Kerala Police Act amendment: ഇടതുസർക്കാറിന്റെ ഈ നീക്കം ഭയാനകം

സൈബറിടങ്ങളിലെ ആക്രമണം ചെറുക്കുക എന്നു പറഞ്ഞു കൊണ്ടുവന്ന ഭേദഗതിയിൽ ‘any kind of mode of communication' എന്നു പറയുന്നതിൽ നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലായിടങ്ങളിലും തടയുന്നു എന്നു വേണം മനസ്സിലാക്കാൻ. ഭരണകൂടങ്ങൾക്ക് കിട്ടുന്ന അധികാരങ്ങൾ ഒരിക്കലും അവർ കൈവിടാറില്ല, അടുത്ത ഭരണ സംവിധാനത്തിലേക്ക് കൈമാറുകയേയുള്ളു, എന്നിരിക്കെ, ഭയക്കണ്ട എന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ സമാശ്വസിപ്പിക്കലുകൾക്കെന്തർഥമാണുള്ളത്?

രു സ്വാതന്ത്ര്യവും അനിയന്ത്രിതമായി അനുഭവിക്കാനുള്ളതല്ല. അതിന്​കഴിയുകയുമില്ല. അതിരുകളിലാണ് ഏതു സ്വാതന്ത്ര്യത്തിന്റെയും അഴകും കരുത്തും.

ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ യുക്തിസഹമായ ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്ന് നമുക്കറിയാം. സൈബർ ലോകത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേരള സർക്കാർ Kerala Police act ഭേദഗതി ചെയ്ത് Section 118 A എന്ന ഒരു വകുപ്പു കൂടിച്ചേർത്ത് വിജ്ഞാപനം ചെയ്തിരിക്കുന്നു. ഈ 118 A എന്ന നിയമദേദഗതി ഒരു ഓർഡിനൻസിലൂടെ നടപ്പിലാക്കുന്നതിനുള്ള അടിയന്തര സാഹചര്യം കേരളത്തിൽ ഇപ്പോൾ എന്താണെന്ന് വ്യക്തമല്ല.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണം ചെറുക്കുക എന്ന ലക്ഷ്യം പുറത്തു പറയുകയും ഭേദഗതിയിൽ അത് കാണാതിരിക്കുകയും ചെയ്യുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? സൈബറിടങ്ങളിലെ ആക്രമണങ്ങൾ ചെറുക്കുക എന്നു പറഞ്ഞു കൊണ്ടുവന്ന ഭേദഗതിയിൽ ‘any kind of mode of communication' എന്നു പറയുന്നതിൽ നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലായിടങ്ങളിലും തടയുന്നു എന്നു വേണം മനസ്സിലാക്കാൻ.

ഇരയാക്കപ്പെടുന്ന വ്യക്തിക്കുണ്ടാകുന്ന മാനാപമാനങ്ങൾ ഇരക്കപ്പുറം പൊലീസിന് നിശ്ചയിക്കാൻ അധികാരം കൊടുക്കുന്നു. ഒരാൾ പറയുന്നത് മറ്റൊരാളെ മുറിവേൽപ്പിച്ചു എന്നത് അയാളാണോ പൊലീസാണോ തീരുമാനിക്കുക? ഒരാൾക്ക് അപമാനകരവും അനാശാസവുമല്ലാത്തത് മറ്റൊരാൾക്ക് അനാശാസ്യവും അപമാനവുമെന്ന് തോന്നിക്കൂടായ്കയില്ല. ഒരാളനുഭവിക്കുന്ന അപമാനത്തിന്റെ തോത് പൊലീസെങ്ങനെ തീരുമാനിക്കും?

നിയമഭേദഗതിയിലൂടെ കുറ്റകൃത്യം cognizable ആക്കിയതിനാൽ പോലീസിന് അയാളുടെ വ്യക്തിഗതമായ ബോധ്യ ( Subjective satisfaction) ത്തിന്റെ അടിസ്ഥാനത്തിൽ ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. ഇന്ത്യൻ പീനൽ കോഡിൽ സെക്ഷൻ 499/500 non cognizable ആണ് എന്നു കൂടി ഓർക്കുക. അതായത് കോടതി ഉത്തരവ് പ്രകാരമുള്ള ഒരു വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളു.

കുറ്റകൃത്യങ്ങളുടെ നിർവചനങ്ങൾ ഒരിക്കലും അവ്യക്തമാകാൻ പാടില്ല. അവക്ക് പല വ്യാഖ്യാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത അപകടകരമാണ്. കുറ്റകൃത്യങ്ങളെ നിർവ്വചിക്കുമ്പോൾ അതിന് ഒരു straight jacket formula ആവശ്യമാണ്. കൃത്യവും വ്യക്തവുമായ നാലതിരുകൾക്കകത്ത് കുറ്റകൃത്യ നിർവ്വചനം നടന്നില്ലയെങ്കിൽ ഈ ഭേദഗതി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഗുരുതരമായിരിക്കും. പൊലീസിന് മജിസ്റ്റീരിയൽ പവർ കിട്ടാൻ പോകുന്നു എന്നു പുറത്തു കേൾക്കുന്ന കാര്യം കൂടി സംഭവിച്ചാൽ സംഗതി എത്ര ഭീകരവും അപകടകരവുമാകും.

ഭരണകൂടങ്ങൾക്ക് കിട്ടുന്ന അധികാരങ്ങൾ ഒരിക്കലും അവർ കൈവിടാറില്ല, അടുത്ത ഭരണസംവിധാനത്തിലേക്ക് കൈമാറുകയേയുള്ളു. എന്നു മാത്രമല്ല അത് കൂടുതൽ കൂടുതൽ മുറുകുകയേയുള്ളു എന്നിരിക്കെ, ഭയക്കേണ്ട എന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ സമാശ്വസിപ്പിക്കലുകൾക്കെന്തർഥമാണുള്ളത്?
മാരകമായ ഈ നിയമത്തോട് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പേരിനുമാത്രമേ പ്രതിഷേധമുള്ള എന്നത് കൂടുതൽ ഭയപ്പെടുത്തുന്നുണ്ട്. ബോധപൂർവ്വമുള്ള ഈ മൗനം അർഥഗർഭവുമാണ്.

സൈബറിടങ്ങളിലെ 118 Aയിൽ പരാമർശിക്കുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ഉദ്ദേശ്യത്തോടെ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന S 118 D എന്ന KP ആക്റ്റിലെ മുൻ ഭേദഗതി - ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയത് ഓർക്കേണ്ടതാണ്. ആ അസ്ഥിരപ്പെടുത്തലിനെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൂല്യത്തെ അംഗീകരിച്ച വിധി എന്ന നിലയിൽ പൊതുസമൂഹം ആഘോഷിച്ചതും മറന്നുകൂടാ.

അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന എന്തിനെതിരെയും വാളെടുക്കുന്നു എന്നു നിരന്തരം പറയുന്ന ഇടതുപക്ഷ സർക്കാരിൽ നിന്ന് ഉണ്ടായ ഈ നീക്കം ഭയപ്പെടുത്തുന്നതാണ്. വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കും. ഇതൊക്കെ പറയുമ്പോഴും സൈബറിടങ്ങളിൽ കുട്ടികളെയും സ്ത്രീകളെയും പരിഹസിക്കുകയും അവഹേളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇതിനെയാണ് നേരിടേണ്ടത്. അത് സത്യസന്ധവും സുതാര്യവും ഭരണഘടനാദത്തവുമായ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടാകരുത്. കൃത്യവും വ്യക്തവും ഭരണഘടനാധിഷ്ഠിതവുമായ നിയമമുണ്ടാവുകയാണ് വേണ്ടത്. ലക്ഷ്യത്തിലെത്തിക്കാത്ത നിയമങ്ങൾ അപകടകാരികളാണ്. എലിയെപ്പിടിക്കാൻ ഇല്ലം ചുടരുത്.



എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments