ബന്ധങ്ങൾക്ക് വേണം വിഷചികിത്സ

ദമ്പതികൾക്കിടയിൽ മാത്രമല്ല, ഏതു ബന്ധവും toxic ആവാം. നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ കുടുംബബന്ധങ്ങളോ പങ്കാളികളോ ഇങ്ങനെയാവാനുള്ള അനുകൂലസാഹചര്യങ്ങളേറെയാണ്. അപകടകരമായ മറ്റൊരു വസ്തുത ഇവ പലപ്പോഴും സ്നേഹപ്രകടനങ്ങളായി എണ്ണപ്പെടുന്നു എന്നതാണ്. ഇരപോലും പുറത്തു പറയുന്നത് അസഹ്യമായ ദേഹപീഡനങ്ങൾ ഏറ്റു വാങ്ങുമ്പോൾ മാത്രമാണ്.

കാലിഫോർണിയൻ എഴുത്തുകാരിയും മനഃശ്ശാസ്ത്ര വിദഗ്ധയുമായ ഡോ. ലിലിയാൻ ഗ്ലാസ്സാണ് വിഷലിപ്തമനുഷ്യർ (Toxic People) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1995 ൽ അതേ പേരിലുള്ള പുസ്തകത്തിൽ മനുഷ്യബന്ധങ്ങൾ എങ്ങനെയെല്ലാം വിഷമയമാകുന്നു എന്നും വിശദീകരിക്കുന്നു. പിന്നീട് Toxic Men: 10 Ways to Identify, Deal With, and Heal from the Men Who Make Your Life Miserable എന്നൊരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടു. വിഷലിപ്‌ത ബന്ധങ്ങൾ എന്നാൽ പരസ്പര ബഹുമാനമോ പിന്തുണയോ നൽകാത്ത, സംഘർഷഭരിതമായ, ദുർബലപ്പെടുത്തുന്ന, പോരടിക്കുന്ന ബന്ധങ്ങളാണ്. persistant unhappiness എന്നതിനെ നിർവചിക്കാം. പലവിധത്തിലാണ് ഇത്തരം മനുഷ്യർ പ്രവർത്തിക്കുക. ഇതിനെ മാനസികരോഗമായി പരിഗണിക്കാനാവാത്തത് ഇവർ എല്ലാവരോടും ഇങ്ങനെയല്ല എന്നതാണ്.

ദമ്പതികൾക്കിടയിൽ മാത്രമല്ല, ഏതു ബന്ധവും toxin ആവാം. പക്ഷെ നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ കുടുംബബന്ധങ്ങളോ പങ്കാളികളോ ഇങ്ങനെയാവാനുള്ള അനുകൂലസാഹചര്യങ്ങളേറെയാണ്. അപകടകരമായ മറ്റൊരു വസ്തുത ഇവ പലപ്പോഴും സ്നേഹപ്രകടനങ്ങളായി എണ്ണപ്പെടുന്നു എന്നതാണ്. അങ്ങനെയൊക്കെയാണ് ഞങ്ങൾ ജീവിച്ചത് എന്ന സാധാരണവൽക്കരണവും അതിനെ
മക്കൾക്ക് ഉദാഹരണമാക്കുന്നതും ഇവരെ ചൂഷണം തിരിച്ചറിയാത്തവരാക്കി മാറ്റുന്നുണ്ട്. ഇരപോലും പുറത്തു പറയുന്നത് അസഹ്യമായ ദേഹപീഡനങ്ങൾ ഏറ്റു വാങ്ങുമ്പോൾ മാത്രമാണ്.

ഇത്തരം ബന്ധങ്ങളിൽ സഹിച്ചു നിൽക്കുന്നവരെ ഇരയെന്നു വിളിക്കാമോ എന്നു സംശയമാണ്. കാരണം അവർ പൂർണമായും നിസ്സഹായരായതു കൊണ്ടല്ല, മറിച്ചു പല വൈകാരിക - സാമൂഹിക ഘടകങ്ങൾക്ക് സ്വജീവനേക്കാൾ പ്രാധാന്യം നൽകിക്കൊണ്ട് ആ ബന്ധങ്ങളെ നിലനിർത്താൻ അവരും ആഗ്രഹിക്കുന്നു എന്നതാണത്. ഇത്തരം toxic ആയ ആളുകളെ എങ്ങനെ തിരിച്ചറിയാം ?

താഴെപ്പറയുന്ന സന്ദർഭങ്ങളിലൂടെ കൂടെക്കൂടെ കടന്നു പോകുന്നുവെങ്കിൽ അത് നിങ്ങളെ നിരന്തരം തളർത്തുന്നുവെങ്കിൽ ബന്ധം സുഗമമാക്കാൻ നിങ്ങളെടുക്കുന്ന പരിശ്രമങ്ങളെല്ലാം പാഴാവുന്നുവെങ്കിൽ നിങ്ങൾ toxic ബന്ധത്തിലാണ്.

വിഷലിപ്തമായ ബന്ധങ്ങൾ നമ്മുടെ ഊർജ്ജത്തെയും സമയത്തെയും അപഹരിക്കുന്നു, നമ്മുടെ സ്വത്വത്തെ നിഷേധിക്കുന്നു. ലിലിയൻ ഗ്ലാസ് വിവരിക്കുന്ന താഴെപ്പറയുന്ന പ്രവണതകളെ ഒന്ന് നിരീക്ഷിക്കൂ. വിഷലിപ്ത ബന്ധങ്ങളിൽ നിന്ന് വിട്ടു പോകാനോ സ്വയവിശകലനം ചെയ്യാനോ ഉതകുന്നതാണവ.

1. പരിഹാസം:നിങ്ങളെയോ നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങളെയോ വിലകുറച്ചു കാണുകയോ നിങ്ങൾക്ക് വേദനിപ്പിക്കുന്ന തരത്തിൽ മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കുകയോ ചെയ്യുക. "ഞാൻ വെറുതെ പറഞ്ഞതാണ്, അതൊരു തമാശയായി കണ്ടാൽ മതി' എന്നാവും പ്രതികരിച്ചാലുള്ള മറുപടി. അത് ലഘുതരമായ തമാശയല്ല എന്നത് അവർക്കു തന്നെയറിയാം.

2. ക്ഷിപ്രകോപം:അധികാരരൂപം കൈവരിക്കുന്ന ആരോഗ്യപരമായ സംവാദങ്ങളെ റദ്ദു ചെയ്യുന്ന പ്രവചനാതീതമായ കോപമാണത്. മറ്റുള്ളവരുടെ മുൻപിൽ കയർക്കുക, ഭയപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കുക എന്നിവ ഒരു വിഷപങ്കാളിയുടെ ക്ലാസിക് സ്വഭാവമാണ്. ഈ പ്രവണത പലപ്പോഴും ഹീറോയിസം ആയി എണ്ണപ്പെടുന്നു. അവരുടെ ദേഷ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നിങ്ങൾ മാത്രമാണെന്ന് അവർ വരുത്തിത്തീർക്കുന്നു. ഥപട് സിനിമയിലെ ആ രംഗം ഓർത്തുനോക്കൂ. എത്രയോ സ്ത്രീകൾ ദിനേന പ്രതികരണമില്ലാതെ ഈയവസ്ഥയിലൂടെ കടന്നു പോകുന്നു.

ഥപട് സിനിമയിലെ ഒരു രംഗം

3. കുറ്റബോധം:‘ഇര’ യിൽ കുറ്റബോധം സൃഷ്ടിക്കുന്നതിലൂടെ നിയന്ത്രണം ചെലുത്തുന്ന പ്രവണതയാണിത്. പ്രതിബദ്ധതയുള്ള ബന്ധത്തിലെ രണ്ട് വ്യക്തികൾക്കിടയിൽ മാത്രമല്ല, സുഹൃത്തുക്കൾക്കും , മാതാപിതാക്കൾക്കും അവരുടെ മുതിർന്ന കുട്ടികൾക്കും ഇടയിലും ഇത് സംഭവിക്കാം. ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്യുമ്പോൾ ഏത് സമയത്തും കുറ്റബോധം തോന്നാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുറ്റബോധം പ്രേരിപ്പിക്കുന്നയാൾ നിങ്ങളെ നിയന്ത്രിക്കുന്നു. ഉദാഹരണത്തിന്, ഞായറാഴ്ച അത്താഴത്തിന് നിങ്ങൾ വരാത്തതിൽ നിങ്ങളുടെ അമ്മ എത്രമാത്രം നിരാശയായിരുന്നുവെന്ന് പറയാൻ നിങ്ങളുടെ അച്ഛൻ വിളിക്കുന്നു.
ഈ നിയന്ത്രണം കുറ്റബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമല്ല, താൽക്കാലികമായി നിങ്ങളിലേർപ്പെടുത്തിയ കുറ്റബോധത്തെ നീക്കംചെയ്യുന്നതിലൂടെയും സംഭവിക്കാം. കുറ്റബോധം ഉള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം, കുറ്റബോധം നീക്കം ചെയ്യുന്ന എന്തും അഭികാമ്യമാണ്, അതിനാൽ തന്നെ വളർത്തുന്നയാൾ അതിനെ നിയന്ത്രണോപാധിയാക്കുന്നു. കുട്ടികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ നിയന്ത്രണ രീതിയാണ് കുറ്റബോധം. അങ്ങനെ condition ചെയ്യപ്പെട്ടവർക്കു അത് പങ്കാളി ചെയ്യുമ്പൊഴും അസ്വാഭാവികതയൊന്നും തോന്നുന്നില്ല എന്നതാണ് വാസ്തവം.

4. അമിതപ്രതികരണം:അവർ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് അതൃപ്തിയോ വേദനയോ ദേഷ്യമോ ഉണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും പറയാൻ ശ്രമിക്കുകയും അതിലവർ അസന്തുഷ്ടിയും കോപവും വേദനയും പ്രകടിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു അമിതപ്രതികരണമുള്ള ആൾ അഥവാ ഡിഫ്ലെക്ടറുമായി ഇടപെടുകയാണ്. തൽഫലമായി നിങ്ങൾക്ക് സ്വയം ആശ്വാസം പകരുന്നതിനുപകരം അവരെ നിങ്ങൾ ആശ്വസിപ്പിക്കുന്നു. സാവധാനം പ്രകോപനം നഷ്ടപ്പെട്ട വ്യക്തിയായി നിങ്ങൾ പരിണമിക്കുന്നു.

5.ആശയക്കുഴപ്പം:ഏതെങ്കിലും തെറ്റോ അസുഖകരമായ കാര്യങ്ങളോ ചൂണ്ടിക്കാണിച്ചാൽ ക്ഷമാപണത്തിനുപകരം,അവർ സഹതാപം പിടിച്ചു പറ്റാവുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നു. ‘പക്ഷേ നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ?’ എന്ന ചോദ്യം കൊണ്ട് പെട്ടെന്നു വിമർശനത്തെ മാറ്റിസ്ഥാപിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായ്മ അവരെ ആ തെറ്റിലേക്ക് നയിച്ചെന്നാവും ന്യായീകരണം.

6. അമിതാശ്രയത്വം:നിഷ്​ക്രിയരായിരിക്കുകയും അവനവന്റെ തീരുമാനങ്ങൾ കൂടി പങ്കാളിയെ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഒരു രീതി. അത്താഴത്തിന് എന്ത് എന്നത് മുതൽ ഏത് കാർ വാങ്ങണം എന്നത് വരെ. ഓർക്കുക, ആ തീരുമാനത്തിന്റെ ഫലത്തിന് ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. “തെറ്റായ” തീരുമാനം എടുത്തുപോയാൽ, അതായത് അവർ ആസ്വദിക്കാത്ത ഒരു സിനിമയോ റെസ്റ്റോറന്റോ നിങ്ങൾ തിരഞ്ഞെടുത്താൽ, അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പം വാരാന്ത്യം ചെലവഴിക്കാൻ തിരഞ്ഞെടുത്താൽ പങ്കാളിയും ഒപ്പം വരുന്നു, എന്നാൽ രണ്ട് ദിവസത്തേക്ക് ആരോടും സംസാരിക്കില്ല.

നിഷ്‌ക്രിയത്വം വളരെ ശക്തമായ ഒരു നിയന്ത്രണ മാർഗമാണ്. നിങ്ങൾ ഒരു നിഷ്ക്രിയ കൺട്രോളറുമായുള്ള ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ, നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ പങ്കാളിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വിഷമിക്കുന്നു. എല്ലാ തീരുമാനങ്ങളും എടുക്കുന്നതിലൂടെ നിങ്ങൾക്ക് നിരന്തരമായ ഉത്കണ്ഠയും ക്ഷീണവും അനുഭവപ്പെടുന്നു. നിരന്തരമായ ഉത്കണ്ഠ തലച്ചോറിൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ അമിതോപയോഗം ചെയ്യുകയും കാലക്രമത്തിൽ നാഡീകോശങ്ങളെ വിച്ഛേദിക്കുകയും ചെയ്യുന്നു.

7. അമിത സ്വാതന്ത്ര്യം:ഏതൊരു ബന്ധവും Independance നേക്കാൾ Intetdependance ആവശ്യപ്പെടുന്നുണ്ട്. ചില ബന്ധങ്ങൾ ഒറ്റയാൾ തീരുമാനങ്ങളാവും, പലപ്പോഴും അവ നടപ്പാക്കുന്നതിൽ പരാജിതമെങ്കിലും എന്നെയാരും ഭരിക്കേണ്ട എന്ന പ്രഖ്യാപനമാവും മുഴങ്ങിക്കേൾക്കുക. പലപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന സംശയം പങ്കാളിയിൽ ജനിപ്പിക്കും വിധം അകന്നു നിൽക്കും ഇവർ. പങ്കാളിക്ക് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണിവിടെയുണ്ടാവുക

8. മുതലെടുപ്പ്:മുതലെടുപ്പുകാർ പ്രത്യേകിച്ച് ഒരു ബന്ധത്തിന്റെ തുടക്കത്തിൽ - പലപ്പോഴും വളരെ നല്ല, മര്യാദയുള്ള, മനോഹരമായ വ്യക്തികളാണെന്ന് തോന്നിപ്പിക്കുന്നു. ഇത്തരം ബന്ധത്തെ നിർവചിക്കുന്നത് അതിന്റെ വൺ-വേ സ്വഭാവമാണ്, അവരുടെ ആഗ്രഹങ്ങളെ "പൂർണമായും' നിറവേറ്റാൻ കഴിയാതെ തന്നെ നിങ്ങൾ അവസാനിക്കും. അവരുടെ ആഗ്രഹപൂർത്തീകരണത്തിന് നിങ്ങളെക്കാൾ മെച്ചപ്പെട്ട മറ്റൊരാളെ കണ്ടെത്തിയാൽ അവർ നിങ്ങളെ ഉപേക്ഷിക്കും.
ഏതൊരു ബന്ധത്തിലും ഏറിയും കുറഞ്ഞും ഇവയുണ്ട്. ഒരു ബന്ധത്തിൽ അഡ്ജസ്റ്റ് ചെയ്യുന്നയാൾ ഒരാൾ മാത്രമായിരിക്കുകയും മറ്റെയാൾ നിങ്ങളുടെ സ്വത്വത്തെ നിരാകരിക്കുകയും ചെയ്യുന്നുവെങ്കിൽ തന്മൂലം persistent unhappiness എന്ന അവസ്ഥ സംജാതമാകുന്നുവെങ്കിൽ ആ ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. അങ്ങനെ ഒഴിവാക്കി വരുന്നവരെ കൂടെ നിർത്തുന്ന തരത്തിൽ നമ്മുടെ സാമൂഹ്യസാഹചര്യം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.
ഒരു സൈക്കിൾ ഓടുമ്പോഴും സ്റ്റാൻഡ് അതിന്റെ കൂടെത്തന്നെയുണ്ട്. നിർത്തേണ്ടിടത്തു നിർത്താൻ നമുക്ക് കഴിയണം, കുറഞ്ഞപക്ഷം നിങ്ങളുടെ ആഗ്രഹങ്ങളെ കഴിവുകളെ പണയപ്പെടുത്തി നേടാൻ മാത്രമില്ല ലോകത്തൊരു സ്നേഹവും ബന്ധവും.

ശാരീരിക പീഡനങ്ങളിലേക്ക് പ്രവേശിക്കുന്ന ഏതൊരു ബന്ധവും പുനർവിചിന്തനമന്യേ വിച്ഛേദിക്കപ്പെടേണ്ടതാണ്. മറിച്ചു അന്തർലീനമായ മാനസികപ്രശ്നമാണ് കാരണമെങ്കിൽ ചികിത്സയും കൗൺസിലിംഗും പരിഗണിക്കാം.

പ്രതിരോധശക്തിയുള്ള മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു പുതിയ പുതിയ വേരിയന്റുകൾ സൃഷ്ടിക്കാൻ തക്ക ബലമുള്ള വൈറസാണ് musculinity.
അതിനുള്ള വാക്‌സിൻ "സാമ്പത്തികസ്വാതന്ത്ര്യം+ വിദ്യാഭാസം + X = സ്ത്രീ സ്വാതന്ത്ര്യം’ എന്ന സമവാക്യത്തിലാവേണ്ടിയിരിക്കുന്നു. ആ X ന്റെ മൂല്യം കണ്ടുപിടിക്കുകയാണ് ഇനി പ്രധാനമെന്ന് തോന്നുന്നു.

റഫറൻസ് :
https://www.drlillianglass.com/wp-content/uploads/2015/06/Toxic-People_ebook.pdf
https://onlinelibrary.wiley.com/doi/full/10.1111/inm.12735
https://time.com/5274206/toxic-relationship-signs-help/

Comments