സ്കൂൾ തുറന്നു,
വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽ
പുതിയ ചോദ്യങ്ങളുമായി
സ്കൂൾ തുറന്നു, വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽ പുതിയ ചോദ്യങ്ങളുമായി
സ്‌കൂള്‍ തുറക്കുന്നതോടെ അധ്യാപകര്‍ ഡിജിറ്റല്‍ / വിദൂര / ഓണ്‍ലൈന്‍ ക്ലാസിന്റെ തുടര്‍ച്ചയാണോ ഏറ്റെടുക്കേണ്ടത് അതോ ഒരു പുതു അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതായി കണക്കാക്കി ഈ വര്‍ഷത്തെ പാഠങ്ങള്‍ തുടക്കം മുതല്‍ പഠിപ്പിച്ചു തുടങ്ങുകയാണോ വേണ്ടത്?- സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ഉയരുന്ന പുതിയ ചോദ്യങ്ങൾ.
1 Nov 2021, 09:28 AM
കേരളപ്പിറവി ദിനത്തില്‍ പത്തൊന്‍പതുമാസത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുകയാണിന്ന്. മുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു അനുഭവത്തിലൂടെയാണ് ലോകമാകെ കടന്നുപോവുന്നത്. മഹാമാരി വിതയ്ക്കുന്ന വൈറസിനെ തുടച്ചുമാറ്റിയല്ല ജീവിതത്തിന്റെ സാധാരണക്രമം തിരിച്ചുപിടിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മഹാമാരി അനന്തര ലോകത്ത് ഏറെക്കാര്യങ്ങളും അനുമാനത്തിന്റെ (hypothesis) അടിസ്ഥാനത്തിനാലാണ് തീരുമാനിക്കുന്നത്. സ്‌കൂളിലേക്ക് തിരികെ എത്താന്‍ വിദ്യാര്‍ഥികള്‍ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നോ? പത്തൊന്‍പതു മാസത്തെ ഡിജിറ്റല്‍ പഠനവും ഓണ്‍ലൈന്‍ പഠനവും വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം സഹായകരമായിട്ടുണ്ട്? ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആശങ്കയേതുമില്ലാതെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിടുമോ? ഈ അക്കാദമിക് വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ആസൂത്രണം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അധ്യാപകര്‍ക്കുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഗുണാത്മകമായ ഉത്തരങ്ങള്‍ ആയിരിക്കും എന്ന് നമ്മള്‍ അനുമാനിക്കുന്നു. ഈ ഒരു സന്നിഗ്ദ്ധ ഘട്ടത്തില്‍ മറ്റൊരുവഴി നമുക്ക് മുന്നിലില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്താനും.
സ്‌കൂള്‍ അടച്ചിടല്‍ സൃഷ്ടിച്ച വെല്ലുവിളികള്‍
ഡിജിറ്റല്‍ ഡിവൈഡ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച വിദൂര / ഓണ്‍ലൈന്‍ / ഡിജിറ്റല്‍ വിദ്യാഭ്യാസ കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടാതെ പോയതാണ് അടച്ചിരുപ്പുകാലം സൃഷ്ടിച്ച സാംസ്‌കാരിക വിടവും (cultural divide) ഘടനാപരമായ വിടവും (structural divide). സ്‌കൂളുകള്‍ അടച്ചിട്ട ഒന്നരവര്‍ഷക്കാലം പുസ്തകവായനയും ഓണ്‍ലൈന്‍ സംഗീതപഠനവും നൃത്തപഠനവും കലാപഠനവും യോഗ പഠനവുമൊക്കെയായി തങ്ങളുടെ സാംസ്‌കാരിക മൂലധനം (cultural capital) വര്‍ധിപ്പിക്കാനുള്ള അവസരമാക്കിമാറ്റാന്‍ സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സാധിച്ചു. എന്നാല്‍ തൊഴില്‍ മേഖല മൊത്തത്തില്‍ പ്രതിസന്ധിയിലായ ഈ കാലം സാധാരണക്കാരായ തൊഴിലാളികളുടെയും മറ്റും മക്കള്‍ക്ക് വറുതിയുടെകാലമായിരുന്നു ഇത്. ഇതോടൊപ്പം തിരിച്ചറിയപ്പെടേണ്ട ഒരു പ്രശ്നമാണ് ഘടനാപരമായിതന്നെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്തരം.
ഡിജിറ്റല്‍/വിദൂരപഠനകാലം വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ ഏറെയും വീടകങ്ങളില്‍ നടക്കും എന്ന ധാരണയിലാണ് മുന്നേറിയത്. സാമ്പത്തികശേഷിയുള്ളവരുടെ വീടുകളില്‍ പഠനത്തിനാവശ്യമായ അന്തരീക്ഷം ലഭ്യമാവുന്നപോലെ തൊഴില്‍ പ്രശ്‌നങ്ങളിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും കഴിയുന്ന കുടുംബങ്ങളില്‍ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പഠനാനുകൂല അന്തരീക്ഷം നിലനിന്നുകൊള്ളണമെന്നില്ല. മഹാമാരിക്കാലം തീവ്രമാക്കിയ നമ്മുടെ സാമൂഹികജീവിതത്തിലെ ഈ വിടവുകള്‍ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ സ്‌കൂള്‍ തുറന്നുകഴിഞ്ഞുള്ള വിദ്യാഭ്യാസ പ്രക്രിയയും ലക്ഷ്യം കാണുകയുള്ളു.

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ആഗോള ഗൂഢാലോചനയാണ് സ്‌കൂള്‍ തുറക്കുന്നതിനു പിന്നില്‍ എന്ന് വാക്‌സീന്‍ വിരുദ്ധലോബി പ്രചരിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് കൂട്ടത്തോടെ രോഗം വന്നാല്‍ എല്ലാവരും വാക്‌സീന്‍ എടുക്കാന്‍ നിര്‍ബന്ധിതരാവും എന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ വീടകങ്ങളില്‍ മാത്രം ഒതുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതോടെ അവര്‍ രോഗം വരാന്‍ സാധ്യതയുള്ളവരായി മാറും എന്നും ഇവര്‍ പറയുന്നു. (ഈ രോഗം തന്നെ ഇല്ലാത്ത ഒന്നാണ് എന്നു ഇതുവരെ പറഞ്ഞുനടന്നവരാണ് ഇവര്‍. ഏതായാലും രോഗം ഉണ്ടെന്നു സമ്മതിച്ചതുതന്നെ വലിയ കാര്യം.)
സ്‌കൂളുകള്‍ മൂന്നാം കോവിഡ് തരംഗത്തിന്റെ പ്രഭവകേന്ദ്രമാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മുതിര്‍ന്നവര്‍ ഏറെയും വാക്‌സീന്‍ എടുത്തുകഴിഞ്ഞവരാണ് എന്നതും അടച്ചിരിപ്പില്‍നിന്നു രക്ഷപ്പെടാനുള്ള വെമ്പലുമായി നില്‍ക്കുകയാണ് എന്നതും കോവിഡ് പ്രതിരോധ ജാഗ്രതയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാക്‌സീന്‍ എടുക്കാത്ത 18 വയസ്സിനുതാഴെ പ്രായമുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കോവിഡ് പ്രതിരോധ ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ല. വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ആരോഗ്യപ്രവര്‍ത്തകരും, പോലീസും, പൊതുസമൂഹവും ജാഗ്രതയോടെ ഇടപെടുക എന്നതാണ് സുപ്രധാനമായ കാര്യം.
അക്കാദമിക ഇടപെടലുകള്‍
വിദ്യാഭ്യാസത്തിന്റെ വിശാല ലക്ഷ്യങ്ങള്‍ എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച പുനരാലോചനയ്ക്കുള്ള സമയമായിരുന്നു സ്‌കൂളുകളും കോളേജുകളും അടച്ചിട്ട ഒന്നരവര്‍ഷക്കാലം. പണം വാരിക്കൂട്ടുക എന്ന മുതലാളിത്ത ലളിതയുക്തി മഹാമാരിയനന്തര ലോകത്തില്‍ മുമ്പത്തെപ്പോലെ വിലപ്പോകും എന്ന് തോന്നുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പണിയെടുക്കുന്ന തൊഴില്‍സേനയെ സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ബോധം സമൂഹമനസ്സില്‍ കുറച്ചുകൂടെ ആഴത്തില്‍ വേരോടിയ സന്ദര്‍ഭം കൂടിയാണിത്. പൊതുപരീക്ഷയിലെ വിജയമാണ് യഥാര്‍ഥവിജയികളെ സൃഷ്ടിക്കുന്നത് എന്ന ധാരണയും സി.ബി.എസ്.ഇ.യും ചില സംസ്ഥാന പരീക്ഷാ ബോഡുകളും പൊതുപരീക്ഷ നടത്താതെ വിദ്യാര്‍ഥികളെ വിജയിപ്പിച്ചപ്പോള്‍ ഏറെക്കുറെ തകര്‍ന്നുപോയിട്ടുണ്ട്.
കേരളത്തിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനത്തിനടുത്ത് വിജയമുണ്ടായി. എല്ലാ കുട്ടികളുടെയും തുടര്‍പഠനം സര്‍ക്കാര്‍ ഉറപ്പുവരുത്തും എന്നും പറയുന്നു. ആ നിലയ്ക്ക് പത്താംക്ലാസിലെ പൊതുപരീക്ഷ ഇനിയും പഴയതുപോലെ പോലീസ് കാവലും ചിട്ടവട്ടങ്ങളുമൊക്കെയായി നടത്തണോ എന്ന കാര്യം നമ്മള്‍ പുനരാലോചിക്കേണ്ടതുണ്ട്. കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് തുടര്‍പഠനത്തിനുള്ള സാധ്യത ഒരുക്കുകയല്ലേ വേണ്ടത്? ഒരു ഹൈ സ്റ്റെയ്ക് പരീക്ഷ നടത്തി കുറച്ചാളുകളെ അരിച്ചുമാറ്റേണ്ടതുണ്ടോ? പത്രണ്ടാം ക്ലാസുവരെ സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്നത്. നമ്മുടേതുപോലുള്ള ഒരു മത്സരാധിഷ്ഠിത സമൂഹത്തില്‍ എസ്.എസ്.എല്‍.സി. പൊതുപരീക്ഷ ആവശ്യമില്ല എന്ന യാഥാര്‍ഥ്യം പെട്ടന്ന് സ്വീകരിക്കപ്പെട്ടു എന്ന് വരില്ല. എങ്കിലും മഹാമാരിക്കാലം ആ പരീക്ഷയുടെ പ്രസക്തി എന്താണ് എന്ന ചോദ്യം ശക്തമായി ഉയര്‍ത്തുന്നുണ്ട്.
ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ എസ്.സി.ഇ.ആര്‍.ടി. പുറത്തിറക്കും എന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതോടെ അധ്യാപകര്‍ ഡിജിറ്റല്‍ / വിദൂര / ഓണ്‍ലൈന്‍ ക്ലാസിന്റെ തുടര്‍ച്ചയാണോ ഏറ്റെടുക്കേണ്ടത് അതോ ഒരു പുതു അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതായി കണക്കാക്കി ഈ വര്‍ഷത്തെ പാഠങ്ങള്‍ തുടക്കം മുതല്‍ പഠിപ്പിച്ചു തുടങ്ങുകയാണോ വേണ്ടത്? എത്ര അധ്യയന ദിവസങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്? സ്‌കൂള്‍ പ്രവര്‍ത്തനസമയത്ത് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള സംപ്രേഷണം തുടരാന്‍ കഴിയുമോ? അധ്യാപകര്‍ ബ്ലന്‍ഡഡ് ലേണിങ് രീതി അവലംബിക്കണം എന്ന് പറയുന്നുണ്ടെങ്കിലും വിക്ടേഴ്സ് ചാനല്‍ സംപ്രേഷണത്തിനും സ്‌കൂള്‍ പ്രവൃത്തി സമയത്തിനുമിടയില്‍ എപ്പോളാണ് അതിനായി സമയം കണ്ടെത്തുക? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്.
സംസ്ഥാനത്ത സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നേതൃത്വം എസ്.സി.ഇ.ആര്‍.ടി.ക്കാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ചും രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കാനാവശ്യമായ ഇടപെടലിനെ സംബന്ധിച്ചും മികച്ച നിലവാരമുള്ള കാണാനും, കേള്‍ക്കാനും, വായിക്കാനും പറ്റുന്ന മെറ്റീരിയലുകള്‍ ലഭ്യമാക്കുക, അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുക, മൂല്യനിര്‍ണയത്തെ ശാസ്ത്രീയമായി പുതുക്കിപ്പണിയുക, അധ്യാപകരെ ശാക്തീകരിക്കുക, ഡിജിറ്റല്‍ / വിദൂര / ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ഗവേഷണം നടത്തുക തുടങ്ങി സുപ്രധാനമായ ഇടപെടലുകളാണ് എസ്.സി.ഇ.ആര്‍.ടി.യുടെ പക്ഷത്തുനിന്ന് അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നത്.
എല്ലാ പരിമിതികള്‍ക്കുമപ്പുറം ഒഴുക്ക് നിലച്ചുപോയ ഒരു പുഴ വീണ്ടും ഒഴുകുന്നപോലെ വിദ്യാഭ്യാസ പ്രക്രിയയുടെ ജീവതാളം തിരിച്ചുകിട്ടുന്നു എന്ന ആശ്വാസമുണ്ട്. അര്‍ഥവത്തും സമയബന്ധിതവുമായ ഇടപെടലുകള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷകരമായ അധ്യയനവര്‍ഷം ആശംസിക്കുന്നു.
അധ്യാപകന്‍, മുന്‍ റിസര്‍ച്ച് ഓഫിസര്‍, എസ്.സി.ഇ.ആര്‍.ടി., കേരള.
കെ സി മുരളീധരൻ
1 Nov 2021, 06:57 PM
പഠനം, മനനം, അറിവുല്പാദനം എന്നീ പ്രക്രിയകളിലൂടെ കടന്നു പോവാതെ വിദ്യാഭ്യാസത്തെ വെറും ചോദ്യവും ഉത്തരവും പരീക്ഷയും മാർക്കുമായി ചുരുക്കി നടത്തുന്ന ആഭാസത്തിൽ നിന്നും വിടുതൽ നേടണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന കാഴ്ചപ്പാടിന് ഊന്നൽ നല്കുന്ന ഈ ലേഖനം ഓൺെ ലൈൻ / ഓഫ് ലൈൻ സംവാദത്തിനപ്പുറത്തേക്ക് കാണാൻ സഹായിക്കുന്ന നല്ല ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
രാകേഷ് കരുവാച്ചേരി
1 Nov 2021, 05:20 PM
ലേഖകൻ ഉയർത്തിയ ചോദ്യങ്ങൾ ഏറെ പ്രസക്തവും ഫീൽഡിൽ തലങ്ങും വിലങ്ങും എറിയപ്പെട്ടുകൊണ്ടിരിക്കുന്നതും തന്നെ. പക്ഷേ എന്തിനും ഉത്തരം കൈയ്യിലുണ്ട് എന്ന പഴയ പരസ്യ വാചകം SCERT യെ സംബന്ധിച്ച് എത്രത്തോളം പ്രായോഗികമാണ്? പരിചയ സമ്പന്നരായ അധ്യാപകരെ വിളിച്ച് SCERT തയ്യാറാക്കുന്ന മെറ്റീരിയലുകൾക്ക് എത്ര കാലം കാത്തിരിക്കണം ....
ആമീൻ തയ്യിൽ
1 Nov 2021, 03:34 PM
വ്യക്തത വരേണ്ടതുണ്ട്. 👍👍👍
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read
Asokan TM
5 Nov 2021, 11:41 AM
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.സാമ്പത്തികാന്തരം മൂലമുണ്ടാവുന്ന വിടവ് ഗൗരവമായി വിശകലനം ചെയ്യേണ്ടതായ പ്രശ്നമാണ്. ഡിവൈസ് ഉണ്ടായാൽ ഓൺലൈൻ perfect ആയി എന്ന് കരുതുന്നവരാണധികവും