കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ
174 വര്‍ഷങ്ങള്‍
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 174 വര്‍ഷങ്ങള്‍
20 Feb 2022, 12:39 PM
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള ആലോചനയ്ക്കിടെ ഐജാസ് അഹമ്മദ് ആ ചെറുരചനയെക്കുറിച്ച് സാന്ദ്രമായ ഒരു വിശേഷണം അവതരിപ്പിക്കുന്നുണ്ട്. "രോഗനിര്‍ണ്ണയത്തിന്റെയും പ്രവചനത്തിന്റെയും ആശ്ചര്യജനകമായ സംയോഗം' (stunning combination of diagnosis and prediction) എന്നതാണത് (Aijaz Ahmad 1999:25). മാനിഫെസ്റ്റോ കൊണ്ടുവന്ന രീതിശാസ്ത്രവിച്ഛേദം എന്ത് എന്ന ചോദ്യത്തിനുത്തരവും ഐജാസിന്റെ ഈ വിശേഷണത്തിലുണ്ട്. വര്‍ഗ്ഗപരമായ വൈരുധ്യത്തെ, ഉത്പാദന വ്യവസ്ഥയിലെ ചരിത്രപരമായ മാറ്റങ്ങളുടെ സൃഷ്ടിയായി മനസ്സിലാക്കുകയും ആ വിശകലനത്തിലൂടെ നിഗമനങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന ചരിത്രപരമായ ഭൗതികവാദത്തിന്റെ സമീപനമാണ് മാനിഫെസ്റ്റോ ഉറപ്പിച്ചെടുത്തത്.
സ്വാഭാവികമായും വര്‍ഗ്ഗസമരം ചരിത്രപരമായ ഒരാവശ്യം എന്ന നിലയില്‍ മാനിഫെസ്റ്റോയില്‍ മനസിലാക്കപ്പെട്ടു. അതോടെ, മനുഷ്യനെ സംബന്ധിച്ച കല്പനകളെയെല്ലാം പുതുക്കിപ്പണിയാനോ തിരുത്താനോ ഉള്ള സമ്മര്‍ദ്ദം കൂടിയാണ് മാനിഫെസ്റ്റോയില്‍ വന്നു ചേര്‍ന്നത്.
"മനുഷ്യന്‍' എന്ന സങ്കല്പനത്തെ സംബന്ധിച്ചുള്ള മൗലികമായൊരു തിരുത്തലിന്റെ പശ്ചാത്തലമുണ്ട് മാനിഫെസ്റ്റോയുടെ രചനയ്ക്ക്. 1836 ല്‍ രൂപീകരിക്കപ്പെട്ട നീതിമാന്മാരുടെ ലീഗിന്റെ (Bund der Gerechten ) ആപ്തവാക്യം "എല്ലാ മനുഷ്യരും സഹോദരന്മാരാണ്' എന്നതായിരുന്നു. നീതിമാന്മാരുടെ ലീഗും കമ്യൂണിസ്റ്റ് കറസ്‌പോണ്ടന്റ് കമ്മിറ്റിയും സംയുക്തമായി 1847 ജൂണില്‍ ലണ്ടനില്‍ വെച്ചു നടന്ന ആദ്യ സമ്മേളനത്തില്‍ (കമ്യൂണിസ്റ്റ് ലീഗിന്റെ ആദ്യത്തെ കോണ്‍ഗ്രസ്സ്) മേല്‍ മുദ്രാവാക്യം "എല്ലാ പ്രൊലേറ്റേറിയന്മാരും ഒന്നിക്കുക' എന്നു തിരുത്തപ്പെട്ടു. സാമ്പത്തിക വിഷമതകള്‍ മൂലം ആ സമ്മേളനത്തില്‍ കാള്‍ മാര്‍ക്‌സ് നേരിട്ടു പങ്കെടുത്തില്ല എങ്കിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മുദ്രാവാക്യം മാറ്റിയെഴുതപ്പെട്ടത്.

ആ വര്‍ഷം നവംബറില്‍ ചേര്‍ന്ന രണ്ടാം സമ്മേളനമാണ് മാനിഫെസ്റ്റോയുടെ രചനയ്ക്കായി മാര്‍ക്‌സിനെ ചുമതലപ്പെടുത്തുന്നത്. ഫ്രഞ്ച് വിപ്ലവഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട Declaration of the Rights of man and citizen നു ശേഷം ഇന്നോളം വന്ന രാഷ്ട്രീയ രചനകളില്‍ ഏറ്റവും സ്വാധീനവത്തായ ഒറ്റ രചന എന്ന് എറിക് ഹോബ്‌സ്‌ബോം വിശേഷിപ്പിച്ച ഈ ലഘുലേഖ (2011:102) അതിന്റെ രൂപവത്കരണ സന്ദര്‍ഭത്തില്‍ തന്നെ "മനുഷ്യനെ' പ്രശ്‌നവത്കരിച്ചിരുന്നു എന്നര്‍ത്ഥം.
പത്തൊമ്പതാം നൂറ്റാണ്ട് ആരംഭത്തോടെ തന്നെ വ്യാവസായിക മുതലാളിമാരുടെ വര്‍ധിച്ച ചൂഷണവും തൊഴിലാളികളുടെ ദുരിതവും തമ്മിലുള്ള ബന്ധം പലനിലയില്‍ വിശദീകരിക്കപ്പെടുന്നുണ്ടായിരുന്നു. സംഘടിതമല്ലെങ്കിലും തൊഴിലാളികളുടെ മുന്‍കൈയാല്‍ ധാരാളം കലാപങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുമുണ്ടായിരുന്നു. പ്രീമാര്‍ക്‌സിയന്‍ സോഷ്യലിസം എന്ന് ഹോബ്‌സ്‌ബോം വിളിക്കുന്ന വ്യത്യസ്തങ്ങളായ ഈ രാഷ്ട്രീയധാര പൊതുവെ ഫ്രഞ്ചു വിപ്ലവത്തിന്റെ വംശാവലിയില്‍ പെട്ടവയോ വിപ്ലവാത്മക ജനാധിപത്യം, ജാക്കോബിന്‍ റിപ്പബ്ലിക്കനിസം, നവ ബാബോവിസ്റ്റു വിപ്ലവ തൊഴിലാളി വര്‍ഗ്ഗ കമ്യൂണിസം തുടങ്ങിയ രൂപങ്ങളിലുള്ളവയോ ഇടതുപക്ഷ ഹെഗേലിയനിസത്തിലോ ഫൊയര്‍ബാഹിയന്‍ സിദ്ധാന്തത്തിലോ നിന്ന് പ്രചോദനം സ്വീകരിച്ചവയും ആയിരുന്നു. പ്രൂധോണിന്റെ "ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം', വൈറ്റ്‌ലിങ്ങിന്റെ "പാവപ്പെട്ട പാപികള്‍ക്കുള്ള സുവിശേഷം' തുടങ്ങിയ രചനകള്‍ സ്വത്തുടമാ സംവിധാനത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുകയും ചെയ്തിരുന്നു. പക്ഷേ മാര്‍ക്‌സ്-പൂര്‍വ്വ സോഷ്യലിസത്തിന്റെ ഏറ്റവും വലിയ പരിമിതിയായിരുന്നത് കമ്യൂണിസത്തിലേക്കുള്ള വഴി എന്താണ് എന്നതിനെ സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മയായിരുന്നു. പൊതുവെ, കൈത്തൊഴില്‍കാരുടെ പരസ്പര സഹായരൂപങ്ങളെയാണ് ആ വഴിയായി അവതരിപ്പിക്കപ്പെട്ടത് (കെ.എന്‍.ഗണേശ് 2017:14). ഈ സോഷ്യലിസ്റ്റ് അന്വേഷണങ്ങളുടെ പരിമിതിയാണ് നീതിമാന്മാരുടെ ലീഗിന്റെ ആപ്തവാക്യം പ്രതിനിധാനം ചെയ്തിരുന്നത്. തിരുത്തില്‍ നിന്ന് മാനിഫെസ്റ്റോ ആരംഭിച്ചതും അതുകൊണ്ടു തന്നെയാണ്.

നിശ്ചയമായും ഫ്രഞ്ച് വിപ്ലവമാണ് മനുഷ്യനെ സംബന്ധിച്ച് അതുവരെയുണ്ടായതിലെ ഏറ്റവും ഗംഭീരമായ മുദ്രാവാക്യങ്ങള്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ത്രിത്വം ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരായ മൂര്‍ച്ചയുള്ള ഒരായുധമായിരുന്നു. നാടുവാഴിത്തതിനും പ്രഭുവാഴ്ചയ്ക്കുമെതിരായ സമരകാഹളവുമായിരുന്നു. പക്ഷേ ജ്ഞാനോദയത്തിന്റെ മനുഷ്യ സങ്കല്പം അതില്‍ തന്നെ ദൗര്‍ബല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ചരിത്രനിരപേക്ഷവും സാമൂഹ്യനിരപേക്ഷവുമായ വ്യക്തി എന്ന ദാര്‍ശനികധാരണയാണ് അതിനടിത്തറയായത്. ഈ വ്യക്തിയാവട്ടെ സ്വകാര്യസ്വത്തുടമസ്ഥതയിലൂടെ നിലവില്‍ വരുന്നതാണ് താനും. ലളിതമായ അര്‍ത്ഥത്തില്‍ പ്രബുദ്ധതായുഗം മുന്‍പോട്ടു വെച്ച മനുഷ്യന്‍ എന്ന ആശയം പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ ബൂര്‍ഷ്വാ ലിബറല്‍ വ്യക്തിയായിരുന്നു. ജ്ഞാനോദയം സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ അതിന് ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യമെന്ന പരിമിതാര്‍ത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ. ദാമോദരനെ കടമെടുത്താല്‍ "ഫ്യൂഡലിസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മുതലാളിത്തം അക്കാലത്തൊരു പുരോഗമന ശക്തിയായിരുന്നു. പക്ഷേ അതേ സമയത്തു തന്നെ അവരൊരു ചൂഷകവര്‍ഗ്ഗവുമായിരുന്നു. അതുകൊണ്ട് മനുഷ്യസ്‌നേഹത്തെപ്പറ്റിയും മനുഷ്യന്റെ ഔന്നത്യത്തെപ്പറ്റിയുമുള്ള ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ പ്രചരിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ കൃഷിക്കാരുടെ സമരങ്ങളും കൊളോണിയല്‍ ജനതയുടെ ചോരയൊഴുക്കലും നടമാടിക്കൊണ്ടിരുന്നു (2015: 142)'. ആധുനികതയുടെ യഥാര്‍ത്ഥ വീരനായകനായി ബൂര്‍ഷ്വാ മനുഷ്യനെ മാനിഫെസ്റ്റോ അവതരിപ്പിക്കുന്നുണ്ട്, പക്ഷേ അപ്പോള്‍ തന്നെ വ്യക്തിയോഗ്യതകളെ വിനിമയമൂല്യത്തിലലിയിച്ച ബൂര്‍ഷ്വാസിയുടെ നഗ്‌നമായ കൊള്ളയെ അത് തുറന്നു കാട്ടുന്നുമുണ്ട്.

പ്രബുദ്ധതയ്ക്കും അതിന്റെ ആകെത്തുകയായ ആധുനികതയ്ക്കും ജന്മം കൊടുത്തു കൊണ്ട് യൂറോപ്പിന്റെ സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്നു വന്ന പുതിയ ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായിരുന്നു മനുഷ്യന്‍ എന്നറിയപ്പെട്ടുപോന്നത്. ഒരു ഭാഗത്ത് മാനവികതയുടെ ഗംഭീരമുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ കൊള്ളയടിക്കലില്‍ നിര്‍ലജ്ജമേര്‍പ്പെടാന്‍ പാശ്ചാത്യാധുനികതയ്ക്കു കഴിഞ്ഞതും ഈ വൈരുധ്യം കൊണ്ടാണ്. "ആധുനിക മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമായി ( ഭാവനാത്മകവും യഥാര്‍ഥവുമായി) ഇരട്ടജീവിതം നയിക്കുന്ന ഒരാളായിത്തീര്‍ന്നു. രാഷ്ട്രീയജീവിതത്തിന്റെ ഭാവനാത്മക സ്വര്‍ഗത്തില്‍ അവള്‍/അവന്‍ ഒരു സമൂഹജീവിയാണ്. പൊതുതാല്‍പ്പര്യങ്ങള്‍ ഉള്ള, പൊതു സമൂഹത്തിന്റെ ചൈതന്യമുള്‍ക്കൊണ്ട സമൂഹജീവി. എന്നാല്‍ പൗരജീവിതത്തിന്റെ യഥാര്‍ഥ ലോകത്തില്‍ മറ്റു മനുഷ്യരെ സ്വന്തം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമായി കരുതുന്ന, സ്വയം കമ്പോള ശക്തികളുടെ ഒരു മാര്‍ഗം മാത്രമായിത്തീരുന്ന, സ്വകാര്യ വ്യക്തിയായും അവള്‍ / അയാള്‍ മാറിത്തീര്‍ന്നു' (സുനില്‍ പി.ഇളയിടം 2009:25).

ആധുനികതയുടെ സ്വാഭാവികപരിണതിയായി ഫാഷിസത്തെ നോക്കിക്കാണുന്ന അഡോണോ ആധുനിക വ്യക്തിയുടെ ഈ വൈരുധ്യത്തില്‍ തന്നെയാണ് സമഗ്രാധിപത്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും മൂലകാരണം കണ്ടെത്തിയതും. മാര്‍ക്‌സ് ആരംഭിച്ചത് ഈ വ്യക്തി/ മനുഷ്യ സങ്കല്പത്തെ കലവറയില്ലാതെ വിമര്‍ശിച്ചു കൊണ്ടാണ്. മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെടുന്നതിനും വളരെ മുന്‍പെഴുതിയ ജൂതപ്രശ്‌ന (1843) ത്തില്‍ തന്നെ ഇതു കാണാം. മനുഷ്യാവകാശപ്രഖ്യാപനവും ഫ്രഞ്ച് ഭരണഘടനയിലെ നിര്‍ണ്ണായക വ്യവസ്ഥകളും സശ്രദ്ധം അപഗ്രഥനവിധേയമാക്കിക്കൊണ്ട്, നീതിനിര്‍വഹണപരമായ സമത്വം, അടിസ്ഥാനപരമായ എത്രയോ കൂടുതല്‍ അസമത്വങ്ങളെ ആധാരമാക്കിയതാണെന്നും, സ്വകാര്യസ്വത്തവകാശമാണ് ഉറപ്പു നല്‍കപ്പെടുന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശമെന്നും മാര്‍ക്‌സ് വിവരിക്കുകയുണ്ടായി. ഉത്പാദന വ്യവസ്ഥയില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്ന മനുഷ്യര്‍ ചരക്കുകളുടെ കോയ്മയ്ക്ക് സര്‍വ്വാത്മനാ കീഴ്പ്പെടുകയാണെന്നും ഈ കീഴായ്മ സ്വാതന്ത്ര്യത്തിന് നേര്‍ വിരുദ്ധമായ അവസ്ഥാവിശേഷമാണെന്നും സാമ്പത്തികവും തത്വചിന്താപരവുമായ കുറിപ്പുകളില്‍ മാര്‍ക്‌സ് വിലയിരുത്തി.
തന്റെ അധ്വാനത്തിന്റെ ആവിഷ്‌കാര രൂപങ്ങള്‍ തനിക്ക് അന്യവും അപ്രാപ്യവുമായ ഒരു അവസ്ഥയുടെ ആന്തരഘടകങ്ങളായിത്തീരുകയും തന്റെ നിലനില്‍പ്പിന്റെ അവസ്ഥകളെത്തന്നെ നിയന്ത്രിക്കുന്ന ശക്തിയായി പരിണമിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ സ്വാതന്ത്ര്യത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയാണെന്ന് മാര്‍ക്‌സ് തിരിച്ചറിയുന്നു (ടി.വി.മധു: 1999:32). ഇങ്ങനെ സ്വകാര്യ സ്വത്തുടമാവകാശത്തെ ആസ്പദമാക്കി നിലനില്‍ക്കുന്ന ബൂര്‍ഷ്വാ മാനവിക വാദത്തിന്റെ വൈരുധ്യങ്ങളിലേക്കും, മുതലാളിത്ത വ്യവസ്ഥയില്‍ മനുഷ്യര്‍ എത്തിച്ചേരുന്ന അന്യവത്കരണമെന്ന അസ്വാതന്ത്രാവസ്ഥയെ സംബന്ധിച്ച കാഴ്ച്ചകളിലേക്കും മാനിഫെസ്റ്റോയ്ക്ക് മുന്‍പെ മാര്‍ക്‌സ് എത്തിച്ചേര്‍ന്നിരുന്നു. തത്വചിന്താപരമായി താനവതരിപ്പിച്ചു പോന്ന ആശയങ്ങളെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ പാഠമാക്കി മാറ്റുകയാണ് മാര്‍ക്‌സ് മാനിഫെസ്റ്റോയില്‍ ചെയ്തത്. ഏതെങ്കിലും ചിന്തകനെതിരായോ ചിന്താസരണിക്കെതിരായോ അല്ലാതെ ബൂര്‍ഷ്വാ വ്യവസ്ഥയ്ക്ക് മൊത്തത്തില്‍ എതിരായി എഴുതിയ മാര്‍ക്‌സിന്റെ ഈ ആദ്യകൃതി ഗഹനമായ ദാര്‍ശനിക പ്രബന്ധമെന്നതിനെക്കാള്‍ പ്രഖ്യാപനപരമായ രാഷ്ട്രീയോര്‍ജ്ജം ഉള്‍ക്കൊള്ളുന്നതായത് യാദൃശ്ചികമായല്ല. ചിന്തയും പ്രയോഗവും തമ്മിലുണ്ട് എന്നു കരുതിയ അപരിഹാര്യമായ വൈരുധ്യത്തെ മറികടന്നതിന്റെ ആവിഷ്‌കാരമായിക്കൂടിയാവണം.
1. മനുഷ്യന്‍ എന്ന സാമൂഹ്യബന്ധം
മാനിഫെസ്റ്റോയുടെ രചനയ്ക്കു മുന്‍പു തന്നെ മനുഷ്യനെ സംബന്ധിച്ചുള്ള മാര്‍ക്‌സിന്റെ വിഖ്യാത നിരീക്ഷണം രൂപപ്പെട്ടിരുന്നു. 1845 ല്‍ എഴുതിയ (1888 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട) ഫൊയര്‍ബാഹ് തീസിസുകളില്‍ ആറാമതായി മാര്‍ക്‌സ് എഴുതി; "മാനവിക സത്ത എന്നത് ഓരോ വ്യക്തിയിലും അടങ്ങിയ എന്തോ ഒന്നല്ല. അത് സമൂഹബന്ധങ്ങളുടെ സംഘാതമാണ് '. ഹെഗേലിയന്മാര്‍ക്കും സത്താവാദികള്‍ക്കുമെതിരെ ഉയര്‍ത്തിയ ഈ വിമര്‍ശനം അമൂര്‍ത്തമായ മാനവിക സത്ത എന്ന ഒന്നിനെ തിരസ്‌കരിക്കുന്നു.
കെ. എന്‍. ഗണേശ് ചൂണ്ടിക്കാട്ടുന്നു; "മാനവികസത്തയുടെ പൊതുസ്വഭാവത്തെ സ്ഥിരീകരിക്കാന്‍ മാനവികസത്തയെ ഉള്‍ക്കൊള്ളുന്ന വ്യക്തിയെ സമൂഹത്തിന്റെ ആധാരശിലയാക്കി മാറ്റേണ്ടി വരുന്നു. ഇതേ മാനവികസത്ത വ്യക്തികളെ സംയോജിപ്പിക്കുന്ന പൊതുസ്വഭാവവുമായി തീരുന്നു. മാനവികസത്ത എന്ന അമൂര്‍ത്തതയെ ന്യായീകരിക്കാന്‍ സമൂഹത്തെ അതേ അമൂര്‍ത്തത അടങ്ങുന്ന വ്യക്തികളുടെ കൂട്ടമായി ചിത്രീകരിക്കേണ്ടി വരുന്നു (2017:190) '. ഇങ്ങനെ അമൂര്‍ത്തമായ മനുഷ്യനെയും ആ മനുഷ്യനില്‍ മുന്‍കൂറായി നിലകൊള്ളുന്ന സത്താപരമായ പൊതുസ്വഭാവത്തെയും അവരുടെ കൂട്ടായമയായ സമൂഹമെന്ന ആശയത്തെയും മാര്‍ക്‌സ് നിരാകരിച്ചിരുന്നു എന്നു സാരം.

മാനിഫെസ്റ്റോയിലവതരിപ്പിക്കുന്ന മനുഷ്യന്റെ ആദ്യ സവിശേഷത മേല്‍പ്പറഞ്ഞ സാമൂഹിക സംഘാതമെന്ന നില തന്നെയാണ്. നിശ്ചയമായും പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ സുദൃഢവും അനന്യവുമായ വ്യക്തി സങ്കല്പത്തെയാണ് മാനിഫെസ്റ്റോയിലടക്കം മാര്‍ക്‌സ് വിമര്‍ശിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ക്കുള്ളില്‍ രൂപപ്പെട്ടു വരുകയും അതേ ബന്ധങ്ങളാല്‍ ഞെരിഞ്ഞമരുകയും ചെയ്യുന്ന അസ്വതന്ത്രനായ വ്യക്തിയാണ് മാനിഫെസ്റ്റോയിലെ മനുഷ്യന്‍. മനുഷ്യാവസ്ഥയെ അസ്വതന്ത്രപരമാക്കുന്നതില്‍ വ്യവസ്ഥ വഹിക്കുന്ന പങ്കിനെയാണ് മാനിഫെസ്റ്റാ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതും. വ്യക്തി തന്നെ സാമൂഹിക സംഘാതമായതിനാല്‍ എല്ലാ സ്ഥാപനങ്ങളും സാമൂഹ്യമായ ബന്ധമായല്ലാതെ നിലകൊള്ളാന്‍ വയ്യ. വിവാഹം, കുടുംബം, വിദ്യഭ്യാസം, ഭരണകൂടം തുടങ്ങിയ സ്ഥാപനങ്ങളെ സവിശേഷമായി തന്നെ മാനിഫെസ്റ്റോ പരിശോധിക്കുന്നുണ്ട്. സ്ത്രീ എങ്ങനെയാണ് ഉത്പാദനോപകരണമായി മാറുന്നതെന്ന ചിത്രവും അത് വരച്ചിടുന്നു.
2. മര്‍ദ്ദക-മര്‍ദ്ദിത വൈരുധ്യം
മാര്‍ക്‌സിന്റെ വിപുലമായ രചനാജീവിതത്തെ പരിഗണിച്ചാല്‍ അതില്‍ ദാര്‍ശനികമായ സങ്കീര്‍ണ്ണതകളില്ലാത്ത ലളിത രചനയായി മാനിഫെസ്റ്റോയെ കാണാം. മനുഷ്യ സങ്കല്പത്തെ സംബന്ധിച്ച ദാര്‍ശനിക സമസ്യകളും പ്രത്യക്ഷത്തില്‍ മാനിഫെസ്റ്റോ ഉന്നയിക്കുന്നില്ല. എങ്കിലും, പില്‍ക്കാലത്ത് മാര്‍ക്‌സ് ഉന്നയിക്കാന്‍ ശ്രമിച്ച പ്രധാന പ്രമേയങ്ങള്‍ക്കെല്ലാം - മുതലാളിത്തത്തിന്റെ സമഗ്രമായ ചരിത്രവും അര്‍ഥശാസ്ത്രവും, ഭരണവര്‍ഗങ്ങളുടെ സമകാലീന രാഷ്ട്രീയം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കാഴ്ച്ചപ്പാടുകള്‍ - മാനിഫെസ്റ്റോയില്‍ തുടക്കം കുറിച്ചിരുന്നു. ആഹ്വാനാത്മകത ഉള്‍ക്കൊള്ളുന്ന സരളലഘുലേഖയായിരിക്കെ തന്നെ, താനേറ്റെടുത്തതും പിന്നീട് വികസിപ്പിക്കാന്‍ പോകുന്നതുമായ കര്‍ത്യവ്യങ്ങളുടെ ആദ്യ സാമാന്യാവിഷ്‌കാരമായും മാനിഫെസ്റ്റോയെ കാണാം. ആദ്യകാല മാര്‍ക്‌സില്‍ നിന്നും പക്വമതിയായ മാര്‍ക്‌സിലേക്കുള്ള അന്തരാളഘട്ടമായ ഐജാസ് അഹമ്മദ് ഈ കൃതിയെ സ്ഥാനപ്പെടുത്തുന്നതും അതിനാലാണ് (1999:28).
മുകളില്‍ പറഞ്ഞതു പോലെ കേവലമായ മനുഷ്യസങ്കല്പത്തെ സമ്പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് ഭൂതത്തെ ഒരു ശക്തിയായി എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളും അംഗീകരിച്ചതെന്തു കൊണ്ട് എന്ന ചോദ്യത്തിന് വിശദീകരണം നല്‍കിക്കൊണ്ടാണ് മാനിഫെസ്റ്റോ തുടങ്ങുന്നത്. അതില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "നാളിതുവരെ നില നിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് ' ( 1888 ല്‍ ഏംഗല്‍സ് ഈ വാചകത്തോടൊപ്പം ' അതായത് ലിഖിത ചരിത്രം മുഴുവനെന്നുമര്‍ത്ഥം' എന്നു കൂട്ടിച്ചേര്‍ക്കുന്നുണ്ട് ). എഴുത്തു വളര്‍ന്നതിനു ശേഷമുള്ള എല്ലാ സമൂഹങ്ങളിലും മനുഷ്യന്‍ വ്യത്യസ്തവര്‍ഗങ്ങളായി ചേരി തിരിഞ്ഞു നിന്നിരുന്നു. സ്വതന്ത്ര്യനും അടിമയും, കുലീനനും മ്ലേച്ഛനും, ഗില്‍ഡ് മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - പരസ്പരം വൈരികളായി നിലകൊണ്ടിരുന്നു എന്നും ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാത്ത പോരാട്ടം നടത്തിപ്പോന്നു എന്നും അസന്ദിഗ്ധമായി ആ ഭാഗം പ്രസ്താവിക്കുന്നു.

പിന്നീട് ലെനിന്‍ മൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ത്ത വിശകലനം എന്നു മാര്‍ക്‌സിസത്തെ സംഗ്രഹിച്ചു. വാസ്തവത്തില്‍ മാനിഫെസ്റ്റായുടെ ഈ ആദ്യഭാഗം ചെയ്യുന്നത് മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ്. മതങ്ങളോ ഇതര മാനവികാധിഷ്ഠിത ദര്‍ശനങ്ങളോ, പില്‍ക്കാലത്ത് മുതലാളിത്തം തന്നെയോ നിര്‍മ്മിച്ചെടുത്ത കേവലമനുഷ്യന്‍ എന്ന ഒന്ന് ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടായിരുന്നില്ല. എല്ലാ സമൂഹങ്ങളിലും സങ്കീര്‍ണമായ ക്രമങ്ങളും ആ ക്രമങ്ങള്‍ തട്ടുകളെയും നിര്‍മ്മിച്ചിരുന്നു. ലളിതമായ അര്‍ത്ഥത്തില്‍ അവയെ മര്‍ദ്ദക- മര്‍ദ്ദിത വിഭാഗങ്ങളായി മാനിഫെസ്റ്റോ ക്രമീകരിക്കുന്നു. ഈ വീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ മുതലാളിത്ത സമൂഹത്തില്‍ മാത്രമല്ല, നമ്മുടേതടക്കമുള്ള സമകാലിക സമൂഹത്തിലേക്കും നീട്ടുമ്പോഴാണ് മാനിഫെസ്റ്റോയിലെ മനുഷ്യന്റെ ആദ്യസവിശേഷത തുറന്നു വരുന്നത്.
ജ്ഞാനോദയാധുനികതയുടെ മാനവികബോധം നിരസിക്കുന്നതോടൊപ്പം തട്ടുതട്ടായുള്ള സമൂഹത്തില്‍ ഒരു വിഭാഗം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണെന്നും മാനിഫെസ്റ്റാ പറഞ്ഞു വെക്കുന്നു.
പ്രഭാത് പട്‌നായിക് ചൂണ്ടിക്കാണിക്കുന്നതു പോലെ, മാനിഫെസ്റ്റോയില്‍ അതെഴുതപ്പെട്ട കാലത്തിന്റെ കാലടിപ്പാടുകള്‍ നിരവധി വിധത്തില്‍ പതിഞ്ഞു കിടപ്പുണ്ട് (1999:90). തനി തൊഴിലാളിവര്‍ഗ വിപ്ലവത്തെ വിഭാവനം ചെയ്തതും, യൂറോപ്യന്‍ മുതലാളിത്ത ഉത്പാദന രീതിയെ വിശകലനാത്മകമായി സമീപിക്കുന്നതുമാണ് മാനിഫെസ്റ്റോ, അതിന്റെ വിഖ്യാതമായ പരിമിതിയും അതു തന്നെയാണ്. അതിനാല്‍ തന്നെ മാനിഫെസ്റ്റോയിലെ വര്‍ഗവൈരുധ്യത്തെ സംബന്ധിച്ചുള്ള പരാമര്‍ശം മാര്‍ക്‌സ് തന്നെ പിന്നീട് വികസിപ്പിച്ചതും അന്റോണിയോ ഗ്രാംഷി, ഇ.പി.തോംസണ്‍ തുടങ്ങിയ പില്‍ക്കാല മാര്‍ക്‌സിസ്റ്റുകളിലൂടെ വിപുലീകരിക്കപ്പെടുകയും ചെയ്ത 'വര്‍ഗ' സമീക്ഷകളെ മുന്‍നിര്‍ത്തി വായിച്ചെടുക്കുന്നതാവും നീതി. ആ നിലയില്‍ നോക്കുമ്പോള്‍ ഉത്പാദന വ്യവസ്ഥയുടെ ചരിത്രപരമായ പരിണാമത്തില്‍ ഒരു സവിശേഷവ്യവസ്ഥ രൂപപ്പെടുത്തിയ ബൂര്‍ഷ്വാസി - തൊഴിലാളി എന്നീ വര്‍ഗവൈരുധ്യങ്ങള്‍ക്കപ്പുറം മാനിഫെസ്റ്റോ തന്നെ ബ്രാക്കറ്റില്‍ സംഗ്രഹിക്കുന്ന മര്‍ദ്ദകനും മര്‍ദ്ദിതനും എന്ന വിഭജനത്തിന് മിഴിവ് കൂടി വരുന്നതു കാണാം.
നിശ്ചയമായും ബൂര്‍ഷ്വാ-തൊഴിലാളി വൈരുധ്യം മറ്റെന്നത്തേക്കാള്‍ കൂടുതല്‍ ഇന്ന് പ്രകടമായിരിക്കുന്നു എന്നതംഗീകരിച്ചു കൊണ്ടു തന്നെ മേല്‍പ്പറഞ്ഞ മര്‍ദ്ദക - മര്‍ദ്ദിത തട്ടുതിരിവിനെ കാലികമായി സ്ഥാനപ്പെടുത്തല്‍ സാധ്യമാണ്. ആ നിലയില്‍ മാനവികതയെ അസാധ്യമാക്കുന്ന തരത്തില്‍ ഒരു മര്‍ദ്ദക വിഭാഗം നമ്മുടേതടക്കമുള്ള സമൂഹത്തിലും തുടരുന്നു. മനുഷ്യനെ അവരുടെ സ്വകീയ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കാനനുവദിക്കാത്ത മര്‍ദ്ദക വിഭാഗം. മാനിഫെസ്റ്റോയിലെ ബൂര്‍ഷ്വാ വര്‍ഗ്ഗത്തെക്കുറിച്ചുള്ള മറ്റൊരു നിരീക്ഷണത്തെ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്."ബൂര്‍ഷ്വാസി സ്വന്തം പ്രതിച്ഛായയിലുള്ള ലോകം നിര്‍മ്മിക്കുന്നു'. നിലവിലുള്ള സാമൂഹ്യക്രമം,അതിന്റെ ബോധതലങ്ങള്‍ എന്നിവയെല്ലാം ഒരു അധീശ വിഭാഗത്തിന്റെ താത്പര്യാനുസരണം നിര്‍മ്മിക്കപ്പെട്ടതാണ് എന്ന മാനിഫെസ്റ്റോവിയന്‍ കാഴ്ച്ചയാണ് മനുഷ്യനെ സംബന്ധിച്ചുള്ള തിരുത്തിന്റെ അന്നത്തെയും ഇന്നത്തെയും സാംഗത്യം. സാമൂഹികഘടനയെ വിമര്‍ശനരഹിതമായി ഉള്‍ക്കൊള്ളുക എന്നതിനര്‍ത്ഥം അധീശ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങുക എന്നല്ലാതെ മറ്റൊന്നല്ല.
3. അന്യവല്‍ക്കരണം
മുതലാളിത്ത ഉത്പാദന വ്യവസ്ഥ നിര്‍മ്മിക്കുന്ന വലിയ അനീതികളെക്കുറിച്ച് മാനിഫെസ്റ്റോ വാചാലമാകുന്നുണ്ട്. "മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്‌നമായ സ്വാര്‍ഥമൊഴികെ, ഹൃദയശൂന്യമായ രൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും അതു ബാക്കി വെച്ചില്ല', കട്ടിയായതെല്ലാം വായുവില്‍ ഉരുകി ലയിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ സവിശേഷ അധാര്‍മ്മികതയായി മാര്‍ക്‌സ് പൊതുവിലവതരിപ്പുക്കുന്ന ആശയമാണ് അന്യവത്കരണം. അധ്വാനത്തിന്റെ സാക്ഷാത്കാരമെന്നത് അതിന്റെ വസ്തുവല്‍ക്കരണമാണ്. ഉല്പന്നം അധ്വാനിക്കുന്നവരുടേതല്ലാതായി മാറുന്നു. ഉത്പാദന വ്യവസ്ഥയില്‍ നിന്നും ഉത്പന്നത്തില്‍ നിന്നും ഇതര മനുഷ്യരില്‍ നിന്നും ആത്യന്തികമായി അവനവനില്‍ നിന്നു തന്നെ മനുഷ്യരെ അന്യവല്‍ക്കരിക്കുന്ന വ്യവസ്ഥയെക്കുറിച്ചാണ് മാര്‍ക്‌സിസം നിശിത വിമര്‍ശനമുന്നയിച്ചത്.
ഉത്പാദനവ്യവസ്ഥ നിര്‍മ്മിക്കുന്ന ഈ അന്യവത്കൃതാവസ്ഥയെ പില്‍ക്കാല ഫ്രഞ്ച് മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഹെന്റി ലെഫവര്‍ ദൈനംദിന ജീവിതവുമായി കൂട്ടിയിണക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് വാള്യങ്ങളായിറങ്ങിയ വിഖ്യാതഗ്രന്ഥം "ദൈനംദിന ജീവിതത്തിന്റെ വിമര്‍ശം'(Critique of Everyday Life) എങ്ങനെയാണ് ദൈനംദിനാവസ്ഥയില്‍ നിന്നും മനുഷ്യന്‍ അസ്വതന്ത്രനാവുന്നതെന്നും, ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ബലങ്ങള്‍ ജീവിതത്തെ തന്നെ അന്യവത്കരിക്കുന്നതെന്നതിന്റെയും വിശദചിത്രം വരച്ചിടുന്നുണ്ട്. മാനിഫെസ്റ്റോയുടെ രചനയ്ക്കു മുന്‍പ് തന്നെ മാര്‍ക്‌സ് വികസിപ്പിച്ചു കൊണ്ടു വന്ന അന്യവല്‍ക്കരണത്തെ സമകാലിക സന്ദര്‍ഭത്തിലേക്കു വിളക്കുകയാണ് ലെഫവര്‍ ചെയ്തത്. നേരിട്ട് അന്യവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും വ്യവസ്ഥാപരമായി അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് മാനിഫെസ്റ്റോയും സംസാരിക്കുന്നതെന്നു കാണാം. ഭരണകൂടത്തെ സംബന്ധിച്ചുള്ള മാനിഫെസ്റ്റോയുടെ നിരീക്ഷണം എടുത്തു ചേര്‍ക്കുന്നു; "രാജവാഴ്ച്ചകളുടെ നെടും തൂണായി നിന്ന ബൂര്‍ഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധിഭരണത്തിന്റെ രൂപത്തില്‍ സ്വായത്തമാക്കി. മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റി മാത്രമാണ് ആധുനിക ഭരണകൂടം '.
ഭരണകൂടം,പരിഷ്‌കൃത സമൂഹത്തിലെ വൈരുധ്യങ്ങള്‍ പൊരുത്തപ്പെടുത്തുന്നതിനുള്ള മേല്‍ത്തരവും നിസ്വാര്‍ത്ഥവുമായ ഒരു സംവിധാനമാണെന്ന ഹെഗേലിയന്‍ ദര്‍ശനങ്ങളെയും വ്യക്തികള്‍ തങ്ങളുടെ പരമാധികാരത്തെ പ്രാതിനിധ്യപരമായി കൈവശാവകാശം നല്‍കി വൈരുധ്യങ്ങളെ പരിഹരിക്കുന്ന നൈതിക സംവിധാനമെന്ന ജോണ്‍ ലോക്കടക്കമുള്ളവരവതരിപ്പിച്ച സമീക്ഷകളെയും വ്യക്തമായും മാനിഫെസ്റ്റോ നിരസിക്കുന്നു.സാമൂഹ്യസംഘട്ടനങ്ങളുടെ പരിഹാരമെന്ന നിലയിലല്ല, മറിച്ച് അതേ സംഘട്ടനങ്ങളുടെ കൃത്യമായ ബഹിര്‍പ്രകടനമാണെന്ന നിലയിലാണ് ഭരണകൂടം നിലകൊള്ളുന്നതെന്ന് മാനിഫെസ്റ്റോ പറയുന്നു. ഏത് സമൂഹത്തിലെയും ഏറ്റവും അടിസ്ഥാനപരമായ സംഘട്ടനം വര്‍ഗ സംഘട്ടനമാണെന്നും ഈ സംഘട്ടനത്തില്‍ നിഷ്പക്ഷമായോ അതിനു മുകളിലോ നിലകൊള്ളാന്‍ ഒരു ഭരണകൂടത്തിനും ഒരു ഭരണാധികാരിക്കും സാധിക്കില്ലെന്നും മാനിഫെസ്റ്റോ പറഞ്ഞു വെക്കുന്നു.
അധീശവര്‍ഗ്ഗം സ്വന്തം പ്രതിച്ഛായയാല്‍ നിര്‍മ്മിച്ചെടുത്ത സമൂഹം, ആ വര്‍ഗത്തിന്റെ താത്പര്യസംരക്ഷണത്തിനായി നിലകൊള്ളുന്ന ഭരണകൂടം എന്നിങ്ങനെ മര്‍ദ്ദിത വിഭാഗത്തിന്റെ വിപുലമായ അന്യവത്കൃതാവസ്ഥയിലേക്ക് മാനിഫെസ്റ്റോ വിരല്‍ ചൂണ്ടുന്നു. ഒരല്പം രൂക്ഷമായിത്തന്നെ മാനിഫെസ്റ്റോ പ്രസ്താവിക്കുന്നത് കാണുക.' അതു കൊണ്ട് വ്യക്തി എന്നു വെച്ചാല്‍ നിങ്ങളുദ്ദേശിക്കുന്നത് ബൂര്‍ഷ്വയെയോ ഇടത്തരക്കാരനായ സ്വത്തുടമയെയോ അല്ലാതെ മറ്റാരെയുമല്ലെന്ന് നിങ്ങളും തുറന്നു സമ്മതിക്കണം'.
"ഓരോരുത്തരും സ്വതന്ത്ര്യമായി വളരുന്നതിലൂടെ എല്ലാവരും സ്വതന്ത്ര്യമായി വളരുന്ന ഒരു സമൂഹത്തിനായുള്ള' ഇടപെടലിന്റെ രൂപരേഖയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. അത് നിലവിലുണ്ട് എന്നവതരിപ്പിക്കപ്പെടുന്ന - അതിലൂടെ ഒരു വിഭാഗം സ്വന്തം താത്പര്യങ്ങളെ പുനരുത്പാദിപ്പിക്കുന്ന - മാനവികതയുടെ വൈരുധ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി കൂടുതല്‍ മികച്ച മനുഷ്യരായി മാറാനുള്ള പ്രായോഗിക വഴിയാണ് നിര്‍ദ്ദേശിക്കുന്നത്. സാമൂഹ്യബന്ധങ്ങളാല്‍ നിലവില്‍ വരുന്ന മനുഷ്യന്‍, തട്ടു തിരിഞ്ഞിരിക്കുന്ന മനുഷ്യബന്ധങ്ങളെയും സ്വകീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിനുള്ള അന്യവത്കരണത്തെയും വിപ്ലവകരമായി മറികടക്കുമ്പോള്‍ മാത്രമാണ് മാനുഷികത പൂര്‍ണമാവുകയുള്ളൂ എന്നു മാനിഫെസ്റ്റോ പറഞ്ഞു വെക്കുന്നു. വ്യവസ്ഥയ്‌ക്കെതിരായ ആ വലിയ സമരം മര്‍ദ്ദിത വിഭാഗത്തെ മാത്രമല്ല മര്‍ദ്ദകരെയും മനുഷ്യരാക്കും. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന് അറുതി വരുന്നതിലൂടെ, ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെയും ചൂഷണം ചെയ്യുന്നതിനും അറുതി വരുന്ന വിപുലമായ ഒരു സാര്‍വ്വദേശീയ മാനവികതയെ മാനിഫെസ്റ്റോ സ്വപ്നം കാണുന്നു. അതു പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ സുദൃഢ- പുരുഷ വ്യക്തിയല്ല, പരത്തെ സ്വന്തത്തിലേക്ക് ആനയിക്കുന്ന പുതിയ ധാര്‍മ്മികമനുഷ്യനാണ്.
ഗ്രന്ഥസൂചി
1. Fromm, Erich, 2013, Marx's Concept of Man, Bloomsburry Acadamic
2.Hobsbawm, Erich, 2011, How to Change the world, Little Brown Publishers.
3.ഇര്‍ഫാന്‍ ഹബീബ്, 1999, 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ :ഒരു ചരിത്രപാരായണം', പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
4.ഐജാസ് അഹമ്മദ്, 1999, 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ : അന്നും നമ്മുടെ കാലഘട്ടത്തിലും', പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
5. ഗണേഷ്, കെ.എന്‍., 2017, മാര്‍ക്‌സിസ്റ്റു ക്‌ളാസിക്കുകള്‍, ചിന്ത പബ്ലിഷേഴ്‌സ്.
6.ദാമോദരന്‍, കെ., 2015, മാര്‍ക്‌സിസ്റ്റു പാഠാവലി, പ്രഭാത് ബുക്ഹൗസ്.
7. പ്രഭാത് പട്‌നായിക്, 1999, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ :150 വര്‍ഷങ്ങള്‍ക്കു ശേഷം,പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
8. മധു, ടി.വി.1999, നവമാര്‍ക്‌സിസ്റ്റ് സാമൂഹ്യ വിമര്‍ശം, ഡി.സി.ബുക്‌സ്.
9. രാജീവന്‍,ബി.,2011, വാക്കുകളും വസ്തുക്കളും,ഡി.സി.ബുക്‌സ്.
10. സുനില്‍ പി.ഇളയിടം,2009, ദമിതം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
May 05, 2022
3 minutes read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read