14 Sep 2020, 03:00 PM
എന്റെ പേര് അനിരുദ്ധബോസ്. ഇരുപത്തൊമ്പതുവയസ്സുള്ള അവിവാഹിതൻ. എട്ട് വര്‍ഷമായി കല്‍ക്കട്ടയിലെ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് സര്‍ദാര്‍ ശങ്കര്‍ റോഡിലുള്ള ഫ്ളാറ്റില്‍ സാമാന്യം സുഖമായി കഴിയുന്നു. തെക്കോട്ടു തുറക്കുന്ന രണ്ടു മുറികളുള്ള ഫ്ളാറ്റ് താഴത്തെ നിലയിലാണ്. രണ്ടു കൊല്ലം മുന്‍പ് വാങ്ങിയ അംബാസഡര്‍ കാര്‍ ഞാന്‍ തന്നെ ഓടിക്കുന്നു. സമയം കിട്ടുമ്പോള്‍ കുറേശ്ശേ എഴുതും. എന്റെ മൂന്നു കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അവ നന്നായിരുന്നു എന്ന് പരിചയക്കാര്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷെ എഴുത്തുകൊണ്ട് മാത്രം ജീവിക്കാനാവില്ല എന്നെനിക്കറിയാം.
കുറെ മാസങ്ങളായി ഞാന്‍ ഒന്നും എഴുതിയിരുന്നില്ല. പകരം ബംഗാളിലെയും ബിഹാറിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീലം കൃഷിത്തോട്ടങ്ങളെക്കുറിച്ച് വായിക്കുകയായിരുന്നു. വായിച്ചു വായിച്ചു ഞാന്‍ ആ വിഷയത്തില്‍ ഏറെ അറിവ് സമ്പാദിച്ചിട്ടുണ്ട്. എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്തത്, കര്‍ഷകര്‍ അതിനെതിരെ ലഹള നടത്തിയത്, അവസാനം ജര്‍മ്മനിയില്‍ സിന്തറ്റിക് നീലം ഉൽപാദിപ്പിച്ചതിനെ തുടര്‍ന്ന്, നമ്മുടെ രാജ്യത്തുനിന്ന് അതിന്റെ കൃഷി തുടച്ചു നീക്കപ്പെട്ടത് - ഇതെല്ലാം എനിക്ക് മനഃപാഠമാണ്. ഇന്ന് ഞാന്‍ ഈ പേനയെടുത്തത് നീലത്തില്‍ എനിക്ക് താല്പര്യം ഉണ്ടാക്കിയ ഒരു അസാധാരണ സംഭവം വിവരിക്കാനാണ്.
ഈ അവസരത്തില്‍ എന്റെ പഴയ കാലത്തെ ചില കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ടിയിരിക്കുന്നു.
ബിഹാറിലെ മോങ്ഗ്യാര്‍ എന്ന സ്ഥലത്തെ അറിയപ്പെടുന്ന ഡോക്ടര്‍ ആയിരുന്നു എന്റെ അച്ഛന്‍. ഞാന്‍ ജനിച്ചതും തുടര്‍ന്ന് മിഷനറി സ്‌കൂളില്‍ പഠിച്ചതും എല്ലാം അവിടെയായിരുന്നു. എനിക്ക് അഞ്ച് വയസ് മൂത്ത ഒരു സഹോദരന്‍ ഉണ്ട്. ഇംഗ്ലണ്ടില്‍ മെഡിസിന്‍ പഠിച്ചതിനു ശേഷം ഇപ്പോള്‍ ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള ഗോള്‍ഡര്‍സ് ഗ്രീന്‍ എന്ന സ്ഥലത്തെ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നില്ല.
എനിക്ക് പതിനേഴു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണശേഷം ഞാനും അമ്മയും മോങ്ഗ്യര്‍ വിട്ട് കല്‍ക്കട്ടയിലേക്ക് വന്ന് അമ്മാവന്റെ ഒപ്പം താമസം ആരംഭിച്ചു. സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് ഡിഗ്രി എടുത്തു. വൈകാതെ പരസ്യകമ്പനിയില്‍ ജോലി ലഭിച്ചു. അതിന് അമ്മാവന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അര്‍ഹതക്കുറവൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ നല്ല വിദ്യാര്‍ത്ഥി ആയിരുന്നു, ഇംഗ്ലീഷ് നന്നായി സംസാരിച്ചിരുന്നു, എന്നുമാത്രമല്ല, ഇന്റര്‍വ്യൂവിന് എങ്ങനെ പെരുമാറണം എന്ന് നന്നായി അറിയാമായിരുന്നു.
മോങ്ഗ്യറില്‍ നിന്ന് ആദ്യകാലങ്ങളില്‍ കിട്ടിയ ചില രീതികള്‍ കാലങ്ങള്‍ കഴിഞ്ഞും മാറാതെ നിന്നു. കല്‍ക്കട്ടയുടെ തിരക്കുകളില്‍ നിന്ന് ഇടയ്ക്കിടെ ഓടിപ്പോവാനുള്ള ആഗ്രഹമാണ് അതിലൊന്ന്. കാര്‍ വാങ്ങിയതില്‍ പിന്നെ ഇടയ്ക്കിടെ ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. വാരാന്ത്യങ്ങളില്‍ ഡംഡം റോഡ് വഴി ഡയമണ്ട് ഹാര്‍ബര്‍, കാനിങ് പോര്‍ട്ട്, ഹസ്സനാബാദ് എന്നിവിടങ്ങളിലേക്ക് യാത്ര പോകും. സത്യം പറഞ്ഞാല്‍ എനിക്ക് കല്‍ക്കട്ടയില്‍ അധികം സുഹൃത്തുക്കള്‍ ഇല്ലാത്തതിനാല്‍, ഞാനെപ്പഴും തനിയെയാണ് യാത്ര ചെയ്യാറുള്ളത്. അതുകൊണ്ട് പ്രമോദിന്റെ എഴുത്ത് എന്നെ സന്തോഷിപ്പിച്ചു. പ്രമോദ് മോങ്ങ്ഗ്യരിലെ സഹപാഠി ആയിരുന്നു. ഞാന്‍ കല്‍ക്കട്ടയിലേക്ക് പോന്നശേഷവും മൂന്നാലുകൊല്ലം അടുപ്പം തുടര്‍ന്നിരുന്നു. പിന്നെയെപ്പൊഴോ, ഞാനായിരിക്കാം എഴുത്തു നിര്‍ത്തിയത്.
പെട്ടെന്ന് ഒരുദിവസം ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ മേശപ്പുറത്തു പ്രമോദിന്റെ എഴുത്തു കിടക്കുന്നു. ദുംകയില്‍ നിന്ന് അവന്‍ എഴുതി, 'എനിക്കിവിടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയുണ്ട്. സ്വന്തം ക്വാര്‍ട്ടേസ് ഉണ്ട്. നിനക്കു ഒരാഴ്ച അവധി എടുത്ത് വന്നു കൂടെ? '
എനിക്ക് കുറച്ച് അവധി ബാക്കിയുണ്ടായിരുന്നു. അതിനാല്‍ മേലുദ്യോഗസ്ഥനോട് അനുവാദം മേടിച്ച് ഏപ്രില്‍ 27ാം തീയതി- എന്റെ ജീവിതകാലത്തോളം ആ തീയതി മറക്കില്ല - ബാഗൊക്കെ തയ്യാറാക്കി ദുംകയിലേക്ക് പുറപ്പെട്ടു.
കാറില്‍ പോകാം എന്നു തീരുമാനിച്ചത് പ്രമോദ് പറഞ്ഞിട്ടല്ല, അതെന്റെ ആശയമായിരുന്നു. ദുംക ഇരുന്നൂറ് മൈല്‍ ദൂരെയാണ്, അവിടെയെത്താന്‍ ഏതാണ്ട് അഞ്ചോ ആറോ മണിക്കൂര്‍ എടുക്കും. അതുകൊണ്ട് നല്ല ബ്രേക്ഫാസ്റ്റ് കഴിച്ച്, രാവിലെ പത്തുമണിയോടെ പുറപ്പെട്ട് സന്ധ്യക്ക് മുന്‍പേ എത്താം എന്ന് കരുതി.
അതായിരുന്നു പ്ലാന്‍ എങ്കിലും തുടക്കം മുതലേ ചില തടസ്സങ്ങള്‍ വന്നുചേര്‍ന്നു. ഭക്ഷണം കഴിഞ്ഞ് മുറുക്കാന്‍ വായിലിടും മുന്‍പേ പെട്ടെന്ന് അച്ഛന്റെ സുഹൃത്ത് മോഹിത് മാമന്‍ കയറി വന്നു. ഗൗരവക്കാരനായ അദ്ദേഹത്തെ ഞാന്‍ പത്തു കൊല്ലത്തിനു ശേഷം കാണുകയായിരുന്നു. അതിനാല്‍ പെട്ടെന്നുള്ള കുമ്പസാരം നടക്കില്ല. ചായ കൊടുത്ത് ഒരു മണിക്കൂറോളം സംസാരിക്കേണ്ടി വന്നു.
മോഹിത് മാമനെ യാത്രയാക്കിയിട്ട്, കാറിന്റെ പുറകിലത്തെ സീറ്റില്‍ കിടക്കയും ബാഗുമെല്ലാം എടുത്ത് വെച്ചു. അപ്പോഴേക്കും താഴത്തെ നിലയിലെ അയല്‍ക്കാരന്‍ ഭോലാബാബു അദ്ദേഹത്തിന്റെ നാലു വയസ്സുകാരന്‍ മകന്‍ പിന്റുവിനെയും കൊണ്ടു വന്നു.
‘നിങ്ങളെങ്ങോട്ടാണ് ഒറ്റക്ക് ? 'ഭോല ബാബു ചോദിച്ചു.
അതിന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ കുറച്ചു വിഷമത്തോടെ അദ്ദേഹം, ‘ആ സ്ഥലം ഒരുപാട് ദൂരെയാണല്ലോ, ഒരു ഡ്രൈവറെ ഏര്‍പ്പാട് ചെയ്യാമായിരുന്നു' എന്ന് പറഞ്ഞു.
ഞാന്‍ നല്ല ശ്രദ്ധയുള്ള ഡ്രൈവറാണെന്നും കാറും ഭംഗിയായി സൂക്ഷിക്കുന്നത് കൊണ്ട് ഇപ്പോഴും പുതിയത് പോലെ ഇരിക്കുന്നു എന്നും മറുപടി പറഞ്ഞു. ‘അതുകൊണ്ട് ഒന്നും പേടിക്കാനില്ല'
ഭോലാബാബു എനിക്ക് നന്മ നേര്‍ന്ന് വീടിനകത്തേക്ക് പോയി. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് വാച്ചില്‍ നോക്കി. സമയം പതിനൊന്ന് കഴിഞ്ഞ് പത്ത് മിനിറ്റായിരുന്നു.
ഹൗറ ഒഴിവാക്കി ബാലി ബ്രിഡ്ജ് വഴിയാണ് യാത്ര ചെയ്തതെങ്കിലും ചന്ദ്രനഗര്‍ എത്താന്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ എടുത്തു. ഇടുങ്ങിയ പട്ടണത്തിലൂടെ ഈ മുപ്പതുമൈല്‍ യാത്ര വളരെ വിരസമായിരുന്നതുകൊണ്ട്, കാര്‍യാത്രയുടെ സുഖം നഷ്ടപ്പെട്ടു. അവിടെ നിന്ന്, തുറസായ ഗ്രാമങ്ങളിലേക്ക് കടന്നപ്പോഴുണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു. പുക പടലങ്ങളില്ലാത്ത തെളിഞ്ഞ നീലാകാശവും, മണ്ണിന്റെ മണമുള്ള ശുദ്ധവായുവും നഗരത്തിലെവിടെ കാണാനാണ്?

ഏതാണ്ട് പന്ത്രണ്ടര ആയപ്പോള്‍ ബര്‍ദ്വാനടുത്ത് എത്തിയപ്പോഴാണ് വളരെ നേരത്തെ ഭക്ഷണം കഴിച്ചതിന്റെ ബുദ്ധിമുട്ട് തോന്നിയത്. വിശപ്പു തോന്നിയതുകൊണ്ട്, വഴിയരികിലെ സ്റ്റേഷന് സമീപം കാര്‍ നിറുത്തി അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്ന് ടോസ്റ്റ്, ഓംലറ്റ്, കാപ്പി എന്നിങ്ങനെ ലഘുഭക്ഷണം കഴിച്ചു. യാത്ര തുടര്‍ന്നു. ഇനിയും നൂറ്റിമുപ്പത്തിയഞ്ച് മൈല്‍ പോകേണ്ടതുണ്ട്.
ബര്‍ദ്വാനില്‍ നിന്ന് ഇരുപത് മൈല്‍ ദൂരെ പനഗര്‍ എന്ന ചെറുപട്ടണം ഉണ്ട്. അവിടെനിന്ന് ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ നിന്ന് തിരിഞ്ഞു ഇലാം ബസാറിലേക്കുള്ള വഴിയേ പോകണം. ഇളംബസാറില്‍ നിന്ന് സൂരി, മസാന്‍ജോര്‍ വഴിയാണ് ദുംകക്കു പോകുന്നത്.
പനഗറിലെ പട്ടാളക്ക്യാമ്പ് കാണാറായപ്പോഴേക്കും കാറിന്റെ പിൻഭാഗത്തുനിന്ന്ഒരു ഒച്ച. ടയര്‍ പഞ്ചറായതാണ്.
ഞാന്‍ പുറത്തിറങ്ങി. കാറില്‍ പകരം ടയര്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് ശരിയാക്കാം. മറ്റുള്ള വാഹനത്തിലുള്ളവര്‍ എന്റെ അവസ്ഥയെ കളിയാക്കി കടന്നുപോകുന്നു എന്ന ചിന്ത അത്ര സന്തോഷകരമായിരുന്നില്ല. എന്നാലും കാറിന്റെ ഡിക്കിയില്‍ നിന്ന് ജാക്കി എടുത്ത് പണി ആരംഭിച്ചു.
പുതിയ ടയര്‍ ഇട്ട് കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പില്‍ കുളിച്ചു. വാച്ചില്‍ സമയം രണ്ടര. അപ്പോഴേക്കും ഇരുണ്ടുതുടങ്ങിയിരുന്നു. ഒരു മണിക്കൂര്‍ മുമ്പുവരെ വീശിയിരുന്ന, മുളംകാടുകളെ ഉലച്ചിരുന്ന തണുത്ത കാറ്റ് നിലച്ചിരുന്നു. എല്ലാം നിശ്ചലം. കാറില്‍ തിരിച്ചു കയറുമ്പോഴേക്കും പടിഞ്ഞാറന്‍ മാനത്ത് വൃക്ഷങ്ങള്‍ക്ക് മുകളില്‍ നീലക്കറുപ്പിന്റെ ഒരു തുണ്ട് കാണാമായിരുന്നു. മേഘങ്ങളാണ്. കൊടുങ്കാറ്റിനുള്ള പുറപ്പാടാണോ? ഒരു വടക്കു പടിഞ്ഞാറന്‍? ഊഹിച്ചിട്ടു കാര്യമൊന്നുമില്ല. വേഗത്തില്‍ പോയെ പറ്റൂ. ഫ്ലാസ്‌കില്‍ നിന്ന് ചൂട് ചായ കുടിച്ച് യാത്ര തുടര്‍ന്നു.
പക്ഷെ ഇലാം ബസാറില്‍ എത്തുന്നുന്നതിനു മുന്‍പ് തന്നെ ഞാന്‍ കൊടുങ്കാറ്റില്‍ പെട്ടു.
മുറിയിലിരുന്ന് ഞാന്‍ ഒരുപാട് വടക്ക് പടിഞ്ഞാറന്‍ കാറ്റുകള്‍ ആസ്വദിച്ചിട്ടുണ്ട്, പലപ്പോഴും ആ അന്തരീക്ഷത്തിന് യോജിക്കുന്ന വിധത്തില്‍ ടാഗോറിന്റെ കവിതകള്‍ ചൊല്ലാറുമുണ്ട്. പക്ഷെ തുറസ്സായ നാട്ടിന്‍പുറത്തു കൂടെ വാഹന മോടിക്കുമ്പോള്‍ അത്തരം കൊടുങ്കാറ്റ് എത്ര ഭീതിജനകമാണെന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല. ഇടിമിന്നല്‍ എന്നെ എപ്പോഴും അസ്വസ്ഥമാക്കി. അത് പ്രകൃതിയുടെ ക്രൂരമായ ഭാവം ആണ് തോന്നാറുണ്ട്. നിസ്സഹായരായ മനുഷ്യനുമേല്‍ പ്രകൃതിയുടെ ക്രൂരമായ അതിക്രമം. മിന്നല്‍ പിണരുകള്‍ എന്റെ അംബാസഡര്‍ കാറിനെ ലാക്കാക്കി ആണെന്നു തോന്നി, അധികം വൈകാതെ അതിലൊന്നു ലക്ഷ്യം കാണുമെന്നും.
ഇത്തരം അനിശ്ചിതാവസ്ഥയില്‍ സുരി കടന്ന് മസാന്‍ജോറിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴേക്കും ഇടിവെട്ട് എന്ന് തെറ്റിദ്ധരിക്കാന്‍ സാധിക്കാത്ത ശബ്ദം കേട്ടു. മറ്റൊരു ടയറിന്റെ വെടി തീര്‍ന്നതാണ് എന്ന് മനസ്സിലായി.
ഞാന്‍ പ്രതീക്ഷ കൈവിട്ടു. മഴ പെയ്തുതുടങ്ങിയിരുന്നു. വാച്ചില്‍ നോക്കിയപ്പോള്‍ സമയം അഞ്ചര. ഇരുപത് മൈലുകളായി വാഹനത്തിന്റെ വേഗത പതിനഞ്ചു കിലോമീറ്ററില്‍ താഴെയാണ്. അല്ലെങ്കില്‍ ഇപ്പോള്‍ മസാന്‍ജോറില്‍ എത്തിയേനെ. ഞാന്‍ എവിടെയാണ്? നനഞ്ഞു കുതിര്‍ന്ന വിന്‍ഡ്സ്‌ക്രീനില്‍ കൂടി മുന്‍പിലെന്താണ് എന്ന് കാണുന്നുണ്ടായിരുന്നില്ല. വൈപ്പര്‍ ഉണ്ടെങ്കിലും അത് ഗുണം ചെയ്യാതെ വെറുതെ കളിച്ചു കണ്ടിരുന്നു. ഏപ്രില്‍ ആയതു കൊണ്ടു ഇപ്പോഴും സൂര്യന്‍ ഉണ്ടാവേണ്ടതാണ്. പക്ഷെ കണ്ടിട്ട് ഇരുട്ടായതു പോലെ ആണ്.

വലതുവശത്തെ ഡോര്‍ മെല്ലെ തുറന്ന് ഞാന്‍ പുറത്തേക്ക് നോക്കി. മരങ്ങള്‍ക്കിടയിലൂടെ ഒന്നോ രണ്ടോ കെട്ടിടങ്ങള്‍ കാണാമായിരുന്നെങ്കിലും അത് ഒരു പട്ടണം ആണെന്ന് തോന്നിയില്ല. കാറില്‍ നിന്ന് പുറത്തിറങ്ങി നോക്കാന്‍ മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, കണ്ണെത്തും ദൂരത്തോളം കടകള്‍ ഉണ്ടായിരുന്നില്ല.
കാറില്‍ പകരം ടയര്‍ ഉണ്ടായിരുന്നുമില്ല. പതിനഞ്ചു മിനിട്ടോളം കാത്തു നിന്നെങ്കിലും ആ സമയത്തൊന്നും ഒരു വാഹനം പോലും അതിലെ കടന്നു പോയില്ലല്ലോ എന്ന ചിന്ത പെട്ടെന്ന് എനിക്ക് ഉണ്ടായി. ഞാന്‍ ശരിയായ വഴിയില്‍ തന്നെ ആണോ? സുരി വരെ വഴി തെറ്റിയിട്ടില്ല, പക്ഷെ അതുകഴിഞ്ഞ് വഴി തെറ്റിയോ? ആ തോരാത്ത മഴയില്‍ അത് അസാധ്യമല്ലായിരുന്നു.
ഇനി വഴി തെറ്റിയെങ്കില്‍ പോലും ഞാന്‍ ആഫ്രിക്കയിലെയോ, തെക്കേ അമേരിക്കയിലേയോ ഏതെങ്കിലും വനത്തിലല്ലല്ലോ അകപ്പെട്ടിരിക്കുന്നത്.എവിടെയാണെങ്കിലും ഞാന്‍ ബിര്‍ഭും ജില്ലയില്‍, ശാന്തിനികേതന്റെ അന്‍പതു കിലോമീറ്ററിനുള്ളില്‍ ആണെന്നും ഉറപ്പായിരുന്നു. മഴ ശമിച്ചാലുടന്‍ എന്റെ പ്രശ്നങ്ങള്‍ തീരുമെന്നും. ഒരു പക്ഷെ ഒരു മൈലിനുള്ളില്‍ ഏതെങ്കിലും വര്‍ക്ക്‌ഷോപ്പ് കണ്ടു പിടിക്കാന്‍ സാധിക്കുമായിരിക്കും.
പോക്കറ്റിലിരുന്ന വില്‍സിന്റെ പാക്കറ്റില്‍ നിന്ന് ഒരെണ്ണം കത്തിച്ചു. അപ്പോള്‍ ഞാന്‍ ഭോല ബാബുവിന്റെ മുന്നറിയിപ്പ് ഓര്‍ത്തു. ഒരു പക്ഷെ അദ്ദേഹവും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവണം. അല്ലെങ്കില്‍ അത്തരം നല്ല ഉപദേശം തരാന്‍ എങ്ങനെയാണു സാധിക്കുക? ഭാവിയില്‍...
(അപ്പോഴേക്കും പുറകില്‍ നിന്ന് ഹോണ്‍ കേട്ടു).
തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ട്രക്ക് പുറകില്‍. അത് എന്തിനാണ് ഹോണ്‍ മുഴക്കുന്നത്? ഞാന്‍ വഴിയുടെ നടുവിലാണോ നിൽക്കുന്നത്?
മഴ ഒന്ന് അടങ്ങി. ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അത് ട്രക്കിന്റെ പ്രശ്നമല്ല എന്ന് മനസ്സിലായി. കാറിന്റെ ടയര്‍ പൊട്ടിയപ്പോള്‍ കാര്‍ ഒന്നു തിരിഞ്ഞ്, റോഡിനു ഏതാണ്ട് വിലങ്ങനെ കിടക്കുകയായിരുന്നു. ട്രക്കിന് കടന്നു പോകാന്‍ വഴിയുണ്ടായിരുന്നില്ല.
‘സര്‍, കാര്‍ ഒരു വശത്തെക്ക് ഒതുക്കൂ'
സിഖുകാരന്‍ ഡ്രൈവര്‍ അപ്പോഴേക്കും ട്രക്കില്‍ നിന്ന് പുറത്തു വന്നിരുന്നു. ‘എന്തുപറ്റി? പഞ്ചറായോ?’
ഞാന്‍ നിസ്സഹായത അറിയിച്ചു. ഞാന്‍ പറഞ്ഞു, ‘നിങ്ങളൊരു കൈ സഹായിച്ചാല്‍ നമുക്ക് കാര്‍ ഒരു വശത്തേക്ക് മാറ്റി നിങ്ങളെ കടത്തി വിടാമായിരുന്നു.’
സിഖ് ഡ്രൈവറുടെ സഹായിയും വണ്ടിയില്‍ നിന്ന് പുറത്തേക്ക് വന്നു... ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് വണ്ടി ഒരു വശത്തേക്ക് ഒതുക്കി. അവരില്‍ നിന്ന് എനിക്ക് ദുംകക്കുള്ള വഴി തെറ്റി എന്ന് മനസ്സിലായി. വഴിതെറ്റിയതിനാല്‍, ഇനി മൂന്നര മൈല്‍ പുറകോട്ട് പോയി വേണം ശരിയായ വഴിയില്‍ കയറാന്‍. അടുത്തെങ്ങും വര്‍ക്ക് ഷോപ്പുകള്‍ ഇല്ല എന്നും മനസ്സിലായി.
ട്രക്ക് അതിന്റെ വഴിയേ പോയി. അപ്പോള്‍ ഒരു സത്യം ചുറ്റികക്കടിച്ചത് പോലെ എനിക്ക് മനസ്സിലായി.
ഇനി എനിക്ക് മുന്നോട്ടു പോകാന്‍ സാധ്യമല്ല.
ഒരു തരത്തിലും രാത്രി ദുംകയിലെത്തി ചേരാന്‍ എനിക്ക് കഴിയില്ല, എന്നു തന്നെയല്ല രാത്രി എവിടെയാണ് തല ചായ്ക്കാന്‍ ഒരിടം കിട്ടുക എന്നതിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല.
വഴിയരികിലെ ചെളിക്കുണ്ടില്‍ നിന്ന് തവളകളുടെ സംഗീതം കേള്‍ക്കാമായിരുന്നു. മഴ കുറഞ്ഞു, വെറും ചാറ്റല്‍ മാത്രമായി.

കാറില്‍ കയറി രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്താന്‍ തുടങ്ങുമ്പോഴാണ് എന്റെ വശത്തുള്ള ജനാലയില്‍ കൂടി കുറച്ചു ദൂരെ ഒരു വെളിച്ചം കണ്ടത്. വീണ്ടും ഞാന്‍ ഡോര്‍ തുറന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ ദീര്‍ഘചതുരത്തിലൂടെ ഓറഞ്ച് നിറത്തിലെ വെളിച്ചം കണ്ടു. ഒരു ജനല്‍. പുക തീയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പോലെ, മണ്ണെണ്ണ വിളക്ക് മനുഷ്യവാസത്തെ സൂചപ്പിക്കുന്നു. അടുത്തൊരു വീടും അതില്‍ താമസക്കാരും ഉണ്ട്.
കാറില്‍ നിന്ന് ടോര്‍ച്ചുമെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി. ജനല്‍ അത്ര ദൂരെയല്ല. ഒന്ന് പോയി അന്വേഷിക്കണം. പ്രധാനവഴിയില്‍ നിന്നും ജനല്‍ കാണുന്ന വീട്ടിലേക്ക് ഒരു ഇടവഴി ഉണ്ടായിരുന്നു.
ഞാന്‍ കാര്‍ ലോക്ക് ചെയ്ത് പുറപ്പെട്ടു.
ചെളിക്കുഴികള്‍ കഴിയുന്നത്ര ഒഴിവാക്കിയാണ് ഞാന്‍ മുന്നോട്ടു പോയത്. പുളിമരത്തിനപ്പുറം കടന്നപ്പോഴേക്കും ഒരു വീട് കണ്ണില്‍ പെട്ടു. വീട് എന്ന് പറയാന്‍ കഴിയില്ല. തുരുമ്പ് പിടിച്ച പാട്ട മേല്‍ക്കൂരയോട് കൂടിയ ഒരു ചെറിയ കുടില്‍ ആയിരുന്നു അത്. തുറന്ന വാതിലില്‍ കൂടി, റാന്തല്‍ വിളക്കും, കട്ടിലിന്റെ കാലുകളും കാണാമായിരുന്നു.
‘ഇവിടെ ആരെങ്കിലും ഉണ്ടോ?' ഞാന്‍ വിളിച്ചു ചോദിച്ചു.
കട്ടി മീശയുള്ള ബലിഷ്ഠനായ, മധ്യവയസ്‌കന്‍ മുറിയില്‍ നിന്ന് പുറത്തു വന്നു ടോര്‍ച്ചിലേക്ക് കണ്ണിറുക്കി നോക്കി. ഞാന്‍ വെളിച്ചം അയാളുടെ മുഖത്ത് നിന്ന് മാറ്റി.
‘സര്‍ , നിങ്ങള്‍ എവിടെ നിന്ന് വരുന്നു? ', ആ മനുഷ്യന്‍ ചോദിച്ചു.
ചുരുങ്ങിയ വാക്കുകളില്‍ ഞാനെന്റെ അവസ്ഥ അറിയിച്ചു.
‘എനിക്ക് രാത്രി കഴിച്ചു കൂട്ടുവാന്‍ ഒരു സ്ഥലം കിട്ടുമോ?’ ഞാന്‍ ചോദിച്ചു', ‘തീര്‍ച്ചയായും അതിനു പണം നല്‍കാം '
‘സത്രത്തിലാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’
‘സത്രമോ? 'ഞാന്‍ ഒരു സത്രവും കണ്ടില്ല.
പക്ഷെ, അപ്പോഴേക്കും ഞാന്‍ തെറ്റ് മനസ്സിലാക്കി. റാന്തലിന്റെ വെളിച്ചം പിന്തുടര്‍ന്ന് വന്നതിനാല്‍ ഞാന്‍ ചുറ്റുപാടും നോക്കിയിരുന്നില്ല. ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ഇടതുഭാഗത്ത് ഒരു വലിയ കെട്ടിടം കണ്ടു.
‘അതാണോ നിങ്ങള്‍ പറഞ്ഞത്? 'ഞാന്‍ ചോദിച്ചു.
‘അതെ, സര്‍. പക്ഷെ കിടക്കയില്ല. ഭക്ഷണവും കിട്ടില്ല '.
‘എന്റെ കൈയില്‍ കിടക്കയുണ്ട്'. ഞാന്‍ പറഞ്ഞു. ‘കട്ടിലുണ്ടല്ലോ അല്ലേ?'
‘ഉവ്വ്, സര്‍. ചാര്‍പ്പായ ഉണ്ട്.'
‘നിങ്ങളുടെ മുറിയില്‍ ഒരു സ്റ്റൗ ഉണ്ടല്ലോ. നിങ്ങള്‍ ഭക്ഷണം ഉണ്ടാക്കുകയാണോ? '
ആ മനുഷ്യന്‍ ചിരിച്ചു കൊണ്ട് അയാളുണ്ടാക്കിയ കട്ടിയുള്ള ചപ്പാത്തിയും, അയാളുടെ ഭാര്യ ഉണ്ടാക്കിയ ഉഴുന്ന് പരിപ്പ് കറിയും കഴിക്കുന്നോ എന്ന് ചോദിച്ചു. അത് ധാരാളം മതി എന്ന് ഞാന്‍ പറഞ്ഞു. ഏതു തരം ചപ്പാത്തിയും എനിക്ക് ഇഷ്ടമാണ്, ഉഴുന്ന് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപ്പ്.
ബംഗ്ലാവിന്റെ നല്ല കാലത്ത് അത് എങ്ങനെ ആയിരുന്നു എന്ന് എനിക്കറിയില്ല, പക്ഷെ ഇപ്പോള്‍ അത് സത്രം എന്ന് വിളിക്കാവുന്ന ഒന്നല്ല. ബ്രിട്ടീഷ് ഭരണകാലത്തു നിര്‍മിക്കപ്പെട്ട അതിന് വിശാലമായ കിടപ്പുമുറിയും ഉയര്‍ന്ന മേല്‍ക്കൂരയും ഉണ്ടായിരുന്നു. ഒരു ചാര്‍പ്പായയും,ഒരു വശത്തെ ഭിത്തികരികില്‍ ഇട്ടിരുന്ന മേശയും, കൈയൊടിഞ്ഞ കസേരയുമായിരുന്നു ആ മുറിയിലെ ആകെ ഫര്‍ണിച്ചര്‍.
ആ സമയം കൊണ്ട് കാവല്‍ക്കാരന്‍ എനിക്കുവേണ്ടി റാന്തല്‍ തെളിയിച്ചു. അയാള്‍ അത് മേശയില്‍ വച്ചു.
‘എന്താണ് നിങ്ങളുടെ പേര്? ', ഞാന്‍ ചോദിച്ചു
‘സര്‍, സുഖന്‍ രാം'.
‘ഈ ബംഗ്ലാവില്‍ മുന്‍പ് ആരെങ്കിലും താമസിച്ചിട്ടുണ്ടോ? അതോ ഞാനാണോ ആദ്യത്തെ ആള്‍ '
‘അല്ല, സര്‍. മറ്റു പലരും വന്നിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്ത് ഒരാള്‍ രണ്ടു രാത്രി ഇവിടെ ചെലവഴിച്ചിട്ടുണ്ട്.'
‘ഇവിടെ പ്രേതങ്ങളൊന്നുമില്ലല്ലോ, അല്ലേ', ഞാന്‍ തമാശ പറഞ്ഞു.
‘അങ്ങനെ സംഭവിക്കാതിരിക്കട്ടെ’, ഇതുവരെ ആരും പ്രേതബാധ ഉണ്ടെന്നു പരാതി പറഞ്ഞിട്ടില്ല.'
അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് സമാധാനമായെന്നു പറയണമല്ലോ. ഒരു സത്രത്തില്‍ പ്രേതബാധയുണ്ടെങ്കില്‍, പഴയ സത്രങ്ങള്‍ക്ക് അങ്ങനെ ഒരു പേര് ഉണ്ട് താനും, അതു എല്ലാ കാലത്തും ഉണ്ടാകും.
‘ഈ ബംഗ്ലാവ് എന്നാണ് നിര്‍മിച്ചത്?', ഞാന്‍ ചോദിച്ചു.
സുഖന്‍ എന്റെ കിടക്ക വിരിച്ചു കൊണ്ട് പറഞ്ഞു, ‘ഇത് ഒരു സായിപ്പിന്റെ ബംഗ്ലാവ് ആയിരുന്നു, സര്‍'
‘സായിപ്പോ?'
‘അതെ, സര്‍, ഒരു നീലം തോട്ടമുടമ. ഇവിടെ അടുത്ത് ഒരു നീലം ഫാക്ടറി ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും പുകക്കുഴല്‍ മാത്രമേ ഉളളൂ'.
ഈ ഭാഗത്ത് നീലം കൃഷി ഉണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു. എന്റെ ചെറുപ്പകാലത്ത് നീലം ഫാക്ടറികളുടെ അവശിഷ്ടങ്ങള്‍ ഞാന്‍ മോങ്ങ്യറിലും കണ്ടിട്ടുണ്ട്.
സുഖന്‍ റാമിന്റെ കട്ടി ചപ്പാത്തിയും ഉഴുന്നുപരിപ്പ് കറിയും കഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോഴേക്കും പത്തര മണിയായി. ഉച്ചയാകുമ്പോള്‍ എത്തും എന്ന് പറഞ്ഞു പ്രോമോദിനു കല്‍ക്കട്ടയില്‍ നിന്ന് ഞാന്‍ ടെലിഗ്രാം അയച്ചിരുന്നു.
സ്വാഭാവികമായും എനിക്ക് എന്ത് സംഭവിച്ചു എന്ന് അവന്‍ അത്ഭുതപ്പെടും. ഇനി അതിനെ പറ്റി ആലോചിച്ചിട്ട് കാര്യമില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു അഭയസ്ഥാനം കിട്ടിയതില്‍ സ്വയം അഭിനന്ദിക്കാം. ഭാവിയില്‍ ഭോലാബാബു പറഞ്ഞതുപോലെ ചെയ്യുകയേയുള്ളൂ. ഞാന്‍ ഒരു പാഠം പഠിച്ചു കഴിഞ്ഞു, എന്ന് മാത്രമല്ല കഷ്ടപ്പെട്ടു പഠിക്കുന്ന പാഠങ്ങള്‍ എളുപ്പം മറക്കുകയുമില്ല.
തൊട്ടടുത്ത കുളിമുറിയില്‍ ഞാന്‍ റാന്തല്‍ കൊണ്ടു വെച്ചു. ചാരിയ വാതിലിനിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെളിച്ചം മതി. സാധാരണയായി ഉറങ്ങുമ്പോള്‍ വെളിച്ചം എനിക്കിഷ്ടമല്ല. ഉറക്കം വല്ലാതെ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഞാന്‍ വിളക്ക് കെടുത്തിയില്ല. വഴിയില്‍ ഇട്ടിട്ടുപോന്ന കാറിനെ ചൊല്ലി ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു , പക്ഷെ അക്കാര്യത്തില്‍ നഗരത്തേക്കാള്‍ സുരക്ഷിതമാണല്ലോ ഗ്രാമം.
ചാറ്റല്‍ മഴയുടെ ശബ്ദം നിലച്ചിരുന്നു. അന്തരീക്ഷം മുഴുവന്‍ തവളയുടെ കരച്ചിലും ചീവിടിന്റെ തീക്ഷ്ണമായ ചിലപ്പും നിറഞ്ഞു. വിദൂരമായ ഈ ഗ്രാമത്തിലെ ബംഗ്ലാവിലെ കിടക്കയില്‍ നിന്ന് നഗരം മറ്റേതോ ഗ്രഹത്തിലാണെന്നു തോന്നി.
നീലം... ഞാന്‍ ദിനബന്ധു മിശ്രയുടെ നീലക്കണ്ണാടി എന്ന നാടകത്തെ കുറിച്ചോര്‍ത്തു. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കോണ്‍വാലിസ് സ്ട്രീറ്റിലെ തീയേറ്ററില്‍ ആ നാടകം കണ്ടിട്ടുണ്ട്.
ഒരു ശബ്ദം കേട്ട് പെട്ടെന്ന് ഉണരുന്നതുവരെ എത്ര നേരം ഉറങ്ങിയെന്നറിയില്ല. വാതിലില്‍ എന്തോ മാന്തുന്നു. വാതില്‍ കുറ്റിയിട്ടിരിക്കുകയാണ്. നായയോ, കുറുക്കനോ ആകാം. ഒരു നിമിഷം കഴിഞ്ഞപ്പോഴോ മറ്റോ, ആ ശബ്ദം നിലച്ചു.
കണ്ണുകള്‍ ഇറുക്കി അടച്ചു, ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷെ നായയുടെ കുര അതിന് തടസ്സമായി. ഇത് ഒരു നാടന്‍ പട്ടിയുടെ കുരയല്ല, പകരം വേട്ടനായയുടേതാണ് എന്ന് ഉറപ്പായിരുന്നു. എനിക്ക് അത് പരിചിതമായിരുന്നു. മോങ്ങ്യരില്‍ ഞങ്ങളുടെ വീട്ടിന്റെ രണ്ടു വീടിനപ്പുറത്ത്, മിസ്റ്റര്‍ മാര്‍ട്ടിന്‍ താമസിച്ചിരുന്നു. ഇതുപോലെ കുരച്ചിരുന്ന ഒരു വേട്ടനായ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ ആരാണ് വേട്ടനായയെ വളര്‍ത്തുന്നത്? ശബ്ദം സമീപത്താണെന്നു തോന്നിയത് കൊണ്ട്, വാതില്‍ തുറന്നു നോക്കാമെന്ന് വിചാരിച്ചു. പക്ഷെ, പിന്നെ വിചാരിച്ചു, എന്തിനു മെനക്കെടണം? ഉറങ്ങുകയാണ് നല്ലത്. ഇപ്പോള്‍ സമയം എത്രയായി ക്കാണും?
ജനലിനിടയില്‍ കൂടി, മങ്ങിയ നിലാവ് മുറിയിലേക്ക് കടന്നു. സമയം അറിയുവാന്‍ ഇടതു കൈയുയര്‍ത്തി വാച്ചില്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കൈയില്‍ വാച്ച് ഉണ്ടായിരുന്നില്ല.
വാച്ച് ഓട്ടോമാറ്റിക് ആയതു കൊണ്ട്, കിടക്കുമ്പോഴും അത് കെട്ടാറുണ്ട്. അത് എവിടെയാണ് അപ്രത്യക്ഷമായത്? എങ്ങനെ? ഇവിടെ കള്ളന്മാരുണ്ടോ? അങ്ങനെയാണെങ്കില്‍ എന്റെ കാറിനെന്ത് സംഭവിക്കും?
ഞാന്‍ തലയണക്കടിയില്‍ ഇരുന്ന ടോര്‍ച്ച് എടുക്കാന്‍ നോക്കിയപ്പോള്‍ അതും കാണുന്നില്ല എന്ന് മനസ്സിലായി.
കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റ്, നിലത്തു കുനിഞ്ഞിരുന്ന് അതിനു കീഴെ നോക്കി. എന്റെ പെട്ടിയും അപ്രത്യക്ഷമായിരുന്നു.
തല കറങ്ങുന്നതു പോലെ തോന്നി. എന്തെങ്കിലും ചെയ്തേ മതിയാവൂ. ഞാന്‍ കാവല്‍ക്കാരനെ ഉറക്കെ വിളിച്ചു.
അതിന് മറുപടി ഉണ്ടായില്ല.
വാതിലിനടുത്തു ചെന്നപ്പോള്‍ കുറ്റിയിട്ടിട്ടുണ്ട് എന്ന് മനസ്സിലായി. ജനലിനും അഴികള്‍ ഉണ്ടായിരുന്നു. പിന്നെ എങ്ങനെ കള്ളന്‍ കയറി?
വാതിലിന്റെ കുറ്റി തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ഞാന്‍ കൈകളിലേക്ക് നോക്കി. അപ്പോള്‍ ഒരു കാര്യം വിചിത്രമായി തോന്നി.
ഭിത്തിയില്‍ വെള്ള പൂശിയത് എന്റെ കൈയില്‍ പറ്റിപിടിച്ചതാണോ? അതോ വെളുത്ത പൗഡര്‍ വല്ലതുമാണോ? എന്തുകൊണ്ടാണ് കൈ വിളറി ഇരിക്കുന്നത്?
ബനിയന്‍ ധരിച്ചാണ് ഞാന്‍ ഉറങ്ങാന്‍ പോയത്. പക്ഷെ ഇപ്പോള്‍ ഞാന്‍ മുഴുക്കയ്യന്‍ സില്‍ക്ക് ഷര്‍ട്ട് ആണല്ലോ ഇട്ടിരിക്കുന്നത്. എനിക്ക് തല പിളരുന്നത് പോലെ തോന്നി. വാതില്‍ തുറന്ന് ഞാന്‍ വരാന്തയിലേക്ക് കടന്നു.
‘ചൗക്കിദാര്‍'
പക്ഷെ എന്നില്‍ നിന്ന് പുറത്തുവന്ന ശബ്ദം നിസ്സംശയം ഒരു ഇംഗ്ലീഷുകാരന്റെതായിരുന്നു. ചൗക്കിദാരും അയാളുടെ കുടിലുമെവിടെ?
ബംഗ്ലാവിനു മുന്നില്‍ ഇപ്പോള്‍ വിശാലമായ, തുറസ്സായ പറമ്പാണ്. ദൂരെ മറ്റൊരു കെട്ടിടത്തിന്റെ പുകക്കുഴല്‍. പരിസരം അസാധാരണമായി നിശബ്ദമായിരുന്നു.
എല്ലാത്തിനും മാറ്റം സംഭവിച്ചിരുന്നു.
എനിക്കും.
വിയര്‍ത്തു കുളിച്ചു ഞാന്‍ മുറിയിലേക്ക് തിരിച്ചുവന്നു. മുറിയിലെ ഇരുട്ട് എനിക്ക് പരിചിതമായി കഴിഞ്ഞിരുന്നു. ഇപ്പോള്‍ എനിക്ക് എല്ലാം വ്യക്തമാകുന്നു.
കിടക്ക അതിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നു. പക്ഷെ അതിനുചുറ്റും കൊതുകുവല ഉണ്ടായിരുന്നു. ഞാന്‍ കൊതുകുവല ഉപയോഗിച്ചിരുന്നില്ല. തലയിണയും ഞാന്‍ കൊണ്ടുവന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതിന്റെ ബോര്‍ഡറില്‍ ചുരുക്കുകള്‍ ഉണ്ടായിരുന്നു. എന്റേത് അങ്ങനെയല്ലായിരുന്നു. മേശയും കസേരയും പഴയ സ്ഥാനത്തുതന്നെ ഉണ്ടായിരുന്നു.പക്ഷെ അവക്ക് പഴമ തോന്നുമായിരുന്നില്ല. മങ്ങിയ വെളിച്ചത്തിലും വാര്‍ണിഷിന്റെ തിളക്കം ഉണ്ടായിരുന്നു. മേശപ്പുറത്തു റാന്തലിനു പകരം ചിത്രപ്പണികളുള്ള മൂടിയോടു കൂടിയ മണ്ണെണ്ണ വിളക്കുണ്ടായിരുന്നു.
മുറിയില്‍ ഉണ്ടായിരുന്ന മറ്റു വസ്തുക്കള്‍ പതുക്കെ ദൃശ്യമാകാന്‍ തുടങ്ങി. ഒരു മൂലയില്‍ ഒരു ജോഡി സ്റ്റീല്‍ പെട്ടികള്‍, ഭിത്തിയിലെ മടക്കി വെക്കാവുന്ന ബ്രാക്കറ്റില്‍ തൂങ്ങി കിടന്നിരുന്ന ഒരു കോട്ട്, അപരിചിതമായതരം തലപ്പാവ്, നായാട്ടിനുപയോഗിക്കുന്ന ചെറിയ ചാട്ട. ബ്രാക്കറ്റിനുതാഴെ ഒരു ജോഡി കാലുറകള്‍ ഭിത്തിയില്‍ ചാരി വച്ചിട്ടുണ്ടായിരുന്നു.
വസ്തുക്കളില്‍ നിന്ന് നോട്ടം മാറ്റി ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി . ഇതുവരെ ഞാന്‍ സില്‍ക്ക് ഷര്‍ട്ട് മാത്രമേ കണ്ടിരുന്നുള്ളൂ. ഇപ്പോഴാണ് വീതി കുറഞ്ഞ പാന്റും കാലിലെ സോക്‌സും ശ്രദ്ധിച്ചത്. ഞാന്‍ ഷൂസ് ധരിച്ചിരുന്നില്ല. പക്ഷെ കിടക്കക്കരികില്‍ നിലത്ത് ഒരു ജോഡി കറുത്ത ബൂട്ടുകള്‍ ഉണ്ടായിരുന്നു.
ഞാന്‍ മുഖത്തുകൂടി വലതുകൈ ഓടിച്ചപ്പോള്‍ എന്റെ നിറം മാത്രമല്ല, മുഖത്തിന്റെ ഛായക്കും മാറ്റമുണ്ടെന്ന് മനസ്സിലായി. എനിക്ക് അത്രയും നീണ്ട മൂക്കും, നേര്‍ത്ത ചുണ്ടുകളും, ഇടുങ്ങിയ താടിയും ഉണ്ടായിരുന്നില്ല. ഞാന്‍ തലമുടിയില്‍ കൈയൊടിച്ചപ്പോള്‍ അത് ചുരുണ്ടതാണെന്നു കണ്ടു, എന്നുമാത്രമല്ല, എന്റെ ചെവിയുടെ താഴെ വരെ നീണ്ട കൃതാവും ഉണ്ടായിരുന്നു.
എനിക്ക് ഭീതിയും അത്ഭുതവും തോന്നിയെങ്കിലും എന്റെ മുഖം എങ്ങനെയാണ്എന്ന് കാണുന്നതിനുള്ള വല്ലാത്ത ആകാംക്ഷ ഉണ്ടായി. പക്ഷെ കണ്ണാടി എവിടെ?
ഞാന്‍ കുളിമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി.
ആദ്യം അവിടെ ഒരു ബക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ലോഹം കൊണ്ടുള്ള ബാത്ടബ്ബും അതിനടുത്ത് സ്റ്റൂളില്‍ കപ്പും കണ്ടു. ഞാന്‍ തെരഞ്ഞു കൊണ്ടിരുന്നത് അതാ മുന്നില്‍ തന്നെയുണ്ട്. ഡ്രസിങ് ടേബിളില്‍ ഉറപ്പിച്ചിരിക്കുന്ന ഓവല്‍ ആകൃതിയിലുള്ള കണ്ണാടി. ഞാന്‍ അതിലേക്ക് നോക്കി. പക്ഷെ അതില്‍ പ്രതിഫലിച്ചയാള്‍ ഞാനായിരുന്നില്ല. ഒരു ചെകുത്താന്റെ വികൃതി പോലെ ഞാന്‍ വിളറിയ നിറമുള്ള, സ്വര്‍ണമുടിയുള്ള, കാഠിന്യവും വേദനയും സ്ഫുരിക്കുന്ന പൂച്ചക്കണ്ണുകളുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌കാരനായി മാറിയിരുന്നു. അദ്ദേഹത്തിന് എത്ര വയസ്സുണ്ട്? പ്രായം മുപ്പതിലധികം ഇല്ലെങ്കിലും രോഗമോ, കഠിനാധ്വാനമോ, അല്ലെങ്കില്‍ രണ്ടും ചേര്‍ന്നോ അദ്ദേഹത്തെ ചെറുപ്പത്തില്‍ തന്നെ വൃദ്ധനാക്കിയിരുന്നു.
അടുത്തുചെന്ന് ഞാന്‍ ‘എന്റെ ' മുഖത്ത് സൂക്ഷിച്ചുനോക്കി. അങ്ങനെ നോക്കുമ്പോള്‍ എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ദീര്‍ഘനിശ്വാസം പുറത്തു വന്നു.
ശബ്ദം എന്റേതല്ലായിരുന്നു. ആ ദീര്‍ഘനിശ്വാസത്തിലൂടെ പുറത്തുവന്ന വികാരങ്ങളും എന്റേതല്ലാതായിരുന്നു, പകരം അത് ആ ഇംഗ്ലീഷ്‌കാരന്റെതായിരുന്നു.
എന്റെ കൈകാലുകള്‍ അവയുടെ സ്വന്തം ഇച്ഛാനുസരണം ചലിക്കുകയാണ് എന്ന് പിന്നീടു നടന്ന കാര്യങ്ങളില്‍ നിന്ന് വ്യക്തമായി. പക്ഷെ അനിരുദ്ധബോസ് എന്ന എനിക്ക് ഈ വ്യക്ത്തിത്വത്തിലുള്ള മാറ്റം കൃത്യമായി അറിയാന്‍ സാധിക്കുന്നുണ്ട് എന്നത് അത്ഭുതകരമായിരുന്നു. ഈ മാറ്റം എന്നേക്കുമുള്ളതാണോ അതോ എന്റെ നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് എനിക്ക് അറിയുമായിരുന്നില്ല.
ഞാന്‍ തിരിച്ച് കിടപ്പു മുറിയിലെത്തി. മേശപ്പുറത്തേക്കു നോക്കി. തോല്‍ച്ചട്ടയുള്ള നോട്ടുപുസ്തകം വിളക്കിനടിയിലുണ്ടായിരുന്നു. അത് ഒരു ഒഴിഞ്ഞ പേജില്‍ തുറന്നിരുന്നു. അതിനു സമീപം മഷിക്കുപ്പിയും, അതിനുള്ളില്‍ തൂവല്‍ പേനയും.
ഞാന്‍ മേശക്കരികിലേക്ക് നടന്നു. ഏതോ അദൃശ്യ ശക്തി എന്നെ കസേരയില്‍ ഇരുന്ന് വലതു കൈ കൊണ്ട് പേനയെടുക്കാന്‍ നിർബന്ധിതനാക്കി. ആ കൈ നോട്ടുപുസ്തകത്തിന്റെ ഇടതു വശത്തേക്ക് നീങ്ങി. നിശബ്ദമായ മുറി മുഴുവന്‍ ഒഴിഞ്ഞ പേജില്‍ പേന ഉരയുന്ന ശബ്ദം നിറഞ്ഞു. ഇതാണ് ഞാന്‍ എഴുതിയത്-
27/ഏപ്രില്‍ 1968.
ആ രാക്ഷസക്കൊതുകുകള്‍ വീണ്ടും എന്റെ ചെവിയില്‍ മൂളുകയാണ്. അപ്പോള്‍ അങ്ങനെയാണ് ഒരു വന്‍ സാമ്രാജ്യത്തിന്റെ പുത്രന്റെ അന്ത്യം ഉണ്ടാവുന്നത്... ഒരു ചെറിയ പ്രാണിയുടെ കൈയില്‍ നിന്ന്. ഇത് ദൈവത്തിന്റെ എന്തൊരു വിചിത്ര തീരുമാനമാണ്. എറിക് രക്ഷപ്പെട്ടു കഴിഞ്ഞു. പെര്‍സിയും ടോണിയും നേരത്തെ കടന്നു. ഒരു പക്ഷെ അവരെക്കാള്‍ അത്യാഗ്രഹിയായിരിക്കാം ഞാന്‍. അതുകൊണ്ടാണ് മലമ്പനി പലതവണ ബാധിച്ചിട്ടും, എനിക്ക് നീലം എന്ന കുരുക്കില്‍ നിന്ന് എനിക്ക് മോചനം ഇല്ലാതായത്. അല്ല, അതുമാത്രമല്ല. ഒരാള്‍ അവനവന്റെ ഡയറിയില്‍ കള്ളം പറയരുത്. എന്റെ നാട്ടുകാര്‍ക്ക് എന്നെ കൃത്യമായി അറിയാം. നാട്ടിലും ഞാന്‍ ശുദ്ധമായ ഒരു ജീവിതമല്ല നയിച്ചിരുന്നത്. അവര്‍ അത് മറന്നിട്ടുമില്ല. എനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ ധൈര്യവുമില്ല. അന്യ നാട്ടില്‍ താമസിച്ച് ഇവിടെ ജീവന്‍ വെടിയേണ്ടി വരുമെന്ന് എനിക്കറിയാം. എന്റെ ഭാര്യ മേരിയുടെയും പ്രിയപുത്രന്‍ ടോബിയുടെയും ശവകുടീരങ്ങള്‍ക്കു സമീപമാകും എന്റെ സ്ഥലവും. ഈ നാട്ടുകാരോട് മോശമായി പെരുമാറിയിരുന്നതുകൊണ്ട്, എന്റെ മരണത്തില്‍ കണ്ണീര്‍ പൊഴിക്കാന്‍ ആരുമുണ്ടാവില്ല. ഒരു പക്ഷെ മിര്‍ജാന്‍ എന്നെ കുറിച്ചോര്‍ത്തു വിഷമിക്കും, എന്റെ വിശ്വസ്തനായ വാല്യക്കാരന്‍ മിര്‍ജാന്‍.
പിന്നെ റെക്സ്, എനിക്കേറ്റവും സങ്കടം റെക്സിനെക്കുറിച്ചോര്‍ത്താണ്. കഷ്ടം, എന്റെ വിശ്വസ്തനായ റെക്സ്. ഞാന്‍ മരിച്ചാല്‍ ഇവര്‍ നിന്നെ ബാക്കി വച്ചേക്കില്ല. അവര്‍ നിന്നെ കല്ലെറിഞ്ഞോ, അടിച്ചോ കൊന്നുകളയും. നിനക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ !

എനിക്ക് പിന്നെ എഴുതാന്‍ കഴിഞ്ഞില്ല. എന്റെ കൈകള്‍ വിറക്കാന്‍ തുടങ്ങി. എന്റെ അല്ല, ഡയറി എഴുത്തുകാരന്റെ.
ഞാന്‍ പേന താഴെ വച്ചു. എന്റെ വലത്തേ കൈ സ്വയം താഴേക്കു ചെന്ന് മേശയുടെ വലത്തേ വലിപ്പിന് നേരെ നീണ്ടു.
ഞാന്‍ അത് തുറന്നു.
അതിനുള്ളില്‍ ഒരു പിന്‍കുഷനും ഒരു പിത്തള പേപ്പര്‍വെയിറ്റും, ഒരു പൈപ്പും, കുറെ കടലാസുകളും ഉണ്ടായിരുന്നു.
മേശ വലിപ്പ് കുറച്ചുകൂടി തുറന്നു. പാതി വെളിച്ചത്തില്‍ ഒരു ലോഹവസ്തു തിളങ്ങുന്നത് കണ്ടു.
പുറകില്‍ ആനക്കൊമ്പു പൊതിഞ്ഞ ഒരു പിസ്റ്റള്‍ ആയിരുന്നു അത്. കൈ പിസ്റ്റള്‍ വലിച്ചെടുത്തു. അതിന്റ വിറയല്‍ നിന്നിരുന്നു.
ഒരു കൂട്ടം കുറുക്കന്മാര്‍ ഓലിയിടാന്‍ തുടങ്ങി. അതിനു മറുപടിയെന്നോണം വേട്ടനായ് കുരക്കാന്‍ തുടങ്ങി.
കസേരയില്‍ നിന്നെഴുനേറ്റ് ഞാന്‍ വാതിലിനു നേരെ നടന്നു. വരാന്തയിലേക്ക് കടന്നു.
ബംഗ്ലാവിനു മുന്നിലെ തുറസ്സായ സ്ഥലം പ്രകാശത്തില്‍ കുളിച്ചു നിന്നിരുന്നു.
വരാന്തയില്‍നിന്നും പത്തടി ദൂരെ ഒരു വലിയ വേട്ടനായ് നിന്നിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ വാലാട്ടി.
‘റെക്സ് '
അത് അഗാധമായ ആ ഇംഗ്ലീഷ് ശബ്ദം തന്നെയായിരുന്നു. ആ ശബ്ദം അങ്ങ് ദൂരെ ഫാക്ടറിയിലും മുളങ്കൂട്ടത്തിലും മാറ്റൊലി ക്കൊണ്ട് തിരിച്ചുവന്നു. ‘റെക്സ്, റെക്സ്'
റെക്സ് വരാന്തയിലേക്ക് കയറി വന്നു. അവന്‍ പുല്ലില്‍ നിന്ന് സിമന്റ് തറയില്‍ കാല്‍ വച്ചപ്പോഴേക്കും എന്റെ വലതുകൈ എന്റെ അരക്കെട്ടിലേക്കുയര്‍ന്നു, നായക്ക് നേരെ പിസ്റ്റള്‍ ചൂണ്ടി.

റെക്സ് പിസ്റ്റലില്‍ നോട്ടമുറപ്പിച്ചു അനങ്ങാതെ നിന്നു. അവന്‍ മൃദുവായി മുരണ്ടു.
എന്റെ വലത്തേ ചൂണ്ടുവിരല്‍ കാഞ്ചി വലിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നലില്‍ തോക്ക് വിറച്ചപ്പോള്‍, പുകയും പുകമരുന്നിന്റെ മണവും അന്തരീക്ഷത്തില്‍ നിറഞ്ഞു.
റെക്സിന്റെ ജീവനറ്റ, രക്തത്തില്‍ കുളിച്ച ദേഹം പകുതി പുല്ലിലും പകുതി വരാന്തയിലും കിടന്നു.
പിസ്റ്റലിന്റെ ശബ്ദം അടുത്തുള്ള മരങ്ങളിലെ കാക്കകളെ ഉണര്‍ത്തി. ഫാക്ടറിയുടെ ദിശയില്‍നിന്നും ഒരു ആരവം ഉയര്‍ന്നുകേട്ടു.
ഞാന്‍ കിടപ്പുമുറിയില്‍ കടന്ന്, വാതില്‍ കുറ്റിയിട്ട്, കട്ടിലില്‍ ഇരുന്നു. ബഹളം അടുത്തെത്തിയിരുന്നു.
അപ്പോഴും ചൂട് മാറാത്ത പിസ്റ്റലിന്റെ അറ്റം എന്റെ വലതു ചെവിക്കരികിലേക്കു ചേര്‍ത്തു വച്ചു.
ഇത്രയും മാത്രമേ എനിക്ക് ഓര്‍മയുള്ളു.
(ബംഗാളിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് സത്യജിത് റായ് പരിഭാഷപ്പെടുത്തിയത്)
Amarnath
15 Sep 2020, 11:13 AM
The writing style is awesome, the translation does justice to the tale. You were able to capture the terror. Except for some inconsistencies in the name of places everything is tip top. Is the story incomplete? I read an English translation by another person (not Satyajit Ray) it goes on.
Bhaskaran nambudiripad
14 Sep 2020, 07:49 PM
ഒറ്റ ഇരുപ്പിന് ഇരുന്നു വായിച്ചു.കഥ വളരെ ഇഷ്ടപ്പെട്ടു.സസ്പെൻസ് - ഒടുവിൽ ദുഃഖപര്യവസായി.എങ്കിലും......
JSA
14 Sep 2020, 06:38 PM
Didn't feel like reading a translation. It was quite engaging....I was under the impression that tanslations are unable to carry the soul of the original text....but now I realise that all indian languages carry the same spirit. Loved it .
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
Anie Thomas
15 Sep 2020, 04:18 PM
എത്ര മനോഹരമായിട്ടാണ് കഥയുടെ പോക്ക്. ഹോ. എങ്ങനെയാണ് ഇത്രയും ഒഴുക്കോടെ കഥയെഴുതാനാവുക. ഒറ്റ യിരുപ്പിൽ ഞാനിത് ആർത്തിയോടെ വായിച്ചു തീർത്തു.. ചിലരുടെ എഴുത്തുകൾക്ക പകരം വക്കാനാവില്ല. പരിഭാഷകയ്ക്ക് നന്ദി.