ഇനിയും ആക്രമണം പ്രതീക്ഷിച്ചുതന്നെയാണ്​ എല്ലാം തുറന്നുപറയുന്നത്​- സദാചാര ഗുണ്ടായിസത്തിനിരയായ വനിതാ മാധ്യമപ്രവർത്തക എഴുതുന്നു

പ്രസ് ക്ലബിൽ നിന്ന്​, അംഗങ്ങളായ എനിക്കും എന്റെ ഭർത്താവിനും എന്ത് നീതിയാണ് ലഭിച്ചത്? സംഭവം നടന്നതിനുശേഷം ഇത്രയും കാലം സസ്‌പെൻഷനിലായിരുന്ന, ഇപ്പോൾ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട ഒരാൾ എങ്ങനെയാണ് പ്രസ് ക്ളബിൽ ഇപ്പോഴും തുടരുന്നത്?- തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന എം രാധാകൃഷ്ണന്റെ സദാചാര ഗുണ്ടായിസത്തിനിരയായ മാധ്യമ പ്രവർത്തക രമ്യ മുകുന്ദൻ തുറന്നെഴുതുന്നു.

ന്നരവർഷം മുമ്പ് എന്റെ വീട്ടിൽ കടന്നുകയറി നടത്തിയ അക്രമത്തെ കുറിച്ചും അതിന് ശേഷം എനിക്കെതിരെ ഇപ്പോഴും നടത്തിക്കൊണ്ടിക്കുന്ന നുണപ്രചാരണങ്ങളെ കുറിച്ചും വ്യക്തമാക്കാനാണിത് എഴുതുന്നത്. ഇപ്പോൾ എത്രത്തോളം പറയാനാകുമെന്നോ എല്ലാം പറയാനാകുമെന്നോ എനിക്ക് അറിയില്ല. എന്നെ പോലെ സദാചാരഗുണ്ടായിസത്തെ, അതും പരിചയമുള്ള, അധികാരവും ആൾബലവും ഉള്ള ഒരാൾ നടത്തിയ അക്രമത്തെയും അതിനെ പിന്തുണച്ച് അധികാരമുള്ള ആൾക്കൂട്ടം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന അപവാദങ്ങളെയും അതിജീവിക്കുന്ന ഏതൊരു സ്ത്രീയും കടന്നുപോകുന്ന അവസ്ഥയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒന്നരവർഷ കാലയളവിലെ ഓരോ നിമിഷവും ഞാനും കു‌ടുംബവും കടന്നു വന്ന ഒരു ജീവിതമുണ്ട്, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, ഭീഷണികൾ, അതൊക്കെ പുറത്ത് പറയാൻ തക്കവണ്ണം ശേഷി ഞാൻ ഇപ്പോഴും നേടിയിട്ടില്ല. ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃ‌ഷ്ണ‌‌നും കൂട്ടാളികളും നടത്തിയ അക്രമത്തിലെ ഷോക്കിൽ നിന്ന്​ ഇന്നും എന്റെ പത്തും ഒമ്പതും വയസുള്ള മക്കൾക്ക് മോചനം കിട്ടിയിട്ടില്ല. അന്നത്തെ രാത്രിക്കു ശേഷം പേടി തന്നെയാണിപ്പോഴും, മുന്നിലെത്തുന്ന ഒരൊറ്റ മനുഷ്യരെ പോലും വിശ്വാസമില്ല, പകലാണെങ്കിൽ പോലും കോളിംഗ് ബെൽ കേട്ടാൽ വാതിൽ തുറക്കാൻ സമ്മതിക്കാതെ മുന്നിൽ വന്ന്​ "കതക്‌തുറക്കേണ്ട' എന്ന് പറഞ്ഞു തടയുന്ന ഞങ്ങളുടെ കുട്ടികളുടെ അവസ്ഥ എങ്ങനെയാണ് നിങ്ങൾക്കൊക്കെ വിശദീകരിച്ചു തരേണ്ടത്?

എന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിച്ച എം. രാധാകൃഷ്ണന്റെ കുടുംബത്തെക്കുറിച്ചും ഭാര്യയെയും മകളെയും കുറിച്ചും വാചാലരായി സംസാരിക്കുന്നവർ ഒരിക്കലും അവരുടെ സഹപ്രവർത്തകരായ ഞാനും ഭർത്താവും മാധ്യമ പ്രവർത്തകരാണെന്നോ ഞങ്ങൾ കുഞ്ഞുങ്ങളോടൊപ്പം ഒരു കുടുംബമാണെന്നോ ഒരിക്കലും ഓർക്കുകയോ അങ്ങനെ ഒരിടത്തും എഴുതിക്കാണുകയോ പറഞ്ഞ് കേൾക്കുകയോ ചെയ്തിട്ടില്ല.

വ്യക്തിപരമായ വിരോധം തീർക്കാൻ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ സംഭവത്തിന്റെ പേരിൽ ഇന്നും ഒരു മാറ്റവുമില്ലാതെ അപമാനങ്ങളും അധിക്ഷേപങ്ങളും എനിക്കെതിരെ നിരന്തരം തുടരുകയാണ്. ഇതെഴുതുമ്പോൾ പോലും ആ സമ്മർദ്ദം അനുഭവിക്കുകയാണ്. ഇനിയും ഇങ്ങനെയുള്ള ആക്രമണം പ്രതീക്ഷിച്ചു തന്നെയാണ് ജീവിക്കുന്നത്. ഇതെല്ലാം നേരിടേണ്ടി വരുന്നത് ഒട്ടും എളുപ്പമുള്ള കാര്യവുമല്ല. അക്രമത്തിനുശേഷം എന്റേയും ഭർത്താവിന്റെയും തൊഴിലിടത്തിന്റെ ഭാഗമായ പ്രസ് ‌ക്ലബ്ബിന്റെ ഔദ്യോഗിക മെയിൽ ഗ്രൂപ്പിൽ അക്രമിയായ സെക്രട്ടറിയെ അനുകൂലിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ രംഗത്തുവന്നു. അക്രമിയെ വാഴ്ത്തിയും, എനിക്കും രണ്ട് കുഞ്ഞുമക്കൾക്കും നേരിടേണ്ടിവന്ന അക്രമത്തെ ന്യായീകരിച്ചും ഹീനമായ രീതിയിൽ തുടരെ തുടരെ നുണപ്രചാരണം നടത്തുമ്പോൾ എങ്ങനെയാണ് നേര‌ിടേണ്ടത്? രാധാകൃഷ്ണൻ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകിയ എന്നെയും കുടുംബത്തെയും പരസ്യമായി വേട്ടയാടണമെന്നത് മാത്രമായിരുന്നു അതിനുപിന്നിൽ എന്ന് മനസിലാക്കാൻ അപാരജ്ഞാനമൊന്നും വേണ്ട.

ഞാനും എന്റെ ഭർത്താവും അംഗമായ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഔദ്യോഗിക മെയിൽ ഗ്രൂപ്പാണ്​ പലരും അപവാദ പ്രചാരണത്തിന് ഉപയോഗിച്ചത്. ഈ സമയത്ത് പലപ്പോഴും ചുറ്റിലും നടക്കുന്ന ചർച്ച ശ്രദ്ധിക്കാൻ പോലും പറ്റാത്ത വിധം എന്റെ കുഞ്ഞുങ്ങളുടെ ഭയം മാറ്റാനാണ് ഞാനും ഭർത്താവും ശ്രമിച്ചിരുന്നത്. അതിനാൽ ഞങ്ങൾക്ക് സംഭവത്തെക്കുറിച്ച് പറയാൻ പോലും ആകുമായിരുന്നില്ല. പറയാനില്ലാത്തതുകൊണ്ടല്ല, അതിനുള്ള ഭയം ആയിരുന്നു. പ്രത്യേകിച്ച് മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ എനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ (ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന) അശ്ളീലം നിറഞ്ഞ അപവാദങ്ങൾ, ഞാൻ താമസിക്കുന്ന അസോസിയേഷനിൽ തന്നെ അക്രമിയും താമസിച്ചിരുന്നത് എന്നതും, തൊഴിലിടത്തിന്റെ ഭാഗമായ പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ആണ് അക്രമി എന്നതും എന്റെ ഭയം വർദ്ധിപ്പിക്കുന്നതിന് കാരണമായി.

പ്രസ് ക്ലബ് ജനറൽ ബോഡി മീറ്റിംഗിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കാനെത്തിയ എന്റെ ഭർത്താവിനെ രാധാകൃഷ്ണന്റെ അനുയായികൾ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്​തു. അതോടെ നാളെ നേരം പുലരുമ്പോൾ എന്ത് സംഭവിക്കും എന്ന ആശങ്കയിലേക്ക് ഞങ്ങൾ വീണു. ആ ആധി ഇന്നും അതേ പോലെയുണ്ട്. ഉറക്കം നഷ്ടപ്പെട്ട നാളുകളാണ് എനിക്കും കുടുംബത്തിനും പിന്നിടേണ്ടി വന്നത്.

എം. രാധാകൃഷ്​ണനെ തിരുവനന്തപുരം പ്രസ്​ ക്ലബിൽനിന്ന്​ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ വനിത മാധ്യമപ്രവർത്തകർ നടത്തിയ പ്രതിഷേധം

ഈ സമയമൊക്കെയും ഞാൻ പേട്ട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു, ഞാൻ ജോലി ചെയ്യുന്ന സ്ഥാപനമായ കേരള കൗമുദിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുറത്തുനിന്നുള്ള നിയമവിദഗ്ധൻ അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കേരള കൗമുദിയിൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി, ചെയ്ത കുറ്റത്തിന് കേരളകൗമുദിയിൽ പ്രൂഫ് റീഡറായി ജോലി ചെയ്‌തിരുന്ന എം. രാധാകൃഷ്‌ണ‌നെ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസമാണ് എന്റെ പരാതിയിൽ സ്ഥാപനം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് എനിക്ക് ഓഫീസിൽ നിന്ന് ലഭിച്ചത്. അതെനിക്ക് നൽകിയ ആശ്വാസമാണ് ഇപ്പോഴെങ്കിലും ഇത്രയെങ്കിലും എഴുതാനുള്ള ധൈര്യം എനിക്ക് നൽകുന്നത്.

എം. രാധാകൃഷ്‌ണൻ എനിക്കു നേരെ നടത്തുന്ന ആരോപണങ്ങളിൽ ശ്രദ്ധയോടെ, ഏറ്റവും പ്രധാനമായി പറയുന്ന കാര്യം ഇതാണ്, "അസമയത്ത് നാട്ടുകാർ തടഞ്ഞുവച്ച'... ആരാണ് ഈ നാട്ടുകാർ? രാധാകൃഷ്ണൻ വിളിച്ചുകൊണ്ടു വന്ന നാലുപേരല്ലാതെ, പത്തുവർഷത്തോളമായി ആ വീട്ടിൽ താമസിച്ചു വരുന്ന എനിക്കറിയുന്നവരായി മറ്റാരും തന്നെ ആ കൂട്ടത്തിലില്ലായിരുന്നു. എന്നെ രക്ഷിക്കാനാണെന്നാണ് രാധാകൃഷ്‌ണന്റെ മറ്റൊരു വാദം. ഒരൊറ്റ ചോദ്യം മാത്രം, ഇങ്ങനെ "രക്ഷിക്കാനായി' "നാട്ടുകാർക്കൊപ്പം' എന്റെ വീട്ടിലെത്തുന്ന ഒരാൾ വഴിയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടു വന്ന എന്റെ കുടുംബ സുഹൃത്തിനെ, ( രാധാകൃഷ്ണന്റെയും എന്റെയും സഹ പ്രവർത്തകനായിരുന്നു അയാൾ), മർദ്ദിച്ച് അവശനാക്കി, സുഹൃത്തിനെ പിടിച്ചുകൊണ്ട് രാത്രി എന്റെ വീട്ടിൽ വന്ന്​ കോളിംഗ് ബെൽ പോലും അടിക്കാതെ വാതിലിൽ ഇടിച്ച് തുറപ്പിക്കുകയും അകത്തേക്ക് ഇരച്ചു കയറുകയും ചെയ്‌തത് എന്തിനായിരുന്നു? വാതിൽ ബലമായി തുറപ്പിച്ച്​സുഹൃത്തിനെ എന്റെയും മക്കളുടെയും രാധാകൃഷ്ണൻ ഒപ്പം കൂട്ടിക്കൊണ്ടുവന്നവരുടെയും മുന്നിലേക്ക് നിറുത്തി അശ്ളീല ചുവയോടെയും ചേഷ്‌ടയോടെയും എന്നോട് ചോദിച്ചത് നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നാണ്. എന്നോട് ഒരു വൈരാഗ്യവും മനസിൽ സൂക്ഷിക്കുന്നില്ല എന്നും എന്നെ രക്ഷിക്കാനായി ഓടിയെത്തിയതാണ് എന്നും അവകാശപ്പെടുന്നയാൾ ഇങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്? ഭയന്ന് കരഞ്ഞുകൊണ്ട് നിന്ന എന്റെ കുഞ്ഞു മക്കളുടെയും, രാധാകൃഷ്ണനോടൊപ്പം വന്ന എനിക്കപരിചിതരായ മറ്റു പുരുഷൻമാരുടെയും മുന്നിൽ വച്ച് എന്റെ വീട്ടിലേയ്ക്കു ഇദ്ദേഹം കൂട്ടിക്കൊണ്ടുവന്ന എന്റെ കുടുംബ സുഹൃത്തും ഞാനും തമ്മിലുള്ള ബന്ധം സുഹൃദ് ബന്ധം അല്ല എന്നും അത് അവിഹിത ബന്ധം ആണ് എന്നും പറയണമെന്നും എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു? എന്നെ രക്ഷിക്കാനായിരുന്നോ?

എം. രാധാകൃഷ്‌ണ‌നെ കേരളകൗമുദിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ ഉത്തരവ്

ഇങ്ങനെയാണോ കൂടെ ജോലി ചെയ്യുന്ന, എല്ലാവരും ബഹുമാനിക്കുന്ന പത്രപ്രവർത്തന രംഗത്തെ തലയെടുപ്പുള്ള പ്രതിഭകൾ നേതൃസ്ഥാനത്തിരുന്ന തിരുവനന്തപുരം പ്രസ് ക്ളബിന്റെ സെക്രട്ടറിയായ ഒരാൾ ഒരു സഹപ്രവർത്തകയോട് പെരുമാറേണ്ടത് ? അതിക്രമത്തിനിടയിൽ അടുക്കളയിലും, ബെഡ് റൂമിലും ബാത്റൂമിലും കയറി രാധാകൃഷ്‌ണൻ പരിശോധന നടത്തിയത് എന്തിനായിരുന്നു? രാധാകൃഷ്ണൻ എന്ന വ്യക്തി എന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് സദാചാര ഗുണ്ടായിസം നടത്തുന്ന സമയം മുഴുവൻ എന്റെ മക്കൾ മുഴുവൻ പേടിച്ച് നിലവിളിക്കുകയായിരുന്നു. എത്രയോ നാളുകളായി രാധാകൃഷ്ണന് അവരെ അടുത്തറിയുന്ന കുട്ടികളാണെന്ന തരിമ്പ് പരിഗണന പോലും അവരോടു കാണിച്ചിട്ടില്ല, എന്നു മാത്രമല്ല, അയാൾക്ക് വ്യാഖ്യാനിക്കാൻ തക്കവണ്ണം വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോ എന്നതിനു വേണ്ടി മക്കളെ മാറി മാറി ചോദ്യം ചെയ്‌തു എന്നു കൂടി ഓർക്കണം. "നിങ്ങളെന്താണ് ഈ പറയുന്നത്, ഭർത്താവിനെ വിളിച്ചു വരുത്തണ’മെന്ന് പറഞ്ഞപ്പോൾ രാധാകൃഷ്ണൻ എനിക്ക് നൽകിയ മറുപടി; " ഇപ്പോൾ ഇവിടെ വന്ന ആളുകൾ മാത്രമേ സംഭവം അറിഞ്ഞിട്ടുള്ളൂ. ഇത് സമ്മതിച്ചാൽ മറ്റൊരു വീട്ടുകാരും ഇതറിയില്ലെന്ന് ഞാൻ ഉറപ്പു തരാം, ഭർത്താവറിയാതെ ഞാൻ നോക്കിക്കൊള്ളാം, ഓഫീസിലും ഞാൻ പറഞ്ഞുകൊള്ളാം, പക്ഷേ നിങ്ങളിത് എന്നോട് സമ്മതിക്കണം', എന്നായിരുന്നു അയാളുടെ ആവശ്യം.

"ഇതിനിടയിൽ ബലമായി കസേരയിലിരുത്തിയ സുഹൃത്തിനോട് നീ ഓഫീസിലെ മറ്റു പെൺകുട്ടികളെയും കൊണ്ടു വിടാറുണ്ടെന്ന് എനിക്കറിയാമെടാ, ഞാനിത് കണ്ടുകൊണ്ടിരിക്കുകയാണ് എന്നുമാണ് പറഞ്ഞത്. അന്ന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചും വെപ്രാളപ്പെട്ടും നിന്നിരുന്ന എനിക്ക് കൃത്യമായ അശ്ളീലതയുണ്ടായിരുന്നു രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്കെന്ന് പിന്നീട് മനസിലാക്കാൻ സാധിച്ചു. എന്നെയും മക്കളെയും ബെഡ് റൂമിലേക്ക് ബലമായി രാധാകൃഷ്ണൻ കയറ്റിയതും വാതിലടച്ചതും എന്തിനു വേണ്ടിയായിരുന്നു?. എനിക്ക് മനസിലായതിലും ഗുരുതരമായ നിലയിലേക്കാണ് ആക്രമണം പോകുന്നതെന്ന ധാരണ എനിക്കുണ്ടായത് ഞങ്ങളെ മുറിയിലാക്കിയപ്പോഴാണ്.

എന്റെ വീട്ടിൽ രാധാകൃഷ്ണൻ സൃഷ്ടിക്കുന്ന അക്രമപ്രവർത്തികൾ ഞാൻ ഭർത്താവിനെ ഫോൺ വിളിച്ചറിയിച്ചപ്പോൾ രാധാകൃഷ്ണനാണ് അസ്വസ്ഥനായത്. സെക്രട്ടറി നേരത്തെ തയ്യാറാക്കിയ പദ്ധതിയിലെ തിരക്കഥയിൽ എന്റെ ഭർത്താവ് ഇല്ലായിരുന്നോ? ഭർത്താവ് വരുമെന്ന് കേട്ടപ്പോൾ രാധാകൃഷ്ണൻ അപ്പോൾ തന്നെ പുറത്തിറങ്ങി വഴിയിലേക്ക് ഇറങ്ങി പോകുന്നതാണ് പിന്നെ ഞാൻ കണ്ടത്. വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന ഭർത്താവിനെ വിളിച്ച്​ ഞങ്ങളെ "രക്ഷിക്കാനായി' ഓടിയെത്തിയ ആൾ പറഞ്ഞത്, നിങ്ങളിങ്ങോട്ട് വരേണ്ട കാര്യമില്ല, എല്ലാം ഞാൻ പറഞ്ഞു ശരിയാക്കി, ആർക്കായാലും ഒരു തെറ്റ് പറ്റും, ഒരു ഭർത്താവും അറിഞ്ഞാൽ സഹിക്കുന്ന കാര്യമല്ല അവിടെ നടന്നത് എന്നാണ്. എത്ര കൃത്യമായ ടാർജറ്റ് ആയിരുന്നു അത്.

ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാത്തിരുന്ന്, ഭർത്താവ് ഓഫീസിൽ നിന്ന് വന്നു കൊണ്ടിരിക്കുമ്പോൾ വീണ്ടും എന്നെക്കുറിച്ച്, പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്താണെന്നും വീട്ടിൽ താനുള്ളപ്പോഴും അല്ലാത്തപ്പോഴും വരാറുണ്ടെന്നും ഇതിൽ ആർക്കാണ് പരാതിയെന്നും ഇങ്ങനെ ഒരു സംഭവം ആസൂത്രണം ചെയ്യാനായിരുന്നോ കുറച്ചു ദിവസം മുമ്പ് നിങ്ങൾ ഇതേ സുഹൃത്ത് വീട്ടിലിരിക്കുമ്പോൾ വന്ന് പരിശോധിച്ചതെന്നും വീട്ടിലെത്തിയ ഭർത്താവ് രാധാകൃഷ്‌ണനോടു ചോദിച്ചപ്പോൾ മറുപടി ഉണ്ടായിരുന്നില്ല. അപ്പോൾ നേരത്തെ തന്നെ ആസൂത്രണം നടന്നിരുന്നു.

വാടക വീട് തന്റെ കെയർ ഓഫിൽ ലഭിച്ചതുകൊണ്ട് ആ വീടിന്റെ സംരക്ഷണം തന്റെ അധികാര പരിധിയിലാണെന്നതുകൊണ്ട് അവിടത്തെ കാര്യങ്ങൾ തിരക്കാനുള്ള ചുമതല തനിക്കുണ്ടെന്ന് പലയിടത്തും രാധാകൃഷ്‌ണൻ പറഞ്ഞുകണ്ടു. രാധാകൃഷ്‌ണന്റെ അറിവോടെയല്ല ഞങ്ങൾക്ക് ഈ വീട് താമസത്തിന് ലഭിച്ചത്. അവിടെ താമസിച്ചു വരികയായിരുന്ന കേരളകൗമുദിയിലെ എന്റെ ബാച്ച്മേറ്റായ ബി. അനീഷ് കുമാർ പേട്ടയിലെ വീട്ടിലേക്ക് മാറിയപ്പോൾ അദ്ദേഹം പറഞ്ഞിട്ടാണ് ഞങ്ങൾക്ക് വീട് ലഭിച്ചത്. ഈ കാര്യം പറഞ്ഞപ്പോൾ, വേറെ കുറച്ചാളുകൾക്ക് വേണ്ടി നോക്കിവച്ചിരുന്ന വീടാണെന്നാണ് രാധാകൃഷ്‌ണൻ അന്ന് മറുപടി പറഞ്ഞിരുന്നത്. പിന്നീട് ഞങ്ങൾക്ക് വീട് കിട്ടിയത് രാധാകൃഷ്‌ണന്റെ "സൗമനസ്യ" മായി മാറി. രക്ഷിക്കാൻ വന്ന് പിറ്റേന്ന് രാവിലെ മുതൽ എന്റെ ഫോണിലേക്കും ഭർത്താവിന്റെ ഫോണിലേക്കും തുടരെ തുടരെ രാധാകൃഷ്‌ണൻ വിളിച്ചിട്ടുണ്ട്. ഞാൻ ഫോൺ എടുത്തില്ല.

സംഭവത്തിനുശേഷം രാധാകൃഷ്ണന്റെയും കൂട്ടാളികളുടെയും ആക്രമണത്തിൽ മാനസികമായി തകർന്ന ഞാനും ഭയചകിതരായ കുഞ്ഞുങ്ങളും എങ്ങനെയെങ്കിലും അത് മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. പിറ്റേന്ന് നടന്ന ചിൽഡ്രൻസ് ക്ളബിന്റെ പരിപാടിയിൽ ഞാൻ പങ്കെടുത്തതു പോലും എനിക്ക് ഒരു പ്രശ്‌നവുമില്ലാത്തതു കൊണ്ടാണെന്ന നിലയിൽ വൻപ്രചാരണങ്ങളാണ് പിന്നിടുണ്ടായത്. പോകാതിരിക്കുന്നത് ഒളിച്ചു നിൽക്കുന്നതിന് തുല്യമാണെന്ന വിശ്വാസത്തിൽ തന്നെയാണ് പിറ്റേന്ന് കുട്ടികൾക്കൊപ്പം ക്ളബിൽ പോയത്. അതുകൊണ്ട് ഒരു സംഘമാളുകൾ എന്നോടും കുട്ടികളോടും കാണിച്ച അതിക്രമം ഇല്ലാതായി പോകുമോ?

രാധാകൃഷ്‌ണൻ അറസ്റ്റിലായ ദിവസം ആ വാർത്ത ടി.വിയിൽ കാണിക്കുന്നതിന് തൊട്ടുമുമ്പേ രാധാകൃഷ്‌ണന്റെ ഭാര്യയും റെസിഡൻറ്സ്​ അസോസിയേഷൻ വനിതാവേദിയുടെ ഭാരവാഹിയും ഞങ്ങളുടെ വാടക വീട്ടിൽ വന്നിരുന്നു. ഞാൻ പരാതി പിൻവലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. രാധാകൃഷ്‌ണൻ വളരെ മോശം ഭാഷയിൽ എന്നെകുറിച്ച് അയച്ച മെയിൽ ഞാൻ അവർക്ക് കാണിച്ചു കൊടുത്തപ്പോൾ അവർ മറ്റൊന്നും പറയാതെ വീട്ടിൽ നിന്ന്​ പോയി. അതേ പോലെ അറസ്റ്റിന് മുമ്പ് ചില റെസിഡൻറ്സ്​ അസോസിയേഷൻ ഭാരവാഹികളും എന്നോടും ഭർത്താവിനോടും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട്​ സമ്മർദം ചെലുത്തി എങ്കിലും യാഥാർഥ്യം മനസിലാക്കിയ അവർ ഒന്നും പറയാതെ തിരികെ പോകുകയാണുണ്ടായത്.

എന്നാൽ പ്രസ് ക്ലബ് പ്രസിഡൻറ്​ സ്ഥാനത്തിരിക്കുന്ന മലയാള മനോരമയിലെ സോണിച്ചൻ പി. ജോസഫും മറ്റുചിലരും രാധാകൃഷ്ണന്റെ സദാചാര ഗുണ്ടായിസത്തിന്​ അനുകൂല നിലപാട് സ്വീകരിച്ചു. ഇതിലൊരു വിഭാഗം എനിക്കെതിരെ നുണക്കഥ ചമയ്ക്കുകയും ചെയ്തപ്പോൾ ഞാൻ കൂടുതൽ ഭയത്തിലേക്ക് വീണു. വ്യക്തികൾ മാത്രമായല്ല, അവർ തങ്ങളുടെ സ്ഥാപനങ്ങളുടെ ടാഗും ഉപയോഗിച്ചാണ് എന്നോട് ഗുണ്ടായിസം കാണിച്ച അവരുടെ സുഹൃത്തായ പ്രസ് ക്ലബ് സെക്രട്ടറി എന്ന അധികാരിയെ സംരക്ഷിക്കാൻ ശ്രമിച്ചത്. ഇങ്ങനെ ഏത് മാർഗത്തിലൂടെയും അക്രമിയെ സംരക്ഷിക്കാനായി കൂട്ടം ചേർന്ന് നടത്തിയ ശ്രമങ്ങൾ എന്നെ കൂടുതൽ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണുണ്ടായത്.

എം. രാധാകൃഷ്ണന് എന്നോട് വിരോധം തോന്നിയതിന്റെ കാരണം കൂടി പറയാം. പ്രസ് ക്ലബ്ബിൽ മത്സരിച്ച് സെക്രട്ടറിയായ ശേഷം 2019ൽ പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പ് കാലം വരെ എന്റെ കുടുംബവുമായി സൗഹാർദ്ദം പുലർത്തിയിരുന്ന ആളാണ് രാധാകൃഷ്‌ണൻ. പ്രസ് ക്ലബ്ബ് ഇലക്ഷനിൽ മത്സരിച്ചപ്പോഴൊക്കെ സഹപ്രവർത്തകനെന്ന നിലയിൽ രാധാകൃഷ്‌ണനെയാണ് ഞാൻ പരിഗണിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ മാറി മറിയുന്നത് 2019 ലെ പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പ് കാലത്തെ വളരെ നിസാരമായ ഒരു തെറ്റിദ്ധാരണയിൽ നിന്നാണ്. എന്റെയും ഭർത്താവിന്റെയും മക്കളുടെയും ജീവിതത്തെ തന്നെ തകർത്തുകളഞ്ഞ ഏറ്റവും മോശം അനുഭവം ഉണ്ടാകാൻ മാത്രം വൈരാഗ്യം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന് എന്നോടുണ്ടായത് അപ്പോഴാണ്. രാധാകൃഷ്‌ണന്റെ കൂട്ടായ്‌മയിൽ രൂപപ്പെട്ട പാനലിൽ അല്ലാതെയുള്ള മറ്റൊരു പാനലിൽ കേരളകൗമുദിയിലെ ഒരു ജീവനക്കാരി പത്രപ്രവർത്തകയൂണിയൻ ജില്ല കമ്മിറ്റി ഇലക്ഷനിൽ മത്സരിക്കാൻ തയ്യാറായി. അവർ മത്സരിച്ചാൽ താൻ നിർത്തിയിരിക്കുന്ന പാനലിന് വെല്ലുവിളിയാണെന്നും അവരെ എങ്ങനെയെങ്കിലും സംസാരിച്ചു പിന്തിരിപ്പിക്കണമെന്നും പറഞ്ഞ്​പലതവണ എന്നെ എം. രാധാകൃഷ്ണൻ വിളിച്ചിട്ടുണ്ട്. ഇലക്ഷനിൽ നിൽക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്ന് ഞാൻ ഉടൻ മറുപടി പറയുകയും ചെയ്തു.

ഇതേ സമയത്ത് വനിത മാധ്യമപ്രവർത്തകരുടെ ഒരു വാട്സ്​ആപ്പ് ഗ്രൂപ്പിലും തിരഞ്ഞെടുപ്പ് ചർച്ച സജീവമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെക്കുറിച്ച് അതേ കമ്മിറ്റിയിൽ അംഗമായ ഒരാളുടെ പോസ്റ്റ് ഈ വാട്സ്​ആപ്പ് ഗ്രൂപ്പിലും ചർച്ചയായി വന്നു. പത്രപ്രവർത്തക യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടുന്നുണ്ടോ എന്ന രീതിയിലായിരുന്നു ചർച്ച. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നിലവിലുള്ള ജില്ലാ കമ്മിറ്റിയെക്കുറിച്ച് വീണ്ടും ചർച്ച സജീവമായപ്പോൾ, കമ്മിറ്റിയിൽ തുടർന്ന കാലത്ത് ഈ കാര്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ പരിഹരിക്കാനാകുമായിരുന്നല്ലോ, ഇപ്പോൾ ഇത് ചർച്ച ചെയ്തിട്ട് എന്ത് പ്രയോജനം എന്ന രീതിയിലൊരു കമന്റ് ആ ഗ്രൂപ്പിൽ ഞാനിട്ടിരുന്നു. കമന്റിട്ട് അധികസമയമാകുന്നതിന് മുമ്പാണ് എം. രാധാകൃഷ്‌ണന്റെ ഫോൺ വരുന്നത്. എന്താ... രാധാകൃഷ്‌ണേട്ടാ... എന്ന് ചോദിച്ചു തീരും മുമ്പേ പറഞ്ഞത് നിങ്ങളെന്ത് പോസ്റ്റാണ് ഇപ്പോൾ ഇട്ടത് എന്നായിരുന്നു. പെട്ടെന്ന് ഒന്നും മനസിലായില്ല. ഏത് പോസ്റ്റ് എന്ന് ചോദിച്ചപ്പോഴാണ് നിങ്ങൾ പെണ്ണുങ്ങളുടെ ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണിപ്പോൾ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്കിടയിൽ ചർച്ചയെന്നും കേരളകൗമുദിയിലെ രാധാകൃഷ്‌ണനെതിരെ കേരളകൗമുദിയിലെ ആൾക്കാർ തന്നെ ഇറങ്ങിയിരിക്കുകയാണ്, ഞങ്ങളുടെ പാനൽ തോൽക്കുകയാണെങ്കിൽ ഇതായിരിക്കും കാരണം എന്നൊക്കെ പറഞ്ഞ് രാധാകൃഷ്ണൻ ഫോണിലൂടെ എന്നോട് അലറുകയായിരുന്നു. എന്റെ ഒരു മറുപടിയും കേൾക്കാതെ എം. രാധാകൃഷ്ണൻ ഫോൺ വച്ചു.

അന്നു മുതൽ എം. രാധാകൃഷ്‌ണൻ എന്നോട് സംസാരിച്ചിട്ടില്ല. ശത്രുത അവിടെയാണ് തുടങ്ങിയത്. പലയിടത്തായി ഏറെക്കാലമായി ആഘോഷിക്കപ്പെടുന്ന ഒരു അപവാദം പ്രസ് ക്ലബ് രാഷ്ട്രീയത്തിനുവേണ്ടിയുള്ള കള്ളപ്പരാതി എന്നാണ്. സെക്രട്ടറിയായി മത്സരിച്ചപ്പോൾ രാധാകൃഷ്ണനെ പരിഗണിച്ച എന്നെ കുറിച്ചാണ് ഇതുപറയുന്നത്. അതുപോട്ടെ, ഇനിയും അപവാദ പ്രചാരണം തുടരുന്നവർക്ക് എന്റെ മക്കളെ വന്നു കാണാം, അവരോട് സംസാരിക്കാം. ഈയൊരു അനുഭവത്തിനുശേഷം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല ഞങ്ങളാരുടെയും മാനസികാവസ്ഥ. നേരിട്ട് അനുഭവിച്ച ഭീകരമായ ഒരു അക്രമത്തിനെതിരെ പരാതിയുമായി മുന്നോട്ടു പോകുക എന്നതു തന്നെ അത്രയധികം എളുപ്പമുള്ള കാര്യമല്ല. അക്രമി ശക്തനായി തിരിച്ചു വന്നപ്പോൾ ഞങ്ങളുടെ അരക്ഷിതാവസ്ഥ കൂടി. പലവിധ പ്രാരാബ്ധങ്ങൾ കൊണ്ട് ജീവിതം കഷ്‌ടപ്പെട്ടു തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന എനിക്കും ഭർത്താവിനും പ്രസ് ക്ലബ് പൊളിറ്റിക്സിന് വേണ്ടി കളയാൻ വേണ്ടി സമയമുണ്ടെന്ന് സേഫ് സോണിൽ ജീവിതം നയിക്കുന്നവർക്ക് തോന്നാം. അപവാദ പ്രചാരണം നടത്തുന്ന നിങ്ങളുടെയത്ര ജീവിത സൗകര്യങ്ങൾ ഇല്ലാത്തവരും ഈ ലോകത്ത് ഉണ്ടെന്ന് മനസ്സിലാക്കണം. നിങ്ങൾക്ക് വേണ്ടി "കൂലിമെയിൽ" അയച്ച് എന്നെയും കുടുംബത്തെയും വേട്ടയാടുന്നവരും കൂടെ അറിയാനാണിത്. നമ്മളെ അറിയാത്തവരിൽ നിന്നുള്ള അതിക്രമത്തേക്കാൾ വലുതാണ് അത്രയേറെ പരിചയമുള്ള ഒരാൾ ഒരു ദിവസം പെട്ടെന്ന് മുഖംമൂടി മാറ്റി നമ്മൾക്കെതിരെ തിരിയുമ്പോഴുണ്ടാകുന്നത്. ആ അവസ്ഥയിൽ നിന്ന്​ഇതെഴുതുമ്പോഴും പുറത്തുകടക്കാനായിട്ടില്ല.

അക്രമം നേരിട്ട നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല, മറ്റുള്ളവരാണല്ലോ നിങ്ങളുടെ കാര്യങ്ങൾ പറയുന്നതെന്ന് പലയിടത്തു നിന്നും കേട്ടിട്ടുണ്ട്. അതിൽ തൽക്കാലം എനിക്ക് പറയാനുള്ളത് ഇതാണ്. ഇനിയും ആക്രമണങ്ങൾ പ്രതീക്ഷിച്ചു തന്നെയാണ് ഇതെഴുതുന്നതും. ഇത്രയും പറയാനുള്ള ധൈര്യം കഷ്‌ടപ്പെട്ടു തന്നെ സ്വരുക്കൂട്ടിയതാണ്. ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് എന്നെയും മക്കളെയും ബോധ്യപ്പെടുത്തുന്നതിനായി പറഞ്ഞേ പറ്റൂ എന്നതിനാലാണ് ഇത്രയും എഴുതിയത്. കാരണം എപ്പോൾ വേണമെങ്കിലും എന്നെയും കുടുംബത്തെയും ഇല്ലാതാക്കാൻ തക്കവണ്ണം ശക്തരാണ് എം രാധാകൃഷ്ണനും സംഘവും. ആ തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. അത് വെറുതെ ഉണ്ടായതല്ല, കടന്നുപോകുന്ന അനുഭവങ്ങൾ നൽകിയ തിരിച്ചറിവാണ്. നിങ്ങളുടെ ഓർമ്മകളിൽ നിന്ന്​ ഇതെല്ലാം മാഞ്ഞുപോയാലും ഞാനും കുടുംബവും അനുഭവിച്ചതൊന്നും ഞങ്ങൾക്ക് മറക്കാനാവില്ല.

അയാളുടെ കൂടെ നടക്കുന്നവരോട് വിനീതമായി ഒന്നേ പറയാനുള്ളൂ. എം. രാധാകൃഷ്‌ണനെതിരെ നിങ്ങൾ വിരൽചൂണ്ടുമ്പോഴല്ല, നിങ്ങൾ അയാൾക്കെതിരെയാണെന്ന് എം. രാധാകൃഷ്‌ണൻ വിശ്വസിക്കാൻ തുടങ്ങുമ്പോഴാണ് നിങ്ങളുടെ മോശം സമയം തുടങ്ങുന്നത്. എന്റെ അനുഭവമാണത്. പ്രസ് ക്ലബിൽ നിന്ന്​, അംഗങ്ങളായ എനിക്കും എന്റെ ഭർത്താവിനും എന്ത് നീതിയാണ് ലഭിച്ചത്? സംഭവം നടന്നതിനുശേഷം ഇത്രയും കാലം സസ്‌പെൻഷനിലായിരുന്ന, ഇപ്പോൾ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട ഒരാൾ എങ്ങനെയാണ് പ്രസ് ക്ളബിൽ ഇപ്പോഴും തുടരുന്നത്? മെമ്പർഷിപ്പ് അപ്‌ഡേഷനുവേണ്ടി ജോലി ചെയ്യുന്നവരെ കുറിച്ചുള്ള വിവരം തേടി സെക്രട്ടറിയും പ്രസിഡന്റും അംഗങ്ങൾക്ക് മെയ് 10 നുള്ളിൽ വിവരം നൽകണമെന്ന് മെയിൽ അയച്ചപ്പോൾ സെക്രട്ടറി ജോലിയിൽ നിന്ന്​പുറത്താക്കപ്പെട്ടിരിക്കുകയായിരുന്നില്ലേ?

Comments