8 Apr 2020, 12:20 AM
നോവലിനെപ്പറ്റി എസ്. ഹരീഷ്
ലോകത്തിലെ ഏറ്റവും സജീവമായ സ്ഥലം ചന്തകളാണ്. വെറും ചന്തകളല്ല, മീന്‍ചന്തകള്‍. ഇത്രയും ആര്‍പ്പും ആരവവും ബഹളവും വേറെങ്ങുമില്ല. മീന്‍ചന്തയുടെ ഔദ്യോഗിക ഭാഷ തെറിയാണ്.
അവിടെയെത്തുമ്പോള്‍ അതിലെ അശ്ലീലം അവസാനിക്കുകയും സുന്ദരമായിത്തീരുകയും ചെയ്യുന്നു. ചുമ്മാ പേര് വിളിക്കുന്നതിന് പകരമാകുന്നത് മുതല്‍ വാത്സല്യസംബോധനവരെ തെറികള്‍ നാനാവിധത്തില്‍ അവിടെ വിളയാടുന്നത് കാണാം.
സ്ത്രീകള്‍ ഇത്ര ആത്മവിശ്വാസത്തോടെ സ്വന്തം ജോലി ചെയ്യുന്ന സ്ഥലം വേറെ ഏതാണുള്ളത്? പട്ടികളും പൂച്ചകളും കാക്കകളും ഇത്ര ആനന്ദത്തോടെ ചുറ്റിത്തിരിയുന്ന സ്ഥലം വേറെ കാണുമോ? സെന്‍സെക്സിനേക്കാള്‍ മനോഹരമായി വില കയറിയിറങ്ങുന്ന ലേലം വിളികളും നല്ല മീന്‍ കാണുമ്പോള്‍ കൈവിറ വരുന്ന ആളുകളേയും കാണേണ്ടതുതന്നെയാണ്.
എനിക്ക് ലോകത്തിലേറ്റവും ഇഷ്ടപ്പെട്ട സ്ഥലം അതാണ്. എവിടെപ്പോയാലും അവിടുത്തെ മീന്‍ മാര്‍ക്കറ്റില്‍ പോകാറുണ്ട്. ഒന്നും വാങ്ങിച്ചില്ലെങ്കിലും കുറച്ചുനേരം നോക്കിനില്‍ക്കുകയും വെറുതേ ചുറ്റിത്തിരിയുകയും ചെയ്യാറുണ്ട്. വേറെന്തുണ്ടെങ്കിലും ഒരു മീന്‍ ചന്തയില്ലാത്ത സ്ഥലം എന്തിന് കൊള്ളാം.
നമ്മളേറ്റവും പരിചയപ്പെടേണ്ട മനുഷ്യര്‍ മീന്‍പിടുത്തക്കാരാണ്. അവരുടെയത്രയും സാഹസികതയും കഥകളും മറ്റാരുടേയും പക്കലില്ല. ഇത്രയും വൈകാരികമായി പ്രതികരിക്കുന്നവരും പാവങ്ങളും മുരടന്മാരും വേറെയില്ല.
അവരുടെ നാക്കില്‍ സരസ്വതിയാണ്. ഉഗ്രനായി സംസാരിക്കും. കടല്‍ കരിഞ്ഞു കിടക്കുമ്പോള്‍ പരിഭവമില്ലാതെ പട്ടിണി കിടക്കും. നല്ല കോള് കിട്ടുമ്പോള്‍ ആഘോഷിക്കും. ചാകര സമയത്ത് ബാറിലിരുന്ന് അഞ്ഞൂറ് രൂപാ ചുരുട്ടി ചെവി തോണ്ടുന്ന വള്ളക്കാരനെ കണ്ടിട്ടുണ്ട്. ലക്ഷം വര്‍ഷം മുന്‍പ് ലോകം മുഴുവന്‍ കാട് നിറഞ്ഞിരുന്നപ്പോള്‍ ആദിമ മനുഷ്യന്റെ ഭൂഖണ്ഡങ്ങളിലേക്കുള്ള കുടിയേറ്റം മണല്‍പ്പരപ്പുള്ള കടല്‍ത്തീരങ്ങളിലൂടെയായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആദിമ തൊഴിലുകളിലൊന്ന് മീന്‍പിടുത്തമാണ്. നദീതട സംസ്‌ക്കാരങ്ങളെക്കാള്‍ പഴക്കമുണ്ട് കടല്‍ത്തീര സംസ്‌ക്കാരങ്ങള്‍ക്ക്. കൃഷിയേക്കാള്‍ മീന്‍ പിടുത്തമാണ് മനുഷ്യനെ രൂപപ്പെടുത്തിയതെന്ന് പറയേണ്ടി വരും.
വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ ആദിമ മനുഷ്യനെത്തിപ്പെട്ടത് മീന്‍ പിടിക്കാനുള്ള സാഹസിക യാത്രകള്‍ക്കിടയിലായിരിക്കും. ഒരു മീന്‍കാരെന്റ നോട്ടത്തിലൂടെ ഭാവിയില്‍ ചരിത്രത്തെ പുനര്‍ വായിക്കേണ്ടിവന്നാലോ?
സാമാന്യം ഭേദപ്പെട്ട മീന്‍ഭ്രാന്തനാണ് ഞാന്‍. പാരമ്പര്യമായിത്തന്നെ മീനില്ലാതെ ചോറിറങ്ങാന്‍ ബുദ്ധിമുട്ടാണ്. കൂട്ടാന്‍ എന്നാല്‍ മീന്‍കൂട്ടാനാണ്. പുളിശ്ശേരിയും എരിശ്ശേരിയും സാമ്പാറുമല്ല. മീന്‍ഭ്രാന്ത് ഒരു നോവലെഴുതി ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അദ്ധ്യായം. വായിക്കുക.
അദ്ധ്യായം ഒന്ന് : കാവല്‍ക്കാരന്‍
കുടംപുളിയിട്ട് വെച്ച മോതക്കറി.
ജയിംസ് ഇടത്തരം വലിപ്പമുള്ള ഒരു സ്റ്റീല്‍ ചരുവത്തിന്റെ വാട്ടിയ വാഴയിലകൊണ്ടുള്ള മൂടി തുറന്നുകൊണ്ട് പറഞ്ഞു. ചുറ്റും ആര്‍പ്പുവിളികളുയര്‍ന്നു.
ഒരാള്‍ ചൂളമടിച്ചു.രണ്ടുപേര്‍ തീര്‍ത്ഥം വാങ്ങിക്കാന്‍ നില്ക്കുന്നവരെപ്പോലെ ഇടതുകൈകൊണ്ട് മുട്ടിന് താങ്ങുകൊടുത്ത് വലതുകൈ നീട്ടി. ഉപ്പും പുളിയും പ്രപഞ്ച സത്യത്തിന് മാത്രമറിയാവുന്ന അനുപാതത്തില്‍ മുളകും മീന്‍ കഷ്ണങ്ങളുമായിച്ചേര്‍ന്ന മണം.
പൂവുകളുടേതോ പഴങ്ങളുടേതോപോലെ അതിന് സുഗന്ധമെന്ന് പറഞ്ഞുകൂടാ. മൂക്കിനേയും നാക്കിനേയും ആഹ്ലാദത്തിലാഴ്ത്തുകയും മനസ്സിനെ എരുവിന്റെ ഓര്‍മ്മകള്‍ കൊണ്ട് തണുപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഗന്ധമില്ല.
മണം എന്ന വാക്കും ആ മണത്തിന് ചേരില്ല. ജയിംസ് സ്പൂണിനറ്റം കറിയില്‍ അല്പം മുക്കി ഓരോ തുള്ളിമാത്രം നീട്ടിയ കൈകളിലേക്ക് മുട്ടിച്ചുകൊടുത്തു. രണ്ടുപേരും വെള്ളമൊഴിക്കാത്ത ചാരായം ഒറ്റ വലിക്ക് കുടിച്ചശേഷം കൈവെള്ളയില്‍ ബഹുമാനത്തോടെ നക്കി.
ഈ കറി അധികം വേണ്ട, ഒരു മാത്രമതി ജീവിതാഹ്ലാദം പകരാന്‍.

ജയിംസിന്റെ അച്ചാച്ചന്‍ വേറൊരു ഭക്ഷണവും ഉണ്ടാക്കാനറിയാത്ത പഴയ തടിവെട്ടുകാരന്‍ ലൂക്കാമാപ്പിള തുണ്ടംമീന്‍ കറിവെക്കുന്നതില്‍ മാത്രം വിദഗ്ദ്ധനാണ്.
അടുക്കളയില്‍ കയറുന്നതേ ഇഷ്ടമില്ലാത്ത അങ്ങേരിതുമാത്രം എങ്ങനെ പഠിച്ചെന്നറിഞ്ഞുകൂടാ. സാധാരണ ദിവസങ്ങളിലൊക്കെ അയാള്‍ മീന്‍ വാങ്ങിച്ചുകൊടുക്കാറേയുള്ളൂ.
പെമ്പിള എങ്ങനെയേലും കറിയാക്കി തിണ്ണയിലെത്തിച്ചോളും. ഒരു കുറ്റവും പറയാതെ അയാളത് ചോറില്‍ കുഴച്ച് കഴിക്കും. നടുക്കഷ്ണം ഒന്നോ രണ്ടോ മാത്രം തിന്നും. ഒരു പരാതിയും ഉപദ്രവോമില്ലാത്ത മനുഷ്യന്‍.
പെമ്പിള മനസ്സില്‍ പറയും. സാധാരണ ആണുങ്ങളെപ്പോലെ ഭാര്യയും അമ്മയുമുണ്ടാക്കുന്ന കറികളെ കുറ്റം പറയേണ്ടതാണെന്ന ധാരണ അയാള്‍ക്കില്ല. ഇന്നത് വേണമെന്നില്ലാത്ത തരം ഒരാള്‍.
എന്നാല്‍ ഈസ്റ്ററിന്റേയും ക്രിസ്തുമസ്സിന്റേയും തലേന്ന് രാവിലെ ചന്തയില്‍ നിന്ന് മുറിച്ചുവാങ്ങുന്ന മീന്‍ കഷ്ണങ്ങളുമായി വന്ന് ലൂക്കാമാപ്പിള നേരെ അടുക്കളേലോട്ട് കേറും. പിന്നെ ആരെങ്കിലും അടുത്തോട്ട് ചെല്ലുന്നതേ അയാള്‍ക്ക് കലിയാണ്.
പെമ്പിള പാതകത്തിന് താഴെ കൃത്യമായി ഉണങ്ങിയ കൊതുമ്പ് എത്തിച്ചില്ലെങ്കില്‍ തെറിയാണ്. ഇനി കൊതുമ്പുമായി ചെല്ലാമെന്ന് വെച്ചാലോ. അതവിടെ വെക്കുന്ന മാത്രയില്‍ തുരത്തുകയും ചെയ്യും.
മീന്‍ കൂട്ടാനൊണ്ടാക്കുവല്ലേ. ഇത്രയ്ക്ക് തുള്ളിച്ചാടാന്‍ ഇയാളെന്താ വല്ല മഹാവാരതോം എഴുതുവാണോ?വല്യ ചങ്ങമ്പൊഴ!
ഇതെന്ത് കോപ്പാണ്. പെമ്പിള കോപത്തോടെ പുറംപണികള്‍ ചെയ്തുകൊണ്ട് പറയും. മീന്‍ കൂട്ടാനൊണ്ടാക്കുവല്ലേ. ഇത്രയ്ക്ക് തുള്ളിച്ചാടാന്‍ ഇയാളെന്താ വല്ല മഹാവാരതോം എഴുതുവാണോ?വല്യ ചങ്ങമ്പൊഴ!
ഉണ്ടാക്കി ആറിച്ച് ഉറിയില്‍ വെക്കുന്ന മീന്‍കറീന്ന് ഒരു കഷ്ണം കൊതിക്ക് പിള്ളേര്‍ക്കുപോലും അന്ന് കൊടുക്കാമെന്ന് വിചാരിക്കേണ്ട.
ചട്ടിയില്‍ ഒരു ദിവസം അനങ്ങാതിരിക്കണമത്രേ. അതിന്റെ അടുത്തുകൂടി പോയാ മതി, മാപ്പിള ഭൂകമ്പം ഉണ്ടാക്കും.
എന്നാല്‍ പിറ്റേന്ന് ഉച്ചയൂണിന് ചട്ടിയോടെ കറി മേശപ്പുറത്തെത്തിച്ചാല്‍ പിന്നെ പുള്ളി വല്യ ഉത്സാഹം കാണിക്കാറില്ല. ഭാര്യയ്ക്കും പിള്ളേര്‍ക്കും ഇഷ്ടംപോലെ തിന്നാം.
കറി നല്ലതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ ഗൗരവമുള്ള മുഖത്തിന്റെ കോണില്‍ ആരുംകാണാതെ ഇച്ചിരി സന്തോഷം വരും. അത്രമാത്രം.
ഈയിടെ ചുളുവിലയ്ക്ക് ഒത്തുകിട്ടിയ പറമ്പില്‍ ഞായറാഴ്ച ഒരു കൂട്ടായ്മയുണ്ടെന്നും ഇത്തിരി മീന്‍കറിയുണ്ടാക്കിത്തരണമെന്നും പറഞ്ഞപ്പോള്‍ പശുവിന് പുളിയരി വേവിച്ചോണ്ടിരുന്ന അച്ചാച്ചന്റെ കണ്ണുകള്‍ വിടര്‍ന്നുവരുന്നത് ജയിംസ് കണ്ടു.
പാവം. ഒരുപക്ഷേ ഇത്രയും നാളും ഇങ്ങനൊന്ന് കേള്‍ക്കാന്‍ നോക്കിയിരിക്കുകയായിരുന്നിരിക്കാം. അമ്മച്ചിയോ തങ്ങളോ ഒരു നല്ലവാക്ക് എന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എല്ലാദിവസവും മൊത്തം അടുക്കളപ്പണിയും അങ്ങേര് തന്നേ ചെയ്‌തേനെ.
എന്നതാടാ കള്ളുകുടിയാണോ?
പിറ്റേന്ന് മീന്‍കൂട്ടാന്‍ ഉണ്ടാക്കുന്നതിന്റെ തുടക്കമായി ആയിരം വര്‍ഷം പഴയ മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയൊഴിച്ച് ഉലുവാ മൂപ്പിച്ചുകൊണ്ട് മാപ്പിള ചോദിച്ചു.
ഇന്ന് അയാള്‍ ഒരു വെപ്രാളവും കാണിച്ചില്ല. മാത്രമല്ല, പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒരു രഹസ്യവിദ്യയെന്നപോലെ ജയിംസ് കണ്ടുപഠിക്കട്ടെയെന്ന മട്ടിലാണ് എല്ലാം ചെയ്തത്.
പോകുന്നതൊക്കെക്കൊള്ളാം. ഇരുട്ടുന്നേന് മുന്‍പേ വീട്ടിപ്പോന്നോണം. കുറുപ്പന്മാരുടെ സ്ഥലവാരുന്നു. നാട്ടുകാര്‍ക്കിട്ട് കൂടോത്രോം കൊണ്ടീം ഒക്കെച്ചെയ്ത് അവസാനം അവര് തന്നെ എല്ലാം ചത്തുതീര്‍ന്നു. അവസാനം ഒരു പാണ്ടനാരുന്നു. അയാള് കൊളത്തീവീണാ ചത്തത്. ചുറ്റും പാമ്പിന്റേം പെശാശിന്റേം ഒക്കെ പ്രതിഷ്ഠ വേറേം ഒണ്ട്.
മണര്‍കാട് പള്ളീ കുര്‍ബ്ബാന കഴിക്കുന്നൊണ്ട്. ജയിംസ് പറഞ്ഞു.
ഉലുവ മൂത്തപ്പോള്‍ ലൂക്കാമാപ്പിള ഇഞ്ചിയും പച്ചമുളകും തൊലികളഞ്ഞ വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിച്ചു. പിന്നെ വെള്ളം ചേര്‍ത്ത് കുഴമ്പുപോലാക്കിവെച്ചിരുന്ന എരിവുകുറഞ്ഞ മുളകുപൊടി അതിലിട്ട് നിര്‍ത്താതെ ഇളക്കി.
അവസാനിക്കാത്ത ഇളക്കിനുശേഷം എണ്ണതെളിഞ്ഞ് കുത്തല്‍ മാറി മുളക് ചട്ടിയിലും തവിയിലും പിടിക്കാതെ ഉരുണ്ടുകളിച്ചപ്പോള്‍ കുതിര്‍ത്തുവെച്ച കുടംപുളി അതിലിട്ടു. പിന്നെ അല്പം വെള്ളമൊഴിച്ച് ഉപ്പുമിട്ട് നന്നായി തിളപ്പിച്ചു.
പോരടാ. മണ്ണാറശാലേലൂടെ എന്തേലും കൊടുക്കണം.
മാപ്പിള കഷ്ണങ്ങള്‍ ഓരോന്നോരോന്നായി ചട്ടിയിലിട്ടു. ഒന്നുചുറ്റിച്ച് പിഞ്ഞാണം കൊണ്ടടച്ചശേഷം തീ കുറച്ചു.ഇടയ്‌ക്കൊന്ന് പൊക്കിനോക്കി ചട്ടി കൈകൊണ്ട് കറക്കി വീണ്ടും അടച്ചുവെച്ചു. അല്പം കഴിഞ്ഞപ്പോള്‍ കറിവേപ്പില കൈയില്‍ ഞെരടിയതിട്ട് വാങ്ങിവെച്ചു.
ഇത്രേയുള്ളൂ കാര്യം. ജയിംസ് വിചാരിച്ചു. നമ്മള്‍ വല്യസംഭവമാണെന്ന് വിചാരിക്കുന്ന കാര്യങ്ങളെല്ലാം അറിഞ്ഞുവരുമ്പോള്‍ നിസ്സാരമായിരിക്കും. എന്നാല്‍ അത്ര നിസ്സാരമാണെന്ന് കരുതാനും വയ്യ.
ഓരോരുത്തരായി അവരവര്‍ കൊണ്ടുവന്ന കറികള്‍ പൊതിയഴിച്ച് മുറ്റത്ത് വിരിച്ച ചിക്കുപായയിലേക്ക് വെച്ചുതുടങ്ങി. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അവര്‍ പത്തോളം സുഹൃത്തുക്കള്‍ എവിടെയെങ്കിലും കൂടാറുണ്ടെങ്കിലും ഇത്രയും ആഘോഷം പതിവുള്ളതല്ല.
ഏതെങ്കിലും ഷാപ്പുകളുടെ പിന്നിലെ തെങ്ങിന്‍തോപ്പില്‍ ബിവറേജില്‍ നിന്ന് വാങ്ങിയ കുപ്പികളുമായി ഇരിക്കും. അതില്‍ നാലഞ്ചുപേര്‍ ഒരുസ്‌ക്കൂളില്‍ ഉണ്ടായിരുന്നതുകൊണ്ട് കൂടെ പഠിച്ച പെണ്‍കുട്ടികളെക്കുറിച്ച് സംസാരിക്കും.
കൂട്ടുകാര്‍ ഇടയ്‌ക്കൊക്കെ ഒത്തുകൂടുന്നത് പുതിയകാര്യങ്ങള്‍ പറയാനല്ല, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാനാണ്. ഒരു പുതുമയുമില്ലാതെ സംസാരിച്ചാലും മടുപ്പിക്കാത്തവരാണ് തമ്മില്‍ കൂടുന്നത്.
ചിലതിനെയൊക്കെ വല്ലപ്പോഴും വഴീ വെച്ച് കണ്ടാ സങ്കടം വരും. ഓരോരോ ക്ണാപ്പന്മാരേയും കെട്ടി, മെലിഞ്ഞ് കോലം കെട്ട് എലിക്കുഞ്ഞ് പോലുള്ള പിള്ളേരുമായി..
പിരിയാന്‍ നേരം കണ്ണന്‍ പറയുമ്പോള്‍ എല്ലാവരും ചിരിക്കും. അവനത് എല്ലാത്തവണ കൂടുമ്പോഴും പറയാറുള്ളതാണെന്ന് ആരുമപ്പോള്‍ ഓര്‍ക്കില്ല.
കൂട്ടുകാര്‍ ഇടയ്‌ക്കൊക്കെ ഒത്തുകൂടുന്നത് പുതിയകാര്യങ്ങള്‍ പറയാനല്ല, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാനാണ്. ഒരു പുതുമയുമില്ലാതെ സംസാരിച്ചാലും മടുപ്പിക്കാത്തവരാണ് തമ്മില്‍ കൂടുന്നത്.
ഇത്തവണ ജയിംസ് വാങ്ങിയ സ്ഥലത്താകാമെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഓരോരുത്തരും വീട്ടിലുണ്ടാക്കിയ ഓരോ കറിയുമായെത്തിയത്. ഇവിടെയാണെങ്കില്‍ പരിസരത്തെങ്ങും സോഡാ കിട്ടുന്ന കട പോലുമില്ല. ടാറിട്ട റോഡീന്ന് അഞ്ച് കിലോമീറ്റര്‍ ഉള്ളിലോട്ട് പോരണം.
അതിനിടെ റബ്ബര്‍ തോട്ടത്തില്‍ ആളും അനക്കവുമില്ലാത്ത എട്ടുപത്ത് ചെറിയ വീടുകള്‍ കാണാം.
ചിലപ്പോഴൊക്കെ ചാരനിറമുള്ള കാട്ടുമുയലുകള്‍ വഴിക്ക് കുറുകേ ഓടും. കഠിനമായ നിശബ്ദതയില്‍പ്പെട്ട് ചൂളിപ്പോയാണ് അവരുടെ എഞ്ചിന്‍ പുതുക്കിപ്പണിയാത്ത ജീപ്പ് മുന്നോട്ടുപോയത്.
മുക്കാലും പൊളിഞ്ഞ മുളളുവേലികളും ഗേറ്റുമുള്ളതാണ് ജയിംസിന്റെ പുരയിടം. ഉള്ളിലോട്ട് കയറിയാല്‍ കാലങ്ങളായി ഒരു പണിയും ചെയ്യാത്തതുകൊണ്ട് മരങ്ങളും ചപ്പുകളും ആര്‍ത്തുനില്ക്കുന്നു. മണ്ടപോയി തെങ്ങുകള്‍ താഴേക്ക് അമര്‍ന്നുവരുന്നു.
കമ്യൂണിസ്റ്റ് പച്ചകള്‍ അടിയില്‍ ഒഴിച്ചിട്ട രഹസ്യസ്ഥലങ്ങളില്‍ ഉടുമ്പും പാമ്പുകളുമുണ്ട്. ജീപ്പ് പുറത്ത് ഒരു മാവിന്‍ ചുവട്ടില്‍ ഒതുക്കി അവര്‍ പാത്രങ്ങളും കുപ്പികളുമായി ഉള്ളിലേക്ക് നടന്നു.
ഇതാണോ നീ ലാഭത്തിക്കിട്ടീന്ന് പറഞ്ഞത്? പ്ലോട്ട് തിരിച്ച് വില്ക്കാന്‍ പോകുന്നത്!
സേതു അതിശയത്തോടെ ചോദിച്ചു.
ബോധം ഒള്ള ആരേലും ഈ പട്ടിക്കാട്ടീ വന്ന് മേടിക്കുവോ?
ഞാന്‍ സേവ്യറിന്റെ സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തപ്പോഴും നീ ഇങ്ങനെയാ ചോദിച്ചത്. ആകാശത്തൂടെ അറുപത്താറ് കെ വി ലൈന്‍ പോകുന്നൊണ്ട്, പെര പണിയാന്‍ കൊള്ളില്ല എന്നൊക്കെ. ജയിംസ് പറഞ്ഞു.
അവന്‍ പ്രതീക്ഷയോടെ ശ്രീകുമാറിനെ നോക്കി.
ഓ പക്ഷേ ഇത് പാടാ.
ശ്രീകുമാര്‍ പറഞ്ഞു.
ബാങ്കീന്ന് ലോണ്‍ കിട്ടാന്‍ പാടാ. ഉള്ളിലോട്ട് കേറിയായതുകൊണ്ട് ഫെയര്‍വാല്യു കുറവാരിക്കും.
ഓ നിന്റെ ബാങ്ക് തരണ്ടടാ ഉവ്വേ വേറെ ആമ്പിള്ളേരുണ്ട്.. ജയിംസിന് ദേഷ്യം വന്നു
പുരയിടത്തിന് നടുവിലുള്ള നാല്‍പ്പത് വര്‍ഷം മുന്‍പത്തെ മോഡല്‍ മുന്‍ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്ത പകുതിയോളം ഓടും ഷീറ്റുമിട്ട വീടും നാശമായതാണ്. പിന്‍ഭാഗം കഴുക്കോലുകളുള്‍പ്പെടെ ഇരുന്ന് പോയിരിക്കുന്നു.
അത് തുറന്നപ്പോള്‍ വറുത്ത കൈവെള്ള വലുപ്പമുള്ള മീനുകള്‍ വെള്ളത്തില്‍ കഴിഞ്ഞതിലും ഭംഗിയില്‍ എണ്ണയില്‍ പുരണ്ടുകിടന്നു.
പാരപ്പെറ്റുകളില്‍ ചെടികള്‍ വളര്‍ന്നുനില്ക്കുന്നുണ്ട്. ഭിത്തികള്‍ നനഞ്ഞ് വെള്ളമിറങ്ങുന്നുണ്ട്. പക്ഷേ പുല്ല് കയറിയ മുറ്റത്ത് പായ വിരിച്ച് ഇരിക്കാന്‍ സുഖമാണ്. അല്പം പോലും വെയിലില്ല. മരങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും മുകളിലെത്തുന്ന വെളിച്ചത്തോട് ചേര്‍ന്നു നില്ക്കുന്നുണ്ട്.
ഇത് പരല് വറുത്തത്.
കണ്ണന്‍ കടലാസും പ്ലാസ്റ്റിക്കും കൊണ്ടുള്ള ഒരു പൊതി നീക്കിവെച്ചു. അത് തുറന്നപ്പോള്‍ വറുത്ത കൈവെള്ള വലുപ്പമുള്ള മീനുകള്‍ വെള്ളത്തില്‍ കഴിഞ്ഞതിലും ഭംഗിയില്‍ എണ്ണയില്‍ പുരണ്ടുകിടന്നു.
മിക്കപേരും അപ്പൊഴേ തന്നെ കൈനീട്ടി ഒടിച്ചെടുത്ത് മുള്ള് കളയാതെ കടിച്ചുതിന്നു. ഒരാള്‍ കഷ്ണങ്ങള്‍ ഒരു വശത്തേക്കൊതുക്കി കടലാസില്‍ പറ്റിപ്പിടിച്ച അധികം മൂക്കാത്ത അരപ്പ് വടിച്ചുനക്കി.
ഇച്ചിരി ഒണക്കച്ചൊറക് കറിവെച്ചതാ.
സേതു തന്റെ പാത്രം പുറത്തെടുത്തു. ചതുരത്തിലുള്ള സ്രാവ് കഷ്ണങ്ങളേക്കാള്‍ അധികമായി അതില്‍ പച്ചത്തേങ്ങാ കൊത്തിയിട്ടത് മുളകില്‍ മുങ്ങിക്കിടന്നു.
എല്ലാവരും കയ്യടിച്ചു.
കണവാ ഫ്രൈയാ കൊറച്ചേയൊള്ളൂ.
ഒരാള്‍ പറഞ്ഞു. ആഹ്ലാദത്തോടെ എല്ലാ കൈകളും അങ്ങോട്ടേയ്ക്ക് നീണ്ടു.
നിമിഷനേരം കൊണ്ട് പഴയ മന്ത്രവാദി മരിച്ചുപോയ കുറുപ്പിന്റെ വീട്ടുമുറ്റം ഒരു ആഭിചാരക്കളം തന്നെ ആയി. ഉച്ചയ്ക്കുമുന്‍പുള്ള സമയമേ ആയിട്ടുള്ളൂവെങ്കിലും ഇരുണ്ട ആകാശവും മുറ്റവും. അവരുടെ കര്‍മ്മങ്ങളെയെല്ലാം ഉള്ളിലാക്കി മറച്ചുകൊണ്ട് ചുറ്റും വീടിനു മേലേയ്ക്കുചാഞ്ഞ് കൂടാരം തീര്‍ക്കുന്ന പലജാതി മരങ്ങള്‍.
വളര്‍ന്ന് ഒടിഞ്ഞുവീഴുന്നിടത്തോളമായ പൊങ്ങല്യങ്ങളില്‍ നിന്ന് നൂലിലൂര്‍ന്നിറങ്ങുന്ന പുഴുക്കള്‍. ഒത്ത നടുക്ക് മൂത്ത കൈതപ്പായയില്‍ വെളുത്ത ചോറും ഏത്തപ്പഴത്തിന്റെ നിറമുള്ള കപ്പക്കഷ്ണങ്ങളും.
പലനിറത്തിലുള്ള മീന്‍കറികള്‍. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചില പാത്രങ്ങളില്‍ അയഞ്ഞ് ദുഖഭരിതമായും മറ്റുള്ളവയില്‍ കടുപ്പത്തില്‍ രൗദ്രമായും കാണപ്പെട്ടു.
പിന്നെ പലനിറത്തിലുള്ള മീന്‍കറികള്‍. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചില പാത്രങ്ങളില്‍ അയഞ്ഞ് ദുഖഭരിതമായും മറ്റുള്ളവയില്‍ കടുപ്പത്തില്‍ രൗദ്രമായും കാണപ്പെട്ടു. ചൂട് കൂടിയപ്പോള്‍ മേല്‍വസ്ത്രങ്ങള്‍ ഊരിയ ശേഷം വൃത്തത്തിലിരുന്ന അവരുടെ കൈകളും വായകളും ഒന്നിച്ച് പ്രവൃത്തികള്‍ തുടങ്ങി.
നാക്കുകുഴഞ്ഞ് സംഭാഷണം ശബ്ദങ്ങള്‍ മാത്രമായി. അവര്‍ കാണാതെ ചിലയിനം പക്ഷികള്‍ ഇലകള്‍ക്ക് മറഞ്ഞിരുന്ന് ഇതൊക്കെ ശ്രദ്ധിച്ചു. അവര്‍ പ്രേതലോകത്തേക്ക് സന്ദേശങ്ങളയച്ചു.
അല്പം നോക്കിയിരുന്ന ശേഷം ശ്രീകുമാര്‍ ഒരു വാഴയിലപ്പൊതി മുന്നിലേക്ക് നീക്കിവെച്ച് തുറന്നു.
അവിയലാ. ഭാര്യ ഉണ്ടാക്കിയതാ
അയാള്‍ പറഞ്ഞു. ആദ്യം ചിരി തുടങ്ങിയത് സേതുവാണ്. പിന്നാലെ എല്ലാവരും ചിരിച്ചു. ആഹ്ലാദം കൂടി അവരുടെ മുഖത്തും നെഞ്ചിലുമൊക്കെ കറിയുടെ നിറങ്ങള്‍ പടര്‍ന്നു. ശ്രീകുമാറും ചിരിച്ചു. അപ്പൊഴേക്കും ഇടിഞ്ഞുവീഴാറായ ആ അടച്ചിട്ടവീട്ടിനുള്ളില്‍ നിന്ന് വലിയൊരു ശബ്ദം പൊങ്ങി. മുഴുത്ത ഉരുപ്പടികള്‍ തറയിലുരച്ച് നീക്കും പോലെയോ മരിക്കാറായ ഒരു കന്നുകാലിയുടെ ഏങ്ങല്‍ പോലെയോ ഇരുന്നു അത്.
കുറുപ്പച്ചന്‍ ചത്താലും അയാള്‍ടെ ടീംസ് ഇതിനകത്തൊണ്ട്.
ഒരാള്‍ പറഞ്ഞു.
ചാരായോം മീനുമൊന്നും കണ്ടിട്ട് അവരടെ കണ്‍ട്രോള് പോകുന്നു അതാ.
ഏയ്..
സേതു പറഞ്ഞു.
ഈ അവിയല് കണ്ടിട്ട് അവര്‍ക്ക് ദേഷ്യം വരുന്നതാ. ഇത്തരം കമ്പും കോലുമൊക്കെ ഇതിനകത്ത് കേറ്റാന്‍ കൊള്ളുവോ.
എല്ലാവരും വീണ്ടും ചിരിച്ചു.
നിങ്ങള് ശ്രീക്കിട്ട് തന്നെ അങ്ങനെ ഒണ്ടാക്കണ്ട.
ജയിംസ് പ്രതിഷേധിച്ചു.
അവനൊന്നും തിന്നുവേം കുടിക്കുകേം ഇല്ലെങ്കിലും എല്ലാവരടേം ഒപ്പം കാശ് ഷെയര്‍ ഇടാറൊണ്ട്. ഒന്നുവില്ലേലും തുള്ളി കുടിക്കാതെ ഇത്രേം കുടിയന്മാരേം സഹിച്ച് എത്രനേരം വേണേലും കൂടെ ഇരിക്കുന്നില്ലേ.
എപ്പോഴും കൂടുമ്പോള്‍ ചെയ്യാറുള്ളതുപോലെ ശ്രീകുമാര്‍ അവര്‍ക്കിടയിലിരുന്ന് തമാശകള്‍ പറഞ്ഞു. ചിരിച്ചു. സോഡ കുടിച്ചു. സവോളയും കാരറ്റും ചേര്‍ത്ത സലാഡ് മാത്രം കഴിച്ചു.
ഇടയ്ക്ക് ഫോണില്‍ ഒരു മെസ്സേജ് വന്നപ്പോള്‍ റേഞ്ച് പോയതുകൊണ്ട് മറുപടി കൊടുക്കാനാവാതെ കുഴങ്ങി.
ബഹളത്തില്‍ നിന്ന് മാറി അയാള്‍ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു ഭാഗത്തെത്തിയപ്പോള്‍ അല്പം റേഞ്ച് കിട്ടുന്നതുപോലെ തോന്നി അയാള്‍ കാടിനിടവഴി കണ്ട താരയിലൂടെ മുന്നോട്ടുനടന്നു.
ഫോണില്‍ ടൈപ്പ് ചെയ്തുകൊണ്ട് മുന്നോട്ടുപോകും തോറും പിന്നില്‍ അയാളുടെ കൂട്ടുകാരുടെ ബഹളങ്ങള്‍ നേര്‍ത്തുനേര്‍ത്ത് വന്നു.
Sudarsanan Viswanathan
15 Apr 2020, 06:35 AM
വായനയുടെ ആഭിചാരശാലയിലേക്ക് വായനക്കാരനെ ആവാഹിച്ചെടുക്കുന്ന ആദ്യ അദ്ധ്യായം
Jishnu Sankar
14 Apr 2020, 01:31 PM
വായിൽ വെള്ളം വരുന്ന ലൂക്കാ മാപ്പിളയുടെ മീൻ കറി Recipe ഉഗ്രൻ... ശ്രീകുമാറിന്റെ നടത്തം അടുത്ത അദ്യായത്തിനായുള്ള ആകാംക്ഷ..
P V Ariel
14 Apr 2020, 12:50 PM
Very interesting read. The first chapter itself is worth reading. All the best. Keep writing Philip V Ariel pvariel.com
Sreeja. M
13 Apr 2020, 10:22 AM
നന്നായിട്ടുണ്ട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
George sandiyago
13 Apr 2020, 10:16 AM
💪👌🙏💓
രാജീവ് ജി.ഇടവ
12 Apr 2020, 11:49 AM
പൊളിച്ച് ഭായ്.
N Madhavan Kutty
11 Apr 2020, 04:07 PM
ഉന്മേഷകരം നന്ദി
അനിൽകുമാർ.കെ
11 Apr 2020, 12:21 PM
വായന മത്സ്യം കിട്ടാത്ത കൊറോണ സമയത്തായതിനാൽ കൊതിയൂറിക്കൊണ്ടാണ് വായിച്ചത്. വായിൽ വെള്ളമൂറുന്ന വർണന
എം.സി.പ്രമോദ് വടകര
11 Apr 2020, 11:58 AM
കാത്തിരിക്കുന്നു. എഴുത്തും വരയും
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
PJJ Antony
18 Apr 2020, 11:48 AM
thakarppan. katta waiting......