ഞങ്ങള്‍ കൊള്ളുന്ന അടി
അവര്‍ക്ക് വാര്‍ത്തയല്ല,
ഇടതുവിരുദ്ധതയാണ് മാധ്യമങ്ങളുടെ മാര്‍ക്കറ്റ്
ഞങ്ങള്‍ കൊള്ളുന്ന അടി അവര്‍ക്ക് വാര്‍ത്തയല്ല, ഇടതുവിരുദ്ധതയാണ് മാധ്യമങ്ങളുടെ മാര്‍ക്കറ്റ്
ലഹരിക്കെതിരെ നിരന്തര ക്യാംപയിനുകളും പരമ്പരകളും ചെയ്യുന്നവരാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഞാനടക്കമുള്ളവര്‍ ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതിനെ മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ പരിഗണിച്ചില്ല എന്നതിനെ മാധ്യമങ്ങളുടെ പൊതുവിലുള്ള ഇടതുവിരുദ്ധതയുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങള്‍ കാണുന്നത്.
6 Dec 2022, 03:15 PM
ഷഫീഖ് താമരശ്ശേരി : വയനാട്ടിലെ മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ വെച്ച് താങ്കളും സഹപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. അനേകം ആണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ഭീകരദൃശ്യങ്ങളായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ എന്താണ് അന്ന് അവിടെ വെച്ച് സംഭവിച്ചത്? ഇത്രമേല്‍ ഭീകരമായ അക്രമം അഴിച്ചുവിടാന്‍ അവരെ പ്രകോപിപ്പിച്ചതെന്തായിരുന്നു?
അപര്‍ണ ഗൗരി: സംസ്ഥാനവ്യാപകമായി പോളി ടെക്‌നിക് കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അത്. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ ഞാന്‍ സംഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതിന്റെ കൂടി ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് സഹപ്രവര്‍ത്തകരോടൊപ്പം മേപ്പാടി പോളി ടെക്‌നിക് കോളേജിലെത്തിയത്.
കുറച്ചുകാലങ്ങളായി ആ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെയുള്ള ‘ട്രാബിയൊക്' എന്ന പേരിലറിയപ്പെടുന്ന ലഹരി സംഘത്തിനെതിരെ എസ്.എഫ്.ഐ ശ്രമകരമായ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരിസ്വാധീനത്തിനെതിരെ സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ നടത്തുന്ന കാമ്പയിനുകളുടെ ഭാഗമാണിതെങ്കിലും സവിശേഷമായി ആ കോളേജിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടായിരുന്നു. വയനാട് പോലെ അങ്ങേയറ്റം പിന്നാക്കമായ പ്രദേശത്തെ തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും കര്‍ഷക തൊഴിലാളികളുമൊക്കെയായ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനമാണ് മേപ്പാടി പോളിടെക്‌നിക്. തങ്ങളുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി വളരേണ്ട വിദ്യാര്‍ത്ഥികളാണ് കോളേജില്‍ വെച്ച് ലഹരിസംഘങ്ങളുടെ ചൂഷണങ്ങളില്‍പെടുന്നത്. പല വിദ്യാര്‍ത്ഥികളുടെയും പഠനത്തെയും ഭാവിജീവിതത്തെയും ഇത് വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്നു എന്നുമാത്രമല്ല വലിയൊരു സാമൂഹ്യപ്രശ്‌നമായി ഇത് മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ കുടുംബത്തിലും സമൂഹത്തിലുമെല്ലാം ഇടപെടുന്നതും അങ്ങേയറ്റം മോശം രീതിയിലാണ്. ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താൻ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ക്രമിനല്‍ സ്വഭാവമുള്ള ജോലികള്‍ തെരഞ്ഞെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇത്തരം സാഹചര്യങ്ങളെയെല്ലാം മുന്നില്‍ കണ്ടാണ് ലഹരിക്കെതിരായ ശക്തമായ നീക്കം ഞങ്ങള്‍ നടത്തിയത്.
മേപ്പാടി കോളേജില്‍ നേരത്തെ ലഹരി സംഘത്തിനൊപ്പമുണ്ടായിരുന്ന, പിന്നീട് അപകടം തിരിച്ചറിഞ്ഞ് പുറത്തുവന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് എസ്.എഫ്.ഐ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. അതനുസരിച്ച് ശക്തമായ പ്രതിരോധ നീക്കങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പൊലീസില്‍ വിവരമറിയിച്ചു. അതുപ്രകാരം പലയിടങ്ങളിലും പരിശോധന നടക്കുകയും ലഹരി സ്രോതസ്സുകള്‍ക്ക് അത് ചില തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ‘ട്രാബിയൊക്' എന്ന ലഹരി സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കോളേജില്‍ പോകാന്‍ വരെ മടിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ സംരക്ഷണവും പിന്തുണയും നല്‍കി. ഇതെല്ലാം കാരണം അതിശക്തമായ പക ഈ സംഘങ്ങള്‍ക്ക് ഞങ്ങളോടുണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്ന അവര്‍ തെരഞ്ഞെടുപ്പ് ദിവസം കിട്ടിയ അവസരത്തെ മുതലെടുക്കുകയായിരുന്നു. അതിക്രൂരമായാണ് അവര്‍ ഞങ്ങളെ മര്‍ദിച്ചത്. പെണ്‍കുട്ടി എന്ന പരിഗണന പോലും എനിക്ക് ലഭിച്ചില്ല. പത്ത് മുപ്പതോളം വരുന്ന ആളുകള്‍ ഞങ്ങളെ തേനീച്ചക്കൂട് പോലെ പൊതിഞ്ഞ് മര്‍ദിക്കുകയായിരുന്നു. എന്നെ അവര്‍ ചുമരിനോട് ചേര്‍ത്തിനിര്‍ത്തി നെഞ്ചില്‍ ചവിട്ടുക വരെ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല. ദേഹമാസകലം ഇപ്പോഴും കടുത്ത വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്.
കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണയോടുകൂടിയാണ് ‘ട്രാബിയൊക്' എന്ന ലഹരി സംഘം താങ്കളെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിച്ചത് എന്ന ഗൗരവമായ ആരോപണം എസ്.എഫ്.ഐ നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. എന്താണ് ഈ ആരോപണത്തിന്റെ അടിസ്ഥാനം? ലഹരി സംഘങ്ങള്‍ക്ക് ഈ സംഘടനകള്‍ ഏതുവിധത്തിലുള്ള പിന്തുണയാണ് നല്‍കുന്നത്?
കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണ ഇത്തരം ലഹരി സംഘങ്ങള്‍ക്കുണ്ട് എന്നത് എസ്.എഫ്.ഐ ഉയര്‍ത്തുന്ന കേവലം ആരോപണമല്ല. അതിന് കൃത്യമായ തെളിവുണ്ട്. ഇപ്പോള്‍ ഞാനടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതും അവര്‍ക്ക് സഹായം ചെയ്യുന്നതും കല്‍പ്പറ്റ എം.എല്‍.എയായ ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരാണ്. സംഭവത്തിനുശേഷം നടന്ന പൊലീസ് റെയിഡില്‍ കെ.എസ്.യു - എം.എസ്.എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.

കാമ്പസുകളില്‍ എസ്.എഫ്.ഐയെ പ്രതിരോധിക്കാന്‍ രാഷ്ട്രീയമായി സാധിക്കാതാകുമ്പോള്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളെ കൂട്ടുപിടിക്കുകയാണ് കെ.എസ്.യുവും എം.എസ്.എഫും എ.ബി.വി.പിയുമെല്ലാം ചെയ്യുന്നത്. കേരളത്തിലെ കലാലയങ്ങളില്‍, വിവിധ സര്‍വകവകലാശാലകളില്‍ ഓരോ തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും എസ്.എഫ്.ഐ നേടുന്ന വന്‍ വിജയം മറ്റ് വിദ്യാര്‍ത്ഥി സംഘനകളെ വലിയ രീതിയില്‍ അസ്വസ്ഥപ്പെടുത്തുണ്ട്. ഇപ്പോള്‍ മിക്ക സര്‍വകലാശാലകളിലും എസ്.എഫ്.ഐ ഒരു ഭാഗത്തും മറ്റ് സംഘടനകളെല്ലാം ചേര്‍ന്ന് മഴവില്‍ മുന്നണി പോലെ എതിര്‍ഭാഗത്തും നിന്നാണ് മത്സരിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐയെ പരാജയപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ലഹരിസംഘങ്ങളെ ഉപയോഗിച്ച് കായികപ്രതിരോധം തീര്‍ക്കുക എന്ന സാധ്യത ഈ സംഘനകള്‍ തേടുന്നത്.
ഇത്തരം അരാഷ്ട്രീയ - അരാജക സംഘങ്ങള്‍ക്ക് കാമ്പസില്‍ വലിയ ഇടം കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിനെ ഗുരുതരമായ അപകടമായാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. പലവിധത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങളും ക്യാംപയിനുകളും നടത്തി സാമൂഹ്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുമ്പോള്‍ അതിനെ തടയിടാന്‍ അരാഷ്ട്രീയ - അരാജക കൂട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നത്. ഞങ്ങള്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ മാതൃഭൂമി ചാനലിന് നല്‍കിയ പ്രതികരണത്തില്‍ കെ.എസ്.യു യൂണിറ്റ് ഭാരവാഹി പരോക്ഷമായി ഈ ലഹരി സംഘത്തെ ന്യായീകരിക്കുകയായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
താങ്കള്‍ ആക്രമിക്കപ്പെട്ട ശേഷം എസ്.എഫ്.ഐ നേതൃത്വം ഏറ്റവും പ്രധാനമായി ഉന്നയിച്ച പ്രശ്‌നം മാധ്യമങ്ങള്‍ ഈ വിഷയം വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നതായിരുന്നു. എസ്.എഫ്.ഐക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകുന്നു എന്ന വിമര്‍ശനവും നേതൃത്വം ഉയര്‍ത്തിയിരുന്നു. മാധ്യമങ്ങള്‍ താങ്കളോട് അനീതി കാണിച്ചിട്ടുണ്ടോ?
വ്യക്തിപരമായി എന്നോട് അനീതി കാണിച്ചോ എന്നതല്ല വിഷയം. ഈ വിഷയത്തെ മാധ്യമങ്ങള്‍ ഏതുവിധത്തില്‍ പരിഗണിച്ചു എന്നതാണ്. നമുക്കറിയാം ലഹരിക്കെതിരെ നിരന്തര കാമ്പയിനുകളും പരമ്പരകളും ചെയ്യുന്നവരാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഞാനടക്കമുള്ളവര്‍ ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതിനെ മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ പരിണിച്ചില്ല എന്നതിനെ മാധ്യമങ്ങളുടെ പൊതുവിലുള്ള ഇടതുവിരുദ്ധതയുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങള്‍ കാണുന്നത്. എസ്.എഫ്.ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള എത്ര ചെറിയ സംഭവങ്ങള്‍ ഉണ്ടായാലും വലിയ ആവേശത്തോടെ ചര്‍ച്ചയ്‌ക്കെടുക്കുന്ന മാധ്യമങ്ങള്‍ ദിവസങ്ങളോളം ഈ വാര്‍ത്ത തമസ്‌കരിച്ചു. ഒടുവില്‍ നവമാധ്യമങ്ങളില്‍ മുഖ്യധാരാ മാധ്യമ സമീപനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായ ശേഷമാണ് പല മാധ്യമങ്ങളും ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത് എന്നാണ് ഞാന്‍ പിന്നീട് മനസ്സിലാക്കിയത്. ഇടതുവിരുദ്ധതയാണ് മാധ്യമങ്ങളുടെ മാര്‍ക്കറ്റ്. ഞങ്ങള്‍ കൊള്ളുന്ന അടി അവര്‍ക്ക് വാര്‍ത്തയാകണമെന്നില്ല.

ലഹരി സംഘങ്ങള്‍ക്ക് എങ്ങെനെയാണ് ഇത്രയധികം സ്വാധീനം കാമ്പസുകളില്‍ ലഭിക്കുന്നത്? ആരാണ് അവരെ വളര്‍ത്തുന്നത്? കാമ്പസിലെത്തുന്ന ലഹരിയുടെ സ്രോതസ്സുകള്‍ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചിരുന്നോ?
നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യത മൊത്തത്തില്‍ തന്ന നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോളേജ് വില്പന കേന്ദ്രമാക്കി മാറ്റിയാല്‍ ഒരു കേന്ദ്രീകൃത സ്ഥലത്ത് തന്നെ വലിയ പ്രയാസങ്ങള്‍ ഒന്നുമില്ലാതെ ധാരാളം ഉപയോക്താക്കളെ കിട്ടും എന്നതാണ് ലഹരിസംഘങ്ങള്‍ ഇത്തരത്തില്‍ കാമ്പസുകളെ ലക്ഷ്യം വെക്കുന്നതിന് പിന്നില്‍. വിദ്യാര്‍ത്ഥികളെയും അവരുടെ ബന്ധങ്ങളെയും ഉപയോഗിച്ച് കൊണ്ട് വലിയ ലാഭത്തില്‍ വില്‍ക്കാനും, ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും സാധിക്കും. ഒരു ചെയിന്‍ പോലെ പുതിയ ആളുകള്‍ അതിലേക്ക് ചേര്‍ന്ന് കൊണ്ടിരിക്കും. ഇതാണ് സംഭവിക്കുന്നത്.
മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏതാനും പ്രതികളെ പൊലീസ് ഇതിനകം പിടികൂടിയിട്ടുമുണ്ട്. മറ്റ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനയാണ്.
കാമ്പസില്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ലക്ഷ്യം ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ക്ക് എത്രത്തോളം ക്രിയാത്മകമായി ഏറ്റെടുക്കാനാകുന്നുണ്ട്. ഈ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോകുന്നതുകൊണ്ടാണ് ഇത്തരം സാമൂഹിക വിരുദ്ധ ശക്തികള്‍ക്ക് കാമ്പസില്‍ പിടിമുറുക്കാന്‍ സാധിക്കുന്നത് എന്ന വിമര്‍ശനം എത്രത്തോളം ശരിയാണ്?

കാമ്പസുകളെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് എസ്.എഫ്.ഐ ഒരിക്കലും പിറകോട്ട് പോയിട്ടില്ല. എസ്.എഫ്.ഐയുടെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളില്‍ ഒന്ന് തന്നെയാണ് വിദ്യാര്‍ത്ഥികളില്‍ കൃത്യമായ രാഷ്ട്രീയബോധ്യം സൃഷ്ടിക്കുക എന്നത്. ദേശീയ - അന്തര്‍ദേശീയ വിഷയങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ഞങ്ങള്‍ നിരന്തരം ശ്രമിക്കാറുണ്ട്. അതേസമയം സമൂഹത്തില്‍ മൊത്തത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയത കാമ്പസുകളെയും ബാധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വളര്‍ന്നുവരുന്ന കരിയറിസവും സ്വകാര്യവല്‍ക്കരണവുമായി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബന്ധമുണ്ടോ?
തീര്‍ച്ചയായും ബന്ധമുണ്ട്. പഠിച്ച് ജോലി വാങ്ങുക എന്നതിനപ്പുറത്തേക്ക് മറ്റൊന്നും വിദ്യാഭ്യാസ കാലയളവില്‍ ചെയ്യാനില്ല എന്ന ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് ഭൂരിപക്ഷ സമൂഹം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുസമൂഹത്തെ പറ്റി, രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ചിന്തിക്കുവാനുള്ള അവസരങ്ങളെല്ലാം തന്നെ ഇല്ലാതാക്കുകയാണ്. സര്‍ക്കാര്‍ കോളേജുകള്‍ കുറേയൊക്കെ ഭേദമാണെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള കോളേജുകളിലെ ആഭ്യന്തര സാഹചര്യങ്ങള്‍ അങ്ങേയറ്റം പരിതാപകരമാണ്.
എസ്.എഫ്.ഐ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട്
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read