ഈ പെൺകുട്ടികളുടെ ഭാഷ കേട്ട് ലീഗ് നേതാക്കൾ അങ്കലാപ്പിലാണ്

എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയിലെ പ്രവർത്തകർക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ എന്നിവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നൽകിയ പരാതിയെക്കുറിച്ചും, പരാതിയിൽ ഉറച്ചു നിന്ന ഹരിതയെ മരവിപ്പിക്കാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനത്തെക്കുറിച്ചും ഗവേഷക വിദ്യാർത്ഥി സിമി സാലിം പ്രതികരിക്കുന്നു.

രിതയെ നിർജീവമാക്കിക്കൊണ്ടുള്ള മുസ്​ലിം ലീഗ്​ നടപടി വൈരുധ്യങ്ങൾ നിറഞ്ഞതാണ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ് കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്, പാർട്ടി വളരെയധികം സമ്മർദത്തിലുമാണ്. എന്നാൽ എം.എസ്.എഫ് നേതാക്കൾക്കെതിരെയുള്ള പരാതി പിൻവലിക്കാൻ തയ്യാറാവാത്ത ഹരിതയെ ഫ്രീസ് ചെയ്യലായിരുന്നു മുസ്‌ലിം ലീഗിന്റെ അടുത്ത നടപടി. ഗുരുതരമായ ഒഫൻസ് ആണ് നടന്നത്. സ്ത്രീകളോട് സെക്ഷ്വലി അബ്യൂസിവ് ആയി പെരുമാറുകയെന്നത് ക്രിമിനൽ ഒഫൻസ് ആണെന്നിരിക്കെ, ഇവർക്കെതിരെ അടിയന്തര നടപടിക്ക് മുതിരാതെ ഹരിതയെ മരവിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്.

പ്രതിസ്ഥാനത്തുള്ളവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കുകയും, പാർട്ടിയിൽ പരാതി നൽകി മാസങ്ങളോളം നടപടിക്കായി കാത്തിരിക്കേണ്ടി വന്ന ഹരിതക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കുകയും ചെയ്യുന്നത് കൃത്യമായ മെയിൽ പ്രിവിലേജിന്റെ പ്രകടനമാണ്.

പുതിയൊരു പ്രതീക്ഷാനിർഭരമായ ന്യൂനപക്ഷ, സാമുദായിക രാഷ്ട്രീയമാണ് ഹരിതയിലെ പെൺകുട്ടികൾ മുന്നോട്ടു വെക്കുന്നത്. ഇതുവരെയുള്ളതിൽ നിന്ന്​കൂടുതൽ ഇൻക്ലൂസിവ് ആയ, ജനാധിപത്യപരമായ ഭാഷയാണ് ഇവരുടേത്. സാമ്പ്രദായിക മൂല്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പാർട്ടിയിൽ പ്രവർത്തിക്കുന്ന ഇത്തരമാളുകൾക്ക് ഒരുപാട് കോൺഫ്‌ളിക്ടുകൾ ഉണ്ടാവാം. അതിലൊക്കെ ഇവർക്ക് കൂടുതൽ ക്ലാരിറ്റി കൈവന്നിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളിൽ നിന്ന്​ വിദ്യാഭ്യാസം നേടിയ, കൂടുതൽ ഇൻക്ലൂസിവ് ആയ, ജനാധിപത്യപരമായ ഭാഷ സംസാരിക്കുന്ന സ്ത്രീകൾ മുന്നോട്ടു വന്നപ്പോൾ നേതാക്കളിലുണ്ടാവുന്ന അങ്കലാപ്പിനെ നമ്മളിവിടെ പരിഗണിക്കേണ്ടതുണ്ട്.

ഒരിക്കലും ഒരു കേഡർ പാർട്ടി സംവിധാനത്തിൽ നടക്കുന്ന ഒരു കാര്യമല്ലിത്. ലെഫ്റ്റ് പാർട്ടികളിൽ ആയാലും, കോൺഗ്രസിൽ ആണെങ്കിലും സ്ത്രീകൾ ഇതു പാേലെ ശക്തമായ ഒരു സ്റ്റാൻഡ് എടുക്കുന്നുത് ഞാൻ കണ്ടിട്ടില്ല.

Comments