ലക്ഷദ്വീപിലെ ‘പരിഷ്‌കാര'ങ്ങൾക്കുപുറകിൽ ഒരു ആസൂത്രിത ഗൂഢാലോചനയുണ്ട്

സാംസ്‌കാരിക അധിനിവേശത്തെക്കാൾ ലക്ഷദ്വീപിനെ തകർക്കുന്നത് ഈ മണ്ണിൽ കണ്ണുവെച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ കോർപ്പറേറ്റ് പദ്ധതികളാവും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ ആത്യന്തികമായി ലക്ഷദ്വീപിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് നിസ്സംശയം പറയാം. അതിനുള്ള കേന്ദ്രതല ഒരുക്കങ്ങൾ തുടക്കഴിഞ്ഞു.

ദ്ദേശീയ ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള രാജ്യ വികസന പദ്ധതികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യാനന്തരം സർക്കാറുകൾ വിശാല രാജ്യതാൽപര്യങ്ങളുടെയും രാഷ്ട്രപുരോഗതിയുടെയും പേരുപറഞ്ഞ് തദ്ദേശീയ ജനതയുടെ ഉപജീവന സാദ്ധ്യതകൾ പരിഗണിക്കാതെ തന്നെ പ്രകൃതിക വിഭവങ്ങൾ സമൃദ്ധമായ പ്രദേശങ്ങളും, പാരിസ്ഥിതിക സവിശേഷത നിലനിൽക്കുന്ന ഭൂവിഭാഗങ്ങളിലേക്ക് വികസന കയ്യേറ്റം നടന്നിട്ടുണ്ട്. നിരവധി ഭൂസംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും വിധിപ്രസ്താവനകളും ഉണ്ടെങ്കിൽകൂടിയും അതൊന്നും യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തി ഗവൺമെന്റുകൾക്ക് ഇല്ലായിരുന്നു. ‘പൊതുആവശ്യം' എന്ന മുദ്രകുത്തി നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും ഭരണാധികാരികൾ വികസന സാധ്യതകളെ കുറിച്ചുള്ള വാചാടോപങ്ങൾ നടത്തിവന്നു. വികസനത്തിന്റെ ആസൂത്രണ ഘട്ടത്തിലോ പ്രയോഗവൽക്കരണത്തിലോ പ്രാദേശിക പാരിസ്ഥിതിക കരുതലുകളോ, കുടിയിറക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് ലഭ്യമാവേണ്ട സാമൂഹിക നീതിയോ സൂക്ഷജനാധിപത്യമോ ഒന്നും വേണ്ടവിധം കണക്കിലെടുക്കപ്പെട്ടില്ല. ദേശീയ താല്പര്യങ്ങൾക്കുമേൽ ചോദ്യങ്ങൾ പോലും ഉന്നയിക്കാതെ കുടിയിറക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങൾ പിന്നീട് നരക തുല്യമായ ജീവിതം നയിക്കേണ്ടി വന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഏറ്റവും കൂടുതലായി തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഭൂമി അന്യാധീനപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, ചണ്ഡീഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണെന്ന് മനസ്സിലാവും. വനാവകാശ നിയമവും ,പഞ്ചായത്ത് (Extension to Scheduled Areas) നിയമവും മറി കടന്നാണ് ഇവിടങ്ങളിൽ ഖനന പ്രവർത്തനങ്ങൾക്കും വൻകിട നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നേടിയെടുത്തതെന്നു കാണാം. ജലസേചന പദ്ധതികളുടെയും പ്രതിമാനിർമ്മാണത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും വന്യമൃഗ സംരക്ഷണ പദ്ധതികളുടെയും എല്ലാം പേരിലാണ് പതിനായിരക്കണക്കിന് തദ്ദേശീയ ജന സമൂഹങ്ങളുടെ ഭൂമി സർക്കാരുകളോ സ്വകാര്യ കമ്പനികളോ തട്ടിയെടുത്തത്. വികസനത്തിന്റെ പേരിൽ തന്നെയാണ് ഭരണഘടനയെയും ഫെഡറൽ സംവിധാനങ്ങളെയും അട്ടിമറിച്ച് മോദി ഭരണകൂടം ഭരണഘടയുടെ 370 (1 ) അനുച്ഛേദം റദ്ദാക്കി കാശ്മീരിനെ രണ്ടായി വിഭജിച്ചത്. ആയുധവും അക്രമവും കൊണ്ട് സ്റ്റേറ്റിന്റെ മർദ്ദനോപാധികളെല്ലാം പ്രയോഗിച്ച് കാശ്മീരിൽ നടത്തി ഫലം കണ്ട സംഘപരിവാർ ഓപ്പറേഷൻ തന്നെയാണ് ലക്ഷദ്വീപിലും പരീക്ഷിക്കാൻ മോദി- അമിത് ഷാ നേതൃത്വം ഒരുങ്ങിരിക്കുന്നത്. നിർലോഭമായ സാമ്പത്തികോപഹാരങ്ങൾ കാഴ്ചവെച്ച് തന്റെ കൂടെ നിൽക്കുന്ന കോർപറേറ്റ് ഭീമന്മാർക്ക് നിയമതടസമില്ലാതെ ഇന്ത്യയിലെവിടെയും ഭൂമിയും വ്യവസായിക സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിനുതന്നെയാണ് മോദി സർക്കാർ സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് ഭരണഘടനയെ നോക്കുകുത്തിയാക്കിയും നിയമ നിർമാണങ്ങളും നയരൂപീകരണങ്ങളും നടത്തുന്നത്.

ഒപ്പം ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് വിശ്വസ്തരും അധികാരഭ്രമികളും ആയ രാഷ്ട്രീയ കൂട്ടാളികളെ ഉപകരണങ്ങളാക്കി വർഗീയ കലാപങ്ങളും വംശീയ ഉന്മൂലന നടപടികളും വിവിധ ഭാഗങ്ങളിൽ പയറ്റുകയും ചെയ്യുന്നു. ഈ വിധം ബഹുസ്വരതകളെയും ഉപദേശീയതകളെയും തിരസ്‌ക്കരിച്ച് സാംസ്‌കാരിക സജാതീയത്വം നടപ്പിലാക്കുകയെന്ന ഫാസിസ്റ്റു പ്രവർത്തന പദ്ധതി ഒരേസമയം അധികാര രാഷ്ട്രീയത്തിന്റെയും സാമ്പത്തികാധിനിവേശത്തിന്റെയും താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പാരിസ്ഥിതികമായും സാംസ്‌കാരികമായും ഏറെ സവിശേഷതയുള്ള, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു നിൽക്കുന്ന ലക്ഷദ്വീപ് സമൂഹത്തിനുമേൽ ഇപ്പോൾ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിനും അതേ ലക്ഷ്യങ്ങൾ തന്നെയാണുള്ളത്.

ദ്വീപും ജനതയും

കേരളക്കരയിൽ നിന്ന് ഏതാണ്ട് 200 -400 കിലോമീറ്റർ ദൂരപരിധിയിൽ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന 36 ദ്വീപുകളും അതിൽ 10 ജനവാസ ദ്വീപുകളിൽ താമസിക്കുന്ന ജനസമൂഹങ്ങളും അവരെ കുറിച്ചുള്ള അറിവുകളും നമ്മുടെ നിത്യേനയുള്ള വ്യവഹാരങ്ങളിലേക്ക് അധികം കടൽ താണ്ടി എത്താറില്ല. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകൾക്കും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട ലോകത്തിലെ തന്നെ പ്രധാന കോറൽ ദ്വീപായ ഒരു പ്രദേശം എന്ന നിലയ്ക്കോ ഒട്ടൊരു അതിശയോക്തി കലർന്ന് കേൾക്കുന്ന കുറ്റവാളികൾ ഇല്ലാത്ത ഒരിടം എന്ന നിലയ്ക്കോ ആവും ലക്ഷദ്വീപ് അറിയപ്പെടുന്നുണ്ടാവുക. എന്നാൽ ഈയടുത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ലക്ഷദ്വീപിൽ നിന്നുള്ള വാർത്തകളാണ്. പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുൽ ഖോഡാ പട്ടേലിന്റെ ജനദ്രോഹപരമായ ഭരണപരിഷ്‌ക്കാരങ്ങളാണ് ഈ വാർത്തകളുടെയെല്ലാം വിഷയം.

ദാമൻ ഡിയുവിന്റെയും ദാദ്ര -നാഗർ ഹവേലിയുടെയും അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ ഖോഡാ പട്ടേൽ മുൻ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ ആകസ്മിക മരണത്തോടെയാണ് ദ്വീപിന്റെ ചുമതലയേൽക്കുന്നത്. മോദിയുടെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യനായ പ്രഫുൽ പട്ടേൽ അദ്ദേഹത്തിന്റെ അധികാര ദുർവിനിയോഗം കൊണ്ടും ജനഹിതത്തെ മാനിക്കാതെയുള്ള ഭരണ നടപടികൾ കൊണ്ടും മുൻപേ കുപ്രസിദ്ധനാണ്. കോർപ്പറേറ്റ് പ്രീണനത്തിന് വികസന പദ്ധതികളുടെ പേരിൽ തദ്ദേശീയരായ ജനവിഭാഗങ്ങളെ കുടിയിറക്കുന്ന ഫാസിസ്റ്റു നയങ്ങൾ പ്രഫുൽ പട്ടേൽ മുമ്പും പയറ്റിയിട്ടുണ്ട്. കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാൻ ദാമൻ-ദിയുവിൽ തദ്ദേശീയ മൽസ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളും വീടുകളും പൊളിച്ചുനിരത്തപ്പെട്ടിട്ടുണ്ട്. 2021 ഫെബ്രുവരി 22 ന് മുംബൈയിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത മോഹൻ ദെൽക്കർ എന്ന ദാദ്ര-നഗർ ഹവേലി എം.പി.യുടെ ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടേലിന്റെ അമിതാധികാര പ്രയോഗത്തിലേക്കു വിരൽ ചൂണ്ടുന്നതാണ്.

പ്രതിഷേധത്തെതുടർന്ന്​ ഏർപ്പെടുത്തിയ പൊലീസ്​ കാവൽ

ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം എന്നുതന്നെയാണ് പ്രഫുൽ പട്ടേലും അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥവൃന്ദങ്ങളും ദ്വീപുവാസികളോട് ആവർത്തിക്കുന്നത്. പക്ഷെ കഴിഞ്ഞ ഡിസംബറിൽ ചുമതലയേറ്റ്, കഴിഞ്ഞ അഞ്ചു മാസങ്ങളിലായി നടപ്പിലാക്കിയ ഒരു ഡസനോളം നയപരമായ മാറ്റങ്ങളിൽ, അതിന്റെ ആസൂത്രണ പ്രക്രിയകളിൽ എത്രമാത്രം ദ്വീപുവാസികളുടെ, ഇവിടുത്തെ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നതിനുള്ള ഉത്തരം തന്നെയാണ് ഇപ്പോൾ വ്യാപകമാവുന്ന ദ്വീപുനിവാസികളുടെ പ്രതിഷേധ സ്വരങ്ങൾ.

കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിൽ ഒരു കോവിഡ് കേസ് പോലും ഇല്ലാതെ ഗ്രീൻ സോൺ ആയി ദ്വീപുകൾ നിന്നത്, വിനോദ സഞ്ചാരം നിയന്ത്രിച്ചും കർശനമായ കോവിഡ് നിയന്ത്രണ വ്യവസ്ഥകൾ (SOP -സ്റ്റാൻഡേർഡ് കോവിഡ് പ്രോട്ടോകോൾ) നടപ്പിലാക്കിയുമാണ്. ഈ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ ചാർജ് എടുത്തതും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തത്. ശേഷം കോവിഡ് വ്യാപനം രൂക്ഷമാവുകയും ആറായിരത്തിലധികം പോസിറ്റീവ് കേസുകളും ഇരുപതിലധികം മരണങ്ങളും ഉണ്ടാവുകയും ചെയ്തു. ഏറെ പരാധീനതകളുള്ള ആരോഗ്യ മേഖലയാണ് ദ്വീപിൽ. പല ദ്വീപുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. 2454 പേർക്ക് ഒരു ഡോക്ടർ, 2017 ആളുകൾക്ക് ഒരു സ്റ്റാഫ് നേഴ്‌സ് എന്നിങ്ങനെയാണ് 2014 ലെ സ്റ്റാസ്റ്റിക്കൽ കണക്കുപ്രകാരം ഉള്ളത്. ഗുരുതരമായ ഏത് ആരോഗ്യ പ്രതിസന്ധിയിലും കേരളത്തിലേക്കുള്ള ഇവാക്വേഷൻ അല്ലാതെ മറ്റു വഴികളും ഇല്ല. ഭൂപരിധി കൊണ്ടും ചുരുങ്ങിയ ഒരു പ്രദേശത്ത് ഏറെ വ്യാപനശേഷിയുള്ള ഒരു മഹാമാരി ഉണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങൾ നിർണയാതീതമാണ്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മെഡിക്കൽ ഓഫീസറുടെ അനുവാദത്തോടെ സൗജന്യമായി കരയിലേക്ക് എയർ ലിഫ്റ്റിങ് സാധ്യമായിരുന്നു. ഇനി മുതൽ നാലംഗ വിദഗ്ദ്ധ സമിതിയുടെ അനുവാദവും മറ്റും ലഭിച്ചാലേ അത്തരം രോഗികളെ കരയിലേക്കെത്തിക്കാൻ കഴിയൂ. കോവിഡ് കേസുകൾ വർധിക്കുമ്പോൾ പോലും ആരോഗ്യ മേഖലയിലെ കുറവുകൾ പരിഹരിക്കുന്നതിനോ മെച്ചപ്പെട്ട ആരോഗ്യ പരിപാലന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതെ കൂടുതൽ നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കലുകളുമാണ് നടക്കുന്നത്. ആരോഗ്യ പരിരക്ഷാ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോൾ ഒറ്റപ്പെട്ട തുരുത്തുകളിൽ കഴിയുന്ന മനുഷ്യർക്ക് അത് തങ്ങളുടെ ഭാവി വികസനത്തിനാണ് എന്ന് കരുതിയിരിക്കൽ സാധ്യമല്ലല്ലോ.

SOP യിൽ ഭേദഗതി വരുത്തിയതിനെ എതിർത്ത് തലസ്ഥാനമായ കവരത്തിയിലും കടമം തുടങ്ങിയ ദ്വീപുകളിലും പൊതുജനങ്ങൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധ പരിപാടികൾക്കിടയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പതിനഞ്ചിലധികം ആളുകളെ അറസ്റ്റു ചെയ്തു. ഭരണകൂട ചെയ്തികൾക്കെതിരെ വിമർശനങ്ങളുയർത്തുന്നവരെ കൊന്നിട്ടായാലും നിശ്ശബ്ദരാക്കുന്ന ശീലമാണ് ഭരണ തലത്തിലുള്ള സംഘപരിവാർ നേതൃത്വങ്ങൾക്കുള്ളത്. പൗരത്വ നിയമ ഭേദഗതികൾക്കെതിരെ മുൻപ് ദ്വീപിൽ നടന്ന പ്രതിഷേധ പോസ്റ്ററുകൾ കാണാനിടവന്ന പുതിയ അഡ്മിനിസ്‌ട്രേറ്റർ അത് എഴുതിയ യുവാക്കളെ അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയാണുണ്ടായത്.

കുറ്റകൃത്യങ്ങൾ കുറഞ്ഞ, ജയിൽപുള്ളികൾ അത്യപൂർവമായി മാത്രം ഉണ്ടാവാറുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഭാവിയിലെ പ്രതിഷേധങ്ങളെ മുൻകൂട്ടി കണ്ടിട്ടാവണം അത്തരം നീക്കങ്ങളെ തടയാൻ ശിക്ഷാവ്യവസ്ഥ കർശനമാക്കി Lakshadweep Prevention of Anti-Social Activities Regulation 2021 ന്റെ കരട് 2021 ജനുവരി അവസാന വാരത്തിൽ പട്ടേൽ പുറത്തിറക്കിയത്. ഈ കുറഞ്ഞ കാലയളവിൽ തന്നെ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം വ്യാപകമായി അറസ്റ്റു ചെയ്ത് ദ്വീപിൽ ഭീതി പടർത്തിയിട്ടുണ്ട്. ന്യൂനപക്ഷ -മുസ്‌ലിം -ദളിത് -ആദിവാസി വിരുദ്ധത സംഘപരിവാറിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ദ്വീപിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്ര പദ്ധതികൾ ഓരോന്നായി നടപ്പിലാക്കാൻ ഗുണ്ടാനിയമം അത്യാവശ്യം വരും എന്നറിഞ്ഞുതന്നെയാണ് അഡ്മിനിസ്‌ട്രേറ്റർ അത് ആദ്യമേ നടപ്പിൽ വരുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന ആരേയും വിചാരണ കൂടാതെ ഒരു വർഷം വരെ തടവിൽ വെക്കാവുന്ന വ്യവസ്ഥകളാണ് പുതിയ ഗുണ്ടാ ആക്ടിലുള്ളത്.

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ റിപ്പോർട്ടുകൾ പ്രകാരം മറ്റു പല കേന്ദ്രഭരണ പ്രദേശങ്ങൾ പോലെ തന്നെ കുറഞ്ഞ ക്രൈം നിരക്കാണ് ലക്ഷദ്വീപിൽ. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2019 ലെ കണക്കനുസരിച്ച് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കിൽ ലക്ഷദ്വീപിൽനിന്ന് പൂജ്യം ശതമാനമാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശാരീകോപദ്രവം പോലുള്ള കേസുകളാണ് ഐ.പി.സി പ്രകാരമുള്ള കേസുകളിൽ അധികവും. മൂന്നു കൊലക്കേസുകൾ മാത്രമേ നാളിതു വരെയുള്ള ചരിത്രത്തിലുള്ളൂ.

വാഹന മോഷണം പോലുള്ള കേസുകളും പൊതു നിയമ ലംഘന കേസുകളും വളരെ കുറവാണ്. സ്ത്രീകൾക്കുനേരെയുള്ള അക്രമം, ആക്ഷേപം എന്നിവയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും വെച്ച് നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിലേ ഇവിടെയുള്ളൂ. ഈയടുത്ത കാലത്തുണ്ടായ പോക്സോ കേസുകളിലെ വർദ്ധനവ് ആശങ്ക ഉയർത്തുന്നതായിരുന്നു ( 2019-ൽ 25 കേസുകൾ). ചെറിയ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും തീവ്രതയും കുറഞ്ഞിരിക്കുന്നതിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിയന്ത്രണങ്ങളും കാരണമാവുന്നുണ്ട്. ഒപ്പം, ചെറിയൊരു പ്രദേശമായതിനാൽ കുടുംബ - സൗഹൃദ ബന്ധങ്ങൾക്കുള്ള പ്രാധാന്യം, പൊതുവിൽ സമാധാന പ്രിയമായ മനോഭാവം എന്നിവയെല്ലാം പരസ്പരമുള്ള കാലുഷ്യങ്ങളെയും സംഘർഷത്തെയും ലഘൂകരിക്കുന്നു. ഗൗരവകരമല്ലാത്ത പല സംഘർഷങ്ങളും പറഞ്ഞുതീർത്ത് മുന്നോട്ടുപോവാൻ പരാതി നൽകിയവരും മറുഭാഗത്തുള്ളവരും തയ്യാറാവുന്നത് ഒരു സമൂഹത്തിന്റെ മാനസികാരോഗ്യത്തിന്റെ ഗുണമേന്മയായി കാണണം.

ദ്വീപിലെ പ്രതിഷേധം

പ്രാദേശികമായ വികസന പ്രക്രിയകളിൽ ഫലപ്രദമായി ഇടപെടാനും മുമ്പോട്ടുനയിക്കാനുമുള്ള പഞ്ചായത്തീരാജ് സംവിധാനം ഇവിടെയുണ്ടെകിലും ജനായത്ത പ്രക്രിയകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട അവരുടെ അവകാശങ്ങൾ ഇല്ലാതാക്കി സമഗ്രാധിപത്യത്തിലേക്കു നീങ്ങാനാണ് അഡ്മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നത്. ലക്ഷദ്വീപിൽ സാമൂഹിക വികസനം ഇല്ലാതിരുന്നു എന്ന് അഡ്മിനിസ്‌ട്രേറ്റർ ആരോപിക്കുമ്പോൾ അവിടെനിന്നുള്ള സ്ഥിതിവിവര കണക്കുകളിൽ അതിന് മറുപടിയുണ്ട് എന്നുകാണാം. സാമൂഹിക അസമത്വങ്ങൾ കുറഞ്ഞ, മാനസികാരോഗ്യം ഉയർന്ന സമൂഹമാണ് ദ്വീപുകാർ. ശിശുമരണ നിരക്കും പ്രജനന നിരക്കും കുറവാണ്. അവിടെയാണ് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യരാകും എന്ന വിചിത്ര നിയമം നടപ്പിലാക്കുന്നത്. (കേന്ദ്ര ഗവൺമെന്റിലെ പഞ്ചായത്തീ രാജ് വകുപ്പ് മന്ത്രി നരന്ദ്രസിംഗ് തോമറിന് അടക്കം വലിയൊരു വിഭാഗം മന്ത്രിമാർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെന്ന് ഓർക്കുന്നത് രസകരമായിരിക്കും). സ്‌കൂളുകൾ അടച്ചും വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടും കേരളവുമായുള്ള വ്യാപാര ബന്ധങ്ങൾ (ബേപ്പൂർ) അറുത്തുമുറിച്ചും, സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ ഒന്നിനുപുറകെ ഒന്നായി വന്നു.

പട്ടേൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മൃഗസംരക്ഷണ നിയമം ദ്വീപുകാരുടെ ആഹാര കാര്യത്തിൽ മാത്രം ഇടപെടുന്ന നിർദോഷകരമായ ഒന്നല്ല. നിരോധിച്ച മൃഗങ്ങളെ കൈവശം വെക്കുന്നതിനും ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്കോ അതേ ദ്വീപിൽ തന്നെയോ ആ മൃഗങ്ങളുമായി വാഹനത്തിൽ പോവുന്നതിനുമെല്ലാം ഇനി അനുമതി വേണം. ഭരണകൂടം വിചാരിച്ചാൽ നിയമ ലംഘന കേസുകൾ ഇനി എളുപ്പം സൃഷ്ടിക്കാം. മദ്യ നിരോധനം നിലനിന്നിരുന്ന ദ്വീപിൽ ട്യൂറിസത്തിന്റെ പേരിൽ മദ്യശാലകൾ തുറന്നും ജോലിക്കാരെ വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ വിവിധ ദ്വീപുകളിലേക്കു പുനർ വിന്യസിച്ചും, ഉയർന്ന അധികാര പദവികളിൽ നിന്ന് ദ്വീപിലെ ഉദ്യോഗസ്ഥന്മാരെ ഡീഗ്രേഡ് ചെയ്തും ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. നഷ്ട കണക്കു പറഞ്ഞു ദ്വീപിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഡയറി ഫാമുകൾ അടച്ചു പൂട്ടാനും,കന്നുകാലികളെ ലേലത്തിൽ വിൽക്കാനും ,പകരം ഗുജറാത്തിലെ കച്ച് ജില്ലയിലെ അമുൽ കോ ഓപ്പറേറ്റീവ് മിൽക്ക് ഡയറിയിൽ നിന്ന് പാലും പാലുൽപ്പന്നങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടപ്പിലാക്കി കഴിഞ്ഞു. ദ്വീപിൽ എത്തിച്ച അമുൽ ഉത്പന്നങ്ങളും കന്നുകാലികളെ ലേലത്തിൽ വെക്കാനുള്ള ഉത്തരവും ഒരു പോലെ ബഹിഷ്‌ക്കരിക്കാൻ ദ്വീപുകാർ മുൻപോട്ടു വന്നിട്ടുണ്ട്.

ഒരു സമൂഹത്തിന്റെ ആഹാരശീലങ്ങൾ തുടങ്ങി സാംസ്‌കാരിക സ്വത്വത്തിലും , സാമൂഹിക പരിസരങ്ങളിലും മുറിവുകൾ സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും സംശയാലുക്കൾ ആക്കുകയെന്നതും വർഗീയ ശക്തികളുടെ തന്ത്രങ്ങളാണ്.

ഏഴിൽ ഒരാൾ മൽസ്യത്തൊഴിലാളിയോ മൽസ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടോ പ്രവർത്തിക്കുന്നവരാണ്. കാലങ്ങളായി ദ്വീപുകാരുടെ പ്രധാന ഉപജീവന മാർഗവും മൽസ്യബന്ധനമാണ്. മൽസ്യസമ്പത്ത് വേണ്ടുവോളമുള്ള സമുദ്രപരിസരവുമാണ് ലക്ഷദ്വീപ്. തീരസംരക്ഷണത്തിന്റെ പേരിൽ കവരത്തി ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലകളും സൂക്ഷിക്കുന്ന ഷെഡ്ഡുകൾ മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്ഥർ പൊളിച്ചത്. മറ്റു പല ദ്വീപുകളിലും ഷെഡ്ഡുകൾ നീക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഷെഡ്ഡുകൾ പൊളിച്ചതിനാൽ ഈയടുത്ത് കാറ്റിൽ ധാരാളം ബോട്ടുകൾക്ക് കേടു സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മൽസ്യത്തൊഴിലാളികൾക്കുണ്ടായത്. പ്രഫുൽ പട്ടേൽ ദാമൻ ഡിയുവിലും സമാനരീതിയിൽ പരമ്പരാഗത മുസ്‌ലിം മത്സ്യത്തൊഴിലാളികളെ തീരങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും അവിടെ വൻ ബിസിനസ്സ് മാഫിയകൾക്ക് റിസോർട്ടുകൾ തുടങ്ങാൻ സൗകര്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകൾ ജയിലുകളാക്കി മാറ്റി പ്രതിഷേധിച്ചവരെയെല്ലാം അകത്തിടുകയാണ് പട്ടേൽ ചെയ്തത്. 4,00,000 ചതുരശ്ര കിലോമീറ്റർ Exclusive Economic സോണുള്ള സമുദ്രതീരമാണ് ലക്ഷദ്വീപിനുള്ളത്.

അമിത മൽസ്യബന്ധനം നടക്കാത്ത പ്രദേശം കൂടിയാണിത്. തീർച്ചയായും മൽസ്യം ശേഖരിക്കാനും സംഭരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുമുള്ള സൗകര്യങ്ങളുടെ വികസനം ഇവിടുത്തുകാർക്ക് ഗുണം ചെയ്യും. സമാനമായി തേങ്ങയുടെ ഉത്പാദനത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാൾ കൂടിയ ഉൽപാദന നിരക്കും ഇവിടെയുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമാണ സൗകര്യങ്ങളുടെ വികസനവും ദ്വീപിൽ തൊഴിലവസരം വർധിപ്പിക്കും. അത്തരം പ്രാദേശിക വികസന സാദ്ധ്യത എത്രമാത്രം പരിഗണനാർഹമാകുന്നുണ്ട് എന്നതും അത്തരം സംരംഭകത്വത്തിൽ ദ്വീപുകാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ടോ എന്നതും സുപ്രധാനമാണ്. പക്ഷെ ദ്വീപിനുപുറത്തുള്ള വൻകിട ബിസിനസ് മാഫിയകളെ ലക്ഷ്യം വെക്കുന്ന പദ്ധതികളിലാണ് പട്ടേൽ ഊന്നൽ നൽകുന്നതെന്ന് ലക്ഷദ്വീപ് ലാൻഡ് അതോറിറ്റി ഉത്തരവ് വ്യക്തമാക്കും. ലക്ഷദ്വീപിലെ ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യങ്ങളിൽ കണ്ണുവെച്ചു കൊണ്ടുള്ള വികസന പദ്ധതികളിലൂടെയായിരിക്കും സാമ്പത്തികാധിനിവേശം നടപ്പിലാക്കുക.

ദ്വീപുവാസികളുടെയെല്ലാം ഭൂമി അന്യാധീനപ്പെടാൻ അവസരമുണ്ടാക്കുന്ന നഗര വികസന ആസൂത്രണ റെഗുലേഷൻ 2021 ന്റെ ഡ്രാഫ്റ്റിൽ പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന സമയം ഈ മാസം 19 ആയിരുന്നു.

വികസനാവശ്യങ്ങൾക്കായി സർക്കാരിന് ഏതു സ്വകാര്യ ഭൂമിയും ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം, ദ്വീപിലെ മൊത്തം ഭൂമിയെ നാലായി തരംതിരിച്ചു. താമസസ്ഥലത്തിന്റെ പരിധിയിൽ പെടാത്ത സ്ഥലത്ത് വീടുനിർമാണം ഈ നിയമം മൂലം തടയപ്പെടും. നിശ്ചയിക്കപ്പെട്ട മേഖലയിലുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി വാങ്ങാമെങ്കിലും മൂന്നുവർഷം വരെ മാത്രമേ അതിനു സാധുതയുള്ളൂ. മൂന്നു വർഷത്തിൽ കൂടുതൽ പ്രസ്തുത ആവശ്യത്തിന് ഭൂമി തുടർന്ന് ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ലക്ഷം വരെ പിഴയും കാല താമസം നേരിടുന്ന ഓരോ ദിവസത്തിനും ഇരുപതിനായിരം രൂപ വരെ പിഴയും നൽകേണ്ടി വരും. താമസസ്ഥലം അല്ലാത്ത ഭൂമിയാണ് കൈവശം ഉള്ളതെങ്കിൽ അവിടെ വീട് വെക്കുന്നതിനും പിഴ അടക്കേണ്ട സാഹചര്യമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെയുണ്ടാകുക. ഭൂമിയുടെ അധികാരം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്കു വരുന്നതോടെ സ്വന്തം ഭൂമിയിൽ നിന്നുപോലും അന്യവൽക്കരിക്കപ്പെടുന്ന സാഹചര്യമാകും.

നിലവിൽ ദ്വീപു നിവാസികൾക്കല്ലാതെ ലക്ഷദ്വീപിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാനാകില്ല. വികസനാവശ്യത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക് വിലക്കില്ലാതെ ലക്ഷദ്വീപിന്റെ മണ്ണിൽ ആധിപത്യം സ്ഥാപിക്കുകയാണ് ഈ നിയമത്തിനു പുറകിലുള്ളതെന്നു വ്യക്തം. നഗര വികസനത്തിന്റെ പേരിൽ കവരത്തിയിൽ പ്രധാന റോഡുകളെല്ലാം ഏഴു മീറ്റർ വീതിയുള്ളതാക്കാനും പദ്ധതിയുണ്ട്. ഈ ദ്വീപിന്റെ മൊത്തം വിസ്തീർണ്ണം 3. 93 സ്‌ക്വയർ കിലോമീറ്റർ മാത്രമാണ് എന്നിരിക്കെ ഒട്ടനേകം പേരുടെ വീടുകൾ പൊളിച്ചാലല്ലാതെ റോഡ് നിർമാണം സാധ്യമാവില്ല. വിനോദ സഞ്ചാര പ്രാധാന്യമുള്ള ദ്വീപുകളിളെല്ലാം വൻകിട കോട്ടേജുകൾ പണിയുന്നതിനുള്ള പ്രവർത്തനങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന്റെ പാരിസ്ഥിതികാഘാതം ആയിരിക്കും അവശേഷിക്കുന്ന ദ്വീപു ജനത നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി.

തദ്ദേശീയ ജനതയുടെ ഉപജീവന സാദ്ധ്യത ഇല്ലാതാക്കിയും സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിൽ അവരുടെ 'താത്കാലിക' പ്രാതിനിത്യം പോലും തുടച്ചുമാറ്റിയും സ്വന്തം മണ്ണിൽ നിന്ന് അവരെ അന്യാധീനപ്പെടുത്താനുള്ള നിയമനിർമാണം നടത്തിയുമാണ് അവിടെ വികസനം കൊണ്ടുവരുന്നതെങ്കിൽ അതാർക്കു വേണ്ടിയാവും എന്നത് വ്യക്തമാണ്. മോദിയുടെ കോർപറേറ്റ് ദാസ്യത്തിന്റെ അതേ പാത തന്നെയാണ് പട്ടേലിനും പ്രിയം എന്നതിന്റെ തെളിവാണ് ഇതെല്ലം. ദ്വീപിലെ ഷിപ്പിംഗ് സർവീസ് ഉൾപ്പെടെയുള്ള മേഖലകൾ സ്വകാര്യവൽക്കരിക്കാനുള്ള ഉത്തരവുകളും അതിന്റെ തുടർച്ചയാണ്. ലക്ഷദ്വീപിന്റെ ട്യൂറിസം വികസനം വഴി ദ്വീപിൽ നിന്ന് ഗുജറാത്തിലേക്കുനീളുന്ന സാമ്പത്തിക സാദ്ധ്യതകൾ മുന്നിൽകണ്ടാണ് ഓരോ പദ്ധതികളും രൂപം കൊടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. സാംസ്‌കാരിക അധിനിവേശത്തെക്കാൾ ലക്ഷദ്വീപിനെ തകർക്കുന്നത് ഈ മണ്ണിൽ കണ്ണുവെച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ കോർപ്പറേറ്റ് പദ്ധതികളാവും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ ആത്യന്തികമായി ലക്ഷദ്വീപിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് നിസ്സംശയം പറയാം. അതിനുള്ള കേന്ദ്രതല ഒരുക്കങ്ങൾ തുടക്കഴിഞ്ഞു.

ദ്വീപുകൾ കോളനിവൽക്കരിക്കാനൊരുങ്ങുന്ന കേന്ദ്രം

രാജ്യത്തെ ദ്വീപുകളുടെ വികസനം ലക്ഷ്യം വെച്ച്, പ്രത്യേകിച്ച് ആൻഡമാൻ -ലക്ഷദ്വീപ് - എന്നിവയെ മുന്നിൽ കണ്ട് 2017 ൽ കേന്ദ്ര ആഭ്യന്തരവകുപ്പിനുകീഴെ ഒരു ഐലൻഡ് ഡവലപ്‌മെന്റ് ഏജൻസിക്കു രൂപം കൊടുത്തിട്ടുണ്ട്. അമിത് ഷാ അധ്യക്ഷനായി 2020 ജൂണിൽ അതിന്റെ ആറാമത് കൂടിച്ചേരൽ നടന്നിരുന്നു. ട്യൂറിസവും, സമുദ്രോത്പന്നങ്ങളുടെയും നാളികേരോല്പന്നങ്ങളുടെയും കയറ്റുമതി ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് ആസൂത്രണം നടക്കുകയും വിനോദ സഞ്ചാര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടു ലാൻഡ- വാട്ടർ ബേസ്ഡ് ആയ വില്ലകൾ നിർമിക്കാനും പദ്ധതിയിട്ടുകഴിഞ്ഞു. ഇവയിലെല്ലാം പ്രാദേശിക ജനതയുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കാൻ നിർദേശമുണ്ടെങ്കിലും എത്ര പ്രയോഗവൽക്കരിക്കപ്പെടും എന്നതാണ് സംശയം. ഇന്ത്യയിലെ വ്യാവസായിക ബെൽറ്റിലുടനീളം, അവിടങ്ങളിൽ കൊണ്ടുവന്ന വ്യാവസായിക സംരംഭങ്ങളിൽ ഒന്നും വലിയ തോതിൽ പ്രാദേശിക ജനപങ്കാളിത്തം ഇല്ല എന്നുകാണാം. കുറഞ്ഞ തോതിൽ താൽക്കാലിക ജോലിക്കാരായി മാത്രമാണ് അവരുടെ പ്രാതിനിധ്യം. മറിച്ചെതെങ്കിലും ലക്ഷദ്വീപിലും സംഭവിക്കാൻ സാധ്യതയില്ല എന്നതിന്റെ തെളിവാണ് നിലവിൽ വലിയ വിഭാഗം തദ്ദേശീയരെ ജോലിയിൽ നിന്ന് ഒഴിവാക്കാനും, മുൻപ് നിയമനം നടത്തിയവരുടെ യോഗ്യതകൾ പുനഃപരിശോധിക്കാനും ഉദ്യോഗമേഖലകളും ഉല്പാദന കേന്ദ്രങ്ങളും പൂട്ടാനും സ്വകാര്യവൽക്കരിക്കാനുമൊക്കെയുള്ള തീരുമാനങ്ങൾ.

ഇന്ത്യൻ സമുദ്രഭാഗത്തെ നാവിക സംവിധാനങ്ങളുടെ ഭാവി വികസനത്തിൽ ലക്ഷദ്വീപുകൾ തന്ത്രപ്രാധാന്യമുള്ള ഇടങ്ങളാണ്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ത്യയിലെ 1300 ഓളം വരുന്ന ദ്വീപുകൾ കേന്ദ്രീകരിച്ച് വികസന പദ്ധതികൾ നടപ്പിലാക്കും എന്നുപറഞ്ഞിരുന്നു.

സാമ്പത്തികമോ / സൈനികമോ ആയ ഉദ്ദേശ്യങ്ങളിൽ ഏതായിരിക്കും അതെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിൽ കൂടിയും ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെ സംബന്ധിച്ച് അവയുടെ സ്ഥലപരമായ സവിശേഷത കണക്കിലെടുത്തു കൊണ്ടുള്ള വികസനമായിരിക്കും മോദി ലക്ഷ്യം വെക്കുന്നുണ്ടാവുക. മിനിക്കോയ്, കവരത്തി, ആന്ദ്രോത്ത് ദ്വീപുകൾ കൂടാതെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയിലും (0.10 ചതുരശ്ര കിലോമീറ്റർ ) നേവൽ ബേസ് പണിയാനുള്ള പദ്ധതികളുടെ ആസൂത്രണം 2014 ൽതന്നെ നടന്നിരുന്നു. ഇന്ത്യയിലെ ട്രേഡിന്റെ സിംഹഭാഗവും ഇന്ത്യൻ സമുദ്രത്തിലൂടെയാണ് നടക്കുന്നതെന്നും അതുകൊണ്ട് കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്താൻ പുതിയ നേവൽ ബേസ് ആവശ്യമാണ് എന്നുമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. ദേശസുരക്ഷ എന്നത് എപ്പോഴും വിമർശനാധീതമായ രാജ്യനന്മയാണെന്ന് വിശ്വസിക്കുന്ന ദേശസ്‌നേഹികൾ ഉള്ളിടത്തോളം മോദിയുടെ അത്തരം പ്രതിരോധങ്ങൾ ഏതു ഫാസിസ്റ്റു കുടിലതയ്ക്കുമുള്ള മറയായിരിക്കും. ദ്വീപുജനതയെ കുടിയൊഴിപ്പിച്ചാണെങ്കിലും ഇത്തരം വികസന പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കാൻ തന്നെയാണ് അതിന് കഴിവ് തെളിയിച്ച രാഷ്ട്രീയ പ്രവർത്തകനെ മോദി ലക്ഷദ്വീപിൽ നിയമിച്ചത്.

ലക്ഷദ്വീപിനെ നിക്ഷേപ സൗഹൃദ മേഖലയാക്കാൻ വിവിധ പദ്ധതികൾ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്ന് ആസൂത്രണം ചെയ്തതായി കാണാം. Ministry of Earth Sciences (MoES) നോർവേയുമായി ചേർന്ന് നടത്താൻ പോവുന്ന Marine Spatial Planning (MSP) നു വേണ്ട പൈലറ്റ് പഠനത്തിനുള്ള ഒരു പ്രദേശമായി ലക്ഷദ്വീപിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ബ്ലൂ എക്കണോമിയുടെ വികസനത്തിൽ MSP പ്രധാനമാണ്. ക്രൂയിസ് ടൂറിസവും കോട്ടജ് ടൂറിസവുമെല്ലാം ദ്വീപിന്റെ പ്രത്യേക പരിസ്ഥിതിക സാഹചര്യം കൂടി കണക്കിലെടുത്ത് നടപ്പിലാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ അത് തീവ്രമാക്കും എന്നതിൽ സംശയമില്ല. പൊതുവിൽ ദുർബല പരിസ്ഥിതിയാണ് ദ്വീപുകൾക്കുള്ളത്. തീരദേശ പരിപാലന നിയമം അനുസരിച്ചു നോക്കുമ്പോൾ കാറ്റഗറി 4 ൽ വരുന്ന പരിസ്ഥിതി ലോലപ്രദേശമാണ് ലക്ഷദ്വീപ്. പവിഴപ്പാറകൾ നിറഞ്ഞ ലഗൂണുകളാൽ സംരക്ഷിക്കപ്പെടുന്ന കരപ്രദേശങ്ങളാണ് ഇവിടെയുള്ളത്.

ആഗോളവ്യാപകമായി തന്നെ സമുദ്രോപരിതല ഊഷ്മാവിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറബിക്കടലിന്റെ സമുദ്രാന്തരീക്ഷത്തെയും കലുഷിതമാക്കിയിട്ടുണ്ട്. ദ്വീപിലെ സൂക്ഷ്മാന്തരീക്ഷവും സമുദ്രാന്തർ ഭാഗത്തെ ഒഴുക്കുകളും ഒരേപോലെ ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദ്വീപിന്റെ രൂപീകരണത്തിലേക്കും നിലനില്പിനും ഹേതുവായിരിക്കുന്ന പവിഴപ്പാറകൾ അടങ്ങിയ ലഗൂണുകൾ ഗൗരവകരമായ തോതിൽ പാരിസ്ഥിതിക ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ വിധം പാരിസ്ഥിതി ലോല പ്രദേശത്തു കൊണ്ടുവരുന്ന വൻകിട വികസന പദ്ധതികൾ ദ്വീപുകളെ തന്നെ ഇല്ലാതാക്കുന്നതിലേക്കായിരിക്കും നയിക്കുന്നുണ്ടാവുക. ദ്വീപുകളുടെ പാരിസ്ഥിതിക സവിശേഷതകളും ജൈവവൈവിധ്യവും തന്നെയാണ് അവിടുത്തെ ജീവിതവും ഉപജീവനവും സാധ്യമാക്കുന്നത്. ഉഷ്ണമേഖലാ ദ്വീപ് ആവാസവ്യവസ്ഥകളിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ് ലക്ഷദ്വീപ്. കോറൽ റീഫുകളിൽ നിന്ന് കാലാന്തരേണ രൂപപ്പെട്ടു വന്ന കരപ്രദേശങ്ങളാണ് ദ്വീപുകൾ എന്നുപറയാം. പവിഴപ്പാറകളും പവിഴപുറ്റുകളും നിറഞ്ഞ കടൽപൊയ്കകളാണ് ദ്വീപുകൾക്കുചുറ്റും സംരക്ഷിത വലയം തീർത്തുകൊണ്ടു അവയെ സംരക്ഷിക്കുന്നത്.

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഉഷ്ണമേഖലാ മഴക്കാടുകളേക്കാൾ ഒരുപടി മുന്നിലാണ് പവിഴ റീഫുകൾ. ജൈവസമ്പത്തിന്റെ കലവറയായ പവിഴപ്പാറകൾ സ്വാഭാവികമായി നൽകുന്ന പാരിസ്ഥിതിക സേവനങ്ങൾക്കു പുറമെ ലോക സമ്പദ്‌വ്യവസ്ഥയ്ക്കു ചെറുതല്ലാത്ത സംഭാവനകളും നൽകുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളും കടൽതീരവും പാരിസ്ഥിതിക ഭീഷണി നേരിടുന്നുണ്ട്. ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന സമുദ്ര നിരപ്പിലെ വർദ്ധനവ് തീരശോഷണത്തിനും സമുദ്രത്തിന്റെ താപവ്യതിയാനം കോറലുകളുടെ വിളർച്ചയ്ക്കും (കോറൽ ബ്ലീച്ചിങ്) കാരണമാകുന്നുണ്ട്. 2010 ലുണ്ടായ വ്യാപകമായ കോറൽ ബ്ലീച്ചിങ്ങിനു ശേഷം 2016 ലും സമാനമായ എപ്പിസോഡ് ഉണ്ടായിരുന്നു. അടുത്തടുത്ത വർഷങ്ങളിൽ ഉണ്ടാകുന്ന ബ്ലീച്ചിങ് കോറലുകളുടെ പുനരുജ്ജീവന സാധ്യതകളെയും ഇല്ലാതാക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 1993 മുതൽ ലക്ഷദ്വീപ് മേഖലയിൽ കോറലുകളിൽ നിന്നുള്ള ചുണ്ണാമ്പുകല്ലുകളുടെ (കാൽസിഫിക്കേഷൻ) നിർമ്മാണം കുറഞ്ഞു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമുദ്ര ജലത്തിൽ അമ്ലത്തിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണമായി ചൂണ്ടികാട്ടുന്നത്.

നിലവിൽ, വലിയ തോതിൽ കാലാവസ്ഥാ ഭീഷണി നിലനിൽക്കുന്ന കോറലുകളിലാണ് ടൂറിസം വികസനത്തിന് ലഗൂൺ വില്ലകൾ പ്ലാൻ ചെയ്യുന്നത്. ഇതുവരെ ആൾതാമസമില്ലാത്ത സുഹേലി പോലുള്ള ദ്വീപുകളിലേക്കും ടൂറിസം വികസനം കൊണ്ടുവരാൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് പദ്ധതിയുണ്ട്. ടൂറിസം ലക്ഷ്യം വെച്ച് ഇവിടങ്ങളിൽ നടക്കാൻ പോകുന്ന നിർമാണ- ഖനന പ്രവർത്തനങ്ങൾ സമുദ്രത്തിലേക്ക് കൂടുതൽ മാലിന്യങ്ങളും മറ്റും എത്തിച്ചേരാൻ ഇടയാക്കാതിരിക്കില്ല. ഇത്തരം ടൂറിസം വികസന മാതൃകകൾ കോറൽ ദ്വീപ് പോലുള്ള പരിസ്ഥിതിയിൽ എത്ര ആഘാതം ഉണ്ടാക്കും എന്നതിന് ഉദാഹരണമാണ് മാലി ദ്വീപുകൾ. ടൂറിസം വികസനത്തിലൂടെ ജി.ഡി.പി വർധിപ്പിക്കാൻ മാലി ദ്വീപിനു കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് അധികം ദൂരെയല്ലാതെയാണ് വികസനം അവിടെ മുന്നേറുന്നത്. 2015 ൽ ഒരു ഭേദഗതിയിലൂടെ വിദേശ നിക്ഷേപകർക്ക് അവിടെ നിക്ഷേപം നടത്താൻ അവസരം കൊടുത്തു. യു.എ.ഇ , സൗദി അറേബ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഭീമൻ നിക്ഷേപകർക്ക് കുറഞ്ഞത് ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്തിയാൽ ഭൂമി (ലഗൂൺ ഏരിയ) വിട്ടു കൊടുക്കുന്ന വിധമാണ് നിയമ ഭേദഗതി. ഇത് ലഗൂണുകൾക്ക് വലിയ തോതിൽ നാശം നേരിടുന്നതിന് കാരണമാകുന്നുണ്ട്. കോറലുകൾ പൂർണമായും നശിച്ചു പോവുന്നതിനും കോറൽ കവറേജ് ലഗൂണുകളിൽ കുറയുന്നതിനും ഇടയാക്കി എന്ന് വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നുണ്ട്. സാമ്പത്തിക പുരോഗതി മാത്രം വെച്ചുകൊണ്ടുള്ള എല്ലാ വികസന നയങ്ങൾക്കും ഒടുക്കം സംഭവിക്കുക പരിസ്ഥിതി വിഭവങ്ങളുടെ വിനാശമായിരിക്കും, ഒപ്പം അവയെ ആശ്രയിച്ചു കഴിയുന്ന ജന വിഭാഗങ്ങളുടെ അന്യവൽക്കരണവും. പാരിസ്ഥിതിക ഭീഷണി വർഷാ വർഷങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത്, മെഗാ പ്രൊജക്ടുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ആക്കം വർധിപ്പിക്കുകം. സ്വന്തം നാട്ടിൽനിന്ന് കാലാവസ്ഥാ അഭയാർത്ഥികളായി പലായനം ചെയ്യാനിരിക്കുന്ന നാളുകളിലേക്കുള്ള സമയ പരിധി കുറയ്ക്കാനുള്ള വഴികളാണ് പ്രഫുൽ പട്ടേൽ ദ്വീപുവാസികൾക്ക് നല്കുന്ന ഭാവി വികസന വാഗ്ദാനം.

ബ്യൂറോക്രസിയിൽ നിന്ന് കോർപറേറ്റോക്രസിലേക്ക്

കോളനിവൽക്കരണത്തിൽ നിന്ന് സ്വതന്ത്രത്തിലേക്കും ജനാധിപത്യ പ്രക്രിയകളിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനം ദ്വീപുകളിൽ അറിഞ്ഞത് മാസങ്ങൾക്കുശേഷമാണെന്ന് ദ്വീപിൽ നിന്ന് കേൾക്കുന്ന പ്രധാന കൗതുക വിശേഷങ്ങളിൽ ഒന്നാണ്. ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഇന്ത്യ വികസിതമായിട്ട് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തിന്റെ വികസന പന്ഥാവിൽ ഒരേ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഭൂവിഭാഗങ്ങളും ജന സമൂഹങ്ങളും ഇന്ത്യയിലുണ്ട്. ഇന്നും ജാതി അസമത്വം കൊടികുത്തി വാഴുന്ന, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അസ്പൃശ്യതയും നിലനിൽക്കുന്ന ഇടങ്ങളുണ്ട് ഇന്ത്യയിൽ. ഏതൊരു സമൂഹത്തിലും ചെറിയ അളവിലെങ്കിലും അതൊക്കെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എല്ലാ സമൂഹങ്ങളിലും ഗുണകരമായ പുരോഗമനാത്മകമായ മുന്നേറ്റങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഗതിവേഗം നിശ്ചയിക്കുന്നതിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ ഒട്ടേറെ ഘടകങ്ങൾ കടന്നുവരുന്നുണ്ട്. വികസനത്തിന്റെ അളവുകോലിൽ മുഖ്യധാരാ സമൂഹം നിശ്ചയിക്കുന്ന പുരോഗമനത്തിന്റെ മാനദണ്ഡങ്ങൾ വെച്ച് ഒരേ പോലെ ഏതു സമൂഹത്തെയും വിലയിരുത്തുന്ന മനോഭാവം ഹിതകരമല്ല. ഒപ്പം എന്താണ് വികസനം എന്നും ആ പ്രക്രിയയിൽ തങ്ങൾക്കും അധിവസിക്കുന്ന പ്രദേശത്തിനും ഗുണകരമാവുന്നത് എന്തെന്നും ആദ്യാവസാനം നിശ്ചയിക്കേണ്ടത് തീർച്ചയായും അതാതു പ്രദേശവാസികളാണ്.

പോർച്ചുഗ്രീസുകാരുടെയും ബ്രിട്ടീഷുകാരുടെയും ഇന്ത്യയിലെ മറ്റു പ്രവിശ്യകളിലെ ഭരണാധികാരികളുടെയെല്ലാം അധിനിവേശ ശ്രമങ്ങൾ നടക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത പ്രദേശമാണ് ലക്ഷദ്വീപുകൾ. ജനായത്ത ക്രമങ്ങളിലേക്കുള്ള അതിന്റെ വികാസം ഭൂമിശാസ്ത്രപരമായ സവിഷേതകളാൽ തന്നെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു. നിലവിൽ യൂണിയൻ പ്രദേശങ്ങളിൽ ഭരണ നടപടികൾ പ്രധാനമായും കേന്ദ്രം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ മേൽനോട്ടത്തിലാണ് നടക്കുക. ആമീൻ ഭരണം തൊട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം വരെ എത്തിനിൽക്കുന്ന ലക്ഷദ്വീപിൽ ബ്യുറോക്രസി ഭരണം ജനങൾക്ക് അപരിചിതമായ ഒന്നല്ല. പക്ഷെ നാളിതുവരെ ജനഹിതത്തിനു വലിയ തോതിൽ ഭീഷണമാവും വിധം അത് നിലകൊണ്ടിട്ടില്ല. ദ്വീപിലെ ജനങ്ങളെയും അവരുടെ സാംസ്‌കാരിക സവിഷേതകളെയും ഉൾക്കൊള്ളാതെ ഭരണനടപടികൾ സ്വീകരിച്ച മറുനാടൻ ഉദോഗസ്ഥന്മാർ മുൻപും ദ്വീപുവാസികളെ ചൂഷണം ചെയ്തിട്ടുണ്ട്. ഇന്നെത്തിനിൽക്കുന്ന സാമൂഹിക വികാസത്തിലേക്ക് അവരെ സജ്ജരാക്കിയ മറുനാട്ടിലെ ഭരണാധികാരികളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നടപ്പിലാക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങൾക്കെതിരെ, നിയമ നിർമ്മാണങ്ങൾക്കെതിരെ ദ്വീപുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത് കേന്ദ്ര നേതൃത്വത്തിന്റെ കോർപറേറ്റ് താല്പര്യങ്ങളായിരിക്കും ഇനി തങ്ങളെ നിയന്ത്രിക്കുക എന്ന് ദ്വീപുകാർ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്.

വർഗീയതയും അക്രമരാഷ്ട്രീയവും പ്രയോഗിക്കാൻ മടികാണിക്കാത്ത, രാജ്യസുരക്ഷയും കപട ദേശസ്‌നേഹവും മറയാക്കി വംശീയ ഉന്മൂലന സിദ്ധാന്തങ്ങൾ പ്രയോഗവൽക്കരിക്കുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര നേതൃത്വത്തിന്റെ പ്രയോക്താക്കളിൽ ഒരാളാണ് തങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ, അവകാശങ്ങളെ ഹനിച്ചുകൊണ്ടിരിക്കുന്നത് എന്ന് ദ്വീപുകാരന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ കരയിലെ മറ്റെല്ലാ ജനാധിപത്യവിശ്വാസികളും അവർക്കൊപ്പം നിൽക്കുക തന്നെ വേണം. അതോടൊപ്പം, ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യനുവരെ അനുഭവിക്കാനും ആവിഷ്‌കരിക്കാനും സാധിക്കുന്ന യഥാർത്ഥ സ്വാതന്ത്ര്യമാണ് വികസനം എന്ന് നിർവചിക്കപ്പെടാത്തിടത്തോളം കാലം അധികാരവും അടിസ്ഥാന ജനവിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ തുടരുക തന്നെ ചെയ്യുമെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്.


Comments