‘കുസാറ്റി’ൽ ആർത്തവ അവധി; സ്​ത്രീകൾക്കായി ഇനിയും പുതുക്കേണ്ടതുണ്ട്​ ചട്ടങ്ങൾ

ആർത്തവ അവധികൾ അനുവദിക്കുന്നതിൽ ഒരു ഏകീകൃത നിലപാട് ഇതുവരെ ആയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്​ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ രണ്ടു ശതമാനം ആർത്തവ അവധി അനുവദിക്കുന്ന തീരുമാനം ചർച്ചയാകുന്നത്​.

ള്ളിൽ വലിഞ്ഞുമുറുകുന്ന വേദന, ചിലപ്പോൾ ദേഹമാസകലവും. എന്തിനെന്നറിയാതെ പെട്ടെന്നെത്തുന്ന വിഷാദം, അല്ലെങ്കിൽ ദേഷ്യം. അമിത വിശപ്പ്, അതുമല്ലെങ്കിൽ വിശപ്പില്ലായ്മ... ആർത്തവകാലം ഓരോ സ്ത്രീയ്ക്കും ഓരോന്നാണ്. ഹൃദയാഘാത സമയത്ത് ഒരാൾ അനുഭവിക്കുന്ന വേദനയുമായി ആർത്തവ വേദനയെ താരതമ്യം ചെയ്യാമെന്ന് 2017 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പഠനത്തിൽ പറയുന്നു. ചിലപ്പോൾ, ചിലരിൽ അത്രമേൽ പ്രശ്നങ്ങളൊന്നുമില്ലാതെയും ആ ദിവസങ്ങൾ കടന്നുപോകാം.

ആർത്തവകാലത്തെ ഇത്തരം അസ്വസ്ഥതകളെ വകവയ്ക്കാതെ തന്നെ ദൈനംദിനതിരക്കുകളുടെ ഭാഗമാകേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്. ആർത്തവ അസ്വസ്ഥതകൾ സഹിക്കാവുന്നതിനപ്പുറമാകുന്ന സാഹചര്യത്തിലാണ് പലരും ലീവ് എന്ന തീരുമാനത്തിലേയ്ക്ക് എത്തുന്നത്. ജോലിയിടത്ത്, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒക്കെ അനുവദിച്ചുകിട്ടുന്ന പരിമിത എണ്ണം ലീവിനുള്ളിൽ നിന്നാണ് എല്ലാമാസവും പതിവായെത്തുന്ന ആർത്തവപ്രശ്നങ്ങൾക്കും ലീവ് കണ്ടെത്തേണ്ടി വരുന്നത്. ആശുപത്രിയിൽ അഡ്മിറ്റായ മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ലീവിന് പരിഗണിക്കുന്നത് എന്നതുകൊണ്ട് ആർത്തവബുദ്ധിമുട്ടുകളുടെ പേരിൽ എടുക്കുന്ന അവധികൾ മെഡിക്കൽ ലീവിന്റെ പരിധിയിൽ പെടുന്നില്ല.

Photo: Unsplash

ഇങ്ങനെ സഹിക്കേണ്ടതില്ല, ആർത്തവ വേദന

"ആർത്തവ സമയത്ത് വേദനയൊക്കെ ഉണ്ടാകും. പെൺകുട്ടികൾ കുറച്ച് വേദനയൊക്കെ സഹിക്കണം. ഇതൊക്കെ എല്ലാ സ്ത്രീകൾക്കും ഉള്ളതല്ലേ...' എന്നിങ്ങനെ ആർത്തവ വേദനയെ നിസാരവൽക്കരിക്കുന്ന ഒരു പ്രവണത കാണാറുണ്ട്. എന്നാൽ അത്ര നിസാരമായി അവഗണിക്കേണ്ട ഒന്നല്ല ആർത്തവ വേദന. അമിതവേദനയോ, മറ്റു ബുദ്ധിമുട്ടുകളോ തോന്നുന്നുവെങ്കിൽ വെച്ചുതാമസിപ്പിക്കാതെ ഡോക്ടറെ കണ്ട് വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്‌പെഷലിസ്റ്റുമായ ഡോ. റെജി ദിവാകർ.

""ആർത്തവം തുടങ്ങുന്നത് പതിനൊന്ന് പന്ത്രണ്ട് വയസ്സിലൊക്കെയാവും. തുടക്കസമയത്ത് ആർത്തവം സ്ഥിരമായി ഉണ്ടാകണമെന്നില്ല. കുറച്ചു നാളുകൾ കൊണ്ടാവും ആർത്തവചക്രം കൃത്യമാകുക. ഹോർമോൺ ചേഞ്ചസിനും തലച്ചോറുമായുള്ള കോർഡിനേഷൻ ശരിയായി വരാനുമൊക്കെ എടുക്കുന്ന സമയമാണിത്. ഇത് സ്വഭാവികമാണ്. ഈ പ്രശ്നത്തിന് മാതാപിതാക്കൾ കുട്ടികളുമായി ചികിത്സയ്ക്ക് എത്താറുമുണ്ട്. എന്നാൽ പീരിഡ്‌സ് സമയത്തെ വേദനയും അസ്വസ്തതകളും പലരും അവഗണിക്കാറാണ് പതിവ്. പീരിഡ് സമയത്ത് വേദനയുണ്ടെങ്കിൽ എന്താണ് അതിനു കാരണമെന്ന് പരിശോദിക്കണം. ചില കുട്ടികൾക്ക് പീരിഡ്‌സ് തുടങ്ങുന്നതിനു മുൻപും പീരിഡ്‌സ് സമയത്തും വലിയ വേദന ആയിരിക്കും. സ്‌കാൻ ചെയ്തു നോക്കുമ്പോൾ യൂട്രസിലോ, ഓവറിയിലോ പ്രശ്‌നങ്ങളൊന്നും ഉണ്ടാകണമെന്നുമില്ല. എല്ലാം നോർമലായിരിക്കാം. അങ്ങനെയുള്ളവർക്ക് ഡയറ്റിൽ ശ്രദ്ധിക്കുക, കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിലുൾപ്പെടുത്തുക, ആൻസൈറ്റി കുറയ്ക്കുക, ടെൻഷൻ കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകാൻ കഴിയും. ചിലർക്ക് ചെറിയ ഡോസിലുള്ള പെയ്ൻ കില്ലറുകൾ ആവശ്യമായി വരും ചിലർക്ക് ഫ്‌ളൂയിഡ് ട്രിപ്പ് നൽകേണ്ടി വരും, ആൻസൈറ്റിയും ടെൻഷനുമൊക്കെ അമിതമായുണ്ടെങ്കിൽ കൗൺസിലിംഗ് വേണ്ടി വരാം, അതിന് മരുന്ന് കഴിക്കേണ്ടി വരാം. സ്‌കാനിങിൽ പ്രശ്‌നമൊന്നുമില്ലെങ്കിൽ ആർത്തവ വേദനയെ ചില ഡോക്ടേഴ്‌സ് പോലും അവഗണിക്കുന്നത് കണ്ടിട്ടുണ്ട്, അത് ശരിയല്ല. പരിഹാരമുള്ളപ്പോൾ പിന്നെ വേദന വെറുതെ സഹിക്കേണ്ടതില്ല.

ഡോ. റെജി ദിവാകർ

ആർത്തവ വേദന സ്വഭാവികമാണ് എന്നു കരുതി ചികിത്സ തേടാതിരിക്കുന്നത് അപകടമാണ്. ചിലപ്പോൾ യൂട്രസിനുള്ളിൽ മുഴയുണ്ടാകാം, ഓവറിയിൽ സിസ്റ്റ് ഉണ്ടാകാം. ഇത് സ്‌കാനിങിലൂടെ കണ്ടെത്താനും ചികത്സയിലൂടെ പരിഹരിക്കാനും കഴിയും. വേദനയുടെ കാരണം കണ്ടെത്തി അതിനു പരിഹാരം കാണുകയാണ് വേണ്ടത്. ആർത്തവ വേദനയ്ക്കു മരുന്ന് കഴിക്കുന്നത് ഭാവിയിൽ പ്രഗ്നൻസിയിൽ പ്രശ്‌നമുണ്ടാക്കും എന്നതൊക്കെ അബദ്ധധാരണകളാണ്. സമയത്ത് ചികിത്സ തേടാത്തതാണ് ഭാവിയിൽ പ്രശ്നമാവുക. യൂട്രസിലോ, ഓവറിയിലോ മുഴയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ചികിത്സ വൈകിയാൽ ചിലപ്പോൾ ഓവറിയോ യൂട്രസോ തന്നെ മുറിച്ചു മാറ്റേണ്ടതായി വരാം.

ഇപ്പോൾ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറി രോഗങ്ങൾ (Polycystic ovary diseases). പി.സി.ഒ.ഡി. ഒക്കെ നേരത്തെ കണ്ടെത്തി എന്താണ് പിസിഒഡി, ആവശ്യമായ ഡയറ്റ്, എക്‌സൈസ് എന്നിവയെ കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. വേദനയോ അസ്വസ്ഥതയോഉണ്ടെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം''

ആർത്തവ അവധി എന്ന ജൈവിക ആവശ്യം

സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയും സ്വന്തം വഴി കണ്ടെത്തിയും അടഞ്ഞുകിടന്ന വഴി വെട്ടിത്തെളിച്ചും മുന്നോട്ടു നീങ്ങുന്ന സാമൂഹ്യസാഹചര്യത്തിൽ നിന്നാണ് ആർത്തവം എന്ന ജൈവിക യാഥാർഥ്യത്തെകുറിച്ച് ചിന്തിക്കുന്നത്. മാനസിക- ശാരീരിക അസ്വസ്​ഥത മനുഷ്യന്റെ പ്രവർത്തനക്ഷതയെയും ബാധിക്കുമെന്നതിനാൽ ആർത്തവസമയത്ത് ലീവ് അനുവദിക്കുക എന്നതാണ് ഇതിനുള്ള പ്രഥമ പരിഹാരം. മനുഷ്യന്റെ നിലനിൽപിനാവശ്യമായ ജൈവികമായ ഒരു ശാരീരിക പ്രവർത്തനം എന്നു കണക്കാക്കി മറ്റ് നൂലാമാലകളൊന്നുമില്ലാതെ ശമ്പളത്തോടുകൂടിയ അവധിയും വിദ്യാർഥികൾക്ക് അറ്റൻഡൻസും അനുവദിച്ചു കൊടുക്കേണ്ടതുണ്ട്.

ആർത്തവ അവധി എന്ന ആശയം രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം മുതൽ ചർച്ചയിലുണ്ട്, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌വാൻ തുടങ്ങി പല രാജ്യങ്ങളിലും ഇതിനകം തന്നെ ആർത്തവ അവധി നടപ്പിലാക്കിയിട്ടുമുണ്ട്. ഇന്ത്യയിലും വിഷയത്തിൽ പലവട്ടം ചർച്ചകൾ നടന്നെങ്കിലും ചില സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക്
ആർത്തവ അവധികൾ നൽകുന്നുണ്ടെന്നല്ലാതെ വിഷയത്തിൽ ഒരു ഏകീകൃത നിലപാട് ഇതുവരെ ആയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്​ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ രണ്ടു ശതമാനം ആർത്തവ അവധി അനുവദിക്കുന്ന തീരുമാനം ചർച്ചയാകുന്നത്​.

Photo: Unsplash

‘കുസാറ്റി’ൽ ഇനി ആർത്തവ അവധി

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (‘കുസാറ്റ്’) സെമസ്റ്റർ പരീക്ഷക്ക്​ ഹാജർനില പരിഗണിക്കുമ്പോൾ ആർത്തവ ദിവസത്തെ അവധി ഇളവുചെയ്യണം എന്ന ആവശ്യം വിദ്യാർഥികൾ മുന്നോട്ടു വെച്ചു. ആകെ പ്രവൃത്തി ദിവസങ്ങളിൽ 75% ഹാജർ ഉള്ള വിദ്യാർഥികളെ മാത്രമാണ് സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നത്. പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വരുന്നതോടെ, ‘കുസാറ്റി’ൽ ഇനി പെൺകുട്ടികൾക്ക് ആർത്തവ സംബന്ധമായ അവധികൂടി പരിഗണിച്ച് 73% ഹാജർ ഉണ്ടെങ്കിൽ പരീക്ഷ എഴുതാം. സാധാരണ 75 ശതമാനം ഹാജർ ഇല്ലാത്ത കുട്ടികൾക്ക് പരീക്ഷ എഴുതണമെങ്കിൽ, ലീവ് ക്ലെയിം ചെയ്യാൻ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. എന്നാൽ, 2% അധിക ലീവിന് പെൺകുട്ടികൾക്കിനി മെഡിക്കൽ റിപ്പോർട്ടിന്റെ ആവശ്യമില്ല. തീരുമാനം അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

എല്ലാ ആർത്തവചക്രത്തിലും രണ്ട് ദിവസം വീതം വർഷം 24 ദിവസം അവധി വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം, സർക്കാരിന്റെ നയപരമായ തീരുമാനമില്ലാത്തതിനാൽ സർവകലാശാലയ്ക്ക് ആ നിർദേശം അംഗീകരിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, പെൺകുട്ടികൾക്ക് അധിക ആനുകൂല്യം അനുവദിക്കാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.

ആർത്തവ അവധിയിൽ കുസാറ്റിന്റെ ഈ തീരുമാനം മാതൃകയാക്കി വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഉപാധിരഹിത (ഹാജരോട് കൂടിയ / ശമ്പളത്തോട് കൂടിയ) അവധി സ്ത്രീകൾക്ക് അനുവദിക്കാനുള്ള ഇടപെടൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.

ആർത്തവ ദിവസങ്ങളിൽ അവധി അനുവദിക്കുമ്പോളും സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്നോ ജോലിയിൽ നിന്നോ അവരുടെ പ്രവർത്തനങ്ങളിൽ നിന്നോ ഏതെങ്കിലും തരത്തിൽ പിന്നോട്ട് നടത്തുന്ന, ആർത്തവ ദിവസങ്ങളിൽ സ്ത്രീകളെ പൂർണ്ണമായി മാറ്റി നിർത്തുന്ന തരത്തിലുള്ള ഒരു തീരുമാനം ആയി അത് മാറരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. (ആർത്തവകാലത്ത് അടച്ചമുറിയിൽ ഒറ്റയ്ക്കിരുന്ന ചരിത്രം അധികകാലം പുറകിലല്ലാതുണ്ട്)

ആർത്തവ അവധി അനുവദിക്കുമ്പോൾ തന്നെ അന്നത്തെ ദിവസത്തെ ക്ലാസ് കുട്ടികൾക്ക് നഷ്ടപ്പെടാതിരിക്കാനുള്ള ബദൽ മാർഗങ്ങളെ കുറിച്ചും ചിന്തിക്കണം. ക്ലാസുകൾ ഹൈബ്രിഡ് ആക്കിയാൽ ക്ലാസുകൾ നഷ്ടമാകുന്ന പ്രശ്നം ഒഴിവാക്കാം. കോവിഡ് കാലത്ത് ഓൺലൈനായും ഓഫ്‌ലൈനായും ഒരേ സമയം ക്ലാസ് നടത്തി വിജയിച്ച ഒരു മുൻമാതൃക കേരളത്തിനുണ്ട്. പല കമ്പനികളും വർക്ക് ഫ്രം ഹോം രീതിയും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി / Photo: Wikipedia

ഒരു നൂറ്റാണ്ട് പിന്നിൽ നിന്നൊരു കേരള മോഡൽ

ആർത്തവ അവധിയുടെ കാര്യത്തിൽ നൂറ്റാണ്ടിനു മുൻപു തന്നെ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളം. അന്ന് നാട്ടുരാജ്യമായിരുന്ന കൊച്ചിയിലെ (ഇന്നത്തെ എറണാകുളം ജില്ല) തൃപ്പൂണിത്തുറ ഗവൺമെൻറ്​ ഗേൾസ് സ്‌കൂളിൽ 1912-ൽ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ സമയത്ത് ‘പീരിയഡ് ലീവ്' നൽകുകയും പിന്നീട് ആ പരീക്ഷ എഴുതാൻ അവരെ അനുവദിക്കുകയും ചെയ്​തിരുന്നു. അന്നത്തെ വിദ്യാഭ്യാസ നിയമമനുസരിച്ച്, വാർഷിക പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് 300 ദിവസം ഹാജർ നിർബന്ധമായിരുന്നു. സ്ഥിരമായി പരീക്ഷ നടത്തിയിരുന്നു. എന്നാൽ, ആർത്തവ സമയത്ത് വിദ്യാർഥികളും വനിതാ അധ്യാപകരും ലീവ് എടുക്കുക പതിവായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ വി.പി. വിശ്വനാഥ അയ്യർ തൃശ്ശൂരിലുള്ള സ്‌കൂൾ ഇൻസ്‌പെക്ടറെ സമീപിക്കുകയും 1912 ജനുവരി 19 ന് വിഷയം അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. അഞ്ച് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായി: ആർത്തവ സമയത്ത് വാർഷിക പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികളെ മറ്റൊരവസരത്തിൽ എഴുതാൻ അനുവദിക്കണമെന്ന് ജനുവരി 24 ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി,‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ ചരിത്രകാരൻ പി. ഭാസ്‌കരനുണ്ണി ഈ സംഭവം വിവരിക്കുന്നുണ്ട്.

വേണം, രാജ്യവ്യാപകമായി ആർത്തവ അവധി വ്യവസ്ഥ

ആർത്തവവേദന സ്ത്രീജീവനക്കാരുടെ ഉൽപാദനക്ഷമത കുറയ്ക്കുകയും അവരുടെ ജോലിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പല രാജ്യങ്ങളിൽ പലകാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കിട്ടുന്ന വിശ്രമം വരും ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായകമാകും.

Photo: Unsplash

വിഷയത്തെ ജൈവികമായ ആവശ്യമായി പരിഗണിച്ച് രാജ്യവ്യാപകമായി ആർത്തവ അവധിയുടെ കാര്യത്തിൽ ഒരു തീരുമാനമാണ് ഉണ്ടാകേണ്ടത്. 2017 ൽ മെനുസ്ട്രേഷൻ ബെനഫിറ്റ് ബിൽ, ആദ്യമായി ലോക്‌സഭയിൽ ഒരു സ്വകാര്യ ബില്ലായി പാർലമെൻറ്​ അംഗം നിനോംഗ് എറിംഗ് അവതരിപ്പിച്ചു. അരുണാചൽ പ്രദേശ് നിയമസഭയുടെ മുമ്പാകെ 2022 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഇതേ ബിൽ വീണ്ടും അവതരിപ്പിച്ചുവെങ്കിലും ചർച്ചയ്ക്കു പോലുമെടുക്കാതെ തള്ളുകയായിരുന്നു. ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ ഇത്തരത്തിൽ ഒരു
ബിൽ ആവശ്യമാണ്.

ആർത്തവ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്ക് അവധി എന്നതു പോലെ തന്നെ പ്രധാനമാണ് ആർത്തവ സമയത്ത് ജോലി ചെയ്യാനും, പഠിക്കാനും, യാത്ര ചെയ്യാനും താല്പര്യമുള്ള സ്ത്രീകൾക്ക് അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കികൊടുക്കുക എന്നതും. ആവശ്യത്തിന് വിശ്രമ മുറി, ടോയ്​ലെറ്റ്​സൗകര്യം, സാനിറ്ററി നാപ്കിനും മെനുസ്ട്രൽ കപ്പും മാറ്റാനുള്ള സൗകര്യം, വേസ്റ്റ് ഡിസ്പോസൽ സൗകര്യം ഇവയൊക്കെ തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും ഉറപ്പുവരുത്തേണ്ടതുണ്ട്. ചുരുക്കത്തിൽ സാനിറ്ററി പാഡ് പരസ്യങ്ങളിലെ പോലെ ‘അത്ര സുഖകരമല്ല ആർത്തവകാലം’ എന്നത് സമൂഹം മനസ്സിലാക്കേണ്ടതും പരിഗണിക്കേണ്ടതുമുണ്ട്.

Comments