‘സാറാസ്​’ ​ഒരു വ്യാജ സ്​ത്രീപക്ഷ സിനിമ

ഗർഭധാരണം, മാതൃത്വം, പേരന്റിങ്, സ്ത്രീയുടെ കരിയർ നിർമിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുൻനിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് ‘സാറാസ്’ എന്ന സിനിമ. പൊതുനോട്ടത്തിൽ ഈ ചിത്രം സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വിശ്വസിക്കുന്നത്, സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടാണ്​.

സാറാസ് എന്ന സിനിമ അതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് സാറയുടെ തെരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ, ഗർഭം ഇവയിലൊന്നോ എല്ലാമോ ആയിരിക്കാം. പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീ തീരുമാനിക്കേണ്ടതാണ്, ‘ഞാൻ പ്രസവിക്കില്ല' എന്ന് തീർത്തുപറയുന്ന സ്ത്രീയെ ബഹുമാനിക്കേണ്ടതാണെന്നും മലയാള സിനിമയിലെ നായിക ഇങ്ങനെ പ്രഖ്യാപനം നടത്തുമ്പോൾ ആശ്വസിക്കേണ്ടതാണെന്നും അഭിനന്ദനാർഹമാണെന്നും ചിന്തിയ്ക്കുന്നവർ ഏറെയുണ്ട്, പ്രത്യേകിച്ചും സ്ത്രീകൾ.

പ്രസവവേദനയെക്കുറിച്ചുള്ള ഭീതിദമായ കഥകൾ പല പെൺകുട്ടികളെയും പ്രസവം എന്നത് ഒഴിവാക്കാൻ പ്രേരിപ്പിക്കാറുണ്ട്, സാക്ഷ്യങ്ങൾ ഏറെയുണ്ടുതാനും. അവരെയെല്ലാം പ്രതിനിധീകരിയ്ക്കുന്ന സാറായുടെ കഥ തികച്ചും സ്വാഗതാർഹമാണെന്ന് നിരവധി സ്ത്രീകൾ പ്രഖ്യാപിച്ചും കഴിഞ്ഞു.
എന്നാൽ സാറാസ് എന്ന സിനിമ പൊതുനോട്ടത്തിൽ സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വിശ്വസിച്ചു പോയവരാണിവർ. സിനിമയുടെ ഋജുവല്ലാത്ത സമീപനങ്ങളും ശബ്ദായമാനമായ ചിത്രീകരണവും മാത്രം ശ്രദ്ധിച്ച് സാറായുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഘടകങ്ങളേയും അവ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനേയും പറ്റി ആലോചിക്കാതെ, സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെ പോയതിന്റെ അപകടകരമായ പരിണതിയാണ് ഈ തോന്നൽ.

സിനിമ അവസാനിക്കുന്ന സീൻ ശ്രദ്ധിച്ചാൽ ഇത് എളുപ്പം മനസ്സിലാകും. അച്ഛനും ഭർത്താവും കാരണമാണ് സാറയുടെ വിജയം സാദ്ധ്യമായത് എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന രംഗം ചേർത്തിട്ടുണ്ട് അവിടെ. ഗർഭധാരണം, മാതൃത്വം, പേരന്റിങ്, സ്ത്രീയുടെ കരിയർ നിർമിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുൻനിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് സാറാസ്. ബാല്യകാലത്ത് സാറയ്ക്കുള്ളിൽ കടന്നുകൂടിയ ഗർഭപ്പേടി (Tokophobia) ഒളിച്ചു വയ്ക്കാൻ മറ്റ് കാരണങ്ങൾ കൊണ്ടുവരുന്നതുപോലെയാണ് സാറായുടെ പാത്രനിർമ്മിതിയും സിനിമയുടെ ആഖ്യാനപരിസരവും.

സിനിമ തുടങ്ങുന്നതുതന്നെ സ്‌കൂൾ കുട്ടിയായ സാറ പ്രസവം വേണ്ടെന്ന് പ്രഖ്യാപിക്കുന്നതോടെയാണ്. പ്രസവവേദനയെക്കുറിച്ച് പേടികൾ നിറഞ്ഞ കഥകൾ കേൾപ്പിച്ച് വളർത്തപ്പെടുന്ന പെൺകുട്ടികൾ ധാരാളമുണ്ട്, റ്റൊകോഫോബിയ (Tokophobia) എന്ന മാനസികപ്രശ്‌നത്തിൽ എത്താറുമുണ്ട്. എന്നാൽ പ്രസവം സ്ത്രീയുടെ ‘ചോയ്‌സ്' മാത്രമാണെന്ന് വ്യക്തമാക്കുന്നത് സിനിമയുടെ ഒരു ഉദ്ദേശ്യമായി സംവിധായകൻ കരുതിയിട്ടുണ്ടെങ്കിൽ ഈ ആശയം അവിടെ തകർന്നു പോകയാണ്. വരാൻ പോകുന്ന കഥയിൽ സാറ എന്തുവന്നാലും പ്രസവം നിരാകരിക്കുന്നവളായിരിക്കും എന്ന് പറഞ്ഞു വയ്ക്കുന്നതോടെ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമേ ഇല്ലാതാകുകയും ഒരു മാനസികപ്രശ്‌നത്തിൽ ഒതുക്കുകയും ചെയ്യപ്പെടുന്നു. (റ്റോകോഫോബിയയുടെ കേസ് സ്റ്റഡി മാത്രമാണ് സിനിമ എന്ന് ഡോ. മെലിൻ ഫ്രാൻസ് എഴുതിയിട്ടുണ്ട്, "തിങ്കി'ൽ).

കരിയറിന്റെ ഒരു സന്നിഗ്ധഘട്ടത്തിൽ ഗർഭധാരണം ഒഴിവാക്കേണ്ടി വരുമ്പോൾ എടുക്കുന്ന തീരുമാനം എന്നൊരു സാഹചര്യത്തിലേക്ക് സിനിമയെ വളർത്തിയെടുക്കാനുള്ള എല്ലാ സാദ്ധ്യതയും സിനിമയുടെ തുടക്കത്തിൽത്തന്നെ ഇല്ലാതാക്കുകയാണ് സംവിധായകനും കഥാകൃത്തും ചെയ്തത്. Shoot yourself on the foot എന്ന പ്രയോഗത്തെ ഓർമിപ്പിക്കുന്ന മാതിരി ഗർഭധാരണവും പ്രസവവും സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവകാശമായിരിക്കേണ്ടതില്ലെന്നും വെറും പേടി മാത്രമാണ് അതിന്റെ പിന്നിൽ എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യപ്പെട്ട് ഇനി അധികം കഥ പറയാനില്ലെന്ന് സംവിധായകൻ വ്യക്തമായി സൂചിപ്പിക്കുകയുമാണ്. പിന്നീടും സാറ പകൽ മയക്കത്തിൽപ്പോലും ദുഃസ്വപ്നം കാണുന്നത് ഗർഭകാലം ശാരീരികമായി വൻ ബുദ്ധിമുട്ടുകൾ വരുത്തിത്തീർക്കുന്നതായിട്ടാണ്. ഗർഭകാലത്തെ കളിയാക്കുന്ന രീതിയിലുള്ള പാട്ട് നിബന്ധിച്ചും ഗർഭം എന്നതിനെ കാരിക്കേച്ചർ ചെയ്തും അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രദ്ധിച്ചിട്ടുള്ളത്.

പ്രസവിക്കാൻ പേടി മാത്രമല്ല സാറായ്ക്ക്, കുട്ടികളോട് അത്ര മമതയുമില്ല. ജീവന്റെ ഫ്‌ളാറ്റിൽ വച്ച് അവിടെയുള്ള രണ്ട് കുട്ടികളോട് കഴിയുന്നതും അകലാൻ ശ്രമിക്കുന്നുണ്ട് അവൾ. കുട്ടികളെ എന്തുകൊണ്ട് ഇഷ്ടപ്പെടേണ്ടതില്ല എന്ന് തെളിയിക്കാൻ അവരെ അവാഞ്ഛനീയ വികൃതജീവികളായി ചിത്രീകരിച്ച് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സീനുകളും ചേർത്തിട്ടുണ്ട്. പെൻസിൽ മഗ് വെറുതേ ഉടയ്ക്കുന്നവരും ഭിത്തിയിൽ കുത്തി വരയ്ക്കുന്നവരും പൊടുന്നനവേ തറുതല പറയുന്നവരും ആണ് കുട്ടികൾ എന്ന് ജീവന്​ നിശ്ചയമുണ്ട്, ജീവൻ തന്നെ തന്റെ പ്രതിശ്രുത വരൻ എന്നു തീരുമാനമെടുക്കാൻ സാറയ്ക്ക് എളുപ്പമാകുകയും ചെയ്യുന്നു. മറ്റൊരിടത്ത് കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്ന് സാറ അച്ഛനോട് പറയുന്നുണ്ടെങ്കിലും അതിനു സാധുതയൊന്നും സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. നിലത്ത് മൂത്രമൊഴിയ്ക്കുമ്പോൾ അത് തുടയ്‌ക്കേണ്ടി വരിക എന്നത് ഒരു ഹീനകൃത്യമായി സാറയ്ക്ക് അനുഭവപ്പെടുന്നത് കുഞ്ഞുങ്ങളെ വെറുക്കാനുള്ള പൊതുകാരണമാണെന്ന രീതിയിലാണ് സിനിമാ സമർത്ഥനം. ഇത് സാറായ്ക്ക് ഗർഭമൊഴിവാക്കാനുള്ള ഒരു കാരണമെന്ന നിലയിലാണ് അവതരണം. സിനിമാ തിയേറ്ററിൽ കുഞ്ഞ് കരയുമ്പോൾ പുറത്തേയ്ക്ക് പോകാൻ തയാറെടുക്കുന്ന അമ്മയോട്​ സാറായുടെ ബോയ്ഫ്രണ്ട് ജീവനും അവൾക്കും ആക്ഷേപമാണ്, ‘country bloody families' എന്നാണ് വിദ്വേഷവാക്യം.

പേരൻറിങ് ആർക്ക്, എങ്ങനെ

പത്തിരുപതു കൊല്ലത്തെ ത്യാഗങ്ങൾ, അതിൽ റിസ്‌കുകൾ ധാരാളമുണ്ട് ഇതാണ് സാറായുടെ പേരൻറിങ്ങിനെക്കുറിച്ചുള്ള ധാരണ. ‘‘അതിനു പറ്റാത്തവർ ആ പണിയ്ക്ക് പോകരുത്'' എന്ന് അവൾ സമർത്ഥിയ്ക്കുന്നുണ്ട്. ഇതു തന്നെ സാറയുടെ ഗൈനക്കോളജിസ്റ്റും പറയുന്നുണ്ട്. സിനിമയുടെ പ്രധാന സന്ദേശമായി ഉറപ്പിക്കാനായിരിക്കും ഡോക്ടറെക്കൊണ്ടും ഇങ്ങനെ പറയിച്ചത്. നൈസർഗ്ഗികമായ കഴിവുകൾ മക്കൾപാലനത്തിലുണ്ട്, പക്ഷേ ആധുനിക സമൂഹത്തിനിണങ്ങുന്ന വിധത്തിൽ ഒരു പൗരനെ വാർത്തെടുക്കാൻ അത് പോരാതെ വന്നേയ്ക്കും. അതിന്​ കൗൺസലിങ്​ ലഭിയ്ക്കാനുള്ള ഉപാധികൾ ഉണ്ട് എന്ന് സാറയ്ക്കും ഡോക്റ്റർക്കും അറിവില്ല എന്ന് സിനിമ സൂചിപ്പിയ്ക്കുന്നു. പേരൻറിങ്​ അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന വാദം തികച്ചും അനവസര യുക്തിയാണ്, ജന്തുസഹജമായ ചോദനകൾക്ക് വിരുദ്ധവുമാണ്.

ഗർഭധാരണത്തോടുള്ള (അകാരണ) പേടി മാത്രമല്ല പേരൻറിങ്ങിന്​ പറ്റാത്തവൾ കൂടി ആണവൾ എന്ന് സ്ഥിരീകരിക്കപ്പെടുകയാണ് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെതന്നെ. ‘ആക്‌സിഡന്റൽ ഗർഭധാരണം' സംഭവിച്ചിട്ട് ഗർഭസ്ഥ ശിശുവിനെ വേണോ വേണ്ടയോ എന്ന് ആലോചിയ്ക്കുന്ന സ്വതന്ത്രസ്ത്രീയുടെ അവസ്ഥയുമായി ബന്ധമില്ലാതാകുകയാണ് സാറയുടെ കടും പിടിത്തങ്ങൾ. എന്തുകൊണ്ട് പ്രസവത്തെ പേടിയ്ക്കുന്നു എന്നതിന്​ ഒരു ഉത്തരവും, കൗൺസലിങ് ഉൾപ്പെടെ, തേടാൻ അവൾ ശ്രമിക്കുന്നില്ല, അവളുടെ അച്ഛനും അമ്മയും ഇതിനൊരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുമില്ല.

സാറായുടെ ആത്യന്തിക ഉദ്ദേശ്യം ലോകത്തിന്​ എന്തെങ്കിലും സംഭാവന ചെയ്യണം എന്നാണെന്ന് അവൾ തെളിച്ചു പറയുന്നുണ്ട്. മാതൃത്വം എന്നത് ഇതിനു വിഘാതമാണ് എന്ന തത്വശാസ്ത്രം അവൾ മെനഞ്ഞെടുത്ത പാഴ്​കഥയാണ്​. കല്യാണാഘോഷ സമയത്ത് ‘‘ഭാവിയിലെ അഞ്ജലി മേനോനാണ്'' എന്ന പുകഴ്ത്തൽ കേട്ടവളാണവൾ. അഞ്ജലി മേനോന്​ ഒരു മകൻ ഉണ്ടെന്ന സത്യം അറിയാതെ വന്നോ സാറ? കുടുംബവും സിനിമാലോകവും തമ്മിൽ കണിശമായി വേർതിരിച്ചാണ് രണ്ടും സമന്വയിക്കുന്നത് എന്ന് അഞ്ജലി മേനോൻ ഒരു ഇൻറർവ്യൂയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ പല സ്ത്രീസംവിധായികമാരും കുഞ്ഞുങ്ങളുള്ള കുടുംബമായി ജീവിയ്ക്കുന്നവരാണെന്ന് സാറ അറിയാതെ പോയിട്ടുണ്ട്. പ്രസിദ്ധ സിനിമാനടികൾ ലോകത്ത് എത്രയോ ഉണ്ട്, പ്രസവിച്ച് കുഞ്ഞുങ്ങളെ വളർത്തിയവർ. എന്നിട്ടും സിനിമാപ്രവർത്തനവും സ്ത്രീയുടെ കുടുംബതാൽപ്പര്യങ്ങളും ഒത്തു പോവുകയില്ലെന്ന് വാശി പിടിയ്ക്കുകയാണ് ഈ സിനിമ.

തീർച്ചയായും പ്രസവത്തോടുള്ള പേടി മറച്ചുവയ്ക്കാൻ മറ്റ് കാരണങ്ങൾ നിരത്തുകയായിരിക്കണം സാറ, സംശയിക്കേണ്ടിയിരിക്കുന്നു. അവൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വിവാഹാനതരം കുഞ്ഞുങ്ങളുമായി അഭിനയം വിട്ടുപോയ അഞ്ജലിയെ ഉൾക്കൊള്ളിയ്ക്കുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടവർക്ക്. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ ഒക്കെ ഒരു സ്ത്രീയുടെ സിനിമാ കരിയർ നിർമിതിയിൽ അത്രകണ്ട് ബാധകമാകുന്നതല്ലെന്ന് സ്വയം തെളിയിക്കുകയാണ് സാറ ഈ ചെയ്തി കൊണ്ട്. ഇതിനു മുമ്പുതന്നെ സാറ തന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുമുണ്ട്. സിനിമാ സംവിധാനം ഇനിയും ആകാമല്ലോ എന്ന് അച്ഛൻ പറയുമ്പോൾ, ‘സിനിമയ്ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. പപ്പയെങ്കിലും എന്നെ മനസ്സിലാക്കുമെന്നാണ് കരുതിയത്' എന്നാണ് അവൾക്ക് സമർത്ഥിക്കാനുണ്ടായിരുന്നത്. എന്നാൽ അധികം താമസിയാതെ ഭർത്താവ് ജീവനോട്, ‘എന്റെ കാരിയറോ? ഇതുമായി മുന്നോട്ട് പോയാൽ രണ്ടുകൊല്ലത്തിനു മുൻപ് എവിടെയായിരുന്നോ അവിടെ തിരിച്ചെത്തും. ഞാൻ സ്വപ്നം കണ്ട സിനിമയോ?' എന്ന് തർക്കിക്കുന്നുണ്ട്.

സ്ത്രീയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമായി ഉദാഹരിക്കാൻ പറ്റാത്തതാണ് സാറയുടെ ഇത്തരം നിലപാടുകൾ. പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന സാറയുടെ വാദം അവൾ തന്നെ അട്ടിമറിയ്ക്കുകയാണ്. പാത്രനിർമ്മിതിയിലെ വിശ്വസനീയത ചുരുങ്ങിച്ചെറുതാകുന്നു.

റീത്താമ്മയും മല്ലിക സുകുമാരനും

മാതൃത്വം എന്നതിനെക്കുറിച്ച് വികലധാരണകളാണ് സാറയ്ക്ക്. റീത്താമ്മയോട് ‘‘അമ്മച്ചി എന്താ ചെയ്തത്? മക്കളെ വളർത്തി വലുതാക്കിയതോ'' എന്ന് നേരേ ചോദിക്കുന്നുണ്ടവൾ. ലോകത്തെ എല്ലാ അമ്മമാരേയും ഒറ്റയടിക്ക് നിസ്സാരരാക്കി വീഴ്ത്തിക്കളഞ്ഞിരിക്കുന്നു സാറ. പേരെൻറിങ് എല്ലാ സ്ത്രീകൾക്കും പറ്റിയതല്ലെന്ന് വാദിയ്ക്കുന്നവൾക്ക് അത് വിദഗ്ധമായി സാധിച്ചെടുത്തവരോട് ആദരവ് തോന്നേണ്ടതല്ലേ എന്ന ചോദ്യം ഉദിപ്പിക്കത്തക്ക വിധത്തിത്തിലാണ് റീത്താമ്മയുടെ മാതൃത്വത്തെ നിന്ദിച്ചപമാനിയ്ക്കുന്നത് അവൾ. റീത്താമ്മയുടെ മൂത്തമകൾ ഒരു ഡോക്ടറാണ്, രണ്ടാമത്തെ മകൻ ഉയർന്ന ഐ.ടി ജോലിക്കാരനും. ഇവരെ വളർത്തിയെടുത്തത് അത്ര കാര്യമല്ലെന്നും ലോകത്തിന്​ ഒരു സംഭാവനയും റീത്താമ്മ നൽകിയിട്ടില്ലെന്നുമാണ് സാറയുടെ വാദം. മക്കൾ അവരോടൊപ്പം വന്ന് നിൽക്കാൻ ആവശ്യപ്പെടുന്നുമില്ല എന്നത് റീത്താമ്മയുടെ പരാജയവുമാണെന്ന് അവരെ തെര്യപ്പെടുത്തുന്നുണ്ട് സാറാ. ഇത് കേട്ട് തകർന്ന റീത്താമ്മ പൊട്ടിക്കരയുകയാണ്.

റീത്താമ്മ അവരുടെ ജീവിതം കൊണ്ട് എന്തു ചെയ്യണമായിരുന്നു എന്നാണ് സാറാ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. റീത്താമ്മയുടെ വേഷം ചെയ്യുന്നത് മല്ലിക സുകുമാരൻ ആണെന്നത് വിരുദ്ധകാവ്യനീതി ആയി മാറുന്നത് സംവിധായകൻ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ പ്രഗൽഭരെ പ്രസവിച്ച് വളർത്തിയ സ്ത്രീ ആണവർ, അതേസമയം സ്ഥിരമായി അഭിനയവും തുടർന്നു, ഇന്നും അഭിനയിക്കുന്നു. പ്രസവം, പേരന്റിങ്, കരിയർ എന്നിവ സമന്വയിപ്പിച്ച സ്ത്രീയുടെ ഉദാഹരണമായി മല്ലിക സുകുമാരൻ തന്നെ സാറായുടെ മുൻപിൽ വന്ന് നിന്നാൽ അവൾക്ക് എന്തായിരിക്കും പറയാനുള്ളത് എന്നത് കൗതുകമായി അവശേഷിക്കുന്നു.

ലോകത്തിന്​ എന്തെങ്കിലും സംഭാവന ചെയ്യണം എന്ന നിശ്ചയം ഒരു സ്ത്രീയെ സംബന്ധിച്ച്​ അനുമോദനീയം തന്നെയാണ്, പക്ഷെ മക്കളെ ഉത്തമപൗരന്മാരായി വളർത്തി വിടുന്നത് ഒരു സംഭാവന തന്നെയെന്ന് സാറ മനസ്സിലാക്കിയിട്ടില്ല. സാറ അവളുടെ സിനിമാക്കഥയുടെ നിർണായകഭാഗങ്ങളുടെ വിശദാംശങ്ങൾക്കായി സമീപിക്കുന്ന ഫോറെൻസിക് ഡോക്ടറായ സന്ധ്യ ഫിലിപ്പ്​, റീത്താമ്മയുടെ മകൾ, സിനിമയിലെ മറ്റൊരു വിപരീത ഉദാഹരണമാണ്. ഭർത്താവ് മരിച്ച അവർ ജോലിയും കുഞ്ഞുങ്ങളെ വളർത്തലും നൈപുണ്യത്തോടെയും കാര്യക്ഷമതയോടെയും സാധിച്ചെടുക്കുന്നുണ്ട്. റീത്താമ്മയുടെ വ്യർത്ഥജീവിതത്തിന്റെ ഉദാഹരണം മാത്രമായിരിക്കണം സാറായ്ക്ക് ഡോക്ടർ സന്ധ്യ. കുടുംബജീവിതവും കരിയറും സമന്വയിപ്പിയ്ക്കുന്ന സ്ത്രീകളുമായി ഇടപഴകുന്ന സാറാ അവരിൽ നിന്ന് ഒന്നും പഠിച്ചെടുക്കുന്നില്ല.

ബന്ധുക്കൾ എന്ന ശല്യക്കാർ

മക്കൾ മാതാപിതാക്കളെ വീട്ടിലേക്ക് ക്ഷണിയ്ക്കാത്തത് അപരാധമാണെന്ന് റീത്താമ്മയെ ബോദ്ധ്യപ്പെടുത്തുന്ന സാറ, നേർ വിപരീതമായി ചിന്തിച്ച് ബന്ധുക്കൾ ശല്യമാണെന്നും ഒരു പണിയും നടക്കാതെ വരുമെന്നും അവളുടെ പദ്ധതികൾ മുടങ്ങുമെന്നും വിചാരിയ്ക്കുന്നുണ്ട്. ആദ്യത്തെ പടം തീർന്നിട്ട് മതി കല്യാണം എന്നാണവളുടെ അഭിപ്രായം. സാറയുടെ സിനിമയുടെ ആദ്യപ്രദർശനത്തിനു ശേഷം സ്വന്തം ബന്ധുക്കാർ സഹർഷാനുമോദനവുമായി എത്തുന്നത് ആസ്വദിക്കുന്നുണ്ട് സാറാ. ബന്ധുക്കൾ ശല്യങ്ങളല്ലാതാവുന്ന വേളകളും ഉണ്ടെന്ന് സാറാ മനസ്സിലാക്കിയോ എന്തോ. കുടുംബവ്യസ്ഥ ഒരു വെല്ലുവിളി ആയി അനുഭവപ്പെടുന്നെങ്കിൽ വിവാഹത്തിൽ ഏർപ്പെടാതിരിക്കുയാണ് വേണ്ടത് എന്നൊരു യുക്തി ഇവിടെ തെളിഞ്ഞു വരുന്നു.

സാറയുടെ പ്രസവപ്പേടി ഗർഭം നിലനിർത്തണോ വേണ്ടയോ എന്നായി മാറിയത് തന്മയത്വത്തോടേയാണ് ഒളിപ്പിച്ചിരിക്കുന്നത്. ‘റ്റോക്കോഫോബിയ’ എങ്ങനെ മാറി എന്നത് സിനിമയിൽ വ്യക്തമാക്കാൻ ഒരുമ്പെടുന്നില്ല സംവിധായകൻ. ഡോക്ടറോടും അവൾ പറഞ്ഞിട്ടില്ല ഇത് എന്നാണ് സൂചനകൾ. കരിയറിന്റെ പ്രശ്‌നം മാത്രമായി ചുരുക്കിയിരിക്കുന്നു. പേരന്റിങ് അത് അറിയാവുന്നവർ മാത്രം ചെയ്യേണ്ട പണിയാണ് എന്നത് ഉറപ്പിക്കാൻ ഒരു ഡോക്​ടറെക്കൊണ്ട് അത് പറയിപ്പിക്കുന്നുണ്ട്. Bad parenting നെക്കുറിച്ച് ആപ്തവാക്യം ചമച്ച് ഭിത്തിയിൽ തൂക്കുന്ന ഡോക്​ടർ അതിനുള്ള കൗൺസിലിങ് സാദ്ധ്യതകൾ അറിയാതെ പോയത് എങ്ങനെയെന്തോ. അത് നൈസർഗ്ഗികമാണ് ചിലർക്ക് എന്ന് ഉറപ്പിക്കാനായിരിക്കും ഡോ. സന്ധ്യ വികൃതിക്കുട്ടിയെ ഡിസിപ്ലിൻ പരിശീലിപ്പിക്കുന്ന സീൻ സാറായും ജീവനും ആശുപത്രിയിൽ ഇരിയ്ക്കുമ്പോഴുള്ള സീനിനോട് ചേർത്തത്.

സാറായുടെ ഗർഭപ്രതിസന്ധിയ്ക്ക് സമാന്തരമായി ഭർത്താവിന്റെ നിർബ്ബന്ധപ്രകാരമെന്നോണം നിരന്തരമായി പ്രസവിക്കുന്ന ലൂസി എന്നൊരു കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട് സിനിമയിൽ. സാറയുടെ അതേ ഡോക്​ടറെ തന്നെ കാണാൻ സാധിയ്ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഉള്ളവളാണെങ്കിലും ലൈംഗികവേഴ്​ച വേണ്ടെന്ന് വയ്ക്കുക മാത്രമാണ് ഗർഭനിയന്ത്രണത്തിനു മാർഗ്ഗം എന്ന പഴഞ്ചൻ ചിന്താഗതി വച്ചു പുലർത്തുന്നവളാണ് ലൂസി. സ്വന്തമായി തീരുമാനങ്ങളെടുക്കണം, സ്വന്തം ശരീരമാണെന്നോർക്കണം എന്നൊക്കെ ഡോക്ടർ ഉപദേശിച്ചത് ലൈംഗികവേഴ്ച്ചയ്ക്ക് ശ്രമിക്കുന്ന ഭർത്താവിനെ ചവിട്ടി മാറ്റുക എന്ന് ധരിച്ചെടുത്തവളാണവൾ. ഇത് ആൺ അഹന്തയ്ക്ക് കിട്ടിയ ചവിട്ടാണെന്ന് ധരിച്ചു വശായ ചിലരുണ്ട്, സ്ത്രീകൾ തന്നെ എന്നുള്ളത് വിചിത്രമാണ്. പ്രസിദ്ധ ഗൈനക്കോളഗിസ്റ്റിനെ കാണുന്ന ലൂസിയ്ക്ക് ഗർഭനിയന്ത്രണ മാർഗങ്ങൾ ലഭിയ്ക്കാൻ എളുപ്പമാണ്. ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചണിലെ ഭാര്യ സ്വാതത്ര്യം പ്രഖ്യാപിക്കുന്ന രീതിയ്ക്ക് കയ്യടിച്ചവർ തന്നെയാണോ സന്താനനിയന്ത്രണത്തിന്​ ഭർത്താവിന്റെ നാഭിയ്ക്ക് ചവിട്ടുന്നത് അതേ രീതിയിൽ സ്വാംശീകരിച്ചത് എന്ന് അദ്ഭുതം കൂറാൻ അവകാശമുണ്ട്.

ആണുങ്ങൾ അവസാനവാക്ക് പറയുന്നതിനോട് യോജിച്ചുപോകുന്ന പെണ്ണിനെ അവതരിപ്പിച്ചിരിക്കുന്നു സിനിമ. സാറയ്ക്ക് ആത്യന്തികതീരുമാനങ്ങൾ എടുക്കാൻ അച്ഛനെ ആശ്രയിക്കേണ്ടി വരുന്നു, അമ്മയെ അല്ല. അത് വളർന്ന ചുറ്റുപാടുകളുടെ സ്വധീനം ആയിരിക്കാം. പക്ഷേ അവസാന സീനുകളിൽ ഒന്നിൽ സാറയുടെ വിജയങ്ങൾക്ക് പിന്നിൽ അച്ഛനും ഭർത്താവുമാണെന്ന് അവർ രണ്ടുപേരും അവകാശപ്പെടുന്നത് ദൃശ്യമാക്കിയിട്ടുണ്ട്. അമ്മയ്ക്ക് പ്രസവിയ്ക്കുന്ന ജോലിയേ ഉള്ളു. ആ രംഗം ഉൾപ്പെടുത്താതെ സിനിമ പൂർണമാകുകയില്ല എന്ന് കരുതുന്നുണ്ടാവണം സംവിധായകനും കൂട്ടരും.

കുട്ടികളെ ഇഷ്ടപ്പെടുന്ന, ഗർഭധാരണപ്പേടി ഇല്ലാത്ത, പേരന്റിങ്ങിനെക്കുറിച്ച് ധാരണയുള്ള ഒരു സ്ത്രീ തന്റെ കരിയറിലെ നിർണായക അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ വേണ്ടെന്ന് വയ്ക്കുന്നെങ്കിൽ അവിടെയാണ് സ്വാതന്ത്ര്യത്തിന്റെ ഉചിത ആഖ്യാനത്തിനു സാദ്ധ്യതകളുള്ളത്. തന്റെ ഉടലിനോടും ഫിസിയോളജിയോടുമുള്ള കടപ്പാടും ഉത്തരവാദിത്തവും ആർജ്ജവത്തോടെ തെളിയുന്നത് അന്നേരമാണ്.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments