എന്തുകൊണ്ട് പൂന്തുറ?

ദുരന്തമുഖങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ കൈ നീട്ടുമ്പോൾ മാത്രം മത്സ്യത്തൊഴിലാളികൾ മഹാന്മാരും സ്വയം സഹായം വേണ്ടിവരുമ്പോൾ അവർ ബോധമില്ലാതെ പെരുമാറുന്നവരുമാവുന്ന ആ മനോഗതിയുടെ പേര് തന്നെയാണ് വംശീയത. കോവിഡുമായി ബന്ധപ്പെട്ട് പൂന്തുറയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുനേരെ ഉയരുന്ന പൊതുബോധ മുൻവിധികളെ തുറന്നുകാട്ടുകയാണ് ലേഖിക

ഖിക്കും പ്രളയത്തിനും പിന്നാലെ ഒരിക്കൽകൂടി തിരുവനന്തപുരത്തെ മുക്കുവ സമുദായം കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്താഇടങ്ങളിലെത്തിയിരിക്കുകയാണ്. ഓഖിയിൽ അവർ ദുരന്തബാധിതരുടെ രൂപത്തിലായിരുന്നു. കേരളം കണ്ട വലിയ വെള്ളപ്പൊക്കത്തിൽ രക്ഷിതരുടെ രൂപത്തിൽ അവതാരമെടുത്ത അവർ കോവിഡിന്റെ കാലത്ത് വീണ്ടും ബാധിക്കപ്പെട്ടവരുടെ രൂപത്തിലാണ് മലയാളികൾക്ക് മുന്നിൽ അവതരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന് അഥവാ ഇവിടുത്തെ പൊതുസമൂഹത്തിന് ഉപകാരങ്ങൾ ചെയ്യുമ്പോൾ മാത്രം സ്വയം പരിഷ്‌കൃതരായും അല്ലാത്തപ്പോഴെല്ലാം അപരിഷ്‌കൃതരായും ഈ മത്സ്യത്തൊഴിലാളികൾ അവതരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാവും? പൂന്തുറയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ അവിടുത്തെ മത്സ്യത്തൊഴിലാളി സമൂഹം വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണെന്ന് വിധിച്ച ഓരോരുത്തരോടുമാണ് ചോദ്യം!

പച്ചമീൻ വെറുക്കുന്ന താരകുടുംബം
അരികുവൽക്കരിക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ അപൂർവമായി മാത്രം പതിഞ്ഞിട്ടുള്ള ഒരു ജനവിഭാഗമാണ് കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾ. തദ്ദേശീയരെന്നും തനത് ജനവിഭാഗമെന്നും തിരിച്ചറിഞ്ഞ് ആദിവാസി സമുദായങ്ങൾക്കുവേണ്ടി നിയമനിർമാണങ്ങൾ നടന്നപ്പോഴും മത്സ്യത്തൊഴിലാളികൾ പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. ആർഷഭാരത സംസ്‌ക്കാരത്താൽ രൂപപ്പെട്ടത് എന്ന് ഊറ്റം കൊള്ളുന്ന ഒരു രാജ്യത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തിൽ കാടിനുപുറമേ മറ്റൊന്നിനും ഇടം കിട്ടാത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പൂന്തുറ സ്വദേശി ഡോ.ജോൺസൻ ജെയ്മന്റ് നിരീക്ഷിക്കുന്നു. സംസ്‌ക്കാരത്തിൽ മാത്രല്ല, നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തിൽ പോലും കടലിനോ മത്സ്യത്തൊഴിലാളികൾക്കോ വലിയ പ്രാധാന്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

പൊതുസമൂഹത്തിന് ഉപകാരങ്ങൾ ചെയ്യുമ്പോൾ മാത്രം സ്വയം പരിഷ്‌കൃതരായും അല്ലാത്തപ്പോഴെല്ലാം അപരിഷ്‌കൃതരായും ഈ മത്സ്യത്തൊഴിലാളികൾ അവതരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാവും?

അതുകൊണ്ടു തന്നെയാണ് ഈ തൊഴിൽ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ള പൊതുധാരണകൾ എല്ലായ്‌പ്പോഴും അബദ്ധമാവുന്നതും അതിന് വലിയ തോതിൽ പ്രചാരം ലഭിക്കുന്നതും. ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന ഒരു താരകുടുംബത്തിലെ അംഗം അടുത്തിടെ താൻ മീൻകറി ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചപ്പോൾ പറഞ്ഞൊരു കാര്യമുണ്ട്. മീൻകറി ഉണ്ടാക്കാനും അത് എത്ര വേണമെങ്കിലും മടുക്കാതെ കഴിക്കാനും തനിക്കാവുമെന്നും എന്നാൽ പച്ചമീൻ കയ്യിലെടുക്കുന്നത് അറപ്പാണെന്നുമായിരുന്നു അവർ പറഞ്ഞത്. തനിക്ക് മാത്രമല്ല അമ്മയ്ക്കും വീട്ടിലെ മറ്റുള്ളവർക്കുമൊക്കെ പച്ചമീനിനോട് വെറുപ്പാണെന്നും അതുകൊണ്ടുതന്നെ മീൻ വാങ്ങുന്നതും വെട്ടി കഴുകുന്നതുമൊക്കെ വീട്ടുപണി ചെയ്യുന്ന ചേച്ചിയുടെ ഉത്തരവാദിത്വമാണെന്നും അവർ ആ വീഡിയോയിൽ പറഞ്ഞുവെച്ചു. സത്യത്തിൽ മലയാളികളുടെ പൊതുബോധത്തെ മറയൊന്നുമില്ലാതെ പരസ്യമാക്കുകയാണ് ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഈ യുട്യൂബർ ചെയ്തത്. നമ്മിൽ പലർക്കും ബീഫ് കഴിക്കാനിഷ്ടമാണ്, പക്ഷേ ഇറച്ചിവെട്ടുകാരോട് അറപ്പാണ്. ഡ്രെയിനേജും ഓടകളുമൊക്കെ നിറഞ്ഞുകവിയുന്നതിനെപ്പറ്റി പരാതി പറയാൻ ഒരു മടിയും വിചാരിക്കാത്തവരാണ് മലയാളികൾ, എന്നാൽ ആൾനൂഴികളിലേക്കിറങ്ങി അവ വൃത്തിയാക്കുന്ന മനുഷ്യരോടുള്ള അറപ്പും വെറുപ്പും പ്രകടിപ്പിക്കാൻ മടിയില്ല. മീൻ കൂട്ടാതെ ചോറുണ്ണാൻ വലിയ ബുദ്ധിമുട്ടാണ്, എന്നാൽ ആ മീൻ കടലിൽ പോയി പിടിച്ചുകൊണ്ടു വരുന്നവരുടെയും അത് തലച്ചുമടായി ചന്തകളിലും വീട്ടുമുറ്റത്തും എത്തിക്കുന്നവരുടെയും മീൻനാറ്റം സഹിക്കാൻ വലിയ പാടുമാണ്. ഇതാണ് നമ്മുടെയൊക്കെ അടിസ്ഥാന സ്വഭാവം. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാലേ പൂന്തുറയോടും മറ്റ് തീരദേശ ഗ്രാമങ്ങളിലുള്ളവരോടും നാം വച്ചുപുലർത്തുന്ന അവജ്ഞയുടെയും അതിൽ മറഞ്ഞിരിക്കുന്ന വംശീയതയുടെയും ആഴം വ്യക്തമാവുള്ളൂ.

താണ്ടാൻ ഏറെ കടലുകൾ

തിരുവനന്തപുരം ജില്ലയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളെല്ലാം കടൽത്തീരത്തോട് ചേർന്നാണ്. തലസ്ഥാന നഗരത്തിനടുത്തുള്ള പൂന്തുറയും മത്സ്യബന്ധന തുറമുഖമുള്ള വിഴിഞ്ഞവും പുല്ലുവിളയുമെല്ലാം വലിയ ജനവാസമേഖലകൾ തന്നെ. ആഗോള സംഘടനയായ ഐക്യരാഷ്ട്രസഭ തദ്ദേശീയ ജനവിഭാഗം(Indigenous Community) ആയി തിരിച്ചറിഞ്ഞ ഒരു വിഭാഗം കൂടിയാണ് തിരുവനന്തപുരത്തെ ലത്തീൻ കത്തോലിക്കരായ മുക്കുവ സമുദായക്കാർ. ഇത്തരം തദ്ദേശീയ സമൂഹങ്ങളുടെ പ്രത്യേകത കൂടി കണക്കിലെടുത്തു കൊണ്ടുള്ള വികസന നടപടികൾ കൈക്കൊള്ളണമെന്ന് യു.എൻ വേദികളിൽ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. തദ്ദേശീയ വിഭാഗങ്ങളുടെ വൈദഗ്ധ്യവും പരമ്പരാഗത അറിവും ചൂഷണം ചെയ്യുന്നതും കുറ്റകരമാണെന്നും യു.എൻ വ്യക്തമാക്കിയിട്ടുണ്ട്.

പൂർണമായും ആളുകളെ വീട്ടിലിരുത്താൻ പ്രാദേശിക അധികാര സ്ഥാപനങ്ങളായ പള്ളികൾക്കോ കുടുംബയൂണിറ്റുകൾ പോലുള്ള പ്രാദേശിക സംവിധാനങ്ങൾക്കോ പൊലീസിനോ ആരോഗ്യപ്രവർത്തകർക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം

ഏതുതരം ഭരണസംവിധാനത്തിന് കീഴിലായിരിക്കുമ്പോഴും തങ്ങളുടേതായ സാംസ്‌കാരിക ജീവിതം നയിക്കാനും പൊതുസമൂഹം അഥവാ മുഖ്യധാരാസമൂഹത്തിൽ നിന്ന് വ്യത്യസ്തമായുള്ള ജീവിതരീതികൾ തെരഞ്ഞെടുക്കാനും താൽപര്യപ്പെടുന്നവരാണ് പൊതുവേ ആദിമനിവാസികൾ അഥവാ ഇന്റിജീനിയസ് പീപ്പിൾ. കാടിനെയും കടലിനെയും മലയെയും ആശ്രയിച്ചു കഴിയുന്ന നിരവധി ആദിമനിവാസികൾ ലോകമെമ്പാടുമായുണ്ട്. മുക്കുവരായ മത്സ്യത്തൊഴിലാളികൾ ഇത്തരത്തിൽ ആദിമനിവാസി സ്വഭാവം കാണിക്കുന്നവരായിട്ടും സ്റ്റേറ്റിന്റെയും സർക്കാരിന്റെയും കണ്ണിൽ ഇവർ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തരല്ല. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ തനത് സ്വഭാവത്തെ അംഗീകരിക്കുന്നവർ കടൽപ്പണിക്കാരുടെ തനത് സ്വഭാവത്തെ നിരാകരിക്കുന്നു. അതിന് രാഷ്ട്രീയ, സാമൂഹിക കാരണങ്ങളും അവർക്ക് ചൂണ്ടിക്കാട്ടാനുണ്ടാവും. ലത്തീൻ കത്തോലിക്ക സഭ എന്ന പ്രബലമായൊരു അധികാരവർഗത്തിന്റെ സംരക്ഷണം മുക്കുവ സമുദായത്തിനുണ്ടെന്നതാണ് എപ്പോഴും ഉയർന്നു കേൾക്കുന്നൊരു ന്യായീകരണം. ആദിവാസി സമൂഹത്തെക്കാൾ വേഗത്തിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ തനത് സ്വത്വത്തിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്നതും വിദേശരാജ്യങ്ങളിലേക്കുള്ള പലായനം വർധിച്ചതും വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നതി പരക്കെ ആർജിക്കാനാവുന്നുണ്ട് എന്നതുമൊക്കെ കേരളത്തിലെ മുക്കുവ സമൂഹത്തെപ്പറ്റി പൊതുവേ ഉയരാറുള്ള നിരീക്ഷണങ്ങളാണ്. എന്നാൽ പരമ്പരാഗത മത്സ്യബന്ധന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കടക്കാൻ കടമ്പകൾ ഏറെ അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

അറിയണം, കടപ്പുറത്തെ ജീവിതം

പൂന്തുറയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങൾ വിശദമായി പരിശോധിച്ചാൽ തന്നെ ഈ കടമ്പകളുടെ വ്യാപ്തി മനസിലാവും. കഷ്ടിച്ച് ഒരു കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് നാലായിരത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം ജില്ലയിലെ കോവിഡ് കേസുകളുടെ എണ്ണം ഉയർന്നുതുടങ്ങിയപ്പോൾ തന്നെ തീരദേശമേഖലയിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അടിയന്തര ശ്രദ്ധ എത്തണമായിരുന്നു. കാരണം, പൂന്തുറ പോലെ വിഴിഞ്ഞവും പുല്ലുവിളയും പൂവാറും അഞ്ചുതെങ്ങും മര്യനാടും എല്ലാം ആയിരക്കണക്കിന് മനുഷ്യർ ചെറിയൊരു സ്ഥലത്ത് തിങ്ങിപ്പാർക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങളാണ്.

വിഴിഞ്ഞത്ത് പണി പുരോഗമിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനുവേണ്ടി അശാസ്ത്രീയമായി കടലിൽ കല്ലിട്ടതിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കാൻ വിധിക്കപ്പെട്ടത് വിഴിഞ്ഞത്തിന് വടക്കുള്ള പൂന്തുറ പോലുള്ള തീരപ്രദേശങ്ങളാണ്

സാമൂഹികഅകലം പാലിക്കുക എന്നത് ഇവിടങ്ങളിൽ ഏറെക്കുറെ അസാധ്യവുമാണ്. മാത്രമല്ല, നേരത്തെ സൂചിപ്പിച്ച തദ്ദേശീയ സമൂഹത്തിന്റേതായ ചില പ്രത്യേകതകൾ കാരണവും ഈ മേഖല അധികൃതരുടെ ഭാഗത്തുനിന്ന് അതീവഗൗരവം അർഹിച്ചിരുന്നു.
മറ്റ് ഭൂരിഭാഗം പിന്നോക്ക സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി മുക്കുവർക്കിടയിൽ കുടുംബത്തിലെ സ്ത്രീയ്ക്കാണ് പിന്തുടർച്ചാവകാശം. അതുകൊണ്ടുതന്നെ സ്ത്രീകളെയല്ല, പകരം പുരുഷനെയാണ് കല്യാണം കഴിച്ചയക്കുന്നത്. മകളും ഭർത്താവും കുട്ടികളും സ്വന്തം വീട്ടിൽ തുടരുന്നു. സ്ഥലപരിമിതി മൂലവും ഭൂമിയുടെ ഉടമസ്ഥാവകാശം കുറവായതിനാലും ഒന്നോ രണ്ടോ മുറികളുള്ള ചെറിയ വീടുകളിൽ മാതാപിതാക്കളും മക്കളും പേരക്കുട്ടികളും ഒരുമിച്ച് കഴിയുന്നു. അംഗങ്ങൾ കൂടുതലെങ്കിൽ, വീട്ടിലെ അവിവാഹിതരായ മക്കളുടെ രാത്രിയിലെ ഉറക്കം കടപ്പുറത്തായിരിക്കും. കടൽപ്പണി കഴിഞ്ഞെത്തുന്ന പുരുഷന്മാർ ഉറങ്ങിയെണീറ്റാലുടനെ നേരെ പോവുന്നതും കടപ്പുറത്തേക്കായിരിക്കും. തലേന്നത്തെ പണിയെപ്പറ്റിയുള്ള വിനിമയങ്ങൾ, പുരുഷന്മാരുടെ പ്രധാന വിനോദമായ ചീട്ടുകളി, കീറിയോ ഉരഞ്ഞോ പോയ വലകൾ നന്നാക്കിയെടുക്കുക (എന്നാലെ പിറ്റേന്നത്തെ പണി നടക്കൂ) എന്നിങ്ങനെ ആണുങ്ങളുടെ ഈ കടപ്പുറത്ത് പോയിരിപ്പിന് പിന്നിൽ പല കാരണങ്ങളുമുണ്ടായേക്കും. വീട്ടുപണികളും മറ്റ് ഉത്തരവാദിത്വങ്ങളും തീർത്ത്, വൈകിട്ടാണ് സ്ത്രീകൾ കുട്ടികളുമായി കടപ്പുറത്തേക്കിറങ്ങുക. ഒരുമിച്ച് കൂട്ടം കൂടിയിരുന്ന് വർത്താനം പറയുക, കല്ലുകൊണ്ടോ പുളിങ്കുരു കൊണ്ടോ കളിക്കുക എന്നിങ്ങനെയുള്ള മാനസികോല്ലാസം നൽകുന്ന പരിപാടികളാണ് സ്ത്രീകൾക്കുള്ളത്. ഇതേ കടപ്പുറത്ത് തന്നെ വൈകുന്നേരങ്ങളിൽ പത്ത് മുതൽ 30 വയസ് വരെ പ്രായമുള്ള യുവാക്കളും ഫുട്‌ബോളും ക്രിക്കറ്റും കളിക്കാനും എത്തും. ഇത്തരത്തിൽ ഒരു തീരദേശ ഗ്രാമത്തിൽ താമസിക്കുന്നവരുടെ സാമൂഹിക ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ് കടപ്പുറത്തെ വൈകുന്നേരങ്ങൾ. കോവിഡും ലോക്ക്ഡൗണും ആയതോടെ കടപ്പുറത്ത് എത്താതെ വീടുകളിൽ കഴിയാൻ ചിലരൊക്കെ തയ്യാറായെങ്കിലും പൂർണമായും ആളുകളെ വീട്ടിലിരുത്താൻ പ്രാദേശിക അധികാര സ്ഥാപനങ്ങളായ പള്ളികൾക്കോ കുടുംബയൂണിറ്റുകൾ പോലുള്ള പ്രാദേശിക സംവിധാനങ്ങൾക്കോ പൊലീസിനോ ആരോഗ്യപ്രവർത്തകർക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം.

പരാജയപ്പെടുന്ന സ്‌റ്റേറ്റ്

പൂന്തുറയുടെ കാര്യത്തിലേക്കെത്തുമ്പോൾ ഈ ചിത്രം പിന്നെയും മാറും. വിഴിഞ്ഞത്ത് പണി പുരോഗമിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനുവേണ്ടി അശാസ്ത്രീയമായി കടലിൽ കല്ലിട്ടതിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കാൻ വിധിക്കപ്പെട്ടത് വിഴിഞ്ഞത്തിന് വടക്കുള്ള പൂന്തുറ പോലുള്ള തീരപ്രദേശങ്ങളാണ്. വിഴിഞ്ഞത്തെ കടലിൽ കല്ല് പാകിയതോടെ പൂന്തുറയിലും മറ്റും തീരശോഷണം സംഭവിക്കാൻ തുടങ്ങി. ഇതോടെ തീരം ഇല്ലാതായ പൂന്തുറക്കാരുടെ സാമൂഹിക ജീവിതത്തെയും ഇത് ബാധിച്ചു. പരിമിതമായ ചുറ്റുപാടിൽ നിന്നാണ് കഴിഞ്ഞ ചില വർഷങ്ങളായി പൂന്തുറയിലുള്ളവർ തങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക, മതപരമായ കൊടുക്കൽ വാങ്ങലുകൾ നടത്തിപ്പോന്നിരുന്നത്. ഇതിനിടയിലാണ് പരുത്തിക്കുഴി സ്വദേശിയായ മത്സ്യ മൊത്തവ്യാപാരിയിൽ നിന്ന് കോവിഡ് ആദ്യമായി പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂന്തുറ സ്വദേശികളായ സ്ത്രീകൾ മീൻ വില്ക്കാനെത്തുന്ന കുമരിച്ചന്തയിൽ ഈ മൊത്തവ്യാപാരി എത്തുകയും അതുവഴി കോവിഡ് പൂന്തുറയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേരിലേക്ക് പകരുകയുമായിരുന്നു.

തീരപ്രദേശത്തെപ്പറ്റിയുള്ള വ്യവഹാരങ്ങളിൽ സ്ഥിരമായി ആവർത്തിച്ചു കേൾക്കുന്നൊരു പരാമർശമുണ്ട്, അതൊരു സെൻസിറ്റീവ് ഏരിയയാണെന്ന്. അവിടുള്ളവർ വലിയ സെൻസിറ്റീവാണെന്നും. വൈകാരികത കൂടുതലുള്ളവർ എന്ന കേവല അർത്ഥത്തിലാണ് പലപ്പോഴും ഈ സെൻസിറ്റീവ് ബോധം പ്രവർത്തിക്കുന്നത്

ഒരാളിൽ നിന്ന് പത്ത് പേരിലേക്കും പത്തിൽ നിന്ന് നൂറു പേരിലേക്കും എന്ന തോതിലായിരുന്നു പിന്നീട് വ്യാപനം. ശാരീരിക അകലം പാലിക്കാനുള്ള ഇടം വീടുകളിലോ പുറത്തോ ഇല്ലാതിരുന്നതും പുറത്തു പോയി വന്നാലുടൻ വ്യക്തിശുചിത്വം പാലിക്കാനുള്ള ബോധ്യം നാട്ടുകാർക്കിടയിൽ വേണ്ടത്ര ഉണ്ടാക്കിയെടുക്കാൻ ആവാതെ പോയതും പൂന്തുറയെയും അതുപോലുള്ള തീരദേശ ഗ്രാമങ്ങളെയും അപകടവക്കിലെത്തിച്ചു. മഹാമാരിയുടെ വ്യാപനം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുസമൂഹത്തിന്റെ ഭാഗമായി മാത്രം പരിഗണിച്ച് പൊതുവായി നടത്തുന്ന ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും എളുപ്പത്തിൽ തീരദേശ മേഖലയിലും നടത്തിയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു എന്ന വിശ്വാസമുണ്ടായ ഇടത്താണ് നമ്മുടെ ഭരണസംവിധാനത്തിന് തെറ്റ് പറ്റിയത്. തീരപ്രദേശത്തെപ്പറ്റിയുള്ള വ്യവഹാരങ്ങളിൽ സ്ഥിരമായി ആവർത്തിച്ചു കേൾക്കുന്നൊരു പരാമർശമുണ്ട്, അതൊരു സെൻസിറ്റീവ് ഏരിയയാണെന്ന്. അവിടുള്ളവർ വലിയ സെൻസിറ്റീവാണെന്നും. വൈകാരികത കൂടുതലുള്ളവർ എന്ന കേവല അർത്ഥത്തിലാണ് പലപ്പോഴും ഈ സെൻസിറ്റീവ് ബോധം പ്രവർത്തിക്കുന്നത്. എന്നാൽ മുൻപ് സൂചിപ്പിച്ച തദ്ദേശീയ സ്വഭാവത്തിൽ നിന്നാണ് ഇപ്പറയുന്ന സെൻസിറ്റവിറ്റി ഉടലെടുക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ചർച്ച് അഥവാ സഭ എന്ന ചട്ടക്കൂടിന് പുറത്ത് തങ്ങളോട് സംവദിക്കാൻ വരുന്നത് ആരായാലും അവരെ വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുന്ന പ്രകൃതമാണ് തദ്ദേശീയ മുക്കുവ സമുദായത്തിന്റേത്‌. കുറേക്കൂടി വ്യക്തമായൊരു ഉദാഹരണം പറഞ്ഞാൽ, ആദിവാസി ഊരുകൾക്ക് മൂപ്പൻ എന്ന പോലെയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് പള്ളീലച്ചൻ. പള്ളിയും വികാരിയും അല്ലാതെ കമ്യൂണിറ്റിക്കുള്ളിലേക്ക് പ്രവേശിക്കാനോ വിവരങ്ങൾ പങ്കുവയ്ക്കാനോ സ്റ്റേറ്റും സർക്കാരിതര സംഘടനകളും പോലുള്ളവർ ശ്രമിക്കുമ്പോൾ അത് പലപ്പോഴും പരാജയപ്പെടുന്നതിന് കാരണവും ജനങ്ങൾക്ക് പുറത്ത് നിന്നുള്ളവരോടുള്ള ഈ നിഷേധമനോഭാവം തന്നെ. അതുകൊണ്ടുതന്നെയാണ് കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ നടപടികളിൽ പലതും തീരദേശത്ത് കൃത്യമായി പാലിക്കപ്പെടാതെ പോയത്.

ആ മനോഗതിയുടെ പേരാണ് വംശീയത
ഒരു തദ്ദേശീയ സമൂഹവുമായി സംവദിക്കുമ്പോൾ ഒന്നുകിൽ നിങ്ങൾ അവർക്കും കൂടി സ്വീകാര്യമായ ചാനലുകളിലൂടെ ആശയവിനിമയം നടത്തണം. അങ്ങനെ നടത്താനായില്ലെങ്കിൽ ആ കമ്യൂണിറ്റിയിലെ മനുഷ്യരെ വിശ്വാസത്തിലെടുത്ത്, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, വിനിമയത്തിന് തയ്യാറാവണം. ഇത് രണ്ടും നടക്കാതെ പോയതാണ് പൂന്തുറയിൽ ഒടുവിൽ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയവരോട് കോവിഡ് പോസിറ്റീവായെന്ന് അറിയിക്കുക, എന്തുകൊണ്ട് തങ്ങളെ ഐസോലേഷനിലേക്ക് മാറ്റാനോ വേണ്ട ചികിത്സ നൽകാനോ തയാറാവുന്നില്ല എന്ന് പരാതിപ്പെട്ടവർക്ക് കൃത്യമായ മറുപടി കൊടുക്കാതിരിക്കുക, കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ചവരുടെ വീടുകളിലുള്ളവരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റയിനിലേക്ക് മാറ്റാതിരിക്കുക, സർക്കാർ നിർദേശം പാലിച്ച് വീട്ടിലിരുന്നവർക്ക് അവശ്യസാധനം എത്തിക്കാതിരിക്കുക, അവ വാങ്ങാൻ കടകളിലെത്തിയവരോട് വംശീയ പരാമർശം നടത്തുക, നാട് മൊത്തം കോവിഡ് രോഗികളാണെന്ന പ്രചാരണം മൂലം പേടിച്ചിരിക്കുന്നവരോട് മാന്യമായി ഇടപെടാനോ ആശങ്കയകറ്റാനോ പ്രാപ്തിയില്ലാത്തൊരു മെഡിക്കൽ ടീമിനെ വിന്യസിക്കുക എന്നു തുടങ്ങി താളംതെറ്റിയ പ്രതിരോധ സംവിധാനങ്ങളാണ് പൂന്തുറയുടെ കാര്യത്തിൽ ഉണ്ടായത്. എല്ലാവരും ബുദ്ധിമുട്ടിലാണെന്നും ബാക്കി ആർക്കും ഇല്ലാത്ത മോശം അനുഭവം എന്തുകൊണ്ടാണ് തീരപ്രദേശത്ത് നിന്നുമാത്രം ഉണ്ടാവുന്നതെന്നും ചോദ്യങ്ങൾ ഉയരുമ്പോൾ ആ ചോദ്യത്തിന് പിന്നിൽ നിങ്ങൾക്കുള്ളിലെ വംശീയതയോ ഒരു ജനതയെപ്പറ്റിയുള്ള മുൻവിധികളോ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കാരണം ദുരന്തമുഖങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനായി കൈ നീട്ടുമ്പോൾ മാത്രം മത്സ്യത്തൊഴിലാളികൾ മഹാന്മാരും സ്വയം സഹായം വേണ്ടിവരുമ്പോൾ അവർ ബോധമില്ലാതെ പെരുമാറുന്നവരുമാവുന്ന ആ മനോഗതിയുടെ പേര് തന്നെയാണ് വംശീയത.

Comments