനുമായിടപഴകുന്നത് ഒരിക്കലും ക്ഷമിക്കില്ലെന്ന സുവിശേഷം പരക്കെ പടര്‍ന്ന സമയം.

കൂക്കുവിളികളും ആക്രോശങ്ങളും വകവയ്ക്കാതെ സ്‌കൂളിലെത്തിയ ഡൊറോത്തി പാര്‍ക്കര്‍ എന്ന പതിനഞ്ചു വയസ്സുകാരി. അക്കാലം അടയാളപ്പെടുത്തിയ നിരവധി ദൃശ്യങ്ങള്‍ പെക്ക് കാട്ടിത്തരുന്നു. അന്യനിറക്കാരനുമായി ഇടകലര്‍ന്നു പോയതിന്റെ പേരില്‍ സ്വന്തം ചോരയെ വരെ കടിച്ചു കീറുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടല്ലോ. പഞ്ചമി ഇരുന്ന ബെഞ്ച് കത്തിച്ച പാരമ്പര്യം നമുക്കുമുണ്ടല്ലോ.
Part 2 - Herose
അലസനും മടിയനും തല്ലുകൊള്ളിയും പരിഹാസപാത്രവും മാത്രമായി സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്ന കറുത്തവന്‍ ബാല്യത്തില്‍ ബാള്‍ഡ്വിന്റെ ആദര്‍ശനായകന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ചാകാന്‍ മാത്രം വിധിയുണ്ടായിരുന്ന, തിരിച്ചടിക്കാതെ വഴങ്ങിക്കൊടുത്ത അങ്കിള്‍ ടോം, ആ തലമുറയുടെ വെള്ളിത്തിരയിലെ ഹീറോ ആയിരുന്നില്ല.
ചത്തു മലച്ചവരുടെ നിറവും നമ്മളുടേതും ഒന്നാണെന്ന് നമ്മള്‍ തിരിച്ചറിയും വരെ നമ്മള്‍ കയ്യടി തുടരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് ഹീറോയിസമല്ലെന്നും കൊലപാതകങ്ങളായിരുന്നുവെന്നും ആ ഘട്ടത്തില്‍ മാത്രമാണ് നമ്മള്‍ തിരിച്ചറിയുക.
അങ്കിള്‍ ടോംസ് ക്യാബിന്‍ (Uncle Tom's Cabin | Novel | Harriet Beecher Stowe) എന്ന പുസ്തകം, പക്ഷെ അമേരിക്കന്‍ സിവില്‍ റൈറ്‌സ് മൂവേമെന്റിനു പുതുജീവന്‍ നല്‍കിയ ഒന്നാണ്. തടിച്ച് കറുത്ത് പല്ലുന്തിയ മനുഷ്യരെ അശ്ലീലങ്ങളായി ചിത്രീകരിച്ച് കോമഡിയുല്‍പ്പാദിപ്പിക്കുന്ന ചാനല്‍ ഫാക്ടറികള്‍ നമ്മുടെ സ്വീകരണമുറികളെയും ചിരിയിലാറാടിക്കുന്നുണ്ട് എന്ന കാര്യം ഇതിനോടു കൂട്ടി വായിക്കാം. നമ്മുടെ കുട്ടികളുടെയും ഹീറോകളെ അവര്‍ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
1965 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡിബേറ്റില്‍, ബാള്‍ഡ്വിന്‍ പറഞ്ഞു വയ്ക്കുന്ന ചില വസ്തുതകളുണ്ട്. ""നമ്മള്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് നമ്മളെ തുടച്ചു മാറ്റാന്‍ അവര്‍ ശ്രമിക്കുന്നത് കണ്ട് നമ്മള്‍ കയ്യടിക്കുന്നു. അമരിന്ത്യക്കാരെ വെടിവച്ചു വീഴ്ത്തുന്ന ജോണ്‍ വെയിനും (John Wayne) ഗാരി കൂപ്പറുമൊക്കെ (Gary Cooper) നമ്മുടെ ഹീറോകളാകുന്നു. അങ്ങനെ ചത്തു മലച്ചവരുടെ നിറവും നമ്മളുടേതും ഒന്നാണെന്ന് നമ്മള്‍ തിരിച്ചറിയും വരെ നമ്മള്‍ കയ്യടി തുടരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് ഹീറോയിസമല്ലെന്നും കൊലപാതകങ്ങളായിരുന്നുവെന്നും ആ ഘട്ടത്തില്‍ മാത്രമാണ് നമ്മള്‍ തിരിച്ചറിയുക.''
Part 3 - Witness
രാജ്യതാല്‍പ്പര്യം അതായത് രാജ്യം ഭരിക്കുന്നവരുടെ താല്‍പ്പര്യം, അതു സംരക്ഷിക്കാനായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭരണകൂടങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്. ഗവണ്‍മെന്റിനെതിരായ സായുധ നീക്കങ്ങളെ, വിഘടനവാദ പ്രസ്ഥാനങ്ങളെ അവര്‍ നിരീക്ഷിക്കുകയും അതത്

സമയങ്ങളില്‍ അടിച്ചമര്‍ത്തുകയും ചെയ്യും. എന്നാല്‍ സായുധ നീക്കങ്ങളെക്കാളും ഭരണകൂടങ്ങള്‍ ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. ബുദ്ധിജീവികള്‍; ആശയതലത്തില്‍ തീവ്രതയുള്ളവര്‍. അവര്‍ ചിതറിക്കുന്ന തീപ്പൊരികള്‍ ഏതെല്ലാം ഇടങ്ങളില്‍ ആളിപ്പടരും എന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് വല്ലാത്ത ആവലാതിയാണ്. ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍പ്പോലും, ബുദ്ധിജീവികളെ കൃത്യമായി ടാര്‍ജറ്റ് ചെയ്ത് വീഴ്ത്തുന്നതില്‍ നമ്മുടെ ഭരണകൂടവും കണിശത കാട്ടിയത് നമ്മള്‍ കണ്ടതാണ്.
1966 മുതല്‍ എഫ്.ബി.ഐ (FBI, Federal Bureau of Investigation) ബാള്‍ഡ്വിനെ ഭയക്കാന്‍ തുടങ്ങി. പിന്തുടരാനും. ബാള്‍ഡ്വിന്‍ സ്വവര്‍ഗാനുരാഗിയാണെന്നത് അവരുടെ അന്വേഷണത്വരയെ ഉത്സാഹപ്പെടുത്തുകയും ചെയ്തു. NAACP (National Association for the Advancement of Colored People) യുടെ ഫീല്‍ഡ് സെക്രട്ടറി ആയിരുന്ന മെഡ്ഗര്‍ ആയിടെ നടന്ന ഒരു കറുത്തവര്‍ഗക്കാരനായ യുവാവിന്റെ കൊലപാതകം അന്വേഷിക്കുന്ന കമ്മീഷനില്‍ അംഗമായിരുന്നു. 1963 ജൂണ്‍ 12 ന് മെഡ്ഗര്‍ സ്വന്തം വീടിന്റെ കാര്‍പോര്‍ച്ചില്‍ വച്ചു വെടിയേറ്റു മരിക്കുന്നു. മെഡ്ഗറും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാള്‍ഡ്വിനെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അത്. മരിക്കുമ്പോള്‍ മെഡ്ഗറിന് വയസ് 37.
അവര്‍ ചിതറിക്കുന്ന തീപ്പൊരികള്‍ ഏതെല്ലാം ഇടങ്ങളില്‍ ആളിപ്പടരും എന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് വല്ലാത്ത ആവലാതിയാണ്. ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍പ്പോലും, ബുദ്ധിജീവികളെ കൃത്യമായി ടാര്‍ജറ്റ് ചെയ്ത് വീഴ്ത്തുന്നതില്‍ നമ്മുടെ ഭരണകൂടവും കണിശത കാട്ടിയത് നമ്മള്‍ കണ്ടതാണ്.
പെക്ക് പിന്നീട് നമ്മളെ കാട്ടുന്നത് കുറച്ചു കൗമാരക്കാരെയാണ്. നിറത്തിന്റെ പേരില്‍ മാത്രം തുടര്‍ന്നു ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട കുരുന്നുകള്‍. പന്ത്രണ്ട് വയസുകാരന്‍ റ്റമീര്‍ റൈസ് (Tamir Rice | November 22, 2014) കളിത്തോക്ക് കയ്യില്‍ വച്ച് ആളുകളെ ഭയപ്പെടുത്തി എന്ന കുറ്റത്തിനു പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെടുന്നു.
പതിമൂന്നു വയസുകാരന്‍ ഡാരിയസ് സിമ്മണ്‍സിനെ (Darius Simmons | May 31, 2012) അയല്‍വാസിയായ വെള്ളക്കാരന്‍ വൃദ്ധന്‍ (75 വയസ്സ്), ഒരു കൈപ്പാടകലെ നിന്ന് വെടിവച്ചു കൊല്ലുന്നു. ആരോപിക്കപ്പെടും പോലെ ഒരു ക്രിമിനലായിരുന്നു അവനെങ്കില്‍ അയാളെ അവനു നിഷ്പ്രയാസം കീഴ്‌പ്പെടുത്താമായിരുന്നു. ഈ കേസിന്റെ വിചാരണ വേളയില്‍ ആ കുട്ടിയുടെ അമ്മ കണ്ണീരോടെ പറഞ്ഞത് ഈ നാട്ടില്‍ നിന്ന് തോക്കുകള്‍ ഇല്ലാതാകുന്ന ദിവസം മാത്രമേ അമ്മമാര്‍ക്കിവിടെ സമാധാനമായി ഉറങ്ങാന്‍ കഴിയൂ എന്നാണ്. Gun Culture ആണ് അമേരിക്കയുടെ ഏറ്റവും വലിയ ശാപം. ഈ സംസ്‌ക്കാരത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും കറുത്തവരുമാണ്.

പതിനേഴു വയസുകാരന്‍ ട്രെയ്വോണ്‍ മാര്‍ട്ടിന്‍ (Trayvon Benjamin Martin | February 26, 2012) ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. കൊലയാളിയെ, പ്രാണരക്ഷാര്‍ത്ഥം ചെയ്ത കൊലപാതകം എന്ന പഴുതിലൂടെ വെറുതെ വിടുകയും ചെയ്തു. ഏഴു വയസുകാരി അയന ജോണ്‍സ് (Aiyana Mo'Nay Stanley Jones | May 16, 2010) കൊല്ലപ്പെട്ടത്, പോലീസ് റെയ്ഡിനിടെയാണ്. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തു എന്നതു മാത്രമായിരുന്നു ആ പൊലീസ് ഓഫീസറുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം.
സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് വാഹനമിടിച്ചു മരിച്ച പതിനേഴുവയസുകാരന്‍ ക്രിസ്റ്റഫര്‍ മക്രെയ് (Christopher Maosn McCray | October 27, 2014). പതിനാലുകാരന്‍ കാമറൂണ്‍ റ്റില്‍മാന്‍ (Cameron Tillman | September 23, 2014). പൊലീസിന്റെ വെടിയേറ്റ് മുക്കാല്‍ മണിക്കൂറോളം ചോരവാര്‍ന്നാണ് മരിക്കുന്നത്. പൊലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ബൈക്ക് മരത്തിലിടിച്ച് കൊല്ലപ്പെട്ട, പതിനേഴുകാരന്‍ അമീര്‍ ബ്രൂക്ക്‌സ് (Amir Brooks | August 6, 2014).
Part 4 - Purtiy
വര്‍ണ്ണവിവേചനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു അത്. ഈ പശ്ചാത്തലത്തില്‍, ജോണ്‍ എഫ് കെന്നഡിയുടെ ഇളയ സഹോദരനും അറ്റോര്‍ണി ജനറലുമായിരുന്ന റോബര്‍ട്ട് കെന്നഡിയുമായി ബാള്‍ഡ്വിനും സംഘവും 1963 മെയ് 24ന് ഒരു കൂടിക്കാഴ്ച നടത്തി. മൂന്നു മണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ബാള്‍ഡ്വിനും സംഘവും ഇറങ്ങിപ്പോരുകയാണുണ്ടായത്.
അവിടെ നിന്ന് നാല്പതിനാല് വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു ഒരു പാതി കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാവാന്‍. എട്ടു വര്‍ഷങ്ങള്‍ അയാള്‍ ആ നിലയില്‍ തുടര്‍ന്നു. അടിസ്ഥാനപരമായി ഒന്നും മാറിയില്ല. കറുത്തവന്റെ ജീവനും ജീവിതവും ഇന്നും വെളുത്തവന്റെ ഔദാര്യത്തില്‍ത്തന്നെയാണ്.
ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന, കെന്നഡിയെ ഉത്തരം മുട്ടിച്ച ചോദ്യങ്ങളുന്നയിച്ച, ലൊറെയ്ന്‍ ഹാന്‍സ്ബെറിയുമായുള്ള (Lorraine Vivian Hansberry) ബാള്‍ഡ്വിന്റെ സൗഹൃദം ചെറുതായൊന്നു പരാമര്‍ശിച്ചു പോകുന്നുണ്ട് പെക്ക്. 34ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിതയായി ലൊറെയ്ന്‍ മരിച്ചു. ആ മരണത്തെപ്പറ്റി ബാള്‍ഡ്വിന്‍ പറഞ്ഞതിങ്ങനെയാണ്. ""ലൊറെയ്ന്‍ ഉള്‍ക്കൊണ്ടിരുന്ന പോരാട്ടങ്ങളുടെ തീച്ചൂളയില്‍ അവര്‍ സ്വയം എരിഞ്ഞടങ്ങുകയായിരുന്നു.''
ബാള്‍ഡ്വിന്‍ - കെന്നഡി ചര്‍ച്ചയ്ക്കിടയില്‍ കെന്നഡി ഇങ്ങനെയൊരഭിപ്രായം പറഞ്ഞിരുന്നു. ""ഈ രാജ്യത്ത് കറുത്തവര്‍ഗക്കാര്‍ മുന്‍പില്ലാത്തവിധം പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഒരു കറുത്ത പ്രസിഡന്റ് നമുക്കുണ്ടായിക്കൂടായ്കയില്ല.''

കേംബ്രിഡ്ജ് ഡിബേറ്റില്‍ ബാള്‍ഡ്വിന്‍ ഈ പ്രവചനത്തെ ഇങ്ങനെ പരിഹസിച്ചു.
""കഴിഞ്ഞ നാനൂറു വര്‍ഷങ്ങളില്‍ കറുത്തവന്റെ കണ്ണീരിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ സാമ്രാജ്യത്തിന്റെ നട്ടപ്പുറത്ത് നിന്ന്, ഇന്നലെ മാത്രം ഇവിടെ എത്തി, നാളെത്തന്നെ അമേരിക്കയുടെ പ്രസിഡണ്ടായേക്കാവുന്ന ഒരാള്‍ പറയുന്നു, കറുത്തവര്‍ ഇത്തരത്തില്‍ നല്ല നടപ്പ് തുടര്‍ന്നാല്‍ ഭാവിയില്‍ ഒരുപക്ഷേ അവരിലൊരുവന്‍ അമേരിക്കന്‍ പ്രസിഡണ്ടായേക്കാം എന്ന്. എന്തൊരു മഹാമനസ്‌കത.''
അവിടെ നിന്ന് നാല്പതിനാല് വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു ഒരു പാതി കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാവാന്‍. എട്ടു വര്‍ഷങ്ങള്‍ അയാള്‍ ആ നിലയില്‍ തുടര്‍ന്നു. അടിസ്ഥാനപരമായി ഒന്നും മാറിയില്ല. കറുത്തവന്റെ ജീവനും ജീവിതവും ഇന്നും വെളുത്തവന്റെ ഔദാര്യത്തില്‍ത്തന്നെയാണ്.
Part 5 - Selling the Negro
1965 ഫെബ്രുവരി 21 നു, ഇരുപത്തിയൊന്ന് വെടിയുണ്ടകളേറ്റു വാങ്ങി മാല്‍ക്കം എക്‌സ് തന്റെ പോരാട്ടം എന്നെന്നേക്കുമായവസാനിപ്പിച്ചു. മാല്‍ക്കം ലിറ്റില്‍ (Malcolm Little) ആയി ജനിച്ച് മാല്‍ക്കം എക്സായി (Malcolm X) മാറിയ, കറുത്തവന്റെ പോരാട്ടങ്ങള്‍ക്ക് മുന്നില്‍പ്പിടിച്ച തീപ്പന്തം. തീവ്രമായി സംസാരിച്ചിരുന്നപ്പോഴും നിഷ്‌ക്കളങ്കമായി ചിരിച്ചിരുന്ന മാല്‍ക്കം. ആ തീപ്പന്തവും അവര്‍ തല്ലിക്കെടുത്തി.

സ്വാതന്ത്ര്യം, അല്ലെങ്കില്‍ മരണം എന്ന് വെളുത്തവന്‍ പ്രഖ്യാപിക്കുമ്പോള്‍ വെള്ളക്കാര്‍ ആവേശത്തോടെ കയ്യടിച്ചതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇതേ വാക്കുകള്‍ വള്ളിപുള്ളി തെറ്റാതെ ഒരു കറുത്തവനാണു പറയുന്നതെങ്കിലോ, അവന്‍ കൊടും ക്രിമിനലായി മുദ്രകുത്തപ്പെടുകയും, മറ്റൊരു കറുത്തവന്‍ ഇതേറ്റു പറയാനിടയാകാത്തവണ്ണം, അവനെയൊരു പാഠം പഠിപ്പിയ്ക്കുകയും ചെയ്യും എന്ന് ബാള്‍ഡ്വിന്‍ പറയുന്നു.
അമേരിക്കന്‍ റിയാലിറ്റിയുടെ കാപട്യങ്ങള്‍ ഈച്ചക്കോപ്പി ചെയ്ത ഇന്ത്യന്‍ കാഴ്ചയുത്സവങ്ങള്‍, എങ്ങനെയെല്ലാം വികലമായ വെളിപാടുകള്‍ക്ക് വേദിയാകുമെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അക്രമോത്സുകതയും, വംശീയതയും സ്ത്രീവിരുദ്ധതയും പാകത്തിന് ചേര്‍ത്തിളക്കി പ്രിപ്പെയര്‍ ചെയ്യുന്ന സോപ്പു തേച്ചു കുളിക്കാതെ ഉറക്കം വരാത്ത മാതൃകാ കുടുംബങ്ങള്‍ എണ്ണത്തില്‍ക്കൂടുന്നുണ്ട്. വരിയുടയ്ക്കലും നിലവിളികളും ചാവും മറുവശത്തും കുമിഞ്ഞു കൂടുന്നു.
സ്വാതന്ത്ര്യം, അല്ലെങ്കില്‍ മരണം എന്ന് വെളുത്തവന്‍ പ്രഖ്യാപിക്കുമ്പോള്‍ വെള്ളക്കാര്‍ ആവേശത്തോടെ കയ്യടിച്ചതിനെ സ്വാഗതം ചെയ്യും. ഇതേ വാക്കുകള്‍ ഒരു കറുത്തവനാണു പറയുന്നതെങ്കിലോ, അവന്‍ കൊടും ക്രിമിനലായി മുദ്രകുത്തപ്പെടുകയും, മറ്റൊരു കറുത്തവന്‍ ഇതേറ്റു പറയാനിടയാകാത്തവണ്ണം, അവനെയൊരു പാഠം പഠിപ്പിയ്ക്കുകയും ചെയ്യും
ഈ ഡോകുമെന്ററിയുടെ തുടക്കത്തില്‍ത്തന്നെ കാണിക്കുന്ന ഡിക്ക് കവെ ഷോയില്‍ പങ്കെടുത്തുകൊണ്ട് യേല്‍ യൂണിവേഴ്സിറ്റി സ്റ്റെര്‍ലിങ് പ്രൊഫസറായിരുന്നു പോല്‍ വെയിസുമായി ബാള്‍ഡ്വിന്‍ നടത്തിയ ഡിബേറ്റിലേക്ക് പെക്ക് വിശദമായി നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.
പോള്‍ വെയിസ്: ""നമ്മളെല്ലാവരും വ്യക്തികളെന്ന നിലയില്‍ ഒറ്റപ്പെട്ടവരല്ലേ. വര്‍ണ്ണ വര്‍ഗവ്യതാസങ്ങള്‍ക്കുമപ്പുറം മനുഷ്യനാവുകയല്ലേ പ്രധാനം.''
ബാള്‍ഡ്വിന്‍ : ""ഒരു കറുത്ത മനുഷ്യന്‍, മനുഷ്യനാകാന്‍ ശ്രമിക്കുമ്പോള്‍, സമൂഹം അവനെ അങ്ങിനെ ആകുന്നതില്‍ നിന്നും എങ്ങനെയെല്ലാം തടയാമോ അങ്ങിനെയെല്ലാം ചെയ്യുന്നു. അറ്റകൈക്ക് അവരവനെ കൊന്നു കളയുക പോലും ചെയ്‌തേക്കാം.''
പോള്‍ വെയിസ്: ""എന്തിനിങ്ങനെ എപ്പോഴും കറുത്തവനും വെളുത്തവനും എന്ന് വേര്‍തിരിച്ചു നിങ്ങള്‍ സംസാരിക്കുന്നു. കറുത്ത പണ്ഢിതനും വെളുത്ത പണ്ഢിതനും ഒരേ നിലവാരമുള്ളവര്‍, കറുത്ത എഴുത്തുകാരനും വെളുത്ത എഴുത്തുകാരനും ഒരേ തരക്കാര്‍. അങ്ങനെ കരുതിയാല്‍പ്പോരേ.''
ഇതേ വര്‍ണ്ണാശ്രമ തിയറി വിളമ്പുന്ന വനിതാ പ്രൊഫസറെ, അടുത്തിടെ ഒരു മലയാളം ചാനലിലെ ടോക്ഷോയില്‍ കണ്ടിരുന്നു. ഈ രണ്ടു പ്രൊഫസര്‍മാര്‍ക്കും ബാധകമായ മറുപടിയാണ് ബാള്‍ഡ്വിന്‍ തുടര്‍ന്ന് നല്‍കുന്നത്. ""ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ അമേരിക്ക വിട്ടുപോയത് ഒരേയൊരു കാരണം കൊണ്ടാണ്, കറുത്തവനായതുകൊണ്ടു മാത്രം. അത്രയും കാലത്തിനിടയില്‍ എനിക്കിവിടെ സംഭവിച്ചതൊന്നും തന്നെ, പാരീസിലോ ലോകത്തിന്റെ മറ്റേതൊരു കോണിലോ എനിക്ക് സംഭവിക്കാനിടയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ ഭയപ്പെട്ടുകൊണ്ട് എങ്ങനെയാണെനിക്കിവിടെയിരുന്നെഴുതാന്‍ കഴിയുക. പാരീസിലുള്ള വര്‍ഷങ്ങളില്‍ ഞാന്‍ സ്വാതന്ത്രനായിരുന്നത് അത്തരമൊരു സാമൂഹിക അരക്ഷിതാവസ്ഥയില്‍ നിന്നാണ്. ഈ അവസ്ഥ എന്റെ വെറും വിഭ്രാന്തിയാരുന്നില്ല. അമേരിക്കയിലെ ഓരോ പൊലീസുകാരന്റെയും, മര്‍ദകന്റെയും പ്രവൃത്തികളില്‍ പ്രതിഫലിച്ചിരുന്ന അപകടകരമായ ഒരു സാമൂഹിക യാഥാര്‍ഥ്യമായിരുന്നു.''

തുടര്‍ന്ന്, നിങ്ങള്‍ പറയുന്ന ഐഡിയലിസം അമേരിക്കയിലൊരിടത്തും ഇന്നേവരെ ഞാന്‍ കണ്ടിട്ടില്ല എന്നു പറഞ്ഞവസാനിപ്പിക്കുന്ന ബാള്‍ഡ്വിന്റെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭനായിപ്പോവുകയാണ് വെയിസ്. യാഥാര്‍ത്ഥ്യങ്ങളുടെ നിലപാടുതറയില്‍ നിന്നാത്മാര്‍ത്ഥമായി സംസാരിക്കുന്നവരോട് ദന്തഗോപുരങ്ങളിലിരിക്കുന്നവര്‍ക്ക് എങ്ങനെ ജയിക്കാനാവും.
1890ല്‍, നൂറ്റിയന്‍പതില്‍പ്പരം അമരിന്ത്യന്‍സ് കൊല്ലപ്പെട്ട, വൂണ്ടഡ് നീ കൂട്ടക്കൊലയ്ക്ക് (Wounded Knee Massacre) 83 വര്‍ഷങ്ങള്‍ക്കു ശേഷം 1973 ല്‍ എഴുപത്തിയൊന്നു ദിവസങ്ങള്‍ നീണ്ടു നിന്ന മറ്റൊരു സമരം വൂണ്ടഡ് നീ ക്രീക്കില്‍ (Wounded Knee Creek) നടന്നു. കാടത്തം പഴയകാലത്തിന്റെ അടയാളമാണെന്ന് ലോകം മുഴുവന്‍ സംസ്‌കാര സമ്പന്നത വിളംബരം ചെയ്യുന്ന രാജ്യം അന്നും രണ്ടു ജീവനുകള്‍ കവര്‍ന്നെടുത്തു. മണ്ണിന്റെ മക്കള്‍ക്ക് അന്നുമിന്നും കുമ്പിളില്‍ത്തന്നെയാണ് കഞ്ഞി എന്നു ചുരുക്കം.
മാല്‍കം എക്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയുടെ തിരക്കഥയെഴുത്തുമായി ബാള്‍ഡ്വിന്‍ ബന്ധപ്പെട്ടിരുന്നു. അതിനിടയിലാണ് ബാള്‍ഡ്വിന്റെ ജീവിതത്തെ സാരമായി ബാധിച്ച മറ്റൊരു കൊലപാതകം നടക്കുന്നത്. 1968 April 4ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും അവര്‍ വെടിയുണ്ടകള്‍ കൊണ്ടവസാനിപ്പിച്ചു.
1955 ഡിസംബര്‍ അഞ്ചിന് റോസാ പാര്‍ക്‌സ് (Rosa Parks) കൊളുത്തിയ പന്തം ഏറ്റുവാങ്ങിക്കൊണ്ട് മോന്റിഗോമേറി ബസ് ബോയ്കോട്ട് (Montgomery bus boycott, Dec 5, 1955- Dec 20, 1956) പ്രക്ഷോഭത്തിലേക്ക് സ്‌നാനപ്പെട്ട കിംഗ്, തന്റെ ഇരുപത്തിയാറാം വയസ്സിലാണ് ഒരു ജനതയുടെ തെറ്റുകളും കാപട്യങ്ങളും പ്രതീക്ഷകളും ചുമലേറ്റാന്‍ സധൈര്യം മുന്നോട്ടു വന്നത്. സ്വാതന്ത്രരായിരിക്കുക എന്നത് നമ്മുടെ അവകാശമല്ല, കടമയാണ് എന്ന് മോണ്‍ഗോമേറിയില്‍ കിംഗ് പ്രഘോഷിച്ചു.

photo/wikimedia commons
മഹാത്മാഗാന്ധിയുടെ അഹിംസയിലൂന്നിയ സമരരീതി ഇത്രയും വിപുലമായി മറ്റൊരു രാജ്യത്ത് ആവിഷ്‌ക്കരിച്ചത് കിങ്ങായിരുന്നിരിക്കണം. ഇന്ത്യയില്‍ അത് പ്രാഥമിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവുവരെ വിജയിച്ചുവെങ്കില്‍, അമേരിക്കന്‍ പ്രശ്നം ഇത്തരത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുമായിരുന്നു കിങ്ങിന്റെ പ്രസംഗങ്ങള്‍. അതിനു കഴിയാത്തവര്‍ അന്നും ഇന്നും എല്ലാ ദേശങ്ങളിലുമുണ്ട്.
1991 ല്‍ മറ്റൊരു കിങ്ങിനെ, നിര്‍മ്മാണത്തൊഴിലാളിയായിരുന്ന റോഡ്നി ഗ്ലെന്‍ കിങ്ങിനെ (Rodney Glen King) ലോസ് ഏഞ്ചലസ് പൊലീസ് തലങ്ങും വിലങ്ങും അതിനിഷ്ടൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലോകം കണ്ടു. ദശകങ്ങള്‍ക്കിപ്പുറവും ഒന്നും മാറിയിട്ടില്ല.
അമേരിക്കന്‍ നീഗ്രോയുടെ ചരിത്രം അമേരിക്കയുടെ ചരിത്രം തന്നെയാണ്, അതൊരിക്കലും പകിട്ടുള്ള ചരിത്രമല്ല. നമ്മള്‍ ജീവിക്കുന്ന ലോകം ഒരിക്കലും വെളുത്തവരുടേതായിരുന്നില്ല. ഒരിക്കലുമാവുകയുമില്ല. വെളുപ്പ്, അധികാരത്തിന്റെ രൂപകം മാത്രമാണ്. ചരിത്രമെന്നത്, ഭൂതകാലത്തിലുള്ള ഒന്നല്ലെന്നും, അത് വര്‍ത്തമാനമാണെന്നും, നമ്മുടെ ചരിത്രം നമ്മൊളൊടൊപ്പം നമ്മള്‍ തന്നെ പേറി നടക്കുന്നതാണെന്നും, നമ്മള്‍ തന്നെയാണ് നമ്മുടെ ചരിത്രമെന്നും ബാള്‍ഡ്വിന്‍ പറഞ്ഞു നിര്‍ത്തുന്നു. ഡോകുമെന്ററി അവസാനിക്കുന്നത് ബാള്‍ഡ്വിന്റെ പ്രസക്തമായൊരു ചോദ്യത്തോടെയാണ്. ""അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഭാവിയെന്നത്, കൃത്യമായും ഈ രാജ്യത്തിന്റെ ഭാവി തന്നെയാണ്. കറുത്തവനെ മനുഷ്യനായിക്കാണാന്‍ വെളുത്തവന് കഴിയുമോ എന്നതാണ് ചോദ്യം.'' ഈ ചോദ്യം അമേരിക്കയിലെ വെളുത്തവനോടു മാത്രമല്ല, ലോകമെമ്പാടും വെളുത്തവനെന്നഭിമാനിക്കുന്ന എല്ലാ അധികാരരൂപങ്ങളോടുമാണ്.
ഇതൊരു പ്രഖ്യാപനം കൂടിയാണ്. ""ഞങ്ങള്‍ കറുത്തവരല്ല, ഞങ്ങള്‍ അടിമകളല്ല, ഞങ്ങള്‍ മനുഷ്യരാണ്; നിങ്ങളെപ്പോലെയോ അതിലുമേറെയോ.''
നീഗ്രോ എന്ന പ്രയോഗം തന്നെ വംശീയമാണ് എന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത് എന്നത് വലിയൊരാശ്വാസമാണ്. അപ്പോഴും നീഗ്രോയെന്ന മനോഭാവം നമ്മളില്‍ എത്രപേരുടെ മനസ്സില്‍ നിന്നില്ലാതായിട്ടുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. "പുലയാടി മോന്‍, തിന്ന പാത്രം കഴുകാതെ പോയിരിക്കുന്നു. ഇനി അതങ്ങ് കളഞ്ഞേക്കടീ' എന്നാജ്ഞാപിക്കുന്ന വരേണ്യതയുടെ ചാരുകസേരയിരുന്നുകൊണ്ടാണ് ഇവിടെ പലരും അമേരിക്കന്‍ വംശവിവേചനത്തെക്കുറിച്ച് വാചാലരാകുന്നത് എന്നും കാണാതെ പോകരുത്.
"പുലയാടി മോന്‍, തിന്ന പാത്രം കഴുകാതെ പോയിരിക്കുന്നു. ഇനി അതങ്ങ് കളഞ്ഞേക്കടീ' എന്നാജ്ഞാപിക്കുന്ന വരേണ്യതയുടെ ചാരുകസേരയിരുന്നുകൊണ്ടാണ് ഇവിടെ പലരും അമേരിക്കന്‍ വംശവിവേചനത്തെക്കുറിച്ച് വാചാലരാകുന്നത് എന്നും കാണാതെ പോകരുത്.
ഹെയ്തിയന്‍ ഫിലിം മേക്കറും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും കുറഞ്ഞൊരു കാലം ഹെയ്തിയുടെ സാംസ്‌ക്കാരിക മന്ത്രിയുമായിരുന്ന റൗള്‍ പെക്ക് സംവിധാനം ചെയ്ത് 2016ല്‍ പുറത്തു വന്ന I Am Not Your Negro, 87 മത് അക്കാദമി അവാര്‍ഡ് കമ്മിറ്റിക്കു മുന്‍പാകെ ഡോകുമെന്ററി വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം പെക്ക് സംവിധാനം ചെയ്ത സിനിമ The Young Karl Marx ആയിരുന്നുവെന്നത് യാദൃശ്ചികമാവാനിടയില്ല.
നിങ്ങള്‍ കാണുന്ന സിനിമ നിങ്ങളുടെ രക്തത്തില്‍ കലരണം. നിങ്ങളോടൊപ്പം കൊടിപിടിക്കണം, മുഷ്ടിചുരുട്ടണം, മര്‍ദ്ദനമേല്‍ക്കണം, വെടിയുണ്ട പങ്കിടണം. നിങ്ങള്‍ I Am Not Your Negro കാണണം. We are all Human എന്ന മുദ്രാവാക്യം മുഴക്കണം. തൊലിപ്പുറത്തഴുകിത്തീരാന്‍ മാത്രം പോന്നതല്ല വര്‍ണ്ണവിവേചനമെന്നു തിരിച്ചറിയണം.
gopikrishnan
21 Jun 2020, 01:09 PM
ഉഗ്രന്‍
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read
Ananthagopal
26 Jun 2020, 07:53 PM
ഇത് അമേരിക്കയിൽ മാത്രം അല്ല ഇവിടെയും ഉണ്ട് എന്ന് ചൂണ്ടി കാണിക്കുന്നത് തികച്ചും സത്യം ആയ ഒരു കാര്യം . ഇനിയും ഇതുപോലെ ഉള്ള ലേഘനങ്ങൾ പ്രതീക്ഷിക്കുന്നു.