മാഷെ ശിക്ഷിച്ചുകൊള്ളൂ,
പക്ഷേ നിരപരാധികളായ
കുട്ടികളെ രക്ഷിക്കുക തന്നെ വേണം
മാഷെ ശിക്ഷിച്ചുകൊള്ളൂ, പക്ഷേ നിരപരാധികളായ കുട്ടികളെ രക്ഷിക്കുക തന്നെ വേണം
നടപടി, നടപടി എന്ന ഉമ്മാക്കികളെ തൃണവദ്ഗണിച്ച് അനേകം അധ്യാപകര്‍ പി. പ്രേമചന്ദ്രനൊപ്പം നില്‍ക്കുന്നതിന്റെ പിന്നിലെ വികാരം സംഘടനകള്‍ക്കും അധികാരികള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നന്ന്.
12 Feb 2022, 11:10 AM
അധ്യാപകർ അടിമയല്ല എന്ന വാദം ഉയര്‍ന്നുവന്നത് ഏത് സന്ദര്‍ഭത്തിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ‘അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ മതി, പരീക്ഷ എങ്ങനെ വേണമെന്ന് പരീക്ഷാ സെക്രട്ടറി തീരുമാനിക്കും' എന്നിങ്ങനെയുള്ള ജനാധിപത്യവിരുദ്ധമായ അഭിപ്രായപ്രകടനം ഉയര്‍ന്നു വരുമ്പോഴാണ് ഇത് പ്രസക്തമാകുന്നത്. ഒരാള്‍ അയാള്‍ക്കേല്‍പ്പിച്ച പണി മാത്രം ചെയ്താല്‍ മതി എന്നത് ഉടമ അടിമയോട് പറയുന്ന വാക്യമല്ലാതെ മറ്റെന്താണ്? വര്‍ത്തമാനകാലത്തെ ഒരു തൊഴിലാളി, പണിയിലെ തന്റെ മികവിലൂടെ താന്‍ ആര്‍ജ്ജിച്ച ബോധ്യത്തെ പണിയെടുക്കാന്‍ ഏല്‍പ്പിച്ച ആളുകളെ അറിയിക്കുന്നത് തെറ്റാണോ?
പഠിപ്പിക്കുക എന്നതിലുപരി ഒരു സ്‌കൂളുമായി ബന്ധപ്പെട്ട നൂറായിരം കാര്യങ്ങള്‍ ചെയ്യുന്ന അഭിമാനമുള്ള അധ്യാപകരെ ഇത്തരം അഭിപ്രായങ്ങള്‍ എങ്ങിനെയാണ് ബാധിക്കുക? ഇത് പറഞ്ഞത് അബ്ദുല്‍ റബ്ബാണെങ്കില്‍ എന്തായിരിക്കും പുകിലെന്ന് ഒന്നാലോചിച്ചു നോക്കൂ.
മറ്റൊന്ന്, അധ്യാപകര്‍ പഠിപ്പിക്കുകയും പരീക്ഷയുടെ കാര്യങ്ങള്‍ മറ്റൊരാള്‍ ചെയ്യുകയും ചെയ്യുക എന്നത് അക്കാദമികമായി തെറ്റാണ്. പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് ചോദ്യങ്ങള്‍ എങ്ങനെ വേണമെന്നും ഏതു ഭാഗങ്ങളില്‍നിന്ന് വേണമെന്നും ഓരോന്നിനും എത്ര സ്‌കോര്‍ വീതം വേണമെന്നും തീരുമാനിക്കുന്നത്. അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും പരീക്ഷയ്ക്ക് ആവശ്യമായ ആളുകളെ നിയമിക്കുകയും അവയ്ക്ക് ആവശ്യമായ മൂല്യ നിര്‍ണയ ക്യാമ്പുകള്‍ തയ്യാറാക്കുകയും അവിടുത്തേക്ക് അധ്യാപകരെ പോസ്റ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളാണ് പരീക്ഷാസെക്രട്ടറിക്ക് ചെയ്യാനുള്ളത്. എന്നാല്‍ പരീക്ഷയുടെ ഇത്തരം കാര്യങ്ങള്‍ ഇക്കുറി തീരുമാനിച്ചത് ചില ഉന്നത ഉദ്യാഗസ്ഥരുടെ താത്പര്യപ്രകാരം ആയിരുന്നു. അധ്യാപകര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങള്‍ പരീക്ഷയുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഉണ്ട്. അത് വില്ലേജ് ഓഫീസര്‍ക്കോ പരീക്ഷാ സെക്രട്ടറിക്കോ മനസ്സിലാവണമെന്നില്ല.
എന്തു കൊണ്ടാണ് പൊതു ഇടത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്? നേരത്തെ പി. പ്രേമചന്ദ്രന്‍ SCERT യുടെ പാഠപുസ്തക സമിതി അംഗവും ചോദ്യ നിര്‍മാതാവും അധ്യാപക പരിശീലകനും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇല്ല. ചോദ്യ നിര്‍മാണ ശില്പശാലകളില്‍ പങ്കെടുത്ത ആളുകളില്‍ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് തങ്ങള്‍ ഉണ്ടാക്കിയ പുതിയ ഘടന ഉദ്യോഗസ്ഥര്‍ അടിച്ചേല്‍പ്പിച്ചത് എന്നത് ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് പലര്‍ക്കും അറിയാം. കെ.ജി.ബിയിൽ നിന്നോ സി.ഐ.എയില്‍ നിന്നോ പരിശീലനം കിട്ടിയ യന്ത്രങ്ങളല്ല, മറിച്ച് കുട്ടികളോട് പ്രതിബദ്ധതയുള്ള അധ്യാപകരാണവര്‍. അവര്‍ അവിടെ ആശങ്കകളുന്നയിച്ചിരുന്നു. ചോദ്യപേപ്പര്‍ നിർമാണം എന്ന അതീവ രഹസ്യമായ ഒരു പ്രവര്‍ത്തനം എന്നതിന്റെ പേരില്‍, സ്വാഭാവികമായും അതില്‍ പങ്കെടുത്ത ആളുകള്‍ക്ക് ആ പ്രത്യേക സന്ദര്‍ഭത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. മാത്രമല്ല വളരെ ഉത്തരവാദപ്പെട്ട ആളുകള്‍, കെ.എസ്.ടി.എ. യുടെ സംസ്ഥാന നേതൃത്വവുമായി വളരെ ബന്ധമുള്ള ആളുകള്‍ പോലും ശില്പശാലകളില്‍ പങ്കെടുത്തിരുന്നു. അവര്‍ അവിടെവച്ചുതന്നെ കെ.എസ്.ടി.എയുടെ സംസ്ഥാന നേതൃത്വവുമായി ഈ വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അപ്പോള്‍ ആ തീരുമാനം സംഘടനയുമായി ആലോചിച്ച് എടുത്തതാണെന്നും അതില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ല എന്നും സംഘടന അവരെ അറിയിച്ചിട്ടുമുണ്ടെന്നുമായിരുന്നു മറുപടി. സ്വാഭാവികമായും ഇത്തരം ആശങ്കകള്‍ അധ്യാപകര്‍ പരസ്പരം വിനിമയം ചെയ്യും.

ഈ കാര്യങ്ങള്‍ പലര്‍ക്കും അറിവുള്ളതാണ്. ഇനി സംഘടനക്കകത്തുനിന്ന് കൊണ്ടുള്ള ഒരു പ്രതിരോധത്തിന് യാതൊരു സാധ്യതയും ഇല്ലെന്നും ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ ഈ തീരുമാനങ്ങളില്‍ ഒരു മാറ്റമുണ്ടാകൂ എന്നും അദ്ദേഹം വിചാരിച്ചിരുന്നിരിക്കാം. മാത്രമല്ല ഇപ്രകാരം തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ പാക്ക് ചെയ്തു സീല്‍ ചെയ്‌തെങ്കിലും അത് പരിഹരിക്കാന്‍ ഇനിയും വഴിയുണ്ട് എന്ന നിര്‍ദ്ദേശം കൂടി അദ്ദേഹം പരസ്യമായി വിദ്യാഭ്യാസരംഗത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുകയും കൂടിയായിരുന്നു പ്രസ്തുത കുറിപ്പിലൂടെ ചെയ്തിരുന്നത്.
‘ഫോക്കസ് ഏരിയ എന്ന് കള്ളി തിരിക്കുക, എന്നിട്ടു നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും വണ്‍ വേഡ് ചോദ്യങ്ങള്‍ ചോയ്‌സ് നല്‍കാതെ ഇരിക്കുക, എന്താണിത്തരം ആസൂത്രണത്തിന്റെ പിന്നില്‍? കുട്ടികളെ സഹായിക്കുകയോ അതോ ഈ പാന്‍ഡെമിക് കാലത്ത് അവരുടെ പരീക്ഷാ വഴികളില്‍ മുള്ളു വിതറലോ?'
വിദ്യാര്‍ത്ഥികളെ മനസ്സിലാക്കുന്ന ഏതെങ്കിലും അധ്യാപകന്‍ ഇതിനു പിന്നിലുണ്ടാകുമോ? ഇത്തരം ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു ഉദ്യോഗസ്ഥ ലോബിയാണ്. അക്കാദമികമായ വിഷയങ്ങളില്‍ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത അവരുടെ ദുര്‍വാശികള്‍ പിടിമുറുക്കുന്നതിന് എതിരെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അതിന്റെ ഗൂഢാലോചനക്കാരെ തിരഞ്ഞ് പാഴൂര്‍ പടിപ്പുര വരെ ചൊല്ലേണ്ടുന്ന യാതൊരാവശ്യവുമില്ല. ആരാണോ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ ആസൂത്രണം തന്നെയാണ് ഈ വിചിത്രമായ ചോദ്യ ഘടനയ്ക്ക് പിന്നില്‍ എന്നത് വ്യക്തമാണ്.
പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും സി.ബി.എസ്.സി അടക്കമുള്ള ഇതര രീതികളെ പോഷിപ്പിക്കാനുമുള്ള ശ്രമം തിരുവനന്തപുരത്തെ ബ്യൂറോക്രസിയില്‍ നിന്നുണ്ടാകുന്നു എന്നത് ഒരു വാസ്തവമാണ് എന്നു പറഞ്ഞത് സാക്ഷാല്‍ അശോകന്‍ ചെരുവിലാണ്. അതേസമയം ഗൂഢാലോചന എന്ന വാക്ക് പ്രേമചന്ദ്രന്‍ മാഷുടെ കുറിപ്പില്‍ എവിടെയാണ് ഉപയോഗിച്ചിട്ടുള്ളത്? ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയുകയും പിന്നെയുള്ള എതിര്‍പ്പ് അതിനു നേരെ തിരിക്കുകയും ചെയ്യുന്ന ‘സംഘി രീതി’ ചിലര്‍ ഇടതുപക്ഷത്തിന്റേതാക്കി മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ചിലപ്പോള്‍ സംഘികള്‍ തന്നെ അയച്ച ട്രോജന്‍ ന്യായീകരണക്കുതിരയാവാനും മതി.
അതുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തമൊക്കെ മാറ്റി വെച്ച് പ്രേമചന്ദ്രന്‍ ഉന്നയിച്ച വസ്തുതകളുടെ മെറിറ്റിലേക്കു വരൂ. അവയെക്കുറിച്ച് എണ്ണിയെണ്ണി പറയൂ. എവിടെ പറയണം എപ്പോള്‍ പറയണം എന്ന സാങ്കേതിക കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. മുന്‍ അക്കാദമിക് JD പി പി. പ്രകാശനും കവി പി.രാമനും ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് മുഖ്യധാരാ മാധ്യമങ്ങളില്‍ പാഠപുസ്തകത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടെഴുതിയിരുന്നു. അന്നത് അവിടെയല്ലാതെ എവിടെ പറയണമായിരുന്നു?
സര്‍ക്കാരുദ്യോഗസ്ഥര്‍ മിണ്ടിക്കൂടെന്ന കാലഹരണപ്പെട്ട നിയമം എടുത്തു വീശാന്‍ അന്നത്തെ ഗവണ്മെന്റിന് അറിയാഞ്ഞിട്ടോ അതോ അത് വൃത്തികേടാണെന്നറിഞ്ഞിട്ടോ? അന്നു പോലും കാണാത്ത തിട്ടൂരങ്ങളാണ് ഇടതുഭരണകാലത്ത് പറന്നെത്തുന്നത് എന്നത് ലജ്ജാകരമായി തോന്നേണ്ടതല്ലേ? അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം സര്‍ക്കാരുദ്യോഗസ്ഥനായതിനാല്‍ ഇല്ലാതാവുന്നില്ല എന്ന എം.ജി യൂണിവേഴ്‌സിറ്റിയിലെ അനില്‍ കുമാറിന്റെ കേസില്‍ ഹൈക്കോടതി വിധിച്ച കാര്യം ന്യായീകരണക്കാര്‍ അറിഞ്ഞിരിക്കണം. അതുകൊണ്ട് പ്രേമചന്ദ്രന്റെ എഴുത്തിലെ വള്ളിയും പുള്ളിയും തിരയുകയല്ല, ഇല്ലാത്ത ഗൂഢാലോചനാ സിദ്ധാന്തം ഉയര്‍ത്തുകയല്ല, അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു തിരിച്ചറിയുകയാണ് പ്രധാനം. അത് ഒളിപ്പോരിലൂടെ ഗവണ്മെന്റിനെ അട്ടിമറിക്കാനായിരുന്നോ അതോ കോവിഡ് കാലത്ത് നിസ്സഹായതയിലായ പത്തു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനു വേണ്ടിയായിരുന്നോ?. ഇതിന്, ഇതിന് മാത്രമാണ് ഉത്തരം പറയേണ്ടത്.
അതുകൊണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളത് സത്യം വിളിച്ചു പറഞ്ഞ മാഷെ ശിക്ഷിച്ചുകൊള്ളൂ. പക്ഷേ നിരപരാധികളായ കുട്ടികളെ രക്ഷിക്കുക തന്നെ വേണം.

സര്‍ക്കാരിന്റെ മാത്രമല്ല സംഘടനയുടെ ശിക്ഷയും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. നിശ്ചയമായും. ഒപ്പം തൊട്ടടുത്ത സ്റ്റേറ്റില്‍ സ്റ്റാലിന്‍ എന്ന ഭരണാധികാരി വിദ്യാഭ്യാസ രംഗത്ത് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ചെന്നൈയില്‍ അധ്യാപകനായ അജയകുമാർ കെ.ജെയുടെ കുറിപ്പില്‍ നിന്നല്‍പ്പം വായിക്കുന്നത് ഉചിതമായിരിക്കും: ‘‘എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകള്‍ക്ക് ഒന്നാം റിവിഷന്‍ പരീക്ഷയും തുടങ്ങി. (സംസ്ഥാന പൊതു പരീക്ഷാ ഡയറക്ടറേറ്റ് ആണ് എല്ലാ വിഷയങ്ങള്‍ക്കും ചോദ്യപ്പേപ്പര്‍ ഉണ്ടാക്കുന്നത്) ഒരു വിഷയത്തിനുള്ള ഒരു റിവിഷനില്‍ രണ്ടോ മൂന്നോ യൂനിറ്റുകളേ ഉള്‍പ്പെടുത്തുകയുള്ളൂ. അതും പാന്‍ഡമിക്, ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് 40 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചതിന് ശേഷമുള്ളതുമാത്രം. (ഇവിടുത്തെ ‘ഫോക്കസ്' ഏരിയ). ഈ സാഹചര്യത്തില്‍ പലതരം സംഘര്‍ഷങ്ങളനുഭവിക്കുന്നവരും ഡിജിറ്റല്‍ ഡിവൈഡിന് ഇരയായവരുമായ വിദ്യാര്‍ത്ഥികളെ പതുക്കെ പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്, കുട്ടികള്‍ക്ക് അമിതഭാരം നല്‍കരുത് എന്ന് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആറു മുതല്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയപ്പോള്‍ സിലബസ് പഠിപ്പിക്കരുത് എന്നാണ് പറഞ്ഞിരുന്നത്. കുട്ടികളുമായി സംവദിക്കുകയും അവരെ പഴയ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു നിര്‍ദേശം. ഓണ്‍ലൈനില്‍ പഠിപ്പിച്ചതല്ല, കഴിഞ്ഞ നവംബര്‍ തൊട്ട് (ഇടക്ക് വീണ്ടും ക്ലാസുകള്‍ മുടങ്ങിയിരുന്നു) ഓഫ് ലൈനില്‍ പഠിപ്പിച്ച, അതും വെട്ടിക്കുറച്ച സിലബസിലെ രണ്ടോ മൂന്നോ യൂനിറ്റുകള്‍ വീതമേ പരീക്ഷക്ക് ചോദിക്കുകയുള്ളൂ. സര്‍ക്കാരിന്റെ കല്‍വി (വിദ്യാഭ്യാസം) ടി.വി. വഴിയുള്ള ക്ലാസുകളും അധ്യാപകര്‍ നേരിട്ടു നടത്തിയിരുന്ന ഓണ്‍ലൈന്‍ ക്ലാസുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്ക് വേണ്ട രീതിയില്‍ എത്തിയിരുന്നില്ല, അല്ലെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതികളുണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യബോധം ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്ന് വേണം കരുതാന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പൊതുവിദ്യാഭ്യാസമേഖലയെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവിതപരിതോവസ്ഥകളെ മനസ്സിലാക്കാനും ഡിജിറ്റല്‍ ഡിവൈഡ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും ഇവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ക്കും ഭരണ നേതൃത്വത്തിനും സാധിക്കുന്നുണ്ട് എന്ന് പറയാം.’’
തമിഴ്നാടുമായി നമ്മളെ ഒന്നു താരതമ്യം ചെയ്യൂ. അവിടെ കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് സമാശ്വാസം നല്‍കുന്നു. ഇവിടെയോ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മുള്‍മുനയില്‍ നിര്‍ത്തുന്നു. അതുകൊണ്ട് നിങ്ങളുടെ ന്യായീകരണങ്ങള്‍ പൊടിക്ക് ഒന്നു കുറയ്ക്കണം. പുതിയ പിള്ളേര്‍ നിങ്ങളെ പഞ്ഞിക്കിടും. വീട്ടില്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ ഒന്നു മാറി നടക്കുന്നതും നന്നാവും (സി.ബി.എസ്.സി വിദ്യാര്‍ഥികളാണെങ്കില്‍ കുഴപ്പമില്ല.)
നടപടി, നടപടി എന്ന ഉമ്മാക്കികളെ തൃണവദ്ഗണിച്ച് അനേകം അധ്യാപകര്‍ പ്രേമചന്ദ്രനൊപ്പം നില്‍ക്കുന്നതിന്റെ പിന്നിലെ വികാരം സംഘടനകള്‍ക്കും അധികാരികള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നന്ന്.
അവസാനമായി പറയട്ടെ, പ്രേമചന്ദ്രന്‍ മാഷ് വിദ്യാഭ്യാസ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഇനിയും തുടരും. കാരണം അദ്ദേഹത്തിന് വിദ്യാഭ്യാസം ജീവനാണ്, ജീവിതമാണ്. അതു വിട്ട് അദ്ദേഹം എവിടെയും പോയിട്ടില്ല. പോവുകയുമില്ല.
പി.കെ. തിലക്
12 Feb 2022, 01:40 PM
വിദ്യാഭ്യാസം നായയാണെങ്കിൽ അതിന്റെ വാലാണ് പരീക്ഷ . ശരീരത്തിന് പിന്നിലാണു. വാലിന്റെ സ്ഥാനം. അത് ശരീരത്തെ അനുഗമിച്ചു കൊണ്ടിരിക്കും. ഇപ്പോൾ വാല് നായയെ നയിക്കുന്ന സ്ഥിതിയിലായി രിക്കുന്നു. പല തരം കച്ചവടതാല്പര്യങ്ങൾ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് ഈ മലക്കംമറിച്ചിലുകൾ ഉണ്ടായത്. കുട്ടികളും അധ്യാപകരും തമ്മിലുള്ള പാരസ്പര്യത്തിൽ ഉദ്യോഗസ്ഥ മേധാവിത്വത്തിനും കച്ചവടക്കാർക്കും ഒന്നും ഇടമില്ല. പരീക്ഷയാണ് അവരുടെ വിളനിലം അവിടെ ഇടപെടാൻ ശ്രമിച്ചതാണ് പ്രേമചന്ദ്രൻ ചെയ്ത അപരാധം. അവർ അത് പൊറുക്കുകയില്ല. വിദ്യാഭ്യാസം തിരിച്ചു പിടിച്ചാലേ ഇത്തരം പ്രശ്നങ്ങളെ നേരിടാനാവൂ.
മുബഷിര്‍ മഞ്ഞപ്പറ്റ
Jul 02, 2022
4 Minutes Read
ദില്‍ഷ ഡി.
Jun 30, 2022
8 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read
ഡോ. പി.എം. സലിം
May 02, 2022
17 minutes read
ടി.എസ്.രവീന്ദ്രൻ
12 Feb 2022, 01:40 PM
വിമർശകരെ വിരോധികളായിക്കണ്ട് ഉന്മൂലനം ചെയ്ത സ്റ്റാലിന്റെ പിൻ തലമുറക്കാരിൽ നിന്ന് ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ.