ശംഭുദാസ്; നക്‌സലൈറ്റ് സഹഭാവത്തിന്റെ മുറിയാത്ത കണ്ണി

ശംഭുവിനെ പോലുള്ളവർ വിട്ടു പോകുമ്പോൾ ഒരു കാലഘട്ടത്തിന്റെ ജീവനുള്ള ഓർമകൾ വെറും ഓർമകളായി മാറുകയാണ്. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി വിട്ടു പോകുന്നതു കൊണ്ടായിരിക്കണം, ഒരുതരം നിസ്സംഗ ഭാവത്തിൽ ഇന്നെനിക്ക് ഇതിനെ നേരിടാനാവുന്നുണ്ട്- അന്തരിച്ച നക്​സലൈറ്റ്​ പ്രവർത്തകൻ ശംഭുദാസിനെ ആത്​മസുഹൃത്തായ എം.എം.​ സോമശേഖരൻ ഓർക്കുന്നു

ശംഭുദാസ് ഓർമയായെന്ന വിവരം അറിഞ്ഞപ്പോൾ മനസ്സിലെ ആദ്യ ചിന്ത, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഓരോരുത്തരായി ഓർമകളായി മറയുകയാണല്ലോ എന്നായിരുന്നു.
അടിയന്തരാവസ്ഥ കാലത്താണ് ഞാൻ ശംഭുദാസിനെ പരിചയപ്പെടുന്നത്. ശംഭുദാസ് മാത്രമല്ല, മായനാട് അന്ന് ഒരു വലിയ ഗ്രൂപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. മടപ്പള്ളി കോളേജിൽ എന്റെ കൂടെ പഠിച്ചിരുന്ന, ഞങ്ങളുടെ സജീവ പ്രവർത്തകനായിരുന്ന വാസു മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലമായിരുന്നു അത്. വാസുവാണ് മായനാട്ടുള്ള ശംഭുദാസ് അടക്കമുള്ള ആളുകളുമായി ബന്ധപ്പെടുന്നത്. കോഴിക്കോട്ട് കോങ്ങാട് കേസിൽ പ്രതിയായിരുന്ന ചന്ദ്രന്റെ മകൻ ദിവാകരൻ വഴിയാണ് ഈ ബന്ധം ഉണ്ടായതെന്നാണ് എന്റെ ഓർമ. ശംഭുദാസ് അതിന് മുമ്പേ യുക്തിവാദി സംഘടനയായിരുന്ന ആർ.വൈ.എഫും നാസ്തികൻ പ്രവർത്തനവുമൊക്കെയായി നാട്ടിൽ സജീവമായിരുന്നു, ഒപ്പം വായനശാലാ പ്രവർത്തനങ്ങളും.

പൊതുവിൽ നാസ്തികൻ പ്രവർത്തകർക്കിടയിൽ പലരിലും ഉണ്ടായിരുന്നതു പോലെ ശംഭുദാസ് അടക്കമുള്ള ആ ഗ്രൂപ്പും, അന്ന് സ്വയം ഒരു നക്‌സലേറ്റ് അനുഭാവ നിലപാടുകളിലേക്ക് എത്തിയിരുന്നു. അങ്ങനെയാണ് ഞങ്ങളുമായി അവർ ബന്ധപ്പെടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാസുവും, ഓർമയായ സലീം കുമാറും താമസിച്ചിരുന്നത് നാലാം ബ്ലോക്കിലുള്ള ഹോസ്റ്റൽ മുറിയിലാണ്. ഈ ഹോസ്റ്റൽ മുറിയിൽ നിന്ന് ഇറങ്ങി നടന്നാൽ ഒരു പത്തു മിനുട്ട് ദൂരത്താണ് മായനാടുള്ള ശംഭുദാസിന്റെ വീട്.

കെ. വേണുവും, ദാമോദരൻ മാഷും ഞാനും ഒക്കെ വാസുവിന്റെ കൂടെ പലതവണ കമ്മിറ്റി കൂടാനും മറ്റു കാര്യങ്ങൾക്കുമായി അവിടെ പോയതെനിക്ക് ഓർമയുണ്ട്. ശംഭുദാസിനെ കൂടാതെ പിന്നീട് മിസാ തടവുകാരായ മായനാട് വിജയൻ, ബേബി എന്ന് വിളിപ്പേരുള്ള ജയരാജൻ, മോഹനൻ എന്നിവരെല്ലാം അവിടെയുണ്ടായിരുന്നു. പിന്നീട് കക്കയം ക്യാമ്പിൽ പൊലീസ് പീഡനത്തിനിരയായ ശംഭുദാസിനെയും ബാലകൃഷ്ണനേയും കായണ്ണ പൊലീസ് സ്റ്റേഷനാക്രമണ കേസിലെ സാക്ഷികളായി രേഖപ്പെടുത്തുകയായിരുന്നു പൊലീസ്​. സാക്ഷികളായി പൊലീസ് റെക്കോർഡിൽ വന്നെന്നല്ലാതെ, ഞങ്ങളുടെ പ്രവർത്തകരാരും പിന്നീട് കോടതിയിൽ സാക്ഷി പറയാനുണ്ടായിരുന്നില്ല. അങ്ങനെ പറയാനെത്തിയ അപൂർവ്വം പേരു തന്നെ യഥാർത്ഥത്തിൽ പൊലീസിനെതിരായ വലിയ സാക്ഷിമൊഴികളാണ് നൽകിയത്.

ശംഭുദാസുമൊത്ത് അടിയന്തരാവസ്ഥയുടെ മറ്റൊരു മറക്കാനാവാത്ത ഓർമയുണ്ട്. മുഴുവൻ സമയ പ്രവർത്തകനായതിനു ശേഷം വാസു ഒളിവിൽ പോയതോടെ, മെഡിക്കൽ കോളേജ് ഒരു സുരക്ഷിതസ്ഥാനമല്ലാതായി മാറിയെങ്കിലും, വളരെ അപൂർവ്വമായി സലീമിന്റെ മുറിയിൽ ഞാൻ പോയിരുന്നു. നേരത്തെ പരസ്പരം അറിയാമായിരുന്നെങ്കിലും, സലീമിന്റെ മുറിയിൽ വെച്ചാണ് ടി.കെ. രാമചന്ദ്രനെ ഞാൻ നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് ആ മുറിയിൽ ചെന്ന സന്ദർഭത്തിലാണ് സലീമിനെ അറസ്റ്റു ചെയ്യാൻ അവിടെ പൊലീസ് വരുന്നത്. ഒരുച്ച കഴിഞ്ഞ സമയമായിരുന്നു അത്. പൊലീസ് സലീമിനെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതോടൊപ്പം സംശയാസ്പദകമായി മുറിയിൽ കണ്ട എന്നെയും കൂടെ കൂട്ടി. അടുത്ത ദിവസങ്ങളിൽ വേണുവും ഞാനും ദാമോദരൻ മാഷും ഒക്കെ കാണും എന്ന വിവരം എന്റെ മനസ്സിലുണ്ടെന്നിരിക്കെ, ആ അറസ്റ്റ് എന്നെ ഭയപ്പെടുത്തി. എന്തെങ്കിലും കാരണവശാൽ പൊലീസ് പീഡനത്തിന്റെ ഭാഗമായി ഇക്കാര്യം വെളിപ്പെട്ടു പോയാലത് സംഘടനയെ തന്നെ തകർക്കുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു.

ശംഭുദാസും സുഹൃത്തുക്കളും ജോയ്​ മാത്യുവിനൊപ്പം

അതു കൊണ്ടു തന്നെ കിട്ടിയ ആദ്യ സന്ദർഭത്തിൽ ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മായനാട് തൊട്ടടുത്ത പ്രദേശത്തു കൂടെയാണ് ഞാനോടുന്നത്. ഞാൻ ഓടിയെന്നു മാത്രമല്ല, എനിക്കു പിന്നാലെ, ഞാൻ ഒരു ചെയിൻ പൊട്ടിച്ച് ഓടുകയാണെന്ന് എന്ന് വിളിച്ചു പറഞ്ഞ് പൊലീസ് ഓഫീസറും ആളുകളും ഓടുന്നുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളൊക്കെ മാറ്റി വെച്ചാൽ, ഞാൻ രക്ഷപ്പെട്ട് ഒടുവിൽ അന്ന് സന്ധ്യയോടടുത്ത് ആർ.ഇ.സിയിലെത്തി. ഒരിക്കലും നല്ലൊരു ഓട്ടക്കാരനല്ലാതിരുന്നിട്ടും രക്ഷപ്പെടാൻ കഴിഞ്ഞത്, അസാധാരണമായ സാഹചര്യം മനുഷ്യർക്ക് അസാധാരണമായ ശേഷി തരും എന്ന ഒരനുഭവബോധ്യം നൽകി. ചാലിയുടെ മുറി പോലും സുരക്ഷിതമല്ലാത്ത സ്ഥിതിക്ക്, ഞാനന്ന്​ ആർ.ഇ.സിയിലെ കുറച്ച് അനുഭാവികളുടെ കൂടെ താമസിക്കുകയും അടുത്ത ദിവസം ആർ.ഇ.സിക്കടുത്തു തന്നെ ഞങ്ങൾ വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന മുറിയിലേക്ക് മാറുകയും ചെയ്തു.

എന്നാൽ അന്നു തന്നെ ആർ.ഇ.സിയുമായി രാഷ്ട്രീയമായോ സംഘടനാപരമായോ പ്രത്യേകിച്ച് നേരിട്ട് ബന്ധമൊന്നുമില്ലാതിരുന്ന ശംഭുദാസ് എങ്ങനെയൊക്കെയോ അന്വേഷിച്ച് തേടിപ്പിടിച്ച് എന്നെക്കാണാൻ അവിടെ എത്തി. ശംഭുദാസ് അപ്പോഴേക്കും വിവരങ്ങളെല്ലാം അറിഞ്ഞിരുന്നു. എന്റെ പുറകെ ഓടിയ പൊലീസുകാരിൽ ഏറ്റവും മുന്നിലെത്തിയ കൂട്ടത്തിൽ മായനാടുള്ള ഒരു വിമുക്തഭടനും ഉണ്ടായിരുന്നു. വളരെ ദൂരം ഓടിക്കഴിഞ്ഞതിന് ശേഷമാണ് പൊലീസുകാരൻ അയാളോട് ഒരു വിശ്വാസത്തിൽ പറയുന്നത്, ‘ഓടിയത് കള്ളനൊന്നുമല്ല, ഒരു നക്‌സലൈറ്റാണെന്ന്.' ശംഭുദാസിന്റെ സുഹൃദ് വലയത്തിൽ പെട്ടിരുന്ന അദ്ദേഹം ആകെ വിഷമിക്കുകയും എങ്ങനെയൊക്കെയോ പൊലീസുകാരനെയും​ കൊണ്ട്​ വഴിതിരിച്ച് മടങ്ങിപ്പോരുകയുമായിരുന്നു.

ശംഭുദാസ്​, ഭാര്യ പുഷ്​പ

ചെന്ന ഉടനെ ശംഭുവിനെ അയാൾ വിവരമറിയിക്കുകയും ചെയ്തു. ആ അറിവിന്മേലാണ് ശംഭുദാസ് എന്റടുത്തെത്തുന്നത്. ഞാനന്ന് ഓടുന്നത് പല വീടുകളുടേയും അടുക്കളഭാഗത്തു കൂടെയാണ്. സ്ത്രീകളൊക്കെ ബഹളം വെക്കുകയും എന്നോടെന്തല്ലാമോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആരുമെന്നെ തടഞ്ഞില്ല, അതെന്നെ അത്ഭുതപ്പെടുത്തി. അതെന്തു കൊണ്ടാണെന്ന് ശംഭുവാണ് പിറ്റെ ദിവസം എന്നോടു പറയുന്നത്.

എന്നോടു രൂപസാദൃശ്യമുള്ള അവർക്കറിയാവുന്നൊരാൾ ആ പ്രദേശത്തുണ്ടായിരുന്നു. ഓടുന്നതിനിടയിൽ അയാളാണ് ഞാനെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. ഓടിയത് ഞാനാണ് എന്നും, ഞാൻ രക്ഷപ്പെട്ടു എന്നും ശംഭുവിന് എങ്ങനെയൊക്കെയോ മനസ്സിലാക്കാനായി. പിന്നീട് അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷം ഞങ്ങളൊക്കെ ജയിലിലായിരുന്ന സമയത്താണ് പ്രേരണ പുറത്തിറങ്ങുന്നത്. പ്രേരണ പുറത്തിറങ്ങുന്നതിന് നാസ്തികന്റെ ഓഫീസായിരുന്ന വാഞ്ചി ലോഡ്ജും, നാസ്തികന്റെ ചില പ്രവർത്തകരുമൊക്കെ സജീവമായി സഹകരിക്കുന്നുണ്ട്. പിന്നീട് ഞങ്ങൾ പ്രേരണ മുഹമ്മദെന്ന് പറയുന്ന നാസ്തികന്റെ പ്രവർത്തകനായിരുന്ന മുഹമ്മദ് ശംഭുദാസിന്റെ സഹായം തേടുകയും, ശംഭുദാസ് പ്രേരണയുടെ തുടക്കത്തിൽ സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എന്റെ അറിവ്. തുടർന്നുള്ള കാലത്ത് എന്തായാലും ശംഭു പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ ഒന്നും സജീവമായി ഏർപ്പെട്ടിരുന്നില്ല. പക്ഷെ അപ്പോഴും, ഈ വയസ്സു കാലം വരേക്കും അക്കാലത്തെ ഞങ്ങൾ പ്രവർത്തകർക്കിടയിൽ വല്ലാത്ത വൈകാരിക കൂട്ടായ്മ, നക്‌സലൈറ്റ് കൂട്ടായ്മ കോഴിക്കോട്ട് നിലനിന്ന് പോന്നിട്ടുണ്ട്. ഒരിക്കലും ഈ സൗഹൃദവലയത്തിൽ നിന്ന് ശംഭുദാസ് അകന്നു പോയിട്ടുമില്ല.

ശംഭുദാസ്​, സതീഷ് കുമാർ

പിന്നീടൊരിക്കൽ മെഡിക്കൽ കോളേജിൽ വെച്ച് എന്നെ കണ്ട ശംഭു, ഒരൽപം ബലമായിത്തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഒരു പെട്ടിക്കടയിൽ കൊണ്ടു പോയി (പണ്ട് ഞാൻ ഓടിയപ്പോയ സ്ഥലത്തുള്ള) ചായ വാങ്ങിക്കുകയും, ഇയാളാരാണെന്ന് അറിയാമോന്നൊക്കെ ചോദിച്ച് ഒരു സീൻ ഉണ്ടാക്കുകയും ചെയ്തു. അപ്പോഴാണ് സത്യത്തിൽ എനിക്കു മനസ്സിലായത്, ഞാൻ ഓടിയത് ആ ഭാഗത്ത് ഒരു വലിയ കഥയായി ദീർഘകാലം പ്രചരിച്ചിരുന്നു എന്നത്. ശംഭുവന്നുണ്ടാക്കിയ രംഗം എനിക്കൊട്ടും സന്തോഷകരമായി തോന്നിയില്ലെങ്കിലും അയാളെന്നോട് കാണിച്ച സ്‌നേഹവും പരിഗണനയും എന്നെ വല്ലാതെ സ്പർശിച്ചു.

ശംഭുദാസും അമ്മയും, പഴയ ചിത്രം

പിന്നീട്, ഞാൻ കോഴിക്കോടിന് പുറത്തേക്ക് എന്റെ രാഷ്ട്രീയ പ്രവർത്തനം മാറ്റിയതിനു ശേഷം വളരെ അപൂർവമായി മാത്രമേ ഇവരെയൊക്കെ കണ്ടു മുട്ടിയിരുന്നുള്ളു. മൊബൈൽ വ്യാപകമായ സന്ദർഭത്തിൽ ശംഭു എന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കുകയും ചെയ്യുമായിരുന്നു. മറ്റൊരു സന്ദർഭത്തിൽ കോഴിക്കോട്ടെ ഒരു നാടക ഉത്സവം കാണാൻ ഒറ്റയ്‌ക്കെത്തിയ എന്നെ കണ്ട് ഓടിവന്ന്, എന്റെ കൂടെ നാടകം കാണാനിരുന്ന ശംഭുവിനെ എനിക്കോർമയുണ്ട്. ശംഭു മാത്രമല്ല, മെഡിക്കൽ കോളേജിലെ കാർഡിയാക്ക് സർജൻ ആയിരുന്ന കുര്യാക്കോസും അന്ന് ശംഭുവിനൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് നാടകം കണ്ടത്. ഞാനെന്റെ പഴയ വീട് പൊളിച്ച് പുതിയൊരു വീടുണ്ടാക്കുന്ന ആലോചിക്കുന്ന സമയത്ത്, ശംഭു അതറിയുകയും വീട്ടിൽ സ്വന്തം ചെലവിൽ കാറെടുത്ത് വന്ന് എനിക്കൊരു പ്ലാൻ വരച്ചു തന്ന് പോവുകയും ചെയ്തു.

ഒരുമിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഇല്ലാതായതിനുശേഷവും ഒരിക്കലും വിട്ടു പോകാനാകാത്ത ഒരു വൈകാരിക കൂട്ടായ്മ, ഒരു നക്‌സലൈറ്റ് സഹഭാവം ഞങ്ങൾക്കിടയിൽ ഈ വാർധക്യ കാലത്തും നിലനിന്നു പോയിട്ടുണ്ട്. പിന്നീട് ഞാൻ മനസ്സിലാക്കിയത് കക്കയത്ത് രാജന്റെ സ്മാരക സ്തൂപം ഉണ്ടാക്കുന്നതിന് ശംഭുവാണ് മുന്നിട്ടിറങ്ങിയതെന്നാണ്. ശംഭു അന്ന് പാർട്ടി പ്രവർത്തകനൊന്നുമല്ല. ശംഭുവിനെ പോലുള്ളവർ വിട്ടു പോകുമ്പോൾ ഒരു കാലഘട്ടത്തിന്റെ ജീവനുള്ള ഓർമകൾ വെറും ഓർമകളായി മാറുകയാണ്. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി വിട്ടു പോകുന്നതു കൊണ്ടായിരിക്കണം, ഒരുതരം നിസ്സംഗ ഭാവത്തിൽ ഇന്നെനിക്ക് ഇതിനെ നേരിടാൻ ആവുന്നുണ്ട്.


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. നക്​സലൈറ്റ്​ ആക്ഷനുകളിൽ ഒന്നായ കായണ്ണ പൊലീസ്​ സ്​റ്റേഷൻ ആക്രമണത്തിലെ പങ്കാളി. തടവുശിക്ഷ അനുഭവിക്കുകയും അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയാകുകയും​ ചെയ്​തു. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments