ജെ.എന്‍.യുവിന്റെ മാംസം
ചിതറിക്കുന്ന കേന്ദ്രം
ജെ.എന്‍.യുവിന്റെ മാംസം ചിതറിക്കുന്ന കേന്ദ്രം
ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പത് ദിവസത്തെ ഒരു നവരാത്രി നോമ്പുണ്ട് ഉത്തരേന്ത്യയില്‍. അതൊന്നും ഒരു വിഷയമായിരുന്നില്ല മുന്‍കാലങ്ങളില്‍, എത്രയോ പതിറ്റാണ്ടുകളായിട്ട്. നോമ്പ് നോക്കേണ്ടവര്‍ നോമ്പ് നോക്കും, നോക്കണ്ടാത്തവര്‍ നോക്കാതിരിക്കും. ഈ വര്‍ഷം ആദ്യമായി ഡല്‍ഹിയില്‍ ഒരു പ്രവണത ആരംഭിച്ചു. ഈ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റിലും മാംസം വില്‍ക്കാന്‍ പാടില്ല. ഇത് ജെ.എൻ.യുവിനെ ടാർഗറ്റ് ചെയ്യാൻ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാർ- ജെ.എൻ.യുവിലെ മുൻ വിദ്യാർഥിയും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എഴുതുന്നു
11 Apr 2022, 02:34 PM
ജെ.എന്‍.യുവിനെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. അത് ഇന്ന് തുടങ്ങിയതല്ല. ഇടതുപക്ഷ പുരോഗമന മതനിരപേക്ഷ ആശയത്തിന്റെ ഒരു പ്രഭവകേന്ദ്രമാണ് ജെ.എന്‍.യു. എന്നതാണ് അതിന് കാരണം. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളും വിഭാഗങ്ങളും പുതിയ ആശയങ്ങള്‍ക്കുവേണ്ടിയും മതനിരപേക്ഷ ദൃഢീകരണത്തിനുവേണ്ടിയും എപ്പോഴും ഉറ്റുനോക്കുന്നത് ജെ.എന്‍.യു. പോലെയുള്ള കാമ്പസുകളെയാണ്. അതുകൊണ്ട് അത്തരം കാമ്പസുകളെ തകര്‍ക്കുക എന്നത് ആര്‍.എസ്.എസിന്റെ ആവശ്യമാണ്. പണ്ട് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ പയറ്റിയ ഒരു സംഭവമാണ്. ഇങ്ങനെയുള്ള ആശയങ്ങളുടെ പ്രഭവകേന്ദ്രങ്ങളെയാണ് ടാര്‍ഗറ്റ് ചെയ്യുക.
മോദി അധികാരത്തില്‍ വന്നശേഷം സിസ്റ്റമാറ്റിക്കായിട്ടാണ് ജെ.എന്‍.യുയെ ടാര്‍ണിഷ് ചെയ്യുകയും ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യുന്നത്. അതിനൊരു രീതിയുണ്ട്. പുറമെ നിന്നുള്ള ആര്‍.എസ്.എസിന്റെയും എ.ബി.വി.പി.യുടെയും അതുപോലെ ആര്‍.എസ്.എസിന്റെ തന്നെ ബുദ്ധിജീവികളെയും സംയുക്തമായി അണിനിരത്തിക്കൊണ്ടുള്ള മള്‍ട്ടി പ്രോംഗ്ഡ് അറ്റാക്കാണ്. ഒന്ന് അക്കാദമിക് തലത്തില്‍ തന്നെ ഇന്‍ഫില്‍ട്രേറ്റ് ചെയ്യുക. രണ്ട്, അവിടെയുള്ള വിദ്യാര്‍ഥികളെ എ.ബി.വി.പി.യുടെ പേരില്‍ സംഘടിപ്പിച്ച് അവരെ പ്രകോപിപ്പിച്ച് അവരെ ഉപയോഗിക്കുക. മൂന്ന്, വിവിധ പൊലീസ് ഏജന്‍സികളെ ഉപയോഗിച്ച് ദേശദ്രോഹം പോലെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി അവരെ ടാര്‍ഗറ്റ് ചെയ്യുക. ഇതാണ് ഇവരുടെ ഒരു രീതി.

ജെ.എൻ.യു എന്ന പോരാട്ടവേദി
ഇന്ത്യയിലെ വിവിധ പ്രക്ഷോഭങ്ങള്‍ക്ക് എല്ലാ കാലത്തും ജെ.എന്‍.യു. വേദിയായിട്ടുണ്ട്, അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിനടക്കം. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും ആദ്യകാലത്തെ പ്രക്ഷോഭങ്ങളെല്ലാം കോണ്‍ഗ്രസിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് അവിടെ വലിയൊരു പ്രക്ഷോഭ പരമ്പര തന്നെയാണ് അരങ്ങേറിയത്. ആര് ഭരിക്കുന്നു, ഏത് പാര്‍ട്ടി എന്നൊന്നും നോക്കാതെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയുമുള്ള പോരാട്ടങ്ങളുടെ മുഖ്യവേദിയാണ് ജെ.എന്‍.യു. കാമ്പസ്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യം അവിടെയുണ്ട്. ഇന്ത്യയിലെ ഡിപ്രിവിയേഷന്‍ മാര്‍ക്ക് കൊടുക്കുന്ന ഏക സ്ഥാപനമാണ് ജെ.എന്‍.യു. ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക വെയിറ്റേജ് കൊടുക്കുന്നു. സ്ത്രീകള്‍ക്ക് വെയിറ്റേജ് കൊടുക്കുന്നു. ദുര്‍ബലരെന്ന് കരുന്ന വിഭാഗക്കാര്‍ക്ക് കൂടി അവിടത്തെ മുഖ്യധാരയിലേക്ക് വരാന്‍, അവരെ വിദ്യാര്‍ഥികളാക്കാന്‍, വെയിറ്റേജ് മാര്‍ക്കിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു സര്‍വകലാശാലയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ അവിടെ അലയടിക്കും. പക്ഷെ ഏകമാനമായ ചര്‍ച്ചകള്‍ മാത്രമെ പാടുള്ളൂ എന്നുള്ളതാണ് ഇപ്പോള്‍ ആര്‍.എസ്.എസ്. അനുശാസിക്കുന്നത്.
ഇപ്പോള്‍ ജെ.എന്‍.യു. വി.സി. നടത്തിയത് വളരെ പ്രകോപനപരമായ ഒരു പ്രസ്താവനയാണ്. പല ജെ.എന്‍.യു. പ്രൊഫസര്‍മാര്‍ക്കും റഷ്യന്‍ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന രീതിയിലാണത്. എത്ര വികലമായ, പ്രതിലോമകരമായ പ്രസ്താവനകളാണ് ഇവര്‍ അധികാരത്തിന്റെ തലത്തില്‍ നിന്നും മറ്റു തലത്തില്‍ നിന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു പതിവുണ്ട്. ഞാന്‍ അവിടെ ആറുവര്‍ഷം വിദ്യാര്‍ഥിയായിരുന്നതുകൊണ്ട് പറയുകയാണ്. നമ്മള്‍ ഒരുപക്ഷെ ചിന്തിക്കാത്ത ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ഒരു ചെറിയ രാഷ്ട്രീയ മുഹൂര്‍ത്തത്തെ പോലും അവിടെ വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്ക് വിധേയരാക്കാറുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യം അല്ലെങ്കില്‍ നയതന്ത്ര ബന്ധം എങ്ങനെയാണ്, വിദേശനയത്തിന് വിരുദ്ധമാണോ അത്, ഇതൊക്കെ ആരെങ്കിലും നോക്കാറുണ്ടോ? ഓരോരുത്തര്‍ക്ക് ഓരോ അഭിപ്രായമുണ്ട്. ആഫ്രിക്കയില്‍ നടക്കുന്ന ഒരു സംഭവത്തെക്കുറിച്ചോ ലാറ്റിനമേരിക്കയില്‍ നടക്കുന്ന സംഭവത്തെക്കുറിച്ചോ, അല്ലെങ്കില്‍ ഇറാനിലെ ഇസ്‌ലാം വിപ്ലവത്തെക്കുറിച്ചോ ഒക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ ചര്‍ച്ചയില്‍ പല ആശയങ്ങളും വരും. ഇന്ത്യയിലെ ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ജമ്മു കശ്മീരിലെ പ്രശ്‌നം. അത് ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായും കേന്ദ്ര ഏജന്‍സികളുടെ അമിതമായ അധികാരപ്രകടനങ്ങളെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യും. പ്രത്യേക ടണലിലൂടെ കടത്തിവിടുമ്പോള്‍ അതിനെ ദേശദ്രോഹപരമായി കണ്ടാൽ പിന്നെ വലിയ പ്രശ്‌നമായി. അപ്പോള്‍ നമുക്ക് ഒന്നും ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ വരും.

ടാർഗറ്റ് ജെ.എൻ.യു മാത്രമല്ല
ഇന്ത്യയില്‍ ഒരു സ്ഥലത്തും ഇതുപോലെ സര്‍ഗാത്മകമായ ചര്‍ച്ചകള്‍ നടക്കരുത് എന്ന മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയുള്ള ഒരു ഭൂമികയായിട്ടാണ് ജെ.എന്‍.യു.വിനെ ഇപ്പോള്‍ ആര്‍.എസ്.എസ്. മാറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണിത്. അത് കേവലം ജെ.എന്‍.യു.നെ മാത്രമല്ല ടാര്‍ഗറ്റ് ചെയ്യുന്നത്. ‘സാമൂഹ്യശാസ്ത്രസംബന്ധമായ, അല്ലെങ്കില്‍ രാഷ്ട്രീയ സംബന്ധമായ ഒരു സംവാദവും ഇന്ത്യയില്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ് എന്ന രീതിയിലേക്ക് ഇന്ത്യ മാറണം. അതിന് വിരുദ്ധമായ ഏതും ദേശവിരുദ്ധമാണെന്ന’ സങ്കല്‍പമാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് കാരണം.
ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പത് ദിവസത്തെ ഒരു നവരാത്രി നോമ്പുണ്ട് ഉത്തരേന്ത്യയില്‍. അതൊന്നും ഒരു വിഷയമായിരുന്നില്ല മുന്‍കാലങ്ങളില്‍, എത്രയോ പതിറ്റാണ്ടുകളായിട്ട്. അതായത് നോമ്പ് നോക്കേണ്ടവര്‍ നോമ്പ് നോക്കും, നോക്കണ്ടാത്തവര്‍ നോക്കാതിരിക്കും. ഈ വര്‍ഷം ആദ്യമായി ഡല്‍ഹിയില്‍ ഒരു പ്രവണത ആരംഭിച്ചു. ഈ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റിലും മാംസം വില്‍ക്കാന്‍ പാടില്ല എന്നാതണത്. വിദേശ രാഷ്ട്രപ്രതിനിധികള്‍ പോലും തിങ്ങിപ്പാര്‍ക്കുന്ന സൗത്ത് ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ പോലും ഭീകരാവസ്ഥ സൃഷ്ടിച്ച്, ഒദ്യോഗികമായ ഒരു ഉത്തരവും പുറപ്പെടുവിക്കാതെയാണ് ഇത് നടപ്പാക്കുന്നത്. സൗത്ത് ഡല്‍ഹി മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ സന്ദേശം വന്നോടെ പാവപ്പെട്ട മാംസക്കച്ചവടക്കാര്‍ ജീവിതമാര്‍ഗം അവസാനിക്കുമെന്ന് തിരിച്ചറിഞ്ഞ് ഷട്ടര്‍ വലിച്ചിട്ടു. ഇന്ത്യ പോലെ ബഹുസ്വരതയുള്ള ഒരു രാജ്യത്ത് ഞാന്‍ എന്ത് കഴിക്കണമെന്ന് തലസ്ഥാന നഗരിയില്‍ പോലും തീരുമാനിക്കുകയാണ്.
ഇന്ത്യയുടെ ഒരു പരിച്ഛേദമായ സര്‍വകലാശാല മെസ്സില്‍ മാംസാഹാരം കൊടുത്തു എന്നതിന്റെ പേരില്‍ ആക്രമണം നടത്തുകയാണ്. നമുക്കിഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് ധരിക്കാം, ഇഷ്ടമുള്ള ഭാഷ സംസാരിക്കാം... ഇതൊക്കെയാണല്ലോ ഭരണഘടന പ്രദാനം ചെയ്യുന്ന ഇന്ത്യ. ഭരണഘടയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്ന രീതിയിലുള്ള ഒരു ആക്രമണമാണിത്. ജെ.എന്‍.യു. ആക്രമണത്തിന് നേരത്തെ സൂചിപ്പിച്ചതുപോലെ പലതരം അനുരണനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജെ.എന്‍.യു. ടെററൈസ് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയിലെ ഏത് കാമ്പസിനെയും ലക്ഷ്യമിടാന്‍ പറ്റും. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. അതായത് അവിടെ അടിച്ച് അതിന്റെ പത്തി തകര്‍ത്തുകഴിഞ്ഞാല്‍ ഇന്ത്യയിലെ ഒരു കാമ്പസിലും ഇത്തരം ചര്‍ച്ചകള്‍ നടത്താനുള്ള തന്റേടമോ ധൈര്യമോ ഒരു വിദ്യാര്‍ഥി സമൂഹത്തിനും ഉണ്ടാകില്ല. ഓരോ വിഷയവും അവര്‍ എടുക്കുന്നത്, ജെ..എന്‍.യു. എന്ന കാമ്പസിനെ ലക്ഷ്യം വച്ചു മാത്രമല്ല, എല്ലാ കാമ്പസുകളെയും ടാര്‍ഗറ്റ് ചെയ്യാന്‍ വേണ്ടിയാണ്.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാം
കഴിഞ്ഞ ദിവസം യു.ജി.സി. ഏകപക്ഷീയമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാം പരിപാടി ആരംഭിച്ചു. ഞാന്‍ അത് പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇങ്ങനെയുള്ള മത്സരപരീക്ഷകള്‍ വരുമ്പോള്‍ എന്തോ വിപ്ലവകരമായ മാറ്റങ്ങളാണെന്ന് നമ്മളെല്ലാം ചിന്തിക്കും. പക്ഷെ അതെന്താണെന്നുള്ള കാര്യം നമ്മള്‍ പഠിച്ചില്ല. ഞാനത് പാര്‍ലമെന്റില്‍ സീറോ അവറില്‍ ഉന്നയിച്ചു. പക്ഷെ എന്നെ പൂര്‍ണമായി സംസാരിക്കാന്‍ ചെയര്‍ സമ്മതിച്ചില്ല. സ്‌കൂള്‍ വിദ്യാഭ്യാസം പോലെയല്ല കേന്ദ്ര സര്‍വകലാശാലാ വിദ്യാഭ്യാസം. അവിടെ ഒരു പൗരന്‍ എന്ന പ്രവര്‍ത്തനം കൂടിയുണ്ട്. ഉത്തരവാദിത്തമുള്ള പൗരരായിട്ടാണ് നമ്മള്‍ അവിടെ പോകുന്നത്. അപ്പോള്‍ എന്റെ ചോയ്‌സാണ് ഞാന്‍ ഏത് സര്‍വകലാശാലയില്‍ ചേരണമെന്നത്.
40-45 സര്‍വകലാശാലകളെ ഒരുമിച്ച് കൂട്ടിക്കെട്ടി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ‘നീ ഈ സര്‍വകലാശാലയിലേക്ക് പോകണം’ എന്നൊരു വിദ്യാര്‍ഥിയോട് പറയുമ്പോള്‍, വിദ്യാര്‍ഥി എന്ന നിലയില്‍ അവർ ആഗ്രഹിക്കുന്ന ഒരു ഇടത്തെ അവിടെ നിഷേധിക്കുകയാണ്.
രണ്ടാമത്തെ കാര്യം, ദുര്‍ബല മേഖലകളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭീമമായ സംഖ്യ കോച്ചിങ്ങിന് കൊടുത്ത്, യോഗ്യതാ പരീക്ഷക്ക് തയ്യാറെടുക്കാന്‍ പറ്റില്ല. രാവും പകലും പണിയെടുത്തും പട്ടിണി കിടന്നും പഠിച്ചാണ് അവര്‍ ജയിക്കുന്നത്. ആ മാര്‍ക്കിന് ഒരു വെയിറ്റേജുമില്ല എന്നുപറഞ്ഞിട്ട്, നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കോച്ചിങ് സെന്ററുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ മാര്‍ക്ക് മാത്രം നോക്കിയിട്ടുള്ള പരിപാടിയാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്.
തമിഴ്‌നാട്ടിലൊക്കെ മെഡിക്കല്‍ നീറ്റ് പരീക്ഷയുടെ പേരില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്തിനാണ്? സ്റ്റെയ്ക്ഹോള്‍ഡര്‍മാരുമായി ഒരു ചര്‍ച്ചയും നടത്താതെ യു.ജി.സി. ചെയര്‍മാന്‍ കൊണ്ടുവന്ന പരിഷ്‌കാരമാണിത്. യു.ജി.സി. ചെയര്‍മാൻ ജഗദീഷ് കുമാര്‍ ജെ.എന്‍.യു. വി.സി.യായിരുന്നു. ജെ.എന്‍.യു.ല്‍ നടത്തിയ ഈ പരീക്ഷണങ്ങള്‍ക്ക് ഫലമുണ്ടാകുന്നുണ്ട് എന്ന തിരിച്ചറിവില്‍ അതിനൊരു പ്രത്യുപകരമായിട്ടാണ് ജഗദീഷ് കുമാറിനെ യു.ജി.സി. ചെയര്‍മാനാക്കുന്നത്. ഈ വിഷയം ഞാന്‍ മാത്രമാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ദുർബല വിഭാഗങ്ങൾക്ക് മുൻതൂക്കം നഷ്ടമാകുന്നു
മൂന്നാമത്തെ കാര്യം, ഓരോ യൂണിവേഴ്‌സിറ്റിക്കും ഓരോ കള്‍ച്ചറുണ്ട് എന്നതാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാമിനെതിരെ ആദ്യം പ്രസ്താവന പുറപ്പെടുവിച്ചത് ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികളാണ്. അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ഇതൊരു എലീറ്റൈസേഷനാണ്. ജെ.എന്‍.യു.ലെ വിദ്യാര്‍ഥികളെന്ന് പറയുമ്പോള്‍, ഡിപ്രിവിയേഷന്‍ പോയിൻറ് ഉണ്ട്. അതായത് ഗ്രാമത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ ഒരു വെയിറ്റേജ് തരും, ദലിത് വിഭാഗത്തിലാണെങ്കിലും സ്ത്രീയാണെങ്കിലും വെയിറ്റേജ് തരും. ഈ ഡിപ്രിവിയേഷന്‍ മാര്‍ക്ക് എപ്പോഴും വലിയ മാര്‍ക്കുള്ള നഗരത്തില്‍ നിന്ന് വരുന്നവരോട് മത്സരിക്കാന്‍ ഇവരെ സഹായിക്കും. അതുകൊണ്ടാണ് ജെ.എന്‍.യു.ല്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുന്നത്. യോഗ്യതാ പരീക്ഷ വരുമ്പോള്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളൊക്കെ അസ്തമിക്കും. ഇതൊക്കെ അവസാനിച്ച് ഇവര്‍ക്ക് ഏകമാനമായ വിദ്യാഭ്യാസ സംസ്‌കാരം അടിച്ചേല്‍പ്പിക്കാം. ഇതെല്ലാം കൂടി ഒരുമിച്ചുവേണം നമ്മള്‍ കാണാന്‍. തലസ്ഥാന നഗരിയില്‍, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാമ്പസില്‍ ഇതാണ് നടപ്പാക്കുന്നതെങ്കില്‍ ബാക്കിയുള്ള ഇടങ്ങള്‍ക്കും കാമ്പസുകള്‍ക്കും എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്?
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
പ്രമോദ് പുഴങ്കര
Apr 30, 2022
9 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഖദീജ മുംതാസ്
Mar 15, 2022
15 minutes read