പീഡനക്കേസ് പ്രതി കമറുദ്ദീന്‍ പരപ്പില്‍
പൊതുജീവിതം ആഘോഷിക്കുമ്പോള്‍
നീതി കിട്ടാത്ത പെണ്‍കുട്ടി എവിടെയുണ്ട്?
പീഡനക്കേസ് പ്രതി കമറുദ്ദീന്‍ പരപ്പില്‍ പൊതുജീവിതം ആഘോഷിക്കുമ്പോള്‍ നീതി കിട്ടാത്ത പെണ്‍കുട്ടി എവിടെയുണ്ട്?
30 Apr 2022, 05:13 PM
പരാതിയുമായി മുന്നോട്ടുപോയാല്‍ എന്തെല്ലാം പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് അവള്‍ ആ തീരുമാനം എടുത്തത്. ഈ കാലത്ത് നീതി എല്ലാവര്‍ക്കും ഒരുപോലെയാകില്ലെന്നറിയാം, പക്ഷേ തന്റെയനുഭവം ഇനി മറ്റൊരു പെണ്‍കുട്ടിക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയെങ്കിലും മുന്നോട്ടുപോയേ തീരൂ എന്ന തിരിച്ചറിവില്‍ നിന്ന്. രക്ഷകര്‍ത്താവിനെപ്പോലെ കരുതിയിരുന്ന അധ്യാപകനില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് നീതിന്യായ സംവിധാനത്തില്‍ അഭയം തേടിയ ഭിന്നശേഷിക്കാരി കൂടിയായ ഒരു ദലിത് വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ അതി കഠിനമാണ്.
പെണ്‍കുട്ടിയുടെ വാക്കുകള്‍
മലപ്പുറം ജില്ലയിലെ ഒരു പിന്നോക്ക ദലിത് കുടുംബത്തില്‍ കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മകളായാണ് ഞാന്‍ ജനിച്ചത്. രണ്ട് ചേച്ചിമാരും ഒരു അനിയനുമടക്കം ഞങ്ങള്‍ നാല് മക്കള്‍. ദാരിദ്ര്യത്തിന്റെ എല്ലാ കഷ്ടതകളുമനുഭവിച്ചാണ് വളര്‍ന്നത്. എങ്ങിനെയെങ്കിലും പഠിച്ച് ജോലി നേടണമെന്നും കുടുംബത്തിന്റെ കഷ്ടതകള്‍ക്ക് ഒരു മാറ്റമുണ്ടാകണമെന്നും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതത്തില്‍ ഒന്നൊഴിയാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ദുരന്തങ്ങള്‍ എനിക്കെന്നും സമ്മാനിച്ചത് അതിജീവനം അസാധ്യമായ പ്രഹരങ്ങളാണ്.
പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തീര്‍ത്തും അവിചാരിതമായാണ് എനിക്ക് കേള്‍വി ശക്തി കുറഞ്ഞു വന്നത്. മാനസികമായി ഞാന്‍ ആകെ തളര്‍ന്നു. വീട്ടിലെ സംസാരങ്ങള്‍, കൂട്ടുകാര്‍ക്കൊപ്പമുള്ള കളി ചിരി വര്‍ത്തമാനങ്ങള്‍, അധ്യാപകരുടെ ക്ലാസുകള്‍, പക്ഷികളും മൃഗങ്ങളും യന്ത്രങ്ങളും വാഹനങ്ങളുമെല്ലാമുള്ള ശബ്ദങ്ങളുടെ ലോകത്ത് നിന്ന് പതിയെ പതിയെ ഞാന്‍ നിശബ്ദദതയുടെയും ഏതാന്തതയുടെയും തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഇനി മുതല്‍ എന്റെ ജീവിതത്തില്‍ ശബ്ദങ്ങളില്ല എന്ന യാഥാര്‍ത്ഥ്യത്തെ വേദനയോടെ അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും ഞാന്‍ തയ്യാറായി.
കഠിനമായ അനുഭവങ്ങളോട് പൊരുതിയാണ് ഓര്‍മ വെച്ച കാലം മുതല്‍ ജീവിച്ചത്, മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ഇടക്കപ്പോഴോ എന്റെ സംസാര ശേഷി കൂടി നഷ്ടപ്പെടുന്നത് ഞാന്‍ അറിഞ്ഞു. എങ്ങിനെയെങ്കിലും ജീവിതത്തെ നേരിടണമെന്ന ചിന്ത ഉള്ളില്‍ ശക്തമായി നിലനിന്നിരുന്നു. മറ്റുള്ള കുട്ടികളെ പോലെ ക്ലാസ് മുറിയിലെ പഠനം സാധ്യമല്ലായിരുന്നങ്കിലും സ്വന്തമായി പഠിച്ചെടുക്കുന്ന രീതിയിലേക്ക് ഞാന്‍ മാറി. ചില അധ്യാപകര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു സഹായവും ആരില്‍ നിന്നുമുണ്ടായിരുന്നില്ല. മൂന്ന് പെണ്‍കുട്ടികളടക്കം നാല് മക്കളുള്ള ഒരു പിന്നോക്ക തൊഴിലാളി കുടുംബത്തിലെ ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സാഹചര്യങ്ങളും എന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും വിലങ്ങുതടിയായിരുന്നു.
പ്ലസ്ടുവിന് ശേഷം കോഴിക്കോട് ഫാറൂഖ് കോളേജില്‍ ബി.എ. മലയാളത്തിന് അഡ്മിഷന്‍ ലഭിച്ചു. ഏറെ പ്രതീക്ഷകളോടെയാണ് കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. ശാരീരികമായ എന്റെ പരിമിതികള്‍ വലിയ വെല്ലുവിളിയായി തന്നെ കൂടെയുണ്ടായിരുന്നു. പുസ്തകങ്ങള്‍ക്കും സിലബസിനും പുറത്തുള്ള ചര്‍ച്ചകളുടെയും കൂട്ടായ്മകളുടെയും ഇടങ്ങള്‍ എനിക്ക് മാത്രം നഷ്ടമായിരുന്നു. ആരുടെയെങ്കിലും സഹായം എല്ലാത്തിനും അത്യാവശ്യമായി വന്നു.
ഇതിനിടയില്‍ അച്ഛന്റെ മരണം കൂടി സംഭവിച്ചു. കുടുബത്തിന്റെ നിലനില്‍പ് പൂര്‍ണമായി തകര്‍ന്നു. കൂലിപ്പണിയെടുക്കുന്ന അമ്മയുടെ തുച്ഛമായ വരുമാനം മാത്രമായി കുടുംബത്തിന്റെ ഏക ആശ്രയം. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അനിയനും ചേച്ചിയുമെല്ലാം പഠനം നിര്‍ത്തി. ജീവിതത്തില്‍ ഇടതടവില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രതിസന്ധികളോട് എങ്ങിനെ പോരടിക്കുമെന്ന് നിശ്ചയമില്ലാതെയിരുന്ന നാളുകളിലൊന്നിലാണ്, നിലനില്‍ക്കാനായി ഞാന്‍ നടത്തി വന്ന സര്‍വ ശ്രമങ്ങളെയും തകര്‍ത്തുകൊണ്ട് ഒരു രാത്രിയില്‍ എനിക്ക് നേരെ ആ അതിക്രമമുണ്ടാകുന്നത്. രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ഞാന്‍ കണ്ടിരുന്ന, അതുവരെ പ്രിയപ്പെട്ടതായി കരുതിയിരുന്ന കമറുദ്ദീന്‍ പരപ്പില്‍ എന്ന മലയാളം അധ്യാപകനില്‍ നിന്നും അധ്യയന യാത്രയ്ക്കിടെ ഏല്‍ക്കേണ്ടി വന്ന ലൈംഗികപീഡനം എന്നിലേല്‍പ്പിച്ച മാനസിക ആഘാതം ഒരിക്കലും വിവരിക്കാന്‍ സാധിക്കാത്തതാണ്.
പിന്നീട് അങ്ങനെയൊരു സംഭവമേ നടന്നില്ല എന്ന മട്ടിലാണ് അയാള്‍ എന്നോട് ഇടപെട്ടത്. അതെനിക്ക് കൂടുതല്‍ പ്രയാസങ്ങളാണ് സൃഷ്ടിച്ചത്. അവസാന സെമസ്റ്റര്‍ പരീക്ഷയും പ്രൊജക്റ്റ് വര്‍ക്കുകളുമെല്ലാം ബാക്കിയുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാം സമീപിക്കേണ്ടത് ഇതേ അധ്യാപകനെ തന്നെയാണ്. അതെനിക്ക് സാധിക്കുമായിരുന്നില്ല. വലിയ വിഷാദത്തിലേക്ക് ഞാന്‍ വഴുതി വീണു. മാസങ്ങള്‍ എടുത്താണ് ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവന്നത്. ആരോടെങ്കിലും ഈ വിവരങ്ങള്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ മാനസികമായി കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് ഹോസ്റ്റലിലെ സുഹൃത്തുക്കളോട് ഞാന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പരാതി നല്‍കുവാനുള്ള ധൈര്യം തന്നത് അവരാണ്. ഞാന്‍ ഈ വിഷയം തുറന്നുപറഞ്ഞതോടെ അയാളില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ നേരിട്ട മറ്റ് പെണ്‍കുട്ടികളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അതോടെയാണ് ഏതുവിധേനയും അയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന ബോധ്യത്തിലേക്ക് ഞാനെത്തിയത്.
കോളേജില്‍ എല്ലാവര്‍ക്കും ഏറെ സ്വീകാര്യനായ വലിയ പിടിപാടും പൊതുസമ്മതിയുമുള്ള അധ്യാപകനെതിരെ പരാതി നല്‍കുന്നത് എളുപ്പമല്ല എന്നും എന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും മനസ്സില്‍ കണ്ട് തന്നെയാണ് പരാതിയുമായി മുന്നോട്ടു നീങ്ങിയത്. സഹപാഠികളും കോളേജിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനയും ഒപ്പം നിന്നു. അച്ഛന്റെ മരണ ശേഷം വലിയ ആകുലതകളിലാണ് അമ്മയും സഹോദരങ്ങളും എന്നതിനാല്‍ തുടക്കത്തില്‍ ഇതൊന്നും വീട്ടില്‍ അറിയിച്ചിരുന്നില്ല. പരാതിയെത്തുടര്‍ന്ന് അധ്യാപകനെ കോളേജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എനിക്ക് നീതി ലഭിക്കുമെന്ന് തന്നെയായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ എന്റെ അനുഭവം അങ്ങനെയല്ല. ഫാറൂഖ് പോലീസ്സ്‌റ്റേഷന്‍ ക്രൈം നമ്പര്‍ 114/2020 U/S 354(1)(1) ല്‍ രെജിസ്റ്റര്‍ ചെയ്ത, നിലവില്‍ കോഴിക്കോട് സ്‌പെഷ്യല്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുന്‍പാകെയുള്ള കേസിനെ സംബന്ധിച്ച ഒരു വിവരവും എനിക്ക് ലഭിക്കുന്നില്ല. കോടതിയില്‍ നിന്നോ പോലീസില്‍ നിന്നോ കേസിന്റെ തുടര്‍ നടപടികളുമായി ബന്ധപെട്ട് യാതൊരു അറിയിപ്പും എനിക്ക് ലഭിച്ചിട്ടില്ല. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരെന്നും നിലവിലെ സ്ഥിതി എന്താണെന്നും അറിയുന്നതിനായി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഉന്നത തലങ്ങളില്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതി കേസില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി ഞാന്‍ സംശയിക്കുന്നുണ്ട്.
കേസ് മുന്നോട്ടുപോകുന്നതിലുള്ള കാലതാമസം കൂടാതെ ഇക്കാലയളവില്‍ പ്രതിക്ക് ലഭിച്ച പൊതു സ്വീകാര്യത കൂടിയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലും മത സംഘടനകളുടെ സെമിനാറുകളിലുമൊക്കെ അയാളെ ഇപ്പോഴും സജീവമായി കാണുന്നുണ്ട്. അതിലേറെ എന്നെ വേദനിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫാറൂഖ് കോളേജിലെ മലയാളം വിഭാഗം സംഘടിപ്പിച്ച ഒരു ഔദ്യോഗിക പരിപാടിയില്‍ അയാളെ അതിഥിയായി ക്ഷണിച്ചു എന്നത് കൂടിയാണ്. എനിക്ക് ലഭിക്കേണ്ട നീതിക്കായി ഒപ്പം നില്‍ക്കേണ്ടവര്‍ തന്നെ പ്രതിക്ക് സാമൂഹിക സ്വീകാര്യത നേടിക്കൊടുക്കുന്നത് കാണുമ്പോള്‍ മാനസികമായി വലിയ പ്രയാസത്തിലേക്കാണ് ഞാന്‍ നീങ്ങുന്നത്.
പരാതി പിന്‍വലിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍
2019-2020 അധ്യയന വര്‍ഷത്തിലെ പഠനയാത്രയില്‍ വച്ചാണ് അന്ന് ഫാറൂഖ് കോളേജില്‍ മലയാളം വിഭാഗം വിദ്യാര്‍ത്ഥിനി ആയിരുന്ന പെണ്‍കുട്ടി കമറുദ്ദീന്‍ പരപ്പില്‍ എന്ന അധ്യാപകനില്‍ നിന്ന് ലൈംഗികമായി അതിക്രമം നേരിട്ടത്. പരാതിയെത്തുടര്‍ന്ന് അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെതോടെ പ്രതി കേസ് പിന്‍വലിപ്പിക്കുന്നതിനായുള്ള സമ്മര്‍ദങ്ങള്‍ ചെലുത്താന്‍ തുടങ്ങിയെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സാമ്പത്തികമായി വലിയ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് തന്റേത് എന്നറിഞ്ഞുകൊണ്ട് കുടുംബാംഗങ്ങളെ പണം ഓഫര്‍ ചെയ്ത് സ്വാധീനിക്കാനാണ് പ്രതിയും അയാള്‍ക്കൊപ്പമുള്ളവരും ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിനായി പ്രതിയുമായി ബന്ധമുള്ള മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വന്നിരുന്നതായും സഹോദരി ഭര്‍ത്താവിനെ ഫോണില്‍ നിരന്തരം വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുന്നതായും വിദ്യാര്‍ത്ഥിനി ട്രൂകോപ്പിയോട് പറഞ്ഞു.
""എന്റെയും കുടുംബത്തിന്റെയും സാമൂഹിക സാഹചര്യങ്ങളെയും ദാരിദ്ര്യാവസ്ഥയെയും മുതലെടുക്കാനാണ് പ്രതിയും കൂടെയുള്ളവരും ശ്രമിക്കുന്നത്. കേസുമായി മുന്നോട്ടുപോകാന്‍ എന്ന സംബന്ധിച്ച് പ്രയാസങ്ങളുണ്ട് എന്നത് സത്യമാണ്. എന്ന് കരുതി നീതി നേടിയെടുക്കാതെ ഞാന്‍ പിന്‍മാറില്ല'', വിദ്യാര്‍ത്ഥിനി പറയന്നു.
പ്രതിക്ക് ലഭിക്കുന്ന സാമൂഹിക സ്വീകാര്യത
2022 ഏപ്രില്‍ ആദ്യ വാരത്തിലാണ് ലക്ഷ്മി എന്ന മലയാളം വിഭാഗത്തിലെ അധ്യാപികക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ലൈംഗിക അതിക്രമ കേസിലെ പ്രതിയായ, സസ്പന്‍ഷനില്‍ കഴിയുന്ന അധ്യാപകനെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളും അതിക്രമം നേരിട്ട പെണ്‍കുട്ടിയും രംഗത്ത് വന്നിരുന്നു. മലയാളം വിഭാഗം തെറ്റ് തിരുത്തണമെന്നും അതിക്രമം നേരിട്ട പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു.
""അധ്യാപികയുടെ യാത്രയയപ്പ് പരിപാടിയിലേക്ക് ലൈംഗിക ആരോപണത്തില്‍ വിചാരണ നേരിടുന്നതും സസ്‌പെന്‍ഷനില്‍ ഇരിക്കുന്നതുമായ ഒരാളെ അതിഥിയായി ക്ഷണിച്ചുവരുത്തിയതില്‍ സംഘാടകരായ മലയാള വിഭാഗം മേധാവിയും ഫാറൂഖ് കോളേജ് പ്രിന്‍സിപ്പളും കാണിച്ച നിര്‍ബന്ധബുദ്ധി ആക്രമണം നേരിട്ട വിദ്യാര്‍ഥിയെ അപമാനിക്കുന്നതിന് തുല്യമാണ്.
കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഈ ആശ്ശീലത്തിനെതിരെ അധ്യാപകര്‍ തുടരുന്ന മൗനം മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാക്കുന്ന അപമാനം ചെറുതല്ല. ആയതിനാല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഇത്തരത്തിലുള്ള പീഡന വീരന്മാരെ വിളിച്ചു വരുത്തി അക്രമത്തിനിരയായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ഥികളെയും അപമാനിച്ച സംഘാടകരായ അധ്യാപകര്‍ നിര്‍ബന്ധമായും മാപ്പ് പറയാന്‍ തയ്യാറാകുക തന്നെ വേണം'', - വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
യാത്രയയപ്പ് ചടങ്ങ് വിവാദമായതോടെ ചടങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ തന്റെ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. കേസില്‍ അതിക്രമം നേരിട്ട പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നും അന്നത്തെ യാത്രയയപ്പിലേക്ക് ക്ഷണിച്ചിരുന്നില്ലാത്ത അധ്യാപകന്‍ അപ്രതീക്ഷിതമായി കയറിവരികയായിരുന്നുവെന്നുമാണ് ഡോ. അസീസ് തരുവണ ട്രൂകോപ്പിയോട് പറഞ്ഞത്. എന്നാല്‍ അധ്യാപകരുടെ വിശദീകരണം വിശ്വസനീയമല്ല എന്നാണ് പെണ്‍കുട്ടിയും സഹപാഠികളും പറയുന്നത്.
ഫാറൂഖ് കോളേജിലെ മലയാളം വകുപ്പിന്റെ സമീപനം അതിജീവിതയായ വിദ്യാര്‍ത്ഥിനിയുടെ മാനസിക നിലയ്ക്ക് വീണ്ടും പോറലേല്‍പിക്കുന്നതാണെന്നാണ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ദിശ എന്ന സാമൂഹിക സംഘടനയുടെ പ്രവര്‍ത്തകനുമായ ദിനു വെയില്‍ ട്രൂകോപ്പിയോട് പറഞ്ഞത്. ""കമറുദ്ദീന്‍ പരപ്പില്‍ എന്ന മലയാളം വിഭാഗത്തിലെ അധ്യാപകന്‍ അയാളുടെ ആണധികാരത്തിനൊപ്പം അധ്യാപകന്‍ എന്ന അധികാര നിലയെ കൂടി ഉപയോഗിച്ചാണ് തന്റെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പഠന യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയത്. അച്ഛന്‍ മരണപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി ആയതിനാല്‍ പിതൃതുല്യനായാണ് വിദ്യാര്‍ത്ഥിനി ആ അധ്യാപകനെ കണക്കാക്കിയിരുന്നത്. അത്തരം ഒരാളില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വരുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ട്രോമ വളരെ വലുതാണ്. ആ ട്രോമയെ അതിജീവിച്ചു കൊണ്ടിരിക്കെയാണ് കുറ്റാരോപിതനായ വ്യക്തി ഫാറൂഖ് കോളേജിലെ ഒരു അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അയാള്‍ക്ക് ലഭിക്കുന്ന ഓരോ കസേരയും അതിജീവിതയായ വിദ്യാര്‍ത്ഥിനിയുടെ ആത്മാഭിമാനത്തിനും മനോധൈര്യത്തിനും ക്ഷതമേല്‍പ്പിക്കുന്നതാണ്. അവിടെ അയാള്‍ ക്ഷണിക്കപ്പെടാതെ വന്നിരുന്നതാണ് എന്ന ന്യായീകരണം ആരെങ്കിലും നടത്തിയിട്ട് കാര്യമില്ല. കുറ്റാരോപിതനൊപ്പം കസേര പങ്കിടുന്നില്ല എന്ന് പറയുവാനുള്ള ആര്‍ജ്ജവം അവിടെയുണ്ടായിരുന്ന ഒരു അധ്യാപകര്‍ക്കും ഉണ്ടായില്ല എന്നതാണ് ലജ്ജാവഹം. തന്റെ തൊഴില്‍ നിലയെ ഉപയോഗിച്ചു കൊണ്ട് കമറുദ്ദീന്‍ പരപ്പില്‍ നടത്തിയ അതിക്രമത്തെ അയാള്‍ക്കൊപ്പം കസേര പങ്കിട്ട, കസേരയില്‍ ഉറച്ചിരുന്ന ഓരോ വ്യക്തിയും ഇത്ര ലളിതമായാണോ കാണുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്'', ദിനു വെയില്‍ പറയുന്നു.

""അതിജീവിതയായ വിദ്യാര്‍ത്ഥിനി വ്യത്യസ്ത സ്വത്വങ്ങളാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരാളാണ്. അവള്‍ ദലിത് വിഭാഗത്തില്‍പ്പെട്ട, ശാരീരിക പരിമിതികളുള്ള, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള, അച്ചന്‍ മരണപ്പെട്ട ഒരുവളാണ്. കുറ്റാരോപിതന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ അപ്പീലുമായി വന്നപ്പോഴാണ് അതിജീവിതയായ വിദ്യാര്‍ത്ഥിനിയ്ക്കായി ദിശ ഇടപ്പെടുന്നത്. ടൂറിനിടയില്‍ എടുത്ത ഒരു ഫോട്ടോയില്‍ അവള്‍ ചിരിച്ചു നില്‍ക്കുന്നുണ്ട്, പരാതി വ്യാജമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നതടക്കമുള്ള ഏറ്റവും വൃത്തിക്കെട്ട വാദങ്ങളാണ് അപ്പീലില്‍ കുറ്റാരോപിതന്റെ ഭാഗം ഉന്നയിച്ചത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറ്റാരോപിതന് ഇത്തരം ചടങ്ങുകളുടെ ഫോട്ടോയും തന്റെ സ്വീകാര്യതയെ ഉറപ്പിക്കുന്നതിനായ് യാതൊരു ലജ്ജയുമില്ലാതെ ഉപയോഗിക്കാം'', ദിനു വെയില്‍ കൂട്ടിച്ചേര്‍ത്തു.
കേസിന്റെ നിലവിലെ സ്ഥിതി
ആശയവിനിമയങ്ങള്‍ക്കുള്ള ശാരീരിക പരിമിതികള്‍ ഉള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയുക എന്നത് വിദ്യാര്‍ത്ഥിനിയെ സംബന്ധിച്ച് സാധ്യമല്ല. മറ്റാരുടെയെങ്കിലും സഹായത്തോടെ ഫോണില്‍ വിളിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുമില്ല. വലിയ സാമ്പത്തിക പ്രയാസങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് കേസിന്റെ ആവശ്യങ്ങള്‍ക്കായി മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുക എന്നതും പ്രയാസം നിറഞ്ഞതാണ്. കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നതോ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരാണെന്നതോ സംബന്ധിച്ച യാതൊരു വിവരവും പെണ്‍കുട്ടിക്ക് ഇല്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ് എന്നതിനാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന അതിക്രമം സൃഷ്ട്ടിച്ച മാനസിക ആഘാതങ്ങളില്‍ നിന്നും പെണ്‍കുട്ടി ഇതുവരെ പുറത്തുകടന്നിട്ടില്ലെന്നാണ് അവരുടെ ഇപ്പോഴത്തെ ഒരു അധ്യാപിക ട്രൂകോപ്പിയോട് പറഞ്ഞത്. ""താന്‍ അനീതി നേരിടുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ അക്രമകാരിയായ പ്രതിക്ക് പൊതുസമൂഹത്തിന്റെ സ്വീകാര്യത ലഭിക്കുന്ന സാഹചര്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നത് പെണ്‍കുട്ടിയുടെ മാനസിക നിലയെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. കേസിന്റെ തുടര്‍നടപടികള്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്'', അധ്യാപിക കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
റിദാ നാസര്‍
Jan 21, 2023
18 Minutes Read
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read