കാലം പി.കെ റോസിയിൽ നിന്ന്
റിമ കല്ലിങ്കലിലെത്തി,
പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം
കാലം പി.കെ റോസിയിൽ നിന്ന് റിമ കല്ലിങ്കലിലെത്തി, പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം
21 Sep 2020, 03:26 PM
2016 ലെ ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ്. സൂപ്പര്‍താരങ്ങള്‍, താരരാജാക്കന്മാര്‍ ഒക്കെയുണ്ട് സദസ്സിന്റെ മുന്‍നിരയില്‍. നൃത്തപരിപാടിയുടെ അനൗണ്‍സ്മെന്റ് കഴിഞ്ഞു. കര്‍ട്ടന്‍ ഉയര്‍ന്നതും നര്‍ത്തകികള്‍ പ്രവേശിക്കുന്നു. പെട്ടെന്ന് അവരുടെ ഇടയിലേക്ക് അവള്‍ക്കൊപ്പം എന്നെഴുതിയ ചുവന്ന ബാനറുമായി പ്രധാന നര്‍ത്തകിയുടെ വേഷത്തില്‍ റിമാ കല്ലിങ്കല്‍ നടന്നുവരുന്നു. സ്വാഭാവികമായും നൃത്തം തുടരുന്നു. വളരെ അപ്രതീക്ഷിതവും ധീരവുമായ ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. ഇന്ന് ഈ നിമിഷം വരെയും നാളെയും പിന്നോട്ടില്ലയെന്ന് ഉറപ്പിച്ചുള്ള ഒരുപ്രതിഷേധ യാത്രയുടെ തുടക്കമായിരുന്നു അത്. മുന്നിലിരുന്ന് അമ്പരന്നവരില്‍ പ്രശസ്ത സംവിധായകരും, നായക നടന്മാരും, താരസംഘടനാ ഭാരവാഹികളും എല്ലാമുണ്ടായിരുന്നു. മലയാള സിനിമാ ലോകം മുന്‍പൊരുകാലത്തും കണ്ടിട്ടില്ലാത്ത സമരമുറകളാണ് ഒരുകൂട്ടം സ്ത്രീകളുടെ ഭാഗത്തുനിന്നും ആ കാലങ്ങളില്‍ ഉണ്ടായത്. ആ സമരത്തിന്റെ മുന്‍നിരയിലുള്ള നടിയാണ് റിമാ കല്ലിങ്കല്‍. പൗരത്വ പ്രക്ഷോഭ സമയത്തും പ്രളയകാലത്തും രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റു സമരമുഖങ്ങളിലുമെല്ലാം മുന്‍നിരയില്‍ നാം കാണുന്ന സോഷ്യല്‍ ആക്ടിവിസ്റ്റ്. ആത്മബലമുള്ള ആ സ്ത്രീയുടെ മുഖമോ പ്രസ്താവനയോ ധീരമായ നിലപാടുകളോ പ്രഖ്യാപനങ്ങളോ ഉള്ള ഏതു ഫേസ്ബുക്ക് പോസ്റ്റിനടിയിലും ചെന്നുനോക്കിയാല്‍ കേരളത്തിലെ മുഖമില്ലാത്ത ആണ്‍ക്കൂട്ടത്തിന്റെ ആക്രോശം കാണാം. വ്യവസ്തകളോട് സമരത്തിലേര്‍പ്പെടുന്ന സ്ത്രീയുടെ നേര്‍ക്കുള്ള ആണ്‍ക്കൂട്ടത്തിന്റെ പൊതുമനോഭാവമാണ് അവിടെ പ്രകടമാക്കപ്പെടുന്നത്. റിമാ കല്ലിങ്കല്‍ ഒരു ഉദാഹരണം മാത്രം.
ശബ്ദിക്കുന്ന ധീരരായ ഏത് സ്ത്രീയുടെ നേരെയും ഇതുതന്നെയാണ് സൈബര്‍ അക്രമികളുടെ മനോഭാവം. ഇതൊരു സാധാരണ സംഭവമാണെന്നും ഇതിനെതിരെ പ്രതികരിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന മട്ടില്‍ നമ്മള്‍ എപ്പോഴും അതുമായി സമരസപ്പെട്ട് കഴിയുകയാണ്.

ആങ്ങേയറ്റം ഹീനമായ രീതിയിലാണ് സ്ത്രീകള്‍ ഇവിടെ ആക്രമിക്കപ്പെടുന്നത്. അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് കുറ്റമറ്റതും നീതിയിലധിഷ്ഠിതമായതും വേഗതയിലുള്ളതുമായ ഒരു നിയമപ്രക്രിയയെക്കുറിച്ചുള്ള ആലോചനകള്‍ പോലും ഭരണകര്‍ത്താക്കളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, തരംകിട്ടുന്നിടത്തെല്ലാം അവരും സ്ത്രീകള്‍ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുകയാണ് പതിവ്. ഭരണപക്ഷവും പ്രതിപക്ഷവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപക്ഷം തന്നെയാണ്.
നാവുകൊണ്ടും ലിംഗംകൊണ്ടുമുള്ള അധിക്ഷേപങ്ങള്‍ ഓരോ തരത്തില്‍ അധികാരത്തിന്റെ ബഹുരൂപപ്രയോഗങ്ങളാണെന്നുവരുന്നു. ചെറിയ ചിരിയിലൂടെയും നോട്ടത്തിലൂടെയും കണ്ണിറുക്കലിലൂടെയും നേതാക്കന്മാരുടെ വരെ ഉള്ളിലെ അശ്ലീലം വെളിപ്പെട്ടുപോകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍. രമ്യാ ഹരിദാസും, ശൈലജ ടീച്ചറും, മേഴ്സിക്കുട്ടിയമ്മയും, ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും, ടി.എന്‍ സീമയും, സി.കെ ജാനുവും കെ.ആര്‍ ഗൗരിയമ്മയും ഹീനമായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു.
പൊതു ഇടങ്ങളില്‍ മാത്രമല്ല, പെണ്ണുങ്ങളുടെ മുഖത്തും തുപ്പരുതെന്ന്, തുപ്പിയാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നിയമമുണ്ടാകണം. അത് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ഞാനാരെയും കൊല്ലാത്തത് നിയമത്തെ പേടിയുള്ളതുകൊണ്ടാണ്, പൊലീസ് കൊണ്ടുപോകുമെന്ന് അറിയാവുന്നതുകൊണ്ടാണ്, എന്നെ ചീത്തവിളിക്കുന്നവനും ആ പേടിയുണ്ടാവണം.
പി.കെ റോസിയില്‍നിന്ന് റിമാ കല്ലിങ്കലിലേക്കും രാജലക്ഷ്മിയില്‍ നിന്നും കെ.ആര്‍ മീരയിലേക്കും വലിയ കാലദൂരമുണ്ട്. അപമാനത്തിന്റെയും അവഗണനയുടെയും മുറിവുകളേറ്റ് നാടുവിടേണ്ടിയും ആത്മഹത്യ ചെയ്യേണ്ടിയും വന്ന ആദ്യകാല നായികമാരില്‍നിന്നും എഴുത്തുകാരികളില്‍ നിന്നും കാലം കുറേയധികം മുന്നോട്ടുപോയിരിക്കുന്നു. പൊരുതുകയും സമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും സഹജീവികള്‍ക്ക് ധൈര്യം പകരുകയും തങ്ങള്‍ക്കുനേരെ ഉയരുന്ന വിരലുകള്‍ ഒടിച്ചുകളയുകയും ചെയ്തുകൊണ്ട് സ്ത്രീസമൂഹം വളരെയേറെ മുന്നോട്ടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷേ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്യുന്ന ആ ആള്‍ക്കൂട്ടത്തെയൊന്നു നോക്കൂ, അവര്‍ക്ക് എന്തുതരം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്! വളരാനാവാത്തവര്‍ക്ക് വളരുന്നവരെ കാണുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രാന്തിയും ആശയക്കുഴപ്പവും എത്രഭീകരമാണ്.
ഇന്ത്യാക്കാരന്റെ സംസ്‌കാരത്തിന് ആശയക്കുഴപ്പത്തിന്റെ സംസ്‌കാരം എന്നാണോ അര്‍ത്ഥമെന്ന ഒ.വി വിജയന്റെ ചോദ്യം ഏറെ പ്രസക്തമാണ്. ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്കുള്ളത്. രണ്ടായിരാമാണ്ടില്‍ ജിലെത്ത് ബിദോയ ലിമയെന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയുടെ അനുഭവം മറക്കാറായിട്ടില്ല. റിപ്പോര്‍ട്ടിങ്ങിനിടെ എതിരാളികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തവിവരം സ്വതന്ത്രയായ നിമിഷം തന്നെ അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ലോകമെമ്പാടുമുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണകിട്ടി അവര്‍ക്ക്. ആക്രമണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റു ചെയ്യപ്പെട്ട അക്രമി പറഞ്ഞത് അവളെ നിശബ്ദയാക്കുകതന്നെയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു.
സാമൂഹികമായി ഇടപെടാനുള്ള സ്ത്രീകളുടെ സാധ്യതകളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുക തന്നെയാണ് വെര്‍ബല്‍ റേപ്പിസ്റ്റുകളുടെയും ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകള്‍ക്ക് വലിയ സ്വാധീനമുള്ള ഏറ്റവുംവലിയ ഒരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീയെ ഒഴിവാക്കാനുള്ള ഈ ശ്രമത്തിനെതിരെയുള്ള പോരാട്ടംകൂടിയാണ് സ്ത്രീകള്‍ക്ക് ഇന്ന് സൈബര്‍ ജീവിതം. വളരെ ആക്രമണോത്സുകമായ ഒരു ആണത്ത നിര്‍മ്മിതി ബോധപൂര്‍വ്വം ഇവിടെ ഉണ്ടാക്കിയെടുക്കുന്നതില്‍ മതരാഷ്ട്രീയ സംഘടനകള്‍ക്ക് ഗണ്യമായ പങ്കുണ്ട്. ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും തീവ്രദേശീയവാദത്തിന്റെയും വര്‍ഗീയവാദത്തിന്റെയും പുതിയ പുതിയ കള്‍ട്ടുകളുടെയുമൊക്കെ പിന്‍ബലത്തോടുകൂടി വളര്‍ന്നുവരുന്ന ഈ ആണത്തനിര്‍മ്മിതികളെ സാമൂഹികമായും രാഷ്ട്രീയമായും നേരിടുകയെന്നത് സ്ത്രൈണ രാഷ്ട്രീയത്തിന്റെ പ്രധാന വശമാണ് എന്ന് എ.കെ രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നുണ്ട്. (ആണ്‍കോയ്മയുടെ ഉത്സവങ്ങള്‍, എ.കെ രാമകൃഷ്ണന്‍)
ഇന്ന് സ്ത്രീകള്‍ സ്വന്തം ജീവിതത്തെ എഴുതുമ്പോഴും സ്വയം വിശകലനം ചെയ്യുമ്പോഴും ഒരു സെല്‍ഫി പോസ്റ്റു ചെയ്യുമ്പോള്‍ പോലും ഫെമിനിസ്റ്റ് ചിന്തകളും അതിന്റെ പ്രയോഗങ്ങളും ആ സൈദ്ധാന്തിക പരിസരങ്ങളും അറിഞ്ഞോ അറിയാതെയോ അവരെ സ്വാധീനിക്കുന്നുണ്ട്. വേലികളും മതിലുകളും ചാടിക്കടക്കുകയാണ് സ്ത്രീകള്‍. സോഷ്യല്‍ മീഡിയയുടെ വലിയ ലോകം അവരെ ആന്തരികമായും ബാഹ്യമായും ശാക്തീകരിക്കുകയാണ്. താന്‍ ഒറ്റക്കല്ല, തന്നെപ്പോലെ ഒരായിരം പെണ്ണുങ്ങള്‍ എന്ന തിരിച്ചറിവില്‍ സ്ത്രീ സൗഹൃദത്തിന്റേതായ ഒരു വിശാല ഐക്യം രൂപപ്പെടുന്നു. വിദൂരങ്ങളിലിരുന്നും അവര്‍ ആ സൗഹൃദവും സാഹോദര്യവും ശക്തിയും പങ്കുവെക്കുന്നു. വിമോചനമെന്നത് ആരും പുറത്തുനിന്ന് കൊണ്ടുവന്ന് സമ്മാനിക്കുന്ന ഒന്നല്ലെന്നും സ്വന്തം ഉള്ളില്‍ നിന്ന് സ്വയമേ രൂപപ്പെട്ടുവരേണ്ട ഒന്നാണെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീ ഇന്നൊരു അപൂര്‍വ്വതയല്ല. അതി സാധാരണതയാണ്. ഏതാണ്ട് എല്ലാ സ്ത്രീകളും ഏതെങ്കിലും തരത്തില്‍ പൊതുവ്യക്തിത്വമായിരിക്കുന്നു. മുറുകിയതും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേവുമായിരുന്ന ലോകത്തുനിന്ന്, രക്ഷാകര്‍ത്താക്കളുടെ സംരക്ഷണത്തില്‍ നിന്ന് ഒക്കെയുള്ള മോചനം. സ്വയം കുതറി പുറത്തുകടക്കുകയാണവള്‍. മറ്റുള്ളവരുടെ നിയന്ത്രണത്തെ ഭയക്കാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുവാന്‍ കാണിക്കുന്ന ആ ധൈര്യത്തെയാണ് സാമ്പ്രദായിക ബോധങ്ങള്‍ ഭയക്കുന്നത്.
ഒരു പെണ്‍കുട്ടി ഏത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് മുന്‍പ് വീട്ടുകാരാണ് നിര്‍ദേശങ്ങള്‍ നല്‍കുകയും തീരുമാനിക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇന്ന് ആ "വലിയ ചുമതല' , സൈബര്‍ ആങ്ങളമാര്‍ ഏറ്റെടുത്തിരിക്കുന്നു. വീടിന്റെ തടവില്‍നിന്നും കുതറി പുറത്തുകടക്കുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയുമാണ് ഈ ആശയക്കുഴപ്പക്കാര്‍ വട്ടമിട്ട് ആക്രമിക്കുന്നത്. അനശ്വര രാജന്‍ എന്ന പെണ്‍കുട്ടിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണം നല്‍കുന്ന സൂചനകളെ ലഘുവായി കാണാനാവില്ല. കാലുകള്‍ കണ്ട് ഹാലിളകുന്നവര്‍ പെണ്ണിന്റെ സകല അവയവങ്ങളേയും വലിച്ച് പുറത്തിടുകയും മേലുകീഴ് കയറി മേയുകയും ചെയ്യുന്നു. അമ്മയും പെങ്ങളുമുള്ള സദാചാരകമ്മിറ്റികള്‍ ആവുകയും തള്ളകേട്ടാല്‍ പൊറുക്കാത്ത തെറി പറയുകയും ചെയ്യും. ഒക്കെ സംസ്‌കാര സംരക്ഷണത്തിനാണ്. മനുസ്മൃതി കേരള പുരുഷന്റെ മെയിന്‍ കാംഫ് ആവുകയാണ്. ഹോ ഹൊയ് ഇതാ രക്ഷാധികാരികള്‍ വരുന്നു, ഞങ്ങളുടെ വരുമ്പുകളില്‍ നിന്ന് നിങ്ങള്‍ മാറിനടക്കുക എന്നാണ് അത് പെണ്ണിനോടു പറയുന്നത്. സൈനിക വത്കൃതമായ ആണ്‍കോയ്മാ ഭരണകൂടത്തിന്റെ ഇത്തരം അപകടസാധ്യതകളെക്കുറിച്ച് വളരെയധികം ബോധവതികളാണ് ഫെമിനിസ്റ്റുകളായ ഇവിടുത്തെ ഓരോ സ്ത്രീയും. അതുകൊണ്ടാണ് ഇക്കൂട്ടര്‍ ഫെമിനിസ്റ്റുകളെ തീക്കട്ടപോലെ ഭയക്കുന്നത്.
പ്രതികരണത്തിനും പ്രതിഷേധം രേഖപ്പെടുത്താനും ആരോഗ്യകരമായ വഴികള്‍ തെരഞ്ഞെടുക്കുവാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും എതിര്‍ക്കുന്ന കക്ഷിയെ വായടപ്പിക്കുവാനാണ് താല്‍പര്യപ്പെടുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വംശനാശം വരുത്തുവാനായി രാഷ്ട്രീയകക്ഷികളും താരനേതൃത്വങ്ങളും മൗനാനുവാദം നല്‍കി പരിപോഷിപ്പിക്കുന്നവരാണ് ഇവിടുത്തെ സൈബര്‍ ഗുണ്ടകള്‍. മുഖമില്ലാത്ത ഒരു ആള്‍ക്കൂട്ടമാണത് . നവമാധ്യമങ്ങളില്‍ സ്വതന്ത്ര ആശയങ്ങള്‍ പറയുന്ന ഏതൊരു സ്ത്രീയ്ക്കുനേരെയും വരുന്ന ആക്ഷേപങ്ങളില്‍ പ്രധാനപ്പെട്ടത് ഫെമിനിച്ചി, ഫെമിനിസ്റ്റ് കൊച്ചമ്മ എന്നൊക്കെയുള്ള വിശേഷണങ്ങളാണ്. ചരിത്രത്തിലുടനീളം അധീശശക്തികള്‍ സ്ത്രീകള്‍ക്കു കല്‍പ്പിച്ചു നല്‍കിയ നിശബ്ദതയെ അട്ടിമറിക്കുന്നതിന് ഓരോ സ്ത്രീയും ചരിത്രത്തിലും കാലത്തിലും ഇടപെട്ടുകൊണ്ടു നടത്തിയ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്കു കിട്ടിയ വിളിപ്പേരുകളാണവ. ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും ഫെമിനിസ്റ്റാണ്. തന്റേതായ സ്വാതന്ത്ര്യ സങ്കല്പനങ്ങളുള്ള ഓരോ സ്ത്രീയ്ക്കും അവരവര്‍ നില്‍ക്കേണ്ട ഇടത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കിക്കൊടുത്ത ബഹുതരങ്ങളായ ആശയങ്ങളുടെ സംഹിതയാണ് ഫെമിനിസത്തിന്റേത്. സ്ത്രീകളുടേത് മാത്രമായ ലോകത്തേയല്ല, സ്ത്രീയ്ക്ക് തുല്യ ശബ്ദമുള്ള, തുല്യപദവിയും തുല്യ ആദരവും തുല്യ അവകാശങ്ങളുമുള്ള സമത്വാധിഷ്ഠിതമായ ഒരു ലോകത്തെയാണ് മറ്റേതൊരു പുരോഗമന പ്രസ്ഥാനവുമെന്നപോലെ ലോകത്തിലെ സ്ത്രീവാദ പ്രസ്ഥാനവും ആഗ്രഹിക്കുന്നത്. പക്ഷേ അത് സ്ത്രീകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ നിരന്തരം ശബ്ദിക്കേണ്ടിവരുന്നു എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കുനേരെയല്ല. സാമൂഹികാവസ്ഥകള്‍ക്കുനേരെയാണ്.
സൈബര്‍ ലോകത്തെ സ്ത്രീയുടെ ഇടപെടലുകള്‍ അവള്‍ക്ക് പ്രത്യേകമായ ഒരു ദൃശ്യത നല്‍കിയിട്ടുണ്ട്. അതിന്റെ ഫലമുണ്ടായ ആത്മവിശ്വാസം ഏതു ഗുരതരമായ സാമൂഹ്യവിഷയവും തന്റെ ചിന്തയ്കക്കു വഴങ്ങുമെന്നും അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും അവളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സൈബര്‍ ലോകത്തെ അറിയുക, അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മധ്യവര്‍ത്തി സ്ത്രീയിന്ന് തിരിച്ചറിയുന്നു. ഏതെല്ലാം തരത്തില്‍ പഴുതുകളടച്ചാലും പുതിയ പഴുതുകള്‍ ഉണ്ടാക്കിക്കൊണ്ട് എല്ലാനിയമത്തെയും അട്ടിമറിച്ചുകൊണ്ട് ഒരു ക്രിമിനല്‍ സമൂഹം ഇവിടെ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് മുമ്പെന്നത്തേതിനേക്കാള്‍ ജാഗരൂകരാണ് പുതിയ കാലത്തെ സ്ത്രീ. അവരില്‍ ഒരാളെ തൊട്ടാല്‍ ഒരു സമൂഹമൊന്നടങ്കം ഉണരുന്നു. അവിടെ ചലച്ചിത്രമേഖലയിലുള്ളവരുണ്ട്, രാഷ്ട്രീയ രംഗത്തുള്ളവരുണ്ട്, മാധ്യമ രംഗത്തുനിന്നുള്ളവരുണ്ട്, അധ്യാപകരുണ്ട്, എഴുത്തുകാരുണ്ട്. വീട്ടമ്മമാരുണ്ട്. എല്ലാവരും ചേര്‍ന്ന്, ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. പരസ്പരം കൈകോര്‍ക്കുന്നു. അവര്‍ പുതുവഴി വെട്ടുകയാണ്. തെറ്റായ വഴിയെന്ന് നിങ്ങള്‍ വിലക്കിയിരുന്നിടത്തെല്ലാം ഇതാ ഞങ്ങള്‍ എന്നു വിളംബരം ചെയ്തുകൊണ്ടാണ് സൈബര്‍ ലോകത്തെ പെണ്‍ ഇടപെടലുകള്‍. സ്വയം ദുര്‍ബലപ്പെടുത്തേണ്ടതോ ഗുപ്തമാക്കിവെക്കേണ്ടതോ ആയി ഒന്നുമില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയാണ്. മാറുന്ന കാലത്തിന്റെ സാങ്കേതികതകളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യവും കാലംതന്നെ അവര്‍ക്ക് നല്‍കിക്കഴിഞ്ഞു.

തികച്ചും സ്ത്രീവിരുദ്ധമായ ഒരിടത്തില്‍ വിവേചന ബുദ്ധിയോടെ വിവേകത്തോടെ ഇടപെടേണ്ടതെങ്ങനെയെന്ന പാഠവും ഈ ലോകം അവര്‍ക്ക് നല്‍കിയിരിക്കുന്നു. എങ്കിലും ഒന്ന് പറയാതെ വയ്യ, ചതിക്കുഴികള്‍ ഒഴിവാക്കാന്‍ പഠിക്കുകയെന്നത് പെണ്ണിന് ഒരുനിരന്തര പരിശീലനം തന്നെയാണ്. ആ നശിച്ച പരിശീലനം തന്നെയാണ് ബൗദ്ധികവും ഭൗതികവുമായ യുദ്ധമാണ് ഒരു സ്ത്രീ തന്റെ ജീവിതകാലമാത്രയും ചെയ്തുകൊണ്ടിരിക്കുന്നത്. അത് തീരെ സമാധാനപരമായ ഒരു യുദ്ധമല്ല.
ഡോണമയൂര എഴുതിയ ഈ കവിത പറയുന്നത് അത് തന്നെയല്ലേ.
"നിങ്ങള്‍ മുലഞെട്ടുകളെന്ന് വിളിക്കും'
"എന്റെ നെഞ്ചിലുണ്ട്,
വെടിയുണ്ടയേറ്റുള്ള
രണ്ട്
കറുത്ത പാടുകള്‍.
ബൗദ്ധികവും ഭൗതികവുമായ
യുദ്ധങ്ങളില്‍
നിരന്തരം
പെട്ടുപോയതിന്‍
പാടു(ട്ടു)കള്‍.'
RELATED READ : ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ് | റിമ കല്ലിങ്കല്‍
SANTHOSH
21 Sep 2020, 04:31 PM
ജിലെത്ത് ബിദോയ ലിമയെന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക. ഗൂഗിൾ ചെയ്തിട്ട് അങ്ങിനെ ഒരാളെ പറ്റി ഒന്നും കിട്ടാനില്ല...
Dr. Jyothimol. P
21 Sep 2020, 04:08 PM
ടീച്ചർ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്. Medium മാറുന്നു എന്നേ ഉളളൂ. വാക്കും, നോക്കും, ഓൺലൈൻ, ഓഫ്‌ലൈൻ വ്യവഹാരങ്ങളും എല്ലാം സ്ത്രീയിൽ തന്നെ, ഒന്നുകിൽ കാഴ്ച വസ്തു അല്ലെങ്കിൽ കാണപ്പെടേണ്ടാത്തവൾ ... എന്ത് വിചിത്രമാണിത്?
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
Truecopy Webzine
Jan 25, 2021
4 Minutes Read
രാധിക പദ്മാവതി
Jan 22, 2021
5 minute read
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
അഖില പി.
Dec 08, 2020
7 Minutes Read
neritam.com
21 Sep 2020, 05:08 PM
ശരീര പ്രദര്‍ശനം സ്ത്രീകളെന്നത് ഒരു കാഴ്ച വസ്തുവാണെന്ന കാഴ്ചപ്പാട് ശക്തമാക്കാനേ സഹായിക്കൂ. ഇത്തരം വിവരംകെട്ട പരിപാടികളില്‍ ആരും പോയി ചാടരുത്. അത് കുടുക്കാണെന്ന് മനസിലാക്കുക. സാമൂഹ്യമാധ്യമം ചന്തയാണ്. ചന്തയുടെ സ്വഭാവമേ അതില്‍ നിന്ന് കിട്ടൂ. അവിടെ മാന്യത പ്രതീക്ഷിക്കരുത്. നിങ്ങള്‍ മാന്യരാണെങ്കില്‍ ചന്തമാധ്യമത്തില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നത് മാത്രമാണ്. സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരട്ടേ. https://neritam.com/2012/01/17/gender-equality/