സച്ചി പറയുന്ന ഏതു കഥയും സിനിമയാക്കാൻ ആളുണ്ടായിരുന്നു

ചെയ്തുകൊണ്ടിരുന്ന സിനിമകളിലൊന്നും അവന്റെ മനസ്സിലെ നല്ല സിനിമയില്ലായിരുന്നു. ഓരോ സിനിമയും സാമ്പത്തികമായി വിജയിക്കുമ്പോഴും നല്ല വാക്കുകൾ പറയാൻ ഞാൻ മടിച്ചു. നിന്റെ സിനിമ വന്നിട്ടില്ല, ഇതുകൊണ്ടൊന്നും മലയാള സിനിമ നിന്നെ അടയാളപ്പെടുത്തില്ല എന്നൊക്കെ ഞാൻ പറഞ്ഞു; അയ്യപ്പനും കോശിയും വരുന്നതുവരെ. സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച്​ സഹോദരിയുടെ ജീവിതക്കുറിപ്പ്​

Truecopy Webzine

ച്ചി ആഗ്രഹിച്ച, സച്ചിയുടെ സിനിമയിലേക്കുള്ള യാത്രയായിരുന്നു നാം കണ്ട സച്ചി സിനിമകൾ. ചോക്ലേറ്റ് കഴിഞ്ഞ സമയത്തുതന്നെ എന്നോട്​ ​ഡ്രൈവിങ്​ ലൈസൻസ്​ പോലെ ഒരു കഥ പറഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന സിനിമകളിലൊന്നും അവന്റെ മനസ്സിലെ നല്ല സിനിമയില്ലായിരുന്നു. ‘മറ്റുള്ളവരുടെ പണം കൊണ്ട് ഞാൻ എന്റെ മനസ്സുഖത്തിന് സിനിമ ചെയ്യില്ല, ശരിക്കും എന്റെ സിനിമ ഞാൻ എന്റെ കാശുകൊണ്ട് മാത്രേ ചെയ്യൂ’ എന്ന് പറഞ്ഞിരുന്നു. ഓരോ സിനിമയും സാമ്പത്തികമായി വിജയിക്കുമ്പോഴും സിനിമയെക്കുറിച്ച് നല്ല വാക്കുകൾ പറയാൻ ഞാൻ മടിച്ചു. നിന്റെ സിനിമ വന്നിട്ടില്ല, ഇതുകൊണ്ടൊന്നും മലയാള സിനിമ നിന്നെ അടയാളപ്പെടുത്തില്ല എന്നൊക്കെ ഞാൻ പറഞ്ഞു; അയ്യപ്പനും കോശിയും വരുന്നതുവരെ.

‘നീ നോക്കിക്കോ, ഇനി വരാൻ പോകുന്നത്’ എന്ന്​ ആ സമയത്തൊരിക്കൽ പറഞ്ഞു.
ശരിയായിരുന്നു, ഇനി സച്ചി പറയുന്ന ഏതു കഥയും സിനിമയാക്കാൻ ആളുണ്ടായിരുന്നു. ആഗ്രഹിച്ച സിനിമകൾ ചെയ്യാനുള്ള ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. അവൻ തന്നെ എവിടെയോ എഴുതിയിട്ടതുപോലെ, ‘വരാൻ പോകുന്നത് എത്രമാത്രം അവിശ്വസനീയ വസന്ത' മായിരുന്നു!
സച്ചിയുടെ മനസ്സിലെ മികച്ച സിനിമകളെക്കുറിച്ച് വിശദമായി തന്നെ എനിക്ക് അറിയാമായിരുന്നു എന്നതുകൊണ്ട്, ആ വാക്കുകൾ സത്യമാകാൻ സാധ്യതയുണ്ടായിരുന്നു.

എഴുതിയ തിരക്കഥകൾ വീട്ടിൽ ചെല്ലുമ്പോൾ എന്നെ വായിച്ചുകേൾപ്പിക്കും. ഒരു പുതിയ സബ്ജക്റ്റ് കിട്ടിയാൽ ആവേശത്തോടെ പാതിരാക്കായാലും വിളിച്ച്​ അതിന്റെ കഥ പറയും. എന്തെങ്കിലും സീനുകൾ മാറ്റിയെഴുതുമ്പോൾ പാതിരാക്കും പുലർച്ചയ്ക്കുമൊക്കെ വിളിച്ച്​ വായിച്ചുകേൾപ്പിക്കും.

ഏത് പാതിരാത്രിക്കും വീടിനുമുന്നിലൂടെ കടന്നുപോകുമ്പോൾ കോളിംഗ് ബെൽ അടിക്കാതെ വാതിൽ തല്ലിത്തുറപ്പിച്ച് ദർശനം തന്നു.
മൂകാംബിയിൽ നിന്നാണ്, ദുബായിൽ നിന്നാണ് എന്നൊക്കെ പറഞ്ഞ്​ വിളിക്കും. അത്​​ ഫോണിൽ നിന്നാണോ അടുത്തുനിന്നാണോ എന്ന് ശങ്കിച്ച് നോക്കുമ്പോൾ മുന്നിലോ പിന്നിലോ പ്രത്യക്ഷപ്പെട്ട് എന്നെ അത്ഭുതപ്പെടുത്തും. ഓണം, വിഷു, ക്രിസ്​മസ്​ ആവുമ്പോൾ തുടങ്ങും വിളി, നീ വരുന്നില്ലേ, എപ്പോ എത്തും, പുറപ്പെട്ടോ എന്നൊക്കെ ചോദിച്ച്.
എത്തുന്നതുവരെ സ്വൈര്യം കെടുത്തുന്ന വിളികളാൽ കാതുനിറയും.

സ്‌നേഹിക്കുന്ന കാര്യത്തിൽ ധൂർത്തനായിരുന്നു. ചുറ്റുമുള്ള എല്ലാവരെയും സ്‌നേഹിച്ചു. സ്‌നേഹിക്കപ്പെടുന്നവർക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു എന്ന് പറയുന്നതാവും ശരി. ചിലപ്പോഴൊക്കെ താങ്ങാനാവാത്ത വിധം സ്‌നേഹിച്ചു.

എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല; ഈ ലോകത്ത് ഇല്ല എന്ന്​.
ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ‘അജീ’ എന്ന ഒരു വിളി, പാതിരാത്രിക്ക് വാതിൽ പടപടാ എന്നടിച്ചു കൊണ്ടുള്ള വരവ് ഞാനിപ്പോഴും പ്രതീക്ഷിക്കും.

21 വയസ്സുള്ളപ്പോഴാണ് അവൻ ആദ്യമായി തിരക്കഥയെഴുതുന്നത്. ഒ.വി വിജയന്റെ കടൽത്തീരത്ത്എന്ന കഥയായിരുന്നു അത്. ഒരു വരി, എന്തെഴുതിയാലും ഞാനാണ് ആദ്യം വായിക്കുക. എൽ.എൽ.ബിക്ക്​ ചേർന്നപ്പോഴും പിന്നീട് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോഴും കവിതയെഴുത്ത് തുടർന്നു. വരുന്നത് കയ്യിൽ കിട്ടുന്ന കടലാസിൽ എഴുതിക്കളയുക എന്നതായിരുന്നു രീതി. കേസ് പഠിക്കുമ്പോഴും തിരക്കഥ എഴുതുമ്പോഴും ഇത് ചെയ്തുകൊണ്ടിരുന്നു. ശ്വസിക്കുന്നതുപോലെ ആയാസരഹിതമായ ഒരു സ്വാഭാവിക പ്രക്രിയ.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
എന്റെ സംവിധായകാ; ഈ ജീവിതം ഇടവേളയില്ലാത്ത രാത്രിയാണ് | സജിത രാധ

Comments