സിദ്ധാർത്ഥനെ രക്ഷിക്കണം, അവന് മരുന്നും ഭക്ഷണവും വേണം

സിദ്ധാർത്ഥനെക്കുറിച്ച് കുറച്ചു മുമ്പ് ട്രൂ കോപ്പി തിങ്കിൽ എഴുതിയിരുന്നു. വായിച്ച പലർക്കും അത് "കഥ' മാത്രമായി മാറുകയാണുണ്ടായത്. കരളലിയിക്കുന്ന കഥയെന്ന് പലരും അഭിനന്ദിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, അനുനിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നരകജീവിതം നയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് കഥയെഴുതി ട്രോഫി വാങ്ങാനുള്ള ഉദ്ദേശമില്ല. എന്തൊക്കെ ഓർക്കാനുണ്ട് നമുക്ക്. സിദ്ധാർത്ഥന് വിരൽകൊണ്ട് സ്‌ക്രോൾ ചെയ്ത് കളയാവുന്ന പ്രാധാന്യം കൊടുത്താൽ മതിയാകും. മനുഷ്യന്റെ അവകാശങ്ങളെക്കുറിച്ചും ഇറങ്ങുന്ന സിനിമകളുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനെക്കുറിച്ചും ജെൻഡർ ഇഷ്യൂസിനെപ്പറ്റിയും രാഷ്ട്രീയത്തെക്കുറിച്ചും അരാഷ്ട്രീയത്തെപ്പറ്റിയും ഒക്കെ ഒക്കെ സംസാരിക്കാൻ നമ്മൾ തന്നെ വേണമല്ലോ.. ഒരു പണിയും എടുക്കാൻ വയ്യാത്തവർ തെണ്ടിത്തിരിയുകയല്ലാതെ നിവൃത്തിയില്ല (അവർ അരുമില്ലാത്തവരാണെങ്കിൽ പ്രത്യേകിച്ചും).

നിങ്ങളുടെ ഉമ്മറത്ത് പാത്രവുമായി സിദ്ധാർത്ഥൻ വരുമ്പോൾ ഒരു പിടി ചോറ് കൊടുക്കുന്നതിൽ നിങ്ങൾക്ക് വിരോധം ഉണ്ടാവില്ല. പക്ഷേ അവിടെ തീരുന്നു ഒരു മനുഷ്യജീവിയോടുള്ള പരിഗണന. ആകെ ആശ്രയമായി ഉണ്ടായിരുന്ന അമ്മ പോയതോടെ തെണ്ടിയും കച്ചറ പെറുക്കിയും വിശപ്പടക്കാനുള്ള ലൈസൻസ് അവന് പതിച്ചു കിട്ടിയിട്ടുമുണ്ട്. പക്ഷേ, ഭയവും ബോധവുമുള്ളപ്പോഴൊക്കെ അനുഭവിക്കുന്ന കഠിനമായ ഒറ്റയാവലും അവനെ കൊണ്ടു പോവുകയാണ്. രാത്രികളിൽ ഇപ്പോൾ നിലവിളി കൂടിക്കൂടി വരുന്നു. പട്ടികളില്ലായിരുന്നുവെങ്കിൽ അവൻ അമ്മയ്ക്ക് പിറകെ പോയേനെ. ഏകാന്തത അത്ര കാല്പനികമല്ലെന്ന് സിദ്ധാർത്ഥനെ കാണുമ്പോൾ തോന്നാറുണ്ട്.

ഇത്തിരി ചോറ് കൊടുക്കാൻ ഇന്നലെ ഉമ്മറത്തു ചെന്നുനിന്ന് വിളിച്ചപ്പോഴാണ് കുറച്ചു ദിവസത്തിന് ശേഷം അവനെ കാണുന്നത്. ഷർട്ടുണ്ടായിരുന്നില്ല. അവനൊരു വാഴനാര് പോലെ മെലിഞ്ഞിരിക്കുന്നു. പുറത്തായ എല്ലുകളും മുഴപ്പുകളും ഭീതിപ്പെടുത്തുന്നതാണ്. പരസ്പരവിരുദ്ധമായി സംസാരിക്കുന്നു. ആരും സംസാരിക്കാനില്ലാത്തത് കൊണ്ട് പട്ടികളോട് മാത്രം സംസാരിക്കുന്ന സിദ്ധാർത്ഥൻ.

എന്റെ കണ്മുന്നിൽ ഒരു മനുഷ്യൻ ഉരുകി തീരുകയാണ്. റേഷൻ കട ഉള്ളതുകൊണ്ട് മാത്രം ജീവിച്ചു പോകുന്ന എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. സിദ്ധാർത്ഥനെ രക്ഷിക്കണം. അവന് മരുന്നും ഭക്ഷണവും സാന്ത്വനവും ആവശ്യമാണ്.



പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments