യാസ് ചുഴലിക്കാറ്റ് പ്രതികൂലമായേക്കാം, ജാഗ്രത വേണം

മാർച്ച് മുതൽ ജൂൺ വരെ കേരളത്തിൽ ലഭിക്കേണ്ടതിനേക്കാൾ ഏകദേശം 130 % മഴ ഇതിനകം കൂടുതൽ കിട്ടിയ സാഹചര്യത്തിൽ മൺസൂണിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാൽ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം.

Truecopy Webzine

കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജൻസികളും ഈ മൺസൂൺ കാലത്തും കൂടുതൽ മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ 2018, 2019, 2020 വർഷങ്ങളിൽ കേരളത്തിൽ കൂടുതൽ മൺസൂൺ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നിൽ കാണേണ്ടതാണെന്ന് മുന്നറിയിപ്പ്. 2021 ലെ മൺസൂൺ ആരംഭിക്കുന്നതിനുമുൻപുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മൺസൂണിന്റെ തുടക്കത്തിൽ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത- -പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ.എസ്. അഭിലാഷ് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പുനൽകുന്നു.

മാർച്ച് മുതൽ ജൂൺ വരെ കേരളത്തിൽ ലഭിക്കേണ്ടതിനേക്കാൾ ഏകദേശം 130 % മഴ ഇതിനകം കൂടുതൽ കിട്ടിയ സാഹചര്യത്തിൽ മൺസൂണിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാൽ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം.

രണ്ടു പതിറ്റാണ്ടായി മഴയുടെ അളവും പെയ്​ത്തുരീതിയും പതിവിൽനിന്ന് വിപരീതമാണ്. കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ കണക്ക് പരിശോധിച്ചാൽ, പകുതിയിലധികം വർഷങ്ങളിലും മൺസൂൺ മഴയിൽ ശരാശരിയിൽ നിന്ന് 20 ശതമാനത്തിലധികം വ്യതിയാനം ഉണ്ടായതായി കാണാം. മൺസൂൺ കൂടുതൽ അസ്ഥിരമാകുകയാണ്. 2013, 2018 വർഷങ്ങളിൽ ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ അധികം മഴ ലഭിച്ചപ്പോൾ 2012 , 2015 , 2016 വർഷങ്ങളിൽ ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ കുറവു മഴയാണ് ലഭിച്ചത്. ഒരു ദശകത്തിൽ അതിവർഷമോ അനാവൃഷ്ടി വർഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തിൽ അധികമാണെന്ന് കാണാനാകും.
ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപം കൊള്ളാൻ അന്തരീക്ഷ താപവർധനവ് സഹായകരമാവും. ടൊർണാഡോ പോലുള്ള ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണ കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ ഈ കാലവർഷക്കാലത്ത് മിന്നൽ ചുഴലികളും വാട്ടർ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്.

കൃഷിയും മത്സ്യബന്ധനവും ഉപജീവന മാർഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കും / Photo:pixabay

അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തരേന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ ഇതിനെ പ്രതിരോധിക്കുവാൻ ഭരണ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടൽ അത്യാവശ്യമാണ്- ഡോ. എസ്. അഭിലാഷ് എഴുതുന്നു.

വെബ്‌സീൻ പാക്കറ്റ് 26ൽ വായിക്കാം, കേൾക്കാം

Comments