നെഗറ്റീവ്​, ആണത്തം, മമ്മൂട്ടി: ‘കൂടെവിടെ’ വീണ്ടും കാണാം

നെഗറ്റീവ് സ്വഭാവത്തിലൂടെയാണ് ആണത്തത്തിന്റെ സവിശേഷഭാവമായി മമ്മൂട്ടി കഥാപാത്രങ്ങൾ മാറുന്നത്​. ആഭിജാത്യത്തിന്റെയും ഉദ്യോഗത്തിന്റെയും കൃത്യമായ അധികാരത്തിലൂടെ വഷളായ പുരുഷത്വമാണ് മമ്മൂട്ടി കഥാപാത്രങ്ങളുടെ കാതൽ. ആണത്തത്തെ ജനപ്രിയവല്കരിച്ചതിൽ മമ്മൂട്ടി കഥാപാത്രങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുകാണാം. ഇത്തരമൊരു പുരുഷത്വത്തോടു സന്ധിചെയ്യാൻ കരിയറിൽ ശ്രദ്ധിക്കുന്ന സ്ത്രീക്ക് കഴിയില്ലെന്നാണ് ‘കൂടെവിടെ’ എന്ന ചിത്രത്തിലെ നായികയായ ആലീസ് പറയുന്നത്. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ ‘കൂടെവിടെ’ എന്ന സിനിമയുടെ പുതുകാല കാഴ്​ച

1962-ൽ ബ്രണ്ണൻ കോളേജിൽ ലക്ചററായി ജോലികിട്ടിയപ്പോൾ തിരുവനന്തപുരത്തുകാരായ തന്റെ വീട്ടുകാർ ആ ജോലിക്കു പോകേണ്ടന്നു പറഞ്ഞ അനുഭവം ഹിന്ദി അധ്യാപികയായിരുന്ന എസ്. പത്മകുമാരിയമ്മ ആത്മകഥയിലെഴുതിയത് ഇന്നല്പം അത്ഭുതത്തോടെയാണ് വായിക്കാൻ കഴിയുക (സ്മൃതിപഥങ്ങളിലൂടെ). തിരുവനന്തപുരത്തുനിന്ന് വളരെ ദൂരെയാണ് തലശ്ശേരിയെന്നായിരുന്നു ഈ വിലക്കിനു കാരണം. അന്ന് കരഞ്ഞു ബഹളംവച്ചിട്ടും വീട്ടുകാർ സമ്മതിച്ചില്ല. ഒടുവിൽ പട്ടാളക്കാരനായ ബന്ധുവിന്റെ സഹായത്തോടെ ജോലിയിൽ പ്രവേശിക്കേണ്ടതിന്റെ അവസാന ദിവസം എത്തുന്നതിനായി വീടുവിടുകയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. സ്ത്രീകൾ ഉദ്യോഗം നോക്കുന്നതിലെ ധാർമികതയെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്ന അക്കാലത്ത് ഈ സംഭവം അത്ഭുതത്തിനു വകനല്കുന്നില്ല.

ഇവിടെ രണ്ടു പ്രശ്‌നം കാണാം. സ്ത്രീകൾ ജോലിയൊന്നും നോക്കേണ്ടതില്ലെന്ന ബോധമാണ് പ്രധാന പ്രശ്‌നമെങ്കിൽ ദൂരെയുള്ള സ്ഥലത്തേക്കുള്ള യാത്രയും അവിടുത്തെ താമസവുമാണ് രണ്ടാമത്തെ പ്രശ്‌നം. പുഴകളാലും തോടുകളാലും പലതായി മുറഞ്ഞുകിടന്ന കേരളത്തെ റോഡുകളിലൂടെയും പാലങ്ങളിലൂടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയകൾ കാര്യമായി നടന്നുകൊണ്ടിരുന്ന അക്കാലത്തും ദൂരം വലിയ പ്രശ്‌നം തന്നെയായിരുന്നുവെന്ന് വ്യക്തം. ഇന്ന് ദുബായിയിൽ പോകുന്ന പോലെയാണ് അന്ന് തിരുവനന്തപുരത്തുനിന്ന് തലശേരിയിലെത്തുന്ന കാര്യമെന്ന് ആ കുറിപ്പിൽ അവർ പറയുന്നുണ്ട്.

ഓരോ ജാതിക്കും നിശ്ചിത സ്ഥലങ്ങളും പരിധികളും കല്പിച്ചു ജനങ്ങളെ കുരുക്കിയിട്ട ജാതിബോധത്തിന്റെ തുടർച്ചയാണ് ഇവിടുത്തെ ദൂരമെന്ന "ഭയ'ത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നു വ്യക്തം. ഇന്നും പത്തിലേറെ മണിക്കൂറുകളെടുത്താൽ മാത്രം യാത്ര ചെയ്‌തെത്താവുന്ന സ്ഥലങ്ങളാണ് ഇവയെന്നുള്ളത് ശ്രദ്ധിക്കണം.

സ്ത്രീകൾ ഒറ്റയ്ക്കു പോയാൽ പുരുഷനെപ്പോലെ താമസിക്കാനും ജീവിക്കാനും കഴിയുന്ന സാമൂഹികതയുടെ അഭാവം അന്നു വളരെ രൂക്ഷമായിരുന്നു. അതിനാൽ കുടുംബം എന്ന യൂണിറ്റിനെ ചുറ്റിപ്പറ്റിയായിരിക്കണം സ്ത്രീകളുടെ ഇടപെടലുകൾ ഉണ്ടാവേണ്ടതെന്ന ബോധം ശക്തമായിരുന്നു. വീടല്ലാതെ ഇതരസ്ഥലങ്ങൾ താമസിക്കാൻ കൊള്ളില്ലെന്ന ബോധത്തെ ആധുനികതയിലെ ഹോസ്റ്റലുകളും ലോഡ്ജുകളും പതുക്കെ ഇല്ലാതാക്കിയെങ്കിലും അവയൊക്കെ സൂക്ഷ്മമായി പ്രവർത്തിക്കുന്നതും ഇന്നും കാണാം. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനു പുറത്ത് സഹോദരന്റെ മരണത്തിനു ശേഷം ഒറ്റയ്ക്കു കഴിയുന്ന ക്രിസ്ത്യൻ സ്ത്രീയുടെ പ്രതിസന്ധികളെ ചിത്രീകരിക്കുന്ന കൂടെവിടെഎന്ന സിനിമ (1983) വായിക്കേണ്ടത്.

സുഹാസിനി

സ്‌കൂളും പട്ടാളവും ആണത്തവും

കേരളത്തിലെ നായർതറവാടുകളുടെ ആധുനികീകരണത്തിന്റെ പ്രശ്‌നങ്ങളാണ് പത്മരാജൻ അദ്ദേഹത്തിന്റെ സിനിമകളിൽ ആവിഷ്‌കരിക്കുന്നതെന്ന പ്രശ്‌നം അദ്ദേഹത്തെക്കുറിച്ചുള്ള ആഘോഷങ്ങളിൽ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നായന്മാർക്കൊപ്പം വരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ കഥകളാണ് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഊട്ടിയിലെ ഒരു ബോർഡിംഗ്‌ സ്‌കൂളിലെ അധ്യാപികയായ ആലീസ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർദേശം മറികടന്ന് രവി പുത്തൂരാൻ എന്ന "മോശം' വിദ്യാർഥിയെ മികച്ച വിദ്യാർഥിയാക്കി മാറ്റിയെടുക്കുന്നതാണ് ഇതിലെ ഒരു കഥാതന്തു. പട്ടാളക്കാരനായ സഹോദരനൊപ്പം താമസിക്കുന്ന ആലീസിന് സഹോദരന്റെ സുഹൃത്തായ തോമസിനോട് പ്രണയമുണ്ട്. ക്യാപ്റ്റൻ ജോർജ് അപകടത്തിൽ മരിക്കുന്നതോടെ ഒറ്റയ്ക്കാകുന്ന ആലീസ് ക്യാപ്റ്റൻ തോമസുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ രവിയുമായുള്ള അടുപ്പം തോമസിൽ സംശയംനിറയ്ക്കുകയും അതവനെ കൊല്ലുന്നതിലേക്ക് എത്തുകയും ചെയ്യുന്നു. കാര്യം മനസ്സിലാക്കിയ ആലീസ് തോമസുമായുള്ള ബന്ധം ഒഴിവാക്കി മറ്റൊരിടത്തേക്ക് പോകുന്നതിനുള്ള നിശ്ചയത്തിലെത്തുന്നു.

ഊട്ടിയെന്ന കൊളോണിയൽ സ്ഥലത്താണ് കഥ നടക്കുന്നതെങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലങ്ങളായ ചെങ്ങന്നൂരും കാഞ്ഞിരപ്പള്ളിയും നിരന്തരം കടന്നുവരുന്നുണ്ട്. സ്ഥലങ്ങളുടെ സൂചനയിലൂടെ കേരളത്തിലെ ജാതിചരിത്രത്തെ സൂക്ഷ്മമായി തുന്നിച്ചേർക്കുന്ന കലയാണ് പത്മരാജന്റേതെന്നു കാണാം. ആലീസിലൂടെയും തോമസിലൂടെയും സമർഥമായി അതിന്റെ "ക്രിസ്ത്യൻഭാഷണം' പത്മൻ നടത്തുന്നു. സുറിയാനി കുടുംബങ്ങളെ സവിശേഷമായി കൂട്ടിയിണക്കുന്ന പള്ളിയും പെണ്ണുകാണലുമൊക്കെ ഇവിടെ വരുന്നു. എന്നാൽ അതിനകത്ത് ഒരു കുതറിമാറൽ സൃഷ്ടിക്കുന്നതിലൂടെയാണ് കൂടെവിടെ ശ്രദ്ധേയമായൊരു ഏടായി മാറുന്നത്. സിനിമയിൽ അഭിനയിച്ചവരുടെ പേര് എഴുതിക്കാണിക്കുമ്പോൾ ആദ്യം നായികയായ സുഹാസിനിയുടെ പേരെഴുതിക്കാണിക്കുന്ന ചിത്രം നായികയാണ് താരമെന്ന് അടയാളപ്പെടുത്തുകയായിരുന്നു. നായികമാരുടെ പേരാദ്യം എഴുതിക്കാണിച്ച് സിനിമയുടെ ആൺചരിത്രത്തെ ഉലയ്ക്കുന്ന കാഴ്ച അപൂർവമായി എൺപതുകളിലെ സിനിമകളിൽ കാണാം എന്നത് ചാമരത്തിന്റെ വിശകലനത്തിൽ സൂചിപ്പിച്ചിരുന്നു.

രണ്ട് അധികാരകേന്ദ്രങ്ങളോടുള്ള വിയോജിപ്പാണ് ആലീസിന്റെ ജീവിതമായും സിനിമയുടെ കേന്ദ്രമായും നില്ക്കുന്നതെന്നു കാണാം. താൻ ജോലിചെയ്യുന്ന സമ്പന്നരുടെ മക്കൾമാത്രം പഠിക്കുന്ന സ്‌കൂളിലെ മാനേജ്‌മെന്റിനോടാണ് ആലീസാദ്യം വിയോജിപ്പ് രേഖപ്പെടുത്തുന്നത്. രവി പുത്തൂരാൻ എന്ന മോശക്കാരനായ വിദ്യാർഥിയെ എങ്ങനെയെങ്കിലും സ്‌കൂളിൽനിന്ന് പുറത്താക്കാണമെന്ന് പ്രിൻസിപ്പലും കൂട്ടരും പറയുമ്പോൾ ആലീസ് രവിയുടെ പ്രശ്‌നം മനസ്സിലാക്കുകയും അവന്റെ വീട്ടിലെ അമ്മയില്ലാത്ത അവസ്ഥയും അരക്ഷിതത്വവും തിരിച്ചറിയുകയും അവനെ സഹാനുഭൂതിയോടെ കാണുകയും ചെയ്യുന്നു. ആദ്യമവനെ സംശയത്തോടെ നോക്കിയ ആലീസ് പതുക്കെ അവന്റെ പ്രശ്‌നം മനസ്സിലാക്കി അവനെ ഉൾക്കൊള്ളുന്നു. പതുക്കെ അവൻ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനത്തിലും പഠിത്തത്തിലും മിടുക്കനാകുന്നു. രവി ഓർഗൻ വായിക്കുന്ന പരിപാടിയുടെ ദൃശ്യവത്കരണത്തിൽ രവിയെ പുറത്താക്കാനായി വെമ്പിയ പ്രിൻസിപ്പാളും ആലീസും ഒരു ഫെയ്ഡ് ഇൻ ഫെയ്ഡ് ഔട്ടിലൂടെ പ്രത്യക്ഷപ്പെടുന്ന രംഗംകാണാം. സ്‌കൂൾ മാനോജ്‌മെന്റിനെതിരേ സൂക്ഷ്മമായി പ്രതികരിക്കുന്ന ആലീസിന്റെ പോരാട്ടത്തിന്റെ സൂക്ഷ്മരൂപമാണിത്.

കൂടെവിടെയിൽ റഹ്മാൻ അവതരിപ്പിച്ച രവി പുത്തൂരാൻ എന്ന കഥാപാത്രം

സ്‌കൂളെന്നു പറയുന്നത് പട്ടാളച്ചിട്ടപോലെ കുട്ടികളെ മെരുക്കി വളർത്തുന്ന സ്ഥാപനമാണ്. കുട്ടികളെ "അധമവികാര'ങ്ങളും ദുശീലങ്ങളും ഇല്ലായ്മചെയ്ത് സൽസ്വഭാവത്തിലേക്ക് നയിക്കുകയാണ് ഓരോ സ്‌കൂളും ചെയ്യുന്നതെന്ന തത്വം അച്ചടക്കം എന്ന അധികാരത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അധ്യാപകരെന്ന അധികാരഘടനയുടെ കീഴിൽ ബഹുമാനത്തോടെ നില്ക്കുകയാണ് "നല്ലകുട്ടി'യാകാനുള്ള വഴിയെന്ന് സ്‌കൂൾ പറയുന്നു. പ്രണയം, ലൈംഗികതപോലുള്ള ശീലങ്ങളെയാണ് സ്‌കൂൾ ഏറ്റവും ഭയക്കുന്നതെന്നു ശ്രദ്ധിക്കണം. രവിയെ ഇഷ്ടപ്പെടുന്ന പെൺകുട്ടി പാത്തും പതുങ്ങിയും അധ്യാപകർ കാണാതെയാണ് തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. ഇത്തരത്തിൽ ചില നല്ല ശീലങ്ങളും ചീത്തശീലങ്ങളും സൃഷ്ടിച്ച് ചീത്തയെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സ്‌കൂൾ നടത്തുന്നതെന്നു കാണാം.

രവിയെ സ്‌കൂളിൽനിന്ന് പുറത്താക്കണം എന്നു സ്‌കൂൾ മാനേജ്‌മെന്റ് നിശ്ചയിക്കുന്നത് ഈ നല്ല ചീത്ത ദ്വന്ദ്വത്തിനകത്തെ പ്രശ്‌നമാണ്. എന്നാൽ ആലീസ് ചീത്തയായ രവിയെ നല്ലവനാക്കി മാറ്റി സ്‌കൂളിന്റെ പ്രിയപ്പെട്ടവനാക്കുന്നു. സ്‌കൂളെന്ന അധികാരഘടനയോട് കലഹിക്കുന്നതുപോലെയാണ് ആലീസ് തോമസ് പ്രതിനിധാനംചെയ്യുന്ന പട്ടാളമെന്ന് അധികാരത്തോടും കലഹിക്കുന്നത്.

പട്ടാളവും പൊലീസും അധീശസ്വഭാവത്തിലുള്ള ആണത്തത്തിന്റെയും അധികാരശ്രേണിയുടെയും സവിശേഷ ഘടനയാണ്. ചരിത്രപരമായി ആദ്യകാലത്തൊക്കെ പുരുഷന്മാരുടെ മാത്രം താവളമായിരുന്നു പട്ടാളവും പോലീസും. സ്ത്രീകൾ പട്ടാളത്തിലേക്കു വരുന്നത് രണ്ടാംലോകമഹായുദ്ധത്തോടെയാണ്. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ട സ്ത്രീകൾ ക്രമേണ മുന്നണിപ്പോരാളികളായി മാറുകയും യൂറോപ്പിൽ ലിംഗപരമായ വലിയൊരു പൊളിച്ചെഴുത്തിനു കാരണമാവുകയും ചെയ്തതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ശാരീരിക കരുത്ത്, ലൈംഗികശേഷി, മദ്യപാനം, അക്രമം തുടങ്ങിയ ഗുണങ്ങളിലൂടെ സ്ത്രീകളിൽനിന്ന് ഭിന്നരായി പുരുഷന്മാരെ നിർമിക്കുന്ന പട്ടാളം പൊതുവിലിന്നും ആണത്തത്തിന്റെ മാതൃകയായി നിലകൊള്ളുകയാണ്. അടുത്തകാലത്ത് പട്ടാളത്തിന്റെ ഉയർന്നസ്ഥാനത്തേക്ക് സ്ത്രീകളെ നിയോഗിക്കണമെന്ന ആവശ്യത്തെ ഇന്ത്യൻ ആർമി എതിർത്തതും സുപ്രീംകോടതി അതിനെ ചോദ്യംചെയ്തതും ഉദാഹരണം.

ആണത്തപരമായ പട്ടാളച്ചിട്ടയുടെ സ്വഭാവമാണ് തോമസ് പ്രകടിപ്പിക്കുന്നത്. ആദ്യമൊക്കെ തോമസ് പ്രത്യക്ഷപ്പെടുന്നത് പട്ടാള യൂണിഫോമിലാണെങ്കിലും മൃദുസ്വഭാവത്തിലാണയാളുടെ പെരുമാറ്റം. ആലീസിന്റെ സഹോദരൻ ജോർജിന്റെ സുഹൃത്തെന്ന നിലയിൽ മിതഭാഷിയായും കൂട്ടുകാരനായും അയാൾ വരുന്നു. എന്നാൽ ആലീസിനോട് പ്രണയം പ്രഖ്യാപിച്ചുകഴിഞ്ഞശേഷം രവിയും ആലീസും തമ്മിലുള്ള ബന്ധത്തിൽ സംശയാലുവാകുന്ന തോമസ് ആണത്തത്തിന്റെ അധീശരൂപമാകുകയാണ്. രവിയെ വിദ്യാർഥിയായിക്കണ്ട തോമസ് പിന്നീട് അവനെ ഒരു "ആണാ'യിട്ടാണ് കാണുന്നത്. ആലീസിനെ പ്രണയിക്കുന്ന പുരുഷനായി രവിയെ കണ്ട് തോമസ് അവനെ ഇല്ലായ്മചെയ്യുന്നു.

സുഹാസിനി, പ്രേം പ്രകാശ്, മമ്മൂട്ടി

അധികാരം കാണിക്കാത്ത "മനുഷ്യനായ' തോമസിനെയാണ് ആലീസ് പ്രണയിക്കുന്നത്. അയാൾ മദ്യപിക്കുമ്പോഴും അവൾക്കും പ്രശ്‌നമില്ലായിരുന്നു. പക്ഷേ തോമസ് അധീശപുരുഷനായി ആലീസിനെ ഭരിക്കാൻ ശ്രമിക്കുമ്പോൾ അവൾ ചെറുത്തുതുടങ്ങുന്നു. ഒടുവിൽ നിഷ്‌കരുണം അയാളെ തള്ളിക്കളയുന്നു. അയാളെ വിട്ട് ആലീസ് പോകുന്നുവെന്ന് പ്രഖ്യാപിക്കുന്നു. എങ്ങോട്ട് എന്ന പുരുഷാഹന്തയോടുള്ള തോമസിന്റെ ചോദ്യത്തിന് തീരുമാനിച്ചില്ല എന്ന് ദൃഢസ്വരത്തിൽ ശാന്തമായി മറുപടി പറഞ്ഞയാളുടെ അഹന്തയെ മുറിവേല്പിക്കുന്നു. പട്ടാളം, സ്‌കൂൾ എന്നീ സ്ഥാപനങ്ങളെങ്ങനെ വ്യക്തികളെ മെരുക്കുന്നുവെന്നും അതിനോടുള്ള കലഹം സാധ്യമാകുന്നതെങ്ങനെയെന്നുമാണ് ആലീസിന്റെ ജീവിതം പറയുന്നത്. പുരുഷനെന്നു പറയുന്നത് ജൈവികമായ സത്തയുടെ വികാസമല്ലെന്നും നിശ്ചിതസാമൂഹിക സന്ദർഭങ്ങളിൽ രൂപപ്പെടുന്ന അധികാരമാണെന്നും തോമസിന്റെ ജീവിതത്തിലൂടെ കാണാനാവും. സാധാരണപുരുഷനെന്ന നിലയിൽനിന്ന് കാഞ്ഞിരപ്പിള്ളി സുറിയാനി ആണായും പട്ടാളക്കാരനായും അയാൾ മാറുന്നു. അധീശപുരുഷനാകുന്നതോടെ അയാൾ മനുഷ്യനല്ലാതായി മാറുന്നുവെന്നാണ് ആലീസ് കാണുന്ന പ്രശ്‌നം. അതേസമയം "ദുർബല'യെന്നു പറയുന്ന സ്ത്രീയും ഇങ്ങനെ ചരിത്രസന്ദർഭങ്ങളിൽ പലരൂപത്തിൽ നിർമിക്കപ്പെടുന്ന സ്വത്വമാണെന്ന് വ്യക്തമാകുന്നു.

സുറിയാനിപ്പെണ്ണിന്റെ മാറുന്നലോകം

ആലീസ് സുറിയാനി സ്ത്രീയാണ്. മേല്ജാതി സ്ത്രീകളുടെ ജീവിതബോധത്തെയാണ് സ്ത്രീവാദത്തിന്റെ ആശയധാരകൾ പലകാലത്തും പിന്തുടർന്നിരുന്നതെന്നും അങ്ങനെ ലോകത്താകമാനമുള്ള സ്ത്രീത്വത്തെ ഏകശിലാത്മകമായി വെട്ടിച്ചുരുക്കിയെന്നുമുള്ള വിമർശനം ശക്തമായി വന്നിട്ടുണ്ട്. സ്ത്രീത്വത്തിലെ സ്വത്വാന്തരീയതകൾ (Intersectionality) ഇന്നേറെ ഉന്നയിക്കപ്പെടുന്നുണ്ട്. സാധാരണസ്ത്രീയായി ജീവിക്കുന്ന ആലീസ് തന്റെ അനുഭവങ്ങളിലൂടെ മറ്റൊരു സ്ത്രീയായി മാറുന്നതാണ് ഇവിടെ കാണുന്നത്. സുറിയാനി പാരമ്പര്യത്തിൽ ഉൾപ്പെട്ടിട്ടും സുറിയാനിയായ പുരുഷനെ ഉൾക്കൊളളാൻ അദ്ദേഹത്തിനു കഴിയുന്നില്ല. മനുഷ്യത്വത്തോടെ തോമസ് ഇടപെട്ടിരുന്നപ്പോൾ അയാളെ സ്‌നേഹിച്ച ആലീസിന് അയാൾ പട്ടാളക്കാരനും കാഞ്ഞിരപ്പള്ളി ആണുമായി ആണത്തം കാണിച്ചുതുടങ്ങിയപ്പോൾ വെറുപ്പായി. സുറിയാനിയായ ഒരാളെ സഹിച്ചു ജീവിക്കുക എന്ന ജാതിബോധത്തിൽനിന്ന് ആലീസ് കുതറുന്നതാണ് ഇവിടെ ദൃശ്യമാകുന്നത്. മറിച്ച് മാനുഷികതയിലും പാരസ്പര്യത്തിലും ജീവിക്കുന്ന പുരുഷനെയാണ് തനിക്കു വേണ്ടതെന്ന് ആലീസ് പറയുന്നു. ജാതിബോധത്തിൽനിന്ന് പുറത്തുകടന്ന് മാനുഷികതയുടെ പുതിയതലങ്ങളെ തേടുന്ന ആധുനികതാപരമായ പരിണാമത്തിന്റെ അടയാളമാണിത്. ആധുനികതയുടെ പരിണാമങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രവാസം ശക്തമാകുമ്പോൾ ലിംഗബോധത്തിന്റെ പുതിയകാഴ്ചകളെ ഉൾക്കൊള്ളുന്ന സമീപനങ്ങൾ വികസിക്കണമെന്ന് ആലീസിന്റെ ജീവിതം സൂചിപ്പിക്കുന്നു.

സുഹാസിനി .വിവാഹം കുടുംബം എന്നീ സ്ഥാപനങ്ങളെ സ്ത്രീകൾ തങ്ങളുടെ കരിയറുകൊണ്ട് നേരിട്ടതിന്റെ ചരിത്രമായി ഈ സിനിമകൾ മാറുന്നുവെന്നതാണ് ഇന്നത്തെക്കാഴ്ചയിലെ പ്രധാനപ്പെട്ട വശം.

സ്ത്രീയെ ഭരിക്കുന്ന കേരളീയ ആണത്തത്തിന്റെ അധീശമാതൃകകൾ പുതിയകാലത്തിനു ഇണങ്ങിയതല്ലെന്നുള്ള ശക്തമായ കാഴ്ച ഇവിടുണ്ട്. അതുകൊണ്ടാണ് ആലീസ് ഒറ്റയ്ക്ക് നില്ക്കാൻ തീരുമാനിക്കുന്നത്. തോമസ് മാനസാന്തരപ്പെട്ട് തിരിച്ചുവരുന്നത് കാത്തിരിക്കാൻ അദ്ദേഹത്തിനു കഴിയില്ല. സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള കൂടാണ് അവൾ തിരയുന്നത്, വീടല്ല എന്നത് ശ്രദ്ധിക്കണം. ജോലി രാജിവച്ച് എങ്ങോട്ടെങ്കിലും പോകണമെന്ന് ആലീസിന്റെ തീരുമാനം പ്രവാസത്തിലൂന്നിയ കേരളീയസമൂഹത്തിലെ ലിംഗപരമായ പരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. വീടുവിട്ട് സ്ത്രീകൾ പലയിടത്തേക്കും ഇറങ്ങിപ്പോയതിന്റെ കൂടി ചരിത്രമാണ് നമ്മുടെ പ്രവാസമെന്നു കാണേണ്ടതുണ്ട്. എൺപതുകളിലെ നായികമാർ ഇത്തരത്തിൽ ഒറ്റയ്ക്കു ജീവിക്കാൻ ശ്രമിച്ചത് ധാരാളമുണ്ടെന്ന് മുൻ വിശകലനങ്ങൾ ചൂണ്ടിക്കാട്ടിയതുമാണ്.

ജോലിയുള്ള പെണ്ണുങ്ങൾ, ലീവില്ലാത്തവർ

സ്‌കൂളും പട്ടാളക്യാമ്പും കഴിഞ്ഞാൽ ഏറെ സിനിമ ചുറ്റിത്തിരിയുന്നത് ആലീസിന്റെ വീട്ടിലാണ്. എന്നാൽ ആ വീട്ടിൽവച്ച് പല സംഭവങ്ങളും ചിത്രീകരിക്കുന്നുണ്ടെങ്കിലും ആലീസ് ഭക്ഷണമുണ്ടാക്കുന്നതോ പാചകത്തിനായി ശ്രമിക്കുന്നതോ കാണിക്കുന്നില്ല. മിക്കപ്പോഴും വീടിന്റെ സ്വീകരണമുറിയിൽ സംഭവങ്ങളും സംസാരങ്ങളും നടക്കുന്നതായിട്ടാണ് കാണിക്കുക. ഏറെ സമയവും ആ വീട്ടിലെത്തുന്ന ഒരാൾ തോമസാണ്. തോമസുമായുള്ള സംസാരങ്ങളെല്ലാം സ്വീകരണമുറിയിൽവച്ചാണ് നടക്കുന്നത്. മലയാളസിനിമ സ്ത്രീകളുടെ ഇടമായി ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള അടുക്കള ഇവിടെ കാണുന്നതേയില്ല. എന്നാൽ തന്റെ തൊഴിലിടത്തിൽ ആലീസ് ജോലിചെയ്യുന്നതിന്റെ സൂക്ഷ്മമായ ദൃശ്യങ്ങളുണ്ട്. ക്ലാസെടുക്കുക, കുട്ടികളുടെ കലാകായിക മികവുകൾ ശ്രദ്ധിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, സ്‌കൂൾ മീറ്റിംഗുകളിൽ പങ്കെടുക്കുക തുടങ്ങി തന്റെ തൊഴിലിടത്തിൽ സജീവമായി ഇടപടുന്ന ആലീസിനെ കാണാം.

തൊഴിലിടത്തിൽ സജീവമാകുന്ന സ്ത്രീകളുടെ കഥയിൽ വീടും അടുക്കളയും അത്ര പ്രകടമാകില്ലെന്ന് എൺപതുകളിലെ സിനിമകൾ പറയുന്നത് മുൻവിശകലനങ്ങളിൽ വ്യക്തമാക്കിയിരുന്നു. അത് കൂടെവിടെയിലും പ്രകടമാകുന്നു. ഇത് അക്കാലത്തെ കേരളീയതയിൽ സംഭവിച്ച ലിംഗപരമായ പരിണാമമാണെന്നും വ്യക്തം. വീടെന്ന അടിച്ചേല്പിക്കലിനെ റദ്ദാക്കി പൊതുവിടത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതാണ് ഇവിടെ സൂചിതമാകുന്നത്. അതിന് സാഹായിക്കുന്ന ധാരാളം പുതിയ തൊഴിലുകൾ സാധ്യമാക്കുന്ന നഗരവത്കരണമാണ്. ഒറ്റയ്ക്ക് ജീവിക്കാനും കരിയറിനെ വളർത്താനും സ്ത്രീകൾക്കു സാധിക്കുക നഗരത്തിലാണെന്ന് വ്യക്തമാകുന്നു. കൊളോണിയലിസം രൂപപ്പെടുത്തിയ ഊട്ടിയിലാണ് സ്‌കൂൾ നില്ക്കുന്നതെന്നും ഇംഗ്ലീഷാണ് അവിടുത്തെ സംസ്‌കാരമെന്നും ശ്രദ്ധിക്കണം.

സ്‌കൂളില്ലാത്തപ്പോൾ മിക്കപ്പോഴും ആലീസ് വീടിനു പുറത്തായിരിക്കും ചിലവഴിക്കുക. സഹോദരന്റെ മരണത്തിന്റെ ദിവസങ്ങളിൽ ഏതാനും ദിവസം വീട്ടിലിരുന്നതൊഴിച്ചാൽ അദ്ദേഹം വീടിനുപുറത്ത് പലതരം കാര്യങ്ങളിൽ ഏർപ്പെടുന്നു. തോമസ് മിക്കപ്പോഴും അസ്വസ്ഥപ്പെട്ടത് ആലീസിന്റെ ഈ പുറത്തെ യാത്രകളോർത്താണ്. തോമസ് പലപ്പോഴും ആലീസിന്റെ വീട്ടിൽവരുമ്പോൾ ആലീസ് പുറത്തുനിന്ന് വീട്ടിലേക്കുവരുന്നതാവും കാണുക. അതിന്റെ പേരിൽ ഒരിക്കൽ അവരിരുവരും തമ്മിൽ ചെറിയ വാക്കുതർക്കമുണ്ടാകുന്നുണ്ട്.

സിനിമയിലെ അധ്യാപകരിലേറെയും സ്ത്രീകളാണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപനം സ്ത്രീകളുടെ സ്ത്രീകൾക്ക് പറ്റിയ തൊഴിലായി വികസിക്കുന്നതാണ് ഇതു സൂചിപ്പിക്കുന്നത്. കേരളത്തിലെ പൊതുമണ്ഡലത്തിൽ അധ്യാപനത്തിന്റെ ആദർശമാതൃകകളായി ഏറെക്കാണുക പുരുഷന്മാരെയാണെങ്കിലും സ്‌കൂൾതലത്തിൽ സ്ത്രീകൾ പിന്നെ വലിയ പങ്കാളികളായി മാറുന്നു. കേരളത്തിനുപുറത്ത് പോയി ജോലിചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തമാണ് ഇവിടെ ദൃശ്യമാകുന്ന മറ്റൊരു കാഴ്ച. 1940 കൾ മുതൽ വെല്ലൂരിലും മറ്റും നേഴ്‌സംഗിനുപോകുന്ന ക്രിസ്ത്യൻസ്ത്രീകളെ ധാരാളമായി കാണാം. എന്നല്ല നേഴ്‌സിംഗ് പഠിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മലയാളിസ്ത്രീകൾ ധാരാളമായി പോകുന്നുണ്ട്. പ്രവാസത്തിന്റെ ചരിത്രത്തിൽ അമർന്നുകടിക്കുന്ന ഈ സ്ത്രീ ചരിത്രത്തിന്റെ വായനയ്ക്കുള്ള നിരവധി കാഴ്ചകൾ ഇക്കാലത്തെ സിനിമകൾ നല്കുന്നുണ്ടുതാനും. ഊട്ടിയിൽ ജോലിചെയ്യുന്ന ആലീസും ഈ പ്രവാസത്തിന്റെ കണ്ണിയാണ്. കേരളത്തിനു പുറത്തുപോയി ജോലിചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയെ വ്യക്തമാകുന്ന ഒരു സൂചന ആലീസിന്റെ കുടുംബത്തിൽതന്നെയുണ്ട്. അവളുടെ ചേട്ടത്തിയും ഭർത്താവും ബോംബെയിലാണ് ജോലിചെയ്യുന്നത്. അവർക്കധികം കേരളത്തിൽ തങ്ങാൻ പറ്റുന്നില്ല. ആലീസിന്റെ "പെണ്ണുകാണൽ' ചടങ്ങിൽ ഇതിന്റെ മറ്റൊരുവശം കാണാം. ആലീസിന്റെ നാത്തൂൻ വരാത്തത് അവളുടെ അധ്യാപകജോലിയിലെ തിരക്കുകാരണമാണെന്ന് തോമസിന്റെ അമ്മ പറയുന്നതാണ് സന്ദർഭം. "ഇപ്പോഴത്തെ സിലബസും മറ്റും പെട്ടെന്നു തീർക്കാനാവുന്നതല്ലെന്ന' ആ ഡയലോഗ് ജോലിഭാരം മാത്രമല്ല സൂചിപ്പിക്കുന്നത് അവരുടെ തൊഴിലിന്റെ സ്വഭാവത്തെക്കൂടിയാണ്. വീട്ടിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാനാവത്തവിധം ജോലിയുണ്ടെന്നു പറയുമ്പോൾ ജോലിക്കു പ്രധാന്യം നല്കുന്ന സ്ത്രീകളുടെ തലമുറയെയാണ് അടയാളപ്പെടുത്തുന്നതെന്നു വ്യക്തം.

സഹോദരന്റെ അപ്രതീക്ഷിതമായ മരണം ഏല്പിച്ച ആഘാതത്തിൽനിന്ന് ഏകാന്തതിലേക്ക് ആലീസ് വീഴുന്ന സന്ദർഭവും പ്രധാനമാണ്. ആ സമയത്ത് ബോംബെയിലുള്ള സഹോദരി ആലീസിനൊപ്പമുണ്ട്. ഈ സമയം ആലീസിന് ഒരു കൂട്ട് ലഭ്യമാക്കുന്നതിനുള്ള ചർച്ച നടക്കുമ്പോൾ ലീവെടുത്ത് വീട്ടിലിരിക്കുന്നതിലും നല്ലത് സ്‌കൂളിൽ പോയിത്തുടങ്ങുന്നതാണെന്ന വാദം ഉയരുകയും ആലീസത് സ്വീകരിക്കുകയും സഹോദരിയെ ബോംബെയിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. സ്‌കൂളിൽവന്നു തുടങ്ങിയാൽ മൂഡ് ശരിയാകുമെന്നും മടുപ്പ് മാറുമെന്നുമുള്ള പറച്ചിൽ ശ്രദ്ധിക്കണം. കരിയർ ജീവിതത്തിലെ പല പ്രതിസന്ധികളും നേരിടാനുള്ള വഴിയാകുന്നുവെന്ന ബോധമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. വീടെന്ന സ്ഥലത്തിനുപരി ജോലി പുതിയ സാധ്യതകൾ തുറക്കുകയാണ്.

ആലീസിന്റെ വിവാഹത്തീയതി നിശ്ചയിക്കുന്ന ചർച്ചയിലും ജോലി കടന്നുവരുന്നതുകാണാം. വിവാഹം ഉടനെ വേണ്ടെന്നും അക്കാദമിക് വർഷം കഴിഞ്ഞിട്ടു മതിയെന്നുമാണ് അവിടെയുണ്ടാകുന്ന തീരുമാനം. ജോലിയുള്ള സ്ത്രീകളുടെ സൗകര്യംനോക്കി വിവാഹംപോലുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നത് സമൂഹം അംഗീകരിച്ചുതുടങ്ങുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്യൂഡൽകാലത്ത് പത്തുവയസ്സിനുമുന്നേ അല്ലെങ്കിൽ ആർത്തവത്തോടെ സ്ത്രീകളെ വിവാഹംചെയ്യിപ്പിച്ചുവെങ്കിൽ പിന്നീട് ആധുനികതവന്നപ്പോൾ പ്രായപരിധിയുയർന്നു. 1939 ലാണ് തിരുവിതംകൂറിൽ സ്ത്രീകളുടെ വിവാഹപ്രായം 14 വയസ്സാക്കുന്നതെന്നോർക്കണം. എന്നാൽ പഠനത്തിലും ജോലിയിലും സ്ത്രീകൾ വ്യാപരിക്കുന്നതോടെ അതനുസരിച്ചുള്ള വിവാഹക്രമം പതുക്കെ സമൂഹത്തിൽ രൂപംകൊള്ളുന്നു. ഉയർന്ന വിദ്യഭ്യാസത്തിൽ താത്പര്യപ്പെട്ട സ്ത്രീകൾ മിക്കപ്പോഴും അവിവാഹിതകളായി തുടർന്നുവെന്നത് ജാനകിയമ്മാളിനെപ്പോലുള്ളവരുടെ ജീവിതത്തിലൂടെ കാണാം. വിവാഹം കുടുംബം എന്നീ സ്ഥാപനങ്ങളെ സ്ത്രീകൾ തങ്ങളുടെ കരിയറുകൊണ്ട് നേരിട്ടതിന്റെ ചരിത്രമായി ഈ സിനിമകൾ മാറുന്നുവെന്നതാണ് ഇന്നത്തെക്കാഴ്ചയിലെ പ്രധാനപ്പെട്ട വശം.

ആണത്തം വെറുത്ത് വീടുവിട്ടവർ

ഒരു സാധാരണസ്ത്രീയായി തോന്നിപ്പിക്കുന്ന ആലീസ് കടുത്തനിലപാടുകളുള്ളവളായി മാറുന്നതാണ് ആഖ്യാനം. മറുഭാഗത്ത് സാധാരണപുരുഷനായി തോന്നുന്ന തോമസ് വിഷംവമിപ്പിക്കുന്ന ആണത്തത്തിന്റെ ഉടമയുമായി മാറുന്നു. എൺപതുകളിലെ സിനിമകളിൽ മമ്മൂട്ടി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങൾക്ക് "നെഗറ്റീവ്' സ്വഭാവമാണ് ഉള്ളതെന്ന് ശ്രദ്ധിക്കണം. ആദർശമുണ്ടെന്നു തോന്നിപ്പിക്കുകയും കഥയുടെ പുരോഗതിയിൽ വില്ലനായി മാറുകയും ചെയ്യുന്ന നായകത്വമാണ് അതിനെ ചെറുക്കുന്ന നായികമാരെ സൃഷ്ടിക്കുന്നതെന്നുകാണാം. ഈ നെഗറ്റീവ് സ്വഭാവത്തിലൂടെയാണ് ആണത്തത്തിന്റെ സവിശേഷഭാവമായി മമ്മൂട്ടി കഥാപാത്രങ്ങൾ മാറുന്നതെന്നും കാണാം. ആഭിജാത്യത്തിന്റെയും ഉദ്യോഗത്തിന്റെയും കൃത്യമായ അധികാരത്തിലൂടെ വഷളായ പുരുഷത്വമാണ് മമ്മൂട്ടി കഥാപാത്രങ്ങളുടെ കാതലെന്നു പറയുന്നത്. "മദ്യവും പകയും ജെലസീം കൂടിച്ചേർന്ന് വെറുപ്പുതോന്നിക്കുന്ന രൂപമെന്ന്' ആലീസ് പറയുന്നതിൽനിന്ന് ഈ കഥാപാത്രത്തെ മനസ്സിലാക്കാനാവും. തന്റെ പെണ്ണ് എന്ന സങ്കല്പവുമായി നടന്ന് അവർക്ക് വേറാരോടും ഒരിടപാടും പാടില്ലെന്നും കല്പിക്കുന്ന ആണത്തത്തെ ജനപ്രിയവല്കരിച്ചതിൽ മമ്മൂട്ടി കഥാപാത്രങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുകാണാം. ഇത്തരമൊരു പുരുഷത്വത്തോടു സന്ധിചെയ്യാൻ കരിയറിൽ ശ്രദ്ധിക്കുന്ന സ്ത്രീക്ക് കഴിയില്ലെന്നാണ് ആലീസ് പറയുന്നത്. പുരുഷനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന അധീശ ആണത്തത്തിൽ നിന്ന് പുറത്തുകടന്ന് മനുഷ്യനായി വരാനായി അക്കാലത്തെ സിനിമകളിലെ സ്ത്രീകൾ പറയുന്നത് കാണാം.

തന്റെ ജോലിയിൽ കൃത്യമായി ശ്രദ്ധിക്കുന്ന ആലീസ് വിവാഹത്തിനോ മറ്റോ പ്രധാന്യം നല്കിയിരുന്നില്ല. എന്നാൽ സഹോദരന്റെ മരണത്തിനുശേഷം തോമസ് അടുക്കാൻ ശ്രമിക്കുമ്പോൾ അവൾ വ്യക്തമായി പലയിടത്തും നോ പറയുന്നുണ്ട്.വീട്ടിലിരിക്കാതെ പുറത്തുപോകാനും സംസാരിക്കാനും അയാൾ പലവട്ടം ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യമൊക്കെ താത്പര്യംകാട്ടാതിരുന്ന ആലീസ് പതുക്കെ അയാളെ അംഗീകരിച്ചുതുടങ്ങുന്നു. അയാൾ വിവാഹക്കാര്യം സംസാരിച്ചപ്പോൾ ഗൗരവമായിട്ടാണെന്നു കണ്ട് അതിനെ അംഗീകരിക്കുന്നു. അപ്പോൾ അയാൾക്കൊപ്പം പതിവായി പുറത്തുപോകാനും മറ്റും തുടങ്ങുന്നു. എന്നാൽ ഇതിനിടയിൽ രവിയെ സംശയിക്കുമ്പോൾ അവൾ ചെറുക്കുന്നു. അയാളെ പതുക്കെ അകറ്റിനിർത്തുന്നു. രവിയോടുള്ള തോമസിന്റെ സംശയം കൂടുമ്പോൾ അവൾ തോമസിനെ വെറുത്തുതുടങ്ങുന്നു. ഓഫീസേഴ്‌സ് മെസ്സിൽവച്ച് വെക്കേഷൻവരെ വിവാഹം നീട്ടേണ്ടതില്ലെന്നും ഉടനെ നടത്തണമെന്നും തോമസ് പറയുമ്പോൾ ഇപ്പോൾ പറ്റില്ലെന്നും തനിക്കാലോചിക്കണമെന്നും തോമസിനെ താനിപ്പോൾ മനസിലാക്കിത്തുടങ്ങുന്നതേയുള്ളവെന്നും അവൾ മറുപടി പറയുന്നു. ആലോചിച്ചാൽ പിന്നീട് നോ എന്നാകാമല്ലോ എന്ന തോമസിന്റെ ചോദ്യത്തിന് ആകാമെന്നും താനാർക്കും ഒന്നും വാക്കു തന്നിട്ടില്ലെന്നും ആലീസ് വ്യക്തമാക്കുന്നുണ്ട്. പിന്നീട് തോമസ് കാണാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ തടയുന്നു. ആദ്യമൊക്കെ തോമസിലെ ഈ സ്വഭാവത്തെ മനസിലാക്കിയെങ്കിലും തോമസ് സോറി പറയുമ്പോൾ ആലീസ് ഒത്തുത്തീർപ്പിന് കീഴടങ്ങിയിരുന്നു. എന്നാൽ പിന്നീടദ്ദേഹം അതിനു തയാറാകാതെ തന്റെ തീരുമാനം തെറ്റെന്നു തിരിച്ചറിയുകയും തോമസിൽനിന്ന് അകലുകയും ചെയ്യുന്നു.

ആഭിജാത്യത്തിന്റെയും ഉദ്യോഗത്തിന്റെയും കൃത്യമായ അധികാരത്തിലൂടെ വഷളായ പുരുഷത്വമാണ് മമ്മൂട്ടി കഥാപാത്രങ്ങളുടെ കാതലെന്നു പറയുന്നത്. പുരുഷനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന അധീശ ആണത്തത്തിൽ നിന്ന് പുറത്തുകടന്ന് മനുഷ്യനായി വരാനായി അക്കാലത്തെ സിനിമകളിലെ സ്ത്രീകൾ പറയുന്നത് കാണാം.

പുരുഷൻ അവന്റെ ആണത്തത്തെ മുന്നോട്ടുവയ്ക്കുമ്പോൾ അതിനോടു മറുതലിച്ച് കൂടുതൽ മനുഷ്യത്വംപുലർത്തുന്ന വ്യക്തിത്വത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീത്വം ഇവിടെ ഉയരുന്നു. എൺപതുകളിലെ മമ്മൂട്ടി നായകനാകുന്ന സിനിമകളിൽ ഈ ആണത്തനായകനെ ത്യജിക്കുന്ന സ്ത്രീകളെ കാണാം. ആണത്തംപേറുന്ന വ്യക്തികൾ മനുഷ്യരല്ലെന്നും ഇവരുടെ ആണത്തം സമൂഹത്തെ വിഷലിപ്തമാക്കുകയാണെന്നുമുള്ള പാഠം ആലീസ് പറയുന്നു. ആണത്തത്തിനോടുള്ള ഈ വിദ്വേഷമാണ് വീടുവിടാൻ ആലീസിനെ പ്രാപ്തമാകുന്നത്. തോമസിന്റെ സമീപനം വെറുപ്പുജനിപ്പിക്കുമ്പോൾ ആദ്യം അയാളിൽനിന്നു മാറിനില്ക്കാൻ ഡെയ്‌സിയുടെ വീട്ടിലേക്കു അവൾ മാറുന്നുണ്ട്. വീടുവിട്ട് സ്വതന്ത്രയാകുന്നതിനുള്ള ശക്തമായ സൂചനയാണിത്. തുടർന്നവൾ ജോലി രാജിവെയ്ക്കാനും എങ്ങോട്ടെങ്കിലും പോകാനുമുള്ള തീരുമാനം കൈക്കൊള്ളുന്നു.

വീടും താമസവും ആലീസിന്റെ ജീവിതത്തിൽ ആദ്യം പ്രതിസന്ധി സൃഷ്ടിക്കുന്നത് സഹോദരന്റെ മരണത്തോടെയാണ്. തനിച്ചു വീട്ടിൽ കഴിയുന്നതിനാൽ കൂട്ടായി സഹോദരി രാജമ്മയെത്തുന്നു. സഹപ്രവർത്തകർ ഹോസ്റ്റലിൽ താമസം അന്വേഷിക്കുന്നു. എന്നാലതല്ലൊം തിരസ്‌കരിച്ച് താനിവിടെ തനിച്ചുകഴിഞ്ഞോളാമെന്ന് ആലീസ് പറയുന്നു. സ്ത്രീക്ക് വീട്ടിൽ തുണയില്ലാതെ ഒറ്റയ്ക്കു കഴിയുക ബുദ്ധിമുട്ടാണെന്ന ബോധമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. ഈ ഭാഗത്ത് ആലീസ് വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നതിന്റെ ദീർഘമായ ദൃശ്യവല്കരണം കാണാം.

ഒറ്റയ്ക്കാകുന്ന ആലീസ് വിവാഹമെന്ന സ്ഥാപനത്തോട് അകന്നുമാറി കൂടുതലൊറ്റയ്ക്കാകുന്നു. ആ ഒറ്റയാകൽ അവളെ കൂടുതൽ ശാക്തീകരിക്കുന്നതാണ് അവസാനഭാഗത്ത് കാണുന്നത്. തോമസിനെ ജയിലിലേക്കു കൊണ്ടുപോകുമ്പോൾ താൻ ജോലി രാജിവച്ച് നാടുവിടുന്നതിനെക്കുറിച്ച് പറയുന്നു. തോമസിന്റെ അഹന്തയെല്ലാം പുറത്തുചാടി "എങ്ങോട്ട് ' എന്ന് ചോദിക്കുന്നു. അതിനുശേഷം തോമസിനെ കൊണ്ടുപോകുമ്പോൾ അവളെ ദൃശ്യവത്കരിക്കുന്നത് വലിയൊരു വരാന്തയിൽ ഒറ്റയ്ക്കു നില്ക്കുന്നതായിട്ടാണ്. സമീപദൃശ്യത്തിൽനിന്ന് ക്രമേണ കാമറ അകന്നുമാറി ആലീസ് വലിയൊരു കെട്ടിടത്തിനകത്ത് ഒറ്റയ്ക്ക് നിസഹയായി നില്ക്കുന്നത് കാണിക്കുന്നു.

വീടുവിടുവിട്ട് എങ്ങോട്ടാണ് പോവുകയെന്ന തീരുമാനത്തിലെ അനിശ്ചിതത്വമാണ് ഇവിടെ സൂചിതമാകുന്നത്. എൺപതുകളിലെ (ഇന്നും) സ്ത്രീകഥാപാത്രങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്ന് കാണാം. ലോഡ്ജുകളും ഹോസ്റ്റലുകളും സ്ത്രീകൾക്ക് ഇടമായിട്ടുണ്ടെങ്കിലും ആ ഇടങ്ങൾ പര്യാപ്തമല്ലന്ന സൂചനകൾ ഇക്കാലത്തെ സിനിമകൾ നല്കുന്നുണ്ട്. സ്ത്രീകൾക്ക് തനിച്ചു യാത്രചെയ്യാനും ജീവിക്കാനും കഴിയുന്ന മാനുഷികമായ കേരളീയത രൂപപ്പെടേണ്ടതിന്റെ കാഴ്ചകൾ എൺപതുകളിൽ ശക്തമായിരുന്നുവെന്ന് ഈ ചിത്രങ്ങൾ പറയുന്നു.

കൂടെവിടെ എന്ന പേര് വീട് എന്ന ഇടത്തെ നിഷേധിച്ച ഒരാളുടെ അന്വേഷണമാണ്. വീട് എന്നത് ഒരു കൂടാണെങ്കിലും കൂടെന്ന വാക്ക് കിളിക്കൂടുപോലെ ഒറ്റമുറിയെ, കുടുംബത്തിന്റെ ഭാരമില്ലായ്മയെ സൂചിപ്പിക്കുന്ന ഒരിടമാണ്. വീടില്ലാത്തവരുടെ അഭയമാണത്. ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടത്തിന്റെ സാധ്യതയാണ് ഈ കൂട്. എൺപതുകളിലെ സിനിമകളിൽ സ്ത്രീകൾ വീടിനുപകരം ഹോസ്റ്റലുകൾപോലെയുള്ള കൂടുകളിലൂടെ ജീവിക്കുന്നത് വ്യാപകമാകുന്നതിന്റെ മറ്റൊരു കാഴ്ചയാണിത്. അനിശ്ചിതത്വമാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹം ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും യാത്രയാവുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയേറ്റെടുക്കുന്ന ആലീസ് തന്റെ പരമ്പരാഗത സ്‌ത്രൈണതയെ കൂടിയാണ് ഉപേക്ഷിക്കുന്നത്. എൺപതുകളിലെ മലയാളസിനിമകളിലെ നായികമാർ പുരുഷനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന ആണത്തത്തെ പരിപോഷിപ്പിക്കുന്ന വീടുവിട്ടിറങ്ങുകയെന്ന വെല്ലുവിളിയെ ശക്തമായി ആവിഷ്‌കരിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. മലയാളി പുരുഷൻ മനുഷ്യനായി മാറുന്നതെപ്പോഴെന്ന ചോദ്യം അവിടെ ബാക്കിയാകുന്നുണ്ട്.

Comments