കെ.പി. ഉമ്മര്‍ എന്ന മലയാളത്തിന്റെ പ്രിയ നടൻ മരിച്ചിട്ട് 2022 ഒക്ടോബർ 29 ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ നടന്‍ എന്നതിലപ്പുറമുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്, കാൽനൂറ്റാണ്ടുമുമ്പ് അദ്ദേഹത്തോടൊപ്പം കഴിഞ്ഞതിന്റെ അനുഭവം ഓര്‍മിച്ചെടുക്കുകയാണ് ഉമ്മറിന്റെ ബന്ധുവും കെ. പി. ഉമ്മര്‍ ഓര്‍മപുസ്തകത്തിന്റെ എഡിറ്ററുമായ എ.വി. ഫര്‍ദിസ്.
29 Oct 2022, 05:24 PM
ആരായിരുന്നു കെ.പി. ഉമ്മര്‍?
എന്റെ മനസ്സിലും കേട്ടറിവിലുമുള്ള കെ.പി. ഉമ്മറിനെ അടുത്തറിയും വരെ ഈ ചോദ്യത്തിനുള്ള ഉത്തരം അനേകം മുന്‍വിധികളായിരുന്നു. എന്നാല്‍ ‘സാന്‍ഡല്‍വുഡി’ല്‍ അദ്ദേഹവുമൊത്ത് അടുത്തിടപഴകിയ ദിനങ്ങളിലായിരുന്നു എനിക്കും വ്യക്തമായ ഉത്തരം കിട്ടിയത്.
അഭ്രപാളികളില്‍ നിറഞ്ഞുനിന്ന ഒരു നക്ഷത്രത്തിനപ്പുറം രാഷ്ട്രീയം, മതം, സംസ്‌കാരം തുടങ്ങി ഭക്ഷണമടക്കം എല്ലാത്തിനെക്കുറിച്ചും തന്റേതായ വ്യാഖാനങ്ങളും ഉറച്ച അഭിപ്രായവുമുള്ള ഒരാളായിരുന്നു കച്ചിനാംതൊടുകയില്‍ പുരയില്‍ ഉമ്മര്‍ എന്ന കെ.പി. ഉമ്മര്‍. സ്വന്തം അഭിപ്രായം ആരുടെയും മുഖത്തുനോക്കി ഘനഗംഭീര ശബ്ദത്തില്‍ വെട്ടിത്തുറന്നുപറഞ്ഞിരുന്ന കാതലായ ധിക്കാരി എന്ന് സുന്ദരനായ ആ വില്ലനെ വിളിക്കാം.
ചെന്നൈ സാലിഗ്രാമത്തിലെ ‘സാന്‍ഡല്‍വുഡ്’ (ഇപ്പോള്‍ ഈ വീട് പൊളിച്ച്ഫ്ലാറ്റാക്കി) എന്ന ഉമ്മറിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാക്കി ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുറെ ദിവസം താമസിച്ചപ്പോഴാണ് ഇദ്ദേഹത്തിലെ നടനപ്പുറമുള്ള യാഥാര്‍ഥ മനുഷ്യനെ അടുത്തറിഞ്ഞത്. പല സന്ദര്‍ഭങ്ങളില്‍ പല വിഷയങ്ങളിലായി അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഉമ്മര്‍ എന്ന നടനല്ലാത്ത മനുഷ്യന്റെ വ്യതിരിക്തമായ മുഖം എനിക്ക് മനസ്സിലായത്.
‘വ്യഭിചാരത്തിന്റെ മനഃശാസ്ത്രം’ ആദ്യ കഥ
‘സാന്‍ഡല്‍വുഡി’ലെത്തിയതിന്റെ പിറ്റേന്നുരാവിലെ തന്നെ പഴയ ശേഖരങ്ങളില്‍ നിന്ന് കുറെ കഥകളെടുത്ത് എനിക്കുതന്നു; വായിക്ക്, വായിച്ച് നന്നാക് എന്നു പറഞ്ഞ്.
അദ്ദേഹമെഴുതിയ കഥ കണ്ട എന്റെ ആശ്ചര്യം ചോദ്യത്തിലേക്ക് മാറി. കഥയുമെഴുതോ?
അതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു: ഒഴിവുസമയങ്ങൾ എനിക്ക് വായനയുടെ സമയമായിരുന്നു. ലൊക്കേഷനില്‍പ്പോലും കുറച്ചു സമയം കിട്ടിയാല്‍ പുസ്തകമെടുക്കും. 15 വയസ്സാകുമ്പോഴേക്ക് വിശ്വസാഹിത്യത്തിലെ ഒരുവിധം തര്‍ജ്ജമകളെല്ലാം ഞാന്‍ വായിച്ചുകഴിഞ്ഞിരുന്നു. ഈ വായനയാണ് എന്നെ എഴുത്തിന്റെ വഴിയിലെത്തിച്ചത്. അങ്ങനെ കഥയും ലേഖനങ്ങളുമടക്കം കുറേ സൃഷ്ടികള്‍ ഞാനും എഴുതി. ആദ്യമായി കഥയെഴുതുന്നത് ഒരു കൈയെഴുത്ത് മാസികക്കുവേണ്ടിയാണ്. അമ്മാവന്റെ സുന്ദരിയായ ഭാര്യ ഞങ്ങളുടെ വീട്ടില്‍വരുന്നതും അവരുടെ സൗന്ദര്യത്തില്‍ മതിമറന്ന ഞാന്‍ അവര്‍ അണിഞ്ഞ വസ്ത്രങ്ങള്‍ അവര്‍ കാണാതെ ചുംബിക്കുന്നതായി സ്വപ്നം കാണുന്നതുമാണ് കഥയുടെ പ്രമേയം. ‘വ്യഭിചാരത്തിന്റെ മനഃശാസ്ത്രം’ എന്നായിരുന്നു കഥയുടെ പേര്.
ടി.വി സിനിമകൾ ഇഷ്ടമല്ലാത്ത നടൻ
‘സാന്‍ഡല്‍വുഡ്’ ഉറങ്ങാന്‍ പാതിരാത്രിയാകുമെന്നതിനാല്‍ രാവിലെ ഉണരാനും കുറേ നേരമെടുക്കും. എന്നാല്‍ ഇവിടെ ഏറ്റവും ആദ്യം ഉണരുക കെ.പി. ഉമ്മറായിരുന്നു. രാവിലെ ഏഴോടെ പ്രഭാതചര്യകള്‍ക്ക് തുടക്കമാകും. മുകളിലെ ഉറക്കമുറിയില്‍ നിന്ന് ഏഴേമുക്കാലോടെ താഴേക്കുവരുന്ന ഉമ്മറിന്റെ പിന്നിടുള്ള ചര്യകള്‍ വായനയും എഴുത്തുമെല്ലാമാണ്. അല്ലാത്ത സമയത്ത് ടി.വി കാണും. (സജീവമായ സിനിമാഭിനയത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴുള്ള ദിനചര്യയാണിത്). എന്നാല്‍ ടെലിവിഷനില്‍ ഇദ്ദേഹം കാണാന്‍ തീരെ ഇഷ്ടപ്പെടാതിരുന്നത് സിനിമകളായിരുന്നു!. ന്യൂസും ഡിസ്‌കവറി ചാനലുമായിരുന്നു ഇഷ്ടമുള്ളവ. ചെറുപ്പത്തില്‍ ലീഗ് മത്സരത്തിലടക്കം കളിച്ച നല്ലൊരു ഫുട്ബാള്‍ താരമായിരുന്നെങ്കിലും ക്രിക്കറ്റുള്ളപ്പോള്‍ ക്രിക്കറ്റിന്റെ മുന്നില്‍ തന്നെയായിരുന്നു അദ്ദേഹം.
അതെന്താ സിനിമയോടലര്‍ജി പോലെ? എന്റെ സംശയത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു: എത്രമാത്രം കൃത്രിമത്വമാണതില്‍. പൂര്‍ണ അഭിനയമാണവിടെ. കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണവിടെ. മറിച്ച് നമുക്കു മുന്നില്‍ യാഥാര്‍ഥ്യമാണ് ഡിസ്‌കവറി കാണിച്ചുതരുന്നത്.
സായിപ്പിന്റെ ഇംഗ്ലീഷ് തിരുത്തുന്ന ഉമ്മർ
ഒരു ദിവസം ടി.വി തുറന്നപ്പോള്‍ ആദ്യം വന്നത് ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലായിരുന്നു. അവതാരക കാര്യമായി ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചൂടാകുന്ന ഉമ്മറിനെയാണ് ഞാന്‍ കണ്ടത്. പിന്നീട്, അവര്‍ തെറ്റായുച്ചരിച്ച ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം വ്യക്തമായി പറഞ്ഞുതന്നു. സായിപ്പിന്റെ ഇംഗ്ലീഷ് കേള്‍ക്കുമ്പോഴേക്ക് അനുകരിക്കാന്‍ ശ്രമിക്കുന്നവരുടെയിടയില്‍ ഒരു മനുഷ്യന്‍ അവരുടെ ഉച്ചാരണത്തെറ്റ് കണ്ടുപിടിക്കുന്നുവെന്നുമാത്രമാണന്ന് എനിക്കതിനെക്കുറിച്ച് തോന്നിയത്. എന്നാല്‍, പിന്നീട് ഇദ്ദേഹം പത്താം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത് എന്നറിഞ്ഞ് ഞാന്‍ ശരിക്കും ഞെട്ടി. കാരണം, പത്താം ക്ലാസ് പോലും പാസാകാത്ത വ്യക്തിയാണ് സ്വന്തം അധ്വാനം കൊണ്ട് സായിപ്പിന്റെ ഇംഗ്ലീഷിലെ ഉച്ചാരണപ്പിശകുപോലും കണ്ടുപിടിക്കുവാനുള്ളത്ര ഭാഷാ വ്യുല്‍പ്പത്തി വായനയിലൂടെയടക്കം നേടിയെടുത്തത്.
കെ.പി.എ.സിയിൽനിന്ന് തുടങ്ങിയ അച്ചടി ഭാഷ
ഞാന്‍ ‘സാന്‍ഡല്‍വുഡി’ല്‍ ചെല്ലുമ്പോഴെല്ലാം എന്നോട് കോഴിക്കോട്ടെ സാംസ്‌കാരികവിശേഷങ്ങളായിരുന്നു ചോദിച്ചത്. അതെന്താ, മറ്റു കാര്യങ്ങള്‍ ചോദിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ കുറ്റിച്ചിറയിലെ കഥകളറിയാന്‍ ഇവിടെ നൂറുകണക്കിനാളുകള്‍ വരുന്നുണ്ട്, പിന്നെ നിന്നോടുകൂടി ചോദിക്കേണ്ടല്ലോ എന്നായിരുന്നു മറുപടി.
ഇതിനിടക്ക്, നിനക്ക് ചായ വേണോ എന്ന ചോദ്യത്തിന്, വേണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ‘മേണ്ട’ എന്നായിപ്പോയി.
ഓ, നിനക്ക് മേണ്ടല്ലേ... ഹ... ഹ...
പിന്നെ കുറെനേരം ചിരി തന്നെയായിരുന്നു.

എല്ലാ സമയത്തും അച്ചടിഭാഷയില്‍ സംസാരിക്കാനാകുമോ? എന്റെ ചോദ്യം.
പിന്നെ എല്ലാരും മേണ്ട... മേണ്ട എന്നു പറയാം. വീണ്ടും നീണ്ട ചിരി.
ഞാനും വിട്ടില്ല. വാമൊഴിയിലെ പ്രാദേശിക ഭേദം എല്ലാ സ്ഥലത്തുമുള്ളതല്ലേ. അതുപോലെ തന്നെയല്ലേ കോഴിക്കോടന്‍ ശൈലിയും?
നീ തെക്കുള്ള പലയിടത്തും പോയി ‘മേണ്ട’ എന്നു പറഞ്ഞുനോക്ക്, എത്രയാളുകള്‍ക്ക് മനസ്സിലാകും. ഇതിനുശേഷം തന്റെ അനുഭവം പറയാൻ തുടങ്ങി: കെ.പി.എ.സിയില്‍ പോയപ്പോള്‍ ഞാനും ആദ്യകാലത്ത് നിന്നെപ്പോലെയായിരുന്നു. ഞാന്‍ പറയുന്ന പല കോഴിക്കോടന്‍ വാക്കുകളുടെയും അര്‍ഥം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല. കേരളത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ആളുകള്‍ അവിടെയുണ്ടായിരുന്നു. ഇവിടെവെച്ചാണ് ഞാനും സംസാരഭാഷയില്‍ മാറ്റം വരുത്തുന്നത്.
അപ്പോ, അന്നുമുതലാണ് കെ.പി. ഉമ്മര്‍ അച്ചടിഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയത് അല്ലേ?.
എന്റെ തമാശയത്ര രസത്തിലല്ല അദ്ദേഹം ഉള്‍ക്കൊണ്ടത്.
ഉമ്മറിന്റെ തലക്കനം
അച്ചടി ഭാഷയിലെ സംസാരംപോലെ ഏറെ കേട്ടിരുന്നത് ഉമ്മറിന്റെ തലക്കനത്തെക്കുറിച്ചായിരുന്നു. ഇതിനെക്കുറിച്ചും ഒരു ദിവസം ഞാന്‍ ചോദിച്ചു. അപ്പോൾ മറുപടി ഇതായിരുന്നു: ഇത് ഞാനും കുറെ കേട്ടതാണ്. പക്ഷേ എന്തു ചെയ്യാം പൂച്ചയുടെ സ്വരവും സിംഹത്തിന്റെ ഗര്‍ജനവും ഒരിക്കലും മാറ്റാന്‍ സാധിക്കുകയില്ലല്ലോ. അതുപോലെ എന്റെ സംസാരവും രീതിയുമെല്ലാം ഞാന്‍ ശിലീച്ചുപോയതാണ്. അത് ഇനി എനിക്ക് മാറ്റാന്‍ കഴിയില്ല. പിന്നെ ചില ആളുകളോട് എപ്പോഴും ഒരകലം പാലിക്കണം. അല്ലെങ്കില്‍ അവര്‍ നമ്മുടെ തലയില്‍ കയറിയിരിക്കും. ഇത് സിനിമാലോകത്ത് വന്നതിനുശേഷം ഞാന്‍ പഠിച്ച പാഠങ്ങളിലൊന്നായിരുന്നു.
ഒരിക്കല്‍ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിലിരിക്കുകയായിരുന്ന തന്നെ കണ്ട് പുറത്തുനിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ‘ഇത്രേ ഉള്ളൂ’ എന്ന് പ്രതികരിച്ച കാര്യം അദ്ദേഹം എഴുതിയത്വായിച്ചപ്പോള് എനിക്കും തോന്നി, താരങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കിൽ അല്പം ജാഢ മുഖത്ത് അഭിനയിക്കേണ്ടിയെങ്കിലും വേണ്ടിവന്നേക്കാം എന്ന്.
സ്ഥിരമായി അവാർഡ് നിരസിച്ച ഉമ്മർ!
നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും അംഗീകാരം കിട്ടാത്തതിനെക്കുറിച്ചുചോദിച്ചപ്പോൾ പറഞ്ഞത്: അതൊരു കഥയാണ്. ഞങ്ങളുടെ മുന്നില്‍ നിന്ന് ഡയലോഗ് പറയുമ്പോള്‍ വിറച്ചുനിന്ന പയ്യന് അവന്റെ അച്ഛന്റെ രാഷ്ട്രീയസ്വാധീനം മൂലം വര്‍ഷങ്ങള്‍ക്കുമുന്‍പ് നല്ല നടനുള്ള അവാര്‍ഡ് നല്കിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഞാന്‍ എഴുതി, എനിക്ക് സര്‍ക്കാരിന്റെ അവാര്‍ഡ് വേണ്ടെന്ന്. പിന്നീട് എന്നെ അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെൻറ് ഡയറക്ടര്‍ എന്റെ കത്തെടുത്ത് അവരെ കാണിക്കുമത്രേ. അങ്ങനെ സ്ഥിരമായി അവാര്‍ഡ് നിരസിക്കാന്‍ കാത്തിരിക്കുന്ന ഒരാളായി എന്നെ ഉദ്യോഗസ്ഥര്‍ മാറ്റി. ഒരു ജൂറി അംഗം പറഞ്ഞപ്പോഴാണ പിന്നീട് ഞാനിതറിഞ്ഞത്.

മകന് നല്കാത്ത ശിപാര്‍ശ
ഒരു ദിവസം ഉച്ചക്കുശേഷം എന്തോ സംസാരിച്ചുകൊണ്ടിരിക്കെയാണ് അറുപതിനോടടുത്ത് പ്രായമുള്ള ഒരു തമിഴ്നാട്ടുകാരൻ കടന്നുവന്നത്.
‘വണക്കം സാര്‍’
‘വണക്കം, എന്നാ സാമി’
‘ഒന്നുമില്ല’
‘എല്ലാം റെഡിയാക്കി സാര്‍, എല്ലാം അയച്ചു സാര്‍.’
പണ്ട് സിനിമാരംഗത്ത് കെ. പി. ഉമ്മറിന്റെ കൂടെ പ്രവര്‍ത്തിച്ച ഒരു ടെക്‌നീഷ്യനാണദ്ദേഹം. അസുഖം കാരണം ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. എന്‍.എഫ്.ഡി.സിയുടെ സാമ്പത്തിക സഹായം ലഭിക്കണം. ഉമ്മര്‍ പറഞ്ഞതുപോലെ എല്ലാ പേപ്പറുകളും ഡൽഹിക്ക് അയച്ച വിവരം പറയാനാണ് വന്നത്. ഉടൻ, എന്‍.എഫ്.ഡി .സിയുടെ ട്രസ്റ്റി കൂടിയായ ഉമ്മര്‍ ദല്‍ഹിയിലെ ഓഫീസുമായി ബന്ധപ്പെടുന്നു. വിഷയമവതരിപ്പിക്കുന്നു. പെട്ടെന്നുതന്നെ വേണ്ടത് ചെയ്യുമെന്ന് അവര്‍ പറയുന്നു. സന്തോഷത്തോടെ വന്നയാൾ കൈകൂപ്പി തിരിച്ചുപോകുന്നു.

മറ്റുള്ളവരെ സഹായിക്കാനുള്ള ഉമ്മറിന്റെ നല്ല മനസ്സ് എനിക്കന്ന് കാണാന്‍ കഴിഞ്ഞു. എന്നാല്‍ മക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടി ശിപാര്‍ശ നടത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നടനായ മകന്‍ റഷീദിന് ഉമ്മര്‍ പറഞ്ഞാല്‍ ഒരായിരം അവസരം കിട്ടുന്ന സമയത്തും അദ്ദേഹം അത് ചെയ്തില്ല. സ്വഭാവികമായും ഞങ്ങളുടെ സംസാരത്തിനിടക്ക് ഈ വിഷയവും വന്നു, മറുപടിയിതായിരുന്നു: അവരുടെ ഭാഗത്തു നിന്നു വരുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ വിഷയമാകും. ഉമ്മറിന്റെ മകനായതു കൊണ്ടു മാത്രമാണ് താങ്കളെ ഇതില്‍ സഹകരിപ്പിച്ചതെന്ന സംസാരമായിരിക്കും പിന്നീടെപ്പോഴും അവൻ കേള്‍ക്കേണ്ടി വരിക.
വിവാദങ്ങളുടെ ഇഷ്ടതോഴന്‍
പലപ്പോഴും ഉമ്മറിനൊപ്പം വിവാദങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച്, അടൂരിനെ വിമര്‍ശിച്ചപ്പോഴും മറ്റും. മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി കുറ്റിച്ചിറയില്‍ നടത്തിയ ഒരു പരിപാടിയില്‍ മിഷ്‌ക്കാല്‍ പള്ളിയെക്കുറിച്ച് സംസാരിച്ചതും ഏറെ ബഹളമുണ്ടാക്കി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: വിവാദങ്ങള്‍ എന്നും എനിക്ക് ഇഷ്ടമായിരുന്നു. പുകഴ്ത്തലുകള്‍ കേട്ടാല്‍ ഞാന്‍ ഉറങ്ങിപ്പോകും. വിമര്‍ശിക്കപ്പെടുമ്പോള്‍ ഞാന്‍ സടകുടഞ്ഞെഴുന്നേല്ക്കും. ഒരാള്‍ എന്നെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എനിക്ക് മനസിലാക്കാനും പഠിക്കാനും തിരുത്താനും എന്തെങ്കിലുമുണ്ടോയെന്നാണ് നോക്കുക. അങ്ങനെ ഒന്നുമില്ലെങ്കില്‍ അത്തരം അഭിപ്രായത്തെ ഗൗനിക്കാറുമില്ല.
ആദ്യം പിണക്കുക, പിന്നെ ഇണക്കുക, അതിനുശേഷം കെട്ടുറപ്പുള്ളൊരു സുഹൃദ് ബന്ധം കെട്ടിപ്പടുക്കുക. ഉമ്മറിന്റെ രീതിയായിരുന്നിത്. സ്വാനുഭവത്തെ മുന്‍നിറുത്തി ഇതിനെക്കുറിച്ച് നടന്‍ ബാലചന്ദ്രമേനോന്‍ രസകരമായി എഴുതിയിട്ടുണ്ട്.

ആരാധനകളില്‍ താല്പര്യമില്ലാത്ത വിശ്വാസി
ഉമ്മര്‍ നിരീശ്വരവാദിയായിരുന്നില്ല. എന്നാല്‍ ആരാധനകളില്‍ വലിയ താല്പര്യം കാണിച്ചിരുന്നില്ലെന്നുമാത്രം: മതങ്ങള്‍ ഒരു കാലത്ത് മനുഷ്യനെ സംസ്‌കൃത ചിത്തനാക്കുവാനായിരുന്നു ഉയിര്‍ക്കൊണ്ടത്. പിന്നീട് മതത്തിന്റെ അനുയായികള്‍ തന്നെ പല നിലക്കും മതത്തിന് അതിര്‍വരമ്പുകള്‍ വരച്ചു. കൂടാതെ മതത്തിന്റെ തത്വങ്ങള്‍ മതാനുയായികളെന്ന് അവകാശപ്പെടുന്നവരും പുരോഹിതരും ജനങ്ങളില്‍നിന്ന് മറച്ചുവെച്ചിരിക്കുകയാണ്. എങ്കിലും ഞാന്‍ ജനിച്ചു വളര്‍ന്ന മതത്തില്‍ തന്നെ മരിക്കാനാണെനിക്കാഗ്രഹം.
25 വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്ദേഹവുമായി നടത്തിയ ഈ സംഭാഷണങ്ങള്‍ ഓര്‍മിച്ചെടുക്കുമ്പോഴും എന്റെ മനസിലുള്ള ഉത്തരം കിട്ടാത്ത ചോദ്യം, കെ.പി. ഉമ്മര്‍ ആരായിരുന്നു എന്നതാണ്.

ഞാനടുത്തറിഞ്ഞ ഉമ്മര്‍ പൂര്‍ണാര്‍ഥത്തിൽ ഒരു നടനായിരുന്നു. ക്യാമറക്കുമുന്നിലും പിന്നിലും വീട്ടിലും നാട്ടിലും സിനിമയിലുമെല്ലാം അദ്ദേഹത്തിന് വ്യത്യസ്ത മുഖങ്ങളായിരുന്നു. വീട്ടില്‍, ബന്ധുക്കളോട്, സുഹൃത്തുക്കളോട്, സഹപ്രവര്‍ത്തകരോട്, എല്ലാവരോടും അദ്ദേഹം വ്യത്യസ്തമായാണ് പെരുമാറിയിരുന്നത്. വീട്ടില്‍ നാം കാണുന്ന ഉമ്മറായിരിക്കില്ല. പൊതു ഇടങ്ങളിലെ ഉമ്മര്‍. സിനിമാ സെറ്റിലെത്തിയാലുള്ള ഉമ്മര്‍ വേറെയായിരിക്കും. അങ്ങനെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഒരു നടന്‍ തന്നെയായിരുന്നു കെ.പി. ഉമ്മര്‍. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും ഒന്നുതന്നെയായിരുന്നു. അതിന് വീട്ടിലും സെറ്റിലും സ്റ്റേജിലുമെല്ലാം യാതൊരു മാറ്റവുമില്ലായിരുന്നു. അതായിരുന്നു ആ നടന്റെ വേറിട്ട വ്യക്തിത്വവും.
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read