truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
satheeshan narakkod

Environment

മീറോട് മലയിലെ ചങ്കല്‍ ക്വാറി

ഖനനമാഫിയകള്‍
മത്സരിക്കുന്നതാരോട്

ഖനനമാഫിയകള്‍ മത്സരിക്കുന്നതാരോട്

എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി മീറോട്​ മലയിൽ ചെങ്കല്‍ ഖനന ലോബി അപകടകരമായ രീതിയില്‍ ഖനനം നടത്തുകയാണ്​. ഖനനം തുടര്‍ന്നാല്‍ കുന്നിന്റെ താഴ്‌വരയിലുള്ള പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറാന്‍ താമസമുണ്ടാകില്ല.  കള്ളക്കേസും ഭീഷണിയും മർദ്ദനങ്ങളും സഹിച്ച്​ മീറോട് മല സംരക്ഷിക്കുന്നതിന്​ നാട്ടുകാർ ഒറ്റക്കെട്ടായി നടത്തുന്ന സമരം ഇപ്പോള്‍ ഒരു നാടി​ന്റെ അതിജീവനത്തിനും നിലനിൽപ്പിനുമായുള്ള പ്രക്ഷോഭമായി വികസിച്ചിരിക്കുന്നു

11 Jan 2021, 04:53 PM

സതീശന്‍ നരക്കോട്

കോഴിക്കോട്​ ജില്ലയിൽ മേപ്പയൂരിനടത്തുള്ള മീറോട് മലയുടെ താഴ്‌വരയിലെ ജനജീവിതത്തിന്റെ ചരിത്രവും വര്‍ത്തമാനവും ആ കുന്നിനുമുകളില്‍  സംഭവിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. വനപ്രദേശമായിക്കിടന്ന താഴ്‌വര പതുക്കെ ജനനിബിഡമായ ചെറുഗ്രാമങ്ങളായി മാറിയ പരിണാമപ്രകൃയിയില്‍ മീറോട് മല എന്ന പ്രേരകശക്തി വഹിച്ച പങ്ക് അവഗണിക്കാന്‍ പറ്റാത്തതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മലയുടെ ഘടനയില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും താഴ്‌വരയിലെ ജനജീവിതത്തെ സാരമായി  ബാധിക്കും. 

കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍, മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ നരക്കോട്, കീഴരിയൂര്‍, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമാണ് മീറോട് മല. ഈ പ്രദേശങ്ങളിലെ കാല്‍ ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം, കൃഷി, കഴിക്കാനുള്ള ഭക്ഷണം, ശ്വസിക്കാനുള്ള ശുദ്ധവായു, ജീവസന്ധാരണത്തിനായുള്ള തൊഴില്‍ തുടങ്ങിയവയെല്ലാം മലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്നു. 

meerode 6.jpg
മീറോട് മല

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത 140 ഏക്കര്‍ ഭൂമിയും  സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളും ചേര്‍ന്നതാണ് മീറോട് മല. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സിംഹഭാഗവും ഭൂമിയില്ലാത്തവര്‍ക്കായി പതിച്ചു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലയുടെ ഏറ്റവും മുകളിലായി വലിയകളരി ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം  ഇപ്പോഴും റവന്യൂ വകുപ്പിന്റെ കൈവശമായുണ്ട്. കുന്നിനു മുകളില്‍ വാഹനസൗകര്യം, കുടിവെള്ളലഭ്യത തുടങ്ങിയവയുടെ അഭാവം മൂലം ഭൂമി ലഭിച്ച ആര്‍ക്കും തന്നെ അവിടെ വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഭൂമി ലഭിച്ചവര്‍ക്ക്, അവര്‍ക്ക് ലഭിച്ച ഭൂമിയുടെ കൃത്യമായ അതിരുകള്‍ അറിയാത്ത അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും സര്‍ക്കാര്‍ ഭൂമി വേര്‍തിരിച്ചടയാളപ്പെടുത്തുകയും വേണമെന്ന ആവശ്യം കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. 

ഭൂമി ലഭിച്ച ആളുകളില്‍ നിന്ന്​ ചെങ്കല്‍ ഖനന ലോബി അവ വിലയ്ക്ക് വാങ്ങുകയും വാങ്ങിയ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചേര്‍ത്ത് ഖനനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ ഖനനം നടത്തുകയുമാണ് ചെയ്യുന്നത്. ഈ രീതിയില്‍ ഖനനം തുടര്‍ന്നാല്‍ കുന്നിന്റെ താഴ്‌വരയിലുള്ള പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറാന്‍ അധികം താമസമുണ്ടാകില്ല. 

അസംഖ്യം അമൂല്യ ഔഷധ സസ്യങ്ങള്‍, അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, മയിലും പെരുമ്പാമ്പുമടക്കമുള്ള പക്ഷിമൃഗാദികള്‍ തുടങ്ങിയവയാല്‍ സമൃദ്ധമായ മീറോട് മല ജൈവവൈവിധ്യ കലവറ തന്നെയാണ്. ഖനനം ആരംഭിച്ച ശേഷം മലയില്‍ ജീവിച്ചിരുന്ന പല ജീവികളും പൂര്‍ണമായും നശിച്ചുപോകുകയോ താഴ്‌വരകളിലേക്ക് ഇറങ്ങുകയോ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന താഴ്‌വരയിലെ ചമ്പഭാഗത്തെ ചോലയില്‍പ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയാണിപ്പോള്‍. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഓരോ വര്‍ഷം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൃഷി അസാധ്യമാകുന്നു. കുടിക്കാനും കുളിക്കാനും വെള്ളത്തിനായി ജനങ്ങള്‍ പഞ്ചായത്ത് ജല വിതരണ സംവിധാനത്തിനായി കാത്തിരിക്കുന്നു. 

meerode 6.jpg
മീറോട മലയിൽ നടക്കുന്ന ഖനനം

മഴക്കാലം താഴ്‌വരയിലെ ജനങ്ങള്‍ക്ക് ഭയത്തിന്റേതാണ്. മലയുടെ മുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് കൂടിവരുന്നത് പേടിയോടെയാണ് ആളുകള്‍ കാണുന്നത്. ഖനനഫലമായി മലയുടെ മുകളില്‍ രൂപീകൃതമായ വന്‍ കുഴികളും കുഴിയില്‍ നിന്നും സമീപസ്ഥലങ്ങളിലേക്ക് മാറ്റിയിട്ട മണ്ണിന്റെ വന്‍ കൂനകളും ഭീകരമായ ഒരു ഉരുള്‍പൊട്ടലിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ജാതി- മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി മാസങ്ങളോളമായി സമരത്തിലാണ്. എന്നാല്‍ പണവും സ്വാധീനവുമുപയോഗിച്ച് ഖനനം നിര്‍ബാധം തുടരുന്ന ഖനനമാഫിയ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കെതിരെ ഭീഷണിയും കായികമായ അക്രമണങ്ങളും അഴിച്ചുവിടുകയാണ്. സമരത്തിന്റെ മുന്‍നിരയിലുള്ള പ്രസ്ഥാനങ്ങളുടെ ഓഫീസില്‍ കയറി അക്രമം നടത്തിയ സംഭവം വരെ ഉണ്ടായി. നാട്ടുകാര്‍ക്കെതിരെ അന്യായമായി പൊലീസ്  എടുക്കുന്ന കേസുകളും കൂലിത്തല്ലുകാരുടെ ഭീഷണികളും ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടാണ് മീറോട് മല സംരക്ഷിക്കുന്നതിനായുള്ള സമരം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. 

മീറോട്​ മല; അതിജീവനത്തിന്റെ സ്രോതസ്സ്​

ഇഞ്ചപ്പുല്ലിന്റെ  മണമിറങ്ങിവരുന്ന മീറോട് മല ഒരു കാലത്ത് താഴ്‌വാരത്തിന്റെ അതിജീവനത്തിന്റെ ശക്തിസ്രോതസ്സുകളായിരുന്നു. താഴ്‌വരയിലെ ജനത നടത്തിയ അതിജീവന സമരങ്ങള്‍ ഓര്‍ക്കുന്നത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ അതിന്റെ രാഷ്ട്രീയാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ വളരെയേറെ സഹായിക്കും. വയറിന്റെ കത്തലടക്കാന്‍ ഒരു റാത്തല്‍ കൊള്ളിക്കിഴങ്ങിനും തിക്താനുഭവങ്ങളുടെ ചവര്‍പ്പു മാറ്റാന്‍ ഒരുതരി മധുരത്തിനും വേണ്ടി നേരം വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ട് പരക്കുന്നതു വരെ മലയോടും മണ്ണിനോടും മല്ലടിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടം ഈ ദേശത്തുകാരെ കടന്നുപോയിട്ടുണ്ട്. 

ജീവിതത്തിനെതിരെ പാഞ്ഞടുക്കുന്നതിനേയെല്ലാം പടവെട്ടിത്തോല്‍പ്പിക്കാന്‍ എന്നും അധികമായൊരു കരുത്ത് ശരീരത്തിലും മനസ്സിലും സൂക്ഷിച്ചവരാണ് മീറോടിന്റെ താഴ്‌വരയില്‍ ജീവിച്ചവര്‍ എന്ന് ചരിത്രത്തിലേക്ക്  നോക്കി നമുക്ക് നിസ്സംശയം പറയാം. ഇത് പയ്യോര്‍മലക്കാരുടെ പൊതുസ്വഭാവം കൂടിയായിരിക്കണം.

1800കളുടെ തുടക്കത്തില്‍  നാടുവാഴികളും പ്രമാണികളും വരെ പകച്ചുനിന്നുപോയ ബ്രിട്ടീഷ് കമ്പനിപട്ടാളത്തിന്റെ കടന്നുകയറ്റത്തിനെതിരെ കുറുമ്പ്രനാട്ടില്‍ കത്തിപ്പടര്‍ന്ന കലാപത്തിന്  പയ്യോര്‍മലയിലെ ജനങ്ങള്‍ പരസ്യമായി പിന്തുണ നല്‍കിയതായി വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്കുള്ള കമ്പനിപട്ടാളത്തിന്റെ നിലയ്ക്കാത്ത പ്രവാഹം ബാഹ്യമായൊരു സമാധാനന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ജനങ്ങളുടെ ഉള്ളില്‍ അധിനിവേശത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ കനലുകള്‍ അണയാതെ കിടന്നു. കമ്പനിയുടെ ആധിപത്യത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് പയ്യോര്‍മലക്കാര്‍ കലവറയില്ലാത്ത പിന്തുണ നല്‍കി. ഇഷ്ടപ്പെട്ടതിനോട് ഇഴുകിച്ചേരുമ്പോള്‍ത്തന്നെ അലോസരപ്പെടുത്തുന്നതിനോട് കലഹിക്കുന്ന  ഗ്രാമസ്വഭാവത്തിന്റെ ദൃഷ്ടാന്തം.

new_0.jpg
മീറോട്​ മല

ജീവിതം കൊണ്ട് സമരം നടത്തിയ ഭൂവുടമസ്ഥരല്ലാത്ത കര്‍ഷകക്കൂട്ടങ്ങള്‍  രണ്ട് കുന്നുകള്‍ക്കിടയിലുള്ള താരതമ്യേന വീതികുറഞ്ഞ നരക്കോട് എന്ന പ്രദേശത്ത് സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടം മുതല്‍തന്നെ  വലിയ രാഷ്ട്രീയ ബോധ്യത്തോടെ പൊറുത്തുപോന്നിരുന്നു എന്നതിന്റെ തെളിവുകളാണ് ആ കാലഘട്ടങ്ങളില്‍ ഇവിടെ നടന്ന രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ അസംഖ്യം സംഭവങ്ങള്‍. കടുത്ത ജാതീയതയും സാമൂഹിക അസമത്വവും സ്വൈര്യജീവിതത്തെ അസാധ്യമാക്കിക്കളഞ്ഞപ്പോള്‍ അതിന്റെ കേടുപാടുകള്‍ തീര്‍ത്തെടുക്കാന്‍ ഈ ഗ്രാമവും നിരന്തരമായ സമരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.

1920 ആകുമ്പോഴേയ്ക്കും  രൂപപ്പെട്ട അയിത്ത വിരുദ്ധ പ്രക്ഷോഭം, ഹിന്ദി പഠന ക്ലാസ്, വയോജന വിദ്യാഭ്യാസ പരിപാടി, തുടങ്ങിയവയിലൂടെ നരക്കോട് നിടുമ്പൊയില്‍ പ്രദേശങ്ങള്‍ കാലത്തിന് മുന്‍പേ നടന്നു. അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞവര്‍ കൊഴുക്കല്ലൂരില്‍ വയോജന വിദ്യാഭ്യാസ ക്ലാസുകള്‍ ആരംഭിച്ചു. 1930 ല്‍ ഉപ്പുകുറുക്കല്‍ സമരത്തിന്റെ ഭാഗമായി പള്ളിക്കരയിലെ ഇ പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നടന്ന ജാഥയ്ക്ക് നരക്കോട് നല്‍കിയ സ്വീകരണം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ പരിപാടിയില്‍ വെച്ച് ആവേശഭരിതരായി മൂന്നുപേര്‍ മേല്‍മുണ്ട് കത്തിച്ച സംഭവവും നടന്നു. 

അധിനിവേശത്തില്‍ നിന്നുമുള്ള മോചനം എന്ന മുദ്രാവാക്യത്തോടൊപ്പം തന്നെ അതേ ശക്തിയില്‍ ഉയര്‍ത്തേണ്ടുന്ന മറ്റൊന്നാണ് ജാതീയതയ്ക്കം സാമൂഹിക അസമത്വത്തിനുമെതിരേയുള്ളത് എന്ന് തിരിച്ചറിയാന്‍ നരക്കോട് നിടുമ്പൊയില്‍ പ്രദേശത്തുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. 1939 ല്‍ നരക്കോടുവെച്ചുനടന്ന അയിത്തോച്ഛാടന സമ്മേളനത്തില്‍ കേളപ്പജി പങ്കെടുത്തിരുന്നു. ഡോ.കുട്ടി അധ്യക്ഷനായ പരിപാടിയില്‍ ഉണ്ടായ തീരുമാനപ്രകാരം പുലയ സമുദായത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ കൊഴുക്കല്ലൂര്‍ എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടി. അവര്‍ണര്‍ക്ക് അക്ഷരവിലക്കുള്ള കാലഘട്ടത്തിലാണ് ഇതെന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു. 

വയലുകളില്‍ മാടുകള്‍ക്ക് പകരം മനുഷ്യരെ കലപ്പക്ക് കെട്ടുന്ന പ്രകൃതത്വത്തിനെതിരെ വലിയ സമരം ഇവിടെ നടന്നു. മൃഗതുല്യമായി മനുഷ്യരെ കാണുന്നതിനെതിരെ സാമ്പവ സമുദായത്തില്‍പ്പെട്ടവരുടെ ഒരു സംഘടിതജാഥ നടക്കുകയും പ്രമാണിയായ ഒരാളുടെ വീട്ടില്‍ സാമ്പവ വിഭാഗത്തില്‍പ്പെട്ട സമരക്കാര്‍ വിവാഹസദ്യയില്‍ മറ്റുള്ളവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് സാമൂഹിക വിപ്ലവത്തിന്റെ തിരികൊളുത്തുകയും ചെയ്തു. ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ആളുകള്‍ക്കിയില്‍ വലിയൊരു സാമൂഹിക മാറ്റത്തിനുള്ള ആശയാടിത്തറ സൃഷ്ടിക്കാനും ഇത്തരം ചലനങ്ങള്‍ക്ക് കഴിഞ്ഞു. 

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ നരക്കോട് പ്രദേശത്തിന്റെ നാള്‍വഴികളില്‍ നാഴികക്കല്ലാണ് മീറോട് മിച്ചഭൂമി സമരം. താമസിക്കുന്നിടത്തു നിന്നും ഏത് സമയവും കീറപ്പായും കറിച്ചട്ടിയുമെടുത്ത് ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥവസ്ഥയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ  പ്രതിഷേധമായിരുന്നു അത്. മാന്യമായ തൊഴിലോ ജീവിതമോ സ്വന്തമായൊരിടമോ സാധ്യമല്ലായിരുന്ന യാഥാര്‍ത്ഥ്യത്തിനെതിരെ ഒരു ജനത സംഘടിതമായി നടത്തിയ പ്രതിഷേധം. ആ കാലത്ത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട സമരങ്ങളുടെ പ്രതിധ്വനി  ഈ കൊച്ചു പ്രദേശത്തും ശക്തമായി അലയടിച്ചു. 

1960, 70 കളിൽ കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ രൂപം കൊണ്ട ചില പ്രതിഷേധങ്ങളും സമരങ്ങളും നരക്കോടിനേയും ശക്തമായി സ്വാധീനിച്ചു. ഇടുക്കി ഡാം നിര്‍മ്മാണത്തിനായി എണ്ണായിരം ഏക്കര്‍ വിസ്തൃതിതിയില്‍ അയ്യപ്പന്‍ കോവില്‍ പ്രദേശത്ത് ആയിരത്തി എഴുന്നൂറോളം കുടുംബങ്ങളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരത്തോളം ആളുകളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കുടിയൊഴിയാന്‍ വിസമ്മതിച്ചവരുടെ കൂരകളും കൃഷിയിടങ്ങളും അഗ്‌നിക്കിരയാക്കി. കുടിയിറക്കിയവരെ കോരിച്ചൊരിയുന്ന മഴയത്ത് കുമളിയിലെ അമരാവതിയില്‍ കൂട്ടത്തോടെ ഇറക്കിവിട്ടു. ഭക്ഷണമോ പാര്‍പ്പിടമോ ചികിത്സയോ ലഭിക്കാതെ നിരവധിയാളുകള്‍ മരിച്ചു.   എന്നാല്‍ ഭരണാധികാരികള്‍ ഇത് ശ്രദ്ധിച്ചതേയില്ല. എ.കെ.ജി പ്രദേശം സന്ദര്‍ശിക്കുകയും  കുടിയൊഴിക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യവുമായി നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. ഇതോടെ ഈ  വിഷയം ദേശീയ ശ്രദ്ധയിലേക്ക് വന്നു. മാത്രമല്ല വിവധ പ്രദേശങ്ങളില്‍ സ്വന്തമായി ഭൂമിക്കുവേണ്ടി ജനങ്ങള്‍ സംഘടിക്കാനും തുടങ്ങി.  

എ.കെ.ജി   തിരികൊളുത്തിയ സമരജ്വാലയുടെ സ്വാധീനം നരക്കോടിന്റെ ചരിത്രഗതിയും മാറ്റി. കുഞ്ഞു മുതലാളി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെറിയാന്‍ ജോര്‍ജിന്റെ കൈവശമായിരുന്ന മീറോട് മല സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണം എന്ന ആവശ്യവുമായി 1971 ല്‍ ആരംഭിച്ച മിച്ചഭൂമി സമരം താഴ്‌വരയില്‍ ജീവിതങ്ങളെ അടിമുടി മാറ്റിപ്പണിയുന്നതായി. എ കെ ജി നേതൃത്വം നല്‍കിയ സമരങ്ങളില്‍ ആകൃഷ്ടനായ ഫാ. ജോസഫ് വടക്കന്‍ നരക്കോട് എത്തിയതോടെ  കണ്ണെത്താ ദൂരത്തോളം വ്യപിച്ചുകിടന്ന പറങ്കിമാവിന്‍ തോട്ടത്തില്‍ രാവന്തിയോളം പണിയെടുക്കുകയും കൂലിയായി കിട്ടുന്ന തുച്ഛമായ നാണയത്തുട്ടുകളോ കുറച്ചു പച്ചക്കിഴങ്ങോകൊണ്ട് തൃപ്തിപ്പെടേണ്ടിവരികയും ചെയ്ത ഒരു ജനതയുടെ വിചാരങ്ങളില്‍ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും മെച്ചപ്പെട്ട ജീവതത്തെക്കുറിച്ചുള്ള വീക്ഷണവും മുളപൊട്ടി. 

Meerod-2.jpg

പ്രദേശികമായി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സമരം സംഘടിപ്പിക്കപ്പെട്ടു. പട്ടിണി കിടന്നും ഒളിവില്‍ കഴിഞ്ഞും ജയിലില്‍ കിടന്നും സമരനേതാക്കള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പോലീസിന്റെയും കൂലിത്തല്ലുകാരുടേയും ഭീഷണികളെ തന്ത്രപരമായി നേരിട്ടു. കുന്നില്‍ സമരജ്വാലകളുയരുമ്പോള്‍ താഴ്‌വരയിലെ ജനങ്ങളില്‍ പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നാമ്പിട്ടു. ഭൂമിയില്‍ തന്റെതായൊരിടം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ വെമ്പലിന്റെ ബാഹ്യപ്രകടനങ്ങള്‍ വാക്കുകളായും ഭാവങ്ങളായും പ്രതിധ്വനിച്ചു. 

പണവും അധികാരവും പേശീബലവും കൊണ്ട് സമരത്തെ നേരിട്ട ഭൂവുടമയ്ക്ക് ഒരു ജനതയുടെ ഇച്ഛാശക്തിയ്ക്കു മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു. ഒറോക്കുന്ന്, പൊടിയാടി, റൂബി എസ്റ്റേറ്റ് എന്നിവടങ്ങളില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിട്ടുനല്‍കി. മീറോട് മലയില്‍ മാത്രം 140 ഏക്കറിലധികം വരുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കി.

IUCN 2020 റിപ്പോര്‍ട്ട് പ്രകാരം അതീവഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്ന പശ്ചിമഘട്ട ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഈ മല ഏല്‍ക്കുന്ന  ഏറ്റവും ചെറിയ ഒരു ആഘാതം പോലും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.  എവിടെയും രേഖപ്പെടുത്താതെപോയ, എന്നാല്‍ സാമൂഹികവികാസത്തിന്റെ നിര്‍ണായക സന്ധികളില്‍ ശക്തമായി അടയാളപ്പെടുത്തി കടന്നുപോയ ചെറുസംഭവങ്ങളുടെ ആകെത്തുകയയി ഇന്നും ജീവതങ്ങളെ അടിമുടി മാറ്റിപ്പണിയുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മീറോട് മല സംരക്ഷിക്കേണ്ടത്, മലയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് ആയിരക്കണക്കിന് ജനങ്ങളുടെ നിലനില്‍പ്പിനും ഭാവി തലമുറയ്ക്കായുള്ള നമ്മുടെ കരുതലിനും അനിവാര്യമാണ്.     

https://webzine.truecopy.media/subscription

  • Tags
  • #Environment
  • #Satheesan Narakkode
  • #Developmental Issues
  • #Kerala Governor
  • #Kerala Model
  • #Meerod Hill
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
c balagopal

Economy

സി. ബാലഗോപാൽ

വ്യവസായം കേരളത്തില്‍ നടക്കില്ല എന്ന് പറയുന്നവരോട്  ഞാന്‍ 50 കമ്പനികളുടെ ഉദാഹരണം പറയും

Jan 24, 2023

2 Minutes Read

tiger

Wildlife

സതീഷ് കുമാർ

മയക്കുവെടിയേറ്റ്​ മയങ്ങുംമുമ്പ്​ കടുവയെ പൊതിയരുത്​ ആൾക്കൂട്ടമേ, അത്​ അപകടമാണ്​

Jan 14, 2023

3 Minute Read

 Josh.jpg

Environment

കെ. കണ്ണന്‍

ജോഷിമഠ്: താഴ്ന്നുപോയ മണ്ണിനടിയിലുണ്ട് മനുഷ്യരുടെ നിലവിളികള്‍

Jan 14, 2023

8 Minutes Read

rn ravi

Federalism

പി.ഡി.ടി. ആചാരി

കേന്ദ്രത്തിന്റെ രാഷ്​ട്രീയലക്ഷ്യം നിറവേറ്റുന്ന ഗവർണർമാർ

Jan 11, 2023

3 Minutes Read

tp padmanabhan

buffer zone

ടി.പി. പത്മനാഭൻ

കോര്‍പറേറ്റ് താല്‍പര്യങ്ങളല്ല, പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്

Dec 27, 2022

10 Minutes Read

t g jacob

Memoir

ഒ.കെ. ജോണി

ടി.ജി. ജേക്കബ്​: ഒരു നഗ്​നപാദ മാർക്​സിസ്​റ്റ്​ ബുദ്ധിജീവി

Dec 25, 2022

3 Minutes Read

buffer zone

buffer zone

അഡ്വ. ജോയ്‌സ് ജോര്‍ജ്

തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ ​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

Dec 24, 2022

10 Minutes Read

Buffer Zone

buffer zone

എം. ഗോപകുമാർ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

Dec 23, 2022

14 Minutes Read

Next Article

പുതിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തിന്റെ അന്നവും മുട്ടിക്കും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster