truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 01 July 2022

truecoppy
Truecopy Logo
Readers are Thinkers

Friday, 01 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
sidh

Obituary

സിദ്ധാർത്ഥൻ

സിദ്ധാര്‍ത്ഥാ,
പുഴുവരിച്ച നിന്റെ
വംശ ചരിത്രം ഇനിയുറങ്ങട്ടെ,
നീയും

സിദ്ധാര്‍ത്ഥാ, പുഴുവരിച്ച നിന്റെ വംശ ചരിത്രം ഇനിയുറങ്ങട്ടെ, നീയും!

സിദ്ധാര്‍ഥന്‍ എന്ന തീര്‍ത്തും നിസ്വനായ ഒരു മനുഷ്യനെക്കുറിച്ച് പി.എസ്. റഫീക്ക് 'തിങ്കി'ല്‍ എഴുതിയിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചിറങ്ങിയവര്‍. ഹൈസ്‌കൂള്‍ ക്ലാസില്‍ പഠനം നിര്‍ത്തിയ അയാള്‍ നിര്‍മാണതൊഴിലാളിയായി. പിന്നീട് അയാള്‍ പതുക്കെപ്പതുക്കെ മൗനിയായി. കുറച്ചു പട്ടികള്‍ മാത്രമായി സിദ്ധാര്‍ഥന് സ്വന്തം. സിദ്ധാര്‍ഥനും അമ്മയും മാത്രമുള്ള ജീവിതം അതീവ സംഘര്‍ഷഭരിതമായിരുന്നു. ഒടുവില്‍ അമ്മ മരിച്ചു. അയാളും പട്ടികളും തനിച്ചായി. തെണ്ടിയും കച്ചറ പെറുക്കിയും ജീവിക്കുന്ന അയാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയും റഫീക്ക് എഴുതിയിരുന്നു. ഇപ്പോള്‍, സിദ്ധാര്‍ഥനും മരിച്ചുപോയിരിക്കുന്നു. ആ മരണത്തെക്കുറിച്ചാണ്​ ഈ എഴുത്ത്​

6 Jan 2022, 03:27 PM

പി. എസ്. റഫീഖ്

ഭിക്ഷാടനത്തെ ഇന്ത്യന്‍ ആത്മാവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയുണ്ട് ഗുരു നിത്യയുടേതായി. ഇന്ത്യ പിച്ചക്കാരുടെ നാടായതുകൊണ്ടാണ് പുരോഗതി നേടാത്തതെന്ന് ഒരാള്‍ അദ്ദേഹത്തോട് വാദിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഭിക്ഷാടനം കുറവായതുകൊണ്ട്, ഉദാഹരണത്തിന് അമേരിക്ക പോലുള്ള രാജ്യങ്ങളിലൊക്കെ എന്തു മാത്രം പുരോഗതി ഭിക്ഷാടനമില്ലാത്തതു കൊണ്ടുണ്ടായി എന്നും സമര്‍ത്ഥിക്കുന്നു.

ഗുരു നിത്യ അതിനെ നേരിട്ടത് ശരിക്കും ബുദ്ധനെ തൊട്ടു കൊണ്ടായിരുന്നു. അദ്ദേഹത്തോടുകൂടെ ഭിക്ഷാപാത്രവും ഭിക്ഷു എന്ന വിശേഷണവും ഉണ്ട്. കൊടുക്കാന്‍ ചുരുട്ടിപ്പിടിച്ച കയ്യിന്റെ നേരെയേ വാങ്ങാന്‍ നിവര്‍ത്തിപ്പിടിച്ച കൈ ഉണ്ടാവാറുള്ളൂ. ആരെങ്കിലും എന്തെങ്കിലും കൊടുത്താലല്ലേ വാങ്ങാനാളുണ്ടാവൂ. ഇന്ത്യ എന്ന സങ്കല്‍പം നിലനില്‍ക്കുന്നത് കൊടുക്കലിന്റെ, പങ്കു വയ്ക്കലിന്റെ, സഹകരണത്തിന്റെ ആന്തരതാളത്തിലാണ്. യാഥാര്‍ത്ഥ്യം അതല്ലെങ്കില്‍ തന്നെയും. യഥാര്‍ത്ഥത്തില്‍ ബുദ്ധന്‍ രാജ്യമുപേക്ഷിച്ച് കയ്യിലൊരു ഭിക്ഷാപാത്രവുമായി നടന്നത് മനുഷ്യരുടെ കരുണയെ വെളിയില്‍ കൊണ്ടുവരാനാണെന്നും ഇന്ത്യയുടെ പാരമ്പര്യം എന്തായിരുന്നുവെന്നും വിശദീകരിക്കുകയായിരുന്നു യതി.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

പുതുവര്‍ഷം പിറക്കുന്നതിന് തൊട്ടു മുമ്പ് നീണ്ടു പൊയ്ക്കൊണ്ടിരുന്ന സിനിമാ ചര്‍ച്ചയ്ക്കായി എറണാകുളത്തേക്ക് പോകാന്‍ തിടുക്കപ്പെടുകയായിരുന്നു ഞാന്‍. സിദ്ധാര്‍ത്ഥന്‍ ഗേറ്റില്‍ കിടക്കുന്നുവെന്ന് മകള്‍ വന്നു പറഞ്ഞു. ഒരഭയ സ്ഥാനം എന്ന നിലയിലാകണം അവനവിടെ വന്നിരിക്കാറുണ്ട്. ഇടയ്ക്ക് കിടക്കുകയും. ചെന്നു ചോദിച്ചപ്പോള്‍ അല്‍പം വെള്ളം വേണമെന്ന് പറഞ്ഞു. നാരങ്ങാ വെള്ളം പഞ്ചാരയിട്ടത്. അല്ലെങ്കില്‍ ചെറിയ സ്​പ്രിന്റോ, ഫിസ് എന്ന ഡ്രിങ്കോ വേണം. ഏതായാലും നാരങ്ങാവെള്ളം പെട്ടെന്നെത്തി. ചോറു തരട്ടേയെന്ന് ചോദിച്ചപ്പോള്‍ കഴിക്കാന്‍ വയ്യ എന്നു മാത്രം പറഞ്ഞു. എറണാകുളത്തെത്തിയതിനു ശേഷം വീട്ടിലേക്കു വിളിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു പോയി എന്ന വിവരം കിട്ടി.

dev
പി.എസ്. റഫീഖ് എഴുതിയ 'സിദ്ധാർത്ഥന്റെ പട്ടികള്‍' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം

ഇടയ്ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. അമ്മ മരിച്ചതിനു ശേഷം ഒറ്റ ജീവിതത്തോടുള്ള പോരിനെന്നോണം അവന്‍ കാലുറപ്പിച്ചു നടന്നിരുന്നു. കൂടെ പട്ടികളും. പലയിടത്തു നിന്നും പരാതികളുയര്‍ന്നിരുന്നു. പട്ടികള്‍ കോഴിയെയും താറാവിനെയും പിടിക്കുന്നു. കുട്ടികളെ ഓടിക്കുന്നു എന്നെല്ലാം.. പട്ടികളെ ഓടിച്ചു വിടാന്‍ പറഞ്ഞവരോടൊക്കെ അവരുള്ളതു കൊണ്ടാണ് ഞാനുറങ്ങുന്നതെന്ന് അവന്‍ മറുപടി പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു. ആരോ അവനെ ആക്രമിക്കാനോ കൊല്ലാനോ വരുന്നുണ്ടെന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. രാത്രിയിലാണതുണ്ടാവാറ്. വരുന്നത് ശരീരിയോ അശരീരിയോ ആയി മാറാറുണ്ട്. ഉച്ചാടനത്തിനിടയില്‍ കേട്ടാലറയ്ക്കുന്ന തെറികള്‍ പറയാറുണ്ട്. തെറി അധികമാകുന്നത് ചോദ്യം ചെയ്തപ്പോള്‍ അവന്‍ പറഞ്ഞ മറുപടികള്‍ ഇതൊക്കെയായിരുന്നു.

അവന്റെ തെറികളും നിലവിളികളും കൂട്ടത്തിലുണ്ടാകുന്ന പട്ടി കുരയുമെല്ലാം ആരുടെയോ നോവലിലെയോ കഥയിലെയോ സിനിമയിലെയോ കഥാപാത്രമാക്കി എന്നെ മാറ്റി. ആഫ്രിക്കന്‍ കാടുകളിലെവിടെയോ പാതിരയില്‍ മൃഗത്തോലിന്റെ പരുക്കന്‍ താളത്തിനിടയിലെ മന്ത്രോച്ഛാരണം പോലെ അവന്റെ തെറികള്‍ ഞങ്ങളുടെ ദേശത്തിന്റെ ഇരുട്ടില്‍ മുഴങ്ങി..
പക്ഷേ പകല്‍ വെട്ടത്തില്‍ അവന്‍ ചിലപ്പോഴൊക്കെ ധ്യാനത്തിനിടയിലെ വെളിപാടെന്ന പോലെ പറഞ്ഞു. "എനിക്കാരുമില്ലാത്തതുകൊണ്ടാണ് ഞാന്‍ തെറി പറയുന്നത്.'

വാസ്തവത്തില്‍ അതായിരുന്നു ശരി. ആരുമില്ലായ്മയെ, ഒന്നുമില്ലായ്മയെ, നിറത്തെ ഒക്കെയാണവന്‍ തെറി വിളിച്ചിരുന്നത്. അതിന് കാരണമായ ജാതിയെ മാത്രമാണവന്‍ പൊലയാട്ടു പറഞ്ഞിരുന്നത്. പട്ടികള്‍ക്കതറിയാമായിരുന്നു. അതുകൊണ്ടാണ് തെറിക്കകമ്പടിയെന്നോണം അവ ഉഗ്രമായി കുരച്ചിരുന്നത്. അവനെ ഒറ്റയാക്കിയ ഇതേ മാലിന്യം തന്നെയായിരുന്നു അവനെ രാത്രികളില്‍ വേട്ടയാടിയിരുന്നതും.

കുറച്ചു നാളായി എല്ലാ ഗേറ്റുകളിലും സിദ്ധാര്‍ത്ഥന്‍ ഇടവിട്ട് എത്തിയിരുന്നു. ചെന്നിടത്തു നിന്നെല്ലാം ആളുകള്‍ അവനെ ഊട്ടി. പട്ടികളെ അവനും. ആരുടെയും ഗേറ്റിനകത്തേക്ക് അവന്‍ കയറിയില്ല. പണ്ടേ പുറത്താക്കപ്പെട്ടവനെന്ന ബോധം മറികടക്കാന്‍ അവനാകുമായിരുന്നില്ല....

പ്രത്യാശയും സ്നേഹവുമായി കടന്നുവന്ന ജനുവരിയില്‍ പുതു വര്‍ഷം ആശംസിച്ചും സന്തോഷിച്ചും  2022 നെ ഞങ്ങള്‍ വരവേറ്റു. ചര്‍ച്ച പിന്നെയും പാതിയില്‍ നിര്‍ത്തി മൂന്നാം തിയതി ഞാന്‍ വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ പതിവു പോലെ കവലയിലേക്ക് പോയി.

ALSO READ

സിദ്ധാര്‍ത്ഥന്റെ പട്ടികള്‍

അന്നു വൈകുന്നേരം ഉദ്ദേശം ആറരയായപ്പോള്‍ വീട്ടില്‍ നിന്നു വിളിക്കുന്നു. രണ്ട് ദിവസമായി സിദ്ധാര്‍ത്ഥനെ പുറത്തു കണ്ടിട്ട്. ദാ ഇപ്പോള്‍ ചുറ്റുമുള്ള രണ്ടു പേര്‍ നോക്കുന്നുണ്ട്. നോക്കുന്നവരുടെ ശബ്ദം ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ എനിക്കു കേള്‍ക്കാം. "തീര്‍ന്നു'........

അതെ തീര്‍ന്നു. എത്രയോ പേര്‍ തീരുന്നു. ആരോരുമറിയാതെ.. എന്തെല്ലാമിവിടെ തീര്‍ന്നിരിക്കുന്നു. ചരിത്രങ്ങള്‍.. സിംഹാസനങ്ങള്‍.. രാജ്യങ്ങള്‍... രാജാക്കന്മാര്‍... ഏകാധിപതികള്‍....
അവനന്ന് ഞാനിറങ്ങാന്‍ നേരം ഗേറ്റില്‍ വന്നു കിടന്ന് മൗനമായി യാത്ര പറയുകയായിരുന്നു. കത്തിക്കിടക്കുന്ന ബള്‍ബും പട്ടികളുടെ മൂകതയും വീടിന്റെ നിശ്ശബ്ദതയും ആളുകളെ അവിടേക്കൊന്നെത്തി നോക്കാന്‍ പ്രേരിപ്പിച്ചത് നന്നായി. മൃതദേഹം പുഴുവരിച്ചിരുന്നു. കയറി നോക്കിയ എന്നോട് അവന്റെ തുറന്നു പിടിച്ച കണ്ണുകള്‍  "റോഡില്‍ നിന്ന് പതിവു പോലെ വിളിക്കാതിരുന്നതെന്തെ' ന്ന് ചോദിച്ചു. അതെ ഒരു വിളിച്ചു ചോദ്യത്തിന്റെ കുറവു കൊണ്ട് അവന്‍ മരിച്ചിട്ട് രണ്ടു ദിവസമായെന്ന് ആരും അറിഞ്ഞില്ല.

ബൈസ്റ്റാന്‍ഡറില്ലാത്ത ലോകമാണിത്. കൂട്ടിരിക്കാന്‍, പരിചരിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ അവന്‍ ഒരു പക്ഷെ.. അല്ലെങ്കില്‍ ആര്‍ക്കാണിവിടെ ബൈസ്റ്റാന്‍ഡറുള്ളത്...
പ്രിയരേ.. സിദ്ധാര്‍ത്ഥനെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. അവനു വേണ്ടി നന്ദി പറയാന്‍ മറ്റാരുമില്ലാത്തതു കൊണ്ട് ഞാന്‍ പറയട്ടെ...
നീ ഉറങ്ങുക.. പുഴുവരിച്ച നിന്റെ വംശ ചരിത്രവും ഇനിയുറങ്ങട്ടെ.

  • Tags
  • #P.S. Rafeeque
  • #Obituary
  • #Life
  • #Dalit
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
ambika

Obituary

ജോയ്​സി ജോയ്​

അംബികാ റാവു: സങ്കടം നിറഞ്ഞ ഒരു സിനിമ

Jun 29, 2022

4 minutes read

 Nalini-Jameela-home.jpg

Life

മണിലാല്‍

നളിനി  ജമീലക്ക് എഴുപതാം പിറന്ത നാള്‍

Jun 25, 2022

5 Minutes Read

education

Education

റിദാ നാസര്‍

എസ്​.എസ്​.എൽ.സി റിസൾട്ട്​: മറന്നുപോകുന്ന ആ 1327 വിദ്യാർഥികളെക്കുറിച്ച്​

Jun 21, 2022

12 Minutes Read

cov

Environment

Truecopy Webzine

പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം, ബഫര്‍ സോണ്‍: തീ​വ്രവാദമല്ല, സംവാദം

Jun 20, 2022

8 minutes read

cov

Life

Delhi Lens

ഭരണകൂടമേ, അവര്‍ക്കിപ്പോഴും ജീവനുണ്ട്

Jun 19, 2022

9 Minutes Read

vpr

Obituary

അനസുദ്ദീൻ അസീസ്​

മാധ്യമപ്രവർത്തനത്തിന്റെ പുതിയ കാലത്ത്​ എങ്ങനെ വി.പി.ആറിനെ രേഖപ്പെടുത്തും?

May 12, 2022

8 minutes read

john

Obituary

ബിപിന്‍ ചന്ദ്രന്‍

കോടികൾ കിലുങ്ങുന്ന കലാവ്യവസായം കരുതലില്ലാതെ കൈകാര്യം ചെയ്​ത ഒരു കഥ; ജോൺ പോൾ

Apr 26, 2022

7 Minutes Read

thankaraj

Memoir

പി. എസ്. റഫീഖ്

കൈനകരി തങ്കരാജും ലിജോ ജോസും പിന്നെ ഞാനും...

Apr 05, 2022

4 Minutes Read

Next Article

ആരും മറുപടി പറയേണ്ടതില്ലാതെ കുഞ്ഞുങ്ങളും ഫയലുകളും മോഷ്ടിക്കപ്പെടുന്ന ആശുപത്രികള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster