കേരളത്തിലെ
മുസ്‌ലിംകള്‍ ആര്‍ക്ക്
വോട്ടുചെയ്യും?
കേരളത്തിലെ മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ടുചെയ്യും?
15 Mar 2021, 04:04 PM
സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അഭൂതപൂര്‍വമായ ഒരു ഘട്ടമാണിതെന്നും അതിജീവനവുമായി ബന്ധപ്പെട്ട ആശങ്കകളും ഭയവും മാത്രമായിരിക്കും മുസ്‌ലിംകള്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്നത് നിശ്ചയിക്കുന്ന ഏകഘടകമെന്നും സാംസ്കാരിക വിമർശനകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്.
ഒരു പൗരസഞ്ചയം എന്ന സ്വത്വത്തില്‍ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂര്‍ണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 16ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.
Also Read: അങ്കമാലി: റോജി- തെറ്റയില്‍; ഒരു പ്രതിച്ഛായാ യുദ്ധം
ഈ അവസ്ഥയോടുള്ള അവരുടെ പ്രതികരണം തീര്‍ച്ചയായും ഏകശിലാരൂപത്തിലാവില്ല. മുസ്‌ലിം വ്യക്തികളും സംഘടനകളുമൊക്കെ അവരവരുടെ വിലയിരുത്തലിനനുസരിച്ച് വ്യത്യസ്ത തീരുമാനങ്ങളെടുക്കും. പക്ഷെ അതിജീവനത്തിന്റെ ഉല്‍ക്കണ്ഠകളായിരിക്കും ആ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്.
ഭൂരിപക്ഷ പ്രീണനത്തിന്റെ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ ഇരുമുന്നണികളും മത്സരബുദ്ധിയോടെ നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതിന്റെ കാപട്യത്തെ പരിഹസിച്ച് പച്ചയായ വര്‍ഗീയതയുമായി ബി.ജെ.പി മറുഭാഗത്തും. മുസ്‌ലിം- ക്രിസ്ത്യന്‍ വൈരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടി ശക്തിപ്പെട്ടതോടെ തികച്ചും കലുഷമായ ഒരവസ്ഥയാണ് കേരളത്തിലിന്നുള്ളതെന്ന് ലേഖനത്തിൽ പറയുന്നു.
മുസ്‌ലിം നിയമസഭാ പ്രാതിനിധ്യം ഏറെക്കുറെ മോശമല്ലാത്ത രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ലീഗിനായിരിക്കും ഇപ്രാവശ്യവും പ്രധാന പങ്ക്. മുസ്‌ലിം ശാക്തീകരണത്തിന്റെ ഒരേയൊരു മാതൃകയായി കേരളം തുടരുന്നതില്‍ മുസ്‌ലിംലീഗിന് വലിയ പങ്കുണ്ട്. ഏകദേശം ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ഇന്നത്തെ സാഹചര്യത്തില്‍ മറ്റു കക്ഷികളില്‍ നിന്ന് വിജയിച്ചു വരുന്ന മുസ്‌ലിംകളുടെ എണ്ണം ഇത്തവണ പ്രായേണ കുറവായിരിക്കുമെന്നതാണ്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ലീഗ് എം.എല്‍.എമാരുടെ എണ്ണം ശാക്തീകരണത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ പ്രധാനമായിരിക്കും.
അതേസമയം, തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒരവസ്ഥയിലാണ് ലീഗ് ഇന്നുള്ളത്. തങ്ങള്‍ക്ക് ലഭിച്ച രാജ്യസഭാസീറ്റില്‍ പി.വി. അബ്ദുല്‍ വഹാബിനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അധികാരവാഞ്ഛയും പണാധിപത്യവും ലക്ഷ്യബോധമില്ലായ്മയും എല്ലാം പ്രതിഫലിക്കുന്ന ഒരു തീരുമാനമാണിത്.
ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ ചെറുസംഘങ്ങള്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത്ര പ്രധാനമല്ല. ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ മൂല്യമാപിനി ഉപേക്ഷിച്ച് യു.ഡി.എഫിനൊപ്പമാണ്. ചുരുക്കത്തില്‍ വൈവിധ്യമാര്‍ന്ന രാഷ്ട്രീയ നിലപാടുകളാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷമാണ് പ്രതിരോധം തീര്‍ക്കുന്നത് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളുണ്ട്. അതല്ല കോണ്‍ഗ്രസ് തകര്‍ന്നുകൂടെന്നും യു.ഡി.എഫ് നിലനില്‍ക്കണമെന്നും ദേശീയതലത്തില്‍ അതാണ് ഗുണകരമെന്നും വിചാരിക്കുന്നവരുമുണ്ട്. മുസ്‌ലിം രാഷ്ട്രീയത ഏകമുഖമല്ല, അതിന്റെ മര്‍മബിന്ദു ബി.ജെ.പിയോടുള്ള ആശങ്കകളാണ്.
കേരളത്തിന്റെ ഡെമോഗ്രാഫിയില്‍ ന്യൂനപക്ഷങ്ങള്‍ ഏകദേശം ജനസംഖ്യയുടെ പകുതിയാണ്. അതും നിര്‍ണായകമായ ഒരു ഘടകമാണ്. അതുകൊണ്ടാണ് ക്രിസ്ത്യന്‍- മുസ്‌ലിം ശത്രുത ശക്തിപ്പെടുത്താന്‍ സംഘ്പരിവാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. സാധ്യതകളില്‍ ഏതു നടന്നാലും ഒരു കാര്യം ഉറപ്പാണ്. ഇതിലെല്ലാം ഇരസ്ഥാനത്ത് ഉണ്ടാവുക മുസ്‌ലിംകളാണ്. സംഘ് പരിവാരത്തിന്റെ വൈരം ഒരു ഭാഗത്ത്. അവരെ രാഷ്ട്രീയമായി എതിരിടുന്നവരുടെ മാനിപ്പുലേഷന്‍ മറുഭാഗത്ത്. മുസ്‌ലിം രാഷ്ട്രീയത അതുകൊണ്ടുതന്നെ ഒരു ദശാസന്ധിയിലാണ്. അതിനെ നേരിടാനുള്ള കാര്യപ്രാപ്തിയുള്ള രാഷ്ട്രീയ- മത- സമുദായ നേതൃത്വം നിര്‍ഭാഗ്യവശാല്‍ കേരള മുസ്‌ലിംകള്‍ക്കില്ല. പക്ഷെ ശരാശരി മലയാളി മുസ്‌ലിമിന് തങ്ങളുടെ നേതാക്കളെക്കാള്‍ സാമാന്യബുദ്ധിയുണ്ട്. വിവേകവും- ഷാജഹാൻ എഴുതുന്നു.
ലേഖനം പൂര്‍ണരൂപത്തില്‍ വായിക്കാം, കേൾക്കാം വെബ്സീനിൽ

Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
Think
Apr 02, 2021
2 Minutes Read