കോവിഡ്​ പരീക്ഷ കഴിഞ്ഞില്ല, അതിനിടയിലും വിദ്യാർഥികൾക്ക്​ എന്തിന്​ ഈ പരീക്ഷണം?

പ്ലസ്​ വൺ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട്​ സെപ്റ്റംബർ 17ന് ഒരു പക്ഷെ സുപ്രീം കോടതി വിധി കേരള സർക്കാരിന് അനുകൂലമായി വന്നേക്കാം. പരീക്ഷ നടത്താനുള്ള അനുമതിയും നേടിയേക്കാം. അങ്ങനെ അനുമതി നേടിയാലും ഇനിയും ഒരു രണ്ടോ മൂന്നോ ആഴ്ചകൾ എടുക്കും പരീക്ഷ കഴിയാൻ. അതായത് കഷ്ടിച്ച് നാലോ അഞ്ചോ മാസങ്ങളെ ഈ വിദ്യാർത്ഥികൾക്ക് പരീക്ഷ കഴിഞ്ഞു പ്ലസ് ടു ക്ലാസുകൾക്കായി കിട്ടുകയുള്ളുവെന്നു സാരം. അതിലുപരി ഈ സാഹചര്യം ഉയർത്തിവിടുന്ന ചില ചോദ്യങ്ങൾ നമ്മൾ അഭിമുഖീകരിച്ചേ മതിയാവൂ.

കോവിഡ് കാലം ഒരുപാട് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസ രംഗത്ത് കോവിഡ് ഉണ്ടാക്കിയ മാറ്റങ്ങളും പരീക്ഷണങ്ങളും. 2020 മാർച്ചിൽ സ്‌കൂൾ അടച്ചിടുമ്പോൾ അതൊരു പുതിയ അനുഭവമായിരുന്നു. അപ്പോഴും ഇനി വരുന്ന കാലത്തെക്കുറിച്ച് കാര്യമായ ആശങ്ക ഉണ്ടായിരുന്നില്ല എന്നുപറയാം. അതുവരെ കേട്ടു കേൾവിയില്ലാത്ത ലോക്ക്ഡൗൺ എന്ന പൂർണ അടച്ചിടലിലേക്ക് ലോകം മുഴുവൻ നീങ്ങിയപ്പോഴാണ് കോവിഡിന്റെ ഗൗരവം നമ്മൾ മനസിലാക്കി തുടങ്ങിയത്. അന്ന് തുടങ്ങിയ അടച്ചിടൽ ഭാഗികമായി തുറന്നും അടച്ചും ഇന്ന് 2021ലും തുടരുന്നു എന്നതാണ് യാഥാർഥ്യം. ഇത്രയും പ്രതികൂലമായ ഒരു സാഹചര്യത്തെ നമുക്ക് എങ്ങനെ അല്ലെങ്കിൽ ഏതൊക്കെ തലത്തിൽ അനുകൂലമാക്കി മാറ്റിയെടുക്കാം എന്നു വിദ്യാഭ്യാസരംഗത്തെ മുൻനിർത്തി മുന്നോട്ടു വെക്കുകയാണ് ഈ ലേഖനം.

കോവിഡ് കാലത്തെ വിദ്യാഭ്യാസരംഗം നിരവധി ചർച്ചകൾക്ക് വിധേയമായ വിഷയമാണ്. ആദ്യകാല ചർച്ചകൾ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും പിന്നീട് ഓൺലൈൻ ക്ലാസുകളെ കുറിച്ചുമായിരുന്നു. ഒരു വർഷം കളഞ്ഞു കൊണ്ടുള്ള Zero year നെ കുറിച്ചും ചർച്ചകൾ നടന്നു. ഓൺലൈൻ പഠനരീതിയെ കുറിച്ചു ചർച്ചകൾ നടന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളുടെ പക്ഷത്തു നിന്ന് ചിന്തിച്ചു കൊണ്ടായിരുന്നു: വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതും, ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാൻ ഗവണ്മെന്റും, സന്നദ്ധ സേവകരും, രാഷ്ട്രീയ സംഘടനകളും, എല്ലാ കൂട്ടായ്മകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചത് നമ്മൾ കാണുകയുണ്ടായി. കൈറ്റ്‌സ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ക്ലാസ്സുകളുടെ ബലമായിരുന്നു നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പിടിച്ചു നിർത്തിയത്. അതെല്ലാവർക്കും ഒരാശ്വാസമായി. എന്നിട്ടും വിദ്യാർത്ഥി ആത്മഹത്യ തടയുവാൻ എന്ത് കൊണ്ടോ നമുക്ക് സാധിച്ചില്ല. 2020 ജൂൺ മാസത്തിൽ പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ കുറച്ചു കൂടി വിപുലമായ രീതിയിൽ പഠനരീതി ക്രമീകരിക്കുകയുണ്ടായി. കൈറ്റ്‌സിലെ ക്ലാസിനു പുറമെ അതതു സ്‌കൂളിൽ നിന്നുള്ള അധ്യാപകരുടെ ക്ലാസുകൾ മൊബൈൽ ഫോൺ വഴി കൂടി ഉറപ്പു വരുത്തുന്ന രീതിയിലാണ് ഇപ്പോൾ നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അപ്പോഴും നമ്മുടെ ഓൺലൈൻ ക്ലാസിനു പുറത്തു നിൽക്കുന്നവരെ കുറിച്ചുള്ള ആശങ്ക ഇന്നും ബാക്കിനിൽക്കുന്നു.

എന്തുകൊണ്ട്​ വിമർശാത്മകമായി ചിന്തിക്കുന്നില്ല?

വിദ്യാഭ്യാസരംഗം കോവിഡ് കാലത്തു നേരിട്ട മറ്റൊരു പ്രധാനവിഷയം പരീക്ഷയായിരുന്നു. ഇന്നും അത് അതേപടി തുടരുന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച്​ എങ്ങനെ പരീക്ഷകൾ നടത്താമെന്നതിനെ കുറിച്ച് വളരെയധികം ചർച്ച നടക്കുകയും 2020ൽ നടത്താനാവാതെ മാറ്റി വെച്ച പല പ്രധാനപെട്ട പരീക്ഷകളും ഒരു പാട് സമ്മർദ്ദങ്ങൾക്കിടയിൽ കേരളത്തിൽ നടന്നു. അതിൽ യൂണിവേഴ്‌സിറ്റി, ബോർഡ്, നീറ്റ് പോലുള്ള മത്സരപരീക്ഷകളും ഉൾപ്പെടും. ഇവിടെയാണ് ഇന്ന് നിലനിൽക്കുന്ന ആചാരം പോലെ നടത്തി വരുന്ന പരീക്ഷ സമ്പ്രദായത്തെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത്.

കോവിഡ് മൂലം ഉണ്ടായ പരീക്ഷണ കാലഘട്ടത്തിലൂടെ നമ്മൾ കടന്നു പോകുമ്പോഴും എന്തുകൊണ്ട് നമ്മൾ ഇന്ന് നിലനിൽക്കുന്ന സാമ്പ്രദായിക പരീക്ഷാ രീതിയെ കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ നമുക്ക് സാധിക്കുന്നില്ല. പരീക്ഷയെ കുറിച്ചുള്ള സങ്കല്പം മാറ്റിയെടുക്കാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല എന്ന് ഗൗരവത്തോടെ ചർച്ച ചെയ്യുകയും വേണം. പ്രായോഗികതലത്തിൽ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുതകുന്ന, പിന്താങ്ങുന്ന ഒരു അനുകൂല സാഹചര്യമാക്കി മാറ്റിയെടുക്കാൻ ഈ കോവിഡുകാലത്തിന്​ സാധിക്കണം. അങ്ങനെ സാധ്യമായാൽ ജീർണിച്ച പരീക്ഷാ സമ്പ്രദായത്തെ അടിമുടി മാറ്റാനും നവീകരിക്കുവാനും ഇന്നത്തെ കാലഘട്ടത്തിനും വരും തലമുറക്കും ഒരു ഉണർവേകാൻ സാധിക്കുമെന്നു നിസ്സംശയം പറയുവാൻ സാധിക്കും.

കാലഹരണപ്പെട്ട പരീക്ഷാ സ​മ്പ്രദായം

ഇന്ന് നിലനിൽക്കുന്ന പരീക്ഷാ സമ്പ്രദായത്തെ ഒന്ന് വിശകലനം ചെയ്യുന്നത് അതെത്ര യാഥാസ്ഥികവും കാലഹരണപ്പെട്ടതും ആണെന്ന് മനസിലാക്കുവാൻ ഉപകരിക്കും. പല രീതിയിലുള്ള പരിഷ്‌കാരങ്ങൾക്ക് വിധേയമായ വ്യവസ്ഥയും ചരിത്രവുമാണ് ഇന്ന് നിലനിൽക്കുന്ന പരീക്ഷക്കുള്ളത്. പക്ഷെ നിലവിലുള്ള പരീക്ഷ സമ്പ്രദായം എത്ര കണ്ടു മുൻകാലങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിട്ടുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങൾ ഉപരിപ്ലവമായ ഒരു യാന്ത്രിക പ്രവർത്തിയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കാലങ്ങളായി നിലനിന്നിരുന്ന പരീക്ഷ രീതി വിദ്യാർത്ഥികളുടെ മനഃപാഠമാക്കാനുള്ള കഴിവ് പരിശോധിക്കുന്നതാണെന്ന് ഏവർക്കും അറിയാവുന്നതാണ്. അവിടെ പഠനം എന്നത് തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയായാണ് നിലനിന്നിരുന്നത്: അതുപോലെ പഠനരീതി പൂർണമായും പരീക്ഷക്കുള്ള തയ്യാറെടുപ്പു മാത്രമായി ചുരുങ്ങിയിരുന്നു. വർഷങ്ങൾക്കു മുൻപ് തന്നെ കോത്താരി കമീഷൻ റിപ്പോർട്ട് തുടർമൂല്യനിർണയത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കമീഷന്റെ അഭിപ്രായത്തിൽ, ‘Evaluation is continuous process, forms an integral part of the total system of education and is intimately related to educational objectives. It exercises a great influence on the pupil's study habits and the teacher's methods of instruction and thus helps not only to measure educational achievement but also to improve it. The techniques of evaluation are means of collecting evidence about the student's development in desirable directions.' മൂല്യനിർണയരീതിയിലെ അപാകതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അന്നേ നടന്നിരുന്നു എന്ന് വേണം മനസിലാക്കാൻ. പരീക്ഷ എത്രത്തോളം വിദ്യാർഥിയുടെ പഠനരീതിയെയും അധ്യാപകരേയും ക്ലാസ്സ്മുറിയിലെ അന്തരീക്ഷത്തെയും ഒരു പോലെ അന്യോന്യം സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം.

Photo: DHE-Kerala

എന്നാൽ പിന്നീട് നടന്ന പരിഷ്‌ക്കരണങ്ങൾ പറയത്തക്ക എന്ത് മാറ്റമാണ് കൊണ്ട് വന്നിട്ടുള്ളതെന്നു പരിശോധിക്കേണ്ടതുണ്ട്. പ്രകടമായ മാറ്റം കൊണ്ട് വന്നത് തുടർ മൂല്യനിർണയരീതിയാണ് (CE - continuous evaluation). മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പഠനപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥിയുടെ നിരന്തരമൂല്യനിർണയം നിർണയിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥി സ്വഭാവികമായും പഠനത്തിന്റെ ഓരോ തലത്തിലും നേരത്തെ ക്രമപ്പെടുത്തി വെച്ചിരിക്കുന്ന അറിവ് ആർജിക്കാനും അവ പ്രയോഗത്തിൽ കൊണ്ട് വരാനും കെൽപ്പുള്ള ഒരു വ്യക്തിയായി രൂപപ്പെടുന്നു. ഇത്തരത്തിൽ ഒരു മൂല്യനിർണയരീതി നടപ്പിലാക്കിയതിൽ വലിയൊരു പങ്കു വഹിച്ചത് 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും (National Curriculum Framework) അതിനെ തുടർന്ന് സംസ്ഥാനതലത്തിൽ രൂപീകരിച്ച പദ്ധതിയുമാണ്. പാഠ്യപദ്ധതിയിൽ വലിയൊരു നവീകരണം സാധ്യമാക്കിയത് ഒരു ദശകത്തിലേറെയായി നടന്നു വരുന്ന വിവിധ പഠനങ്ങളുടെ ഫലമാണ്. വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ ആയി പരിണമിക്കുവാൻ തുടങ്ങിയ ഘട്ടത്തിലാണ് പാഠ്യപദ്ധതിയിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയത്. അധ്യാപകനിൽ നിന്ന് പഠിതാവിലേക്ക് എന്ന മുഖമുദ്രയുമായി ഒരു അഴിച്ചുപണിയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തുടർമൂല്യനിർണയം നമ്മുടെ വിദ്യാഭ്യാസരംഗത്തും നടപ്പിലായത്.

ചോദ്യോത്തരങ്ങൾ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്ന രീതിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. മനഃപാഠമാക്കി പരീക്ഷയിൽ മികവ് തെളിയിക്കുന്ന രീതിയാണ് ബോധപൂർവമായ ഇടപെടലുകൾ നടത്തി ഓരോ വിദ്യാർഥിയുടെയും ക്ലാസ്സ്മുറിക്കകത്തും പുറത്തുമുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായുള്ള മൂല്യനിർണയത്തിനു വിധേയമാക്കുന്ന രീതി നിലവിൽ വന്നത്. അവിടെ ഓരോ വിദ്യാർഥിയുടെയും വ്യത്യസ്തത അംഗീകരിക്കാനും അവ പരിപോഷിപ്പിക്കാനുമുള്ള അവസരം ഒരുക്കുകയുമാണ് നടക്കുന്നത് അല്ലെങ്കിൽ നടക്കേണ്ടത്.
പാഠ്യപദ്ധതിയോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ടെന്ന് സംസ്ഥാനതല പാഠ്യപദ്ധതിയിൽ (Kerala State Curriculum Framework 2007) ആവശ്യപ്പെടുന്നുണ്ട്. ഇവിടെ വിദ്യാഭ്യാസം അറിവ് നേടലിൽ നിന്നും ഒരു സാമൂഹികപ്രക്രിയ ആയി മാറുന്നുണ്ട്. സാമൂഹിക നീതിബോധം, മനുഷ്യാവകാശബോധം, പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം, ശാസ്ത്രാവബോധം, ദേശീയത, ചരിത്രബോധം, ജനാധിപത്യമൂല്യങ്ങൾ, നൈപുണ്യവികാസം, വിമർശനാത്മക ചിന്താരീതി എന്നിങ്ങനെ വിദ്യാഭ്യാസം പലതലങ്ങളെ ബന്ധിപ്പിക്കുന്നതായി കാണാം. ഇവിടെ പാഠഭാഗങ്ങളും സാമൂഹികജീവിതവും ഇഴുകിച്ചേർന്നുള്ളതായതു കൊണ്ട് തന്നെ മൂല്യനിർണയവും അതിനനുസരിച്ചു മാറ്റിയെടുത്തു. അങ്ങനെയാണ് തുടർ മൂല്യനിർണയം എന്ന സങ്കല്പത്തിലേക്ക് വിദ്യാഭ്യാസരംഗം എത്തിച്ചേരുന്നത്. ഇതിലൂടെ ഇതുവരെ നിലനിന്നിരുന്ന പരീക്ഷയുടെ അമിതമായ പ്രാമുഖ്യം കുറയുകയും, മറിച്ചു വിദ്യാർഥിയുടെ പടിപടിയായുള്ള പഠന പ്രവർത്തനങ്ങൾ മുന്നോട്ടു വരികയും ചെയ്തു. പഠനപ്രവർത്തനങ്ങളിലെ ഓരോ വിദ്യാർഥിയുടെയും പ്രകടനം തുടർമൂല്യനിർണ്ണായതിന്റെ ഭാഗമാവുകയും ചെയ്ത സാഹചര്യത്തിലാണ് നമ്മൾ കോവിഡിനെ അഭിമുഖീക്കരിക്കുന്നത്.

പ്ലസ്​ ടുക്കാരുടെ ത്രിശങ്കുസ്വർഗം

കോവിഡ് കാലഘട്ടത്തിൽ പല പൊതു പരീക്ഷകളും മാറ്റി വെക്കുകയും അതിൽ പലതും പിന്നീട് കോവിഡ് രണ്ടാം തരംഗം കാരണം റദാക്കുകയും ചെയ്യുകയുണ്ടായി. സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷയുൾപ്പടെ പല പരീക്ഷകളും പല സംസ്ഥാനങ്ങളും ഉപേക്ഷിച്ച സാഹചര്യത്തിൽ പോലും കേരള ഗവണ്മെൻറ്​ എല്ലാ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ നടത്തുകയുണ്ടായി. ക്ലാസ് മുറിയോ സ്‌കൂൾ അന്തരീക്ഷമോ അനുഭവിക്കാതെ ആദ്യ ബാച്ചും പുറത്തിറങ്ങി. പ്രശംസനീയം തന്നെ. പക്ഷെ ഇവിടെ ഉയർന്നു വരുന്ന ചോദ്യം ഇതൊക്കെ ഇങ്ങനെ തന്നെ നിലനിർത്തി മുന്നോട്ടു കൊണ്ടുപോയാൽ മതിയോ എന്നതാണ്.

Photo: Vishnuprabha, shutterstock

2020ൽ പത്താം ക്ലാസ്​ പൂർത്തിയാക്കി 2020-21 അധ്യയന വർഷത്തിൽ പ്ലസ് വണ്ണിനു ചേർന്ന വിദ്യാർത്ഥികളുടെ കാര്യം പരിശോധിച്ചാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷാ നടത്തിപ്പു എങ്ങനെ വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസരംഗത്തെയും താളം തെറ്റിക്കുന്നെന്നു മനസ്സിലാക്കാൻ സാധിക്കും. സാധാരണ രീതിയിൽ ജൂൺ മാസത്തിൽ തുടങ്ങേണ്ട പ്ലസ് വൺ ക്ലാസുകൾ നവംബർ മാസത്തിലാണ് തുടങ്ങാൻ സാധിച്ചത്. ഓൺലൈനായിട്ടാണ് ക്ലാസുകൾ എല്ലാം നടന്നിട്ടുള്ളത്. കൈറ്റ്‌സ്വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്തും അതാതു സ്‌കൂളിലെ അധ്യാപകരുടെ സപ്പോർട്ട് ക്ലാസുകളുടെ സഹായത്താലും നിരന്തരമായി നടത്തി വരുന്ന പഠനപ്രവർത്തനങ്ങൾ വഴിയും വിദ്യാർത്ഥികളെ പ്ലസ് ടു ക്ലാസ്സിലേക്ക് സജ്ജരാക്കുവാൻ സാധിച്ചുവെന്നു പറയാം. പ്ലസ് വൺ പൊതു പരീക്ഷ മെയ് മാസത്തിൽ നടത്തുവാനാണ് ആദ്യം ഹയർ സെക്കന്ററി വകുപ്പ് ആസൂത്രണം ചെയ്തത്. പക്ഷെ ഇന്ന് സെപ്റ്റംബർ പകുതിയിൽ എത്തിനിൽക്കുമ്പോഴും പരീക്ഷ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. പല തവണ മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ 6ന് തുടങ്ങാനിരുന്നപ്പോഴാണ് സെപ്റ്റംബർ 3ന് ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരാതിയിന്മേൽ സുപ്രീം കോടതി കേരളത്തിലെ ഇന്നത്തെ ഗുരുതരമായ കോവിഡ് സാഹചര്യം വിലയിരുത്തികൊണ്ട് സ്റ്റേ ചെയ്തത്.

ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു വസ്തുത 2021 ജൂണിൽ പ്ലസ് ടു ക്ലാസുകളിൽ ഇരിക്കേണ്ട വിദ്യാർത്ഥികളാണ് ഇപ്പോഴും പ്ലസ് വൺ ആണോ പ്ലസ് ടു ആണോ എന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. കൈറ്റ്‌സിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുകയും അധ്യാപകരുടെ സപ്പോർട്ടിങ് ക്ലാസുകളിൽ പ്ലസ് വൺ റിവിഷനും പരീക്ഷകളും സമാന്തരമായി നടത്തുകയും ചെയ്ത് ആശയകുഴപ്പം കൂട്ടുകയാണ് ചെയ്തത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇത്രയും നിർബന്ധബുദ്ധിയോടെ കേരള സർക്കാർ സുപ്രീം കോടതിയിൽ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അതിനു കാരണങ്ങളായി സർക്കാർ പറഞ്ഞിരിക്കുന്നത് ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ ഇവരിൽ പലർക്കും അവസരം നഷ്ടമാകുമെന്നാണ്. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കേസ് സുപ്രീം കോടതി ആദ്യം സെപ്റ്റംബർ 15ലേക്കും പിന്നീട് 17ലേക്കും മാറ്റി വെച്ചിരിക്കുകയാണ്. സെപ്റ്റംബർ 17ന് ഒരു പക്ഷെ സുപ്രീം കോടതി വിധി കേരള സർക്കാരിന് അനുകൂലമായി വന്നേക്കാം. പരീക്ഷ നടത്താനുള്ള അനുമതിയും നേടിയേക്കാം. അങ്ങനെ അനുമതി നേടിയാലും ഇനിയും ഒരു രണ്ടോ മൂന്നോ ആഴ്ചകൾ എടുക്കും പരീക്ഷ കഴിയാൻ. അതായത് കഷ്ടിച്ച് നാലോ അഞ്ചോ മാസങ്ങളെ ഈ വിദ്യാർത്ഥികൾക്ക് പരീക്ഷ കഴിഞ്ഞു പ്ലസ് ടു ക്ലാസുകൾക്കായി കിട്ടുകയുള്ളുവെന്നു സാരം. അതിലുപരി ഈ സാഹചര്യം ഉയർത്തിവിടുന്ന ചില ചോദ്യങ്ങൾ നമ്മൾ അഭിമുഖീകരിച്ചേ മതിയാവൂ. രണ്ടു കാര്യങ്ങളിലേക്കാണ് പ്രധാനമായും ശ്രദ്ധ ക്ഷണിക്കുന്നത്:

ഒന്നാമതായി, മുഴുവനായും ഓൺലൈൻ രീതിയിലുള്ള അധ്യയനമായിരുന്നു ചാനലിലെ ക്ലാസുകൾക്ക് പുറമെ അധ്യാപകരും നടത്തികൊണ്ടിരുന്നത്. സർക്കാർ പറയുന്ന പ്രകാരം ആണെങ്കിൽ കുറെ വിദ്യാർത്ഥികളെങ്കിലും ഇന്റർനെറ്റ് സൗകര്യമില്ലാത്തതു കാരണവും, ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്തതിനാലും വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യം ഉണ്ടെന്നു അംഗീകരിക്കേണ്ടി വരും. അതായത് പഠനം പൂർണമായ രീതിയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ച്​ നടന്നിട്ടില്ലെന്നു സമ്മതിക്കേണ്ടതായി വരും.

രണ്ടാമതായി, പൂർണമായും ഓൺലൈൻ ആയി നടത്തിയ മോഡൽ പരീക്ഷ ചോദ്യം ചെയ്യേണ്ടതായും വരും എന്നുള്ളതാണ്. പൊതുപരീക്ഷക്ക് മുന്നോടിയായി ഒരു മാസമെങ്കിലും അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂൾ അന്തരീക്ഷത്തിലുള്ള ക്ലാസുകളും ചർച്ചകളും ചെറിയ പരീക്ഷകളും നടത്തി പൊതുപരീക്ഷക്ക് തയ്യാറെടുക്കാം എന്ന് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ അതുപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ് ഓൺലൈനായി മോഡൽ പരീക്ഷ നടത്താമെന്നു തീരുമാനിച്ച് നടപ്പിലാക്കിയത്. അതിൽ കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള കണക്കുകൾ വന്നാലേ സർക്കാർ പറയുന്ന ഈ വാദം നിലനിൽക്കുകയുള്ളു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് നമ്മൾ നേരത്തെ ചർച്ച ചെയ്ത പരീക്ഷ എന്ന വിഷയം പ്രസക്തമാവുന്നത്. ഇത്രയും മാറിയ അല്ലെങ്കിൽ മാറി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ എന്തിന് പഴയമൂല്യനിർണയ രീതിയെ ആശ്രയിക്കുന്നു എന്നതാണ്. ഒരു പുതിയ കാലഘട്ടത്തെ വിഭാവന ചെയ്യേണ്ട സാഹചര്യത്തിൽ നമ്മൾ എന്ത് കൊണ്ട് ഈ അവസരം അനുകൂലമാക്കി കൊണ്ട് ഒരു പുതിയ മൂല്യനിർണയ രീതിയിലേക്ക് ചുവടുമാറ്റം നടത്തി കൂടാ?
കോഴ്‌സ് കഴിയുമ്പോളുള്ള ഒരൊറ്റ പരീക്ഷയിലേക്ക് എന്ത് കൊണ്ട് നമ്മൾക്ക് മാറി ചിന്തിച്ചു കൂടാ? Open book പരീക്ഷ നടത്തുന്നതിനെ കുറിച്ച് നമ്മുടെ വിദ്യാഭ്യാസ വിദഗ്ദർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?

പ്ലസ് വണിനു പഠിക്കുന്ന വിദ്യാർത്ഥിയെ കൊണ്ട് ഓരോ വിഷയത്തിലും ഒരു പാഠ്യവിഷയത്തെ കേന്ദ്രീകരിച്ച്​ ആ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഒരു പ്രൊജക്ടോ അതുപോലുള്ള പഠന പ്രവർത്തനങ്ങളോ ചെയ്യിപ്പിക്കാവുന്നതാണ്. അതുമൂലം ഓരോ വിദ്യാർഥിയും കൈവരിക്കുന്ന പഠനനേട്ടം മനസ്സിലാക്കാനും അതതു അധ്യാപകർക്ക് സാധ്യമാവുന്നു. ഭാഷ പോലുള്ള വിഷയങ്ങൾ ഇപ്പോൾ തന്നെ പരീക്ഷയിലൂടെയുള്ള ഭാഷാ വൈദഗ്ദ്യമാണ് അളക്കുന്നത്. അത് പരീക്ഷയില്ലാതെയും നടത്താം. പരീക്ഷയുടെ സമ്മർദ്ദമില്ലാതെ ഭാഷാ ഉപയോഗിക്കുന്ന വിവിധ സന്ദർഭങ്ങൾ പ്രയോഗതലത്തിൽ നൽകി കൊണ്ട് വിദ്യാർഥിയുടെ പ്രാവീണ്യം മനസ്സിലാക്കാനും അത് മെച്ചപ്പെടുത്താനും സാധിക്കും. നൂതന ആശയങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇതിനോടൊപ്പം പാഠഭാഗങ്ങളിൽ നിന്ന്​ ഇതുവരെ നടത്തി വന്നിട്ടുള്ള ചെറിയ പരീക്ഷകളും, നിരന്തര മൂല്യനിർണയത്തിന്റെ ഭാഗം മാത്രമല്ല, വിദ്യാർഥിയുടെ മൊത്തം പഠന നേട്ടമായി കണക്കാക്കാവുന്ന രീതിയിലേക്ക് നമ്മൾ മാറേണ്ടതുണ്ട്. വിദ്യാഭ്യാസം കൊണ്ട് സാമൂഹിക പ്രശ്‌നങ്ങളിൽ വിദ്യാർത്ഥി ആർജിക്കുന്ന വിമർശനാത്മക ചിന്താശേഷിയും ഇത്തരത്തിൽ നമുക്ക് പഠനനേട്ടമായി കണക്കാക്കാവുന്നതാണ്. ഇത്തരം ഒരു ചുവടുമാറ്റം കുറച്ച് കൂടി നേരത്തെ ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ഈ വൈകിയ വേളയിലും സംഭവിക്കുന്നില്ലായെന്നത് ദീർഘവീക്ഷണമില്ലായ്മയാണ്, ഉന്നതതലത്തിലുള്ള കൃത്യമായ ആസൂത്രണങ്ങളുടെ അഭാവമാണ്. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വിലയിരുത്തൽ എല്ലാ അർത്ഥത്തിലും പൂർണമാവുന്നത് അത് ഓരോ വിദ്യാർഥിയുടെയും പഠനകാലയളവിലുള്ള സമഗ്രമായ വിലയിരുത്തലാവുമ്പോഴാണ്. കാണാപാഠം പഠിച്ചു ഉത്തരം എഴുതാൻ സാധിക്കുമ്പോഴോ പരീക്ഷയിൽ Full A+ നേടുമ്പോഴോ വിജയശതമാനം ഉയരുമ്പോഴോ അല്ല എന്ന് ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക.

Comments