ദളിത് രാഷ്ട്രപതിമാരുണ്ടാകും,
എങ്കിലും ജാത്യാധികാരം ഭരിക്കും
ദളിത് രാഷ്ട്രപതിമാരുണ്ടാകും, എങ്കിലും ജാത്യാധികാരം ഭരിക്കും
ഹാഥറസിലെ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നോ അഥവാ അവരെ ശിക്ഷിച്ചാല്‍ തന്നെ അവരുള്‍പ്പെടുന്ന ജാതി സമൂഹം അവരെ തള്ളിക്കളയുമെന്നും കരുതാന്‍ കഴിയില്ല. കാരണം ഇതൊരു കുറ്റകൃത്യമായി ഒരു വലിയ സമൂഹവും യു.പി സര്‍ക്കാര്‍ തന്നെയും കാണുന്നില്ല. കാരണം, ജനാധിപത്യത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അധികാര ശക്തി ഇവിടെയുണ്ട്, അത് ജാതിയുടേതാണ്
21 Oct 2020, 10:16 AM
ഹാഥറസിലെ കൊലപാതകവും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ അതിനെ സമീപിച്ച രീതിയും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. സാമൂഹികമായും സാമ്പത്തികമായും ജാതീയമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗത്തിലെ പെണ്‍കുട്ടിക്കുനേരെയുണ്ടായ ആക്രമണം ചോദ്യംചെയ്യുന്നതിനെ, സർക്കാർ തങ്ങള്‍ക്കെതിരായ മുന്നേറ്റമായി മാറ്റിത്തീര്‍ക്കുകയും അതോടൊപ്പം ഇത്തരം പ്രതിരോധങ്ങള്‍ ദേശവിരുദ്ധമായി മുദ്രകുത്തുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന് ഗൗരവമായി വിലയിരുത്തണം. ജനാധിപത്യത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അധികാര ശക്തി ഇവിടെയുണ്ട് എന്ന് തീര്‍ച്ചറിയേണ്ടതുണ്ട്. ഇത്തരം അധികാര ശക്തി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണിച്ചു തന്നതാണ് ഹാഥറസ് സംഭവം.
ഹാഥറസ് സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി ജനാധിപത്യവിരുദ്ധവും അതോടൊപ്പം ഭരണകൂട താല്‍പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. ജനാധിപത്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവിധ സ്വാതന്ത്ര്യത്തോടെയും നിലനില്‍ക്കുന്നു എന്ന് നമ്മള്‍ കരുതുന്ന രാജ്യത്ത് പൗരന് നീതിയും ജീവിക്കാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നത് ജനാധിപത്യ സംവിധാനത്തെതന്നെ ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്.
ജാതി എന്ന അധികാരം ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹിക അധികാരം സ്ഥാപിക്കുന്നതുകൊണ്ട് കൂടിയാണ് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ ജാതി/ സാമൂഹിക മനഃസാക്ഷിയെ അലട്ടാതെ പോകുന്നത്.
പാര്‍ലമെന്ററി അധികാരമല്ല നിര്‍ണായക ശക്തി
ഹരിയാനയിലെ കാപ്പ് പഞ്ചായത്തിനെ കുറിച്ച് എന്റെ ഒരു വിദ്യാര്‍ത്ഥി പ്രബന്ധം തയ്യാറാക്കിയിരുന്നു. ആ സമുദായത്തിലെ അംഗം കൂടിയായിരുന്ന അദ്ദേഹം എന്നോട് പറഞ്ഞത്, കാപ്പ് പഞ്ചായത്തിന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിപ്പില്ല എന്നാണ്, പ്രത്യേകിച്ചും ക്രിമിനല്‍ കുറ്റകൃത്യങ്ങളോടുള്ള സമീപനവും ശിക്ഷാരീതികളും ആധുനിക നിയമവ്യവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്നതല്ല; എങ്കിലും ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാണ് എന്നായിരുന്നു ആ വിദ്യാര്‍ത്ഥിയുടെ നീരീക്ഷണം. ഇതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, നമ്മള്‍ വിശ്വസിക്കുന്ന ജനാധിപത്യത്തില്‍ ഇത്തരം അധികാര കേന്ദ്രങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഈ ജനാധിപത്യം ശക്തമല്ല എന്നും പാര്‍ലമെന്ററി അധികാരമല്ല നിര്‍ണായക ശക്തി എന്നും തിരിച്ചറിയേണ്ടതുണ്ട്.

ജാതി വ്യവസ്ഥയാണ് ഇത്തരം സമാന്തര അധികാര കേന്ദ്രങ്ങളെ നിലനിര്‍ത്തുന്നത്. ഈ സമാന്തര സാമൂഹിക അധികാരത്തെ നിലനിര്‍ത്തുന്നതില്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ജാതി എന്നാല്‍ അധികാരം കൂടിയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ചിന്തകന്‍ ബി.ആര്‍. അബേദ്കര്‍ തന്നെയാണ്. ‘ജാതി നിര്‍മാര്‍ജനം' എന്ന പുസ്തകത്തില്‍ എന്തുകൊണ്ട് ജാതി ഇല്ലാതാകല്‍ സാമ്പത്തിക-രാഷ്ട്രീയ പുരോഗതിക്ക് അനിവാര്യമാകുന്നു എന്നാണ് ഊന്നിപ്പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ Caste is a powerful weapon for preventing all reform. കൊളോണിയല്‍ അധികാരത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും ഇന്ത്യന്‍ സവര്‍ണരാഷ്ട്രീയം ജാതിനിര്‍മാജനത്തെ സംവരണത്തിന്റെ പരിധിയില്‍ നിലനിര്‍ത്തി ജാതി ഉറപ്പാക്കുന്ന സാമൂഹിക അധികാരം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമാന്തര സാമൂഹിക അധികാരത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള പാര്‍ലമെന്ററി ജനാതിപത്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇത്തരം സംവിധാനങ്ങള്‍ വഴി ജാത്യാധികാരത്തെ ജനാതിപത്യരീതിയുടെ ഭാഗമാക്കാനും കഴിഞ്ഞു എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.

ഈ സമാന്തര അധികാരം എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടന സംവിധാനത്തിന്റെയും ഭാഗമായി. ഈ അധികാരമാണ് ജാതി നിര്‍മാര്‍ജനത്തെ സംവരണമായും സംവരണ സമുദായത്തെ കേവലം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായും ചുരുക്കുന്നതും. സംവരണം വിഭവങ്ങളുടെ മേലുള്ള ജനാധിപത്യ അവകാശമാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോകുന്നത് നേരത്തെ പറഞ്ഞ സമാന്തര അധികാരത്തിന്റെ പിന്‍ബലം കൊണ്ട് കൂടിയാണ്.
ഉത്തര്‍പ്രദേശിലെ ക്രൂരമായ സംഭവം ഇന്ത്യന്‍ സാമൂഹിക ബോധത്തെ അത്രകണ്ട് അലസോരപ്പെടുത്തി എന്ന് വിശ്വസിക്കാന്‍ കഴിയില്ല. കാരണം പ്രതികളുടെ ‘ജാതി സ്വതം' അവരെ കുറ്റവാളികളാക്കില്ല എന്ന സാമൂഹിക ബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ സംഭവം ഒറ്റപ്പെട്ട കുറ്റകൃത്യമായി കാണാതെ ഒരു സമാന്തര അധികാരമായി കണ്ട് അതിനെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ മുന്നേറ്റമുണ്ടാകണം എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിനുകാരണം ജനാധിപത്യം പോലും ഇത്തരം സമാന്തര അധികാരത്തിനുമുന്നില്‍ അപ്രസക്തമാണ് എന്നത് കൊണ്ടുകൂടിയാണ്.
എന്തുകൊണ്ട് മേവാനിയും ആസാദും ഉണ്ടാകുന്നില്ല?
പോളിറ്റ്ബ്യൂറോയില്‍ പോലും ദളിതരില്ല എന്ന വിമര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഹാഥറസ് സംഭവത്തില്‍ പ്രതികരിക്കുയും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണുകയും ചെയ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും പ്രതികളെ ശിക്ഷിക്കണം എന്ന നിയമവാഴ്ചയുടെ സംരക്ഷണം എന്നതല്ലാതെ സംവരണാധികാരത്തെ നിഷേധിക്കുന്ന ഒരു മുന്നേറ്റത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകില്ല. ജനാധിപത്യത്തെ സവര്‍ണ മാനവികതാബോധത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള രാഷ്ട്രീയത്തിനുമാത്രമേ ഇനി ഇന്ത്യയില്‍ നിലനില്‍പ്പുള്ളൂ.

എന്തുകൊണ്ട് ഒരു ജിഗ്‌നേഷ് മേവാനിയും ചന്ദ്രശേഖര്‍ ആസാദും മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടാകുന്നില്ല? നിങ്ങള്‍ കുടിക്കുന്ന ചായ ഞങ്ങളുടെ ചോരയാണ് എന്ന് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ തടഞ്ഞുകൊണ്ട് പറയാന്‍ ഗോമതിയെ പോലെ ഒരു നേതാവിന് മാത്രം കഴിയുന്നു എന്നിടത്താണ് ജാതിരാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും ശക്തി.
അടിച്ചമര്‍ത്തിയ ശക്തികള്‍ക്കെതിരായ പ്രതികരണത്തെയും അതിന് അവലംബിക്കുന്ന രീതികളെയും നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇന്നത്തെ സ്വത്വരാഷ്ട്രീയം. ഇത്തരം പ്രതിരോധങ്ങളെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രം അതാത് സമൂഹത്തിലെ സാമൂഹിക/ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ സാമ്പ്രദായിക പ്രത്യയശാസ്ത്ര പരിധിയില്‍ ഈ മുന്നേറ്റങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഈ നിര്‍വചനം ഇന്ത്യന്‍ ജനാധിപത്യത്തിന് അപരിചിതമാണ് എന്നതും തിരിച്ചറിയേണ്ടത്.
ഹാഥറസില്‍ നടന്നത് സ്ത്രീശരീരത്തോടുള്ള ആക്രമണം മാത്രമല്ല, ദളിത് സ്ത്രീശരീരത്തോടുള്ള ഇന്ത്യന്‍ ജാത്യാധികാരത്തിന്റെ പ്രയോഗം കൂടിയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഈ സംഭവം ഒട്ടും ഭീഷണിയല്ല, കാരണം ഈ സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രം സമാന്തര ജാതി അതികാരത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് രൂപപെട്ടിരിക്കുന്നത്, അവരെ സംബന്ധിച്ച് ആക്രമിക്കപ്പെടുന്നവരുടെ അവകാശമല്ല പ്രശ്‌നം, പ്രതികളുടെ സാമൂഹിക അധികാരം സംരക്ഷിക്കുക എന്നതുമാത്രമാണ്. ഇവിടെ എണ്ണമല്ല പ്രധാനം, പകരം അംബേദ്കര്‍ വിശദീകരിച്ച ജാതി എന്ന അധികാരഘടനയുടെ സമഗ്രാധിപത്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് യു.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
അവര്‍ സ്വതന്ത്രരല്ല
രാഷ്ട്രീയ പാര്‍ട്ടികളും, പൗരസമൂഹവും ഒക്കെ ഇത്തരം സമാന്തര ജാതി അധികാരത്തെ അംഗീകരിച്ചാണ് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്നത്. എഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ജനാധിപത്യത്തിന്റെ ചാലകശക്തികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ സമാന്തര സാമൂഹിക അധികാരം ചോദ്യം ചെയ്യാനുള്ള ധൈരം ഉണ്ടായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് പറയുമ്പോള്‍ സംഘപരിവാര്‍ രാഷ്ടീയത്തെ മാറ്റി നിര്‍ത്തേണ്ടി വരും, കാരണം ഈ സാമൂഹിക അധികാരത്തിന്റ പ്രകടമായ പ്രയോഗികവല്‍ക്കരണമാണ് ഈ പാര്‍ട്ടികള്‍. ഇവര്‍ക്ക് ദളിത് പിന്തുണ ഇല്ല എന്ന് ഇതിനര്‍ത്ഥമില്ല, പകരം പദവിയില്‍ എത്ര ഉന്നതനാണെങ്കിലും ജാതി അധികാരം നിലനിര്‍ത്തേണ്ടത് തങ്ങളുടെ കടമയാണ് എന്ന് ഉറച്ച വിശ്വാസമുള്ളവരായി തീര്‍ന്നു എന്നതാണ് വസ്തുത. ദളിതർക്കിടയില്‍ നിന്ന് രാഷ്ട്രപതിമാരുണ്ടാകുന്നു എങ്കിലും ഇവരാരും സ്വതന്ത്ര ചിന്തയുള്ളവരോ ജാത്യാധികാരത്തെ ചോദ്യം ചെയ്യുന്നവരോ അല്ല.

ജാത്യാധികാരത്തെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല എന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല. ഇത്തരം അധികാരങ്ങള്‍ നിലനില്‍ക്കുന്നതില്‍ അസ്വാഭാവികത കാണാന്‍ ഇവര്‍ക്ക് കഴിയാത്തത് തങ്ങളുടെ സാമൂഹിക അധികാരത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം വിഭാവന ചെയ്യാന്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല എന്നതാണ്. അതുകൊണ്ട് ഹാഥറസിലെ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നോ അഥവാ അവരെ ശിക്ഷിച്ചാല്‍ തന്നെ അവരുള്‍പ്പെടുന്ന ജാതി സമൂഹം അവരെ തള്ളിക്കളയുമെന്നും കരുതാന്‍ കഴിയില്ല. കാരണം ഇതൊരു കുറ്റകൃത്യമായി ഒരു വലിയ സമൂഹവും യു.പി സര്‍ക്കാര്‍ തന്നെയും കാണുന്നില്ല.
കെ.കെ. സുരേന്ദ്രൻ
Jan 14, 2021
5 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
ഡോ. സനില്‍ എം. നീലകണ്ഠന്‍
Nov 11, 2020
3 Minutes Read
കെ.എം. അനില്‍, സുനില്‍ പി. ഇളയിടം
Nov 05, 2020
28 Minutes Read
എം. കുഞ്ഞാമൻ
Oct 24, 2020
14 Minutes Read
വെങ്കിടേഷ് രാമകൃഷ്ണൻ
Oct 09, 2020
4 Minutes Read
പി ജെ മാത്യു
21 Oct 2020, 12:16 PM
Very well argued, cogent article.