ആ പെൺകുട്ടി ഞാനായിരുന്നു

വ്യത്യസ്തതയ്ക്കും ആനന്ദങ്ങൾക്കും അർഹതയും അവകാശവുമുള്ള മനുഷ്യരെ ഭരണകൂടം ഒറ്റയടിക്കു റദ്ദുചെയ്തു കളയുന്ന വർത്തമാനകാല പരിസരത്ത്, 1890ൽ സർചക്രവർത്തിമാരുടെ ഭരണകൂട ഭീകരതക്കെതിരെ എഴുതപ്പെട്ട മാക്സിം ഗോർക്കിയുടെ '26 ആണുങ്ങളും ഒരു പെൺകുട്ടിയും' എന്ന കഥ അർത്ഥങ്ങളുടെ എത്രയെത്ര അടരുകളാണ് തുറന്നു തരുന്നത്. എക്കാലത്തെയും മികച്ച എഴുത്തുകാർ, അവരെ വായിക്കുന്ന ഹൃദയങ്ങളോട് ചെയ്യുന്ന വലിയ ചില ഉടമ്പടികളുണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് കഥയുടെ അനുഭവത്തെ സ്വന്തം വ്യക്തിത്വത്തിലേക്ക് ചേർത്തുനിർത്തി വേറിട്ട ഒരു വായന

രുണ്ട് കൽപ്പെട്ടി പോലെയുള്ളതും താഴ്ന്ന മേൽക്കൂരയുള്ളതും വൃത്തിയില്ലാത്തതുമായ വാസസ്ഥലം. അതിനുള്ളിൽ ചുട്ടുപഴുത്ത ഓവൻ പോലെ പണിമേശ. അതിനിരുവശത്തുമായി യന്ത്രങ്ങൾ നിരത്തിയാലെന്ന പോലെ മുഖാമുഖം നോക്കിയിരിക്കുന്ന 26 ആൺതൊഴിലാളികൾ. ഒഴിവാക്കപ്പെടുന്ന ദുർബലരായ മനുഷ്യരെ എവിടെക്കണ്ടാലും മാക്സിം ഗോർക്കിയുടെ ഈ കഥ എന്റെ കൺമുന്നിൽ ചലച്ചിത്രം പോലെ തെളിയും. പണിശാലയിൽ ബിസ്‌കറ്റുണ്ടാക്കുന്ന തടവുപുള്ളികളാണവർ. അവിടേക്കാണ് പ്രഭാത സൂര്യരശ്മിയെന്ന് തോന്നിപ്പിച്ച് താനിയ എന്ന പതിനാറുകാരി ദിവസവും ചെന്നുകയറുന്നത്.

വായിക്കുന്ന കഥകളിലെല്ലാം സ്വന്തം സാഹചര്യങ്ങളെ കണ്ടെത്തി അവയെ ദൃശ്യങ്ങളാക്കി കോർത്തുകോർത്തെടുത്ത് ചലച്ചിത്രത്തിലെന്നതുപോലെ അനുഭവിച്ചറിയുമായിരുന്ന കൗമാരകാലത്താണ് ഞാൻ താനിയയെന്ന പതിനാറുകാരിയെ പരിചയപ്പെടുന്നത്. സർ ഭരണകാലത്ത്, റഷ്യയിലെ തൊഴിലാളി ക്യാമ്പുകളുടെ ഭീതിദമായ ഇരുട്ടറകളിൽ പ്രഭാതകാന്തി പ്രസരിപ്പിച്ച പെൺകുട്ടി. തൊഴിലാളിവർഗത്തിന്റെ അന്നത്തെ മടുപ്പേറിയ, ആവർത്തന വിരസമായ ജീവിതമാണ് '26 ആണുങ്ങളും ഒരു പെൺകുട്ടിയും' (Twenty-six Men and a Girl) എന്ന കഥയുടെ ഇതിവൃത്തം. മുതലാളിയെയും അയാളെ നിലനിർത്തുന്ന സാമ്പത്തിക വ്യവസ്ഥയെയും പരിരക്ഷിക്കുവാൻ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ. തൊഴിലാളി യൂണിയനുകളോ സേവന വേതന വ്യവസ്ഥകളോ വിനോദങ്ങളോ വിശ്രമമോ ഇല്ല. ചൂഷണം മാത്രം.

undefined

ഈ കഥ ഞാൻ വായിക്കുന്ന കൗമാരകാലത്ത് കോട്ടയത്ത് തമിഴരും റെഢ്യാർ വിഭാഗത്തിൽപ്പെട്ടവരുമാണ് അയൽനാട്ടുതൊഴിലാളികളായി ആകെ ഉണ്ടായിരുന്നത്. ശീമാട്ടിയിലും അയ്യപ്പാസിലും പാർഥാസിലുമൊക്കെ തൊഴിലിന് വ്യവസായികൾ കൊണ്ടുവന്ന് വാടകവീടെടുത്തു കൊടുത്ത് അവരെ കൂട്ടത്തോടെ പാർപ്പിച്ചിരുന്നു.

അവിവാഹിതരായ ചെറുപ്പക്കാരുടെ ഇത്തരം വാടകവീടുകൾ ഞങ്ങളുടെ വീടിനടുത്ത് ധാരാളമുണ്ടായിരുന്നു. 'പാണ്ടികൾ താമസിക്കുന്ന വീട്' എന്നാണ് അവ അറിയപ്പെട്ടത്. ആ വീടിന്റെ മുന്നിലൂടെയാണ് ഞാൻ ദിവസവും തിരുനക്കര അമ്പലത്തിലേക്ക് പോയിരുന്നത്. നാടുകണ്ട്, കാഴ്ചകൾ കണ്ട്, ചിരിച്ച്, ഇളകി, ഒഴുകി പറക്കാൻ അനുവാദമുള്ള പരിമിതമായ ദൂരപരിധിക്കുള്ളിലെ യാത്രകളായിരുന്നു അതെല്ലാം.

വഴിയിൽ ഈ വീട്ടിനു മുന്നിലെത്തുമ്പോൾ 'പാണ്ടികൾ' എന്നെയും ഞാനവരെയും ശ്രദ്ധിക്കുകയും അതിൽ ഞാൻ സ്വകാര്യമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്തിരുന്നു. ആ ചെറിയ വീട്ടിൽ അവർ ജീവിക്കുന്ന ജീവിതം ഞാൻ സങ്കൽപ്പിച്ചിരുന്നത് മാക്‌സിം ഗോർക്കിയുടെ ഭാഷയിലും ഭാവനയിലുമാണ്.
ഗോർക്കിയുടെ കഥയിൽ കണ്ട അത്രയും തന്നെ ഇരുണ്ടതായിരിക്കുമോ അവരുടെ മുറികൾ? തൊഴിലെടുത്തു തളരുമ്പോൾ അവർക്കും വിനോദോപാധികളൊന്നുമുണ്ടായിരിക്കില്ലല്ലോ. കഥയിലേതു പോലെ മാറാല തൂങ്ങി കറുത്തതും പുക പിടിച്ചതുമായിരിക്കുമോ അവരുടെ ചുവരുകൾ? അവിടെ ചുട്ടുപഴുത്ത ഓവനിരുവശത്തുമെന്നതു പോലെ ഈ മനുഷ്യയന്ത്രങ്ങൾ പരസ്പരം നോക്കി ഇരിക്കുന്നുണ്ടാകുമോ? ഭൂതകാലത്തെ മുറിവുകളെ വീണ്ടും കുത്തിയെടുത്ത് വ്രണപ്പെടുത്തുന്ന പാട്ടുകളാകുമോ രാത്രികളിൽ അവർ പാടുന്നുണ്ടാവുക? പെണ്ണുങ്ങളുടെ പ്രസരിപ്പും ചിരിയും തിളക്കങ്ങളുമില്ലാത്ത ആൺമുറികൾ.

തീർച്ചയായും അവരുടെ അവസ്ഥകൾ ഗോർക്കിയുടെ കഥയിലേതുപോലെ അത്രക്ക് മോശമായിരിക്കാനിടയില്ലെന്നറിയാമെങ്കിലും റഷ്യയിലെ ബിസ്‌കറ്റു നിർമ്മാണശാലയെ എന്റെ ഭാവനാപരിസരത്തേക്കു ഞാൻ കൊണ്ടുവന്നത് ഈ വീട്ടിലൂടെയാണ്.

അവിടേക്കാണ്, മറ്റു തൊഴിലിടങ്ങളിലേക്കുള്ള ബിസ്‌കറ്റു വാങ്ങാൻ ദിവസവും താനിയ കടന്നു ചെല്ലുന്നതായി ഞാൻ സങ്കൽപിക്കുന്നത്.

സാധാരണ ആണുങ്ങൾ പെണ്ണുങ്ങളെക്കുറിച്ചു പറയുന്ന മാതിരി കഥകളൊന്നും അവർ താനിയയെക്കുറിച്ചു പറയില്ല. കാരണം അവർക്ക് അവളോട് ആരാധനയുണ്ടായിരുന്നു. കഥയിലെ ആഖ്യാതാവു പറയുന്നുണ്ടല്ലോ, ആരെയെങ്കിലും ആരാധിച്ചുകൊണ്ടല്ലാതെ നമുക്ക് ജീവിതം സാധ്യമല്ല എന്ന്. ഈ ലോകത്ത് താനിയ മാത്രമാണ് അവരെ മനുഷ്യകുലത്തിൽപെട്ടവരെന്ന പരിഗണനയോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നത്.

തുണിക്കടയിലെ തൊഴിലാളികൾ എന്റെ ഭാവനയിൽ അങ്ങനെ ഗോർക്കിയുടെ കഥയിലെ തടവുപുള്ളികളായി. അവരെന്നെ ആരാധനയോടെയാണ് കാണുന്നതെന്ന ഭാവത്തിൽ താനിയയെ പോലെ ഞാനവരെ എനിക്കാവുന്നത്ര മനോഹരമായി നോക്കി. തൊഴിലാളികളായ ആ ചെറുപ്പക്കാരെ അന്ന് വർധിച്ച സ്നേഹത്തോടെ നോക്കുവാൻ എനിക്കു പരിശീലനം കിട്ടിയതിൽ മാക്സിം ഗോർക്കിയുടെ കാരുണ്യത്തിന് വലിയ പങ്കുണ്ട്. എക്കാലത്തെയും മികച്ച എഴുത്തുകാർ, അവരെ വായിക്കുന്ന ഹൃദയങ്ങളോട് ചെയ്യുന്ന വലിയ ചില ഉടമ്പടികളുണ്ട്.

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഈ തൊഴിലാളികൾ താമസിക്കുന്നതിന്റെ എതിർവശത്തെ വീട്ടിലെ വിധവയായ ബ്രാഹ്മണ സ്ത്രീക്ക് ഉയരവും സൗന്ദര്യവുമുള്ള മൂന്ന് ആൺമക്കളുണ്ടായിരുന്നു. ധനികരായ ഇവർക്ക് ജോലിയൊന്നുമുണ്ടായിരുന്നതായി ഓർക്കുന്നില്ല. എന്നാൽ എല്ലാ പെൺകുട്ടികളെയും തങ്ങളുടെ അവകാശം പോലെ ആകർഷണീയമായി നോക്കുവാനുള്ള കഴിവുണ്ടായിരുന്നു. അമ്പലത്തിൽ പോകുമ്പോൾ എനിക്കിവരെയും കാണാമായിരുന്നു. ഞാനവരെയും അവരെന്നെയും നോക്കുന്നുണ്ടായിരുന്നു. എന്നെക്കുറിച്ചവരെന്തായിരിക്കും ചിന്തിക്കുക എന്ന പതിവു പെൺചിന്തയൊന്നും ഒരിക്കൽ പോലും ആ നോട്ടത്തിൽ നിന്നെന്നെ തടഞ്ഞിരുന്നില്ല.

മാക്സിം ഗോർക്കിയുടെ കഥയിലെ തൊഴിൽശാലയിൽ വെളുത്ത റൊട്ടിയുണ്ടാക്കുന്നവരെ ഞാൻ കണ്ടത് ആ വെളുത്ത ചെറുപ്പക്കാരുടെ ഛായയിലായിരുന്നു. ഇങ്ങനെ രണ്ടുതരം ജീവിതം ജീവിക്കുന്ന ആണുങ്ങളുടെ ഇടയിലൂടെ, കഥയിലെ ബിസ്‌കറ്റ് നിർമാണ മുറിയിലെന്നതുപോലെ ഞാൻ നടന്നു. ഒരു കൂട്ടർ വൃത്തിയുള്ള വസ്ത്രവും ഭക്ഷണവും അനുഭവിച്ചിരുന്നവർ. വെളുത്ത റൊട്ടിയുണ്ടാക്കുന്നവർക്കു കിട്ടുന്ന ആനുകൂല്യങ്ങളോ സ്വാതന്ത്ര്യമോ മാനുഷിക പരിഗണനകളോ ഒന്നും തടവുപുള്ളികൾക്കു കിട്ടിയിരുന്നില്ല.

എല്ലാ പെൺകുട്ടികളെയും നോക്കാനുള്ള അവകാശം പോലും അവർക്കെന്നതുപോലെ തങ്ങൾക്കില്ലെന്നാണ് തടവുപുള്ളികൾ വിശ്വസിച്ചിരുന്നത്.

വ്യക്തിത്വമില്ലാത്തവരും മൃഗങ്ങളിൽ നിന്നോ വസ്തുക്കളിൽ നിന്നോ വ്യത്യസ്തരല്ലാത്തവരും നല്ല വസ്ത്രമോ കിടക്കാൻ നല്ല മുറിയോ ഇല്ലാത്തവരുമായ അവർ കള്ളന്മാരും കൊള്ളരുതാത്തവരുമായതിനാൽ അവരെ സൂക്ഷിക്കണമെന്നതാണ് ഇത്തരക്കാരെ കുറിച്ചു പ്രചാരത്തിലുള്ള മിത്തുകൾ.

അവർക്ക് രൂപഭംഗിയില്ലാത്തതു കൊണ്ട് പെൺകുട്ടികൾ അവരെ തിരിഞ്ഞു നോക്കുകയുമില്ലെന്ന് ബിസ്‌കറ്റ് കമ്പനിയിലെ പൊങ്ങച്ചക്കാരനായ സൈനികോദ്യോഗസ്ഥൻ വീമ്പിളക്കുമായിരുന്നു. തന്റേടിയായ താനിയയെ പോലും ഒരു കണ്ണിറുക്കലിൽ തനിക്ക് കീഴ്പ്പെടുത്താനാകുമെന്നയാൾ പറഞ്ഞത് തൊഴിലാളികളെ അസ്വസ്ഥരാക്കുന്നുണ്ട്. താനിയ അവർക്കു പ്രിയപ്പെട്ട പെൺകുട്ടിയാണ്.

കോളനിവത്കരണം എങ്ങനെയാണ് അധിനിവേശകനെയും അധിനിവേശിതനെയും സൃഷ്ടിക്കുന്നത് എന്ന് ആൽബർട്ട് മെമി എഴുതിയിട്ടുണ്ടല്ലോ. രണ്ടു കൂട്ടരെയും അത് ഒരേപോലെ അപമാനവീകരിക്കുന്നു, നശിപ്പിക്കുന്നു. യന്ത്രങ്ങളാക്കി മാറ്റുന്നു. താനിയയുടെ സാന്നിധ്യവും പ്രസരിപ്പും ഈ തൊഴിലാളികളിൽ ഊർജ്ജം നിറച്ചതോടെ അവർ സ്വയം മറന്ന് അധികവേല ചെയ്യുന്നത് പതിവായി എന്ന് കഥയിൽ സൂചനയുണ്ട്.

താനിയയും തൊഴിലാളികളും ഒരേപോലെ മുതലാളിക്കു ലാഭമുണ്ടാക്കുവാനുള്ള ഉപകരണങ്ങൾ മാത്രമാണ്. താനിയയുടെ സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് മുതലാളിയുടെ ആവശ്യമായിരുന്നു. മികച്ച ബിസ്‌കറ്റ് താനിയക്കു വേണ്ടി പാകം ചെയ്യപ്പെട്ടു. തൊഴിലാളികളുണ്ടാക്കുന്ന ബിസ്‌കറ്റ് വാങ്ങാൻ വേണ്ടി മാത്രമായിരുന്നു അവൾ അവിടെ ചെന്നിരുന്നത്. അല്ലെങ്കിൽ പിന്നെ പാകമല്ലാത്ത കുപ്പായം ഒന്നു പാകപ്പെടുത്തിത്തരുമോ എന്നു ചോദിച്ചവനോട് അവൾ പുച്ഛത്തിൽ മുഖം തിരിക്കണമായിരുന്നോ? അർഹതയില്ലാത്തവരെടുത്ത അനാവശ്യ സ്വാതന്ത്ര്യമായാണ് അവൾ അവരുടെ ചെറിയ ആവശ്യത്തെ കണ്ടതും. തൊഴിലാളികൾക്ക് മികച്ച രീതിയിൽ പണിയെടുക്കുവാനുള്ള പ്രലോഭനം മാത്രമായിരുന്നു താനിയ എന്നു സംശയം തോന്നുന്ന ആ വായനാനേരങ്ങൾ വലിയ അസ്വസ്ഥതയാണുണ്ടാക്കിയത്.

undefined

വ്യത്യസ്തതക്കും സന്തോഷത്തിനും വേണ്ടി വല്ലാതെ ആഗ്രഹിക്കുന്ന ആ മനുഷ്യർക്ക് നേരംപോക്കുണ്ടാക്കി കൊടുക്കുന്നുണ്ട് കഥയിൽ പാവേൽ എന്ന കഥാപാത്രം. പട്ടാളക്കാരനുമായി താനിയയെച്ചൊല്ലി പന്തയം വച്ചു കൊണ്ടായിരുന്നു അത്. രണ്ടാഴ്ചക്കുള്ളിൽ താൻ താനിയയെ വളച്ചിരിക്കുമെന്നാണ് പട്ടാളക്കാരന്റെ വെല്ലുവിളി.

മുതലാളി നൽകിയ അധികപ്പണിയും ജോലിഭാരവും മറന്ന് ഈ ആണുങ്ങൾ താനിയയെ പിന്തുടർന്നു. ആർക്കും വഴങ്ങാത്ത താനിയയെ താൻ വശത്താക്കുമെന്ന പട്ടാളക്കാരന്റെ വാദം തൊഴിലാളികൾക്ക് മറ്റൊരു തൊഴിൽ നൽകുകയാണ്. ഒളിഞ്ഞുനോട്ടമെന്ന തൊഴിൽ. എന്തു സംഭവിക്കും? അവൾ വഴങ്ങുമോ? സമയം ചെല്ലുന്തോറും അവരുടെ ആകാംക്ഷയേറുന്നു. പകൽ മുഴുവൻ അവർ ചിന്തിക്കുകയും യുക്തിപൂർവമായ സംവാദങ്ങളിലേർപ്പെടുകയും മുൻപത്തേക്കാൾ മനോഹരമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

പിശാചുമായി വിചിത്രമായ കളിയിലേർപ്പെട്ടതായി അവർക്കു തോന്നുകയും വിരസത മറന്നു പോവുകയും ചെയ്തു. പക്ഷേ താനിയ തങ്ങളോടെന്ന പോലെ ചുണക്കുട്ടിയായാണ് പട്ടാളക്കാരനുമായി ഇടപെടുന്നതെന്നു കണ്ട തൊഴിലാളികൾ നിരാശയിലാഴുന്നു. തന്നെ ഒളിഞ്ഞു നോക്കുന്ന തൊഴിലാളികളെക്കണ്ടു കുപിതയായ താനിയ പുച്ഛവും വെറുപ്പും ഒളിച്ചു വെക്കുന്നില്ല. 'പ്രാകൃതർ, ദുരിതം പിടിച്ച തടവുപുള്ളികൾ' എന്ന് ശപിച്ച് ഇറങ്ങിപ്പോവുകയാണ്. പിന്നീടവൾ ബിസ്‌കറ്റ് വാങ്ങാൻ ചെന്നിട്ടുമില്ല.

വ്യത്യസ്തതയ്ക്കും ആനന്ദങ്ങൾക്കും അർഹതയും അവകാശവുമുള്ള മനുഷ്യരെ ഭരണകൂടം ഒറ്റയടിക്കു റദ്ദുചെയ്തു കളയുന്ന വർത്തമാനകാല പരിസരത്ത്, 1890ൽ സർചക്രവർത്തിമാരുടെ ഭരണകൂട ഭീകരതക്കെതിരെ എഴുതപ്പെട്ട ഈ കഥ അർത്ഥങ്ങളുടെ എത്രയെത്ര അടരുകളാണ് തുറന്നു തരുന്നത്.

മടുപ്പിക്കുന്ന ജീവിത സാഹചര്യങ്ങളിൽ, വൈകാരിക മുരടിപ്പുകളും അരക്ഷിതത്വവും മനുഷ്യരെ എന്തെന്തുതരം അരാജകത്വങ്ങളിലേക്ക് ചെന്നെത്തിക്കില്ല? ഭരണകൂടം കൂടി ഉത്തരവാദിയായതിനാൽ തെരുവു ജീവിതങ്ങൾ എത്തിപ്പെടുന്ന ദുരവസ്ഥകൾക്കെല്ലാം ഒരർത്ഥത്തിൽ നീതീകരണമുണ്ട്. അവർ ചെയ്യുന്ന കൊടുംപാതകങ്ങളുടെ പാതിശിക്ഷ ഭരണകൂടത്തിനും അവരെ കുറ്റവാളികളാക്കി മാറ്റുന്ന സമൂഹത്തിനും അവകാശപ്പെട്ടതാണ്.

സൗന്ദര്യ ശാസ്ത്രപരമായി സെക്ഷ്വൽ സൈക്കോളജിയെ സമീപിക്കുന്ന കഥയായാണ് പത്തുകൊല്ലം മുൻപ് ഈകഥ വായിച്ചതെങ്കിൽ പൗരത്വം നിഷേധിക്കപ്പെടുന്നവരും പിറന്ന നാട്ടിൽ അധമ ജീവിതം ജീവിക്കേണ്ടി വരുന്നവരുമായ എത്രയോ നിസ്വജീവിതങ്ങളെയാണ് ഇന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നത്.

പ്രത്യാശ നഷ്ടപ്പെട്ട പൗരസമൂഹം കൂടുതൽ സന്ദേഹങ്ങളിലേക്ക് ആഴുമോ? അതോ നിലനിൽപ്പിനും അതിജീവനത്തിനുമായി നവീനവും ശക്തവുമായ മറ്റ് ആശയത്തിലേക്കു നീങ്ങുമോ? കഥ ഉത്തരമൊന്നും തരുന്നില്ല. മാനുഷികാവസ്ഥകളിലെ ചേരിതിരിവുകളെയും അധികാര സമവാക്യങ്ങളെയും ശക്തമായി ഓർമിപ്പിക്കുകയും ചോദ്യം ചെയ്യുകയുമാണ്. ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യങ്ങളിൽ കഥ ആത്യന്തിക സത്യത്തോടും ജീവിതത്തോടും ചേർന്ന് നിന്ന് അഭയമേകുന്നു. സാമൂഹികാവസ്ഥകളെ ഭയന്ന് നേർക്കുനേർ പറയാനാകാതെ പോകുന്ന സത്യങ്ങളെ കഥ നിർഭയമായും നിശിതമായും വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഉത്സവക്കാലത്ത് തിരുനക്കര ക്ഷേത്രപരിസരത്ത് വെച്ച് അന്നത്തെ വസ്ത്ര സ്ഥാപനത്തിലെ തൊഴിലാളികളിലൊരാളെ കുടുംബസമേതം കണ്ടു. അയാൾ ഭാര്യയെയും മക്കളെയും സന്തോഷത്തോടെ പരിചയപ്പെടുത്തി. അന്നത്തെ "പാണ്ടി'കളിപ്പോൾ നല്ല മലയാളം പറയുന്ന ശരിക്കുള്ള മലയാളികളാണ്.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments