താഹയും അലനും നൂറുകണക്കിന്​ യു.എ.പി.എ തടവുകാർക്ക്​ നൽകുന്ന പ്രതീക്ഷകൾ

ന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതി താഹയ്ക്ക് ജാമ്യം നൽകിയ സുപ്രീം കോടതി മറ്റൊരു പ്രതിയായ അലന്റെ ജാമ്യം ശരിവെക്കുകയും നിലനിർത്തുകയും ചെയ്തിരിക്കുന്നു. യു.എ.പി.എ ( Unlawful Activities Prevention Act) എന്ന ജനാധിപത്യ, മനുഷ്യാവകാശ വിരുദ്ധ നിയമത്തിന്റെ വകുപ്പുകളനുസരിച്ച് ജാമ്യം കിട്ടുക എന്നത് ഏതാണ്ട് അസാധ്യമാണ്. ഈ നിയമത്തിലെ 43 D (5) പ്രകാരം അന്വേഷണ ഏജൻസി പറയുന്നതിനപ്പുറമുള്ള കാര്യകാരണങ്ങളൊന്നും ജാമ്യാപേക്ഷയുടെ സമയത്ത് കോടതി പരിഗണിക്കാൻ പാടില്ല. അതായത് ജാമ്യം നൽകരുത് എന്നാണ് പൊലീസ്​നിലപാടെങ്കിൽ ജാമ്യം ലഭിക്കില്ല. കോടതിയുടെ പങ്ക് സാങ്കേതികമായി ജാമ്യനിഷേധത്തിന്​ ഒപ്പുവെക്കുക മാത്രമാക്കി മാറ്റിയ വിചിത്ര നിയമമാണിത്. അതുകൊണ്ടുതന്നെ ഈ നിയമത്തിനുകീഴിൽ തടവിലാക്കപ്പെട്ട കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കുന്നത് വലിയ ജനാധിപത്യ, മനുഷ്യാവകാശ മുന്നേറ്റത്തിന്റെ പ്രതീക്ഷകളാണ് ഉയർത്തുന്നത്.

പന്തീരാങ്കാവ് കേസിൽ അലൻ എന്ന പ്രതിക്ക് ജാമ്യം നൽകുകയും താഹയ്ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്ത വിചിത്ര വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. എന്തുകൊണ്ടാണ് അത്തരത്തിലൊരു വിധി വന്നത് എന്ന്​ സുപ്രീം കോടതി ജാമ്യഹർജിയുടെ വാദവേളയിൽ താഹയുടെ അഭിഭാഷകനോട് ചോദിക്കുകയും ചെയ്തിരുന്നു. അലന്റെ ജാമ്യം റദ്ദാക്കാനും താഹയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുമുള്ള സർക്കാരിന്റെയും ദേശീയ അന്വേഷണ ഏജൻസിയുടെയും വാദങ്ങൾ തള്ളിയ സുപ്രീം കോടതി യു.എ.പി.എ തടവുകാരുടെ ജാമ്യം സംബന്ധിച്ച ഭരണഘടനപരവും രാഷ്ട്രീയവുമായ സമരങ്ങളുടെ സാധ്യത കൂടിയാണ് സജീവമാക്കിനിർത്തുന്നത്.

2019-ൽ സഹൂർ അഹമ്മദ് ഷാ വതാലി കേസിൽ, യു.എ.പി.എ കേസുകളിലെ ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ കോടതികൾ പൊലീസിന്റെ വ്യാഖ്യാനത്തിനപ്പുറമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് സുപ്രീം കോടതി എടുത്തത്. അതുകൊണ്ടുതന്നെ ശേഷമുള്ള കേസുകളിലെല്ലാം യു.എ.പി.എ എന്ന മനുഷ്യാവകാശ വിരുദ്ധ നിയമത്തിന്റെ ഭീകരത യാതൊരു വിധ ചോദ്യ ചെയ്യലും കൂടാതെ കോടതികൾ വഴി നിലനിർത്തപ്പെടുകയും ചെയ്തു. എന്നാൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ പൊലീസ് നടത്തിയ അറസ്റ്റുകളിൽ ദേവാങ്കന കലിത, നതാഷാ നർവാൾ, ആസിഫ് ഇഖ്ബാൽ എന്നിവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു.യു.എ.പി.എയിലെ ജാമ്യനിഷേധ വകുപ്പിന്റെ പേരിൽ ജാമ്യം എന്ന അവകാശം പൗരന്മാർക്ക് നിഷേധിക്കാൻ കഴിയില്ല എന്ന സന്ദേശം ഹൈക്കോടതി അതിലൂടെ ആവർത്തിച്ചു.

ജാമ്യഹർജി തീർപ്പാക്കുമ്പോൾ കുറ്റവാളിയെ ശിക്ഷിക്കാനോ അയാളെ പുറത്തുവിടാതെ ഇരിക്കാനോ ഉള്ള തരത്തിലുള്ള വിചാരണകളല്ല കോടതി നടത്തേണ്ടത്. തുടർവിചാരണയിൽ അയാളുടെ സാന്നിധ്യം ഉറപ്പാക്കുകയും അയാൾ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഒരു വിധത്തിലും തടസപ്പെടുത്താതിരിക്കുന്നു എന്നുറപ്പാക്കുകയുമാണ്. അതല്ലാതെ പ്രതിയുടെ മേൽ ഭരണകൂടം ആരോപിക്കുന്ന കുറ്റകൃത്യത്തെ അപ്പാടെ വിശ്വസിച്ചുകൊണ്ട് ജാമ്യാപേക്ഷയിൽ വിധി പറയുക എന്നത് നിയമവാഴ്ചയുള്ള ഒരു സമൂഹത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് ചേരാത്തതാണ്. ദേവാങ്കന തുടങ്ങിയവരുടെ കേസിൽ ഡൽഹി ഹൈക്കോടതി, ജാമ്യം സംബന്ധിച്ച സുപ്രീം കോടതിയുടെ തന്നെ യു.എ.പി.എ ഒഴികെയുള്ള കേസുകളിലെ ഈ മുൻനിലപാടുകൾ ആവർത്തിക്കുകയായിരുന്നു ചെയ്തത്.

എന്നാൽ ഇതിനെതിരെ ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ജാമ്യ ഉത്തരവ് നിലനിർത്തിയെങ്കിലും പ്രസ്തുത കേസുകളിൽ ജാമ്യം നൽകാൻ ഉപയോഗിച്ച, മാനദണ്ഡങ്ങളും 43 D (5) സംബന്ധിച്ച നിരീക്ഷണങ്ങളും സമാനമായ മറ്റു കേസുകളിൽ മറ്റു കോടതികൾ കീഴ്​വഴക്കമാക്കരുത് എന്ന തീർത്തും നിരാശാജനകമായ, സാമാന്യനീതിക്ക് നിരക്കാത്ത ഉത്തരവും സുപ്രീം കോടതി അതിൽ കൂട്ടിച്ചേർത്തിരുന്നു.

ഇപ്പോൾ താഹക്ക് ജാമ്യം നൽകുകയും അലന്റെ ജാമ്യം നിലനിർത്തുകയും ചെയ്ത സുപ്രീം കോടതി യു.എ.പി.എ കേസുകളിലെ ജാമ്യത്തിന്റെ കാര്യത്തിൽ 43 D (5) എന്ന ജാമ്യവിരുദ്ധ ജാമ്യവകുപ്പ് അവസാനവാക്കായി കണക്കാക്കാൻ പറ്റില്ലെന്ന നിലപാടിലേക്ക് എത്തുകയാണ്. ഇത് യു.എ.പി.എക്ക് കീഴിൽ തടവിലാക്കപ്പെട്ട നൂറുകണക്കിനായ പൗരന്മാർക്ക് പ്രതീക്ഷ നൽകുന്നതാണ്; അതത്ര വേഗം വരാൻ നോക്കുന്ന ഒന്നല്ലെങ്കിലും.

രവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

ഇതിനൊപ്പം തന്നെ കാണേണ്ട കാര്യം ഭീമ കൊറേഗാവ് കേസിലടക്കം യു.എ.പി.എ ഉപയോഗിച്ച് രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരെ തടവിലിടുന്നത് പരമാവധി കാലം വിചാരണ കൂടാതെ തടവിൽ വെക്കാൻ വേണ്ടിയാണ് എന്നതാണ്. Union of India vs. K.A. Najeeb (CRIMINAL APPEAL NO. 98 of 2021) കേസിൽ സുപ്രീം കോടതി ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ, വിചാരണ നടപടി അനന്തമായി നീളുമ്പോൾ അത് വേഗത്തിൽ വിചാരണ നടത്തിക്കിട്ടുക എന്ന പ്രതികളുടെ മൗലികാവകാശത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ച്​ ജാമ്യം അനുവദിച്ചിരുന്നു. ആ വിധിയിൽ, "The presence of statutory restrictions like Section 43­D (5) of UAPA per ­se does not oust the ability of Constitutional Courts to grant bail on grounds of violation of Part III of the Constitution. Indeed, both the restrictions under a Statue as well as the powers exercisable under Constitutional Jurisdiction can be well harmonised. Whereas at commencement of proceedings, Courts are expected to appreciate the legislative policy against grant of bail but the rigours of such provisions will melt down where there is no likelihood of trial being completed within a reasonable time and the period of incarceration already undergone has exceeded a substantial part of the prescribed sentence. Such an approach would safeguard against the possibility of provisions like Section 43­D (5) of UAPA being used as the sole metric for denial of bail or for wholesale breach of constitutional right to speedy trial,' എന്ന് സൂചിപ്പിച്ചുകൊണ്ട്​ 43D (5) ഭരണഘടനാ കോടതികളുടെ ജാമ്യം അനുവദിക്കാനുള്ള അനുവാദത്തെ അനന്തമായി തടസപ്പെടുത്തുന്നില്ല എന്നും വ്യക്തമാക്കിയിരുന്നു.

അതുകൊണ്ടുതന്നെ ഇപ്പോൾ പന്തീരങ്കാവ് കേസിലെ ജാമ്യ ഉത്തരവ് യു.എ.പി.എ കേസുകളിൽ ഗുണപരമായ ഒരു മാറ്റത്തിലേക്കുള്ള നീതിവിചാരമായി മാറും എന്നാണ്​ പ്രതീക്ഷിക്കേണ്ടത്. എന്നാൽ അതുകൊണ്ടുമാത്രമായില്ല. അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങളിലെ ഭാണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും കൂടി അതിരൂക്ഷമായ രീതിയിൽ എതിർക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ എതിർപ്പുകളെ അനന്തകാലം തടവിലിട്ടു നിശ്ശബ്ദരാക്കാം എന്ന ജനാധിപത്യ വിരുദ്ധ ഭരണകൂട രാഷ്ട്രീയത്തിന്റെ ഏറ്റവും കുടിലമായ ആയുധമാണ് ഇപ്പോൾ യു.എ.പി.എ.

കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്ത ഈ നിയമം ബി ജെ പിയുടെ സർക്കാർ വന്നതോടെ ന്യായവാദങ്ങളുടെ മറവു പോലുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ യു.എ.പി.എ ഉപയോഗിച്ച് തുടങ്ങി. അങ്ങനെയാണ് ഭീമ കോറേഗാവ്/എൽഗാർ പരിഷദ് കേസിൽ റോണ വിത്സൻ, സുധ ഭരദ്വാജ്, ആനന്ദ് തെൽതുംബ്​ദെ, ഷോമ സെൻ തുടങ്ങി നിരവധി രാഷ്ട്രീയ- മനുഷ്യാവകാശ പ്രവർത്തകർ ജാമ്യം നിഷേധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. ഇതേ കേസിൽ തടവിലാക്കപ്പെട്ട സ്റ്റാൻ സ്വാമി വേണ്ടത്ര വൈദ്യസഹായമോ വെള്ളം കുടിയ്ക്കാൻ ഒരു ചെറിയ കുഴലോ കിട്ടാതെ ജാമ്യം നിഷേധിക്കപ്പെട്ട് തടവറയിൽ കിടന്നു മരിച്ചു.

2019-ൽ 95% യു.എ.പി.എ കേസുകളും നടപടിക്രമം പൂർത്തിയാകാതെ കിടക്കുന്നവയാണ്. ഇത്രയും ഭീകരമായ ജാമ്യനിഷേധം നടത്തുന്ന കേസുകളിൽ 29% ത്തിൽ മാത്രമാണ് വിചാരണകോടതികളിലെ ശിക്ഷാനിരക്ക്. മേൽക്കോടതികൾ കുറ്റവിമുക്തരാക്കുന്നവയാണ് ഇതിൽ പലതും. അനന്തകാലം തടവിലിടാനുള്ള ഒരായുധം മാത്രമാണ് ഈ നിയമം. നീതി അതിന്റെ അവസാനശ്വാസം വലിക്കുകയാണ് ഇന്ത്യയിലെന്ന് സുപ്രീം കോടതിക്ക്​ തോന്നിത്തുടങ്ങിയെങ്കിൽ നല്ലത്.

UAPA ദുരുപയോഗത്തിനെതിരെ CPIM നേത്രത്വത്തിൽ കണ്ണൂരിൽ നടന്ന പ്രതിഷേധ യോഗത്തിൽ നിന്ന്. (2017)

കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ് യു.എ.പി.എ എന്ന നിയമം ഉപയോഗിച്ച്​ കേസുകളെടുക്കുന്നത് എന്നത്​, ഇടതുപക്ഷം ദേശീയതലത്തിൽ സ്വീകരിച്ച രാഷ്ട്രീയനിലപാടുകളെത്തന്നെയാണ് ദുർബലമാക്കുന്നത്. സി.പി.എം, സി.പി.ഐ എന്നീ ഇടതുകക്ഷികൾ യു.എ.പി.എ സംബന്ധിച്ച തങ്ങളുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുന്ന സമയത്തെല്ലാം "പൈശാചിക നിയമം' എന്നുപയോഗിക്കുമ്പോൾ കേരളത്തിൽ അതേ കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരിന് അത് "ദൈവത്തിന്റെ സ്വന്തം നിയമം' ആകുന്നത് അപഹാസ്യമായ വൈരുദ്ധ്യമാണ്. കേരളത്തിൽ യു.എ.പി.എ ചുമത്താൻ പൊലീസ് തീരുമാനിക്കുന്ന ഭൂരിഭാഗം കേസുകളിലും അതിനുള്ള അനുമതി ഉന്നതാധികാര സമിതി നൽകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ എത്രത്തോളം ആവേശത്തോടെയാണ് കേരളത്തിലെ പൊലീസ് വകുപ്പ് ഈ നിയമത്തിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നത് എന്നുകൂടി വ്യക്തമാവുകയാണ്. ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചേ മതിയാകൂ.

എളമരം കരിം, പിണറായി വിജയൻ.

ടാഡയും പോട്ടയും പോലുള്ള മനുഷ്യാവകാശവിരുദ്ധ നിയമങ്ങൾക്കെതിരെ ഇടതുപക്ഷ കക്ഷികൾ കൃത്യമായ എതിർപ്പ് എക്കാലത്തും എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന തെറ്റായ രാഷ്ട്രീയ സമീപനമാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എടുക്കുന്നത്. കോൺഗ്രസ് പാർലമെന്റിൽ യു.എ.പി.എ ഭേദഗതി ബില്ലിനെ പിന്തുണച്ച്​ ബി. ജെ.പി-ക്കൊപ്പം ചേർന്ന് നിലപാടെടുക്കാൻ മടിച്ചില്ല. വളരെ വിദൂര ഭൂതകാലത്തിലല്ല, 2019-ലാണ് അത് സംഭവിച്ചത്. ജനാധിപത്യവിരുദ്ധ നിയമങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ടകളാണ്. അതിനെ വിമർശിച്ച്​ സി.പി.എം കേന്ദ്ര സമിതി അംഗവും എം.പിയുമായ എളമരം കരീം പറഞ്ഞത് ""The Congress backstabbed democracy. They betrayed the minorities. They betrayed the people of India by voting in favour of the draconian UAPA Bill in the Rajya Sabha,' എന്നാണ്.
സി പി ഐ സെക്രട്ടറി ഡി.രാജ, ‘It is a new situation. A right-wing, fascist party has captured power. There are increased attacks on democratic and constitutional rights, people do not feel secure and mob lynchings have become the order of the day. In this situation, how can the Congress party side with such a draconian law,'' എന്ന് കടുത്ത വിമർശനമുയർത്തി.
എന്നാൽ ഈ "draconian law' കേരളത്തിൽ ഉപയോഗിക്കുന്നതിൽ ഇരു ഇടതുകക്ഷികൾക്കും ഒരു കുഴപ്പവും തോന്നുന്നില്ല. പന്തീരാങ്കാവ് കേസിലെ ജാമ്യവിധി വന്ന ഈ സമയത്തെങ്കിലും തങ്ങളുടെ രാഷ്ട്രീയ പിഴവ് തിരുത്താൻ ഇടതുമുന്നണി സർക്കാർ തയ്യാറാകണം.

ഇന്ത്യൻ തടവറകളിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട് വിചാരണ പോലുമില്ലാതെ വർഷങ്ങളായി ജാമ്യം ലഭിക്കാതെ നരകിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ നീതിക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കേൾക്കാൻ പൊതുസമൂഹത്തിനു കഴിയുന്നുണ്ടോ എന്ന ചോദ്യം താഹ ജാമ്യം ലഭിച്ചു പുറത്തിറങ്ങുമ്പോൾ ഒന്നുകൂടി ഉയരണം.

Comments