ബി.ജെ.പിയെ
തുറന്നുകാട്ടിയ
സമരം
ബി.ജെ.പിയെ തുറന്നുകാട്ടിയ സമരം
25 May 2021, 01:06 PM
സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമായി കർഷക സമരം അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, സാമ്പത്തിക നയത്തില്‍, സര്‍ക്കാര്‍ നയങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ ശക്തമായ ഒന്നായി ഈ സമരം മാറിക്കൊണ്ടിരിക്കുകയാണ്.
നേതാവില്ലാത്ത സമരം, പ്രശ്‌നാധിഷ്ഠിതം
കോര്‍പറേറ്റ് ചൂഷണത്തില്‍നിന്ന് കര്‍ഷകരുടെ ജീവിതവും ജീവിതോപാധികളും കൃഷിഭൂമിയും സംരക്ഷിക്കാനുള്ള പ്രശ്‌നാധിഷ്ഠിത സമരമാണിത്. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, സ്വാമിനാഥന്‍ കമീഷന്‍ നിശ്ചയിച്ച, ഉല്‍പാദനച്ചെലവും അതിന്റെ 50 ശതമാനവും അധികരിച്ച തുകയും നല്‍കുക, സംഭരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. മിനിമം താങ്ങുവിലക്കും സംഭരണത്തിനും നിയമനിര്‍മാണം നടത്തണം. എല്ലാ വിളകളിലും രാജ്യത്താകെയും ഈ നിയമം നടപ്പാകണം. 86 ശതമാനം കര്‍ഷക കുടുംബങ്ങളും ഇന്ന് കടക്കെണിയിലാണ്. മാര്‍ക്കറ്റിലെ മുതലാളിത്ത- കോര്‍പറേറ്റ് മേല്‍ക്കൈയാണ് അവരെ കടക്കെണിയിലാക്കിയത്. ഇത്തരം പ്രശ്‌നങ്ങളാണ് കര്‍ഷകരെ സംഘടിപ്പിക്കുന്നത്, അല്ലാതെ ഏതെങ്കിലും കര്‍ഷക സംഘടയോ നേതാവോ അല്ല. അതുകൊണ്ടുതന്നെ ഇത് ഒരു പ്രശ്‌നാധിഷ്ഠിത സമരമാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഉയര്‍ന്ന ‘കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യമാണ് അന്നത്തെ കര്‍ഷകരെ ഒരുമിപ്പിച്ചത്. കയ്യൂരിലും പുന്നപ്ര- വയലാറിലും തെലങ്കാനയിലും തേഭാഗയിലും പഞ്ചാബിലും ബിഹാറിലുമടക്കം രാജ്യമാകെ കര്‍ഷകരെ ഒരുമിപ്പിക്കുന്നതില്‍ ഈ മുദ്രാവാക്യമാണ് പങ്കുവഹിച്ചത്. മിനിമം താങ്ങുവില, കടക്കെണിയില്‍നിന്ന് മോചനം, കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമം കൂലി, കര്‍ഷകര്‍ക്ക് മിനിമം വില തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള പ്രശ്‌നാധിഷ്ഠിത സമീപനമാണ് ഇന്ന് കര്‍ഷകരെ ഒരുമിപ്പിക്കുന്നത്.
ഈ സമരത്തിന്റെ മുദ്രാവാക്യം കര്‍ഷകരുടെ ജീവിതപ്രശ്‌നങ്ങളില്‍നിന്നുയര്‍ന്നുവന്നതാണ് എന്നതുകൊണ്ടുതന്നെ വലിയൊരു കര്‍ഷക ഐക്യത്തിലേക്കാണ് നയിച്ചത്. അത് കര്‍ഷക സംഘടനകളുടെ ഐക്യം ശക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയും അതിനുപിന്നില്‍ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമന്വയ സമിതിയുമുണ്ട്. അഖിലേന്ത്യ കിസാന്‍ സഭ ഉള്‍പ്പെടെ 450ഓളം കര്‍ഷക സംഘടനകള്‍ ഈ സമരത്തില്‍ പങ്കാളിത്തം വഹിക്കുന്നു. വിപുലമായ കര്‍ഷക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ ഈ സമരത്തിനുകഴിഞ്ഞു.
കര്‍ഷകരുടെ വര്‍ഗ ഐക്യം സാധ്യമാക്കിയ സമരം
കര്‍ഷകര്‍ക്കിടയില്‍ വിപുലമായ വര്‍ഗങ്ങളുണ്ട്- ചെറുകിട, ദരിദ്ര, സമ്പന്ന കര്‍ഷകര്‍. കൂടാതെ, കര്‍ഷക തൊഴിലാളികളുണ്ട്, മുതലാളിത്ത കര്‍ഷകരുണ്ട് - ഇങ്ങനെ വ്യത്യസ്ത വര്‍ഗങ്ങളെയെല്ലാം ഒരുമിപ്പിക്കുക മാത്രമല്ല, രാജ്യത്തെ ഭരണവര്‍ഗത്തിനൊപ്പം നില്‍ക്കുന്ന മുതലാളിത്ത ഭൂവുടമകളും ധനിക കര്‍ഷകരുമടങ്ങുന്ന മുതലാളിത്ത വര്‍ഗത്തെ കര്‍ഷക ജനസാമാന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തില്‍ അണിനിരത്താന്‍ കഴിഞ്ഞു. നേരത്തെ എന്‍.ഡി.എക്കൊപ്പം നിന്നിരുന്ന അകാലിദള്‍, ശിവസേന പോലുള്ള നിരവധി പ്രാദേശിക പാര്‍ട്ടികള്‍ മുന്നണി വിട്ടുപോരാനും എന്‍.ഡി.എക്ക് എതിരായി അണിനിരക്കാനും തയാറായത് ഇതിന് ഉദാഹരണമാണ്. ആ രൂപത്തില്‍ വിപുലമായ തോതിലുള്ള വര്‍ഗപരമായ ഐക്യം കാര്‍ഷികമേഖലയിലുണ്ടാക്കിയെടുക്കാന്‍ ഈ സമരത്തിലൂടെ കാര്‍ഷിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെ വലിയ രൂപത്തില്‍ സ്വാധീനിക്കുന്ന മാറ്റമാണ്.

ഈ സമരത്തിന്റെ പ്രധാന സവിശേഷത, അതിലെ പങ്കാളിത്തമാണ്. അതില്‍ ഏറ്റവും പങ്കുവഹിച്ചത് പഞ്ചാബിലെ കര്‍ഷകരാണ്. സിഖ് ധര്‍മവുമായി ബന്ധപ്പെട്ട അവരുടെ ചില സാംസ്‌കാരിക തനിമകള്‍- ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതികള്‍, സാമ്പത്തിക സംഭാവന, പ്രക്ഷോഭങ്ങളില്‍ അവര്‍ കാണിക്കുന്ന രണധീരത- എന്നിവയെല്ലാം ഈ സമരത്തിന് ഊര്‍ജം പകര്‍ന്നു. നൂറ്റാണ്ടുകളായി, അതിര്‍ത്തിസംസ്ഥാനമായ പഞ്ചാബിലൂടെ എത്രയോ സൈനിക നീക്കങ്ങളുണ്ടായി, അവയുടെയെല്ലാം ദുരിതം ഏറ്റുവാങ്ങിയ ഒരു ജനതയാണ് പഞ്ചാബിലേത്. ഇന്ത്യയില്‍ ഏറ്റവും കലുഷിതമായ ഒരു പ്രദേശം കൂടിയാണ് പഞ്ചാബ്. അതുതന്നെയാണ് അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ അടിസ്ഥാനം. എന്തുവന്നാലും അവസാനം വരെ സമരം ചെയ്യാനുള്ള സ്ത്രീകളുടെയും വയോധികരുടെയും കുട്ടികളുടെയും തീരുമാനം ആ നിശ്ചയദാര്‍ഢ്യത്തില്‍നിന്നുവന്നതാണ്.
ട്രോളികളിലും ട്രാക്റ്ററുകളിലും വന്ന് മഴയിലും മഞ്ഞിലും കടുത്ത വേനലിലും ആറുമാസമായി അവര്‍ കുത്തിയിരിക്കുകയാണ്, ദേശീയപാതകളില്‍ കിലോമീറ്ററുകളോളം നീളത്തില്‍ തികച്ചും സമാധാനപരമായി. തിക്‌രി അതിര്‍ത്തിയില്‍ 16- 17 കിലോമീറ്റര്‍ ദൂരത്തിലും സിംഘു അതിര്‍ത്തിയില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലും ആയിരക്കണക്കിന് ട്രോളികള്‍, പതിനായിരക്കണക്കിന് മനുഷ്യര്‍ ഇടംപിടിച്ചിരിക്കുന്നു. ലോകചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സമരമുണ്ടാകില്ല. പങ്കാളിത്തമാണ് ഈ സമരത്തെ സമാധാനപൂര്‍ണമാക്കിയത്. കുറഞ്ഞ ആളുകളാണ് പങ്കെടുക്കുന്നത് എങ്കില്‍ തീര്‍ച്ചയാലും ബലപ്രയോഗത്തിലൂടെ ഈ സമരം തുടച്ചുനീക്കാന്‍ നരേന്ദ്രമോദിയെപ്പോലൊരു പ്രധാനമന്ത്രിയും അമിത് ഷായെപ്പോലൊരു ആഭ്യന്തരമന്ത്രിയും മുതിരുമായിരുന്നു. അതിന് അവര്‍ക്ക് കഴിയാതെ പോയത്, വന്‍തോതിലുള്ള കര്‍ഷക പങ്കാളിത്തമാണ്. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടാകുക എന്നതാണ് ഒരു സമരത്തെ ഏറ്റവും സമാധാനപൂര്‍ണമാക്കുന്ന ഘടകം.
പല കടന്നാക്രമണങ്ങളും ഈ സമരത്തിനുനേരെയുണ്ടായിരുന്നു. ശത്രുസൈന്യത്തെ തടയുന്നതുപോലെ തടയാന്‍ ശ്രമിച്ചു. ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ് നടത്തി. എന്നിട്ടും, സായുധ സേനകള്‍ക്ക് പിന്‍വലിയേണ്ടിവന്നു. ഈ പങ്കാളിത്തത്തിന്റെ മികവ് ഇന്ത്യക്കാകെ, രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകെ മാതൃകയാണ്. മഹാത്മാഗാന്ധി മുന്നോട്ടുവച്ച അഹിംസാത്മകമായ രാഷ്ട്രീയശൈലിയും സംസ്‌കാരവും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന, ജനാധിപത്യപരവും സമാധാനപരവുമായ ഒരു സമരമാണിത്, അതാണ് ഇതിന്റെ സൗന്ദര്യവും.

കൂടെയുണ്ട് തൊഴിലാളികള്‍
ഈ സമരത്തിലൂടെ രൂപപ്പെട്ടുവന്ന രാഷ്ട്രീയപ്രാധാന്യമുള്ള മറ്റൊരു കാര്യം, തൊഴിലാളി- കര്‍ഷക ഐക്യമാണ്. 2020 നവംബര്‍ 26, 27 തീയതികളില്‍ ‘ദില്ലി ചലോ' സമരം പ്രഖ്യാപിച്ചപ്പോള്‍, 26ന് പത്തോളം തൊഴിലാളി സംഘടനകളുള്ള സെന്‍ട്രല്‍ പ്ലാറ്റ്‌ഫോം അഖിലേന്ത്യ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളി പണിമുടക്കും കര്‍ഷക മാര്‍ച്ചും നവംബര്‍ 26നാണ് തുടങ്ങിയത്. അതിനുശേഷം, മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി കൂട്ടായ്മ അവരുടെ സമരങ്ങളെയും മുന്നോട്ടുകൊണ്ടുപോകുന്നത്. ജനുവരി എട്ടിനും മാര്‍ച്ച് 26നും നടന്ന രണ്ടു ഭാരത ബന്ദുകള്‍ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് തൊഴിലാളി സംഘടനകള്‍ വഹിച്ചത്. അതുപോലെ പലയിടത്തും റെയില്‍വേ- റോഡ് ഉപരോധ സമരങ്ങള്‍, രാജ്ഭവന്‍ ധര്‍ണ, ട്രാക്ടര്‍ മാര്‍ച്ചുകള്‍ എന്നിവ നടന്നു. ഇതിലെല്ലാം വന്‍തോതില്‍ തൊഴിലാളി പങ്കാളിത്തമുണ്ടായിരുന്നു. ഈ സമരത്തിലൂടെ തൊഴിലാളി- കര്‍ഷക ഐക്യം രൂപപ്പെട്ടുവരുന്നു എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്. ഏത് വര്‍ഗീയ ശക്തികളെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഈ മുന്നേറ്റത്തിന് കഴിയും.
ഈ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതില്‍ അഖിലേന്ത്യ കിസാന്‍ സഭ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കര്‍ഷക സംഘടനകളും സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സി.ഐ.ടി.യുവും അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയനും കിസാന്‍ സഭയും കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം മുതല്‍ നടത്തിയ തുടര്‍ച്ചയായ കാമ്പയിനുകള്‍ പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ അണിനിരത്താന്‍ സഹായിച്ചിട്ടുണ്ട്. ഇടതുപക്ഷ ഐക്യവും ഇതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ, സി.പി.ഐ (എം.എല്‍), സി.പി.എം പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യം തൊഴിലാളി- കര്‍ഷക സമരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
ആറുമാസത്തെ പ്രക്ഷോഭം, അതിനുമുമ്പ് പഞ്ചാബിലും രാജ്യത്തൊട്ടാകെയും കര്‍ഷകര്‍ നടത്തിയ വിപുലമായ പ്രചാരണങ്ങള്‍ എന്നിവ ബി.ജെ.പി സര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂല നയം തുറന്നുകാട്ടുന്നതില്‍ വിജയിച്ചു. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയൂം വികസനം' എന്നതിനുപകരം കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പാദക വര്‍ഗങ്ങളായ തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ ബലി കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. 55 ശതമാനത്തിന്റെ താല്‍പര്യങ്ങള്‍, ന്യൂനപക്ഷമായ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഒറ്റുകൊടുക്കുന്ന ഒരു സര്‍ക്കാറാണിതെന്ന് കര്‍ഷക സമരത്തിലൂടെ തെളിയിക്കപ്പെട്ടു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ബഹുജനാടിത്തറ ഈ സമരം ഏറെ ദുര്‍ബലമാക്കി. വലിയ തെരഞ്ഞെടുപ്പുപരാജയത്തിലേക്കാണ് ബി.ജെ.പി പോകുന്നത്.

നേരത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടിക്കൊണ്ടിരുന്ന അവസ്ഥക്കുപകരം, അവര്‍ക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ പോലും പരാജയം ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായി. കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടായ പരാജയം ഇതിന് ഉദാഹരണമാണ്. ബി.ജെ.പിക്ക് ഭരണമുള്ള ഉത്തര്‍പ്രദേശില്‍ 3700ഓളം പഞ്ചായത്തുസീറ്റുകളില്‍ 600ല്‍ താഴെ സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞത്. ബനാറസ്, വാരാണസി, മഥുര, അയോധ്യ തുടങ്ങി ബി.ജെ.പി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന മേഖലകളില്‍ പോലും വന്‍ പരാജയം നേരിട്ടു.
ഇടതുപക്ഷ ഐക്യത്തിന് കരുത്തുപകരുന്നതാണ്, കേരളത്തില്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മുന്നണി നേടിയ വലിയ വിജയം. ആ വിജയത്തിന്റെ പ്രധാന കുന്തമുന ബി.ജെ.പിക്ക് എതിരെയാണ്. ബി.ജെ.പിക്കുണ്ടായിരുന്ന ഏക എം.എല്‍.എ നഷ്ടമാകുകയും അവരുടെ വോട്ടുശതമാനം കുറയുകയും ചെയ്തതില്‍ കര്‍ഷക സമരവും പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ കര്‍ഷകര്‍ക്ക് പ്രക്ഷോഭത്തിന് തയാറാകേണ്ടിവരുന്നു എന്ന യാഥാര്‍ഥ്യം ബി.ജെ.പിയെ സഹായിച്ചിരുന്ന ജനപ്രിയ ഘടകങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ഡല്‍ഹിയില്‍ അഞ്ച് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 ശതമാനം വോട്ടുമാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്. ഇതിനും കര്‍ഷക സമരം പങ്കുവഹിച്ചു. രാഷ്ട്രീയ വോട്ടിലേക്ക് ബി.ജെ.പി ചുരുങ്ങുകയാണ്. അവര്‍ക്ക് വിജയം നേടിക്കൊടുത്തിരുന്ന ജനപ്രിയ വോട്ട് അവരില്‍നിന്ന് അകന്നുപോകുകയാണ്. അതുതന്നെയാണ് കേരളത്തിലും സംഭവിച്ചത്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത്, അഖിലേന്ത്യ അടിസ്ഥാനത്തില്‍ തന്നെ ഒരു ഇടതുപക്ഷജനാധിപത്യ ചേരി രൂപപ്പെടുന്നതിലേക്ക് വഴിതുറക്കും. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യമേറും, അതില്‍ കര്‍ഷക- തൊഴിലാളി സമരങ്ങള്‍ വലിയ പങ്കുവഹിക്കാന്‍ പോകുകയാണ്.
എന്തുകൊണ്ട് കാര്‍ഷിക പ്രതിസന്ധി?
ഇന്ത്യയിലെ ഏറ്റവും പ്രധാന ദേശീയ രാഷ്ട്രീയ പ്രശ്‌നമായി കര്‍ഷക പ്രശ്‌നത്തെ മാറ്റിയെടുക്കാന്‍ ഈ സമരത്തിനായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ഒരു ഭൂതകാലമുണ്ട്. 1995 മുതലുള്ള സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ മൂന്നര ലക്ഷത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിന്റെ അഞ്ചുമടങ്ങായിരിക്കും യഥാര്‍ഥ കണക്ക്. ദിവസവും 2264 കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പ്രവാസി തൊഴിലാളികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാര്‍ഷിക പ്രതിസന്ധി, മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായാണ് കാണേണ്ടത്. ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രശ്‌നമല്ല. ലോക മുതലാളിത്തത്തിന് 1930 കളില്‍ വ്യവസ്ഥാ പ്രതിസന്ധിയുണ്ടായി. അതിനെ മഹാമാന്ദ്യം എന്നു വിളിക്കുന്നു. ഇതേതുടര്‍ന്ന് വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഒന്നുരണ്ടു ദശകങ്ങള്‍ക്കകത്തുണ്ടായത്. 1950കളാകുമ്പോഴേക്ക് ഇന്ത്യയും ചൈനയും കോളനിവ്യവസ്ഥയില്‍നിന്ന് പുറത്തുവന്നു.
2008ല്‍ അമേരിക്കയിലെ ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തകര്‍ന്നു. ഇതേതുടര്‍ന്ന്, മുപ്പതുകളിലേതുപോലെ ഒരു മഹാമാന്ദ്യത്തിലേക്ക്, വ്യവസ്ഥാപ്രതിസന്ധിയിലേക്ക് ലോകം സഞ്ചരിക്കാന്‍ തുടങ്ങി. 14 വര്‍ഷം കഴിഞ്ഞിട്ടും ആ പ്രതിസന്ധിയില്‍നിന്ന് പുറത്തുവരാന്‍ മുതലാളിത്ത ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ പാശ്ചാത്തലത്തിലാണ് കാര്‍ഷിക പ്രതിസന്ധിയെയും കാണേണ്ടത്. ആഗോളവല്‍ക്കണം എന്ന് പേരിട്ടുവിളിക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ വിപണി മേല്‍ക്കൈയിലൂടെ കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണ്. അവരുടെ കൂലിയും തൊഴിലും മിനിമം വിലയും ഇല്ലാതാക്കി. വരുമാനം നഷ്ടപ്പെട്ടതോടെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വാങ്ങല്‍ശേഷി വന്‍തോതില്‍ കുറഞ്ഞു. ഇതിനെതിരായ ചെറുത്തുനില്‍പ് എന്ന നിലയ്ക്കാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇത്ര വിപുലമായ കര്‍ഷക പ്രക്ഷോഭവും തൊഴിലാളി പ്രക്ഷോഭവും നടക്കുന്നത്.
ഇതോടൊപ്പം, ഇന്ത്യന്‍ തൊഴിലാളി വര്‍ഗം 30 വര്‍ഷമായി ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരായി നടത്തുന്ന ചെറുത്തുനില്‍പും കൂട്ടിവായിക്കേണ്ടതാണ്. 1991നുശഷം, 20 അഖിലേന്ത്യ പണിമുടക്ക് സമരങ്ങള്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്നു.

ഉദാരവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും, ഈ നയങ്ങള്‍ തെറ്റാണ് എന്ന് വിളിച്ചുപറയാനും അതിനെതിരെ പ്രക്ഷോഭം നടത്താനും കഴിഞ്ഞു എന്നതാണ് തൊഴിലാള വര്‍ഗത്തിന്റെ നേതൃപരമായ പങ്ക്. ഇത്തരം സമരങ്ങളാണ്, ഉദാരവല്‍ക്കരണ നയങ്ങളെക്കുറിച്ച് വ്യാമോഹമുണ്ടായിരുന്ന കര്‍ഷക ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് സമ്പന്ന കര്‍ഷക വര്‍ഗത്തെ, വ്യമോഹമുക്തരാക്കുന്നതിലേക്കും അവരെ തൊഴിലാളി- കര്‍ഷക ഐക്യത്തിന്റെ അടിസ്ഥാനത്തില്‍, സംയുക്തപ്രക്ഷോഭത്തിലേക്ക് നയിക്കുന്നതിനും കാരണമായത്. തൊഴിലാളി വര്‍ഗത്തിന്റെ നേതൃപരമായ പങ്ക്, തൊഴിലാളി- കര്‍ഷക ഐക്യം എന്നിവയാണ് കോര്‍പറേറ്റുകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പുതിയ പ്രക്ഷോഭത്തിന്റെ അടിസ്ഥാനം. ഇത് രണ്ടാം സ്വാതന്ത്ര്യസമരമായി ഉയര്‍ന്നുവരാന്‍ പോകുകയാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെയാകെ ഇളക്കി മറിക്കുന്ന, പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കാളികളാകുന്ന വലിയ പ്രക്ഷോഭങ്ങള്‍ കാണാന്‍ കഴിയും.
സമരത്തിന്റെ ഭാവി?
കര്‍ഷകവിരുദ്ധ നിയമങ്ങളും നാല് ലേബര്‍ കോഡുകളും പിന്‍വലിക്കണം, തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മിനിമം കൂലിയും വിലയും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ എങ്ങനെ നേടിയെടുക്കാന്‍ കഴിയും? ഏതു രൂപത്തിലുള്ള ബദല്‍ നയങ്ങളാണ് നടപ്പാക്കേണ്ടത് എന്ന കാര്യവും ചര്‍ച്ച ചെയ്യണം.
കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍, ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണകൂടം തയാറാകണം. അതിന് അവര്‍ തയാറാകില്ല. കാരണം, കേന്ദ്ര ഭരണകൂടം എന്നത് വന്‍കിട മുതലാളിത്ത വര്‍ഗത്തിന് നിര്‍ണായക സ്വാധീനമുള്ളതും അതിന്റെ ഭരണവര്‍ഗ പാര്‍ട്ടിയായ ബി.ജെ.പി നേതൃത്വം നല്‍കുന്നതുമായ ഒന്നാണ്. അവര്‍ കോര്‍പറേറ്റുകളുടെയും സാര്‍വദേശീയ ധനമൂലധനത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുക എന്ന് വ്യക്തമാണ്.
മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും കൃഷിയെ കമ്പനിവല്‍ക്കരിക്കാനുള്ളതാണ്. കോര്‍പറേറ്റുവല്‍ക്കരണത്തിലൂടെ കര്‍ഷകരെ കരാര്‍ കര്‍ഷകരാക്കി മാറ്റുകയും അവരുടെ ഭൂമിയും ഉല്‍പ്പന്നങ്ങളും വന്‍ ലാഭമുണ്ടാക്കാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന നിയമങ്ങളാണ്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും അവ ഉപയോഗിക്കാനും സൗകര്യം കൊടുക്കുന്ന നിയമമാണ്. വില കൊടുത്തുവാങ്ങാതെ തന്നെ, കരാര്‍ കൃഷിയുടെ അടിസ്ഥാനത്തില്‍ കൃഷിഭൂമി ഉപയോഗപ്പെടുത്താന്‍ കഴിയും, അവിടെനിന്നുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ അവരുടേതായി മാറും, അതിന് അവര്‍ കൊടുക്കുന്ന തുച്ഛവില മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കൂ.
മറുഭാഗത്ത്, ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കി അവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വലിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കാന്‍ അവര്‍ക്കുകഴിയും.
ഇതിന് ഉദാഹണമാണ് പഞ്ചാബിലെ ബസുമതി അരി. ബസുമതി നെല്ല് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് കിലോക്ക് 18- 30 രൂപ വരെയാണ് കിട്ടുന്നത്. പക്ഷെ, അത് വാങ്ങുന്ന അദാനി ഗ്രൂപ്പ് സ്‌പെഷല്‍ അരിയാക്കി മാറ്റി കിലോക്ക് 208 രൂപക്കാണ് വില്‍ക്കുന്നത്. കര്‍ഷകന് ന്യായവില കൊടുക്കുന്നില്ല, ഉപഭോക്താവിനോട് വലിയ വില വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ വലിയ മിച്ചം കമ്പനികളുടെ കൈയില്‍ വരുന്നുണ്ട്.
വയനാട് ജില്ലയിലെ കാപ്പി എടുക്കാം. 120 രൂപയാണ് കാപ്പിപ്പരിപ്പിന് വില. 20 വര്‍ഷം മുമ്പും ഇതായിരുന്നു വില. രണ്ടര കിലോ കാപ്പിപ്പരിപ്പാണ് ഒരു കിലോ ഇന്‍സ്റ്റൻറ് കാപ്പിപ്പൊടി ഉല്‍പാദിപ്പിക്കാന്‍ വേണ്ടത്. കാപ്പിപ്പരിപ്പ് വാങ്ങുന്ന നെസ്‌ലേ ഇന്ത്യയും ബ്രൂക്ക്‌ബോണ്ടുമെല്ലാം 2000- 3000 രൂപ വരെ വിലയ്ക്കാണ് കാപ്പിപ്പൊടി വില്‍ക്കുന്നത്. 8000 രൂപക്ക് വില്‍ക്കുന്ന ഇന്‍സ്റ്റൻറ് കാപ്പിപ്പൊടിയും ഫില്‍ട്ടര്‍ പൗഡറുകളുമുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുള്ള വ്യവസായം കാപ്പിയാണ്. ഇത്ര ലാഭം കമ്പനികൾ എടുക്കുമ്പോള്‍ അതില്‍നിന്ന് നിശ്ചിത ശതമാനം പ്രാഥമിക ഉല്‍പാദകരായ കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പങ്കുവെക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്ന നിയമനിര്‍മാണം ആവശ്യമാണ്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍, അവസാന ഘട്ടത്തില്‍ വയനാട് കോഫി എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 60- 65 രൂപ വിലയുള്ള ഉണ്ടക്കാപ്പിക്ക് 90 രൂപയാണ് കൊടുക്കുന്നത്. ഉണ്ടക്കാപ്പി വാങ്ങി സംഭരിച്ച്, പൊടിയാക്കി വിറ്റുകിട്ടുന്ന വരുമാനത്തില്‍നിന്നാണ് ഇത് കൊടുക്കുന്നത്. അതിനുള്ള വ്യവസായമാണ് വയനാട് കോഫി പദ്ധതി. അതിന് അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ഷകരുടെ നേതൃത്വത്തില്‍ കാര്‍ഷിക വ്യവസായങ്ങള്‍ സഹകരണാടിസ്ഥാനത്തില്‍ ആരംഭിക്കാവുന്നതാണ്. റബര്‍ വിലയിടിവില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 60,000 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് കിഫ്ബിയിലൂടെ നടപ്പാക്കിയ വികസന പദ്ധതികള്‍ 50,000 കോടി രൂപയുടേതാണ് എന്നോര്‍ക്കണം. ഒരു വിളയില്‍ മാത്രം കേരളത്തിലെ കര്‍ഷകര്‍ക്ക് പത്തുവര്‍ഷം കൊണ്ട് ഇത്ര വലിയ തുക നഷ്ടമാകുന്നുണ്ട്. നാളികേരം, കുരുമുളക്, തേയില എന്നിവയിലെല്ലാ ഇത്തരം വന്‍ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. പൊതു- സ്വകാര്യ- സഹകരണ മേഖലകളില്‍ കാര്‍ഷിക വ്യവസായങ്ങളുണ്ടാക്കുന്ന വന്‍ ലാഭം കര്‍ഷകരുമായി പങ്കുവെക്കുന്ന നയം, ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയമാണ്. ഇത് നടപ്പാക്കാന്‍ തീര്‍ച്ചയായും ബി.ജെ.പി സര്‍ക്കാര്‍ തയാറാകില്ല. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത് ചെയ്യുന്നുണ്ട്. രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ക്വിന്റല്‍ നെല്ലിന് 1850 രൂപ കൊടുക്കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ 2850 രൂപ കൊടുക്കുന്നുണ്ട്. സഹകരണമേഖലയുടെ പിന്തുണയോടെയാണ് അത് സംഭരിക്കുന്നത്.
കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന നഷ്ടം എത്ര ഭീമമാണ് എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരോ പ്ലാനിങ് ബോര്‍ഡോ സര്‍ക്കാറോ വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കണം. അതിലൂടെ മാത്രമേ കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്ന് വന്‍തോതില്‍ മിച്ചോല്‍പാദനം നടത്താനും അതിന്റെ നേട്ടം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഉറപ്പുവരുത്താനും കഴിയൂ. ഇത്തരം വരുമാനത്തിലൂടെ ക്രയശേഷിയുള്ള ഒരു കര്‍ഷക ജനത ഉയര്‍ന്നുവരും. അത് ആഭ്യന്തര വിപണിയുടെ വളര്‍ച്ചക്കും കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനും ഉത്തേജനമാകും. അതിന്, കാര്‍ഷിക പ്രശ്‌നത്തിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാന്‍ കഴിയണം. കേരളത്തിലെ സര്‍ക്കാര്‍ ഇത് നടപ്പാക്കുന്ന മുറയ്ക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുതന്നെയും അത് മാതൃകയാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന ഒരു സര്‍ക്കാര്‍, തൊഴിലാളികള്‍ക്ക് മിനിമം കൂലിയും ജോലിയും ഉറപ്പുനല്‍കുന്ന ഒരു സര്‍ക്കാര്‍- അത്തരമൊരു സര്‍ക്കാറാണ് വരേണ്ടത്.

കര്‍ഷകരുടെ തന്നെ കൂട്ടായ ഉടമസ്ഥതയിലുള്ള കാര്‍ഷിക വ്യവസായങ്ങള്‍ ഉയര്‍ന്നുവരണം. കൃഷിഭൂമി കര്‍ഷകന് സ്വന്തമായതുപോലെ, കാര്‍ഷിക വ്യവസായങ്ങളും കര്‍ഷകരുടെയും തൊഴിലാളികളുടെയും കൂട്ടുടമസ്ഥതയിലേക്ക് കൊണ്ടുവരാനുള്ള സഹകരണ കൃഷി രാജ്യത്താകെ നടപ്പാക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. അതിന് ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഒരു ബദല്‍ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകണം, അതിന് തൊഴിലാളികളും കര്‍ഷകരും നടത്തുന്ന സമരം സഹായകമാകും.
ലോക മുതലാളിത്ത വ്യവസ്ഥാ പ്രതിസന്ധി, ലോകത്തെ മറ്റൊരു മഹാമാന്ദ്യത്തിലേക്ക് കൊണ്ടുപോകുകയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകമാകെ വലിയ ചെറുത്തുനില്‍പുസമരങ്ങള്‍ ഉയര്‍ന്നുവരും. അത്തരം സമരങ്ങളുടെ ഭാഗമായി വേണം ഇന്ത്യയിലെ കര്‍ഷക സമരത്തെയും കാണാന്‍. അതിലൂടെ ഈ സമരത്തെ, ഇന്ത്യയില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുന്ന ഒരു മുന്നേറ്റമായി വികസിപ്പിക്കാന്‍ കഴിയും. തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പര്യം സംരക്ഷിക്കുന്ന ഒരു ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയം നടപ്പാക്കാന്‍ തയാറാകുന്ന ഒരു രാഷ്ട്രീയ മാറ്റം, അതിന് സഹായകമായ രീതിയില്‍ ഒരു രണ്ടാം സ്വാതന്ത്ര്യസമരം ഉയര്‍ന്നുവരികയാണ് ചെയ്യുക.
(2020 മെയ് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേഷൻ)
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch
രാകേഷ് ടികായത്ത്
Dec 18, 2022
32 Minutes Watch
സി.പി. ജോൺ
Dec 14, 2022
3 Minute Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
ഡോ.പി.ഹരികുമാർ
25 May 2021, 05:18 PM
വിലയിരുത്തൽ വളരെ നന്ന്!