11 Mar 2022, 03:11 PM
എപ്പോള്‍ വേണമെങ്കിലും കടലെടുക്കാം എന്ന ഭയത്തില്‍, കടലിരമ്പത്തിന് കാതോര്‍ത്ത് ദിനരാത്രങ്ങള്‍ തള്ളിനീക്കേണ്ട ദുരവസ്ഥയിലാണ് കടല്‍തീരത്ത് താമസിക്കുന്ന മനുഷ്യര്‍. കേരളത്തിലെ കടലേറ്റം ഏറ്റവും രൂക്ഷമായ തീരപ്രദേശങ്ങളിലൊന്നായ എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ജീവിതം ഈ വിധം ദുസ്സഹമായിട്ട് വര്‍ഷങ്ങളേറെയായി. ഈ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം തേടി ഇവിടത്തെ ജനങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. പ്രതിഷേധങ്ങളും സങ്കടങ്ങളുമായി അവര്‍ അധികാരികളെ നിരന്തരം കണ്ടുകൊണ്ടിരുന്നു. ജീവനും ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചെല്ലാനത്തെ ജനങ്ങളുടെ പോരാട്ടം ഇന്ന് ഭാഗികമായെങ്കിലും വിജയത്തിന്റെ പാതയിലേയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണെന്ന് പറയാം.
ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള 21 കിലോമീറ്റര്‍ കടല്‍ത്തീരം മഴക്കാലമല്ലാത്തപ്പോഴും പ്രളയഭീഷണിയിലാണ്. ഓരോ വര്‍ഷം കഴിയുന്തോറും കടലേറ്റത്തിന്റെ തോത് ഉയരുകയാണെന്ന് തീരപ്രദേശത്തുള്ളവര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ലോകത്താകമാനം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍ ചെല്ലാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം ഇത് മാത്രമല്ല. കൊച്ചി തുറമുഖത്തെ കപ്പല്‍ചാലുകള്‍ക്ക് ആഴം കൂട്ടുന്നതാണ് ചെല്ലാനത്ത് കടല്‍ കയറാനുള്ള പ്രധാന കാരണം. ദുബായ് പോര്‍ട്സ് വേള്‍ഡിന്റെ വല്ലാര്‍പാടത്തെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിനുവേണ്ടി പോര്‍ട്ടില്‍ ആഴം കൂട്ടാനായി ഡ്രഡ്ജിങ് നടത്തിയതാണ് ചെല്ലാനം തീരത്തിന് വലിയ ഭീഷണിയായത്.
ഓഖിയും മഹാപ്രളയവും ടൗട്ടേ ചുഴലിക്കാറ്റും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാശം വിതച്ചപ്പോള്‍, കൊച്ചി തീരപ്രദേശത്ത് നൂറുകണക്കിന് വീടുകളാണ് വാസയോഗ്യമല്ലാതായത്. ദുരന്തങ്ങള്‍ക്ക് പിന്നാലെ ഭരണാധികാരികളുടെ വാഗ്ദാനങ്ങളുണ്ടാകുമെങ്കിലും തീരദേശജനതയുടെ ശാശ്വത സുരക്ഷയ്ക്കായുള്ള പദ്ധതികളൊന്നും നടപ്പായില്ല. തുടര്‍ന്നാണ് 2019 ഒക്ടോബറില്‍ ചെല്ലാനത്തെ സ്ത്രീകള്‍ സമരരംഗത്തിറങ്ങിയത്. മറിയാമ്മ ജോര്‍ജ് എന്ന 74 വയസ്സുകാരിയുടെ മുന്‍കൈയിലാണ് സമരം തുടങ്ങിയത്. പിന്നീട് അത് ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശത്തെ ജനങ്ങളുടെ സമരമായി. ചെല്ലാനം കൊച്ചി ജയകീയവേദി രൂപീകരിച്ച് സമരം വ്യാപിപ്പിച്ചു.
സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്‌പോട്ടുകളില്‍ തീവ്രമായ തീരശോഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണമാണ് ഈ പ്രദേശങ്ങളില്‍ നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആദ്യമായി നടത്തുന്നത് ചെല്ലാനം തീരത്താണ്. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ടുകളും നിര്‍മിക്കാനുള്ളതാണ് ചെല്ലാനം തീരസംരക്ഷണ പദ്ധതി. ആദ്യഘട്ടത്തില്‍ 7.5 കിലോമീറ്റര്‍ ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മിക്കുന്നത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. രാവും പകലുമായി അതിവേഗത്തിലാണ് നിര്‍മാണജോലികള്‍ നടക്കുന്നത്.
2021 ആഗസ്റ്റിലാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ 344.2 കോടി രൂപയുടെ ചെല്ലാനം തീര സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 254 കോടി രൂപയാണ് ഭിത്തി നിര്‍മാണത്തിനായി വിനിയോഗിക്കുന്നത്. പുലിമുട്ട് നിര്‍മാണത്തിനായി 90 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ചെല്ലാനം ഹാര്‍ബര്‍ ഭാഗത്താണ് നിലവില്‍ ടെട്രാപോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ജനുവരി 25-നാണ് പ്രദേശത്ത് ടെട്രാപോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഭാഗത്ത് ഒന്നേകാല്‍ ലക്ഷത്തോളം ടെട്രാപോഡുകള്‍ ആണ് നിര്‍മിക്കുന്നത്. 2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ടുതരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. അഞ്ചടി ഉയരത്തില്‍ കരിങ്കല്ല് പാകി, അതിന് മുകളിലാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. വലിയ കടല്‍ക്ഷോഭങ്ങളില്‍ പോലും കരയിലേയ്ക്ക് വെള്ളം കടന്നുവരുന്നത് തടയാന്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെല്ലാനം പഞ്ചായത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളും കടലേറ്റ ഭീഷണി നേരിടുന്നവയാണ്. 15000-ലേറെ ജനങ്ങളാണ് ഭീതിയോടെ ഇവിടെ കഴിയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കടല്‍ കയറിയ പല വീടുകളും ഇപ്പോഴും വാസയോഗ്യമാക്കിയെടുക്കാനായിട്ടില്ല. ഒട്ടേറെ പേര്‍ ഭയം കാരണം ചെല്ലാനത്തേയ്ക്ക് മടങ്ങിയെത്താതെ ബന്ധുവീടുകളിലും മറ്റും കഴിയുകയാണ്. ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതി ചെല്ലാനത്തെ സുരക്ഷ നല്‍കുമെന്നാണെങ്കില്‍ പോലും അടുത്ത മഴക്കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാകുമോയെന്ന് പറയാനാകില്ല. അങ്ങനെയെങ്കില്‍ അടുത്ത ഒരു മഴക്കാലം കൂടി തീരത്തെ ജനങ്ങള്‍ ദുരിതം അനുഭവിച്ചേ മതിയാകൂ.
തീരലംരക്ഷണ പദ്ധതിയുടെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും തീരദേശത്തെ ജനങ്ങള്‍ ആശങ്കയില്‍ തന്നെയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ണമായി നടപ്പായാല്‍ പോലും ചെല്ലാനം കൊച്ചി തീരദേശം മുഴുവനായി സംരക്ഷിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. ഏറ്റവുമധികം കടലേറ്റ ഭീഷണിയുള്ള ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ഉറപ്പുള്ള കടല്‍ഭിത്തി നിര്‍മിക്കുകയും നിശ്ചിത അകലത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുകയുമാണ് വേണ്ടതെന്നാണ് തീരദേശവാസികള്‍ പറയുന്നത്. തീരപ്രദേശത്തിന്റെ പൂര്‍ണ സുരക്ഷ ഉറപ്പാകുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ തീരുമാനം.
അധ്വാനിച്ചുണ്ടാക്കിയ വീടും ജനിച്ചുവളര്‍ന്ന മണ്ണും നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്ന ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ മറ്റൊന്നുമില്ലെന്നും വിജയം വരെ സമരം തുടരുമെന്ന് ചെല്ലാനത്തെ മനുഷ്യര്‍ ഉറക്കെപ്പറയുകയാണ്. അടുത്ത തലമുറയ്ക്കെങ്കിലും സമാധാനത്തോടെ ഇവിടെ ജീവിക്കാനാകാണം. അതിന് ഈ തീരം ഇവിടെയുണ്ടാകണം. അതുകൊണ്ട് ഈ പോരാട്ടം നിര്‍ത്താന്‍ ഇവര്‍ക്കാകില്ല.
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
കെ.വി. ദിവ്യശ്രീ
Jun 20, 2022
20 Minutes Read
Truecopy Webzine
Jun 20, 2022
8 minutes read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch