മലയാള മാധ്യമങ്ങള്‍
സംഘപരിവാര്‍ ചട്ടുകങ്ങളെന്ന
പ്രചാരണം ഇടതുപക്ഷസൃഷ്ടി
മലയാള മാധ്യമങ്ങള്‍ സംഘപരിവാര്‍ ചട്ടുകങ്ങളെന്ന പ്രചാരണം ഇടതുപക്ഷസൃഷ്ടി
സംഘപരിവാര്‍ സ്വാധീനം, മാനേജുമെന്റ് താല്‍പര്യങ്ങളുടെ ഇടപെടല്‍, ഇടതുവിരുദ്ധത, സെന്‍സേഷണലിസത്തിലൂന്നിയുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍നിന്നും മാധ്യമങ്ങള്‍ക്കകത്തുനിന്നും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. യൂടോക് എഡിറ്റര്‍ ഇന്‍ ചീഫ് ഉണ്ണി ബാലകൃഷ്ണന്‍ സംസാരിക്കുന്നു.
24 Jun 2022, 02:16 PM
ഷഫീഖ് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആര്‍.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നുമുള്ള തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളില്‍ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
ഉണ്ണി ബാലകൃഷ്ണന്‍: 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതോടെയാണ് സംഘപരിവാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണം ശക്തമാകുന്നത്. അത് കേവലം ആരോപണം മാത്രമായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെയും ഹിന്ദുത്വ വര്‍ഗീയതക്കെതിരെയും സംസാരിക്കുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു എന്നത് വസ്തുതയാണ്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ പുറത്താക്കപ്പെട്ടു. പല മാധ്യമ സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടു. മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കപ്പെട്ടു. പല മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാജ്യദ്രോഹ കുറ്റം വരെ ചുമത്തപ്പെട്ടു. പല ചാനലുകളുടേയും സംപ്രേഷണം റദ്ദാക്കപ്പെട്ടു. ചുരക്കത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മൂക്കു കയറിടുന്നതില്‍ മോദിയും ബി.ജെ.പി സര്‍ക്കാരും വിജയിച്ചു. ഇതാണ് ദേശീയ തലത്തില്‍ സംഭവിച്ചത്.
എന്നാല്‍ ഇതേസമയം, അതായത് 2014 ല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇങ്ങനെയൊരു പ്രതിസന്ധിയെ നേരിട്ടിരുന്നോ? ഇല്ല. ഇവിടെ മലയാള മാധ്യമങ്ങള്‍ അക്കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ സോളാര്‍ വിവാദം, ബാര്‍ കോഴ വിവാദം എന്നിവ ആഘോഷിക്കുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തെക്കാള്‍ ശക്തമായി ആഞ്ഞടിക്കുകയായിരുന്നു. അന്ന് ചാനല്‍ ചര്‍ച്ചകളില്‍ പങ്കാളികളായി ഗാലറിയിലിരുന്ന് കളികാണുകയും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും. അന്ന് സംഘപരിവാര്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പിടിമുറുക്കുന്നു എന്നൊരു വാദം എവിടെയും ഉയര്‍ന്നിരുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് എതിരാളികള്‍. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നിട്ടു കൂടിയും കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരാരോപണം മാധ്യമങ്ങള്‍ക്കെതിരെ കേരളത്തില്‍ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എപ്പോഴാണ് ഈ വാദം കേരളത്തില്‍ ഉയര്‍ന്നു കേട്ടത്? ആരാണ് ഈ വാദം ഉയര്‍ത്തിയത്? അത് പരിശോധിച്ചാലേ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള മാധ്യമ വിമര്‍ശനത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ പരിസരം ബോധ്യപ്പെടുകയുള്ളു.
2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നു. കോണ്‍ഗ്രസും യു.ഡി.എഫും ഏതാണ്ട് നിലംപരിശാകുന്നു. സ്വാഭാവികമായും മാധ്യമങ്ങള്‍ തുടക്കത്തില്‍ ഇടതുപക്ഷത്തിന്റെ വിജയത്തേക്കാള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെയാണ് ആഘോഷിച്ചത്. കാരണം അത് മാധ്യമങ്ങളുടെ വിജയമായിരുന്നു. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം മാധ്യമങ്ങള്‍ക്ക് അന്ന് നന്ദി പറയുകയും ചെയ്തു. എന്നാല്‍ കുറച്ചു നാളുകള്‍ക്കു ശേഷം മാധ്യമങ്ങള്‍ ഇടതു സര്‍ക്കാരിനെതിരെ തിരിഞ്ഞു. സ്വാഭാവികമാണത്. ഏതൊരു ജനാധിപത്യ സംവിധാനത്തിലും മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ടത് പ്രതിപക്ഷ ധര്‍മ്മമാണ്. അവര്‍ സര്‍ക്കാരിന്റെ കുഴലൂത്തുകാരല്ല. സര്‍ക്കാരിന് കുഴല്‍ വിളിക്കാന്‍ പി.ആര്‍.ഡി അടക്കം അതിന്റേതായ സംവിധാനങ്ങള്‍ വേറെയുണ്ട്. എന്നാല്‍ ഇവിടം മുതലാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
സംഘപരിവാര്‍ ദേശീയ മാധ്യമങ്ങളെ പൂര്‍ണമായും കീഴടക്കിയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ മാധ്യമങ്ങള്‍ ഇടതു സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ അവര്‍ ആരുടെ വായ്പാട്ടുകാരായിരിക്കും?
സംഘപരിവാറിന്റെ!
പാവം കോണ്‍ഗ്രസ് ഒരു വശത്ത് തളര്‍ന്നു കുത്തി കിടക്കുകയാണ്. അവര്‍ക്ക് അതിനൊന്നും കെല്പില്ല. പിന്നെ ഇടതു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കരുത്തുള്ളവര്‍ ആരാണ്? സംഘപരിവാര്‍. അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ആരുടെ ചട്ടുകങ്ങളാണ്? സംഘപരിവാറിന്റെ! കേരളത്തില്‍ വളരെ വേഗത്തില്‍ വിറ്റു പോകാന്‍ കഴിയുന്ന ഈ ആശയം കണ്ടെത്തി പ്രചരിപ്പിച്ചതും സര്‍ക്കാരിനെതിരായി ഉയരുന്ന ശബ്ദങ്ങളെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അടര്‍ത്തി മാറ്റി കാവിവല്‍ക്കരിച്ചതും ഇടതുപക്ഷമാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയം. കേരളത്തിലെ ഒരു മാധ്യമത്തിലും സംഘപരിവാര്‍ പിടിമുറുക്കിയിട്ടില്ല എന്നു മാത്രമല്ല അടുത്ത കാലത്തൊന്നും അതിന് അവര്‍ക്ക് കഴിയുകയുമില്ല. അത്ര ശക്തമാണ് കേരളത്തിലെ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മതനിരപേക്ഷ ബോധം. കേരളത്തിലെ ഏത് മാധ്യമ സ്ഥാപനത്തെയാണ് (പാര്‍ട്ടി മുഖപത്രം, ചാനല്‍ എന്നിവ ഒഴിച്ച്) ആര്‍.എസ്.എസ് നിയന്ത്രിക്കുന്നത് എന്ന് ആ വിമര്‍ശനം ഉന്നയിക്കുന്നവര്‍ - അത് ഇടതുപക്ഷമായാലും മാധ്യമ പ്രവര്‍ത്തകരായാലും മാധ്യമ വിമര്‍ശകരായാലും - പരസ്യമായി പേരെടുത്ത് പറയാന്‍ തയ്യാറാകാണം.
ഇനി, സംഘപരിവാറില്‍ നിന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ന്യൂനപക്ഷ സമൂഹങ്ങളാണ്. പ്രത്യേകിച്ച് മുസ്‌ലിം സമുദായമാണ്. ആ സമുദായം കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തെ ഏറ്റവും സെക്കുലറായാണ് കാണുന്നത്, നിരീക്ഷിക്കുന്നത്! അപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഇന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ അത്ഭുതകരമായി വര്‍ഗീയമായി തീരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കാനും സ്വന്തം പാളിച്ചകള്‍ മറച്ചു വെക്കാനുമുള്ള കുതന്ത്രമായാണ് ഞാന്‍ മനസ്സിലാക്കുന്നത്.
(മധുര മനോഹര മനോജ്ഞമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് എന്ന് അതിന്റെ അണികള്‍ പോലും കരുതുന്നില്ലല്ലോ). ഈ കുതന്ത്രം വിജയിക്കാന്‍ അനുവദിച്ചു കൂടാ. അത് ജനാധിപത്യത്തിനും കേരളത്തിലെ മാധ്യമ സംസ്‌കാരത്തിനും അപകടകരമാണ്.
ഇടതുസര്‍ക്കാരിന്റെ തുടര്‍ച്ച അതിന്റെ ജനകീയ അടിത്തറ വിപുലമായതിന്റെ പ്രതിഫലനമായി കാണാത്ത ആളാണ് ഞാന്‍. ഏറെക്കാലം കേരളത്തില്‍ വലതുപക്ഷം പയറ്റിയ ജാതീയമായ സോഷ്യല്‍ എന്‍ജിനീയറിംങ് അവരെക്കാള്‍ നന്നായി നടത്തി നേടിയ വിജയമായാണ് ഞാനതിനെ വിലയിരുത്തുന്നത്. ബാര്‍ കോഴയില്‍ കുറ്റവിമുക്തി നേടി മാണി കോണ്‍ഗ്രസ് എത്ര വേഗമാണ് എല്‍.ഡി.എഫില്‍ ഇടം നേടിയത്! (കോവിഡ് കിറ്റ് കിട്ടിയവര്‍ നമുക്കും വോട്ടു ചെയ്തില്ലേ എന്ന വി.ഡി. സതീശന്റെ ചോദ്യം കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധമുള്ളതാണ് എന്നര്‍ത്ഥം). മികച്ച സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ വിജയം നേടുന്നതിനെ ഒട്ടും കുറച്ചു കാണുന്നില്ല. എന്നാല്‍ അത് സാമൂഹം പുരോഗമിച്ചതിന്റെ സൂചനയായി അവതരിപ്പിക്കാതിരുന്നാല്‍ മതി. അതായത് സര്‍ക്കാരിന്റെ തുടര്‍ച്ച ഇടത് അടിത്തറയുടെയും അതുവഴി മതേതരത്വം അടക്കമുള്ള മാനവിക മൂല്യങ്ങളുടെ വികാസവും വ്യാപനവുമായി തെറ്റിദ്ധരിച്ച് വല്ലാണ്ട് അഭിരമിക്കുന്ന അഭിനവ ഇടതു സഹയാത്രികര്‍ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, അലോസരപ്പെടുത്തുന്നുമുണ്ട്. തൃക്കാക്കരയില്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ച അതേ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ പരാജയം അവരുടെ കണ്ണ് തുറപ്പിക്കട്ടെ.

വലതുപക്ഷ, പിന്തിരിപ്പന്‍ അജണ്ടയോടെ മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ സംഭവിക്കുന്നില്ല എന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. അത് കേരളത്തില്‍ ഇപ്പോള്‍ പൊടുന്നനെ സംഭവിച്ച ഒരു പ്രതിഭാസവുമല്ല. അതിനോട് ജാഗ്രത പുലര്‍ത്തേണ്ടതുമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അഥവാ ഭരണ തുടര്‍ച്ച സംജാതമായതോടെ വല്ലാത്ത ഒരസഹിഷ്ണുത മാധ്യമങ്ങളോട് വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് കാണാതെ പോകരുത്. മാധ്യമമേഖലയില്‍ നിന്നടക്കം വളരെയധികം പേര്‍ അതിന്റെ കുഴലൂത്തുകാരായി (ഒന്നോ രണ്ടോ മാധ്യമങ്ങള്‍ നേരിട്ടു തന്നെയും) രണ്ടാം തരംഗത്തോടെ രംഗത്ത് എത്തിയിട്ടുമുണ്ട്. അവരുടെ ലക്ഷ്യങ്ങളെ കുറിച്ച് സംശയമുള്ള ആളാണ് ഞാന്‍. എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചവരും എസ്.എഫ്.ഐയാണെന്നും സി.പി.എം ആണെന്നും ഇടതുപക്ഷമാണെന്നും പരസ്യമായി തന്നെ പറയുന്നവരുമാണ് അവതാരകരില്‍ അധികവും എന്ന വസ്തുത കാണാതെ പോവുകയുമരുത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം അനുഭാവികളായ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ തീരുമാനിച്ചപ്പോള്‍ എ.കെ.ജി സെന്ററിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു എന്ന് നേരിട്ട് അറിവുള്ള ആളാണ് ഞാന്‍. എന്നാല്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനം മാധ്യമ പ്രവര്‍ത്തകരും ശരിക്കും ദാരിദ്ര്യരേഖക്ക് അല്പം മാത്രം മുകളില്‍ നില്‍ക്കുന്നവരും ആത്മാര്‍ത്ഥമായി ഈ പണി ചെയ്യുന്നവരും മറ്റൊന്നും ലക്ഷ്യം വക്കാത്തവരുമാണെന്ന് കഴിഞ്ഞ മുപ്പത് വര്‍ഷത്തെ എന്റെ അനുഭവത്തില്‍ നിന്നും എനിക്ക് പറയാന്‍ കഴിയും. അവരുടെ മതേതരബോധമാണ് ഈ സമൂഹത്തിന്റെ നെടുംതൂണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നയാളാണ് ഞാന്‍. അവസരം നോക്കി മതേതരത്വം വിറ്റ് കാശാക്കുന്ന ഒരു രാഷ്ട്രീയക്കാരനും ആത്മാര്‍ത്ഥതയുടെ ഈ ഒസ്യത്ത് എഴുതി നല്‍കാന്‍ ഞാന്‍ തയ്യാറുമല്ല.
അതുകൊണ്ട് പ്രിയമുള്ളവരെ, നാഭിക്കു ചവിട്ടുന്ന പോലീസുകാരനെതിരെ നിങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുക, കറുപ്പിനോടുള്ള പകയെ പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക. അതുകൊണ്ട് നിങ്ങള്‍ സംഘപരിവാറാകുന്നില്ല, നിങ്ങളുടെ വാര്‍ത്ത കാവി അണിയുന്നുമില്ല. അത്തരം പ്രചാരങ്ങള്‍ വിലപ്പോവുകയുമില്ല. ഇല്ലാത്ത ഭൂതത്തെ കാട്ടി അധികനാള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തുല്യപ്രാതിനിധ്യം നേടാന്‍ ടെലിവിഷന്‍ ന്യൂസ്റൂമുകള്‍ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം അനുസരിച്ച് അഥവാ വോട്ട് ശതമാനം അനുസരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എന്റെ അറിവില്‍ ഒരു ടെലിവിഷന്‍ ചാനലും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ വാര്‍ഡ് തലം മുതല്‍ ലോകസഭയിലേക്കു വരെ ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് സമ്മതിച്ചേ തീരു. ആ അര്‍ത്ഥത്തില്‍ എല്ലാ stake holders നും തുല്യ പ്രാതിനിധ്യം നല്‍കുക എന്നത് വാര്‍ത്തയിലെ ജനാധിപത്യ രീതിയാണ്. അവിടെ ആരോടും തൊട്ടുകൂടായ്മ സാധ്യമല്ല. അങ്ങനെയൊന്ന് നീതീകരിക്കാവുന്നതുമല്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ VSDP(വൈകുണ്ഠസ്വാമി ധര്‍മ പ്രചാരണ സഭ)യുടെ പ്രതിനിധിയെ വിളിക്കും. അവര്‍ ഒരു കേരളാ പാര്‍ട്ടി ആയതുകൊണ്ടല്ല. മറിച്ച് ആ മണ്ഡലത്തില്‍ അവര്‍ ഒരു മുഖ്യശക്തിയായതു കൊണ്ടാണ്. ഇത് ടെലിവിഷന്‍ പിന്തുടരുന്ന രീതിയാണ്.
ഇനി സംഘപരിവാറിനെ സംബന്ധിച്ച പ്രാതിനിധ്യ പ്രശ്‌നത്തില്‍ ആവലാതിപ്പെടുന്നത് ഒരുതരം സ്യൂഡോയിസമാണ്. വലിയ അറിവില്ലായ്മ പോലുമാണ്. കാരണം, സംഘപരിവാര്‍ ഇന്ത്യയില്‍ അതിന്റെ സ്വാധീനം ഉറപ്പിച്ചതും ഉറപ്പിച്ചുകൊണ്ടിരിക്കുന്നതും ഒരുകാലത്തും മാധ്യമങ്ങളെ ഉപയോഗിച്ചായിരുന്നില്ല. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. അത് വിജയിച്ചതാണ് ചരിത്രം. അതുകൊണ്ടാണ് അവര്‍ ഇന്ന് അധികാരത്തിലിരിക്കുന്നത്. അതിനെ കണ്ടില്ല എന്നു നടിച്ചിട്ട് കാര്യവുമില്ല. ആ രീതികളെ കണ്ടെത്തി പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ടെലിവിഷനിലെ അഞ്ചുപേര്‍ അണിനിരന്ന ഒരു ചര്‍ച്ചയില്‍ ഒരു ബോക്‌സില്‍ ബി.ജെ.പിയുടെ ഒരാള്‍ പ്രത്യക്ഷപ്പെട്ടതാണ് അഥവാ അങ്ങനെ ചിലരെ അണിനിരത്തിയതാണ് ബി.ജെ.പി വളരാന്‍ കാരണമായത് എന്ന് ധരിക്കുന്നത് വീണ്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു ഒളിച്ചു കളിയാണ്. തുടര്‍ന്നും ചര്‍ച്ചകളില്‍ അവരുണ്ടാവണമെന്നും അവരുടെ അഭിപ്രായത്തെ മാധ്യമങ്ങളും മറുപക്ഷവും നേരിടണം എന്നുമാണ് എന്റെ അഭിപ്രായം.
മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
എല്ലാ മാധ്യമമാനേജുമെന്റുകള്‍ക്കും അവരുടേതായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്നതും അത് വാര്‍ത്താ ലോകത്തെ പരിമിതപ്പെടുത്തുന്നുണ്ട് എന്നതും എത്രയോ പഴയ യാഥാര്‍ത്ഥ്യമാണ്. മറിച്ചും തിരിച്ചും നാളേറെയായി നാമത് ആവര്‍ത്തിച്ചുകൊണ്ടും ഒരുതരത്തില്‍ ആഘോഷിച്ചു കൊണ്ടുമിരിക്കുന്നു. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും മാനേജ്‌മെൻറ് ഇടപെടല്‍ എന്നത് കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുള്ള നിയന്ത്രണങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാല്‍ രാഷ്ട്രീയം മാത്രമല്ലല്ലോ, മനുഷ്യാവകാശ സംബന്ധിയായ, ലിംഗ സംബന്ധിയായ, വിദ്യാഭ്യാസ സംബന്ധിയായ അങ്ങനെ വൈവിധ്യപൂര്‍ണമായ എല്ലാ വാര്‍ത്തകള്‍ക്കും ഇടമുള്ള വലിയ കാന്‍വാസാണ് നമ്മുടെ മാധ്യമങ്ങള്‍. അവിടെ യാതൊരു നിയന്ത്രണങ്ങളും താല്‍പര്യങ്ങളും നിലനില്‍ക്കുന്നുമില്ല. എന്നാല്‍ എത്ര വാര്‍ത്തകള്‍ ഈ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്? ആരാണ് അതിനെതിരെ നില്‍ക്കുന്നത്? ആരുമില്ല. അടുത്തകാലത്ത് കേരളത്തിലെ ഏതെങ്കിലും ഒരു മാധ്യമം/മാധ്യമ പ്രവര്‍ത്തകന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു മനുഷ്യാവകാശ പ്രശ്‌നം ഓര്‍ത്തു പറയാമോ? എന്താണ് തടസ്സം? ആരാണ് തടസ്സം? മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി പലതും നമുക്ക് ചെയ്യാതിരിക്കാമെന്ന സൗകര്യമുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മിടുക്കന്‍മാരും മിടുക്കികളുമായ ജേണലിസ്റ്റുകളോടുള്ള എന്റെ ആത്മാര്‍ത്ഥമായ പരാതിയാണിത്. ദിലീപിന്റെ കേസില്‍ കാണിക്കുന്ന ശുഷ്‌കാന്തിയും അട്ടപ്പാടിയിലെ മധുവിന്റെ കേസില്‍ 'കാണിക്കാത്ത' ശുഷ്‌കാന്തിയും മാനേജ്‌മെന്റ് വിഷയമല്ല, നാം വ്യക്തിപരമായി പിന്തുടരുന്ന മാധ്യമ സംസ്‌കാരത്തിന്റെ വിഷയമാണ്.
ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമധര്‍മം നിര്‍വഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടതുവിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങള്‍ക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
അത് ഇടതുപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ലോകത്തെവിടെയും സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ ഇഷ്ടപ്പെട്ടിട്ടില്ല. അത് ഫാസിസമായാലും കമ്യൂണിസമായാലും. ചൈനയില്‍ നിന്നോ വടക്കന്‍ കൊറിയയില്‍ നിന്നോ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയും അറിയാന്‍ കഴിയില്ല എന്ന് ആദ്യം സമ്മതിക്കണം. വിമര്‍ശനങ്ങള്‍ ഇടതുവിരോധമായി മനസ്സിലാക്കപ്പെടുന്നതിന്റെ പ്രത്യയശാസ്ത്രം ഇതാണ്. കേരളത്തിലെ മാധ്യമങ്ങള്‍ തീവ്ര ഇടതുവിരുദ്ധ മനോഭാവമുള്ളവ ആയിരുന്നെങ്കില്‍ എന്ത് അദ്ഭുത വിദ്യയിലൂടെയാണ് കാലാകാലങ്ങളില്‍ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്? ‘ഇടത് ധാര്‍മികത' എന്ന ആശയം യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തിയത് കേരളത്തിലെ മാധ്യമങ്ങളാണ്. ചില കമ്യൂണിസ്റ്റ് നേതാക്കളെ പിന്തുടര്‍ന്ന് അങ്ങനെയൊന്ന് സമൂഹത്തില്‍ സ്ഥാപിച്ചെടുത്തത് മാധ്യമങ്ങളും സാഹിത്യവുമായിരുന്നു. പാര്‍ടി സര്‍ക്കുലറുകളോ കമ്മിറ്റികളോ ആയിരുന്നില്ല. ആ ധാര്‍മികത തന്നെയാണ് ഇന്നും ഈ പ്രസ്ഥാനങ്ങള്‍ക്ക് ജനമനസ്സുകളില്‍ ഇടം നേടിക്കൊടുക്കുന്നത്. അതിനിളക്കം തട്ടുന്ന പ്രവൃത്തികള്‍ സംഭവിക്കുമ്പോള്‍ (ഉദാഹരണത്തിന് അഴിമതി, സ്വകാര്യ താല്‍പര്യങ്ങള്‍, കുടുംബ താല്‍പര്യങ്ങള്‍ എന്നിങ്ങനെ) അത് ചൂണ്ടിക്കാട്ടപ്പെടുക തന്നെ ചെയ്യും. അതിനെയാണ് തീവ്ര ഇടതു വിരുദ്ധത എന്ന് ഇന്ന് വിളിക്കപ്പെടുന്നത്! കടക്ക് പുറത്ത് എന്നത് അതിനികൃഷ്ടമായ അസഹിഷ്ണുതയാണ്, ആര് പറഞ്ഞാലും. ഇടത് വിരോധം രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിട്ടുള്ള മാധ്യമങ്ങള്‍ കേരളത്തിലുണ്ട്. അതാകട്ടെ രഹസ്യമല്ല താനും. ആ മാധ്യമങ്ങള്‍ക്കാണ് ഇടത് അണികളുടെ വലിയ പിന്തുണ എന്നത് സത്യത്തില്‍ കൗതുകകരവുമാണ്. അത് ജനാധിപത്യത്തിന്റെ നല്ല രാസവിദ്യയാണ്.
കേരളത്തിലെ ടെലിവിഷന്‍ ജേണലിസം ശരിയായ പാതയില്‍ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം, റിപ്പോര്‍ട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
ശരിയായ പാത സംബന്ധിച്ച് പൊതുസമ്മിതിയുള്ള ഒരു മാര്‍ഗ രേഖയൊന്നുമില്ല. അതുകൊണ്ട് ടെലിവിഷന്‍ ജേണലിസം ശരിയായ പാതയിലാണോ മുന്നോട്ടു പോകുന്നത് എന്ന് കണ്ടെത്താന്‍ നാം വൃഥാ വ്യായാമം ചെയ്യേണ്ടതില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിതെറ്റുകള്‍ അതത് കാലത്തിനനുസരിച്ച് വിലയിരുത്തപ്പെടുന്ന ഒന്നാണ് എന്നതിനാല്‍ അത് ഞാന്‍ വിട്ടു കളയുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യത്തിന്, അതായത് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടുള്ള മാധ്യമങ്ങളുടെ സമീപനം പൂര്‍ണാമായും ശരിയായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാം. ഒന്നാമതായി നയതന്ത്ര ചാനലിലൂടെ സ്വര്‍ണ കടത്ത് നടന്നു എന്നത് വസ്തുതയാണ്. കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത് നമ്മെ നേരിട്ട് കാണിച്ചു തന്നതാണ്. രണ്ടാമതായി ആ കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ ജയിലിലടക്കപ്പെട്ടവരാണ്. നിയമ നടപടി ഉണ്ടായി എന്നര്‍ത്ഥം.
മൂന്നാമതായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ ജയിലിലടക്കപ്പെട്ടു. കോണ്‍സുലേറ്റ് ജനറല്‍ രാത്രിക്ക് രാത്രി ഇന്ത്യ വിട്ടു. ഒരു കുറ്റ കൃത്യം നടന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. ഒരു കേസിലും അന്തിമ വിധി വരികയോ ആരെങ്കിലും കുറ്റ വിമുക്തരാക്കപ്പെടുകയോ ഏതെങ്കിലും ഏജന്‍സി കേസ് അന്വേഷണം അവസാനിപ്പിക്കുകയോ ചെയ്തിട്ടുമില്ല. ആകെ തള്ളിപ്പോയത് തീവ്രവാദി ബന്ധം മാത്രമാണ്. അപ്പോള്‍ കേസുണ്ട്. ഇത് സോളാര്‍ പോലെയല്ല. സോളാറില്‍ ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചവരുടെ പേര് സ്വമേധയാ ഓരോ ദിവസവും വിളിച്ചു പറയുകയായിരുന്നു. ഒരു കേസുമില്ലാതിരുന്നിട്ടും നാമത് മനോഹരമായി (ഇടതു പിന്തുണയോടെ) ആഘോഷിച്ചില്ലെ?
ഇവിടെ സ്‌ട്രോങ്ങായ ഒരു കള്ളക്കടത്ത് കേസുണ്ട്. പോരാത്തതിന് കേവിഡ് കാലത്ത് എല്ലാ യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കി സ്വപ്നയെ ബാംഗ്ലൂരിലെത്തിച്ചതിന് സര്‍ക്കാരിന് ദുഷ്‌പേരുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്നയുടെ ഓഡിയോ നാം നന്നായി പ്രചരിപ്പിച്ചവരല്ലെ. ഇപ്പോള്‍ സ്വപ്ന വീണ്ടും രംഗത്തു വരുമ്പോള്‍ നിശ്ചയമായും അവരെ കേള്‍ക്കണം. കാരണം അവര്‍ കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടാണ് മാധ്യമങ്ങളെ കണ്ടത്. അവര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറയുന്നുവെങ്കില്‍ അതിനെ പാര്‍ടിയും സര്‍ക്കാരും പ്രതിരോധിക്കണം. ജനാധിപത്യപരമായി ചര്‍ച്ച നടക്കട്ടെ. അതിന് കറുത്ത മാസ്‌ക് എന്തു പിഴച്ചു. എന്തായിരുന്നു ‘അവതാരങ്ങളും' പൊലീസ് മേധാവിമാരുമായുള്ള ഒത്തുകളി. ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യാതെ നമ്മുടെ മാധ്യമങ്ങള്‍ ശ്രീലങ്കയെക്കുറിച്ച് സംസാരിക്കണമായിരുന്നോ? ഈ റിപ്പോര്‍ട്ടിങ് എങ്ങനെയാണ് ഇടതു വിരുദ്ധമാകുന്നത്?
സ്വപ്നയുടെ വിരല്‍ തിളച്ച എണ്ണയില്‍ മുക്കി ഉറപ്പുവരുത്തിയ ശേഷം റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു എന്ന മട്ടില്‍ ചില മാധ്യമ വിദൂഷികള്‍ തന്നെ രംഗത്തെത്തിയത് ഏറെ കൗതുകമായി. മാത്രവുമല്ല മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സ്വപ്ന ആവര്‍ത്തിച്ചതെന്നും പുതുതായി ഒരു വെളിപ്പെടുത്തലുമില്ല എന്നും ജനങ്ങളോട് പറഞ്ഞത് മാധ്യമങ്ങളല്ലെ. കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് പുറത്തു വിട്ടത് മാധ്യമങ്ങളല്ലെ. മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെയാണല്ലോ ഈ എപ്പിസോഡിലെ എല്ലാ പിന്നാമ്പുറ കഥകളും പുറത്തു വന്നത്. സ്വപ്ന, അവര്‍ക്കു പിന്നിലെ സംഘടന, സംഘടനയുടെ താല്‍പര്യം, വിജിലന്‍സിന്റെ തട്ടിക്കൊണ്ടു പോക്ക്, സര്‍ക്കാരിന്റെ അന്തംവിട്ട ചെയ്തികള്‍ എന്നിങ്ങനെ എല്ലാം റിപ്പോര്‍ട്ടു ചെയ്യപ്പെടേണ്ടതു തന്നെയാണ്. അതുകൊണ്ട് മാധ്യമങ്ങളെ, നിങ്ങള്‍ ഇനിയും നിങ്ങളുടെ മൈക്കുകള്‍ ഉയര്‍ത്തി തന്നെ പിടിക്കണം. എല്ലാ ശബ്ദങ്ങളും മുഴങ്ങി തന്നെ കേള്‍ക്കട്ടെ.
യൂടോക് എഡിറ്റര്‍ ഇന്‍ ചീഫ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read
സ്മൃതി പരുത്തിക്കാട്
Jun 21, 2022
5 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
ഉണ്ണി ബാലകൃഷ്ണന്‍ / മനില സി.മോഹന്‍
Aug 18, 2020
10 Minutes Read