അമൃതും ഫാറൂഖും കൂടിയാണ് ഇന്ത്യ

ടുത്തകാലത്ത് കൊറോണ മഹാമാരിയെ മുൻനിർത്തി ഒരു മതവിഭാഗത്തെ പൈശാചികവത്കരിക്കാൻ നടത്തിയ കുത്സിതനീക്കങ്ങൾ നാം കണ്ടതാണ്. ഇന്ത്യ, മഹാമാരിയും അത് മോശമായി കൈകാര്യം ചെയ്ത രീതിയും സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് വിദ്വേഷ വ്യാപാരികൾ ടെലിവിഷൻ ചാനലുകളും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് ഒരു മതന്യൂനപക്ഷത്തിനെതിരെ വെറുപ്പും പകയും പടർത്താൻ കൊണ്ടുപിടിച്ച് രംഗത്തിറങ്ങിയത്. അവർ വ്യാജവാർത്തകളും ഇതിനായി യഥേഷ്ടം ഉപയോഗിച്ചു. ദ്വേഷനിർമാണത്തിന്റെ ആസൂത്രിതവും വിശാലവുമായ ഈ പദ്ധതി, വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം തീർത്തും ഇല്ലാതാക്കിക്കളയുമോ എന്ന തോന്നലുളവാക്കിയിരുന്നു. എന്നാലും മതസമുദായങ്ങൾ അന്യോന്യം സഹായിക്കാൻ മുന്നോട്ടുവന്ന സന്തോഷകരമായ ചില സംഭവങ്ങൾ ഉണ്ടായി.

അമൃതിന്റെയും ഫാറൂഖിന്റെയും കഥയാണ് മതമൈത്രിയുടെ ഹൃദയസ്പർശിയായ സന്ദർഭം. അമൃതും ഫാറൂഖും സൂറത്തിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ഒരു ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളാണ് ഇരുവരും. വഴിമധ്യേ അമൃതിന് അസുഖം വന്ന് വയ്യാതായി. സഹയാത്രികർ നട്ടപ്പാതിരയ്ക്ക് അമൃതിനെ ട്രക്കിൽ നിന്ന് ഇറക്കിവിട്ടു. അപ്പോൾ അമൃതിനെ തനിച്ചാക്കാതെ ഫാറൂഖും കൂടെ ഇറങ്ങി. അവശനായ അമൃതിനെ ഫാറൂഖ് തന്റെ മടിയിലിരുത്തി സഹായത്തിനായി നിലവിളിച്ചു. അത് അവിടെയുണ്ടായിരുന്ന ചിലർ കാണുകയും അമൃതിനെ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസ് വരുത്തുകയും ചെയ്തു.

മറ്റൊരു സംഭവം ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹവും കുടിയേറ്റ തൊഴിലാളി തന്നെ. അദ്ദേഹം. താൻ നിസ്സഹായനാണെന്നും വേറെ വഴിയില്ലെന്നും കുട്ടികളെയും കൂട്ടി തന്റെ ഗ്രാമത്തിൽ പോകുകയാണെന്നും സൂചിപ്പിച്ചുകൊണ്ട് നിർവ്യാജമായ ഒരു ക്ഷമാപണക്കത്തെഴുതി വെച്ചിട്ടാണ് സൈക്കിളുമെടുത്ത് പോയത്. പല ആളുകളും ഇത് മോഷണമാണെന്ന് പറഞ്ഞപ്പോൾ സൈക്കിളിന്റെ ഉടമ പ്രഭു ദയാൽ സാഹചര്യത്തിന്റെ സ്വഭാവം ഉൾക്കൊണ്ടു. സൈക്കിൾ എടുത്ത് പോയത് മുഹമ്മദ് ഇഖ്ബാൽ ഖാൻ ആയിരുന്നു.

സെവ്‌റി മുംബൈയിൽ പാണ്ഡുരംഗ് ഉമ്പാലെ എന്ന പ്രായമുള്ള ഒരാൾ പ്രായാധിക്യ രോഗങ്ങളാൽ മരിച്ചു. ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകൾ നടത്താൻ സാധിച്ചില്ല. പാണ്ഡുരംഗ് ഉമ്പാലെയുടെ മുസ്‌ലിം അയൽക്കാർ അപ്പോൾ മുന്നോട്ടുവരികയും ഹിന്ദുമതാചാരപ്രകാരം സംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. സമാനമായ സംഭവങ്ങൾ ബംഗളുരുവിൽ നിന്നും രാജസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിഹാർ ജയിലിൽ നിന്ന് നോമ്പ് നോൽക്കാൻ മുസ്‌ലീങ്ങളോടൊപ്പം ഹിന്ദുക്കളായ അന്തേവാസികളും കൂടി. പൂനെയിലെ ഒരു പള്ളിയും മണിപ്പൂരിലെ ഒരു ചർച്ചും ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ വിട്ടുകൊടുത്തു. ഒരു മുസ്‌ലിം പെൺകുട്ടിക്ക് ലോക്ക്ഡൗൺ കാലത്ത് ഹിന്ദുകുടുംബം അഭയം നൽകിയതിന്റെയും കുട്ടിക്ക് നോമ്പെടുക്കാൻ അത്താഴമൊരുക്കാനായി പുലർച്ചെ വീട്ടുകാർ എഴുന്നേൽക്കുന്നതിന്റെയും സ്‌നേഹാർദ്രമായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

ഇങ്ങനെയുള്ള ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. റിപ്പോർട്ട് ചെയ്യപ്പെട്ടവ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാകാനാണ് സാധ്യത. ഇപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടാകും. കൊറോണ വ്യാപനത്തെ കൊറോണ ബോംബെന്നും കൊറോണ ജിഹാദ് എന്നുമൊക്കെ വിളിച്ച് വർഗീയവത്കരിക്കാൻ മീഡിയയിലെ ഒരു വിഭാഗം കിണഞ്ഞ് ശ്രമിച്ചപ്പോൾ ഹിന്ദുക്കൾക്കും മുസ്‌ലീങ്ങൾക്കും ഇടയിൽ നിൽക്കുന്ന പരസ്പര വിശ്വാസത്തെ തകർക്കുന്നതിൽ വർഗീയതയുടെ വാർത്താ വ്യാപാരികൾ വിജയിക്കുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. മതസമുദായങ്ങളിലുള്ള സഹജമായ മാനവികതയാണ് രാഷ്ട്രീയ അജണ്ട കൊഴുപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും നിർമിതിക്കും പ്രചാരണത്തിനും കുറേയൊക്കെ തടയിട്ടത്. സ്വാതന്ത്ര്യ സമരകാലത്ത് പ്രോത്സാഹിപ്പിക്കപ്പെട്ട മതമൈത്രിയും മതസൗഹാർദവും സമൂഹസ്ഥലികളിൽ എവിടെയൊക്കെയോ നിലനിൽക്കുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

ഇന്ത്യയുടെ സംസ്‌കാരം സഹജമായിത്തന്നെ സമന്വയാത്മകമാണ്. വ്യത്യസ്ത രൂപങ്ങളിലുള്ള വൈവിധ്യങ്ങളെ ഉത്ഗ്രഥിച്ചാണ് അതുണ്ടായത്. ഹിന്ദുക്കളുടെ "മഹാദുരിതകാലം' എന്ന് വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ അവതരിപ്പിച്ചുപോരുന്ന മധ്യകാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനവും ഇന്ത്യൻ ഭാഷകളിലെ സാഹിത്യവും പുഷ്‌കലമായത്. രാജധാനികൾ ഉപയോഗിച്ചിരുന്ന പേർഷ്യൻ അവധിഭാഷയുമായി പാരസ്പര്യത്തിലേർപ്പെട്ടതിന്റെ പരിണതഫലമത്രെ ഉർദു എന്ന ഇന്ത്യൻ ഭാഷ. ഇതേ കാലത്ത് തന്നെയാണ് ഗോസ്വാമി തുളസീദാസ് ഭഗവാൻ രാമനെക്കുറിച്ചുള്ള ഏറ്റവും ജനകീയമായ കൃതി രചിച്ചതും. തന്റെ ആത്മകഥയായ "കവിതാവലി'യിൽ തുളസീദാസ് പറയുന്നത് താൻ ഒരു പള്ളിയിലാണ് ഉറങ്ങിയിരുന്നതെന്നാണ്. സാഹിത്യത്തെ സംബന്ധിച്ച് പറഞ്ഞാൽ ശ്രദ്ധേയരായ പല മുസ്‌ലിം കവികളും ഹിന്ദു ദൈവങ്ങളെ വാഴ്ത്തി ഗംഭീര കാവ്യങ്ങൾ എഴുതിയതും ഇക്കാലത്തുതന്നെ. ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചുകൊണ്ടുള്ള റഹീമിന്റെയും രസ്‌ക്കന്റെയും വിശിഷ്ട കാവ്യങ്ങളെ ഇത്തരുണത്തിൽ ഓർക്കാം.

മുഹമ്മദ് റഫി

ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളും വസ്ത്രശീലങ്ങളും സാമൂഹ്യ ജീവിതവും ഉരുത്തിരിഞ്ഞത് ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും വിവിധ ചേരുവകളുടെ സംയോഗത്താലാണ്. ക്രിസ്തുമതഘടകങ്ങളുടെ ചാറലും ഇന്ത്യൻ സംസ്‌കാരത്തിൽ കാണാം. സാമൂഹിക ജീവിതത്തിൽ ഉണ്ടായിരുന്ന ഹിന്ദു മുസ്‌ലിം പാരസ്പര്യം അന്യാദൃശമായിരുന്നു. മുസ്‌ലീങ്ങൾ ഭക്തകവി പുണ്യവാളനായിരുന്ന കബീറിനെ പിന്തുടരുകയും ഹിന്ദുക്കൾ സൂഫി പുണ്യവാളന്മാരുടെ ദർഗകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. പാരസ്പര്യത്തിന്റെ ഈ വക ഘടകങ്ങൾ ഹിന്ദി സിനിമയിലും സ്ഫുരിക്കുന്നതായി കാണാം. ഹിന്ദു ദൈവങ്ങളെ വാനോളം വാഴ്ത്തി മുസ്‌ലീങ്ങൾ എഴുതി സംഗീതസംവിധാനം നിർവഹിച്ച എത്രയോ ഗാനങ്ങൾ ഹിന്ദി സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്റെ ഒരു പ്രിയങ്കര ഗാനം "മൻ തർപഡ് ഹരി ദർശൻ കോ ആജ്' ആണ്. ഈ ഗാനം എഴുതിയത് ഷക്കീർ ബദയൂനി ആണ്. സംഗീത സംവിധാനം നൗഷാദ് അലിയും ആലപിച്ചത് മുഹമ്മദ് റാഫിയുമാണ്. മുഹമ്മദ് റാഫി ഇത്തരത്തിലുള്ള നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്.

മതസമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പാരസ്പര്യം ഇന്ത്യൻ സമൂഹജീവിതത്തിന്റെ സകലതുറകളിലും പ്രത്യക്ഷമാണ്. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ സംഭവങ്ങളും ഇന്ത്യൻ സംസ്‌കാരം അടിസ്ഥാനപരമായി ഇവിടുത്തെ പല മതങ്ങളുടെ, വ്യത്യസ്ത ഘടകങ്ങളുടെ ഉത്ഗ്രഥനത്തിന്റെ ഉൽപ്പന്നമാണെന്ന പരമാർത്ഥത്തിന് അടിവരയിടുന്നു

Comments