മലബാർ കലാപം @ 100: നവ ഫാസിസത്തിന്റെ ലക്ഷ്യം ഇസ്‌ലാം മാത്രമല്ല, ഇടതുപക്ഷവും- കെ.ഇ.എൻ

ഈ സമരത്തെ മതപരമായി ചുരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ മതപരമായല്ല പ്രതിരോധിക്കേണ്ടത്. അങ്ങനെയാൽ, അത് സംഘ്പരിവാറിന്റെ വിഭജന കാഴ്ചപ്പാടിന് പരോക്ഷമായി പിന്തുണയായിത്തീരാനുള്ള സാധ്യതയുണ്ട്

Truecopy Webzine

ന്ത്യൻ ഫാസിസത്തെ ചെറുക്കുന്ന വലിയൊരു കോട്ടയായി കേരളത്തിലെ ജനാധിപത്യ- മതനിരപേക്ഷ ഇടതുപക്ഷം വളർന്ന പാശ്ചാത്തലത്തിൽ അതിനെതിരായ ഇന്ത്യൻ നവ ഫാസിസത്തിന്റെ വലിയൊരു ആക്രമണമാണ്, സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് മലബാർ സമര രക്തസാക്ഷികളെ ഒഴിവാക്കാനുള്ള തീരുമാനമെന്ന്? കെ.ഇ.എൻ. പ്രത്യക്ഷത്തിൽ കരുതുന്നതുപോലെ അത് ഇസ്ലാമിനോ മുസ്ലിംകൾക്കോ എതിരായതുമാത്രമല്ല; കേരളത്തിലെ ഇടതുപക്ഷ- മതനിരപേക്ഷ- ജനാധിപത്യ പ്രസ്ഥാനത്തെ തകർക്കാനുള്ള പല ശ്രമങ്ങളിൽ ഒന്ന് എന്ന നിലയ്ക്കാണ് ഇതിനെ നോക്കിക്കാണേണ്ടതെന്ന് ട്രൂ കോപ്പി വെബ്‌സീനിൽ കെ.ഇ.എൻ എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 40

മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഏറ്റവും വിധേയമാകുന്നത് ഇടതുപക്ഷമാണ്; ഇടതുപക്ഷവും ജിഹാദികളുമായുള്ള കൂട്ടുകെട്ട് എന്ന രീതിയിൽ. കേരളത്തിൽ ഇടതുപക്ഷവും ലിബറൽ സെക്യുലർ സംഘടനകളും മുസ്ലിം സംഘടനകളുമെല്ലാം അവരുടേതായ രീതിയിൽ ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതെല്ലാം യോജിച്ചുവരുന്നതിനെ സംഘ്പരിവാർ ഭയക്കുന്നുണ്ട്. ഇതിനൊരു വിള്ളലുണ്ടാക്കണമെന്ന് സ്വഭാവികമായും അവർ ആഗ്രഹിക്കുന്നുമുണ്ട്. അതാണ് ഇപ്പോൾ കാണുന്നത്.
ഇന്ത്യയിലെ നവ ഫാസിസ്റ്റുകൾക്ക് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം കൈവന്ന സമയത്ത്?, കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇതിന് വലിയ വെല്ലുവിളി ഉയത്തി ഇടതുപക്ഷ കോട്ടയായി തുടരുകയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച്, 30 സീറ്റ് ജയിച്ചാൽ ഞങ്ങൾ ഭരിക്കുമെന്നൊക്കെ പ്രഖ്യാപിച്ച പാർട്ടിക്ക് ദയനീയ പരാജയം നൽകിയ സംസ്ഥാനമാണ് കേരളം.
ഇപ്പോൾ, ഈ സമരത്തെക്കുറിച്ച് സംഘ്പരിവാർ ഒഴികെ, രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്ന എല്ലാവരും വിശദാംശങ്ങളിൽ വ്യത്യാസം പുലർത്തിക്കൊണ്ടാണെങ്കിലും ജനാധിപത്യ- മതനിരപേക്ഷ നിലപാടാണ് എടുക്കുന്നത്. അതുകൊണ്ട്, സംഘ്പരിവാർ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഇതിനെ മതപരമായ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ, അവർക്ക് ചെയ്യാൻ കഴിയുന്നത്, ചരിത്രപരമായി തന്നെ വിവിധ സമൂഹങ്ങളുടെ രാഷ്ട്രീയ അബോധത്തിലുള്ള ചില ആകുലതകളെ മുതലെടുക്കുക. അതാണിപ്പോൾ സംഭവിക്കുന്നത്.

കേരളത്തിലാണ് അപരവൽക്കണത്തിന് ഏറ്റവും സാധ്യത. എന്നാൽ, അപരവൽക്കരണത്തെ കേരളം രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്തി. അതേസമയം, അപരവൽക്കരണത്തിന്റെ സാംസ്‌കാരികതലം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ്, കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച വലിയ ഭീഷണി. രാഷ്ട്രീയമായി പരാജയപ്പെടുത്തപ്പെട്ട അപരവൽക്കരണത്തിന്റെ വൈറസ് നമ്മുടെ അബോധത്തിൽ അഭയം തേടിയിരിക്കുകയാണ്.
ഈ സമരത്തെ മതപരമായി ചുരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ മതപരമായല്ല പ്രതിരോധിക്കേണ്ടത്. അങ്ങനെയാൽ, അത് സംഘ്പരിവാറിന്റെ വിഭജന കാഴ്ചപ്പാടിന് പരോക്ഷമായി പിന്തുണയായിത്തീരാനുള്ള സാധ്യതയുണ്ട്. അത് മുസ്ലിം സംഘടനകളുടെ മാത്രം ഉത്തരവാദിത്തമല്ല, മലയാളി സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. ഇപ്പോൾ നടക്കുന്ന ആഘോഷങ്ങളെ സാമ്രാജ്യത്വത്തിനും നവ ഫാസിസത്തിനും എതിരായ ആശയപ്രചാരണത്തിന്റെ ഊർജസ്രോതസ്സായി ഉയർത്തിക്കൊണ്ടുവരണം. അതിൽ വീഴ്ച പറ്റാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പാലിക്കുക എന്നുമാത്രമേ ഈ സന്ദർഭത്തിൽ പറയാൻ പറ്റുകയുള്ളൂ- കെ.ഇ.എൻ എഴുതുന്നു.

മലബാർ കലാപവും മുസ്ലിം അപരവൽക്കരണവും; ചില യാഥാർഥ്യങ്ങൾ
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 40ൽ വായിക്കാം.

Comments