3 Aug 2020, 01:52 PM
കടലാസ് മീന്‍
കടലാസില്‍ വെട്ടിയുണ്ടാക്കി ഒരു മീന്‍
തൊട്ടടുത്ത നിമിഷം ജീവന് വച്ചു
അതിനു കടലില്‍ കുളിക്കണമത്രെ!
കുളിച്ചോളൂ
പേടിയോ അമാന്തമോ എന്നെ ബാധിച്ചു
കടലെവിടെ?
എന്റെയോപ്പമുള്ള മറ്റു മീനുകളെവിടെ?
അത് ചോദ്യം ചെയ്തു
ആരുടെ ചട്ടിയിലാണവര്
ആത്മാഹുതി ചെയ്തത്?
കടലിന്റെ ഏതു വിഷച്ചുഴിയിലെക്കാണവരെ നീ തള്ളിവിട്ടത്?
മീനല്ലേ
കടലാസ് കൊണ്ടല്ലേ ഉണ്ടാക്കിയത്
വെള്ളത്തില്‍ കടലാസ് അലിഞ്ഞ് പോകില്ലേ?
ജീവിതം കൂടുതല്‍ വലുതാവുമ്പോള്‍ മീനുകളുടെ വലിപ്പം കുറയും
എന്നൊരു മുടന്തന്‍ തത്വശാസ്ത്രം പറഞ്ഞു അത്
നീ ഉറുമ്പുകളെക്കുറിച്ചും പര്‍വ്വതങ്ങളെക്കുറിച്ചും
പറയുന്നത് പോലെ
കടലാസ് മീനുകളെക്കുറിച്ചു
പറയാറുണ്ടോ?
‘ഇല്ല'
പെട്ടെന്നുത്തരം പറയാന്‍
ആരോ എന്റെ ചങ്കമര്ത്തി
കടലിലുണ്ടായിരുന്ന ആകാശങ്ങളില്‍ പണ്ട് കടലാസുമീനുകള് പറന്നുനടന്നിരുന്നു
കാറ്റില്‍ പിച്ചിപ്പൂക്കള്‍ മണത്തു
ഭൂമി കീഴ്മേല്‍ മറിഞ്ഞതും
ആകാശം മുകളിലും കടല്‍ കീഴെയുമായതും കാണുന്നു
ഞാന്‍ ഇപ്പോഴും
സൂര്യന് ജ്വലിക്കും പോലെ
മീനാണെന്നതോ
കടലില്‍ കുളിക്കണം എന്നതോ
കടലാസുമീനാണ് എന്നതോ അല്ല പ്രശ്നം
അത് ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ്
ചോദിക്കുന്നത് ചോദ്യങ്ങളാണ് എന്നതുമല്ല പ്രശ്നം
അതിനുത്തരം ഞാന്‍ തന്നെ പറയണം എന്നതാണ്!
ഞാന്‍ തന്നെയാണ് കടലാസില്‍ മീനിനെ വെട്ടിയുണ്ടാക്കിയത്
ലോകം ഇക്കാണുന്നത് മാത്രമല്ല
വെള്ളത്തില്‍ വീണാല്‍ അലിയുന്ന കടലാസ് കൂടിയാണത്.
വേണമെങ്കില്‍ ദൈവത്തെ വരെ കടലാസില്‍ വെട്ടിയുണ്ടാക്കാമെന്നും
അങ്ങനെ സൃഷ്ടിയുടെ കുതന്ത്രം
കത്രികത്തുമ്പത്ത് കയ്യടക്കാംഎന്നും
എനിക്ക് ചിന്തിക്കാമായിരുന്നു
പക്ഷെ അതില്‍ ഒരു ശാസ്ത്രരേഖയില്ലല്ലോ
കടലാസ് മീന്‍ ഓര്‍മ്മപ്പെടുത്തി
ഉറപ്പുള്ളതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതെല്ലാം
വെള്ളത്തില്‍ ഇട്ടാല്‍ അലിഞ്ഞുപോകുകയാണല്ലോ
വെള്ളം കൊണ്ട് ഒരൊറ്റ ഞൊടിയില്‍
കഴുകി വൃത്തിയാക്കാനുള്ളതെയുള്ളൂ
നിങ്ങളുടെ പാപങ്ങള്‍!
എനിക്ക് കടലാസ് മീനിന്റെ
ഉപദേശത്തില്‍
തലച്ചോറ് നീറി
കാറ്റിനോടും തീയിനോടുമുള്ള
കളി ആവേശമാക്കിയ
ഒരു മനുഷ്യനോട്
വെള്ളത്തിന്റെ വേഗത്തെക്കുറിച്ച്
പറഞ്ഞുകൊണ്ട്
അത് സൃഷ്ടിയുടെ ശൂന്യത എന്നെ ബോധ്യപ്പെടുത്തി
എന്നിട്ട്
പറന്നു നടക്കുന്ന ഒരു കടലാസില്‍
എന്നെ വെട്ടിയുണ്ടാക്കാന്‍ തുടങ്ങി
മുള തൊട്ടു മരണം വരെ ഓര്‍ക്കുന്ന ഒരിലയുടെ മരണാനന്തരകാവ്യജീവിതം
ഒരൊറ്റ വര വരച്ച് ഇലകളുടെ ആത്മഹത്യകളെ അറിയുമെന്ന് നടിക്കുന്നത് അബദ്ധമാണ്.
കാലങ്ങളോളം കടലില്‍
ആഴ്ന്നു നനഞ്ഞു കിടന്ന് ...
ഉടലിലുള്ള അവസാന പച്ചയുടെ ഓര്‍മ്മ പോലും
നക്കിത്തിന്നുന്ന,
ജീവനോടുള്ള
അടങ്ങാത്ത കൊതി പോലെ ആണത്.
മരണപ്പെടുമ്പോള്‍ മാത്രമല്ല,
ഇലകള്‍ക്ക് ആയുസ്സിന്റെ ചിന്ത വരിക.
മണ്ണില്‍ വീണു കിടന്ന്
വെയില് നനഞ്ഞു ...മുളച്ചതിന്റെ
ഓര്‍മ്മ മുതല്‍ ഇങ്ങോട്ട് ....
ശരിക്കും ഒരു അസംബന്ധ നാടകം പോലെ എന്ന്
മരിച്ചുപോയ ഇലകള്‍ പറയുംവരെ
മുളക്കലും കായ്ക്കലും
ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതിനേക്കാള്‍,
അപ്രതീക്ഷിതമായി സംഭവിക്കുന്നത്.
തളിര്‍ത്ത് ...പച്ചച്ചു ...ആരെങ്കിലുo ഇറുത്തെട്ക്കും വരെ
വെറുതെ വെയിലിലേക്ക് കണ്ണു നട്ടു ഇരിക്കുമ്പോള്‍
ഉരുത്തിരിയുന്ന
തത്വചിന്തയുണ്ടല്ലോ
അതു മതി തല്ക്കാലം
കുറ്റപത്രം
ഒരു കാലത്ത് കുഴച്ച മണ്ണ് മാത്രമായിരുന്നു
നമ്മള്
തിന്നിരുന്നത്.
അന്ന്
അതിര്‍ത്തികള്‍
ഇത്ര വിണ്ടു തുടങ്ങിയിരുന്നില്ല
പിച്ചിപ്പൂക്കളെയും
താമരയിതളുകളെയും സ്വപ്നം കാണുക ഇത്ര ആയാസമേറിയതായിരുന്നില്ല
അന്ന്
നമ്മള് വിടര്‍ന്നു പരന്ന ഭൂപ്രദേശമായിരുന്നു.
നമുക്ക്
ആകാശത്തെയും
സമുദ്രത്തെയും
എളുപ്പത്തില്‍
കാണാമായിരുന്നു
പിന്നീടത്
ആകാശയുദ്ധങ്ങളുടെയും കപ്പല്‍ച്ചേതങ്ങളുടെയും
ഓര്‍മയാകും വരെ മാത്രം!
നമ്മുടെ ഉടലിനും
കൈയ്ക്കും കാലിനും
ചങ്ങലയിട്ടവര്‍ക്ക്
നിന്റെ മുഖച്ഛായ ആയിരുന്നു.
ഞാന്‍ ഖേദിക്കുന്നില്ല.
നമ്മുടെ കണ്ണുകള്‍
ഇരുന്നിടത്ത് കൃഷ്ണമണികളുടെ
ആഴക്കുഴികള്‍ ആണിപ്പോള്‍.
അവസാനമായി നമുക്കാരോ
കുറച്ച് ചുവന്നപൂക്കള്‍
സമ്മാനിച്ചു.
നമ്മുടെ മൂക്ക്,
മണം മറന്നുപോയിരുന്നു.
അതിര്‍ത്തികള്‍
നാസാരന്ധ്രങ്ങളിലൂടെ
ഒച്ചിനെപ്പോലെ
ശിരസ്സിലേക്കും
തലച്ചോറിലേക്കുമുള്ള പ്രവേശനത്തിനായി
കാത്തുനില്ക്കുകയായിരുന്നു
പക്ഷികള്‍ ഉപേക്ഷിച്ചു പോയ കൂട്ടിലേക്ക് എന്നപോലെ...!
നമ്മുടെ പ്രതിബിംബത്തിന്റെ
സ്ഥാനത്ത് ശൂന്യത!
ഈ മണ്ണിന് ചുവപ്പും ചുവയും ആണെന്ന് നീ സാക്ഷ്യം പറഞ്ഞു.
നമ്മുടെ ആമാശയത്തിലേക്ക് വെറുപ്പിനെ പുഴുക്കള്‍
ഇഴഞ്ഞു വന്നു
പോകെപ്പോകെ
ബുദ്ധനായി മാറിയ
ഒരു ചെന്നായയുടെതായി മാറി
നിന്റെ മുഖം.
നിനക്ക് തേറ്റകള്‍ വളര്‍ന്നു.
നഖങ്ങള്‍ കൂര്‍ത്തു.
നാം തിന്നുന്ന മണ്ണ്
നീ കുഴച്ചു മറിച്ചിട്ടു.
നമ്മുടെ വെള്ളത്തില്‍
നീ വിഷം കലക്കി
അപ്പോള്‍ നീ
ഞങ്ങളെക്കുറിച്ച്
ഞങ്ങള്‍ക്കറിയാത്ത ഭാഷയില്‍
എന്തോ
പറഞ്ഞു കാണണം.
‘തൊട്ടുകൂടാത്തവര്‍'
എന്നാണതിനര്‍ത്ഥം
എന്ന്
നിന്റെ ഒച്ച ഞങ്ങളെ
ഓര്‍മിപ്പിച്ചു..
എത്ര എളുപ്പത്തിലാണ്
ഞങ്ങളുടെ പേരിലുള്ള
കുറ്റപത്രത്തില്‍
നീ
ഒപ്പിട്ടത്
മരിച്ചവരുമായുള്ള ആത്മഭാഷണങ്ങള്‍
പൂമ്പാറ്റയും മീനും പക്ഷിയുമായുള്ള ആത്മഭാഷണങ്ങളില്‍
പൂമ്പാറ്റയാകാന്‍ പോകുന്ന
ഒരു പെണ്‍കുട്ടി
പൂമ്പാറ്റയെക്കുറിച്ചുള്ള
എന്തെങ്കിലും
അവളുടെ ഉള്ളില്‍ നിന്ന് ചെത്തിയെടുക്കാന്‍ ആകുമോ
എന്ന്
ചുഴിഞ്ഞ് നോക്കുന്നു
പൂമ്പാറ്റയെക്കുറിച്ചുള്ള
ഓര്‍മ്മയില്‍ അല്ലാതെ അവള്
പൂമ്പാറ്റയാകുന്നേയില്ല
അവളെക്കുറിച്ചുള്ള
മീനുകളുടെ സ്വപ്നത്തില്‍
നിറച്ചും കടലായിരുന്നു
കടലിന്റെ സ്വപ്നം നിറയെ അവളും
മീനുകളും കടലും അവളും
പരസ്പരം കണ്ടതേയില്ല
എങ്കിലും മീനുകളൂംകടലും എന്നത്
ഈ കവിത പോലെ തന്നെ ഒരു വിശ്വാസമാണ്.
മരിച്ചവര്‍ക്കിടയില്‍ നിന്ന്
ഒരു പക്ഷി
അവളെ
മേഘങ്ങളിലേക്ക് കിടത്തുന്നു
അതിന്റെ ചിറകുകള്
അതിന്റെ ഉടലില്‍ നിന്ന്
വേര്‍പെടാതെ തന്നെ പറക്കുന്നു.
മരിച്ചവര്‍ക്കിടയില്‍ നിന്ന് ഞാനും
വേര്‍പെടാതെ നില് ക്കുന്നു
മീനുകളും കടലും പക്ഷിയും അവളും
വേര്‍പെടാതെ നില്ക്കുന്ന
കവിത പോലെ
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening