കുഞ്ഞിനെ ചേർത്തുപിടിച്ച്
അനുപമ കേരളീയ
സമൂഹത്തോടുപറയുന്നത്
കുഞ്ഞിനെ ചേർത്തുപിടിച്ച് അനുപമ കേരളീയ സമൂഹത്തോടുപറയുന്നത്
അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസുമായി ബന്ധപ്പെട്ടുനടന്ന ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിയുകയും അമ്മ ഒരു വര്‍ഷത്തിനുശേഷം സ്വന്തം കുഞ്ഞിനെ കാണുകയും ചെയ്തു. ഇനി, കോടതിയിലെ തീര്‍പ്പോടെ, കുഞ്ഞ് ഉടന്‍ അനുപമയുടെ അരികിലെത്തും. ആൾക്കൂട്ടത്തിന്റെ ആഘോഷങ്ങൾ ഇപ്പോൾ തീരും. മാധ്യമങ്ങൾ പുതിയ വിഷയങ്ങളിലേക്കു ആവേശത്തോടെ പാഞ്ഞു കയറും. ഹ്രസ്വകാല സ്മരണകൾ മാത്രമുള്ള സമൂഹം പെട്ടെന്നു അനുപമയെയും കുഞ്ഞിനെയും പിന്നിൽ തള്ളും. പക്ഷേ ഈ സമരം ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുക തന്നെ ചെയ്യും.
23 Nov 2021, 04:48 PM
കേരള സമൂഹത്തിനു മുന്നിലേക്ക് അവിചാരിതമായി പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയാണ് അനുപമാ ചന്ദ്രൻ. നമ്മുടെ സങ്കൽപ്പങ്ങളെയും ചിന്തകളെയും തകിടം മറിച്ച് അവൾ മുന്നിൽ വന്നു നിൽക്കുകയും നാം ഇന്നുവരെ സിനിമയിലും സാഹിത്യത്തിലും മാത്രം ആഘോഷപൂർവ്വം കൊണ്ടാടിയ ഒരു വിഷയത്തെ നേരിട്ട് നമ്മുടെ മുന്നിലേക്ക് ഇട്ടു തരുകയും ചെയ്യുന്നു. ഈ വിഷയത്തെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നറിയാതെ സാമ്പ്രദായിക സമൂഹം ഒന്നു പകച്ചു. ഇത്രനാളും ബൗദ്ധികമായോ ശാരീരികമായോ വൈകാരികമായോ ലൈംഗികമായോ സ്ത്രീകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിരുന്ന അടിമത്തത്തെ ഒരു സ്ത്രീ കരുതിക്കൂട്ടിത്തന്നെ നിരാകരിക്കാൻ ശ്രമിക്കുകയാണ്. വിവാഹത്തിനു മുൻപ് താൻ പ്രസവിച്ച തന്റെ കുട്ടിയെ നിങ്ങൾ എന്തു ചെയ്തു എന്നവൾ രക്ഷിതാക്കളോടു ചോദിക്കുന്നു. ഭരണകൂടത്തോടു ചോദിക്കുന്നു. താൻ കൂടി ഭാഗമായ പാർട്ടി സംവിധാനങ്ങളോടു ചോദിക്കുന്നു. ആണിലെ അയാളെ മാത്രം കേൾക്കുന്ന വക്താവിനെ അവൾ അനായാസം പുറത്താക്കുകയാണ്. മൂല്യബോധങ്ങൾക്കു താളം പിഴക്കുക തന്നെ ചെയ്യും.
സിനിമയിലാണെങ്കിൽ, പുരാണത്തിലോ മിത്തുകളിലോ വേദപുസ്തകത്തിലോ ആണെങ്കിൽ നായികക്കൊപ്പം നിന്ന് നമുക്ക് ദിവ്യത്വം നൽകി വേഗം ശുഭപര്യവസായി ആക്കാവുന്ന ഒരു കഥയായിരുന്നു ഇത്. പലതരം അനുമാനങ്ങളിലൂടെ കഥയെ നമ്മുടെ സാമാന്യയുക്തിക്കൊത്ത് പരിണമിപ്പിക്കാമായിരുന്നു.
പക്ഷേ വളരെ വേഗത്തിലായിരുന്നു അനുപമയുടെ വരവ്. ഒരുറച്ച തീരുമാനമുണ്ടവൾക്ക്. ഒരിക്കൽ പോലും പത്രക്കാരുടെയും ഉഗ്രശാസനക്കാരും പ്രബലരുമായ ശത്രുക്കളുടെയും മുന്നിൽ അവൾ കരയുന്നില്ല. തളരുന്നില്ല. അമ്മ, മുലപ്പാൽ തുടങ്ങിയ പതിവ് വൈകാരിക ഗോഷ്ടികൾ പുറത്തെടുക്കുന്നില്ല. തല കുനിക്കുന്നില്ല. തോന്നുന്ന വിധത്തിൽ കഥ മെനയുന്ന സമൂഹത്തോട് വിശദീകരണവുമായി ചെല്ലുന്നില്ല. വ്യസനമോ നിസ്സഹായതയോ ഭാവിക്കുന്നില്ല. വികാരങ്ങൾ കൊണ്ട് കഥമെനയാൻ ഒരുങ്ങി നിൽക്കുന്നവരുടെ മുന്നിൽ തരിമ്പും കൂസലില്ലാതെ അവൾ "എന്റെ കുട്ടി എന്റെ കുട്ടി ' എന്ന ഒറ്റ ബലത്തിൽ നിൽക്കുകയായിരുന്നു അവർ. കേരളം ആദ്യമായി നേരിടുകയാണ് ഇങ്ങനെ ഒരു സമരത്തെ. നിങ്ങൾ ആവർത്തനവിരസത ഒഴിവാക്കി പുതിയ കഥയുണ്ടാക്കിക്കളിക്കൂ എന്നൊരു കൂസലില്ലാത്ത ഭാവം ഞാൻ ഇതിനു മുൻപു കണ്ടത് തകഴിയുടെയും ഉറൂബിന്റെയും ചില നായികമാരിൽ മാത്രമാണ്. "എന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ തന്ത ആരായാൽ തനിക്കെന്താടോ' എന്ന് തകഴിയുടെ ഒരു സ്ത്രീ കഥാപാത്രം ചോദിക്കുന്നത് വായിച്ചിട്ടുണ്ട്. സാഹിത്യ സായന്തനങ്ങളിലെ ചർച്ചയല്ല ഇത്. സാഹിത്യബാഹ്യമായും സ്ത്രീയുടെ ഭൗതികാവസ്ഥകൾക്ക് ഏറെ മാറ്റങ്ങളുണ്ടായിരിക്കുന്നു. വൈകാരികാവസ്ഥകൾക്കും മാറ്റമുണ്ടാകുന്നു എന്നു തന്നെയാണ് അനുപമയുടെ സമരം തെളിയക്കുന്നത്. ശുഭസംഗീതത്തിന്റെയോ ആത്മീയ സൗഹൃദങ്ങളുടെയോ അകമ്പടി ഇവിടെയാവശ്യമില്ല.
കേരളസമൂഹം ആദ്യത്തെ വിളർച്ച മറച്ചുവെച്ച് പതിവു പോലെ തെറിവിളികൾ തുടങ്ങി. അനുപമ കേൾക്കുന്നില്ല അതൊന്നും. "എനിക്കു പറയാനുള്ളത് പറഞ്ഞു, കുട്ടി എന്റെയാണ്. അതിനെ എനിക്കു വേണം. അതിന്റെ അച്ഛനാരാണെന്ന് നിങ്ങൾ അറിയേണ്ടതില്ല. കടന്നുപോകു'. ഗുണപാഠ ചിഹ്നമാവാനോ ബലിമൃഗമാകാനോ തയ്യാറല്ലാത്ത ഒരു സ്ത്രീയെ നേർക്കുനേരെ കണ്ടാൽ ഒരു കപട സദാചാരസമൂഹം എന്തൊക്കെ വൈകൃതങ്ങൾ കാട്ടിക്കൂട്ടുമോ അതെല്ലാം പൊതുസമൂഹം കെട്ടിയാടുകയാണ്. പെണ്ണിന്റെ ജീവിതമുപയോഗിച്ചുള്ള പന്തുകളിയോളം വിനോദപ്രദമായ മറ്റെന്തുണ്ടീ ലോകത്ത് !... പഴയ നിയമത്തിൽ സോദോം ഗോമോറാ നഗരങ്ങളിന്മേൽ ദൈവകോപം തീയും ഗന്ധകവുമായി വർഷിക്കപ്പെട്ടതു വായിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യരാണ് തീ തുപ്പുന്നത്.
തീ മാത്രമല്ല, സഹതാപവും വെറുപ്പും വാത്സല്യവും വേണ്ടിടത്ത് വേണ്ടിടത്ത് വാരിവിതറുകയാണ്. കമ്പോടുകമ്പ് ഭാവനാ നിർഭരമായ കഥകൾ മെനയുകയാണ്. കുഞ്ഞിനെയും കൊണ്ട് നടന്നു വരുന്ന ശിശുക്ഷേമ വകുപ്പുദ്യോഗസ്ഥയിൽ പോറ്റമ്മയുടെ നെഞ്ചിലെ പാലാഴി കണ്ടെത്തി. പെറ്റമ്മക്ക് പൂരപ്പാട്ടെഴുതി. മലയാളി മനസ്സിന്റെ വൃത്തികെട്ട പൊത്തുകളിൽ നിന്നെല്ലാം വിഷപ്പാമ്പുകൾ പുറത്തേക്ക് നാവു നീട്ടുകയും വിഷം തുപ്പുകയും ചെയ്തു. ഔദ്ധത്യങ്ങളും മുൻവിധികളും മുഴുവൻ അനുപമയുടെയും അജിത്തിന്റെയും തലക്കുമുകളിൽ കയറ്റി വെച്ചു. ഡൽഹിയിലെ നിർഭയയുടെ ശരീരത്തിൽ അടിച്ചു കയറ്റിയ പാരകൾ ഇവിടെ മലയാളികളുടെ നാവുകളിൽ എഴുന്നു നിന്നു . നാവുകളെല്ലാം ഉദ്ധരിച്ച പുല്ലിംഗങ്ങളായി. ഒച്ചയുടെ സ്വാതന്ത്ര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അവർ ഓടി നടന്നു. താത്കാലിക ദത്തിന് ചില നിയമ നിബന്ധനകളുണ്ട്. ആ നിയമങ്ങളിലടങ്ങിയ വസ്തുതകൾ കണ്ടില്ലെന്ന് നടിച്ച കുലജന്മങ്ങൾ ദീർഘ നിശ്വാസങ്ങളുടെ ശോകതാളങ്ങളിൽ പോറ്റമ്മയുടെ കണ്ണുനീർ സങ്കൽപിച്ച് നെടുവീർപ്പിട്ടു. ലൈംഗിക വൈകൃതത്താൽ ഒരു സമൂഹം അതിന്റെ ആവേഗങ്ങളും സന്തോഷവും അനുഭവിച്ചു. നൂറ്റൊന്നാവർത്തിച്ച തെറികൾ പുളിച്ചുതേട്ടി. അട്ടഹാസത്തിന്റെ ഐക്കണുകൾ വാരിവിതറി. നുണക്കഥകളെ പിന്തുണച്ചും പിന്തുടർന്നും മാധ്യമങ്ങളും തളർന്നു. എങ്ങനെ മനുഷ്യരാകാതിരിക്കാമെന്നതിന് എല്ലാവരും തങ്ങളാലാകും വിധം കിണഞ്ഞു പരിശ്രമിക്കുകയാണ്.
എന്തിനാണ് മനുഷ്യരേ നിങ്ങളിത്ര പരവശരാകുന്നത് ! എന്തിനെയാണ് ഹേ നിങ്ങളിത്ര ഭയപ്പെടുന്നത് ! ഒരു സ്ത്രീ അവർ പ്രസവിച്ച കുട്ടിയെ ചോദിച്ചതിനോ? ടി.വി.കൊച്ചുബാവ ഒരു കഥയിൽ പറയുന്നുണ്ട്, "ഞങ്ങളുടെ മുറികളിൽ വെളിച്ചത്തിനല്ല സ്ഥാനം, മനുഷ്യശരീരത്തിന്റെ മർമ്മങ്ങൾക്കാണ്. പരുക്കു പുറത്തു കാണാത്ത വിധം മർമ്മത്തിൽ തൊഴിക്കാൻ ഞങ്ങൾ ട്രെയിനിങ് നേടിയിട്ടുണ്ട്. "നാടിന്റെ പരമദയനീയത ഉച്ചസ്ഥായിയിലെത്തിയിട്ടും അനുപമ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൾ ഉറച്ചു നിന്ന് പറഞ്ഞത് ഒരേ കാര്യം മാത്രം എന്റെ കുട്ടിയെ എനിക്കു വേണം. ക്രൂരഭരണങ്ങളെയും ദാസ്യങ്ങളെയും മറികടന്നുകൊണ്ടല്ലാതെ പാട്രിയാർക്കൽ രേഖയെ എങ്ങനെ മറികടക്കും എന്നതിന് അനുപമ ആധുനികസ്ത്രീക്ക് ഉത്തമ ദൃഷ്ടാന്തമാവുകയാണ്.
പെറ്റമ്മ, പോറ്റമ്മ തുടങ്ങിയ വൈകാരിക കൽപനകൾ, അതേ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങൾ ഒക്കെ ഒരു വലിയ കള്ളമാണെന്ന്, വലിയ ചതിക്കുഴിയാണെന്ന്, വെറും നാട്യങ്ങളാണെന്ന് ഇന്നുവരെയുള്ള സാമൂഹികാനുഭവങ്ങൾ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീയോട് നിർണ്ണായകഘട്ടങ്ങളിലെല്ലാം നിന്ദ്യമായി മാത്രം പെരുമാറുവാൻ ശീലിച്ച ആൺ പെണ്ണടക്കമുള്ള സമൂഹത്തിന്റെ പച്ചക്കള്ളങ്ങൾ. പുറംപൂച്ചുകൾ ഇങ്ങനെ പല രൂപത്തിൽ പുറത്തുവരും.
ജാത്യാധികാര ഭീകരതയുടെയും, സാമ്പത്തികാധികാര ധാർഷ്ട്യത്തിന്റെയും പാട്രിയാർക്കൽ അധികാരഘടനയുടെയും ക്രൂരവും കഠിനവുമായ ദുർവ്വാശികൾക്കു കൂടിയാണ് മുൻപ് നീനുവും കെവിനും എന്നതു പോലെ ഇന്ന് അനുപമയും അജിത്തും ഇരയായിരിക്കുന്നത്. ഒരു ജനത അഭിമാനപൂർവ്വം അണിഞ്ഞു നടന്നിരുന്ന എല്ലാ പുരോഗമന നാട്യങ്ങളുടെയും മുഖം മൂടിയാണ് രണ്ടു ഘട്ടത്തിലും അഴിഞ്ഞു വീണിരിക്കുന്നത്. ആ മുഖംമൂടിക്കടിയിലെ ബീഭത്സമായ ജാതിവൈകൃതവും ലിംഗപരമായ ആൺകോയ്മാഭാസങ്ങളും കുടുംബ സംബന്ധിയായ നഗ്നമായ ദുരഭിമാനങ്ങളുമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
നീനുവോ കെവിനോ അനുപമയോ അജിത്തോ മാത്രം നേരിടേണ്ട പ്രതിസന്ധിയല്ല ഇത്. കപട സാംസ്കാരികച്ചട്ടയണിഞ്ഞ കേരളീയസമൂഹം ഒന്നടങ്കം നേരിടുന്ന ആപത് സന്ധിയാണ്. സ്വന്തം തെരഞ്ഞെടുപ്പുകൾക്ക് മേൽ ബാഹ്യശക്തികൾ നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനെയാണ് നമ്മൾ ഫാസിസത്തിന്റെ ഒരടയാളമായി കാണുന്നതെങ്കിൽ കേരളം ഫാസിസത്തിലേക്ക് വളരെ വേഗം ഓടിയടുക്കുകയാണ് എന്ന് പറയാതെ വയ്യ. തെരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ചെറുപ്പക്കാരുടെ ഒപ്പമാണ് എന്നഭിനയിക്കുന്ന പലരുടെയും ഉള്ളിലുള്ള ജാതീയവിഷം പുളിച്ചു തേട്ടി വരുന്നത് നമ്മൾ കേൾക്കുന്നുണ്ടായിരുന്നു. കെവിനെ ശാരീരികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്ത അക്രമികൾ പ്രതിനിധാനം ചെയ്യുന്നത്, ജാതീയമായ വെറികളും അസഹിഷ്ണുതയും ഉള്ളിൽ കൊണ്ടു നടക്കുന്ന മറ്റൊരു വലിയ സമൂഹത്തെത്തന്നെയാണ്. അവനതു കിട്ടണം, അവൾക്കങ്ങനെ തന്നെ വരണം, പെണ്ണിനെ കയറൂരി വിട്ട വീട്ടുകാരെ തല്ലണം, ഒന്നേയുള്ളെങ്കിലും ഉലക്കക്കടിച്ചു വളർത്തണം എന്നൊക്കെയുള്ള ആക്രോശങ്ങൾ തെളിയിക്കുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെയുള്ളിൽ അടിഞ്ഞു കിടക്കുന്ന ജാതി വെറിയുടെയും പുരുഷാധിപത്യത്തിന്റെയും മാലിന്യങ്ങളെത്തന്നെയാണ്.
ഭാര്യയുടെയും മകളുടെയും സ്വാതന്ത്ര്യാഭിലാഷങ്ങൾക്കുനേരെ പല്ലുകടിച്ച് കയ്യോങ്ങി മൂച്ചു കാണിക്കുന്ന ആണുങ്ങൾ തന്നെ അനുപമയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകും. അത്തരമാണുങ്ങളുടെ അടിമപ്പണി ചെയ്യുന്നത് സദാചാരമാണെന്നു കരുതുന്ന പെണ്ണുങ്ങൾ തന്നെ അനുപമയുടെ സദാചാരത്തിലുൽക്കണ്ഠപ്പെടും. തന്റെയാരുമല്ലെന്നുറപ്പുള്ള സ്ത്രീയെ, അമ്മയുടെ ലൈംഗികാവയവങ്ങളെ കുറിച്ചുള്ള തെറികൾ പറഞ്ഞ് കൊണ്ടു തന്നെ കുലീനതാപക്ഷത്തു ചേർന്ന് നിൽക്കും. ഒരു സ്ത്രീയുടെ സമരം ചെറുതായിക്കണ്ട് മറ്റൊരു സ്ത്രീയുടെ സഹനം വാഴ്ത്തും. ഇതെല്ലാം ഒരേ പോലെ പരമ ബോറായ നാട്യങ്ങളാണ്. ലജ്ജയില്ലാത്ത ഇരട്ടത്താപ്പാണ്.
നീതിനിഷേധത്തിന് കൂട്ടുനിന്നവർക്കെതിരെ ഭരണ സംവിധാനത്തിൽ നിന്ന് ഉചിതമായ തീരുമാനങ്ങൾ വളരെ വേഗത്തിൽ ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആരുടെയായാലും അവിഹിതമോ, പരപുരുഷബന്ധമോ, കന്യകാഗർഭമോ ഒന്നുമല്ല ഇവിടെ വിഷയം. ഒരു പിഞ്ചുകുഞ്ഞിനെയും രണ്ടു സ്ത്രീകളെയും വെച്ചുള്ള വൈകാരിക ചൂഷണത്തെ കുറിച്ചു വായിച്ചു രസിക്കാനും കണ്ണുനീരൊഴുക്കാനും വൃത്തികെട്ട കഥകളുണ്ടാക്കാനും കാണിക്കുന്ന ഈ താത്പര്യങ്ങളോളം വലിയ അശ്ലീലമൊന്നും അനുപമയുടെയോ അജിത്തിന്റെയോ ജീവിതത്തിലില്ല. അതു തിരിച്ചറിയാനുള്ള വിവേകം കൂടി നഷ്ടപ്പെട്ട സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്.
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. കുടയുന്തോറും മുറുകുന്ന ഒരു കുരുക്കാണിത്. വിശ്വാസ്യത നഷ്ടപ്പെടാതെ സർക്കാർ അതിന്റെ പൊതുസംവിധാനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അവിടങ്ങളിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. ഒട്ടും വൈകിക്കൂടാ. ഇടതുപക്ഷത്തിനെതിരെ അനുപമയെ ആയുധമാക്കുന്നു എന്ന ന്യായവാദവുമായി വരുന്നതിനു പകരം സർക്കാരിന് നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് സത്യത്തിനനുകൂലമായി നടപടികൾ ഉറപ്പിക്കാനുള്ള ധാർമ്മിക പിന്തുണ നൽകുകയാണ് ഇടതുപക്ഷ പ്രവർത്തകർ ചെയ്യേണ്ടത് എന്നു തോന്നുന്നു.
പവിത്രൻ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമയും സമാനവിഷയം കൈകാര്യം ചെയ്ത എന്റെ കാണാക്കുയിൽ തുടങ്ങിയ മറ്റനേകം സിനിമകളും ഓർമ്മപ്പെടുത്തുന്നതാണ് അനുപമയുടെ അനുഭവം. ഇമ്മാനുവേൽ എന്ന് താൻ പെറ്റുപേരിട്ട കുഞ്ഞിനെ അധികാരബലത്തിൽ അച്ഛൻ അനാഥാലയത്തിനു കൈമാറ്റം ചെയ്യുന്നതും വർഷങ്ങൾക്കു ശേഷം ആ കുഞ്ഞിനെ ദയനീയ സാഹചര്യത്തിൽ അമ്മ കണ്ടെത്തുന്നതും പഴയ ചില ഓർമ്മകളുടെ ആഘാതത്തിൽ അമ്മ ആത്മഹത്യ ചെയ്യുന്നതുമാണ് ഉത്തരം എന്ന സിനിമയുടെ പ്രമേയം. ചിത്രമുണ്ടാക്കിയ ഞെട്ടൽ വലുതായിരുന്നു. ഡാഫ്നെ ഡ്യു മോറിയർ ടെ "No Motive" എന്ന പ്രശസ്തമായ കഥയെ ആധാരമാക്കിയാണ് ഉത്തരം സിനിമ പവിത്രൻ സംവിധാനം ചെയ്തത്.

ലോകത്തിലെവിടെയും ആരുടെയെങ്കിലും ദുരഭിമാന ഭീകരതയ്ക്ക് ഇരയാവുന്ന കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് കഥ പറയുന്നത്. എം. ടി യുടെ തിരക്കഥയിൽ പുറത്തിറങ്ങിയതാണ് മലയാളത്തിൽ ഈ ചിത്രം. അനുപമയുടെ അച്ഛൻ പറഞ്ഞതുപോലെ തന്നെ സെലീനക്ക് കുഞ്ഞിനെ നോക്കാൻ കഴിയാത്തതുകൊണ്ട് "ജുഡീഷ്യൽ പ്രോസസ്സ് 'ലൂടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്ക് കൈമാറി എന്നാണ് സിനിമയിൽ കരമന ജനാർദ്ദനൻനായർ അവതരിപ്പിക്കുന്ന പുരോഹിത കഥാപാത്രമായ അച്ഛനും പറയുന്നത്. സ്വന്തം കുഞ്ഞിനെ കയ്യിൽ കിട്ടാനായി അമ്മ നടത്തുന്ന സമരങ്ങൾക്ക് എതിർ നിൽക്കുന്നത് എല്ലാക്കാലത്തും അധികാര രൂപത്തിലുള്ള ഇത്തരം അച്ഛന്മാരും പാട്രിയാർക്കിയുടെ അടിമകളായ സാധുരൂപം കെട്ടിയ അമ്മമാരും തന്നെ.
വനിതാ കമീഷനും ശിശുസംരക്ഷണ സമിതിയും രാഷ്ട്രീയത്തിലെ സ്ത്രീ നേതൃത്വവും കുടുംബത്തിലേതെന്ന പോലെ പാട്രിയാർക്കൽ ഭരണകൂടത്തിന്റെ അടിമകളായ സാധുരൂപം കെട്ടിയ പൊന്നമ്മമാരാകരുത്. ആറുമാസമായി അനുപമ സ്വന്തം കുഞ്ഞിനെത്തേടി അലയുകയാണ്. സ്ത്രീ പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സർക്കാർ അവർക്കൊപ്പം നിൽക്കണം.
ആൾക്കൂട്ടത്തിന്റെ ആഘോഷങ്ങൾ ഇപ്പോൾ തീരും. ആൾക്കൂട്ടം പിരിയും. മാധ്യമങ്ങൾ പുതിയ വിഷയങ്ങളിലേക്കു ആവേശത്തോടെ പാഞ്ഞു കയറും. ഹ്രസ്വകാല സ്മരണകൾ മാത്രമുള്ള സമൂഹം പെട്ടെന്നു അനുപമയെയും കുഞ്ഞിനെയും പിന്നിൽ തള്ളും. പക്ഷേ ഈ സമരം ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുക തന്നെ ചെയ്യും. ജീവിതത്തിന്റെ കാൽ ഭാഗം പോലും ജീവിക്കാത്ത ഒരു പെൺകുട്ടിയുടെ ആത്മബലത്തിൽ നിന്നും അവളുടെ ദുരനുഭവങ്ങളുടെ പൊള്ളലിൽ നിന്നും കേരളത്തിൽ പുതിയൊരു സ്ത്രീബോധം ഉയിർക്കൊള്ളുക തന്നെ ചെയ്യും.
കരുത്തോടെ വാശിയോടെ ചരിത്രം തിരുത്തിക്കുറിക്കുന്ന സ്ത്രീയാവുക എന്നത് ചെറിയ കാര്യമല്ല. അനുപമക്ക് കൂടുതൽ സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻ ബാധ്യസ്ഥമാണ് ഇന്നത്തെ ഇടതുപക്ഷസർക്കാർ. രക്തസാക്ഷികളുടേതു മാത്രമല്ല, വീറോടെ ചതികളെ നേരിട്ട വിജയികളുടേതും കൂടിയാണ് ചരിത്രം. അത് സർക്കാരിനെ ഓർമ്മിപ്പിക്കാൻ അനുപമ ഇവിടെയുണ്ടാകും. സുരക്ഷിതമായ, സ്വാശ്രയ ജീവിതത്തിലേക്ക് അനുപമയുടെ കുട്ടിയെ കൈ പിടിച്ചു നടത്തുവാനുള്ള ഉത്തരവാദിത്തം ഇന്നാട്ടിലെ വീറും വാശിയും അഭിമാനബോധവുമുള്ള ഓരോ പൗരനുമുണ്ട് . മടിക്കുത്തിൽ കത്തിയുമായി അച്ഛനെത്തേടി നടക്കുന്ന അരക്ഷിതരായ മോഹൻലാൽ കഥാപാത്രങ്ങളുണ്ടാക്കി വെച്ച രണ്ടാംകിട ബോധവുമായി ആ കുട്ടി വളരാനിടവരരുത്. ബൗദ്ധസാഹിത്യത്തിൽ സത്യകാമനോട് അമ്മയായ ജബാല പറഞ്ഞതു പോലെ, നീ അനുപമയുടെ മകനാണ്, അതാണ് നിന്റെ വിലാസം എന്നു പറയാൻ ആ കുട്ടിക്കു കഴിയണം. മനോഹരമായി ജീവിച്ചു കാണിക്കുക എന്നതാണ് ഏറ്റവും ശക്തമായ പ്രതികാരം. കല്ലുകൾ ദേഹത്തു വീണിട്ടും മുറിവേറ്റിട്ടും നിവർന്നുനിൽക്കാനും പോരാടാനുമുള്ള ശക്തമായ അടിത്തറയുണ്ടാക്കിയ സ്ത്രീ എന്നാകും അനുപമ ഓർമ്മിക്കപ്പെടുക. അനുപമക്കൊപ്പം നിൽക്കാൻ തല കുനിക്കാൻ തയ്യാറല്ലാത്ത, സ്വാഭിമാനത്തിൽ വിശ്വസിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ട്.
The mysterious case of Miss V എന്ന കഥയിൽ വിർജീനിയ വൂൾഫ് മിസ് വി യുടെയും അവരുടെ സഹോദരിയുടെയും കഥയാണ് പറയുന്നത്. അവരെ രണ്ടുപേരെയും കുറിച്ചെഴുതാൻ മിസ്. വി എന്ന പേര് തന്നെയാണ് എഴുത്തുകാരി ഉപയോഗിക്കുന്നത്. സത്യത്തിൽ അതുപോലെയുള്ള ഒരു ഡസൻ പേരെ കുറിച്ചെഴുതാനും അതേ പേരു തന്നെ മതിയല്ലോ. ‘ഞാനെന്തായാലും ഒരു കസേര തട്ടിമറിച്ചിടട്ടെ. ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് താഴത്തെ മുറിയിലെ താമസക്കാരന് ഇപ്പോഴെങ്കിലും മനസ്സിലാകട്ടെ' എന്നാണ് മിസ്. വി പറയുന്നത്.
അനുപമ ഒരു കസേര തട്ടി മറിച്ചിട്ടിട്ടുണ്ട് . ഒരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായി.
എഴുത്തുകാരി, അധ്യാപിക
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
എസ്. ശാരദക്കുട്ടി
Dec 13, 2022
5 Minutes Read
എസ്. ശാരദക്കുട്ടി
Oct 29, 2022
6 Minutes Read
International Day of Older Persons
എസ്. ശാരദക്കുട്ടി
Oct 01, 2022
5 Minutes Read
Truecopy Webzine
Jul 09, 2022
4 Minutes Read
അശോകകുമാർ വി.
Apr 23, 2022
10 Minutes Read