സച്ചിദാനന്ദന്റെ കവിതയും അഭിമുഖവും

കവി സച്ചിദാനന്ദനുമായി പലസ്തീനിലെ പത്രപ്രവർത്തകയും കവിയുമായ അസ്മാ അസയ്സേ നടത്തിയ ഇംഗ്ലീഷ് അഭിമുഖത്തിന്റെ പരിഭാഷ. ഒപ്പം സച്ചിദാനന്ദന്റെ 'തീവണ്ടി' എന്ന കവിതയും

കവിത മുതൽ കവിത വരെ

ലസ്തീനിലെ യുവതലമുറയുടെ കവിതയുടെയും കാവ്യസങ്കൽപ്പത്തിന്റെയും ഒരു നല്ല പ്രതിനിധിയാണ് അസ്മാ അസയ്‌സേ. നജ്വാൻ ദർവീഷ് ഉൾപ്പെടുന്ന മധ്യവയസ്സിലുള്ള തലമുറയ്ക്കും ശേഷമുള്ള തലമുറയിലാണ് അസ്മാ പെടുന്നത്. അസ്മായുടെ കവിത മഹ്മൂദ് ദർവീഷ് ഉൾപ്പെടെയുള്ള ആധുനികരായ പൂർവ്വികരോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും, കൂടുതൽ സൂക്ഷ്മവും നവീനവുമാണ്. അസ്മാ അസയ്‌സേ റേഡിയോ, ടെലിവിഷൻ എന്നിവയിൽ അവതാരകയായിരുന്നിട്ടുണ്ട്; പത്രാധിപരും ക്രിയേറ്റിവ് റൈറ്റിംഗ് അദ്ധ്യാപികയും ആയിരുന്നു. ഇപ്പോൾ ഫ്രീ -ലാൻസ് എഴുത്തുകാരിയും ഹൈഫയിലെ ഫത്തൂഷ് ബുക്ക് സ്റ്റോർ, ആർട്ട് ഗാലറി ഇവയുടെ നടത്തിപ്പുകാരിയും.

ആദ്യസമാഹരമായ "ലിവാ' യ്ക്ക് ( 2011, അലഹ്ലിയാ) അൽ ഖത്താൻ ഫൗണ്ടേഷൻ നൽകുന്ന യുവകവിതാപുരസ്‌കാരം ലഭിച്ചു. അതിനു ശേഷം ജോർദാനിലും മിലാനിലും നിന്ന് അസ്മാ രണ്ടു സമാഹാരങ്ങൾ കൂടി പുറത്തിറക്കി. ഒടുവിൽ ഇറങ്ങിയത് "ഞാൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കിൽ എന്നെ വിശ്വസിക്കരുത്' എന്ന സമാഹാരമാണ് ( 2019). അത് ഡച്ച് ഭാഷയിലും ഇറങ്ങുന്നുണ്ട്. അറബി, ജെർമ്മൻ ഭാഷകളിൽ ഒരു ദ്വിഭാഷാസമാഹാരവും ( മറിച്ചിടാത്ത കല്ല്, 2017) അസ്മായുടെതായി ഉണ്ട്. പതിനൊന്നു ഭാഷകളിൽ അസ്മായുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കണ്ടു മുട്ടിയത് കഴിഞ്ഞ വർഷം വടക്കൻ മാസിഡോണിയായിലെ സ്ട്രൂഗാ കാവ്യോത്സവത്തിൽ വെച്ചാണ്- പൊതുസുഹൃത്തായ നജ്വാൻ ദർവീഷ് വഴി അന്യോന്യം അറിയാമായിരുന്നെങ്കിലും. ഒരു പത്രപ്രവർത്തകയുടെയും കവിയുടെയും സൂക്ഷ്മത കൊണ്ടും പശ്ചാത്തലപഠനം കൊണ്ടും വിസ്മയിപ്പിക്കുന്നതായിരുന്നു ഒരു അറബി മാസികയ്ക്കു വേണ്ടി നടത്തിയ ഈ അഭിമുഖത്തിലെ അസ്മായുടെ ചോദ്യങ്ങൾ.

അസ്മാ: ഒരു വിഷയവും പ്രമേയവും എന്ന നിലയിൽ ഭാഷ താങ്കളുടെ കവിതയിൽ ശക്തമായ ഒരു സാന്നിദ്ധ്യമാണ്. ഭാഷയുമായി താങ്കളുടെ ബന്ധമെന്താണ്? ഏതു രീതിയിലാണ് കവിത അതിനെ രൂപപ്പെടുത്തുന്നത്?

സച്ചിദാനന്ദൻ :അതെ. പല നിരൂപകരും അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇയ്യിടെ ഒരു സുഹൃത്ത് ഭാഷയെക്കുറിച്ചു മാത്രമുള്ള എന്റെ കവിതകളുടെ ഒരു സമാഹാരം മലയാളത്തിൽ എഡിറ്റ് ചെയ്തിറക്കിയിരുന്നു. ( ഞാൻ ഒരു ഭാഷയാണ്, എഡിറ്റർ : കെ. വി. തോമസ്, പൂർണ്ണ ബുക്‌സ് , കോഴിക്കോട് 2020) എന്റെ മാതൃഭാഷയായ മലയാളത്തെക്കുറിച്ച് "മലയാളം' എന്ന പേരിൽ തന്നെ എന്റെ ഒരു നീണ്ട കവിതയുണ്ട്. ഭാഷയുമായുള്ള ഈ ഇടപെടൽ നടക്കുന്നത് മൂന്നു തലങ്ങളിൽ ആണെന്ന് തോന്നുന്നു. ഒന്നാമത്, ഇന്ത്യ ഒരു ബഹുഭാഷാ സമൂഹമാണ്, ഒരു ഭാഷ മാത്രം ഉപയോഗിക്കുന്നവരെ ഇവിടെ, സമൂഹത്തിന്റെ അടിത്തട്ടിൽ പോലും, കണ്ടെത്താൻ പ്രയാസമാണ്. ഞങ്ങൾ ജീവിക്കുന്നത് ഒരായിരം ഭാഷകൾ, ഗോത്രഭാഷണങ്ങൾ, വാമൊഴികൾ, തൊഴിൽ ഭാഷകൾ ഇവയ്‌ക്കെല്ലാമിടയിലാണ്. ഓരോ നിമിഷവുമെന്നോണം ഞങ്ങൾ ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്കു പരിഭാഷ ചെയ്തു കൊണ്ടിരിക്കുന്നു.കാരണം പല സംസാരസന്ദർഭങ്ങളിലും ഒരാൾ മറ്റൊരു ഭാഷക്കാരനെ അഭിസംബോധന ചെയ്യുകയാണ്, അപ്പോൾ പറയുന്നയാൾക്ക് ഒരു ഭാഷയിൽ ചിന്തിച്ച് മറ്റൊരു ഭാഷയിൽ സംസാരിക്കേണ്ടി വരുന്നു.

സച്ചിദാനന്ദൻ

രണ്ടാമതായി, കവിയെന്ന നിലയിൽ ഞാൻ ചിഹ്നം, ബിബം, രൂപകം, പ്രതീകം ഈ രൂപങ്ങളിലെല്ലാം ഭാഷയുമായി കെട്ടിപ്പിണയുന്നു. എന്റെ പല കവിതകളും ഈ മൽപ്പിടുത്തത്തിന്റെ നേരിട്ടുള്ള ആവിഷ്‌കാരങ്ങളാണ്. രണ്ടു ഉദാഹരണങ്ങൾ കാണുക: "വിക്ക് വൈകല്യമല്ല, / ഒരു സംസാര രീതിയാണ്. / വാക്കിനും അർത്ഥത്തിനുമിടയിൽ വരുന്ന/ ചില മൗനങ്ങളെയാണ്/ നാം വിക്കെന്നു വിളിക്കുന്നത് / വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൗനങ്ങളെ / മുടന്ത് എന്ന് വിളിക്കുമ്പോലെ തന്നെ. // ഭാഷയ്ക്ക് മുൻപാണോ വിക്കുണ്ടായത്, അതോ ഭാഷയ്ക്ക് ശേഷമോ? / ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്, / അതോ സ്വയം ഒരു ഭാഷയോ?/ ഈ ചോദ്യങ്ങൾക്കു മുൻപിൽ/ ഭാഷാ ശാസ്ത്രജ്ഞർ വിക്കുന്നു.// ഓരോ കുറി വിക്കുമ്പോഴും നാം / അർത്ഥങ്ങളുടെ ദൈവത്തിന്/ ഒരു ബലി നല്കുകയാണ്. / ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ / അവരുടെ മാതൃഭാഷ വിക്കാകുന്നു: / ഇപ്പോൾ നമ്മുടേത് എന്നപോലെ. // മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവവും വിക്കിയിരിക്കണം . അതുകൊണ്ടാണ് മനുഷ്യരുടെ/ പ്രാർത്ഥനകൾ മുതൽ കൽപ്പനകൾ വരെ / എല്ലാം വിക്കുന്നത് :/ കവിതയെപ്പോലെ.' ( വിക്ക്) മറ്റൊന്ന് "മുൾച്ചെടി'യാണ്: "മുള്ളുകളാണ് എന്റെ ഭാഷ./ ചോരയിറ്റിക്കുന്ന ഒരു സ്പർശത്തിലൂടെ / ഓരോ ജീവിയോടും/ ഞാനിവിടെയുണ്ടെന്ന് ഞാൻ വിളിച്ചു പറയുന്നു. / അവർക്കറിയില്ല , ഈ മുള്ളുകൾ / ഒരിക്കൽ പൂവുകളായിരുന്നെന്ന്./ എനിക്ക് വേണ്ടാ ചതിക്കുന്ന കാമുകർ. / കവികളോ, മരുഭൂമികളുപേക്ഷിച്ച്/ ഉദ്യാനങ്ങളിലേക്ക് തിരിച്ചു പോയി./ പൂ ചവിട്ടി മെതിക്കുന്ന / ഒട്ടകങ്ങളും വണിക്കുകളും മാത്രം ബാക്കിയായി. // അപൂർവ്വമായ ജലത്തിന്റെ / ഓരോ ബിന്ദുവിൽ നിന്നും / ഞാൻ ഓരോ മുള്ളു വിരിയിക്കുന്നു./ ഒരു പൂമ്പാറ്റയേയും പ്രലോഭിപ്പിക്കാതെ/ ഒരു പക്ഷിയുംപ്രകീർത്തിക്കാതെ/ ഒരു വരൾച്ചയ്ക്കും വഴങ്ങാതെ / പച്ചയുടെ ഓരങ്ങളിൽ / ഞാൻ മറ്റൊരു സൗന്ദര്യം സൃഷ്ടിക്കുന്നു, / നിലാവിന്നപ്പുറം,/ കിനാവിന്നിപ്പുറം/ കൂർത്തുമൂർത്ത/ ഒരു സമാന്തരഭാഷ.' (രണ്ടു കവിതകളും സച്ചിദാനന്ദന്റെ കവിതകൾ , 1965-2015 എന്ന സമാഹാരത്തിൽ നിന്ന്, യഥാക്രമം പേജ് 877, 815)

മൂന്നാമതായി കല എന്ന നിലയിൽ കവിത, കവിയുടെ പ്രമേയങ്ങളും ഉദ്വേഗങ്ങളും എന്തായിരുന്നാലും, കവി ഭാഷയിൽ ചെയ്യുന്നതെന്തോ അതാണ്. ഓരോ കവിയുടെയും നിയോഗം ശബ്ദങ്ങളുടെ ഒരു ബാബേലിൽ സ്വന്തം ശബ്ദം കണ്ടെത്തുകയാണ്. ഈ നിയോഗം നിറവേറ്റാൻ ഭിന്നരചനകളിൽ കവി ഭാഷ ഉപയോഗിക്കുന്ന സവിശേഷരീതികളിലൂടെ മാത്രമേ കഴിയൂ. ഓരോ കവിതയും ഓരോ ഭാഷാപരമായ കണ്ടെത്തൽ കൂടിയാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ, ഭാഷയാണ് കവിയിലൂടെ കവിത എഴുതുന്നത്.

താങ്കൾ മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടല്ലോ. അവയിലൊന്ന് തിരഞ്ഞെടുക്കുന്നത് തീർത്തും സ്വാഭാവികമായിട്ടാണോ?അതോ എതെങ്കിലും രീതിയോ, മാനസികാവസ്ഥയോ മറ്റെന്തെങ്കിലുമോ ആയി അതിന്നു ബന്ധമുണ്ടോ?

ഞാൻ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു എന്നത് സത്യമാണ് , പക്ഷെ കവിത മലയാളത്തിൽ മാത്രമേ എഴുതുന്നുള്ളൂ. നിങ്ങൾ ഇംഗ്ലീഷിൽ വായിക്കുന്നത് അവയുടെ എന്റെ തന്നെ ഇംഗ്ലീഷ് പരിഭാഷകളാണ്. എന്റെ 60 ശതമാനം കവിതകൾ ഞാൻ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തു കാണും; പക്ഷെ ചിലവ ഞാൻ പരിഭാഷ ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ല. അവ ഒന്നുകിൽ അത്ര മേൽ പ്രാദേശികമാണ്, എന്റെ ഭാഷക്കാർക്ക് മാത്രം മനസ്സിലാകുന്ന സൂചനകൾ അവയിലുണ്ട് (കർണ്ണൻ, എഴുത്തച്ഛനെഴുതുമ്പോൾ, ഇവനെക്കൂടി, തിരിച്ചുവരവ്, കായിക്കരയിലെ മണ്ണ്, ഇടശ്ശേരി, സുഗതകുമാരിയോട്, ഗോവിന്ദൻ, ജ്ഞാനപ്പാന, രാമനാഥൻ പാടുമ്പോൾ , രണ്ടു കുടുംബകവിതകൾ, തിരുവാഴിത്താൻ, സു. രാ, സോദരാ വരൂ, തണുപ്പിൽ-ചൂടിൽ, കണി, മറവി മൂടും മുന്നേ ....) , അല്ലെങ്കിൽ ശബ്ദസംഗീതം ആ കവിതകളുടെ അന്തരീക്ഷ സൃഷ്ടിയിലും അർത്ഥസംവേദനത്തിലും നിർണ്ണായകമായ പങ്കു വഹിക്കുകയോ സവിശേഷമായ ശൈലി പരിഭാഷയ്ക്ക് അതീതമായിരിക്കയോ ചെയ്യുന്നുണ്ട്. (കയറ്റം, ഒടുവിൽ ഞാൻ ഒറ്റയാകുന്നു, മീര പാടുന്നു, ആണ്ടാൾ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു, മാൽ കൗൻസ്, മുക്ത, ജാനകീ പോരൂ...)

ഞാൻ ഇംഗ്ലീഷിൽ ഗദ്യം എഴുതാറുണ്ട് , പ്രധാനമായും സാഹിത്യത്തെയും സാമൂഹ്യസമാസ്യകളെയും പറ്റി. ഇപ്പോൾ എന്റെ അത്തരം അഞ്ചു ലേഖന സമാഹാരങ്ങൾ ഇംഗ്ലീഷിൽ ഉണ്ട്, എട്ടു കവിതാപരിഭാഷാസമാഹാരങ്ങളും. ഇംഗ്ലീഷിൽ എഡിറ്റ് ചെയ്ത പതിനഞ്ചോളം പുസ്തകങ്ങൾ വേറെയുമുണ്ട്- അവയിൽ പലതും ഇന്ത്യൻ, ഏഷ്യൻ, ലോക കവിതകളുടെ സമാഹാരങ്ങളാണ്, ബാക്കി സെമിനാർ പ്രബന്ധങ്ങളും. അതെ, ഇന്ത്യയ്ക്ക് ദ്വിഭാഷാ ( ചിലപ്പോൾ ത്രിഭാഷാ) സാഹിത്യകാരന്മാരുടെ/ കാരികളുടെ ഒരു പാരമ്പര്യമുണ്ട്, പലരും മാതൃഭാഷയിലും ഇംഗ്ലീഷിലും എഴുതുന്നു ( ഏ കെ രാമാനുജൻ, കമലാ ദാസ്, ജയന്ത മഹാപത്ര, കിരൺ നഗർകർ); പിന്നെ ഹിന്ദിയിലും ഉർദുവിലും അഥവാ മറാഠി, ഗുജറാത്തി, തെലുങ്കുഭാഷകളിലും ഉർദുവിലും എഴുതുന്നവർ. ഞാൻ എന്റെ കവിതകൾ പരിഭാഷ ചെയ്യുന്നത് മറ്റെതോരാളുടെയു കവിത ചെയ്യുമ്പോലെ തന്നെയാണ്, അമിതസ്വാതന്ത്ര്യമെടുത്തു മാറ്റിയെഴുതാറില്ല. ഞാൻ മറ്റു കവികളുടെ രചനകളും വിവർത്തനം നടത്താറുണ്ട്: മലയാളം, ഹിന്ദി, ഉർദു ഭാഷകളിൽ നിന്ന്ഇംഗ്ലീഷിലേക്കും, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിന്ന് (ഇതരഭാഷകളിൽ നിന്ന് ഇംഗ്ലീഷ് വഴി, ആ ഭാഷകൾ അറിയുന്നവരുടെ കൂടി സഹായത്തോടെ) മലയാളത്തിലേക്കും. മുഖ്യമായും കവിതകൾ. ചിലപ്പോൾ ഗദ്യവും നാടകങ്ങളും.

നീതിയും സമത്വവും പുലരുന്ന ഒരു സമുദായത്തിനു വേണ്ടിയുള്ള രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനവുമായി താങ്കളുടെ എഴുത്തിനെ താങ്കൾ എങ്ങിനെയാണ് ബന്ധിപ്പിക്കുന്നത്? ഈ കാലത്ത് സാഹിത്യവും കവിതയും എങ്ങിനെ കൂടുതൽ ഫലപ്രദമാക്കാം?

എന്റെ പ്രവർത്തനം പ്രധാനമായും പൊതുപ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ, കോളം എഴുത്തുകൾ, ലേഖനങ്ങൾ, ഇന്ത്യൻ റൈറ്റഴ്‌സ് ഫോറത്തിന്റെയും ഇന്ത്യൻ കൾച്ചറൽ ഫോറത്തിന്റെയും പ്രവർത്തനങ്ങൾ ( ഓൺ ലൈൻ മാസിക, വെബ്‌സൈറ്റ്, പ്രതിഷേധ സംഘാടനം, കൂട്ടപ്രസ്താവനകൾ, അത്തരം മറ്റു നൂറോളം ഇന്ത്യൻസംഘടനകളുമായി കണ്ണി ചേർക്കൽ), സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഇവയിൽ ഒതുങ്ങി നിൽക്കുന്നു. എന്റെ പൊതു രാഷ്ട്രീയദർശനം ഇടതുപക്ഷത്തിന്റേതാണ്, പക്ഷെ പലപ്പോഴും തെളിഞ്ഞിട്ടുള്ളതു പോലെ, ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ അംഗത്വം എഴുത്തുകാരന് പരിമിതിയാകാം എന്നതിനാൽ ഞാൻ ഒരിക്കലും പാർട്ടികളിൽ അംഗമായിട്ടില്ല.പാർട്ടികളെക്കാളും ഗ്രൂപ്പുകളെക്കാളും സാമൂഹ്യമായ ആശയങ്ങളും പ്രസ്ഥാനങ്ങളുമായാണ് ഞാൻ ഐക്യപ്പെടുന്നത് - പരിസ്ഥിതി, സ്ത്രീശാക്തീകരണം, എൽ.ജി.ബി.ടി, കീഴാളവിമോചന മുന്നേറ്റങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഇങ്ങിനെ. ഇതിൽ പലസ്തീൻപ്രശ്‌നവും അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളും ഉൾപ്പെടും.

കവിതയ്ക്കു മാത്രമായി, അഥവാ സാഹിത്യത്തിനു പൊതുവേ തന്നെ, സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയില്ല എന്ന് എനിക്കറിയാം.

എന്നാൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും സഹാനുഭൂതി സൃഷ്ടിക്കുന്നതിലും അവയ്ക്ക് പങ്കു വഹിക്കാൻ കഴിയുമെന്ന് ലോകസാഹിത്യചരിത്രം തെളിയിക്കുന്നു. കറുത്ത വംശക്കാരുടെയും ദളിതരുടെയും സ്ത്രീകളുടെയും നവജാഗരണങ്ങളിലും ഫാസിസ്റ്റ് -വിരുദ്ധ, സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളിലും അറബ് വിപ്ലവങ്ങളിലുമെല്ലാം സാഹിത്യം വഹിച്ച പങ്കു നമുക്കറിയാം. കവിത നേരിട്ടുള്ള ആഹ്വാനത്തിലൂടെയല്ല പ്രവർത്തിക്കുന്നത്, മറിച്ചു, പരോക്ഷമായി, ഒരു പ്രതി-ബോധവും അതിന്റെ പ്രത്യേക സൗന്ദര്യശാസ്ത്രവും രൂപപ്പെടുത്തിക്കൊണ്ടാണ്. പ്രമേയം പ്രണയമോ, മരണമോ, ഭാഷയോ എന്തുമാകാം, പക്ഷെ അവയ്ക്ക് സവിശേഷമായ

മഹമൂദ് ദാർവിഷ്

സാംസ്‌കാരിക രാഷ്ട്രീയ സന്ദർഭത്തിൽ ഊന്നിനിന്ന് പുതിയ ആവിഷ്‌കാരം നൽകാൻ കവികൾക്ക് കഴിയും- പലസ്തീനിൽ മഹമൂദ് ദാർവിഷ്, അഥവാ പാരീസിൽ ജീവിക്കുന്നുവെങ്കിലും അവിടത്തുകാരനായ അഡോണിസ് ചെയ്ത പോലെ, അഥവാ ഇന്ന് നജ്വാൻ ദാർവിഷോ താങ്കളോ ചെയ്യും പോലെ. അമ്മയോടുള്ള ഒരു സംസാരം, പ്രണയിനിക്ക് ഒരു കത്ത്, ഒരു മരം വെട്ടുന്നതിനെക്കുറിച്ചുള്ള വിലാപം - ഇതിനെല്ലാം ഒരു രാഷ്ട്രീയ പ്രസ്താവം കൂടി ആകാൻ കഴിയും. ചിലപ്പോഴൊക്കെ അത് കൂടുതൽ പ്രത്യക്ഷവുമാകാം- നിസാർ ഖബ്ബാനി, നസീം ഹിക്മത്, നജെത് അദൗണി തുടങ്ങിയവരുടെ കാര്യത്തിൽ എന്ന പോലെ. പോളിഷ് കവി ചെസ്വാ മീവാഷ് ഒരിക്കൽ പറഞ്ഞു: "ആളുകൾ മൗനത്തിന്റെ ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുറിയിൽ, സത്യത്തിന്റെ ഒരു വാക്ക് ഒരു വെടിയുണ്ട പോലെയാണ്' എന്ന്. പിന്നെ, " ഒരു സാധുമനുഷ്യനെ വഞ്ചിച്ച് അവന്റെ ദുരിതം കണ്ടു ചിരിക്കുന്നവനേ, നീ സുരക്ഷിതനാണെന്നു കരുതേണ്ടാ, കവി ഓർമ്മിക്കുന്നു. അവനെ നിനക്ക് കൊല്ലാം, പക്ഷെ പുതിയ ഒരുവൻ പിറക്കും. പ്രവൃത്തികളും സംസാരവും രേഖപ്പെടുത്തും ' എന്നും. അതു കൊണ്ടാണ് "ഓഷ്വിറ്റ്‌സിനു ശേഷം കവിത അസാദ്ധ്യമാണെ'ന്ന അഡോർണോയുടെ പ്രസ്താവത്തെ ഉദ്വിഗ്‌നതയുടെ ഒരു തീവ്രാവിഷ്‌കാരം മാത്രമായി ഞാൻ കാണുന്നത്. നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ പ്രിമോ ലെവിയും പോൾ സെലാനും മുതൽ അബ്ബാ കോവ്‌നറും നെല്ലി സാക്‌സും വരെയുള്ള ദശക്കണക്കിനു കവികൾ ഉൾപ്പെട്ട "ഹോളോക്കോസ്റ്റ് സാഹിത്യ'മെന്ന ഒരു സാഹിത്യശേഖരത്തിനു തന്നെ ജന്മം നൽകി എന്ന് നമുക്കറിയാം. അവരുടെ കവിത, താദേവൂസ് റോസെവിക്‌സ് പറഞ്ഞ പോലെ,' സംഭീതരായ മനുഷ്യർക്ക്, കശാപ്പു ശാലകളിൽ കൊണ്ടുതള്ളപ്പെട്ടവർക്ക്, അതിജീവിച്ചവർക്ക്, വേണ്ടിയുള്ള, മുങ്ങി മരിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയെടുത്ത, വൻ ചവറ്റുകൂനയിൽ നിന്ന് പെറുക്കിയെടുത്ത വിരസമായ വാക്കുകളിൽ നിന്ന് സൃഷ്ടിക്കപ്പെട്ട, കവിത'' ആയിരുന്നെന്നു മാത്രം. അവിശുദ്ധകവിതയ്ക്ക് വേണ്ടി എന്ന തന്റെ മാനിഫെസ്റ്റൊവിൽ ( 1935 ) പാബ്ലോ നെരൂദാ കവിതയെക്കുറിച്ചുള്ള സങ്കല്പം ഇങ്ങിനെയാണ് വ്യക്തമാക്കിയത്: ' വസ്തുക്കളുടെ ഉപയോഗിച്ചു പഴകിയ പ്രതലങ്ങൾ, അവയ്ക്ക് കൈകൾ വരുത്തിയ തേയ്മാനം,അത്തരം വസ്തുക്കളുടെ സഹതാപാർഹമോ ദുരന്തപൂർണ്ണമോ ആയ പരിവേഷം. എല്ലാം ആ യാഥാർത്ഥ്യത്തിനു നമുക്ക് അവമതിക്കാനാകാത്ത ഒരു ആകർഷകത്വം നൽകുന്നു'. 1966-ൽ നെരൂദാ വീണ്ടും പറഞ്ഞു: " ജനങ്ങളുടെ കൈകൾ എന്റെ

പാബ്ലോ നെരൂദ

കവിതയിൽ കാണണം എന്ന് ഞാൻ എന്നും ആഗ്രഹിച്ചു. വിരലടയാളങ്ങൾ പതിഞ്ഞ ഒരു കവിതയാണ് ഞാൻ ഇഷ്ടപ്പെട്ടത്: ജലത്തിന് പാടാൻ കഴിയുന്ന കളിമണ്ണിന്റെ കവിത, എല്ലാവർക്കും കഴിക്കാനാകുന്ന അപ്പത്തിന്റെ കവിത. വസ്തുക്കളുടെ അകത്തും പുറത്തുമുള്ള മനുഷ്യത്വത്തിന്റെ ശാശ്വതമുദ്രകൾ പതിഞ്ഞ, ഉപയോഗത്താൽ തേഞ്ഞ, പുകയും വിയർപ്പും ഭക്ഷണക്കറയും അവമതിയും ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്നങ്ങളും പ്രവചനങ്ങളും പ്രണയപ്രഖ്യാപനങ്ങളും വിദ്വേഷവും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും സംശയങ്ങളും നിഷേധങ്ങളും ഉറപ്പുകളും ആഘോഷങ്ങളും നിറഞ്ഞ, ദൂരങ്ങളുടെ പൊടിയണിഞ്ഞ, ലില്ലിപ്പൂക്കളും മൂത്രവും മണക്കുന്ന, പഴന്തുണി പോലെ, ശരീരം പോലെ അവിശുദ്ധമായ കവിത.' ഒക്റ്റാവിയോ പാസ് കവിയെ നിർവ്വചിച്ചത് സത്തയും വചനവും ഏകീഭവിക്കുന്ന, അതിലൂടെ ഒരു സംവാദം സാദ്ധ്യമാക്കുന്ന ആളായാണ്. ഈ കവികളിൽ നിന്നെല്ലാം നമുക്ക് പഠിക്കാനുണ്ട് .

ഇന്ത്യയുടെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചു താങ്കൾക്ക് കടുത്ത വിമർശനങ്ങളുണ്ട്. അതെങ്ങിനെയാണ് താങ്കളുടെ ജീവിതത്തെ ബാധിക്കുന്നത്? ജന്മനാടിനെപ്പറ്റി അപ്പോൾ താങ്കൾക്കു എന്ത് തോന്നുന്നു? താങ്കളുടെ എഴുത്തിനെ അത് എങ്ങിനെ ബാധിക്കുന്നു?

"ചീത്ത കാലങ്ങളിൽ പാട്ടുണ്ടാകുമോ?', ജർമൻ കവി-നാടക്കാരൻ ബെർതോൾ ബ്രെഹ്റ്റ് ചോദിച്ചു, ഉത്തരവും പറഞ്ഞു, "ഉവ്വ്, ചീത്ത കാലങ്ങളെക്കുറിച്ചുള്ള പാട്ട്. "ചീത്ത കാലങ്ങൾക്കെതിരായ പാട്ട് ' എന്നുകൂടി ഞാൻ കൂട്ടിച്ചേർക്കും'. ഞങ്ങൾ ഒലീവുകളാണ്, ഞങ്ങളെ പിഴിയൂ' എന്നു പറഞ്ഞപ്പോൾ ജെയിംസ് ജോയ്‌സ് ഉദ്ദേശിച്ചത് പീഡനകാലങ്ങൾ എഴുത്തുകാരിലെ ഏറ്റവും ഉത്തമമായത് പുറത്തു കൊണ്ടുവരുന്നു എന്നാണ്. ഫാസിസവും സമഗ്രാധിപത്യവും കൊളോണിയലിസവും മതാധിപത്യവും നിറഞ്ഞ നിർദ്ദയഋതുക്കളിലെല്ലാം നാം അത് കണ്ടിട്ടുണ്ട്. ( യൂറോപ്പിലെ പ്ലേഗ് കാലം മുതൽ ഈ കോവിഡ് കാലം വരെ നാം വേറൊരു രീതിയിൽ അത് കാണുന്നു: ഇക്കാലങ്ങളിലെല്ലാം ധാരാളം ചീത്ത കല ഉണ്ടായിട്ടുണ്ടെങ്കിലും വലിയ കലാകാരന്മാരിൽ നിന്ന് വലിയ കലയും ഉണ്ടായിട്ടുണ്ടെന്നു പ്ലേഗ് കാലത്തെ മത്തീസ് ഗ്രുൻവാൽഡിന്റെ "ക്രൂശാരോഹണം' എന്ന ട്രിപ്പിച്ച് ചിത്രം കാണുകയോ ഷേക്‌സ്പിയറിന്റെ "കിംഗ് ലിയർ ' വായിക്കുകയോ ചെയ്തവർക്കെങ്കിലും അറിയാം. ) പോൾ സെലാൻ, യൂജീനിയോ മോൺടാലെ, ലോർക്കാ, മിഗുവെൽ എർണാണ്ടെത്, നെരൂദാ, സെസാർ വയെഹോ, ലാങ്ഗ്സ്റ്റൻ ഹ്യൂസ്, മാർഗരറ്റ് വാക്കർ, ലീറോയ് ജോൺസ്, ലിയോപോൾദ് സെന്‌ഗോർ, ഡേവിഡ് ദിയോപ്,, കിം ചീ ഹാ, ആന്നാ അഹ്മത്തോവ്വാ, ഓസ്സിപ് മന്റൽസ്താം, ബെയ് ദാവോ, ഫൈസ് അഹമ്മദ് ഫൈസ്, രബീന്ദ്ര നാഥ ടാഗോർ, സുമിത്രാനന്ദൻ പന്ത്, നസ്രുൾ ഇസ്ലാം, കുമാരനാശാൻ, സഹീർ ലുധിയാൻവി, നാം ദേവ് ഢസാൽ , വരവര റാവു ഇങ്ങിനെ ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കു മുൻപിലുണ്ട്. സമഗ്രാധിപത്യത്തിനു മുന്നിലുള്ള മൗനം, അതുമായുള്ള സഹകരണം തന്നെയാണ് എന്ന് അവർക്കറിയാമായിരുന്നു. ഇറാൻ, സൗദി അറേബ്യ, സിറിയാ തുടങ്ങി പല ഇടങ്ങളിലും ഇന്നും അനേകം കവികൾ തടവിലാണ്. സോവിയറ്റ് യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങളും ഒട്ടും പിറകിലായിരുന്നില്ല. പാശ്ചാത്യാധിപത്യത്തിലുണ്ടായിരുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളിലെ പ്രതിരോധത്തിന്റെ കവിതയും ലോകമെങ്ങുമുള്ള ഫെമിനിസ്റ്റ് കവിതയും ഇന്ത്യയിലെ ദളിത് കവിതയും മറ്റും പുതിയ ഒരു കാവ്യമീമാംസയുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയിൽ മതാധിപത്യവും കോർപ്പോറേറ്റ് മുതലാളിത്തവും സവർണ്ണാധിപത്യവും പുരുഷമേധാവിത്തവും ചേർന്ന് താങ്ങി നിർത്തുന്ന ഒരു ഭരണകൂടമാണ് നില നിൽക്കുന്നത്. പതിറ്റാണ്ടുകൾ മുൻപ് "ഹിന്ദുമാഹാസഭ' എന്ന സംഘടനയുടെ തുടക്കത്തോടെയാണ് ഈ വിദ്വേഷരാഷ്ടീയത്തിന്റെ ആരംഭം. ഇന്ത്യയുടെ ബഹുസ്വരവും സംവാദാത്മകവുമായ ചിന്താപാരമ്പര്യത്തിന്റെ സ്ഥാനത്ത് ഏകശിലാരൂപമായ, ഇസ്ലാം ഉൾപ്പെടെയുള്ള വിഭാഗങ്ങളെ അന്യവത്കരിക്കുന്ന, ഒരു കൃത്രിമമായ ഹിന്ദുമതവും ഇന്ത്യൻ സംസ്‌കാരത്തിന്റെ വിളറിയ ഒരു നിഴൽരൂപവും പ്രതിഷ്ഠിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇവർ ഇന്ത്യൻ മുസ്ലീങ്ങളിൽ സൃഷ്ടിച്ച ഭീതിയെ ചൂഷണം ചെയ്താണ് മതവിശ്വാസിയല്ലാത്ത മുഹമ്മദാലി ജിന്ന, പാക്കിസ്ഥാൻ എന്ന ആവശ്യം ഉന്നയിച്ചത്. അത് ഇന്ത്യയുടെ വിഭജനത്തിന്നും കാരണമായി. എങ്കിലും ഗാന്ധിയിലും നെഹ്രുവിലും വിശ്വാസമുണ്ടായിരുന്ന ഒരു വലിയ ഭാഗം മുസ്ലീങ്ങൾ മതേതര ഇന്ത്യയിൽതന്നെ തുടർന്നു ജീവിക്കാൻ തീരുമാനിച്ചു. അവർക്ക് ഇന്ന് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ വർദ്ധിച്ചു വരാൻ ഈ സങ്കുചിതഹിന്ദുത്വവും അതിന്റെ വക്താക്കൾ നടത്തുന്ന ആക്രമണങ്ങളും കാരണമായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ പോലും ലംഘിച്ചു കൊണ്ട് ഒരു പുതിയ ആൾക്കൂട്ട രാഷ്ട്രീയം ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്നു. അത് മുസഫർപൂർ പോലെ പലയിടങ്ങളിലും വർഗ്ഗീയ ലഹളകൾ സൃഷ്ടിക്കുന്നു, 2002 -ൽഗുജറാത്തിലും, ഇയ്യിടെ വടക്ക് കിഴക്കൻ ഡൽഹിയിലും നടന്ന പോലുള്ള വംശഹത്യകൾ നടത്തുന്നു. സ്വതന്ത്ര കലാകാരരേയും എഴുത്തുകാരെയും ചിന്തകരെയും ആക്രമിക്കുകയും ചിലപ്പോൾ വധിക്കുകയും ചെയ്യുന്നു. കോർപറേറ്റുകൾ അവർക്ക് സാമ്പത്തിക സഹായം നൽകുന്നു, അതു കൊണ്ട് അവർക്ക് മറ്റു പാർട്ടികളിലെ സാമാജികരെപ്പോലും വാങ്ങാം എന്നായിരിക്കുന്നു. സർക്കാർ അവരെ പലിശയില്ലാത്ത കടം നൽകിയും, വലിയ വായ്പ്പകൾ എഴുതിത്തള്ളിയും തിരിച്ചു സഹായിക്കുന്നു. നെഹ്രുവിന്റെ കാലത്ത് സ്ഥാപിതമായ ഇന്ത്യയിലെ സാംസ്‌കാരിക -ശാസ്ത്ര- ചരിത്ര- ഗവേഷണസ്ഥാപനങ്ങളും, സർവ്വകലാശാലകളും മുതൽ നീതി-ന്യായസ്ഥാപനങ്ങൾ വരെ അവരുടെ നെടുനായകത്വം പടർന്നു പിടിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ, ഗാന്ധിയെ കൊലപ്പെടുത്തിയ ഹിന്ദുതീവ്രവാദികൾ, ഇന്ന് അതിന്റെ പൈതൃകം അവകാശപ്പെടുന്നു. അവർ ചരിത്രം തന്നെ തിരുത്തിയെഴുതുകയാണ്. ചരിത്രം, ഗോത്രപഠനം , പുരാവസ്തു ഗവേഷണം, ഭാഷാശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പുതിയ ഗവേഷണങ്ങൾ അവരുടെ "ആര്യവംശ' സിദ്ധാന്തത്തിന്റെ പൊള്ളത്തരം മുഴുവനായി തുറന്നു കാട്ടിയിട്ടും അവർ അത്തരം കപട സിദ്ധാന്തങ്ങളിൽ ഇന്ത്യയുടെ ചരിത്രത്തെ കുരുക്കിയിടുകയാണ്.

സച്ചിദാനന്ദൻ

ദളിതർ, ന്യൂനപക്ഷങ്ങൾ, സ്വതന്ത്രരായി ജീവിക്കുന്ന സ്ത്രീകൾ, ഗേ-ലെസ്ബിയൻ വിഭാഗങ്ങൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ, കർഷകർ ഇവർക്കെല്ലാം എതിരായ വലതുപക്ഷ സമീപനം, അമേരിക്കയും ബ്രിട്ടനും മുതൽ തുർക്കിയും ഹങ്കറിയും വരെയുള്ള മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ, ഇന്ത്യയിലും പ്രയോഗത്തിൽ വരികയാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന ദളിത് ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും മറ്റും തടവിലാക്കപ്പെടുന്നു, അതേ സമയം കുറ്റവാളികൾ സ്വതന്ത്രവിഹാരം നടത്തുന്നു, പരസ്യമായി രാജ്യദ്രോഹപരവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകൾ നടത്തുകയും പ്രവൃത്തികൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഹിന്ദു തീവ്രവാദികൾക്കെതിരായ കേസ്സുകൾ പലതും കുഴിച്ചു മൂടപ്പെടുന്നു, അവരിൽ പലരും ഇപ്പോൾ പാർലമെന്റംഗങ്ങളും മന്ത്രിമാർ പോലുമാണ്. ഹിന്ദു-മുസ്ലീം മൈത്രിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ഗാന്ധിയെ അവർ ഒരു തൂപ്പുകാരനാക്കിയിരിക്കുന്നു, ദളിതർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അംബേദ്കറിനെ ഒരു ചുവർചിത്രവും. ആർ.എസ്.എസ്സിനെ നിയമവിരുദ്ധമാക്കുന്നതിനു കാരണക്കാരനായിരുന്ന പട്ടേലിനെ ഒരു ഭീമൻ പ്രതിമയിലൂടെ സ്വന്തം പ്രതാപപ്രതീകമാക്കിയിരിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ബുള്ളറ്റ് ട്രെയിനുകൾക്കും പുതിയ പാർലമെന്റ്‌റ് മന്ദിരത്തിനും ഡൽഹിയിലെ മദ്ധ്യചത്വരത്തിനും വേണ്ടി സഹസ്രകോടികൾ ചിലവിടുന്നു.

മറ്റൊരു സഹസ്രകോടി പദ്ധതിയാണ് മുഖ്യമായും മുസ്ലീങ്ങളെ ബാധിക്കാൻ പോകുന്ന "ദേശീയപൗരത്വരെജിസ്റ്റർ' . അതിന്നെതിരായ സമരം ചൂടു പിടിക്കുമ്പോഴാണ് കോവിദ് 19 എന്ന ആഗോളമഹാമാരി സർക്കാരിന് ഒരനുഗ്രഹമായി മാറിയത്. ഞാൻ ഇതെഴുതുമ്പോൾ പ്രക്ഷോഭ മുഖരിതമായിരുന്ന ഡൽഹിയിലെ തെരുവുകൾ നിശ്ശബ്ദവും ശൂന്യവുമാണ്. ദേശീയവാദി അല്ലെങ്കിലും ദേശസ്‌നേഹിയായ ഒരു പൗരൻ എന്ന നിലയിൽ ഇത് മറ്റു സ്വതന്ത്രചിന്തകരെപ്പോലെ എന്നെയും അഗാധമായി അസ്വസ്ഥനാക്കുന്നുണ്ട്. എഴുത്തിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും സംഘടനകളിലൂടെയും ഞങ്ങൾ ഈ അവസ്ഥയെ ചെറുക്കാൻ ശ്രമിക്കുന്നു. ഒരു വലിയ വിഭാഗം എഴുത്തുകാർ- മറ്റു കലാകാരരും- ഭയം കൊണ്ടോ അനുകൂലചിന്ത കൊണ്ടോ മൂകരാണെന്ന കാര്യം മറന്നു കൊണ്ടല്ലാ ഞാൻ സംസാരിക്കുന്നത്. എണ്ണമെടുത്താൽ ഞങ്ങൾ ഒരു ന്യൂനപക്ഷമാണെന്ന് വരാം. എങ്കിലും ഞങ്ങൾ അധികാരത്തോട് സത്യം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. 'ഒക്ലേർ ചലോ' ( ഒറ്റയ്ക്ക് പോകൂ) എന്നതായിരുന്നു ഗാന്ധിയുടെ പ്രിയപ്പെട്ട ടാഗോർ കവിത. വിചിത്രമെന്നു തോന്നാം, ഇന്ത്യയുടെ ദേശീയഗാനരചയിതാവായ ടാഗോർ 'ദേശീയവാദം' ( നാഷണലിസം) എന്ന പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമർശകനായിരുന്നു.

താങ്കൾ സ്ത്രീകളുടെ രചനയ്ക്ക് "പെണ്ണെഴുത്ത് ' എന്ന സംജ്ഞ കണ്ടെത്തിയതായി ഞാൻ മനസ്സിലാക്കുന്നു.അത് ഒരു പാട് വിശദീകരണം അർഹിക്കുന്നുണ്ടാകാം, എന്നാൽ അതിന്റെ ഒരു വശമെങ്കിലും വിശദീകരിക്കാമോ? എങ്ങിനെയാണ് താങ്കൾ ഈ വാക്കിൽ എത്തിയത്, അഥവാ എന്താണ് സ്ത്രീരചനകളെ മറ്റു രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്?

അതൊരു പഴയ കഥയാണ്. ഞാൻ ഫ്രഞ്ച്‌ഫെമിനിസ്റ്റുകളെ വായിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് തന്റെ കഥകൾക്ക് ആമുഖം എഴുതാൻ സാറാ ജോസഫ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരി എന്നെ സമീപിച്ചത്. l'ecriture feminine എന്ന പദത്തിന്റെ നേർതർജ്ജുമയായിരുന്നു അത്. വ്യാകരണം പോലും പുരുഷമേധാവിത്തത്തെ പ്രതിഫലിപ്പിക്കുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമായി പെണ്ണുടലിനും അഭിലാഷത്തിനും (desire) ചുറ്റുമായി സംഘടിപ്പിക്കപ്പെടുന്ന ഒരു "മാതൃ'ഭാഷ, ആണധികാരത്തിനോടുള്ള വെല്ലുവിളി, ലിംഗസമത്വത്തിലുള്ള ഊന്നൽ-ഇതിനെല്ലാം പ്രാധാന്യം നൽകുന്ന എഴുത്തിനെയാണ് ആ സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു തരത്തിൽ അത് മലയാളത്തിലെ ഫെമിനിസ്റ്റ് വിമർശവ്യവഹാരത്തിന്റെ ആരംഭമായിരുന്നു എന്നു പറയാം. ഞാൻ സ്വയം എന്നും പകുതി പെണ്ണായാണ് കരുതിപ്പോന്നിട്ടുള്ളത് എന്ന് ' അവൾ, ഉള്ളിൽ' തുടങ്ങിയ കവിതകൾ തെളിയിക്കും. എന്റെ പല കവിതകളിലും ( കയറ്റം, ബോധവതി, വരട്ടെ, സ്ത്രീകൾ .. ) ഈ ചായ്വ് വ്യക്തമാണ്. "അവൾ ഉള്ളിൽ' ഇങ്ങിനെയാണ്:

കുട്ടിക്കാലത്ത് കണ്ണെഴുതി / പാവാടയുടുത്തു കണ്ണാടിക്കു മുൻപിൽ /ഞാൻ നൃത്തം ചെയ്യുമായിരുന്നു/ആ പെൺകുട്ടി ഇന്നും എന്റെയുള്ളിൽ / നൃത്തം ചെയ്യുന്നുണ്ട്./ രോമവും ശബ്ദവും വേഷവുംകൊണ്ട്/ ഞാൻ അവളെ മൂടി വെയ്ക്കുന്നു/ പക്ഷെ ആവരണങ്ങൾ പൊട്ടിച്ചു അവൾ/ചിലപ്പോൾ പുറത്തു ചാടുന്നു,/അമ്മയെന്നും ചേച്ചിയെന്നും/ അനിയത്തിയെന്നും വിളിക്കപ്പെടാൻ കൊതിച്ചുകൊണ്ട്, പുരുഷരേക്കാൾ/ സ്ത്രീകളെ സുഹൃത്തുക്കളാക്കാൻപ്ര ലോഭിപ്പിച്ചുകൊണ്ട്,/ ചില പുരുഷന്മാരോടു തോന്നുന്നത്/ സൗഹൃദമോ അതോ പ്രണയമോ എന്ന്/ തിരിച്ചറിയാനാകാതെ അമ്പരിപ്പിച്ചുകൊണ്ട്,/ പീഡിപ്പിക്കപ്പെട്ടുകൊണ്ട്, ചെറുത്തുകൊണ്ട്,/ബാലവധുവിന്റെയുംവിധവയുടെയും/ വേശ്യയുടെയും കൊലചെയ്യപ്പെട്ടവളുടെയും/ കോപവുംകണ്ണീരും ഏറ്റുവാങ്ങി/ പുരുഷലോകത്തെ ശപിച്ചുകൊണ്ട്.//പുരുഷന്മാർ കല്ലെറിയുമായിരുന്നില്ലെങ്കിൽഞാൻ/ നാൽക്കവലകളിൽ നൃത്തംചെയ്‌തേനെ.// ആണും പെണ്ണും കെട്ടവനെന്നു/ എന്നെ വിളിച്ചോളൂ, ദൈവത്തിനില്ലാത്ത/ ലിംഗത്തെ ഞാനിതാ നിരാകരിക്കുന്നു//എങ്കിലും ഞാൻ ഒരു വൃദ്ധനെ കൊല്ലാൻ / ഒരു ഭീരുവിനും മറയാവുകയില്ല. (ഭീഷ്മരെ കൊല്ലാൻ അർജുനൻ ശിഖണ്ഡിയെ മറയാക്കിയത് സൂചിതം).

ഏറ്റവും വേദനാകരമായ ബിംബങ്ങൾ ഉപയോഗിക്കുമ്പോഴും താങ്കളുടെ കവിത സുരക്ഷിതമായ ഒരു മടിത്തട്ടു പോലെ തോന്നുന്നു, വായനക്കാരനു (രിയു) മായുള്ള താഴ്ന്ന ശബ്ദത്തിലുള്ള ഒരു സംഭാഷണം.താങ്കൾ വേദന വായനക്കാരന്റെ മുഖത്തേയ്ക്ക് വലിച്ചെറിയുന്നില്ല, പകരം അവ കാണാൻ അവരെ നയിക്കുക മാത്രം ചെയ്യുന്നു. എഴുതുമ്പോൾ ഇതാലോചിക്കാറുണ്ടോ? കവിതയെ നേരിട്ടുള്ള ഭാഷണത്തിൽ നിന്ന് ശുദ്ധീകരിച്ചെടുക്കാൻ ശ്രമിക്കാറുണ്ടോ?

കവിതയിൽ ഉറക്കെ വിളിച്ചുപറയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്- കഴിയുന്നത്ര ബിംബങ്ങളിലും രൂപകങ്ങളിലും പ്രതീകങ്ങളിലും കൂടി പരോക്ഷമായി സംസാരിക്കാൻ. ഉവ്വ്, ചില രാഷ്ട്രീയ സന്ദർഭങ്ങളുണ്ട്, കൂടുതൽ നേരിട്ട് സംസാരിക്കാൻ നമ്മെ നിർബന്ധിക്കുന്നവ, അവയിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറാറില്ല. പക്ഷെ പരോക്ഷമായിത്തന്നെ സംവേദനം ചെയ്യാൻ കഴിയുമ്പോഴാണ് എനിക്ക് കൂടുതൽ സന്തോഷം. ഞാൻ എന്റെ കവിതയിൽ ഒരു പാട് 'ഐറണി' ഉപയോഗിക്കുന്നുണ്ട്- അത് പരോക്ഷഭാഷണത്തിന്റെ മറ്റൊരുപാധിയാണ്. പലപ്പോഴും കവിതയെ നിർവചിക്കാൻ ഞാൻ നിർബന്ധിക്കപ്പെടാറുണ്ട്: അപ്പോഴൊക്കെ ഞാൻ വിപരീതങ്ങളിലൂടെയാണ് അത് ചെയ്യാറുള്ളത്: കവിത കഥയല്ല, നാടകമല്ല, ലേഖനമല്ല... ആത്യന്തികമായി ഇവയെ എല്ലാം ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഭാഷ ഉപയോഗി ക്കുന്ന രീതിയാണ്.

താങ്കൾ അന്തർദേശീയ പ്രസിദ്ധി നേടിയിട്ടുണ്ട്. സമ്മാനങ്ങൾ, അനേകം ഭാഷകളിൽ വിവർത്തനങ്ങൾ, ധാരാളം പുസ്തകങ്ങൾ : ഈ സമർപ്പണത്തെപ്പറ്റി പറയാമോ? എഴുത്തിൽ എന്താണ് താങ്കളുടെ സമയവും വിശ്വസ്തതയും നേടിയെടുത്ത ഘടകം?

പ്രസിദ്ധിക്കായല്ല ഒരാളും എഴുതുന്നത്. നാം നമ്മെത്തന്നെ ആവിഷ്‌കരിക്കാൻ, പ്രകൃതി കൂടി ഉൾപ്പെട്ട നമ്മുടെ ലോകം ആവിഷ്‌കരിക്കാൻ ആണ് എഴുതുന്നത്. മറ്റൊരു ഭാഷയിൽ നിന്ന് ആരെങ്കിലും എന്റെ ചില കവിതകൾ, അഥവാ ഒരു മുഴുവൻ സമാഹാരം, പരിഭാഷപ്പെടുത്തട്ടെ എന്ന് ചോദിക്കുമ്പോൾ എനിക്കു തന്നെ അത്ഭുതമാണ്. അവർ എന്റെ കവിതകൾ എവിടെയെങ്കിലും ഇംഗ്ലീഷിൽ കണ്ടവരോ ഫെസ്റ്റിവലുകളിൽകേട്ടവരോ ആകാം. തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ചില ഇന്ത്യൻ ഭാഷകളിലും ഫ്രെഞ്ചിലും ജെർമ്മനിലും ഉള്ള എന്റെ സമാഹാരങ്ങൾ നേരിട്ട് മലയാളത്തിൽ നിന്ന്, മലയാളം പഠിച്ച ഒരു ഫ്രെഞ്ചുകാരിയും, ജെർമ്മൻ പഠിപ്പിക്കുന്ന ഒരു മലയാളി അദ്ധ്യാപികയും- അവർ ജെർമ്മനിൽ കവിത എഴുതാറുമുണ്ട് - വിവർത്തനം ചെയ്യപ്പെട്ടവയാണ്. അറബിയിലെ സമാഹാരം ഒരു അറബ് കവി- ഷിഹാബ് ഘാനെം- ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തു, പിന്നെ അറബി നന്നായി അറിയാവുന്ന ഒരു മലയാളി സുഹൃത്ത് - ശ്രീ ഷാജഹാൻ മാടമ്പാട്ട്- അത് മൂലകവിതകളുമായി താരതമ്യം ചെയ്തു തിരുത്തുകൾ വരുത്തി. ഐറിഷ്, ജാപ്പനീസ്, ചൈനീസ് പുസ്തകങ്ങൾ ഇംഗ്ലീഷിൽ നിന്ന് ചെയ്തവയാണ്, ഇറ്റാലിയൻ സമാഹാരം ഇംഗ്ലീഷിൽ നിന്ന് ഒരു ഇറ്റാലിയൻ കവി-നാടകകൃത്ത് - റോസന്നാ ഗേറ്റെശ്ചി- ആദ്യം വിവർത്തനം നടത്തി ഡൽഹിയിൽ വീട്ടിൽ വന്നു ഒത്തു നോക്കി ചെയ്തതാണ്. ഒറിയാ, പഞ്ചാബി, ബംഗാളി, ആസ്സമീസ് തുടങ്ങിയ ഭാഷകളിലെ വിവർത്തനങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ നിന്ന് ചെയ്തവ. പക്ഷെ ഈ അനുഭവങ്ങളിൽ നിന്നെല്ലാം ഞാൻ മനസ്സിലാക്കിയത് ഭാഷയുടെയും പ്രദേശത്തിന്റെയും സവിശേഷതകൾക്കപ്പുറത്ത് കവിതയ്ക്ക് സാർവലൗകികമായ ഒരു കാതൽ ഉണ്ടെന്നാണ്. അതു കൊണ്ടാവണം വ്യത്യസ്തമായ പ്രദേശങ്ങളിലെ വായനക്കാർക്ക് എന്റെ കവിതയുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നത്. ഒരു പക്ഷെ, വാൾട്ടർ ബെന്യാമിൻ പറയും പോലെ , ബാബേലിനു മുൻപ് മനുഷ്യർക്കുണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കപ്പെടുന്ന ആ പൊതുഭാഷയിലേക്ക് തിരിച്ചു പോകാനുള്ള പരിശ്രമമാകാം ഓരോ വിവർത്തനവും.

സച്ചിദാനന്ദൻ

താങ്കൾ പലതരം സാഹിത്യരൂപങ്ങൾ- കവിതകളും കഥകളും നാടകവുമെല്ലാം എഴുതിയിട്ടുണ്ട്. ഓരോ രൂപവും ഒരു പ്രത്യേകമായ അവസ്ഥയെ- വ്യക്തിപരമോ സാഹിത്യപരമോ-ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് കരുതുന്നുണ്ടോ? എന്തു കൊണ്ടാണ് കവിതയ്ക്ക് പ്രാഥമികത ലഭിക്കുന്നത്?

ഞാൻ കവിയായാണ് തുടങ്ങിയത്. കവിയായിത്തന്നെ അവസാനിക്കും. മറ്റുള്ളവ അത്ഭുതങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമാണ് ഞാൻ ചില കഥകൾ എഴുതിയത്- ചില കാര്യങ്ങൾ പറയാൻ കഥയാണ് നല്ലതെന്ന് തോന്നി- ഒരു ഫ്രെഞ്ച് അഭിമുഖകാരൻ കണ്ടെത്തിയതു പോലെ, എന്റെ കവിതയിൽ ശക്തമായ ആഖ്യാനത്തിന്റെ ഒരു ഘടകം ഉണ്ടെങ്കിലും. മറിച്ചു എന്റെ കഥകളിലും ഒരുപാട് ഭ്രമാത്മകതയും ഐറണിയും അന്യാപദേശവും നർമ്മവും പരോക്ഷതയുമെല്ലാം ഉണ്ടെന്നും കാണാം. ഞാൻ അൻപതിലേറെ ഗസലുകളും എഴുതിയിട്ടുണ്ട്, ചില പ്രസിദ്ധരായ പാട്ടുകാർ അവ പാടിയിട്ടുണ്ട്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോൾ എന്നെ അമ്പരപ്പിച്ചു കൊണ്ടാണ് അവ ആദ്യം വന്നത്. വല്ലപ്പോഴും ഇപ്പോഴും ഉണ്ടാകുന്നു. ബ്രെഹ്റ്റ് , ലേഡി ഗ്രിഗറി, യേറ്റ്‌സ് എന്നിവരുടെ ചില നാടകങ്ങൾ ഞാൻ എന്റെ രീതിയിൽ പാടേ മാറ്റിയെഴുതിയിട്ടുണ്ട്, അതു ഏറ്റുപറഞ്ഞുകൊണ്ടു തന്നെ- കേരളത്തിലെ 'ജനകീയ സാംസ്‌കാരികവേദി'യ്ക്കു വേണ്ടിയാണ് അവ ചെയ്തത്. യേറ്റ്‌സിന്റെ ഏഴു നാടകങ്ങളുടെ പരിഭാഷകളും ചെയ്തിട്ടുണ്ട്. പിന്നെ 'ഇന്ത്യൻ സെക്യുലർ ഫോറ'ത്തിന് വേണ്ടി ഗാന്ധിയുടെ അവസാന ദിനങ്ങളെക്കുറിച്ചു വിഭജന പശ്ചാത്തലത്തിൽ ഒരു മുഴുനീളനാടകവും എഴുതി- എപ്പിക് രീതിയിൽ , കവിതകളും മറ്റുമായി.

കവിതയിലെ ആധുനികത വ്യാഖ്യാനിക്കാനായാണ് ഞാൻ നിരൂപണത്തിൽ എത്തിപ്പെട്ടത്- അന്ന് അധികം പേർ അതിനു തുനിഞ്ഞിരുനില്ല , അത് കൊണ്ട് ചെയ്യേണ്ടി വന്നു എന്ന് മാത്രം, പിന്നെ കഥ, നോവൽ, ചിത്രകല, സിനിമ തുടങ്ങിയ മേഖലകളിലേക്കും സംഘടനകളിൽ പ്രവർത്തിച്ചപ്പോൾ സാമൂഹ്യവും ദാർശനികവുമായ വിഷയങ്ങളിലേക്കും തിരിഞ്ഞു. സ്‌കൂൾ കാലത്ത് തന്നെ ഞാൻ കവിതാ പരിഭാഷകളും ആരംഭിച്ചു- പല ഭൂഖണ്ഡങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേജ് കവിതകൾ ഇതിനകം പരിഭാഷ ചെയ്തു, ഇപ്പോഴും ചെയ്യുന്നു; പലപ്പോഴും എന്റെതന്നെ പ്രസിദ്ധീകരണങ്ങൾക്കോ, മറ്റു ആനുകാലികങ്ങളിലെ പംക്തികൾക്കോ വേണ്ടി -ഒപ്പം പുറത്തെ ആധുനികതയെ പരിചയപ്പെടുത്തലും ലക്ഷ്യമായിരുന്നു. കൂടാതെയാണ് മലയാളത്തിലും ഹിന്ദിയിലും നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവർത്തനങ്ങൾ എല്ലാം ആരംഭിച്ചത് കവിതയിൽ നിന്നാണ് . ഭാവിയിൽ ഞാൻ അറിയപ്പെടാനിടയുണ്ടെങ്കിൽ, കവിയായിത്തന്നെയാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. ഞാൻ അസ്മായുടെ തന്നെ ചില വരികൾ ഉദ്ധരിച്ചു അവസാനിപ്പിക്കട്ടെ: "മാന്യരേ, ഇത് ഒരു കളിയല്ല./ ഇത് ഇൻഫ്രാ റെഡ്ഡും അൾട്രാ വയലറ്റുമാണ്/ അമ്ലത്തിനു പോലും അതിനെ തൊടാനാവില്ല / അതറിയാൻ നാം പ്രവാചകരും/ ഭ്രാന്തരുമാകണം.''\

തീവണ്ടി

ആ തീവണ്ടി പോകുന്നത്
എന്റെ ഗ്രാമത്തിലേക്കാണ്
പക്ഷെ അതിൽ ഞാനില്ല
എന്റെ ഉള്ളിലാണ് അതോടുന്ന റെയിൽപാളം
അതിന്റെ ചക്രങ്ങൾ എന്റെ നെഞ്ചിൽ
എന്റെ നിലവിളി അതിന്റെ ചൂളം

അത് എന്നെ കൊണ്ടുപോകാൻ
തിരിച്ചു വരുമ്പോൾ ഞാനുണ്ടാവില്ല
എങ്കിലും എന്റെ പ്രാണൻ
ആ വണ്ടിയുടെ മേലെ ഇരുന്നു യാത്ര ചെയ്യും ,
എന്റെ ജഡം അരികിൽ കിടത്തിക്കൊണ്ട്.
അത് ഗ്രാമത്തിലെത്തി എന്റെ ഉള്ളിൽ കയറി
പഴയ ഇടവഴികളിലൂടെ സൈക്കിൾ ഓടിക്കും
അതിന്റെ ബെൽ കേട്ട് എന്റെ കുട്ടികൾ
ഓടി വരും, "അബ്ബു വന്നു! അബ്ബു വന്നു!'

വന്നത് എന്റെ ജഡമാണെന്ന്
ഞാനേതു ഭാഷയിൽ അവരോടു പറയും?
നരകത്തിന്റെയോ സ്വർഗ്ഗത്തിന്റെയോ?
ഞാൻ അവയ്ക്കിടയിലാണല്ലോ.

കിണർ സംസാരിക്കട്ടെ , അല്ലെങ്കിൽ കുളം.
ജലം മിണ്ടുന്നില്ലെങ്കിൽ
മുറ്റത്തെ മുരിക്കുമരത്തിലെ കാക്കയുടെ
ഉള്ളിലിരുന്നു എന്റെ പ്രാണൻ
അവരോടു സത്യം പറയട്ടെ.

സച്ചിതാനന്ദന്റെ ലേഖനങ്ങൾ

ഒരു കോവിഡ് കഥ ചില പാഠങ്ങളും

അടച്ച വാതിലുകൾക്കു പിറകിൽ

കവിതകൾ

ലോകം മാറുന്നില്ല

പക്ഷികളുടെ രാഷ്ട്രം

Comments