ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല

ഡൽഹി കലാപക്കേസിൽ ഗൂഢാലോചനക്കുറ്റമാരോപിച്ച് അറസ്റ്റുചെയ്ത ജെ.എൻ.യു വിദ്യാർഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് തൻഹ എന്നിവർക്ക് ജാമ്യം നൽകി ഡൽഹി ഹൈകോടതി കോടതി പറഞ്ഞ കാര്യങ്ങളെ ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ വെളിച്ചത്തിലാണ് നാം കാണേണ്ടത്. അഭിപ്രായവ്യത്യാസത്തെയും പ്രതിഷേധത്തേയും രാജ്യദ്രോഹമായി കാണാൻ തുടങ്ങിയാൽ ജനാധിപത്യം അപകടത്തിലാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്തകാലത്ത് രാജ്യതലസ്ഥാനം കേട്ട വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണിത്.

ജൂൺ 15ന് ഡൽഹി ഹൈക്കോടതി മൂന്നു ചെറുപ്പക്കാർക്ക് ജാമ്യം നൽകി നടത്തിയ പ്രസ്താവനയെക്കുറിച്ചാണ് ഈ കുറിപ്പ്. ദേശസ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപം വിയോജിപ്പിലാണ് എന്ന് ചരിത്രകാരനും മനുഷ്യാവകാശപ്രവർത്തകനും ലിബറൽ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന ഹൊവാർഡ് സിൻ പറഞ്ഞിട്ടുണ്ട്. ബോസ്റ്റൺ സർവകലാശാലയിലെ രാഷ്ട്രമീമാംസ പ്രൊഫസ്സറായിരുന്ന അദ്ദേഹം 2010ൽ, 87ാം വയസ്സിൽ, നീന്തിക്കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം വന്നാണ് മരിച്ചത്. ആ പ്രായത്തിൽ ഒരു മൽസ്യത്തെപ്പോലെ നീന്തുന്ന പ്രൊഫസറുടെ സ്വാത്രന്ത്യബോധം ആലോചിക്കുമ്പോൾ ആകർഷണീയം തന്നെ.

ഹൊവാർഡ് സിൻ

സിൻ സ്വയം വിശേഷിപ്പിച്ചിരുന്നത് ഒരു അരാജകവാദിയായിട്ടായിരുന്നു. അരാജകവാദം എന്നു കേട്ടാലുടനേ ഏതോ കുരുത്തംകെട്ടവരുടെ ഏർപ്പാട് എന്ന് ചിന്തിച്ചുപോകുന്ന ഒരു പൊതുനടപ്പുണ്ട്. നമുക്കറിയാം, ഗാന്ധിയും സ്വയം വിശേഷിപ്പിച്ചിരുന്നത് അരാജകവാദിയായിട്ടായിരുന്നു എന്ന്. സ്വയംനിർണയാവകാശമുള്ള വ്യക്തിയുടെ വ്യവസ്ഥയാണ് പ്രകാശപൂർണമായ അരാജകവാദം എന്നദ്ദേഹം കരുതിയിരുന്നു. അതവിടെ നിൽക്കട്ടേ, തൽക്കാലം.

ഓടുന്ന തീവണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല എന്നതാണ് ഹോവാർഡ് സിന്നിന്റെ ആത്മകഥ. ചിന്തകനെ കുറിച്ച് 2004 ലിറങ്ങിയ ഡോക്യുമെന്ററിയ്ക്കും ഇതേ പേരായിരുന്നു.

നല്ല മനുഷ്യർ ജയിലിലും നല്ലവരല്ലാത്തവർ ജയിലിനുപുറത്തും നല്ല മനുഷ്യർ അധികാരത്തിനുപുറത്തും നല്ലവരല്ലാത്തവർ അധികാരത്തിലും എന്നതാണ് ലോകഗതി എന്ന് 1970 കളിൽ അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം You can't be neutral on a moving train എന്ന ഡോക്യുമെന്ററി ഞാൻ കാണുകയായിരുന്നു. ഒരു മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമുള്ള സിനിമ.

ഒരിക്കൽ കൂടി അതുകാണാനുണ്ടായ കാരണം, കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി മൂന്ന് യുവാക്കൾക്ക് ജാമ്യം നൽകിക്കൊണ്ട് പറഞ്ഞ പ്രസ്താവനയാണ്.
അഭിപ്രായവ്യത്യാസത്തെയും പ്രതിഷേധത്തേയും രാജ്യദ്രോഹമായി കാണാൻ തുടങ്ങിയാൽ ജനാധിപത്യം അപകടത്തിലാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്തകാലത്ത് രാജ്യതലസ്ഥാനം കേട്ട വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണിത്.

ബി.ബി.സി നിർമിച്ച The ascent of a man എന്ന പ്രശസ്തമായ സീരിസ് ഉണ്ട്. ജേക്കബ് ബ്രോണോവ്‌സ്‌കി എഴുതിയത് പുസ്തകരൂപത്തിലും വന്നിട്ടുണ്ട്. അതിൽ dissent ആണ്, അഭിപ്രായവ്യത്യാസമാണ് ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നദ്ദേഹം പറയുന്നുണ്ട്. വിയോജിപ്പ് ഒരു ശാസ്ത്രജ്ഞന്റെ സ്വാഭാവികചര്യയാണെന്ന് പറയുന്നു. ആ സാധ്യത ഇല്ലാതായാൽ അദ്ദേഹം ശാസ്ത്രജ്ഞൻ അല്ലാതാകുന്നു. ഇതുപറഞ്ഞിട്ട് അദ്ദേഹം കൂട്ടിച്ചേർക്കുന്നു; വിയോജിപ്പിനുള്ള അവസരമില്ലെങ്കിൽ ഒരാൾ മനുഷ്യനല്ലാതായിത്തീരുന്നു എന്ന്.

ജേക്കബ് ബ്രോണോവ്‌സ്‌കി പറയുന്ന ഇക്കാര്യം ലോകസമൂഹത്തിലും നമ്മുടെയൊക്കെ കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും നാം ഒരു വസ്തുതയായിക്കാണുന്നതാണ്. പഴയ സോവിയറ്റ് യൂണിയനിൽ ഇക്കാര്യങ്ങൾ നാം വേണ്ടുവോളം കണ്ടതാണ്. അതുകൊണ്ടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കാർട്ടൂണിസ്റ്റും ആയിരുന്ന ഒ.വി. വിജയൻ പറഞ്ഞത്, ഈ രാജ്യത്തെ ജനാധിപത്യപ്രക്രിയയിൽ നിരന്തരം പങ്കെടുക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾ എന്തിനാണ് വെറുതേ ഈ സോവിയറ്റ് ചുമട് ചുമക്കുന്നതെന്ന്. ഡൽഹി ഹൈക്കോടതി പറഞ്ഞ വാചകങ്ങൾ നമ്മുടെ ജനാധിപത്യത്തിന് ചാർത്തിയ ആർജ്ജവം മനോഹരം തന്നെയാണ്.

നമ്മുടെ രാഷ്ട്രപിതാവിന്റെ പ്രധാന സമരായുധം, സത്യത്തിന്റെ അവിഭാജ്യഘടകമായ വിയോജിപ്പായിരുന്നു എന്നത് നമുക്കറിയാം. പണ്ഡിറ്റ് നെഹ്‌റുവിനോട് അദ്ദേഹം പറഞ്ഞത് വെറുതേ തന്റെ അനുയായി ആകുന്നതിലും ഗാന്ധിക്കിഷ്ടം നെഹ്‌റുവിന്റെ സത്യസന്ധമായ വിയോജിപ്പുകളോടാണ് എന്നാണ്.

നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് തൻഹാ എന്നിവർക്ക് ജാമ്യം നൽകി കോടതി പറഞ്ഞ കാര്യങ്ങളെ ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ വെളിച്ചത്തിലാണ് നാം കാണേണ്ടത്. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കുന്നതിന്റെ വിഷമം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യം എന്ന മഹാഭാഗ്യം എന്നും അനുഭവിച്ചുപോകുന്നവർക്ക് മനസ്സിലാവില്ല. എന്റെ കാര്യം തന്നെ ഞാൻ പറയാം. ഒരപരന്റെ വിഷമത്തോട് ജനാധിപത്യപരമായി ഞാൻ പുലർത്തുന്ന വെറും അനുതാപം മാത്രമല്ലേ എന്റെ ഈ കുറിപ്പും.

സാർത്രെ ജീവിതത്തിന്റെ അവസാനകാലത്ത് ആത്മകഥയിൽ ധൈഷണിക പ്രവൃത്തികൾ രാഷ്ട്രീയ പ്രവർത്തനത്തെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞ ഒന്നാണെന്ന് പറഞ്ഞിരുന്നു. 1988 ൽ നൽകിയ ഒരഭിമുഖത്തിൽ നോം ചോംസ്‌കി എന്താണ് honest dissent, സത്യസന്ധമായ വിയോജിപ്പ് എന്നുപറയുന്നുണ്ട്. അത് നിർഭയമായ ഒരു പ്രവൃത്തിയാണ്, അദ്ദേഹം പറഞ്ഞു. വിയോജിക്കാൻ തുടങ്ങുമ്പോൾ വിയോജിക്കുന്നയാളിൽ ഭയമുണ്ടാക്കുന്ന മനുഷ്യാവസ്ഥ ജനാധിപത്യവിരുദ്ധമാണ്. ചോംസ്‌കി ഇക്കാര്യത്തിൽ പറയുന്നത് നമ്മുടെ മുന്നിൽ രണ്ടു സാദ്ധ്യതകളേയുള്ളൂ എന്നാണ്. ഒന്ന്, നിങ്ങൾക്ക് അനിഷ്ടമുള്ള കാര്യങ്ങൾ തുറന്നുപറയുക. രണ്ട്, അത്തരം സമീപനത്തെ നിരസിച്ച് സ്റ്റാലിനിസത്തെയും ഫാസിസത്തെയും പിന്തുണയ്ക്കുക.

നാം ജീവിക്കുന്ന ഡിജിറ്റൽ കാലത്തിൽ ഒരു ചതിക്കുഴിയുണ്ട്. വിയോജിക്കാൻ ഈ കാലം വ്യക്തിക്കു നൽകുന്ന അവസരങ്ങൾ അനന്തമാണ് എന്ന ഒരു മിഥ്യാധാരണ നമ്മിലുണ്ടാകുന്നു. എന്നാൽ അലനും താഹയും ജയിലിൽ പോയ സാഹചര്യം മലയാളികൾക്കറിയാമല്ലോ. തീക്ഷ്ണമായ നിസ്സഹായാവസ്ഥയിലേക്ക് വ്യക്തിയെ തള്ളിവിടാൻ പ്രാപ്തമായ ചതിവലകളും വാരിക്കുഴികളും നാം അനുഭവിക്കുന്നു എന്ന് ധരിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തിനു ചുറ്റുമുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ് മാതൃകാപരമായ ഒരു moral നിലയിൽ സ്വയം നിന്നുകൊണ്ട് ഡൽഹി ഹൈക്കോടതി സംസാരിച്ചത്.
കേന്ദ്രസർക്കാരിനെതിരെ പറഞ്ഞ വാചകമെന്നു കരുതി രാഷ്ട്രീയമായി കയ്യടിക്കുന്നവരെല്ലാം തന്നെ കണ്ണാടിയിൽ നോക്കി സ്വയം ചോദിക്കേണ്ടതുണ്ട്, നമ്മുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യുന്ന വിയോജിപ്പുകളോട് തികഞ്ഞ ജനാധിപത്യമര്യാദയോടെ പെരുമാറുന്നവരാണോ നമ്മൾ ഓരോരുത്തരും എന്ന്.

ജസ്റ്റിസ് രാജേന്ദ്രനാഥ് അഗർവാൾ

കഴിഞ്ഞയാഴ്ച അന്തരിച്ച ജസ്റ്റിസ് രാജേന്ദ്രനാഥ് അഗർവാളിനെ കുറിച്ച് റിട്ട. സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത എഴുതിയ ഒരു ആദരാഞ്ജലി ഞാൻ വായിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രസർക്കാരിനെതിരെ നിന്ന ജസ്റ്റിസ് രാജേന്ദ്രനാഥ് അഗർവാളിന് നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ച്. അതിനുശേഷം അധികാരത്തിൽ വന്ന മൊറാർജി ദേശായി പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിന്റെ ഭാഗമായി ഒരു നിബന്ധന കൊണ്ടുവന്നു. മദ്യപിക്കില്ല എന്ന് സത്യവാങ്മൂലം നൽകിയേ പദവി സ്വീകരിക്കാവൂ എന്ന്. ജസ്റ്റിസ് രാജേന്ദ്രനാഥ് അഗർവാൾ പറഞ്ഞത്രേ, ഒരു നുണ പറഞ്ഞുകൊണ്ട് അധികാരമേറ്റെടുക്കാൻ താൻ തയ്യാറല്ല എന്ന്.
ഇതൊക്കെ നൽകുന്ന സാമൂഹ്യപാഠങ്ങൾ പ്രധാനമാണ്.

ഞാൻ ഹൊവാർഡ് സിന്നിലേക്ക് ഒരിക്കൽ കൂടി മടങ്ങുകയാണ്. അദ്ദേഹം പറഞ്ഞു, ന്യൂട്രൽ ആവുക സാധ്യമല്ല എന്ന്. ന്യൂട്രൽ ആവുക എന്നതിനർത്ഥം നടക്കുന്ന തെറ്റുകളുടെ സഹചാരിയാവുക എന്നാണ്.
വിയോജിപ്പിന്റെ മനോഹാരിതയെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ നിത്യഹരിതമായി നിൽക്കുന്നയാൾ ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസ്സാണ്. അദ്ദേഹം ജീവിച്ചിരുന്ന കൊറിന്തിൽ പോകാൻ ഭാഗ്യമുണ്ടായ ആളാണ് ഞാൻ. ബി.സി. 336 ൽ കൊറിന്തിൽ ചന്തയിൽ നട്ടുച്ചയ്ക്ക് വഴിയിൽ വെയിൽ കൊണ്ടുകിടന്നിരുന്ന തത്വചിന്തകനെ കാണാൻ അശ്വാരൂഢനായി ദിഗ്വിജയി അലക്‌സാണ്ടർ ചക്രവർത്തി വന്നു. ഞാനായി എന്തെങ്കിലും താങ്കൾക്കുവേണ്ടി ചെയ്യാനുണ്ടോ എന്ന് അലക്‌സാണ്ടർ ചോദിച്ചപ്പോൾ, വെയിൽ മറയ്ക്കാതെ ഒന്ന് മാറിനിന്നാൽ മതി എന്നാണ് ഡയോജനിസ് പറഞ്ഞത്.

നമ്മുടെയൊക്കെ അനുരഞ്ജനത്തിന്റെ സർവ്വസാധാരണ ജീവിതങ്ങളാണ്. കെ. ജി. ശങ്കരപ്പിള്ള ഒരു കവിതയിൽ പറഞ്ഞതുപോലെ ഒത്തുതീർപ്പുകളുടെ പച്ചവിറകിന്മേൽ നമ്മുടെയൊക്കെ ജന്മദീർഘമായ ശവദാഹങ്ങൾ! എന്നാൽ എല്ലാവരും അങ്ങനെയല്ല. സാമൂഹ്യമായ ആലസ്യത്തിൽ നമുക്ക് അഭിരമിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അവർ നാൽക്കവലയിൽ ചക്രവർത്തിയോട് കലഹിയ്ക്കും.

നാമുറങ്ങുന്ന രാത്രികളിൽ അവർ ജയിലിലടയ്ക്കപ്പെടും. അവരുടെ നീതിബോധവും സമൂഹത്തിന്റെ നിർഭയസൂചകങ്ങളായ അനീതിയും മുഖാമുഖം കാണുന്ന ജയിലുകളിൽ. മനുഷ്യചരിത്രത്തിൽ ഉടനീളമുള്ളതാണിത്. നാം ഇതിൽ ആരുടെ കൂടെയാണ് എന്നതാണ് നമ്മുടെ ജീവിതത്തിന്റെ സത്യത്തെ നിർണയിക്കുന്നത്.
നാം ക്രിസ്തുവിനെ ക്രൂശിക്കുന്നവരും ബറാബാസിനെ വെറുതേ വിടുന്നവരുമാകാതിരിക്കട്ടെ.


Comments