അക്കാദമിക പിൻബലം നഷ്ടപ്പെടുന്ന സ്കൂൾ വിദ്യാഭ്യാസം

തിരുവനന്തപുരത്തെ ഒരു സ്​കൂളിൽ നടന്ന റാഗിങ്ങിനെക്കുറിച്ച്​ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർന്ന് തയ്യാറാക്കി വിദ്യാഭ്യാസമേലാളന്മാർ മേലൊപ്പ് ചാർത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അധികാരകേന്ദ്രങ്ങൾ സ്‌കൂൾ റാഗിങ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാവുകയാണ്. വളരെ സാധാരണമായ സംഭവമായാണ് വകുപ്പ് ഇതിനെ കാണുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭാവി സംബന്ധിച്ച സുപ്രധാനമായ ചില സൂചനകളിലേക്കാണ് ഈ സംഭവവും പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത്. ഊതിപ്പെരുപ്പിച്ച വീരവാദങ്ങളുടെ വാലിൽ കെട്ടി പൊതുവിദ്യാഭ്യാസത്തെ പറപ്പിക്കാമെന്ന വ്യാമോഹമാണ് വിദ്യാഭ്യാസ നേതൃത്വത്തെ ഭരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഒരു സ്‌കൂളിൽ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ താഴ്ന്ന ക്ലാസിലെ വിദ്യാർത്ഥികളെ റാഗിങ്ങിനുവിധേയമാക്കിയ സംഭവം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. രക്ഷിതാക്കളുടെ ആവലാതിയും പ്രതിഷേധവുമെല്ലാം റിപ്പോർട്ടു ചെയ്യപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കൃത്യമാണ്​ റാഗിങ്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ഇത് നടന്നുവന്നിരുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും എതിർപ്പും താക്കീതും ഉണ്ടായതിനെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് നിരോധിച്ചു. ശിക്ഷാർഹമായ കുറ്റകൃത്യമായി റാഗിങ്ങിനെ നമ്മുടെ നീതിന്യായസംവിധാനം കണക്കാക്കുന്നു. പുതുതായി പ്രൊഫഷണൽ കോളേജുകളിൽ കടന്നുവരുന്ന വിദ്യാർത്ഥികളുടെ ലജ്ജ മാറ്റാനും മഞ്ഞുരുക്കലിലൂടെ അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാനും എന്ന പേരിൽ ആരൊക്കെയോ തുടങ്ങിവച്ച റാഗിങ് അറിയപ്പെടുന്ന കാലം മുതൽ ജൂനിയർ വിദ്യാർത്ഥികൾക്കുമേലുള്ള അതിക്രമമായും ചൂഷണോപാധിയായും മനോവൈകൃതമായുമാണ് പ്രകടനമാകുന്നത്. കോളേജുകളിൽപോലും നിരോധിച്ച ഈ നീചകൃത്യം എങ്ങനെയാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയത്തിൽ കടന്നുവന്നതെന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിൽ പതിച്ച ഒരു ഇടിവാൾ തന്നെയാണ് ഈ പ്രശ്‌നം.

പൊതുവിദ്യാഭ്യാസത്തോട് ഏതെങ്കിലും പ്രതിബദ്ധതയുള്ള ആർക്കും അവഗണിക്കാവുന്ന ഒരു സാധാരണ സംഭവമായോ താക്കീതു നൽകി തീർക്കാവുന്ന ചെറിയൊരു തെറ്റായോ ഇതിനെ കാണാനാവില്ല. സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടതിന്റെ ഭാഗമായി പ്രതിഷേധക്കാരായ രക്ഷിതാക്കളെ സ്‌കൂൾ പി.ടി.എ ഭാരവാഹികൾ പ്രതിരോധിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. സ്‌കൂളിന്റെ സൽപ്പേരിന്​ കളങ്കം വരാതിരിക്കാനും അധികാരികളുടെമേൽ എന്തെങ്കിലും ആരോപണങ്ങൾ ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനും തങ്ങളുടെ ചുമതലകളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് തങ്ങളെ നിയോഗിച്ചവരെ ബോധ്യപ്പെടുത്താനുമുള്ള വ്യഗ്രതയുടെ ഭാഗമായിരിക്കാം ഇത്. പി.ടി.എ സ്‌കൂളുകളിൽ പലതരം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളായി മാറിയതിനെ തുടർന്ന് ഈ സ്ഥാനങ്ങളിൽ പൊളിറ്റിക്കൽ പോസ്റ്റിങ് നടക്കുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. കുട്ടികളുടെ വികാസത്തിനായി അധ്യാപകരും രക്ഷിതാക്കളും യോജിച്ചു പ്രവർത്തിക്കുന്ന വേദി എന്ന സ്ഥാനം അങ്ങനെ പി.ടി.എ ക്ക് നഷ്ടമായിരിക്കുന്നു.

മന്ത്രിമാർ അടക്കമുള്ള അധികാരികൾ സംഭവത്തിൽ ഇടപെട്ടു. പരാതിക്കാരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്താൻ നടപടികളും ഉണ്ടായി. സംഭവം ആവർത്തിക്കാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമായ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചു. അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിഹാരമാർഗങ്ങൾ തേടാൻ വകുപ്പുമന്ത്രി തൽക്ഷണം ഉത്തരവിട്ടു. അതേസമയം ചിലർ സാമൂഹിക മാധ്യമങ്ങളിൽ സംഭവം ആഘോഷമാക്കിമാക്കി മാറ്റുകയാണുണ്ടായത്. പൊതുവിദ്യാലയങ്ങളെ താറടിച്ചു കാണിക്കാൻ ലഭിച്ച അവസരം തല്പരകക്ഷികൾ വേണ്ടുവോളം പ്രയോജനപ്പെടുത്തി. ഇതിന് ചൂട്ടുപിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ അധ്യാപകരും കുറവായിരുന്നില്ല എന്നതാണ് സങ്കടം. പൊതുവിദ്യാഭ്യാസത്തിനെതിരായ പ്രചാരണങ്ങളിൽ പൊതുവിദ്യാഭ്യാസം കൊണ്ട് പുലരുന്ന അധ്യാപകർ അടക്കമുള്ളവർ പങ്കാളികളാകുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർന്ന് തയ്യാറാക്കി വിദ്യാഭ്യാസമേലാളന്മാർ മേലൊപ്പ് ചാർത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അധികാരകേന്ദ്രങ്ങൾ സ്‌കൂൾ റാഗിങ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാവുകയാണ്. വളരെ സാധാരണമായ സംഭവമായാണ് വകുപ്പ് ഇതിനെ കാണുന്നത്. രക്ഷിതാക്കൾ സംഭവത്തെ പർവതീകരിച്ചുവെന്നും ആക്ഷേപമുണ്ട്. റാഗിങ്ങിന് വിധേയരായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കൗൺസിലിങ്ങിനു വിധേയരാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സുരക്ഷാജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, അധ്യാപകരെയും സുരക്ഷാചുമതലകൾക്കായി വിന്യസിക്കുക, സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുക തുടങ്ങിയ വിലപ്പെട്ട നിർദ്ദേശങ്ങളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട്, ‘നിസ്സാരകാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് റിപ്പോർട്ട്' എന്നാണ്. അപ്പോൾ വകുപ്പിന്റെ കണ്ടെത്തൽ അനുസരിച്ച് കുറ്റക്കാർ റാഗിങ്ങിനെതിരെ പരാതിപ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. അന്വേഷണ ഉദ്യോഗസ്ഥർ പലരെയും ചോദ്യം ചെയ്യുകയും ഫോറൻസിക് പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾ അരൂപികളോ സങ്കല്പസൃഷ്ടികളോ ആകാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പോരായ്മകൾ കണ്ടെത്തുന്നതും റിപ്പോർട്ട് ചെയ്യുന്നതും ദേശവിരുദ്ധ പ്രവർത്തനമാണെന്ന സന്ദേശം അന്വഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്. കമ്മറ്റിയെ നിയോഗിക്കുമ്പോൾത്തന്നെ എന്ത് റിപ്പോർട്ടു ചെയ്യണമെന്ന നിർദ്ദേശവും നൽകുന്ന ഒരു ഏർപ്പാടിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. തെറ്റുകൾ സൂക്ഷ്മതയോടെ കണ്ടെത്തുകയും ഉചിതമായ ഇടപെടലുകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നതാണ് മികച്ച നേതൃത്വത്തിന്റെ ലക്ഷണം. ചുറ്റിലും സ്തുതിപാഠകരെ അണിനിരത്തി കഴിവുകേടുകളും പുഴുക്കുത്തുകളും മൂടിവയ്ക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. കേരളത്തിലെ സർക്കാരും അതിന് നേതൃത്വം നൽകുന്ന കക്ഷിയും തങ്ങളുടെ നോട്ടക്കുറവും അബദ്ധങ്ങളും യഥാസമയം അംഗീകരിക്കുകയും തിരുത്തലിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ‘സ്വാമിഭക്തന്മാർ’ എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്?

സ്‌കൂളിലെ യു.പി. വിഭാഗത്തിൽപ്പെട്ട ചില കുട്ടികൾക്ക് സ്‌കൂളിന് ഉള്ളിൽ വച്ച് വേദനാജനകമായ അനുഭവങ്ങളുണ്ടായി എന്നതാണ് പ്രശ്‌നത്തിന്റെ കാതൽ. ഉത്തരവാദിത്തപ്പെട്ട ഒരു വിദ്യാഭ്യാസപ്രവർത്തകന് അത് നിസ്സാരമായി കാണാൻ കഴിയില്ല. ഹൈസ്‌കൂൾ വിഭാഗത്തിൽപ്പെട്ട ചില കുട്ടികളാകാം കൃത്യത്തിനു പിന്നിൽ. കുട്ടികളുടെ ബാലമനസ്സിന്റെ ഭാവനയുമാവാം. എന്തായാലും പ്രശ്‌നം സൂക്ഷ്മമായി വിശകലനം ചെയ്ത് ഇടപെടൽ ആവശ്യമായ മേഖലകൾ നിർണയിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികളിലെ പെരുമാറ്റപരമായ പ്രശ്‌നങ്ങൾ കൃത്യമായി കണ്ടെത്താൻ അധ്യാപകർക്ക് കഴിയേണ്ടതാണ്. എന്നാൽ അത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതും നിർബന്ധിത വിടുതൽ പോലുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കുന്നതും ആരോഗ്യകരമല്ല. മാനസികവും സാമൂഹികവുമായ കാരണങ്ങളാൽ കുറ്റവാസനകൾ പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്.

പെരുമാറ്റപരമായ പ്രശ്‌നങ്ങൾ ഒറ്റ ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. സമാനമായ പ്രശ്‌നങ്ങൾ മുമ്പും പ്രകടമായിട്ടുണ്ടാവണം. അവയുടെ അടിസ്ഥാനത്തിൽ പ്രശ്‌നക്കാരെ കണ്ടെത്തി തിരുത്തലുകൾക്ക് പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. കൊറോണക്കാലത്ത് സ്‌കൂൾ പ്രവർത്തനങ്ങൾക്കുണ്ടായ വിഛേദം പ്രശ്‌നങ്ങൾ സങ്കീർണമാകാൻ കാരണമായിട്ടുണ്ടാവാം. സമൂഹവുമായി ഇടപെട്ടുകൊണ്ട് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അധ്യാപകരുടെയും അവശ്യസന്ദർഭങ്ങളിൽ വിദഗ്ധരായ കൗൺസിലർമാരുടെയും സേവനം പ്രയോജനപ്പെടുത്തണമെന്നുള്ള വിദ്യാഭ്യാസ ഓഫീസർമാരുടെ നിർദ്ദേശവും സ്വീകാര്യമാണ്.

പൊതുവിദ്യാലയങ്ങളിൽ എന്നപോലെ കീർത്തികേട്ട സ്വകാര്യവിദ്യാലയങ്ങളിലും പെരുമാറ്റപരമായ പൊരുത്തക്കേടുകളുള്ള കുട്ടികൾ ഉണ്ടാവാം. പൊതുവിദ്യാലയങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ വാർത്തകളിൽ വ്യാപിക്കുന്നു. സ്വകാര്യവിദ്യാലയങ്ങൾ അവ മൂടിവയ്ക്കുകയോ കുട്ടികളെ പുറംതള്ളുകയോ ചെയ്യുന്നുവെന്നു മാത്രം. കുട്ടികളിലെ പൊരുമാറ്റപരമായ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് മനഃശ്ശാസ്ത്രപരമായ മാർഗങ്ങൾക്കൊപ്പം സാമൂഹികവും ബോധനശാസ്ത്രപരവുമായ നടപടികളും ആവശ്യമായിവരും. ആരോഗ്യകരമായ അധ്യാപകവിദ്യാർത്ഥിബന്ധമാണ് ഇതിനു വേണ്ട മുന്നുപാധി. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തരവും ഫലപ്രദവുമായ ആശയവിനിമയത്തിലൂടെ കുട്ടികളുടെ പഠനവും മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ കഴിയും. പരിശോധനയ്‌ക്കെത്തിയ വിദ്യാഭ്യാസ ഓഫീസർമാരുടെ നോട്ടം ആവഴിക്കൊന്നും പോയതായി കാണുന്നില്ല.
പലതരം സാമൂഹികസാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികൾ ഒരു പൊതുവിദ്യാലയത്തിലുണ്ടാവും. പരിണതപ്രജ്ഞയായ ഒരു അധ്യാപികയ്ക്ക് കുട്ടികളുടെ സമഗ്രവികാസത്തിനുള്ള മുഖ്യോപാധിയായി ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്താനാവും. എന്നാൽ മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ബ്രാൻറ്​ അമ്പാസിഡർമാരായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ അധ്യാപകർ ഇതിനെ ശാപമായി കാണുകയും വിവേചനത്തിന്റെ വിഷം ചാലിച്ച് വൈരുധ്യങ്ങളും പകയും വിളയിക്കുകയും ചെയ്യുന്നു.

നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭാവി സംബന്ധിച്ച സുപ്രധാനമായ ചില സൂചനകളിലേക്കാണ് ഈ സംഭവവും തുടർന്നുള്ള പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത്. ഊതിപ്പെരുപ്പിച്ച വീരവാദങ്ങളുടെ വാലിൽ കെട്ടി പൊതുവിദ്യാഭ്യാസത്തെ പറപ്പിക്കാമെന്ന വ്യാമോഹമാണ് വിദ്യാഭ്യാസ നേതൃത്വത്തെ ഭരിക്കുന്നത്. സ്വന്തം കൂറില്ലായ്മ ബദ്ധപ്പെട്ടു മറച്ചുവച്ച് രക്ഷകരായി ചമയുന്നവരും അധികാരപ്രമത്തതകൊണ്ട് വൈരനിര്യാതനത്തിന് ഇറങ്ങിയവരും ആരെയും മുഷിപ്പിക്കാതെ സ്വാർത്ഥം നേടാൻ വ്യഗ്രത കാട്ടുന്നവരും ഉൾപ്പെടുന്ന അപൂർവസംഗമം വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്. വിവരങ്ങൾ ശേഖരിച്ചുവയ്ക്കാനുള്ള പത്തായമായി തലച്ചോറിനെ മാറ്റുന്ന പ്രക്രിയയ്ക്കുപകരം ചിന്താശേഷിയും സാമൂഹികബോധവുമുള്ള തലമുറയെ വളർത്തുന്ന ചലനാത്മക പ്രക്രിയയായി വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ രംഗത്തുള്ള നമ്മുടെ പരിശ്രമം മുഴുവൻ പാഴായിപ്പോകും. കാഴ്ചപ്പാടു സംബന്ധിച്ച പ്രശ്‌നമാണിത്. വികലമായ കാഴ്ചപ്പാടുള്ളവർ നേതൃസ്ഥാനം കൈയടക്കുന്നതോടെ ഇക്കാര്യത്തിൽ ഇടപെടലുകൾ അസാധ്യമായിത്തീരും. മത്സരങ്ങൾക്കുള്ള വാമിങ് അപ്പ് ആണ് വിദ്യാഭ്യാസമെങ്കിൽ പൊതുവിദ്യാഭ്യാസത്തിനു മുടക്കുന്നതിൽ ചെറിയൊരംശം തുകകൊണ്ട് കേരളത്തിലെ മുഴുവൻ കുട്ടികളെയും സ്വകാര്യപരിശീലനസ്ഥാപനങ്ങളിൽ ചേർക്കാൻ കഴിയും. ഇത്രയും വിപുലമായ ഉദ്യോഗസ്ഥ -അധ്യാപക വിന്യാസം ഒഴിവാക്കാവുന്നതാണ്. ഉല്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തുകകൂടി ചെയ്താൽ ഉപഭോക്താക്കൾ അതീവസംതൃപ്തരായിത്തീരും. ട്രേഡ് യൂണിയൻ സ്വഭാവത്തിലേക്ക് ഉയർന്ന അധ്യാപകസംഘടനകൾ കൂലിക്കായി തർക്കിക്കുന്ന കാര്യത്തിൽ പോലും വിട്ടുവീഴ്ച ചെയ്ത് അഫിലിയേഷൻ നൽകിയ രാഷ്ടീയസംഘടനകൾക്കും ഭരിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും സേവ ചെയ്യാൻ സദാസന്നദ്ധരാണ്. അതിനാൽ ഏത് വ്യവസ്ഥയും അവരെക്കൊണ്ട് സമ്മതിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല.

കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പൊതുവിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്ന് ഇപ്പോഴും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ പൊതുവിദ്യാലയങ്ങൾ നേരിടുന്ന ചെറുതും വലുതുമായ വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കാൻ സന്നദ്ധരാകണം. സ്വകാര്യവിദ്യാലയങ്ങളോട് മത്സരിക്കാൻ ഒരുങ്ങുന്നതിനു പകരം അവയ്ക്ക് മാതൃക കാട്ടാൻ പൊതുവിദ്യാലയങ്ങൾ സജ്ജമാവുകയാണ് വേണ്ടത്. ആ നിലയിൽ പൊതുവിദ്യാലയങ്ങളെ പ്രതിഷ്ഠിക്കാൻ ഭരണനേതൃത്വവും തയാറാവണം.
പൊതുവിദ്യാഭ്യാസത്തിന് എല്ലാ അർത്ഥത്തിലും നേതൃത്വം നൽകേണ്ടത് അനുഭവസമ്പത്തും കാഴ്ചപ്പാടുമുള്ള അധ്യാപകരാണ്. കുട്ടികളെയും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയും സംബന്ധിച്ച ആഴത്തിലുള്ള അറിവാണ് അധ്യാപകർക്ക് കരുത്തായി തീരേണ്ടത്. വിവിധ വിഷയങ്ങളിൽ ആർജിച്ച വിജ്ഞാനം മേല്പറഞ്ഞ അറിവിന്റെ പിൻബലത്താൽ മാത്രമേ പ്രവർത്തനക്ഷമമാവുകയുള്ളൂ. ബോധനശാസ്ത്രപരമായ ധാരണകൾ ക്ലാസ്‌റൂം അനുഭവത്തിന്റെകൂടെ സഹായത്തോടെ നവീകരിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും ഇംഗ്ലീഷ് പുസ്തകത്തിൽ നിന്ന് പകർത്തിവച്ച സിദ്ധാന്തങ്ങൾ പലതരം ജീവിതാനുഭവങ്ങളിലൂടെ വാർത്തെടുക്കപ്പെട്ട വിഭിന്നരായ കുട്ടികളിൽ ഫലംകൊയ്തുവെന്നു വരില്ല. കുട്ടികളെ അറിയുകയും മറവുകളില്ലാതെ സ്വന്തം വ്യക്തിത്വം അവരുടെ മുമ്പിൽ തുറന്നുവയ്ക്കുകയും ചെയ്യുന്ന അധ്യാപകർക്ക് വിദ്യാർത്ഥികൾ നേരിടുന്ന സംഘർഷങ്ങൾ കാണാനും അവ പരിഹരിക്കാൻ അവരോട് കൈകോർക്കാനും കഴിയും. കുട്ടികളിലെ തെറ്റുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരുന്നതിനു പകരം അവ പരിഹരിക്കാൻ അവരോടൊപ്പം കൂട്ടുചേരുകയാണ് വേണ്ടത്. തങ്ങളെ ചോദ്യം ചെയ്യാനും വിമർശിക്കാനും കുട്ടികളെ അനുവദിക്കുന്ന അധ്യാപകർക്കുമാത്രമേ അവരെ വിമർശിക്കാൻ അവകാശമുള്ളൂ. ക്ലാസ്‌റൂം ജനാധിപത്യത്തിന്റെ പ്രാഥമിക തത്ത്വമാണിത്. ജനാധിപത്യം അഭംഗുരമായി നിലനിൽക്കുന്ന അന്തരീക്ഷത്തിൽ അർത്ഥവത്തായ പഠനം സാധ്യമാകുന്നു. ഇതിനെയാണ് അറിവുനിർമാണം എന്നെല്ലാം വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ സ്‌കൂളുകളിൽ ഹയർ സെക്കൻഡറി ഒഴികെയുള്ള വിഭാഗങ്ങളിലെ അധ്യാപകർ സ്ഥലംമാറ്റത്തിന് നിർബന്ധിതരായി വിധേയരാകേണ്ട ആവശ്യമില്ല. സ്വമേധയാ ആവശ്യപ്പെടുകയോ സർവീസിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് വിധേയരാവുകയോ ശിക്ഷാ നടപടികളിൽപ്പെടുകയോ ഡിവിഷൻ ഫാൾ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം എത്രകാലം വേണമെങ്കിലും അവർക്ക് ഇരിക്കുന്ന സ്‌കൂളുകളിൽ തുടരാം. ഇതുമൂലം കൈവരുന്ന ജഡാവസ്ഥ അധ്യാപകരെ മാരകമായ ഒരുതരം സ്വസ്ഥതയിലേക്ക് നയിക്കുന്നു. ഈ സ്വസ്ഥതയിൽ നിന്ന് പലരും മോചനം നേടുന്നതിന് ചിലർ സ്‌കൂൾ ബാഹ്യമായ അസ്വസ്ഥതകളെ സ്വാഗതം ചെയ്യുന്നു. അവർക്ക് സ്‌കൂൾ വിഷയങ്ങളിൽ ഒരുതരം നിർമമത ഉണ്ടാകുന്നു. കുട്ടികളെ അറിയാനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനുമുള്ള വൈമുഖ്യം മെരിറ്റിനെക്കുറിച്ചുള്ള വെളിപാടുകളിലാവും ചെന്നെത്തുന്നത്. നഗരങ്ങളിലെ സ്‌കൂളുകളിൽ, വിശേഷിച്ച് തിരുവനന്തപുരത്തെ സ്‌കൂളുകളിൽ ഈ അവസ്ഥ വളരെ ഗുരുതരമാണ്. അവിടങ്ങളിലെ അധ്യാപകർക്ക് വിദ്യാർത്ഥികളുടെ മനസ്സിൽ ഒഴികെ അധികാരത്തിന്റെ എല്ലാ സ്ഥാനങ്ങളിലും അപാരമായ സ്വാധീനം ഉണ്ടാവും. അധ്യാപകരുടെ പ്രവർത്തനമണ്ഡലത്തിലെ ചാലകത സംബന്ധിച്ച് നയപരമായ തീരുമാനം ഉണ്ടാകണം. സ്‌കൂൾ മേധാവികളെ നിശ്ചയിക്കുന്ന കാര്യത്തിൽ പിന്തുടർന്നുവരുന്ന നയം അക്കാദമികതാല്പര്യങ്ങൾക്ക് നിരക്കുന്നതല്ല. ശമ്പളം കൈപ്പറ്റിയ കാലയളവുമാത്രം കണക്കിലെടുത്തു നൽകുന്ന സ്ഥാനക്കയറ്റം ഒരു സംവിധാനത്തെ തന്നെ തകിടംമറിക്കുന്ന തരത്തിലുള്ളതാണ്. സ്‌കൂൾ ഭരണത്തിലുള്ള താല്പര്യം, മുൻകാല പ്രവർത്തനങ്ങൾ, നേതൃപാടവം തുടങ്ങിയവ പരിണിച്ച് ഒരു തിരഞ്ഞെടുപ്പു നടത്തുന്നത് അത്ര ശ്രമകരമല്ല. ഒരു സ്‌കൂളിന്റെ നേതൃസ്ഥാനത്ത് ഒരാളെ നിയോഗിക്കുന്നതിനു മുമ്പ് അയാൾക്ക് അവിടെ എത്രത്തോളം നന്നായി പ്രവർത്താക്കാനാകും എന്ന ആഭ്യന്തരവിലയിരുത്തലും നടത്താവുന്നതാണ്. റാഗിങ് നടന്നുവെന്ന് പറയപ്പെടുന്ന സ്‌കൂളിൽ സ്‌കൂൾ മേധാവിയുടെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്.
ചില സ്‌കൂളുകളിൽ ഉൾക്കൊള്ളാനാകാത്തവിധം കുട്ടികളുടെ ആധിക്യവും മറ്റുചില സ്‌കൂളുകളിൽ നിലനിന്നുപോകാൻ കഴിയാത്തവിധത്തിലുള്ള ദാരിദ്ര്യവും അനുഭവപ്പെടുന്നതു കാണാം. ചരിത്രത്തിന്റെ ഏതോ ഘട്ടത്തിൽ സുമനസ്സുകളായ ചില അധ്യാപകർ നടത്തിയ ശ്രേഷ്ഠമായ പ്രവർത്തനത്തിന്റെ ഫലമാണ് തലമുറകളായി സ്‌കൂളുകൾ അനുഭവിച്ചുവരുന്നത്.

സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനവാസത്തിന്റെ തോത് അനുസരിച്ചല്ല പലപ്പോഴും സ്‌കൂൾ പ്രവേശനത്തിനുള്ള തിരക്ക് അനുഭവപ്പെടുന്നത്. പ്രവേശനത്തിന്റെ കാര്യത്തിൽ അസഹനീയമായ തിരക്ക് നേരിടുന്ന ചില വിദ്യാലയങ്ങളെങ്കിലും അതിന് ആനുപാതികമായ ഗുണനിലവാരം പുലർത്തുന്നവയല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ ബോധ്യപ്പെടുന്നതാണ്. പരിസരത്തെ ട്യൂഷൻ സെന്ററിന്റെ പ്രശസ്തികൊണ്ട് ജനപ്രിയം നേടിയ സ്‌കൂളുകളും ഉണ്ട്. എല്ലാ കുട്ടികളും സ്‌കൂൾപഠനകാലം മുഴുവൻ അയൽപക്കവിദ്യാലയത്തിൽ പഠിച്ചുകൊള്ളണമെന്ന് വാദിക്കുന്നില്ല. എന്നാൽ സ്‌കൂൾ പ്രവേശനം സംബന്ധിച്ച് അക്കാദമികമായ ഫ്ലേവറും സാമൂഹികമായ കരുതലുമുള്ള ഒരു നയം വികസിപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. ഓരോ സ്‌കൂളിനും ഓരോ സ്‌പെഷ്യലൈസേഷൻ ഏരിയ നിശ്ചയിച്ചുകൊണ്ട് സ്‌കൂൾവിന്യാസം ചിട്ടപ്പെടുത്തിയാൽ നിലവിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ഒരു സ്‌കൂളിൽ നിയന്ത്രണാതീതമായി കുട്ടികൾ തിങ്ങിക്കൂടുന്ന അവസ്ഥ ഒഴിവായാൽത്തന്നെ സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ദൃഢമായിത്തീരും പൊതുജനങ്ങൾ വിദ്യാലയപരിസരത്തുകൂടെ യാത്രചെയ്യുന്നതുപോലും വിലക്കുന്ന ഉത്തരവുകൾ നമുക്ക് അങ്ങനെ ഒഴിവാക്കാം.

ആണും പെണ്ണും ചേർന്ന് ജീവിക്കുക എന്നതാണ് പ്രകൃതിനിയമം. അതിനെ ചോദ്യം ചെയ്യാൻ മനുഷ്യൻ നിർമിച്ച സ്ഥാപനങ്ങളാണ് സ്‌കൂളുകൾ. ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം സ്‌കൂളുകളിൽ പഠിപ്പിക്കുകയോ ഒരേ സ്‌കൂളിലെ ഭിന്ന ഡിവിഷനുകളിൽ പരസ്പരം ഇടകലരാത്തവിധം വേറിട്ടു പരിപാലിക്കുകയോ ചെയ്യുക എന്നതാണ് നമ്മുടെ നയം. ഇത് കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസികസംഘർഷം ചെറുതല്ല. ഭാവിയിൽ പലതരം കുറ്റകൃത്യങ്ങൾക്കു് ഈ അനുഭവം കാരണമാകുന്നതായും കാണാം. ഇക്കാര്യത്തിൽ അനുകൂല നിലപാടു പുലർത്തുന്നവർക്കുപോലും തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയാതെ പോകുന്നു. അതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വിദ്യാലയപ്രവേശനത്തിലെ വിതരണപരമായ അസമത്വമാണ്.

വിദ്യാഭ്യാസ നയം തീരുമാനിക്കുന്നതിലും സ്‌കൂൾ ഭരണം പോലുള്ള കാര്യങ്ങളിലും അക്കാദമികഘടകങ്ങൾ കേന്ദ്രസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മാനേജ്‌മെൻറ്​ തന്ത്രങ്ങളും മത്സരങ്ങളിൽ വിജയം നേടാനുള്ള പരിശീലനങ്ങളും രഹസ്യങ്ങൾ ചോരാതിരിക്കാനുള്ള സുരക്ഷ ശക്തിപ്പെടുത്തലുമെല്ലാമാണ് പ്രധാന അജണ്ടകളായി മാറിക്കൊണ്ടിരിക്കുന്നത്. കുറെ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ രാജ്യത്തെ വിദ്യാഭ്യാസപ്രശ്‌നങ്ങൾ എന്നിടത്തുവരെ കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. ഓരോ കുട്ടിയുടെയും സാധ്യതകൾ മുൻനിറുത്തിയുള്ള സമഗ്രവികാസം എന്നത് സമൂഹത്തിന്റെ വികാസം തന്നെയാണ്. അന്ധവിശ്വാസങ്ങളിൽനിന്ന് മുക്തമായ, സഹിഷ്ണുതയും സഹവർത്തിത്വവും പുലർത്തുന്ന, ഭൈമജീവിതത്തിന്റെ സുസ്ഥിതിക്കായി നിലകൊള്ളുന്ന തലമുറയ്ക്കു വേണ്ടിയാണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്. പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന് രാജ്യം ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായ പാഠ്യപദ്ധതിപരിഷ്‌കരണം പത്താം ക്ലാസിലെ പാഠം ഒമ്പതാം ക്ലാസിൽ ചേർക്കുന്ന മിനിമം പരിപാടിയും ഉടായിപ്പുസിദ്ധാന്തങ്ങൾകൊണ്ട് കലമ്പുന്ന ഒടിയൻ ഷോയും ചേർന്ന പതിവ് കോമ്പിനേഷൻ ആകാതിരിക്കാനുള്ള മുൻകരുതൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Comments